Association

ബിജു ഗോപിനാഥ്

കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗൺ സമയത്ത് കുട്ടികളെ കർമ്മോത്സുകരാക്കുന്നതിനും അവരെ സോഷ്യൽ മീഡിയായിൽ നിന്നും ഓൺലൈൻ ഗെയിമുകളിൽ നിന്നും അല്പം വിമുക്തരാക്കി അവരിലെ കലാവാസനകളെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യവുമായി സമീക്ഷ സർഗവേദി നടത്തിയ ചിത്രരചന, ചലച്ചിത്ര ഗാനം, നൃത്തം , പ്രസംഗം മത്സരങ്ങളെ ആവേശത്തോടു കൂടി സ്വീകരിച്ച യു കെയിലെ മലയാളികൾക്ക് സമീക്ഷ സർഗവേദി ആദ്യമായി നന്ദി പറയുന്നു.

മത്സരങ്ങളുടെ നിലവാരം കൊണ്ടും പങ്കെടുത്തവരുടെ എണ്ണം കൊണ്ടും മത്സരങ്ങൾ എല്ലാം ശ്രദ്ധേയമായി. അവസാനം നടത്തിയ ഇംഗ്ലീഷിലുള്ള പ്രസംഗ മത്സരം മലയാളികളോടൊപ്പം മറ്റ് ഇൻഡ്യക്കാരെയും ഇംഗ്ലീഷുകാരെയും ഒരു പോലെ അത്ഭുതപ്പെടുത്തി. സമീക്ഷ സർഗവേദി പ്രാഥമീകമായി ഷോർട്ട് ലിസ്റ്റ് ചെയ്ത് വിധികർത്താക്കൾക്ക് അയച്ചുകൊടുത്ത എൻട്രികളിൽ, പ്രശസ്തരും പ്രഗത്ഭരുമായ വിധികർത്താക്കൾ മൂന്നു എൻട്രികൾ വീതം ഓരോ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്തത്, സമീക്ഷ ഫേസ്ബുക്കിലൂടെ വോട്ടിനിട്ടപ്പോൾ മത്സരത്തിൻ്റെ ആവേശം ഉച്ചസ്ഥായിയിലായി. മത്സരങ്ങൾക്ക് അവസാന വിധി പറഞ്ഞത് വിധികർത്താക്കൾ നല്കിയ മാർക്കിന് 90 ശതമാനവും സോഷ്യൽ വോട്ടിംഗിന് 10 ശതമാനവും വെയ്റ്റേജ്. നല്കികൊണ്ടാണ് എന്നതു ശരിയായ തിരഞ്ഞെടുപ്പിന് ഉതകി.

സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലെ വിജയികളെ സമീക്ഷ യു കെ യുടെ ഒക്ടോബർ മാസത്തിൽ വെർച്ച്വൽ ആയി നടന്ന ദേശീയ സമ്മേളനത്തിൽ അഭിനന്ദിച്ചു: ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റ് സ്പോൺസേർഡ് സമ്മാനങ്ങളും നൽകാൻ വിവിധ സമീക്ഷ ബ്രാഞ്ചുകൾക്ക് അയച്ചുകൊടുത്തു എങ്കിലും ലോക്ക്ഡൗൺ മൂലം മാഞ്ചസ്റ്റർ ഒഴികെയുള്ള ബ്രാഞ്ചുകൾക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

ചില മാതാപിതാക്കളുടെ നിർദ്ദേശമനുസരിച്ച് സമ്മാനങ്ങൾ അവർക്ക് പോസ്റ്റിൽ അയച്ചു കൊടുത്തിട്ടുണ്ട്. ബാക്കി കുട്ടികളുടെ സമ്മാനങ്ങൾ ബ്രാഞ്ച് ഭാരവാഹികളുടെ കൈയ്യിൽ എത്തിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ തീരുന്ന മുറയ്ക്ക് അത് ബ്രാഞ്ച് അധികൃതർ വിജയികൾക്ക് നല്കുന്നതാണ്. മാഞ്ചസ്റ്റർ ബ്രാഞ്ച് അവരുടെ സമ്മാനങ്ങൾ ലോക് ഡൗണിനു മുൻപ് തന്നെ വിജയികളായ കുട്ടികളുടെ വീട്ടിലെത്തി വിതരണം പൂർത്തീകരിച്ചു. സമ്മാന വിതരണത്തിനു പോയ സമീക്ഷ പ്രവർത്തകരെ കുട്ടികളും മാതാപിതാക്കളും വളരെ ആവേശത്തോടു കൂടിയാണ് സ്വീകരിച്ചത്. വിജയികളോടൊപ്പം പങ്കെടുത്ത എല്ലാ കുട്ടികളെയും സമീക്ഷ സർഗവേദി അഭിനന്ദിക്കുകയും അവരെ അതിനായി തയ്യാറാക്കിയ രക്ഷകർത്താക്കളോടും പരിശീലകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.

ഇതു വരെ കുട്ടികളുടെ മത്സരങ്ങൾ നടത്തിയിരുന്ന സമീക്ഷ സർഗവേദി നിർണ്ണായകമായ ഒരു ചുവടുമാറ്റം നടത്തുകയാണ്. പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവർക്കായി കേരളത്തിൻ്റെ തനതു കലയായ നാടൻ പാട്ടു മത്സരവുമായി ആകർഷകങ്ങളായ സമ്മാനങ്ങൾ പ്രഖ്യാപിച്ച് സമീക്ഷ സർഗവേദി എത്തുന്നു. അതു കൊണ്ടു തന്നെ മത്സരങ്ങളുടെ ചൂടും ചൂരും ഇരട്ടിയായാൽ അത്ഭുതപ്പെടേണ്ടതില്ല. ഡിസംബർ ഒന്നു മുതൽ 31 വരെയുള്ള ജനപ്രിയ നാടൻ പാട്ട് മത്സരത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ സർഗവേദി തുടങ്ങിക്കഴിഞ്ഞു. മലയാളിയെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ എല്ലാ നാടൻപാട്ട് കലാകാരൻമാരെയും കലാകാരികളെയും സമീക്ഷ സർഗവേദിയിലൂടെ മറ്റുരയ്ക്കുന്നതിന് സർഗവേദി ക്ഷണിക്കുന്നു.

