Business

ബ്രിട്ടീഷ് കോടതിയിൽ പാപ്പരാണെന്ന് പ്രഖ്യാപിക്കാൻ ഹർജി നൽകിയ ഇന്ത്യൻ വ്യവസായി അനിൽ അംബാനിക്ക് ജഴ്‌സി ദ്വീപിലും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിലും സൈപ്രസിലുമായി 18 കമ്പനികളെന്ന് പുറത്തുവന്ന ‘പൻഡോറ രേഖകൾ.’ 2007നും 2010നുമിടയിലാണ് അംബാനി ഈ കമ്പനികൾ സ്ഥാപിച്ചിരിക്കുന്നത്.

ഇതിൽ ഏഴു കമ്പനികൾ വഴി 130 കോടി ഡോളർ (9659 കോടി രൂപ) കടമെടുക്കുകയും നിക്ഷേപിക്കുകയും ചെയ്തു. ജഴ്‌സിയിൽ എട്ടു കമ്പനികളും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിൽ ഏഴും സൈപ്രസിൽ മൂന്നും കമ്പനികളാണ് അംബാനിക്കുള്ളത്.

2020 ഫെബ്രുവരിയിൽ ചൈനീസ് സർക്കാർ ഉടസ്ഥതയിലുള്ള മൂന്നു ബാങ്കുകളിലെ പണമിടപാട് സംബന്ധിച്ച് ലണ്ടൻ കോടതിയിൽ കേസ് നടന്നപ്പോൾ തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നും പാപ്പരാണെന്ന് പ്രഖ്യാപിക്കണമെന്നുമാണ് അംബാനി അവകാശപ്പെട്ടത്.

അംബാനിക്ക് വിദേശത്ത് കമ്പനികളുണ്ടാകാമെന്നും അതേക്കുറിച്ച് വെളിപ്പെടുത്താത്തതാകുമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബാങ്കുകൾക്ക് 71.6 കോടി ഡോളർ നൽകാൻ മൂന്നുമാസത്തിനുശേഷം കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, അംബാനി പണമടച്ചില്ല. വിദേശത്ത് സമ്പത്തില്ലെന്നും പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമകൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്‌സ് (ഐസിഐജെ) ഞായറാഴ്ച പുറത്തുവിട്ട ‘പൻഡോറ രേഖകളി’ലാണ് മുന്നൂറിലേറെ ഇന്ത്യക്കാരുടെ കോടിക്കണക്കിനു രൂപയുടെ രഹസ്യ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ളവർ സ്വന്തം രാജ്യത്ത് നികുതിവെട്ടിച്ച് വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ട്.

റിലയൻസ്(അഡാഗ്) ചെയർമാൻ അനിൽ അംബാനി, ബാങ്ക് തട്ടിപ്പു നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദി, ഔഷധനിർമാണ കമ്പനിയായ ബയോകോണിന്റെ പ്രൊമോട്ടർ കിരൺ മജുംദാർ ഷായുടെ ഭർത്താവ്, ക്രിക്കറ്റ്താരം സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേഹ്ത്ത, ബോളിവുഡ് നടൻ ജാക്കി ഷിറോഫിന്റെ ഭാര്യാമാതാവ് അയേഷ, കോർപ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ തുടങ്ങിയവരുടെ പേരുകൾ ‘പാൻേഡാറ രേഖകളി’ലുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിറ്റ് കോയിൻ സ്വന്തമാക്കി ശതകോടീശ്വരനായ ഒർലാൻഡോ ബ്രാവോ. ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം ഗണ്യമായി വർദ്ധിക്കുമെന്നും അതിനാലാണ് താൻ ബിറ്റ് കോയിൻ സ്വന്തമാക്കുന്നതെന്നും ബ്രാവോ അഭിപ്രായപ്പെട്ടു. പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ തോമാ ബ്രാവോയുടെ സഹസ്ഥാപകനാണ് ഒർലാൻഡോ ബ്രാവോ. സെപ്തംബർ 29 -ലെ അദ്ദേഹത്തിന്റെ ആസ്തി 6.3 ബില്യൺ ഡോളർ ആണ്. ക്രിപ്റ്റോ ഒരു മികച്ച സംവിധാനമാണെന്നും യുവാക്കൾക്ക് അവരുടേതായ സാമ്പത്തിക സംവിധാനം സൃഷ്ടിക്കാൻ ക്രിപ്റ്റോ സഹായകമാകുന്നുവെന്നും അദ്ദേഹം സി‌എൻ‌ബി‌സിയുടെ ഡെലിവറിംഗ് ആൽഫ കോൺഫറൻസിൽ പറഞ്ഞു. നിങ്ങൾ എന്തുകൊണ്ടാണ് ക്രിപ്റ്റോയെ ഇഷ്ടപ്പെടാത്തതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ബ്രാവോ സംസാരിച്ചു തുടങ്ങിയത്.

ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ക്രിപ്റ്റോ കറൻസിയ്ക്കില്ല. എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുണയ്ക്കുന്നത്. കൂടുതൽ ആളുകൾ ബിറ്റ് കോയിൻ കൈവശം വയ്ക്കാൻ തുടങ്ങുമെന്നതിനാൽ, കാലക്രമേണ മൂല്യം വർദ്ധിക്കുകയും കൂടുതൽ ഉപയോഗം ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. താൻ വ്യക്തിപരമായി ബിറ്റ് കോയിനിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

“എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമാണ്. ഇന്നത്തേതിനേക്കാൾ കൂടുതൽ ആളുകൾ ഭാവിയിൽ ക്രിപ്റ്റോയിലേക്ക് വരും. അത് കൂടുതൽ ലാഭം ലഭിക്കുന്നതിന് കാരണമാകും. ഗണ്യമായ വളർച്ച ഉണ്ടാവുന്ന മേഖലയാണിത്.” ബ്രാവോ കൂട്ടിച്ചേർത്തു. ജൂലൈയിൽ എഫ്ടിഎക്സ് ട്രേഡിംഗ് ലിമിറ്റഡിന്റെ ഒരു ഫണ്ടിംഗ് റൗണ്ടിൽ തോമസ് ബ്രാവോ പങ്കെടുത്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഈസിഐഡി ആപ്പ് വഴി ബിറ്റ് കോയിൻ വാങ്ങാനുള്ള സൗകര്യം ഒരുക്കി യുകെ പോസ്റ്റ്‌ ഓഫീസ്. ഈ ആഴ്ച മുതൽ ബിറ്റ് കോയിൻ വാങ്ങാനുള്ള ഓപ്ഷൻ ആപ്പിൽ ചേർക്കും. സൗജന്യമായി ഉപയോഗിക്കാവുന്ന പോസ്റ്റ് ഓഫീസ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ബിറ്റ് കോയിനും വൗച്ചറുകളും വാങ്ങാം. ജർമ്മൻ ഫിനാൻഷ്യൽ റെഗുലേറ്റർ ബാഫിൻ നിയന്ത്രിക്കുന്ന ഒരു ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ് ഫോമായ സ്വാം മാർക്കറ്റ്സ് വെള്ളിയാഴ്ച ഇത് പ്രഖ്യാപിച്ചു. ഈസിഐഡി മൊബൈൽ ആപ്പ് ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴി ബിടിസി , ഇടിഎച്ച് വൗച്ചറുകൾ വാങ്ങാൻ സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗം ഒരുക്കുകയാണെന്ന് അവർ വ്യക്തമാക്കി.

