ന്യൂസ് ഡെസ്ക് , മലയാളം യുകെ
കാൻബറ : ഇനിയും എത്രയെത്ര പ്രവാസികൾ ചൂഷണത്തിനിരയാകും? സ്വന്തം കുടുംബം രക്ഷിക്കാൻ അന്യനാട്ടിൽ പണിയെടുക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും പലപ്പോഴും നാം അറിയാതെ പോകുന്നു. എന്നാൽ ജോലിസ്ഥലത്ത് ചൂഷണം നേരിടുന്നവരുടെ ശബ്ദമാവുകയാണ് നീനുമോൾ എബ്രഹാം എന്ന മലയാളി യുവതി. ഓസ്ട്രേലിയ കാൻബറയിലെ മലയാളി റെസ്റ്റോറന്റിൽ ഷെഫ് ആയി ജോലി ചെയ്ത നീനുമോൾ, താൻ നേരിട്ട ദുരനുഭവങ്ങളും പിന്നീട് നേടിയെടുത്ത നീതിയും വിശദീകരിക്കുകയുണ്ടായി. വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി നീനുമോളുടെ ശമ്പളം തിരിച്ചുപിടിച്ച സംഭവത്തിൽ മലയാളിയുടെ റെസ്‌റ്റോറന്റിന് പിഴ ശിക്ഷ വിധിച്ചു. 2018 മെയ് മുതൽ കാന്‍ബറയിലെ ബിന്നീസ് കാത്തീറ്റോ എന്ന മലയാളി റെസ്‌റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു നീനുമോൾ. ന്യൂസിലാൻഡിൽ നിന്ന് താത്കാലിക വിസയിൽ ആണ് കാൻബറയിൽ എത്തിയത്. ഭർത്താവും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് നീനുമോൾ ഓസ്ട്രേലിയയിൽ വന്നത്. വര്‍ഷം 55,000 ഡോളര്‍ ശമ്പളം നല്‍കും എന്ന കരാറിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്പോഴും 511.40 ഡോളര്‍ വീതം പണമായി റെസ്റ്റോറന്റ് ഉടമകള്‍ തിരികെ വാങ്ങിയെന്ന് നിനുമോള്‍ ആരോപിച്ചു. നികുതി അടയ്ക്കാനാണ് ഈ പണം എന്ന വ്യാജേന തിരികെ വാങ്ങുകയായിരുന്നുവെന്ന് നീനുമോൾ വെളിപ്പെടുത്തി.
നീനുമോൾ
കരാറിൽ ആഴ്ച 38 മണിക്കൂർ ജോലിചെയ്യണമെന്ന് ആയിരുന്നുവെങ്കിലും 70 മണിക്കൂർ വരെ പണിയെടുത്തു. ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വന്നു. എന്നാൽ അതിന് അധിക ശമ്പളം നൽകാൻ ഉടമകൾ തയ്യാറായില്ല. അവധിയെടുക്കാൻ അനുവാദം ഇല്ലായിരുന്നുവെന്നും ഒരു ദിവസം അവധിയെടുത്താൽ 100 ഡോളർ തിരികെ നൽകണമായിരുന്നുവെന്നും നീനുമോൾ വെളിപ്പെടുത്തി. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും, വിസ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി നീനുമോൾ ട്രൈബ്യൂണലില്‍ പറഞ്ഞു. 2019 ജനുവരി 13 ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മെഡിക്കൽ ലീവ് എടുത്ത ദിവസമാണ് തന്നെ പിരിച്ചുവിട്ടതെന്ന് നീനുമോൾ വെളിപ്പെടുത്തി. കാരണം കൂടാതെ പെട്ടെന്ന് തന്നെ പിരിച്ചുവിടുകയായിരുന്നു. ഇതിനെത്തുടർന്ന് യുണൈറ്റഡ് വോയിസ് യൂണിയനെ സമീപിക്കുകയും അതുവഴി മനുഷ്യാവകാശ ലംഘനത്തിന് പരാതിപ്പെടുകയുമായിരുന്നു.