ടോം ജോസ് തടിയംമ്പാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ പ്രളയ സഹായമായി 2019 ശേഖരിച്ച 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നൽകിയിരുന്നു ഇതിൽ വയനാടിന് അനുവദിച്ചിരുന്ന 125000 രൂപയിൽ 50000 രൂപ വീടുനഷ്ടപ്പെട്ട അബ്രഹാം കണ്ണാംപറമ്പില്‍ പുല്‍പള്ളി എന്നയാൾക്ക്‌ നൽകിയിരുന്നു. ഞങ്ങളുടെ ഈ സഹായം കൂടാതെ അമേരിക്കൻ മലയാളി സമൂഹവും വലിയനിലയിൽ സഹായിച്ച് അദ്ദേഹത്തിന് ഒരു മനോഹരമായ വീടുനിർമിച്ചു നൽകി സഹായിച്ചു.

ഈ നന്മ പ്രവർത്തിയിൽ പങ്കുചേരാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതിനു ഞങ്ങളെ സഹായിച്ച യു കെ മലയാളികൾക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു .

അബ്രഹാം കണ്ണാംപറമ്പിലിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിക്കുകയും അവർക്കു സഹായം എത്തിച്ചുകൊടുക്കാന്‍ സഹായിക്കുകയും ചെയ്തത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ്‌ (വയനാട് സജി )യാണ്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ,വര്‍ണ്ണ ,സ്ഥലകാല വ്യത്യാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത്.

ഞങ്ങൾ ഇതു വരെ ഏകദേശം 86 .5 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്, ഞങ്ങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ അംഗികാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെയ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ്‌ എന്നിവരാണ്‌, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങ്ങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.

ദാരിദ്ര്യം എന്തെന്നറിഞ്ഞവർക്കേ പാരിൽ പരക്ലേശവിവേകമുള്ളൂ .

ബിജു ഗോപിനാഥ്

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏതാണ്ട് മുഴുവൻ നടപ്പാക്കി കേരളത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുന്ന പിണറായി വിജയൻ സർക്കാരിനെ തകർക്കാൻ കേന്ദ്ര സർക്കാർ അന്വേഷണഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങളിൽ സമീക്ഷ യുകെ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഈ നീക്കങ്ങൾക്കെതിരെ ഇരുപത്തഞ്ചു ലക്ഷം ജനങ്ങളാണ് എൽഡിഎഫിന്റെ നേത്രത്വത്തിൽ ജനകീയപ്രതിരോധത്തിൽ അണിനിരക്കുന്നത്. ഈ ജനകീയപ്രതിരോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുകെ യുടെ വിവിധ ഭാഗങ്ങളിൽ ഇടത്‌പക്ഷ കലാസാംസ്കാരികസംഘടനയായ സമീക്ഷ യുകെയുടെ പ്രവർത്തകർ പ്ലക്കാർഡുൾ ഏന്തി അണിചേർന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം വീടുകൾ ആണ് പ്രവാസി മലയാളികൾ സമരവേദിയാക്കിയത് .

ഇന്നുവരെ കാണാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ നാലര വർഷമായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ചുനൽകിയും , സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ , സർക്കാർ ആശുപത്രികൾ തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയും അവശവിഭാഗങ്ങൾക്കുള്ള പെൻഷൻ മുടങ്ങാതെ വീടുകളിൽ എത്തിച്ചും കോവിഡ് കാലത്ത് എല്ലാ വീടുകളിലും സൗജന്യമായി ഭക്ഷണകിറ്റുകൾ വിതരണം ചെയ്തും ആരും പട്ടിണി കിടക്കില്ല എന്ന് ഉറപ്പു വരുത്തിയ , ലോകത്തിനാകമാനം മാതൃകയായ സർക്കാരാണ് കേരളത്തിലേത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളം കാഴ്ചവെക്കുന്ന ഇടതുപക്ഷ ബദൽ വികസനമാതൃക കേന്ദ്രത്തിലുള്ള മോദി സർക്കാരിനെയും അതിനു നേത്രത്വം നൽകുന്ന സംഘപരിവാർ ശക്തികളെയും അവരെ ഭരണത്തിലേറാൻ സഹായിച്ച അദാനി അംബാനി തുടങ്ങിയ കുത്തകമുതലാളിമാരെയും വിളറിപിടിപ്പിച്ചിട്ടുണ്ട്.

ഈ സർക്കാരിനെ അട്ടിമറിക്കാനാണ് വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംഘ്പരിവാർശക്തികൾ നടത്തുന്നത്. അധികാരക്കൊതി മൂലം തങ്ങളുടെ കേന്ദ്രനേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വവും ബിജെപിയുടെ ഈ ശ്രമങ്ങളെ പിന്തുണക്കുകയാണ്.

കേരളത്തിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും യുഡിഫ് ബിജെപി കൂട്ടുകെട്ടിന്റെ ഈ കുത്സിത ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും കേരളത്തിന്റെ അഭിമാനവും ആശ്വാസവുമായ ഇടതുപക്ഷ സർക്കാരിനെ പിന്തുണക്കാനുള്ള എൽഡിഎഫ് ജനകീയപ്രതിരോധത്തിൽ അണിചേരണമെന്നും സമീക്ഷ യുകെ കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.

160 ൽ പരം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടന വേൾഡ് മലയാളി ഫെഡറേഷന്റെ യുകെ ഘടകം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചതായി ഡബ്ള്യു എം എഫ് യുകെ ചാപ്റ്റർ പി ആർ ഓ ശ്രീ ജോൺ മുളയങ്കൽ പത്രക്കുറിപ്പിൽ അറിയിച്ചു.

ഒക്ടോബർ മാസം 14 ആം തീയതി പ്രസിഡണ്ട് റവ.ഡീക്കൻ. ജോയിസ് പള്ളിയ്ക്കമ്യാലിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ പുതുതായി അംഗത്വം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവരെ ചേർത്ത് അടുത്ത വർഷം ആരംഭത്തിൽ തന്നെ ജനറൽ ബോഡി വിളിച്ചു ചേർക്കുവാൻ തീരുമാനമെടുത്തു . സംഘടനയിൽ അംഗത്വമുള്ളവർക്കാണ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്തുവാനും അവകാശമുള്ളത്. ആജീവനാന്ത അംഗത്വത്തിന് £15 ആണ് ഈടാക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുവാൻ ഡിസംബർ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം അംഗത്വം സ്വീകരിക്കുന്നവർ പുതുക്കിയ അംഗത്വ ഫീസ് നൽകേണ്ടതായി വരും. ജനറൽ ബോഡി മീറ്റിംഗിന് മുൻപായി അംഗത്വം സ്വീകരിക്കുന്നവർക്കാണ് വോട്ടവകാശം ലഭിക്കുന്നത്. ഒരു വ്യക്തി അംഗത്വം സ്വീകരിക്കുമ്പോൾ ടിയാളുടെ കുടുംബാംഗങ്ങൾക്കും അംഗത്വം ലഭിക്കുന്നു. ഡബ്ള്യു എം എഫ് മെമ്പർഷിപ്പ് സംഘടന പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും സാധുവാണ്. ആഗോള അംഗത്വമാണ് ഇതിലൂടെ ലഭിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ
വേൾഡ് മലയാളി ഫെഡറേഷൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം സേവന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സംഘടനയ്ക്കായിട്ടുണ്ട്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഏവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് പോകുന്നതിൽ സംഘടന വിജയം കണ്ടെത്തിയിരിക്കുന്നു.