യുകെ പോസ്റ്റ് ഓഫീസ് ഡിജിറ്റൽ ഐഡന്റിറ്റി കമ്പനിയായ യോതിയുമായുള്ള പങ്കാളിത്തത്തിലൂടെ ഓഗസ്റ്റിലാണ് ഈസിഐഡി ആരംഭിച്ചത്. 11,638 പോസ്റ്റ് ഓഫീസ് ശാഖകൾ ഉൾപ്പെടെ യുകെയിലുടനീളം 25,000 ത്തിലധികം സ്ഥലങ്ങളിൽ ഈസിഐഡി സ്വീകരിക്കുന്നുണ്ട്. പ്രവർത്തനങ്ങൾ കൂടുതൽ ഓൺലൈനിലേക്ക് നീങ്ങുകയാണ്. ആളുകൾക്ക് സ്വന്തമായി ഡിജിറ്റൽ ഐഡന്റിറ്റി നിർമ്മിച്ചുകൊണ്ട് അപ്ലിക്കേഷൻ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. സ്മാർട്ട്‌ഫോണിലൂടെ വളരെ എളുപ്പത്തിൽ സേവനങ്ങൾ നടത്താൻ സാധിക്കുമെന്നത് ഈ ആപ്പിന്റെ പ്രത്യേകതയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ:- ലോകമെമ്പാടും ക്രിപ്റ്റോകറൻസികൾ സ്ഥാനം നേടി വരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ ഇത്തരം കറൻസികൾക്ക് അനുവാദം നൽകുന്നത് സംബന്ധിച്ച് കൂടുതൽ ആലോചനകൾ നടക്കുന്നുവെന്നും അതിനുശേഷം മാത്രമേ തീരുമാനം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. സാൽവഡോറിൽ സംഭവിച്ച അവസ്ഥ ചൂണ്ടിക്കാട്ടിയാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച സാൽവഡോറിൽ ജനങ്ങളിൽ ചെറുയൊരു വിഭാഗം  അതിനെതിരെ ആദ്യം നിരത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ സാൽവഡോറിൽ ഭൂരിഭാഗം ജനങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലും ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നുവരികയാണെന്നും, റിസർവ് ബാങ്കിന്റെ അഭിപ്രായങ്ങളും ഇക്കാര്യത്തിൽ തേടുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പൂർണ്ണമായി ക്രിപ്റ്റോകറൻസികളെ തള്ളിക്കളയാനാകില്ല.


ഈ വർഷം ഡിസംബറോടുകൂടി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിക്ക് തുടക്കം കുറിക്കാൻ സാധ്യതയുണ്ടെന്ന സൂചന കഴിഞ്ഞമാസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ആർബിഐ ഇത് സംബന്ധിച്ച് വളരെയധികം ശ്രദ്ധാലുവാണെന്നും, വിവിധ പടികളിലൂടെ മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി വെർച്വൽ പ്രൈവറ്റ് കറൻസികൾ ആയ ബിറ്റ് കോയിനും മറ്റും വലിയ തോതിൽ പ്രചാരം നേടിയിരുന്നു. എന്നാൽ ഇവ ഒരു തരത്തിലും ഗവൺമെന്റുമായും ബന്ധപ്പെട്ടതല്ല. എന്നാൽ ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പൂർണ്ണ ഉത്തരവാദിത്വം സെൻട്രൽ ബാങ്കിന് ആയിരിക്കും. ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി സാമ്പത്തിക സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകം ക്രിപ്റ്റോ കറൻസികളെ ഉൾക്കൊള്ളുന്ന സാഹചര്യത്തിൽ വ്യക്തമായ നിയമനിർമ്മാണത്തിലൂടെ തീർത്തും സുരക്ഷിതമായി ക്രിപ്റ്റോ കറൻസികളെ  നടപ്പിലാക്കുവാനാണ് ഇന്ത്യ ഗവൺമെന്റും ശ്രമിക്കുന്നത്.

പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം ഈ വർഷം തന്നെ പൂർത്തിയാക്കാൻ നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് സാമ്പത്തികലേലപത്രിക സമർപ്പിച്ച് ടാറ്റ സൺസും സ്‌പൈസ് ജെറ്റ് പ്രമോട്ടറായ അജയ് സിങ്ങും രംഗത്തെത്തിയിട്ടുമുണ്ട്.

ഒന്നിലധികം ലേലപത്രിക ലഭിച്ചതായും ഇതോടെ എയർ ഇന്ത്യ സ്വകാര്യവത്കരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തികൈകാര്യവകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ അറിയിച്ചു. എയർ ഇന്ത്യയും ഉപകമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസും പൂർണമായി കൈമാറും. ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും വിറ്റഴിക്കും.

അതേസമയം, എയർ ഇന്ത്യക്കായി ലേലപത്രിക സമർപ്പിച്ചതായി ടാറ്റ സൺസ് വക്താവും സ്ഥിരീകരിച്ചു. സ്‌പൈസ് ജെറ്റ് ചെയർമാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വ്യക്തിഗതശേഷി മുൻനിർത്തിയാണ് അജയ്‌സിങ് ലേലപത്രിക സമർപ്പിച്ചിട്ടുള്ളത്. അതേസമയം, ലേലനടപടികളിൽ ടാറ്റ ഗ്രൂപ്പിനാണ് മുൻതൂക്കമെന്ന് ഈ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 15ന് വൈകീട്ട് ആറുവരെയാണ് പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.