ബിന്നീസ് കാത്തീറ്റോ റെസ്‌റ്റോറന്റിന്റെ മുൻപിൽ നീനു മോൾ.
നിനുമോള്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം തിരിച്ചുപിടിക്കുകയും, അധിക സമയം ജോലിയെടുപ്പിക്കുകയും ചെയ്തു എന്ന് ട്രൈബ്യൂണല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 17,940 ഡോളർ നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റ് ഉടമ റോസ് തോമസിനോടും, ഭര്‍ത്താവ് ബിന്നി ബാബുവിനോടും ആവശ്യപ്പെട്ടത്. ശമ്പള കുടിശ്ശികയും, മാനനഷ്ടത്തിനുള്ള പരിഹാരവുമായി 13,320 ഡോളറും, നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടതിന്റെ കുടിശ്ശികയായി 4,620 ഡോളറുമാണ് നല്‍കേണ്ടത്. മോശം ഷെഫ് ആയിരുന്നു നീനുമോൾ എന്നും ഭക്ഷണം പാകംചെയ്യാൻ അറിയില്ലായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമകൾ വാദിച്ചു. എന്നാൽ ന്യൂസിലാൻഡിൽ 4 വർഷം ഷെഫ് ആയി ജോലിചെയ്ത ശേഷമാണ് നീനുമോൾ കാൻബറയിൽ എത്തിയത്. നടപടിയിൽ സന്തോഷമുണ്ടെന്നും ഇത്തരത്തില്‍ ചൂഷണം നേരിടുന്ന മറ്റുള്ളവര്‍ക്കും മുന്നോട്ടുവരാന്‍ ഈ ഉത്തരവ് പ്രചോദനമാകുമെന്നും നീനുമോൾ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ബിന്നിസ് കത്തിറ്റോ എന്ന റെസ്‌റ്റോറന്റ് പിന്നീട് പൂട്ടിയിരുന്നു.
അവസാന കൊവിഡ് രോഗിയെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിന്ന് വിജയിച്ച് കയറി ന്യൂസിലാന്റ്. ഒരു കൊവിഡ് രോഗിയും നിലവില്‍ ഇല്ല എന്നതാണ് സത്യം. 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ നാഴികക്കല്ല് ഒരു നല്ല വാര്‍ത്തയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. ‘ഫെബ്രുവരി 28-ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ, കോവിഡിനെതിരേ തുടരുന്ന ജാഗ്രത അനിവാര്യമാണ്. അതു തുടരും.’ – അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വകാര്യത മുന്‍നിര്‍ത്തി അവസാന രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓക്ക്ലാന്‍ഡിലെ ഒരു നഴ്സിംഗ് ഹോമില്‍ ഇവര്‍ ചികിത്സയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് സജീവ കേസ് ഒന്നു മാത്രമാണ് ഉണ്ടായിരുന്നത്.
തുടർച്ചയായ 11–ാം ദിവസവും കോവിഡ് രോഗം റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ ന്യൂസീലൻഡ് ഒരുങ്ങുന്നു. അടുത്തയാഴ്ചയോടെ സാധാരണഗതിയിലേക്ക് രാജ്യം മാറിയേക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി ജസീന്ത ആർഡൻ പ്രകടിപ്പിച്ചു. കോവിഡിനെ പൊരുതി തോൽപ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസീലൻഡ് മാറുമെന്നും ജസീന്ത പറയുന്നു.
ആയിരത്തി അഞ്ഞൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മരണം 22 ൽ ഒതുക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞു. വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലായിരുന്നു. ഏപ്രിലിൽ രോഗികളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും രോഗത്തെ പിടിച്ചു നിർത്താൻ ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒരുപോലെ പരിശ്രമിച്ചു. തുടക്കം മുതൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടുവെന്നും ജസീന്ത ആർഡൻ വ്യക്തമാക്കി.