യുകെയിൽ ഡബ്ള്യു എം എഫ് ചാപ്റ്ററിൻെറ ഔദ്യോഗികമായ അംഗത്വം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

റവ.ഡീക്കൻ ജോയിസ് പള്ളിയ്ക്കമ്യാലിൽ : 0044 7440070420
ഡോ .ബേബി ചെറിയാൻ : 004475783866161
ശ്രീ ആൻറണി മാത്യു :00447939285457
ശ്രീ ബിജു മാത്യു : 07982734828

ഏബ്രഹാം കുര്യൻ

കേരള ഗവൺമെൻറിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റായി സി എ ജോസഫിനെ നിയമിച്ചു. സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഏബ്രഹാം കുര്യനും മറ്റു ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും മാറ്റമില്ലാതെ തുടരുന്നതാണ് . പ്രമുഖ സാംസ്കാരിക പ്രവർത്തകരെയും ഭാഷാ സ്നേഹികളെയും ഉൾപ്പെടുത്തി എസ് എസ് ജയപ്രകാശ് ചെയർമാനായി വിദഗ്ധ സമിതിയും ഡോ. അരുൺ തങ്കത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഉപദേശക സമിതിയും പ്രവർത്തിച്ചു വരുന്നു. യു കെയിൽ സാമൂഹിക സാംസ്കാരിക മേഖലകളിലും മാതൃഭാഷാ ഉന്നമനത്തിനായും പ്രവർത്തിക്കുന്ന ജിമ്മി ജോസഫ്, ബിന്ദു കുര്യൻ, ബിൻസി എൽദോ എന്നിവരെയും ഉൾപ്പെടുത്തി നിലവിൽ 16 അംഗ പ്രവർത്തകസമിതിയായി വിപുലീകരിച്ചു.

2017 സെപ്റ്റംബർ 22 ന് ബഹു.കേരള സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് ലണ്ടനിൽ വച്ച് മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മലയാളം മിഷന്റെ യുകെയിലെ പ്രവർത്തനങ്ങൾക്കായി പത്തംഗ അഡ്‌ഹോക്ക് കമ്മിറ്റിയെയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അഡ്‌ഹോക്ക് കമ്മറ്റി കൺവീനറായും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിരുന്ന മുരളി വെട്ടത്ത് വ്യക്തിപരമായ കാരണങ്ങളാൽ പ്രസിഡൻറ് സ്ഥാനം അടുത്ത നാളിൽ രാജിവെച്ചിരുന്നു. അദ്ദേഹത്തിൻറെ രാജി സ്വീകരിച്ച മലയാളം മിഷൻ ഡയറക്റ്ററാണ് പ്രവർത്തക സമിതി അംഗവും ജോയിന്റ് സെക്രട്ടറിയുമായ സി എ ജോസഫിനെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് ആയി നിയമിച്ചത്.

യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ സി എ ജോസഫ് യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയുമാണ് . ഇക്കഴിഞ്ഞ ലോക് ഡൗൺ കാലയളവിൽ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ച സി എ ജോസഫ് ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനുമാണ്. യുക്മയുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇമാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായും സാംസ്കാരിക വേദിയുടെ കലാവിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പ്രോഗ്രാം കോഡിനേറ്ററുമാണ്.

പ്രവാസി മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ ‘ഒരു ബിലാത്തി പ്രണയം’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സി എ ജോസഫ് യുകെ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ ‘ഓർമയിൽ ഒരു ഓണം’എന്ന ആൽബത്തിനും അയർക്കുന്നം-മറ്റക്കര സംഗമത്തിന്റെ തീംസോങ്ങിനും ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയന്റെ ഹയർ ഡിപ്ലോമ കോഴ്സായ എച്ച് ഡി സിയും കരസ്ഥമാക്കിയിട്ടുള്ള സി എ ജോസഫ് നാട്ടിൽ അധ്യാപകൻ, പത്രപ്രവർത്തകൻ, സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കെ ലീവെടുത്ത് സൗദി അറേബ്യയിലെ അബഹയിൽ എത്തിയ ജോസഫ് 15 വർഷം അവിടെ ജോലി ചെയ്തിരുന്നു. സൗദിയിലും കലാ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന സി എ ജോസഫ് കമ്മീസ്മുഷയത്തിൽ പ്രവർത്തിച്ചിരുന്ന കമ്മീസ് ഇൻറർനാഷണൽ സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. 2006 ൽ യുകെയിലെത്തി. ലണ്ടനടുത്ത് ഗിൽഫോർഡിൽ കുടുംബസമേതം താമസിക്കുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഏബ്രഹാം കുര്യൻ 15 വർഷമായി കുടുംബസമേതം യുകെയിലെ കവൻട്രിയിൽ ആണ് താമസിക്കുന്നത്. കവൻട്രി മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും കേരള സ്ക്കൂൾ കവൻട്രിയുടെ മുൻ പ്രധാനാദ്ധ്യാപകനും ആയിരുന്ന ഏബ്രഹാം കുര്യൻ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ കവൻട്രി ബ്രാഞ്ച് പ്രസിഡണ്ട് ആയും കവൻട്രി കേരളാ സ്കൂൾ ഡയറക്ടർ ബോർഡ് അംഗമായും ആയും ബെർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. യുക്മ കലാമേളയിൽ ഈസ്റ്റ്‌ ആൻഡ് വെസ്ററ് മിഡ്‌ലാൻഡ്‌സ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏബ്രഹാം കുര്യൻ മികച്ച സംഘാടകനും വാഗ്മിയുമാണ് . യു കെയിൽ എത്തുന്നതിനു മുൻപ് കേരള വനം വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ക്രീയാത്മകമായ പ്രവർത്തനങ്ങൾക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയുടെ ചെയർമാൻ ആയി പ്രവർത്തിക്കുന്നത് നോർത്തേൺ അയർലൻഡ് കോർഡിനേറ്റർ കൂടിയായ ശ്രീ എസ് എസ് ജയപ്രകാശാണ്. നോർത്തേൺ അയർലണ്ടിൽ പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക പ്രസ്ഥാനമായ കർമ്മ കലാകേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന എസ് എസ് ജയപ്രകാശ് അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനുമാണ് . സമീക്ഷ മുൻ ദേശീയ ജനറൽ സെക്രട്ടറിയായും കോട്ടയം ബസേലിയസ് കോളേജ് മുൻ യൂണിയൻ ചെയർമാനായും ജയപ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. വിദഗ്ധ സമിതി അംഗങ്ങൾ ആയി തെരഞ്ഞെടുത്തിരിക്കുന്നത് പ്രമുഖ സാംസ്ക്കാരിക പ്രവർത്തകരും എഴുത്തുകാരുമായ പ്രൊഫ.മീരാ കമല, ലിൻസ് അയ്യന്നേത്ത്, റെജീന വർഗീസ് എന്നിവരെയാണ്. റെജിത ഷിബു വിദഗ്ദ്ധ സമിതിയിൽ പ്രത്യേക ക്ഷണിതാവാണ്.

മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രവർത്തക സമിതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാസമ്പന്നരായ ആളുകളെ ഉൾപ്പെടുത്തി രൂപീകൃതമായ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ സസ്സെക്‌സ് യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് ആൻഡ് ഗ്ലോബൽ ഡെവലപ്മെൻറ് വകുപ്പ് മേധാവിയായ ഡോ.അരുൺ തങ്കമാണ് . ഉപദേശക സമിതിയിലെ അംഗങ്ങളായി പ്രവർത്തിക്കുന്നത് പ്രൊഫ.മുഹമ്മദ് ബഷീർ,ഡോ.അജയ് ചന്ദ്രൻ, മണമ്പൂർ സുരേഷ് , ജയശ്രീ ശ്യാംലാൽ, റോബി മേക്കര, മധു ഷൺമുഖം, ശ്രീകാന്ത് എൻ നമ്പൂതിരി, മിനി രാഘവൻ, ഐവി ഗൊഡാർഡ് എന്നിവരാണ്.

പ്രവർത്തക സമിതി കൺവീനർ ആയി ഇന്ദുലാൽ സോമൻ പ്രവർത്തിക്കുന്നു. നൂറു ശതമാനം സാക്ഷരത നേടിയ കോട്ടയം ജില്ലയിലെ പ്രമുഖ സാക്ഷരത പ്രവർത്തകനായി സേവനമനുഷ്ഠിച്ചിരുന്ന ഇന്ദുലാൽ സോമൻ സമീക്ഷയുടെ മുൻ ദേശീയ സമിതി അംഗവും ആയിരുന്നു. അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും മലയാളഭാഷാ പ്രചാരകനുമായ ഇന്ദുലാൽ സോമൻ ലണ്ടനടുത്ത് വോക്കിങ്ങിലാണ് കുടുംബസമേതം താമസിക്കുന്നത് . ഷെഫീൽഡ് എൻ എച്ച് എസ് ഹോസ്പിറ്റലിൽ കുട്ടികളുടെ മനശ്ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിക്കുന്ന ഡോ.സീന ദേവകിയാണ് യു കെ ചാപ്റ്ററിന്റെ വൈസ് പ്രസിഡൻറ്. ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത് പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷയുടെ ദേശീയ പ്രസിഡൻറും മുൻ സീരിയൽ നടിയും സാഹിത്യകാരിയുമായ സ്വപ്ന പ്രവീൺ ആണ് . മലയാള ഭാഷാ പ്രചാരകരായി പ്രവർത്തിക്കുന്നവരും വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുമായ മുരളി വെട്ടത്ത്, ശ്രീജിത്ത് ശ്രീധരൻ, സുജു ജോസഫ് , ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ജനേഷ് നായർ രഞ്ജു പിള്ള, എന്നിവരും പ്രവർത്തക സമിതി അംഗങ്ങളാണ്.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് ഭാഷാ സ്നേഹികളായ ആളുകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ നവംബർ 8 ഞായറാഴ്ച മലയാളം മിഷൻ രജിസ്ട്രാർ എം സേതുമാധവൻ ‘മലയാളം- മലയാളി-മലയാളം മിഷൻ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം യു കെ ചാപ്റ്ററിനു കീഴിലുള്ള മുഴുവൻ സ്കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വളരെ ഉപകാരപ്രദമായിരുന്നു. മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യു കെ ചാപ്റ്റർ ആരംഭിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നവംബർ 14 ശനിയാഴ്ച വൈകുന്നേരം 4 പി എം ന് (ഇന്ത്യൻ സമയം 9.30 പി എം) പ്രമുഖ കവയിത്രിയും ദളിത് ആക്ടിവിസ്റ്റും പാഠഭേദം മാസികയുടെ എഡിറ്ററുമായ എസ് മൃദുല ദേവി ‘പാളുവ (പറയ) ഭാഷയ്ക്ക് മലയാളത്തിലെ പ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.

‘പാളുവ’ ഭാഷയിൽ നിരവധി കവിതകളും രചിച്ചിട്ടുളള എസ് മൃദുലദേവി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുമാണ് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന നവ്യമായ അറിവുകൾ പ്രദാനം ചെയ്യുന്ന ഈ ലൈവ് പ്രഭാഷണം എല്ലാ ഭാഷാസ്നേഹികളും ശ്രവിക്കണമെന്നും താഴെക്കൊടുത്തിരിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും യുകെ ചാപ്റ്റർ ഭാഷാ ഉന്നമനത്തിനായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും പ്രവർത്തകസമിതി അഭ്യർത്ഥിക്കുന്നു.

https://www.facebook.com/MAMIUKCHAPTER/live/

പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവും ഭാഷയും ആയി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ, ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയിൽ 24 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷൻ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

നാല് ഘട്ടങ്ങളിലുള്ള കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ പൂക്കളുടെ പേരുകൾ ആണ് ഈ കോഴ്സുകൾക്ക് നൽകിയിരിക്കുന്നത് . നാലാമത്തെ കോഴ്സ് ആയ നീലക്കുറിഞ്ഞി പൂർത്തിയാക്കുമ്പോൾ പഠിതാവ് നാട്ടിലെ പത്താം ക്ലാസിന് തുല്യതയിലെത്തും. കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പിഎസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് . മാതൃഭാഷ പഠിക്കേണ്ടതിന്റെയും സംസാരിക്കേണ്ടതിന്റെയും ആവശ്യകത ഇന്ന് പ്രവാസി മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