2020 ജനുവരിയിൽ എയർ ഇന്ത്യയുടെ വിൽപ്പനനടപടികൾക്ക് തുടക്കമിട്ടെങ്കിലും കോവിഡ് മഹാമാരിയെത്തുടർന്ന് നടപടികൾ വൈകുകയായിരുന്നു. 1932ൽ ജെആർടി ടാറ്റയാണ് എയർ ഇന്ത്യക്ക് തുടക്കമിട്ടത്. 1953ൽ കമ്പനിയെ ദേശസാത്കരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക്ഹോം : ഔദ്യോഗികമായി ഡിജിറ്റൽ കറൻസി പുറത്തിറക്കി സ്വീഡൻ. വർഷങ്ങൾ നീണ്ട ഗവേഷണത്തിനും പരിശ്രമങ്ങൾക്കും ശേഷം സ്വീഡിഷ് സെൻട്രൽ ബാങ്ക് ഇക്രോണയെ ഔദ്യോഗിക നാണയമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പിന്തുണയുള്ള ഡിസെൻട്രലൈസ്ഡ് കറൻസി ഇത് ലോകത്താദ്യമാണ്. ടോക്കണുകളും കറൻസിയും ഇക്രോണയുടെ വെബ്സൈറ്റ് വഴി വാങ്ങാനും വിൽക്കാനും സാധിക്കും. ഡിജിറ്റൽ നാണയത്തിന്റെ വിപണനം, വിതരണം, സുരക്ഷിതമായ വ്യാപാരം എന്നിവ പ്രാപ്തമാക്കാൻ വെബ്സൈറ്റ് സഹായകമാകുന്നു. ജൂലൈ അവസാനം ഇക്രോണയുടെ വില 0.2 യൂറോയ്ക്ക് തുല്യമായിരുന്നു.

 

ബിറ്റ് കോയിൻ വലിയ നേട്ടമുണ്ടാക്കിയതുപോലെ ഇക്രോണയും സ്ഥിരതയുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഈ നടപടി സ്വീഡന്റെയും യൂറോപ്യൻ യൂണിയന്റെയും ധനകാര്യത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇക്രോണയിലെ നിക്ഷേപം മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ആളുകൾക്കും നേട്ടങ്ങൾ ഉണ്ടാക്കും.

 

 

ഇക്രോണ വെബ്സൈറ്റിൽ ‘രജിസ്റ്റർ നൗ’ ബട്ടൺ ക്ലിക്ക് ചെയ്താണ് ആരംഭിക്കേണ്ടത്. അടുത്തതായി, വിവരങ്ങൾ പൂരിപ്പിച്ച് അക്കൗണ്ട് തുറക്കണം. ഉടൻ തന്നെ നിങ്ങളുടെ പ്രദേശത്ത് ലഭ്യമായ ഒരു അംഗീകൃത ബ്രോക്കറിലേക്ക് നിങ്ങളെ റീഡയറക്‌ട് ചെയ്യും. ഒരു ഓട്ടോമേറ്റഡ് വെരിഫിക്കേഷൻ പരിശോധനയും ഉണ്ടാവുമെന്നത് ശ്രദ്ധിക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപം 250 ഡോളർ മാത്രമാണ്. ട്രേഡിംഗ് ഫീസുകളൊന്നുമില്ല. നിലവിലെ വിപണി സാഹചര്യങ്ങൾ നിക്ഷേപത്തിന് അനുയോജ്യമാണെന്നത് ഇക്രോണയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നു. രാജ്യത്തെ രണ്ടു പ്ലാന്റുകളിലേയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. ചെന്നൈയിലെ എന്‍ജിന്‍ നിര്‍മാണ യൂണിറ്റ് അടുത്ത വര്‍ഷം രണ്ടാംപാദത്തോടെ അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോര്‍ഡ്. 2017 ല്‍ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ വില്‍പന നിര്‍ത്തിയിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവര്‍ത്തന നഷ്ടം നേരിട്ട സാഹചര്യത്തില്‍ റീസ്ട്രക്ചറിങ്ങിനു നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് ഫോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. 1948 ലാണ് ഇന്ത്യയില്‍ ഫോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സാൻ സാൽവഡോർ : ഇന്ന് എൽ സാൽവഡോറിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദിവസമാണ്. രാജ്യത്തെ പുതിയ ബിറ്റ് കോയിൻ ടെൻഡർ നിയമം ഇന്നാണ് നടപ്പിലാകുന്നത്. വരാനിരിക്കുന്ന ബിറ്റ് കോയിൻ ടെൻഡർ നിയമം നടപ്പിലാക്കുന്നതിന് പിന്തുണയുമായി ധാരാളം പേർ 30 ഡോളറിന്റെ ബിറ്റ് കോയിൻ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്. സാൽവദോറൻ പ്രസിഡന്റ് നായിബ് ബുക്കെലെ സർക്കാർ വാലറ്റുള്ള എല്ലാ സാൽവദോറൻ പൗരന്മാർക്കും 30 ഡോളർ സൗജന്യ ബിറ്റ് കോയിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ന് ലോകം മുഴുവൻ ഈ ചെറിയ ലാറ്റിൻ അമേരിക്കൻ രാജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കാരണം ബിറ്റ് കോയിൻ നിയമപരമായ ടെൻഡർ ആയതിനുശേഷം എന്ത് സംഭവിക്കുമെന്ന് അറിയാൻ ആളുകൾക്ക് താല്പര്യമുണ്ട്.