50 ലക്ഷത്തോളം മാത്രമാണ് പസഫിക് ദ്വീപ് രാജ്യമായ ന്യൂസീലൻഡിലെ ജനസംഖ്യ. രോഗത്തെ വരുതിയിലാക്കുന്നതിൽ ഇതും ആരോഗ്യപ്രവർത്തകരെ സഹായിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 22 വരെ തുടരുമെന്നും പിന്നീട് പാർലമെന്റ് യോഗത്തിന് ശേഷം തീരുമാനം എടുക്കുമെന്നും ആയിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലായെന്നും സന്തോഷകരമായ സാഹചര്യമാണ് മുന്നിലുള്ളതെന്നും കണ്ട് ജൂൺ എട്ടോടെ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാനാണ് സർക്കാരിന്റെ നീക്കം.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ ബാധിത മേഖലകളിൽ സ്വന്തം ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന അനേകം ഗാനങ്ങളും , വീഡിയോകളും പല മാധ്യമങ്ങളിലൂടെയും നമ്മൾ ഇതിനോടകം കണ്ടു കഴിഞ്ഞു . എന്നാൽ വർത്തമാന കാലത്തെ വേദനകളെ അർത്ഥവത്താക്കുന്ന വരികളുള്ള , ഹൃദയസ്പർശിയായ ഈണമുള്ള , ആർദ്രമായ ശബ്ദത്തോട് കൂടിയ ഒരു പുതിയ ഗാനം ഈ കൊറോണ കാലത്ത് നമ്മൾ കേട്ടിരുന്നോ എന്ന് ചോദിച്ചാൽ… ഇല്ല എന്ന് നിസംശയം പറയാം . യുകെ മലയാളികൾക്ക് സുപരിചിതനായ പ്രശസ്ത ഗാനരചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ വരികൾക്ക് ബിജു കൊച്ചുതെള്ളിയിൽ ഈണം നൽകിയ മനോഹരമായ ഗാനത്തോടു കൂടിയ ഈ സ്വാന്തന വീഡിയോ ആൽബം ഏവരുടെയും കരളലിയിപ്പിക്കും.
മരവിച്ച മനസിന് സാന്ത്വനം നൽകുന്ന മാലാഖമാരെ….. അവസാന ശ്വാസവും തീരുന്ന നേരത്തും , അരികത്തു നിൽക്കുന്ന ദൂതർ.. പതറല്ലേ , തളരല്ലേ , നിങ്ങൾ … എന്ന് തുടങ്ങുന്ന റോയി കാഞ്ഞിരത്താനത്തിന്റെ കാലത്തിനൊത്ത വരികൾക്ക് അതിമനോഹരമായ സംഗീതമാണ് ബിജു കൊച്ചുതെള്ളിയിൽ ഈ ആൽബത്തിനായി ഒരുക്കിയിരിക്കുന്നത് . കൊറോണ ബാധിച്ച് മരണപ്പെട്ട ഓരോ രോഗികളും തങ്ങളെ പരിചരിച്ച എല്ലാ ആരോഗ്യപ്രവർത്തകരോടും പറയുവാൻ ആഗ്രഹിച്ച നന്ദി വാക്കുകളാണ് റോയി കാഞ്ഞിരത്താനം ഈ ഗാനത്തിന് വരികളായി എടുത്തിരിക്കുന്നത് . ഈ വരികളുടെ അർത്ഥവും , വേദനയും ഉൾക്കൊണ്ടുകൊണ്ട് പീറ്റർ ചേരാനെല്ലൂരും മകൾ നൈദിൻ പീറ്ററും ആലപിച്ച ഈ ഗാനം വൻ ജനപ്രീതി നേടി കഴിഞ്ഞു. പ്രശസ്ത പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരിയും , യുകെ മലയാളികളുടെ അനുഗ്രഹീത ഗായിക അനു ചന്ദ്രയും ഈ വീഡോയോ ആൽബത്തെ ഇതിനോടകം ഹിറ്റ് ആൽബങ്ങളുടെ നിരയിൽ എത്തിച്ചു കഴിഞ്ഞു.