അറിയപ്പെടുന്ന എഴുത്തുകാരിയും പ്രഭാഷകയും കോട്ടയം മണർകാട് സെന്റ് മേരിസ് കോളേജ് മലയാളം വിഭാഗം അധ്യാപികയും ആയിരുന്ന പ്രൊഫ. സുജ സൂസൻ ജോർജ് ആണ് മലയാളം മിഷന്റെ ഡയറക്ടർ. മലയാളം മിഷൻ ഡയറക്റ്ററായി ചുമതലയേറ്റതിന് ശേഷം ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തിനടുത്തെത്തുവാൻ പ്രൊഫ. സുജ സൂസൻ ജോർജിന്റെ നേതൃത്വത്തിലുള്ള മലയാളം മിഷന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

മലയാളം മിഷന്റെ രജിസ്ട്രാർ ആയി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് കേരളത്തിലെ സ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകുന്ന ഡയറ്റിന്റെ മേധാവിയായിരുന്ന എം സേതുമാധവനാണ്. കേന്ദ്ര ഗവൺമെന്റിന്റെ മാനവവിഭവശേഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ (NUEPA) നിന്നും എ പ്ലസ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള എം സേതുമാധവൻ കേരളത്തിലെ പുതിയ പാഠ്യപദ്ധതി യുമായി ബന്ധപ്പെട്ട പാഠപുസ്തക രചന ശില്പശാല കൾക്കും നേതൃത്വം നൽകുന്നു. സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT) കേന്ദ്രത്തിന്റെ സംസ്ഥാനതല റിസോഴ്സ് പേഴ്സനുമാണ്. അധ്യാപക പരിശീലന രംഗത്ത് ദീർഘകാല പരിചയസമ്പത്തുള്ള പ്രമുഖ പ്രഭാഷകനായും അറിയപ്പെടുന്ന എം സേതുമാധവൻ അധ്യാപക ട്രെയിനിങ്ങിലൂടെ മലയാളം മിഷൻ ചാപ്റ്ററുകളിലെ മുഴുവൻ അധ്യാപകർക്കും സുപരിചിതനുമാണ്.

യുകെയിൽ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളിൽ മൂല്യനിർണയ പദ്ധതിയായ പഠനോത്സവം 2021 ഏപ്രിൽ മാസം നടത്തുവാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകസമിതി നടത്തിക്കൊണ്ടിരിക്കുകയാണ് . ജാതി മത വർഗ്ഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്ന് പ്രവർത്തകസമിതി അപേക്ഷിക്കുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് ക്ലാസുകൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും താഴെകൊടുത്തിരിക്കുന്ന ഈ മെയിൽ വിലാസത്തിലോ പ്രവർത്തക സമിതി അംഗങ്ങളെയോ മേഖലാ കോർഡിനേറ്റർമാരുടെ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിക്കുന്നു.
1. ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
3. ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
4. രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോഡിനേറ്റർ- 07869400005 )
6. എസ്‌ എസ്‌ ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോഓർഡിനേറ്റർ-07702686022)

മലയാളം മിഷൻ യുകെ ചാപ്റ്ററിനെ ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം: [email protected]

സമീക്ഷ യുകെയുടെ അച്ചടക്ക നടപടിയെ തുടർന്നുണ്ടായ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (എഐസി) ഇടപെടുന്നു. ഇതിനോടനുബന്ധിച്ച് എഐസി വിശദമായ പത്രക്കുറിപ്പ് ഇറക്കി. സമീക്ഷ യുകെ യുമായി ബന്ധപ്പെട്ട എഐസിയുടെ പത്രക്കുറിപ്പിൽ നിന്ന്. വളരെ വിജയകരമായി നടത്തിയ ദേശീയ സമ്മേളനത്തിനു ശേഷം കഴിഞ്ഞ കുറച്ചു നാളുകളായി ദൗർഭാഗ്യകരമായ സംഭവവികാസങ്ങളാണ് സമീക്ഷയിൽ നടന്നുവരുന്നത് . സമീക്ഷ സെക്രട്ടേറിയറ്റിലെ ഒൻപതിൽ അഞ്ച് അംഗങ്ങൾക്കെതിരെയുണ്ടായ അച്ചടക്ക നടപടിയിലേക്ക് നയിച്ച കാരണങ്ങളുടെ സാധുത എഐസി എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തി .

സമീക്ഷയ്ക്ക് മാർഗനിർദേശം നൽകിവരുന്ന എഐസി യ്ക്കു പരാതി നൽകുന്നത് അച്ചടക്ക നടപടിയെടുക്കുന്നതിന് പര്യാപ്തമായ കാരണം അല്ല എന്നാണ് എഐസി- എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഏകകണ്ഡമായ വിലയിരുത്തൽ. അതിനാൽ അച്ചടക്കനടപടികൾ പുനഃപരിശോധിക്കണമെന്നും എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ തിരുത്താനും എഐസി എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി സൗഹാർദ്ദപരമായി സഹകരിച്ചു പ്രവർത്തിക്കുവാനും എഐസി സമീക്ഷ യുകെയോട് അഭ്യർത്ഥിച്ചിട്ടുണ്ട് .

പ്രശ്നങ്ങൾ പരിഹരിച്ച് സമീക്ഷ യുകെയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുത്ത് ചർച്ചകൾ നടത്തിവരികയാണ്. പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം ഉടൻ ഉണ്ടാവുമെന്നും അതുവരെ തുടർനടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് എഐസി സെക്രട്ടറി സ. ഹർസെവ് ബെയ്ൻസ് പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു

ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേൾഡ് മലയാളി കൗൺസിലേന്റെ യുകെ പ്രൊവിൻസിന് ഊഷ്മളമായ സാമാരംഭം കുറിച്ചു. കഴിഞ്ഞ ഞായറാഴ്ച 08-11-2020 യിൽ യുകെ സമയം ഉച്ചക്ക് ശേഷം 3മണിക്ക് കോവിഡ് മാനദന്ധങ്ങൾ പാലിച്ചു ഗൂഗിൾ സൂം മീറ്റിംങ്ങിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റ്‌ മി. ജോളി എം പടയാറ്റിൽ, അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യുകെ പ്രൊവിൻസ് പ്രസിഡന്റ്‌ മി . സാൽബിൻ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയലൻ , വേൾഡ് കൗൺസിലിന്റെ വരുംകാലപ്രവർത്തനത്തെ അവലോകനം ചെയ്തു സംസാരിക്കുകയുണ്ടായി. പുതിയ ഭാരവാഹികൾക്ക് ഓത്ത് ടേക്കിങ് സെറിമണി,മി . ഗ്രിഗറി മേടയിലിൻെറ (ഡബ്ല്യൂ എം സി യൂറോപ്പ് റീജിയൻ പ്രസിഡന്റ് & ഗ്ലോബൽ ജനറൽ സെക്രട്ടറി) സാന്നിധ്യത്തിൽ നിർവഹിച്ചു.