അനേകം നല്ല ഗാനങ്ങൾക്ക് രചനയും ഈണവും നൽകിയിട്ടുള്ള റോയി – ബിജു കൂട്ടുകെട്ടിന്റെ ഏറ്റവും നല്ല ഒരു കലാസൃഷ്‌ടിയായിട്ടാണ് ഈ ആൽബത്തെ വിലയിരുത്തപ്പെടുന്നത് . മലയാളം , ഹിന്ദി , തമിഴ് , കന്നഡ, ഇംഗ്ളീഷ് തുടങ്ങി ഭാഷകളിൽ ഈ ആൽബം ഉടൻ ഇറങ്ങുന്നതായിരിക്കും . അതോടൊപ്പം വിവിധ രാജ്യങ്ങളിലുള്ള അനേകം നല്ല ഗായകരും ഈ ഗാനം ആലപിച്ചിട്ടുണ്ട് . അയ്യായിരത്തോളം ഭക്തി ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും , ഹൃദയസ്പർശിയായ നല്ല ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ളതുമായ പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലുരും മകൾ നൈദിൻ പീറ്ററും , ദുബൈയിൽ നിന്നുള്ള ജോസ് ജോർജ്ജ് , കേരളത്തിൽ നിന്നും ജോജി കോട്ടയം , ഓസ്‌ട്രേലിയയിൽ നിന്നുള്ള ജോബി കൊരട്ടി , അമേരിക്കയിൽ നിന്നും ഡിയാന , ബഹറിനിൽ നിന്നുള്ള ലീന അലൻ , സിഡ്‌നിയിൽ നിന്നും ജിൻസി , ഷാർജയിൽ നിന്നുള്ള ബെറ്റി തുടങ്ങിയവർ ആലപിച്ച ഗാനം ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു .
ഗ്ലോസ്റ്റർഷെയറിന്റെ ഭാവഗായകൻ സിബി ജോസഫ് , ഡോ : ഷെറിൻ ജോസ് യുകെ തുടങ്ങിയവർ ഉടൻ തന്നെ ഈ ഗാനം ആലപിക്കുന്നതായിരിക്കും . അയർലണ്ടിൽ നിന്നുള്ള ഐ വിഷൻ ചാനലിന്റെ ഉടമയായ ശ്രീ : മാർട്ടിൻ വർഗീസ്സും , യുകെയിലുള്ള ബെർണാഡ് ബിജുവും , ബെനഡിക്ട് ബിജുവുമാണ് ഈ ആൽബത്തിന്റെ ഓഡിയോ വീഡിയോ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് .
മനോഹരമായ ഈ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂ ടൂബ് ലിങ്കുകൾ സന്ദർശിക്കുക
[ot-video][/ot-video]
[ot-video][/ot-video]
പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഓസ്‌ട്രേലിയയിലാണ് സംഭവം. കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസാണ് പഞ്ചനവവര്‍ണതത്തകളുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൂട്ടമായി പറക്കുന്ന പഞ്ചവര്‍ണതത്തകള്‍ പെട്ടന്നാണ് പരസ്പരം കൊത്ത്കൂടി നിലത്തേക്ക് വീണ് ശ്വാസം മുട്ടി ചാവുന്നത്. ഏതാനും ദിവസങ്ങളായി ഓസ്‌ട്രേലിയയിലെ ബ്രിസേബേനിലാണ് ഈ വിചിത്ര പ്രതിഭാസം അരങ്ങേറുന്നത്. നൂറുകണക്കിന് തത്തകളാണ് ഇത്തരത്തില്‍ ചത്ത് വീണത്.
ഭ്രാന്ത് പിടിച്ചത് പോലെ തത്തകള്‍ പരസ്പരം കൊത്തുകയും അതിന് ശേഷം ചത്ത് വീഴുകയും ചെയ്യുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പറക്കുന്നതിനിടയില്‍ ചലനം നിലയ്ക്കുന്ന തത്തകള്‍ നിലത്തേക്ക് വീഴുന്നതിന് ഇടയ്ക്ക് മറ്റ് തത്തകളെ കൊത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നതോടെ അവയും ചത്ത് വീഴുകയാണെന്നും അവര്‍ പറയുന്നു.
ശ്വാസം മുട്ടിയാണ് പക്ഷികള്‍ക്ക് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂട്ടം കൂടി പറക്കുന്നതിനിടയില്‍ തത്തകള്‍ക്കിടയില്‍ കൊറോണയ്ക്ക് സമാനമായ വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് ഗ്രിഫിറ്റ് സര്‍വ്വകലാശാലയിലെ ഡാറില്‍ ജോണ്‍സ് പ്രതികരിക്കുന്നത്.
തത്തകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന ഈ സാഹചര്യം ആശങ്കാകരമാണെന്നും ഡാറില്‍ പറയുന്നു. വൈറസ് ബാധ മനുഷ്യരിലേക്ക് പകരാനും സാധ്യതയുള്ളതിനാല്‍ ഈ സാഹചര്യമൊഴിവാക്കാന്‍ തത്തകള്‍ക്ക് ആരും തീറ്റ നല്കരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓസ്‌ട്രേലിയൻ മലയാളി മെജോ വര്‍ഗീസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ കുന്നപ്പിള്ളി കുടുംബാംഗമാണ് പരേതനായ മെജോ. സിഡ്‌നിയില്‍ നിന്നും മുന്നൂറ്റമ്പത് കിലോ മീറ്റര്‍ അകലെ ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വയറിലാണ് മെജോയും കുടുംബവും താമസിക്കുന്നത്.
പ്രഭാത സൈക്കിള്‍ സവാരിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. എമർജൻസി പാരാമെഡിക്‌സ് എത്തുകയും തുടര്‍ന്ന് ആംബുലന്‍സില്‍ പോര്‍ട്ട് മക്വയര്‍ ബേസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എല്ലാവരെയും നിരാശപ്പെടുത്തി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പോര്‍ട്ട് മക്വയറിലുള്ള ഒരു നേഴ്‌സിംഗ് ഹോമില്‍ നേഴ്‌സായി ജോലി നോക്കി വരുകയായിരുന്നു പരേതനായ മെജോ. ഭാര്യ സൗമ്യാ പോര്‍ട്ട് മക്വയറിർ ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുന്നു. അഞ്ചു വയസുള്ള ജോൺസ് മകനാണ്.
അയർലണ്ടിൽ നിന്നും 2013 അവസാനത്തോടെയാണ് ആണ് മെജോയും കുടുംബവും ഓസ്‌ട്രേലിയക്ക് പോയത്. അയര്‍ലണ്ടിലെ അറിയപ്പെടുന്ന ബാഡ്ടമിന്‍ടന്‍ താരമായിരുന്ന മെജോ കെ ബി സിയുടെ സജീവപ്രവര്‍ത്തകനും ആയിരുന്നു. അയര്‍ലണ്ടിലെ റാത്തോത്തിൽ താമസിച്ചിരുന്ന മെജോ ഹില്‍ ബ്രൂസ് നഴ്‌സിംഗ്‌ഹോമിലെ സ്റ്റാഫ് നഴ്‌സായിരുന്നു. മെജോയുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് ഓസ്‌ട്രേലിയൻ മലയാളികളും സുഹൃത്തുക്കളും. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും വലിയ തോതില്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്നതിലേക്ക് വഴിനയിക്കുമെന്നാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ ആശങ്കപ്പെട്ടിരുന്നത്. ജനസംഖ്യ ആവശ്യമില്ലാതെ കൂട്ടാന്‍ താല്‍പര്യപ്പെടാത്ത പല രാജ്യങ്ങളും ഇതിനെതിരായ പ്രചാരണങ്ങള്‍ വരെ നടത്തുകയുണ്ടായി. നിരോധ് പോലുള്ള ഗര്‍ഭനിരോധന ഉപാധികളുടെ വില്‍പനയിലുണ്ടായ വര്‍ധനയും മറ്റും ലോക്ക്ഡൗണ്‍ ലൈംഗികത സംബന്ധിച്ച വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തു.