യുകെ പ്രൊവിൻസ് സാമാരംഭം കുറിച്ചുകൊണ്ട് ഡോ. പി. ഇബ്രാഹിം ഹാജി (ഡബ്ല്യൂ എം സി ഗ്ലോബൽ ചെയർമാൻ, യുഎഇ ) സംസാരിക്കുകയുണ്ടായി.

ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചവർ.മിസ്റ്റർ ഗോപാല പിള്ള (ഡബ്ല്യൂ എം സി ഗ്ലോബൽ പ്രസിഡന്റ്, യുഎസ്എ), ഡോ. ശ്രീമതി വിജയലക്ഷ്മി (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർ പേഴ്‌സൺ, ഇന്ത്യ), മിസ്റ്റർ ജോൺ മത്തായി (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ്, യുഎഇ ),മിസ്റ്റർ ജോസ് കുമ്പുലിവേലിൽ (ഡബ്ല്യൂ എം സി ജർമ്മൻ പ്രൊവിൻസ് ,ചെയർമാൻ), മിസ്റ്റർ പി മാത്യു (ഡബ്ല്യൂ എം സി ഗ്ലോബൽ വൈസ് പ്രസിഡന്റും ഓർഗനൈസേഷൻ , ജർമ്മനി) ,മിസ്റ്റർ തോമസ് അറബൻകുടി (ഡബ്ല്യൂ എം സി ഗ്ലോബൽ ട്രെഷറർ, ജർമ്മനി), മിസ്റ്റർ രാധാകൃഷ്ണൻ തിരുവത്തു (ഡബ്ല്യൂ എം സി മിഡിൽ ഈസ്റ്റ് പ്രസിഡന്റ്),മിസ്റ്റർ സുധീർ നമ്പ്യാർ (ഡബ്ല്യുഎംസി യുഎസ്എ റീജിയൻ പ്രസിഡന്റ്), മിസ്റ്റർ റോണ തോമസ് (ഡബ്ല്യുഎംസി ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മിഡിൽ ഈസ്റ്റ്).

മിസ്സിസ് ടാൻസി പാലാറ്റിഎല്ലാവർക്കും നന്ദി പറഞ്ഞു. നോർക്കയുടെ സഹകരണത്തോടെ മുന്നേറുന്ന ഈ പ്രസ്ഥാനത്തിൽ ചേരാൻ താല്പര്യമുള്ളവർ ഭാരവാഹികൾ ആയി ബന്ധപ്പെണമെന്നു താല്പര്യപ്പെടുന്നു.

സിൽവർ ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്ന സ്വിറ്റ്സർലാൻഡിലെ ഏറ്റവും പ്രമുഖ പ്രവാസി സംഘടനയായ ഡബ്ല്യുഎം സി പ്രൊവിൻസ് സംഘടിപ്പിച്ച 2020ലെ ജനറൽബോഡി യോഗവും കേരളപ്പിറവി ദിനാഘോഷവും വർണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുകയുണ്ടായി. നവംബർ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചടങ്ങിൽ ആവേശഭരിതരായാണ്‌ അംഗങ്ങൾ പങ്കെടുത്തത്. പ്രോവിൻസ് പ്രസിഡണ്ട് സുനിൽ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ജോണി ചിറ്റക്കാട്ട് സെക്രട്ടറി മിനി ബോസ് ട്രഷറർ ജിജി ആന്റണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. റോഷിണി കാശാങ്കാട്ടിലിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് സുനിൽ ജോസഫ് സ്വാഗതമാശംസിച്ചു. ചെയർമാൻ ജോണി ചിറ്റക്കാട്ടിന്റ ആശംസപ്രസംഗത്തിന് ശേഷം പ്രസിഡന്റ് വിശദമായ വർക്കിംഗ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി മിനി ബോസ് 2019ലെ ജനറൽബോഡി യോഗത്തിന്റെ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ജിജി ആന്റണി 2020 ലെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

വനിതാ ഫോറത്തെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് റോസിലി ചാത്തംകണ്ടം സംസാരിക്കുകയും സെക്രട്ടറി റോസിലി നമ്പുശേരിയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. യൂത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ബേസിൽ ആന്റണി വിശദീകരിക്കുകയുണ്ടായി. യൂറോപ്യ ൻ വനിതാ ഫോറം പ്രസിഡണ്ട് മോളി പറമ്പേട്ട്, റീജിയൻ വൈസ് പ്രസിഡണ്ട് വിൽസൺ ചാത്തംകണ്ടം റീജിയൻ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.

കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ബഹുമാന്യനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി മുരളീധരൻ 25 വർഷം പൂർത്തിയാക്കിയ WMC സ്വിസ്സ് പ്രൊവിൻസിനു അഭിനന്ദനങ്ങൾ അറിയിച്ചു. ലോകമലയാളീ സമൂഹത്തെ ഒരു കുടകീഴിൽ അണിനിരത്തുവാൻ WMC നടത്തുന്ന പ്രവർത്തനങ്ങളെ ആദരണീയനായ മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോട് ഉള്ള നന്ദിയും ഐക്യദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു. ഗ്ലോബൽ ചെയർമാൻ ഡോക്ടർ എ വി അനൂപ് നൽകിയ ആശംസ സന്ദേശത്തിൽ ഡബ്ല്യു എം സി സ്വിസ് പ്രൊവിൻസിനെ സിൽവർ ജൂബിലിയുടെ അനുമോദനം അറിയിക്കുകയും അദ്ദേഹം 2004 ൽ നടന്ന കേരള പിറവി ചടങ്ങിൽ നേരിട്ട് പങ്കെടുത്ത ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ഗ്ലോബൽ പ്രസിഡണ്ട് ശ്രീ ജോണി കുരുവിള നടത്തിയ ആശംസാ പ്രസംഗത്തിൽ സ്വിസ്സ് പ്രൊവീൻസിനെ യൂറോപ്പിൻ റീജിയൻറെ തിലകകുറി എന്നാണ് വിശേഷിപ്പിച്ചത്. ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ ഡേവിസ് തെക്കുംതല തന്റെ ആശംസയിൽ ഡബ്ല്യുഎം സി സ്വിസ്സ് പ്രൊവീൻസിന്റെ കെട്ടുറപ്പുള്ള പ്രവർത്തനശൈലിയെ പറ്റി എടുത്തുപറയുകയുണ്ടായി,

ഇത്തവണത്തെ കേരള പിറവി ആഘോഷങ്ങളുടെ ഏറ്റവും വലിയ സവിശേഷത സ്വിസ് പ്രൊവിൻസിലെ കലാകാരന്മാരും കലാകാരികളും ചേർന്ന് മലയാളത്തിന്റെ മനോഹാരിതയും സ്വിറ്റ്സർലാൻഡിന്റെ പ്രകൃതി ചാരുതയും ഒത്തുചേർത്ത് തയ്യാറാക്കിയ മ്യൂസിക് വീഡിയോ ആൽബം ആയിരുന്നു. ഈ സംഗീത വീഡിയോ വിസ്മയത്തിൽ പങ്കുചേർന്ന എല്ലാവരും പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ഈ മ്യൂസിക് വീഡിയോ ആൽബം തയ്യാറാക്കുവാൻ നേതൃത്വം നൽകിയ സെക്രട്ടറി മിനി ബോസിനെ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും മുക്തകണ്ഠം പ്രശംസിച്ചു.