ന്യൂ സീലാന്‍ഡില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഇതിലേറെ കൗതുകമുണര്‍ത്തുന്നതാണ്. ഇവിടെ സെക്സ് ടോയ്കളുടെ വില്‍പനയില്‍ വലിയ വര്‍ധന വന്നിരിക്കുന്നു. മാര്‍ച്ച് 25ന് പ്രധാനമന്ത്രി ജസിന്ദ ആര്‍ഡേണ്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ സെക്സ് ടോയ്കളുടെ വില്‍പനയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഒരു മാസത്തെ ലോക്ക്ഡൗണാണ് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
പലയാളുകളും ആദ്യമായാണ് സെക്സ് ടോയ്കള്‍ വാങ്ങുന്നതെന്നതാണ് കൗതുകകരമായ കാര്യം. ന്യൂസീലാന്‍ഡിലെ അഡള്‍ട്ട് ഉല്‍പന്നങ്ങളുടെ നിര്‍മാതാവായ അഡള്‍ട്ട് ടോയ് മെഗാസ്റ്റോറിന്റെ വക്താവായ എമിലിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. “ശരി, സമയമുണ്ടല്ലോ, പുതിയ ചിലതൊക്കെ അറിഞ്ഞിരിക്കാം”, എന്നതാണ് മിക്കവരുടെയും മനോഗതിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.മെന്‍സ്ട്രല്‍ കപ്പ്, കോണ്ടം, ല്യൂബ്രിക്കന്റ് എന്നിവയുടെ വില്‍പനയും വര്‍ധിച്ചിട്ടുണ്ട്.
ചൈനയിലെ കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന (വെറ്റ് മാര്‍ക്കറ്റ്) മാര്‍ക്കറ്റുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയായി ഈ മാര്‍ക്കറ്റുകള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
വുഹാാനിലെ ഹുനാന്‍ സീഫുഡ് ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണവൈറസിന്റെ ഉല്‍ഭവമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി 1 മുതല്‍ ഈ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇവിടുത്തെ വനവിഭവ വില്‍പന പൂര്‍ണമായും അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതെസമയം, ചൈനയിലെ മറ്റിടങ്ങളിലെല്ലാം ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
175ലധികം രാജ്യങ്ങളില്‍ ഈ രോഗം പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 51000ത്തിലധികമാളുകള്‍ മരണപ്പെട്ടു. പത്ത് ലക്ഷത്തിലധികമാളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു.
എവിടെയൊക്കെ വെറ്റ് മാര്‍ക്കറ്റുകളുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങളുണ്ടെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്കോട്ട് മോറിശണ്‍ പറഞ്ഞു. “ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന എന്തെങ്കിലും ചെയ്യേണ്ട വിഷയമാണിതെന്നാണ് ഞാന്‍ കരുതുന്നത്,” അദ്ദേഹം വിശദീകരിച്ചു.
യുഎസ്സില്‍ 245,500 പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 6,000 മരണങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ നഷ്ടങ്ങളാണ് ഈ രോഗബാധ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.
ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ ആക്ഷേപങ്ങള്‍ക്ക് ഇരയായ ക്വാഡന്‍ ബെയില്‍സ് എന്ന ക്വീന്‍സ്ലാന്റ് സ്വദേശിയായ ഒമ്പതുവയസുകാരന്റെ കരച്ചിൽ ലോകം മുഴുവൻ കണ്ടിരുന്നു. അവന് ആശ്വാസം പകർന്ന് നിരവധി സെലിബ്രിറ്റികൾ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിലൊരാളാണ് മലയാളികളുടെ സ്വന്തം ഗിന്നസ് പക്രു. ഇപ്പോള്‍ തനിക്ക് നന്ദി പറഞ്ഞ് ക്വാഡന്‍ രംഗത്തെത്തിയ സന്തോഷം പക്രു തന്നെയാണ് അറിയിക്കുന്നത്. ഓസ്ട്രേലിയയിലെ ദേശീയ മാധ്യമമായ എസ്.ബി.എസ് മലയാളത്തിന്‍റെ വാര്‍ത്ത ഷെയര്‍ ചെയ്താണ് പക്രു അപൂര്‍വമായ ഈ അനുഭവം അറിയിക്കുന്നത്.