യോഗ സമാപനത്തോടനുബന്ധിച്ച് കൊറിയോഗ്രാഫറും കലാകാരിയും ആയ റോസ് മേരി തയ്യാറാക്കി അവതരിപ്പിച്ച ഗാനോപഹാരം ഹൃദ്യമായ അനുഭവമായി. കോവിഡ് സാഹചര്യത്തിൽ സൂമിൽ നടത്തിയ മീറ്റിംഗിനു സാങ്കേതിക സഹായം നൽകിയ ജിസ്സു പുറവക്കാട്ടിനു യോഗം പ്രത്യേകം നന്ദി പറഞ്ഞു. സെക്രട്ടറി മിനി ബോസിന്റ നന്ദി പ്രകടത്തിനു ശേഷം യോഗം സമംഗളം പര്യവസാനിച്ചു.

സ്വന്തം ലേഖകൻ

ബ്രിസ്റ്റോൾ : ബ്രിസ്റ്റോളിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്ന ഫ്രാൻസിസ് സേവ്യറിന് അടുത്ത ദിവസങ്ങളിലാണ് രക്താർബുദം പിടിപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ള ഫ്രാൻസിസ് സേവ്യർ ഇപ്പോൾ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ചികിത്സയുടെ ഭാഗമായി ഫ്രാൻസിസിന് കീമോതെറാപ്പി നടത്തിയെങ്കിലും ഫലം കാണാതെ വന്നപ്പോൾ ആരോഗ്യമുള്ള സ്റ്റെം സെൽ മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളു എന്ന് ഡോക്ടർമാർ വിലയിരുത്തുകയായിരുന്നു . അതിന്റെ ഭാഗമായി അനേകം ബന്ധുക്കൾ വഴിയും , സുഹൃത്തുക്കൾ വഴിയും ഫ്രാൻസിസിന് യോജിച്ച ഒരു സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ല.

പ്രിയ സുഹൃത്തുക്കളെ ഡി ‌കെ ‌എം ‌എസ് ഡാറ്റാബേസിൽ ഒരു ദാതാവായി നിങ്ങൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് ഒരുപക്ഷേ ഫ്രാൻസിസിൻെറ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. ഒരു ജീവൻ രക്ഷിക്കാനുള്ള ഈ ജീവകാരുണ്യ പ്രവർത്തിയിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു ദാതാവായി ഡി ‌കെ ‌എം ‌എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുക. പിന്നീട് നിങ്ങളുടെ ടിഷ്യൂ ടൈപ്പ് രോഗിയുടെ ടിഷ്യൂ ടൈപ്പുമായി മാച്ച് ചെയ്യുകയാണെങ്കിൽ സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ നിങ്ങൾക്ക് കഴിയും. സന്നദ്ധരായവരുടെ വിവരങ്ങൾ ലോകത്തെല്ലായിടത്തുമുള്ള രക്താർബുദ രോഗികളിൽ ആരുടെയെങ്കിലും ജീവൻ നിലനിർത്താൻ ഉപകാരപ്പെടാം. ഓർക്കുക ഡി ‌കെ ‌എം ‌എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രായപരിധി 17 വയസ്സു മുതൽ 55 വയസ്സ് വരെയാണ്.

നിങ്ങൾ ഒരു ദാതാവായി രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലോ , ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ചേർന്ന് ഞങ്ങളുടെ പരിശ്രമത്തിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 https://chat.whatsapp.com/GL2HbzryQSQKE67Ugrdm8s

https://www.facebook.com/stemcarebristol/

തപാൽ മുഖേന ഉപയോഗിക്കാൻ എളുപ്പമുള്ള ഓറൽ സ്വാബ് കിറ്റ് ഡി‌ കെ‌ എം ‌എസ് നിങ്ങൾക്ക് അയയ്ച്ചു നൽകുന്നതായിരിക്കും . അതിലെ നിങ്ങൾ നിർദ്ദേശങ്ങൾ പാലിച്ച് സ്വാബ് എടുത്തതിനുശേഷം കിറ്റ് തിരികെ നൽകേണ്ടതുണ്ട്. അങ്ങനെ നിങ്ങൾ രജിസ്ട്രിയിൽ എത്തിക്കഴിഞ്ഞാൽ, തപാൽ വഴി നിങ്ങൾക്ക് ഒരു ദാതാവിന്റെ കാർഡ് ലഭിക്കും. നിങ്ങളുടെ ടിഷ്യു രോഗിയുടെ ടിഷ്യുവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്റ്റെം സെല്ലുകൾ ആ രോഗിക്ക് ദാനം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുമില്ല മറിച്ച് ഒരു ജീവൻ നിലനിർത്താൻ നിങ്ങൾ കാരണമാവുകയും ചെയ്യുന്നു.

സ്റ്റെം സെൽ ദാന പ്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക . നിങ്ങൾക്ക് വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരിൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതായിരിക്കും.

യുകെയിലുള്ള ഒരാൾക്ക് സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക

https://www.dkms.org.uk/en

ഇന്ത്യയിലോ യുണൈറ്റഡ് സ്റ്റേറ്റ്സിലോ ഉള്ളവർ സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക

https://www.dkms-bmst.org/

അതോടൊപ്പം ദക്ഷിണേന്ത്യയിൽ നിന്നുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും  ഈ ലിങ്കുകൾ അയച്ച് കൊടുത്ത് ഫ്രാൻസിസിന്റെ ജീവൻ നിലനിർത്താൻ നടത്തുന്ന ദൗത്യത്തിൽ പങ്കാളിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.