താനും ക്വേഡനെ പോലെ ഒരുകാലത്ത് കരഞ്ഞിട്ടുണ്ട്. ക്വാഡൻ കരഞ്ഞാൽ തോറ്റുപോകുന്നത് ക്വാഡന്റെ അമ്മയാണെന്നായിരുന്നു പക്രുവിന്റെ വാക്കുകൾ. ‘പക്രുവിന്റെ പോലെ ക്വാഡന്റെയും ആഗ്രഹം ഒരു അഭിനേതാവ് ആകുകയെന്നുള്ളതാണ്. അവനും അദ്ദേഹത്തെപ്പോലെ നടനാകണം.’ അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ മകന് വലിയ പ്രചോദനമാണ് നൽകിയതെന്ന് അമ്മ അറിയിക്കുന്നു. ശ്രവണ സഹായിയുടെ സഹായത്തോടെയല്ലാതെ ക്വാഡന് കേൾക്കാനാകില്ല. അതിനാൽ പക്രുവുമായുള്ള വിഡിയോ കോളിനായി ക്വാഡൻ കാത്തിരിക്കുകയാണെന്നും എന്നെങ്കിലും ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ കാണുമെന്നും അമ്മ അറിയിച്ചു.
ഗിന്നസ് പക്രുവുമായി സംസാരിച്ച എസ് ബി എസ് മലയാളം ഇംഗ്ലീഷിലും മലയാളത്തിലും ഇത് റിപ്പോര്ട്ട് ചെയ്തിരുന്നു. റിപ്പോര്‍ച്ച് വായിച്ച യാരാക്ക ബെയില്‍സ് ‘അവന് നിങ്ങളോട് സംസാരിക്കണം’ എന്നാണ് എസ് ബി എസ് മലയാളത്തോട് പറഞ്ഞത്.
ഒരു നടനാകണമെന്നാണ് ക്വേഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത് – യാരാക്ക പറഞ്ഞു.
ഉയരക്കുറവിന്റെ പേരില്‍ സഹപാഠികള്‍ കുറ്റപ്പെടുത്തിയപ്പോള്‍ ഹൃദയം നൊന്ത് കരഞ്ഞ ക്വാഡനെ ലോകം ചേര്‍ത്ത് പിടിച്ചിരുന്നു. ഹ്യൂ ജാക്ക്മാന്, അമേരിക്കന്‍ കൊമേഡിയന്‍ ബ്രാഡ് വില്യം തുടങ്ങിയ പ്രമുഖരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയത്.
ബ്രാഡ് വില്യം ഡിസ്നിലാൻഡിലേക്ക് പോകുവാന്‍ ടിക്കറ്റ് ക്വാഡന് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഇവിടേക്ക് പോകുന്നില്ലെന്നും എല്ലാവരും സമാഹരിച്ച് നല്‍കിയ 47.5 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുവാനാണ് തീരുമാനിക്കുന്നതെന്ന് ക്വാഡന്റെ കുടുംബം പറയുന്നു.
സമൂഹത്തില്‍ നിന്നും ഇത്തരം പരിഹാസം കേട്ട് ജീവിതം അവസാനിപ്പിച്ച ആളുകള്‍ ധാരാളമുണ്ടെന്നും ഇനിയും ആരുടെയും ജീവിതം ഇത്തരത്തില്‍ പൊലിയാതിരിക്കുവാനുള്ള മുന്‍കരുതലാണ് നമ്മള് സ്വീകരിക്കേണ്ടതെന്ന നിലപാടാണ് ക്വാഡന്റെ കുടുംബത്തിനുള്ളത്. ഇതിനായി തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ക്വാഡന്റെ കുടുംബം പറഞ്ഞു.