ലോറൻസ് പെല്ലിശ്ശേരി : 0044 7762224421

ഏബ്രഹാം കുര്യൻ

കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിച്ച നൂറു ദിന വെർച്ച്വൽ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവിന്റെയും യു കെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടനം വെർച്യുൽ പ്ലാറ്റ് ഫോമിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് നിർവ്വഹിച്ചു. നവോദ്ധാന പ്രസ്ഥാനം പോലെ തന്നെ ഐക്യ കേരള പ്രസ്ഥാനത്തെയും പ്രാധാന്യത്തോടെ വിലയിരുത്തേണ്ടതാണെന്ന് അഭിപ്രായപ്പെട്ട പ്രൊഫ. സുജ സൂസൻ ജോർജ് മലയാളികൾ കേരളത്തിന്റെ അതിർ വരമ്പുകൾക്കപ്പുറം ലോക മലയാളികളായി വളർന്നതിൽ ഐക്യ കേരള പ്രസ്ഥാനവും പ്രവാസി മലയാളികളും വഹിച്ച പങ്കും അനുസ്മരിച്ചു.

ഇൻഡ്യയിലും വിദേശത്തുമായി നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള കേരള ലളിതകലാ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടുകയും, ലോകോത്തര മാസികയായ ആർട്ട് റിവ്യൂ എന്ന മാഗസിനിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 കലാകാരൻമാരുടെ പട്ടികയിൽ 2015 മുതൽ 2019 വരെ സ്ഥാനം പിടിക്കുകയും, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഫൗണ്ടർ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെ എക്സിബിഷന്റെ ഡയറക്ടറുമായി പ്രവർത്തിക്കുന്ന ശ്രീ ബോസ് കൃഷ്ണമാചാരി ആശംസകൾ നേർന്ന് സംസാരിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭാഷാ പ്രചരണ പരിപാടിയായ മലയാളം ഡ്രൈവ് യു കെയിൽ മലയാള ഭാഷയുടെ വളർച്ചക്കും കേരള സംസ്കാരം നിലനിർത്തുന്നതിനും സഹായകമാകട്ടെയെന്നും ആശംസിച്ച അദ്ദേഹം ഏപ്രിൽ മാസത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന പഠനോത്സവത്തിന് വിജയാശംസകളും നേർന്നു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിവരിച്ച മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി ഏബ്രഹാം കുര്യൻ വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി സി. എ ജോസഫ് വിശിഷ്ടാതിഥികൾക്ക് നന്ദി പറഞ്ഞതോടൊപ്പം മലയാളം ഡ്രൈവിന്റെയും ഫേസ് ബുക്ക് പേജിന്റെയും രൂപകൽപ്പന നിർവ്വഹിക്കുന്ന പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസറിനെയും ബേസിൽ ജോണിനെയും ജനേഷ് നായരെയും മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കൃതജ്ഞത അറിയിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് മുരളി വെട്ടത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി ലോകം മുഴുവൻ ഡിജിറ്റൽ യുഗത്തിലൂടെ കടന്നു പോകുമ്പോൾ മലയാളം മിഷനും നൂതന സാങ്കേതിക വിദ്യയിലൂടെ അതിജീവനത്തിന്റെ പാതയിലൂടെ തന്നെ മുന്നേറുകയാണ്. മലയാളം മിഷൻ യുകെ ചാപ്റ്ററിനു കീഴിലുള്ള വിവിധ മേഘലകൾക്കും അവയ്ക്കു കീഴിലുള്ള വിവിധ സ്ക്കൂളുകൾക്കും ഫേസ് ബുക്ക് പേജ് ഉണ്ടായിരുന്നുവെങ്കിലും മലയാളം മിഷൻ യുകെ ചാപ്റ്ററിനു കീഴിലുള്ള എല്ലാ സ്ക്കൂളുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും റിസോഴ്സുകൾ പങ്കുവയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ് ബുക്ക് പേജ് ആരംഭിച്ചത്. കൂടാതെ ലോക് ഡൗണിന്റെയും സാമൂഹ്യ അകലം പാലിക്കേണ്ടതുമായ സമയത്തുള്ള കേരള പിറവി ആഘോഷത്തിനും മലയാള ഭാഷാ പ്രചരണത്തിനും നേതൃത്വം നൽകുവാൻ വെർച്ച്വൽ പ്ലാറ്റ്ഫോമിലുള്ള നൂറു ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവും നടന്നു കൊണ്ടിരിക്കുന്നു. അതിൻ്റെ ഭാഗമായി നവംബർ 8 ഞായറാഴ്ച യു കെ സമയം വൈകുന്നേരം നാലുമണിക്ക് മലയാളം മിഷൻ റജിസ്ട്രാർ എം സേതുമാധവൻ “മലയാളം മലയാളി മലയാളം മിഷൻ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്ക് ലൈവിലൂടെ പ്രഭാഷണം നടത്തുന്നതാണ്. അദ്ധ്യാപക ട്രെയ്നിംഗിലൂടെ മലയാളം മിഷൻ അദ്ധ്യാപകർക്ക് സുപരിചിതനായ എം സേതു മാധവൻ കേരളത്തിലെ സ്ക്കൂൾ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന ഡയറ്റിന്റെ മേധാവിയും ആയിരുന്നു..

മലയാളം മിഷന്റെ യു കെയിലെ പ്രവർത്തനങ്ങൾക്ക് പതിമൂന്നംഗ പ്രവർത്തക സമിതി നേതൃത്വം നൽകുന്നു. ആ പ്രവർത്തക സമിതിയെ സഹായിക്കാൻ അരുൺ തങ്കത്തിന്റെ നേതൃത്വത്തിൽ ഒരു ഒൻപതംഗ ഉപദേശക സമിതിയും ജയപ്രകാശ് സുകുമാരന്റെ നേതൃത്വത്തിൽ നാലംഗ വിദഗ്ദ്ധ സമിതിയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

വിവിധ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയുള്ള വരുംദിനങ്ങളിലേക്കുള്ള ഫേസ് ബുക്ക് ലൈവിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും സംഘാടകർ അറിയിച്ചു. തുടർന്നു നടക്കുന്ന എല്ലാ ലൈവ് പ്രോഗ്രാമുകളിലും എല്ലാ മലയാള ഭാഷാ സ്നേഹികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അഭ്യർത്ഥിക്കുന്നു.

കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നടന്ന മലയാളം ഡ്രൈവിന്റേയും ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടന പരിപാടി കാണുവാൻ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.facebook.com/MAMIUKCHAPTER/videos/1595003764040986/

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന എല്ലാ പരിപാടികളും കാണുവാൻ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഈ ഒഫീഷ്യൽ പേജ് എല്ലാ ഭാഷാസ്നേഹികളും ലൈക്ക് ചെയ്തും സബ്സ്ക്രൈബ് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

https://www.facebook.com/MAMIUKCHAPTER/live/

RECENT POSTS
Copyright © . All rights reserved