സർക്കാർ പിന്തുണയുള്ള ഡിജിറ്റൽ കറൻസി വാലറ്റ് ഉള്ള ആർക്കും 30 ഡോളർ സൗജന്യ ബിറ്റ് കോയിൻ ലഭിക്കുമെന്ന് ജൂൺ 25 ന് സാൽവദോറൻ പ്രസിഡന്റ് പറഞ്ഞിരുന്നു. “ഇത് ചിവോ ആപ്പിനുള്ളിലായിരിക്കും. സമ്പദ്‌വ്യവസ്ഥയിലെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ആളുകൾക്ക് പ്രോത്സാഹനം നൽകുന്നതിനും തുല്യമായ 30 ഡോളർ ഞങ്ങൾ ബിറ്റ് കോയിനിൽ നിക്ഷേപിക്കും.” അദ്ദേഹം അറിയിച്ചു. 30 ഡോളറിന്റെ ബിറ്റ് കോയിൻ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ബിറ്റ് കോയിൻ അനുകൂലികൾ പ്രചാരണം നടത്തുന്നുണ്ട്. ഫേസ്ബുക്ക്‌, ട്വിറ്റർ, റെഡിറ്റ് തുടങ്ങിയവയിൽ #30for30, #buybtctuesday, #7septemberbuybtc എന്നീ ഹാഷ്ടാഗുകൾ ട്രെൻഡിങ്ങിൽ എത്തി.

മൈക്രോസ്ട്രാറ്റജിയുടെ സിഇഒ മൈക്കൽ സെയ്‌ലർ സെപ്റ്റംബർ 7 ന് 30 ഡോളർ വിലയുള്ള ബിറ്റ് കോയിൻ വാങ്ങുന്നതിനെക്കുറിച്ച് എഴുതി. “സെപ്റ്റംബർ 7 ന്, എൽ സാൽവഡോർ ഔദ്യോഗികമായി തന്നെ ബിറ്റ് കോയിനെ അതിന്റെ ദേശീയ കറൻസിയായ യുഎസ് ഡോളറിനൊപ്പം ഉപയോഗിക്കാൻ തുടങ്ങും.” സെയ്‌ലർ ട്വീറ്റ് ചെയ്തു. ഇത് വിലയെ ബാധിക്കുന്ന കാര്യമല്ല. “ഒരു ചരിത്രനിമിഷം തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുക എന്നതാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്യൂണസ് അയേഴ്സ് : ശമ്പളം ക്രിപ്റ്റോകറൻസിയിൽ സ്വീകരിക്കാൻ തൊഴിലാളികളെ പ്രാപ്തരാക്കുന്ന ബിൽ മുന്നോട്ട് കൊണ്ടുവന്ന് അർജന്റീന. തൊഴിലാളികൾക്ക് ബിറ്റ് കോയിനിൽ ശമ്പളം ലഭിക്കാൻ അനുവദിക്കുന്ന ബിൽ അവതരിപ്പിച്ചതായി മെൻഡോസ പ്രവിശ്യയിലെ അർജന്റീനയുടെ ദേശീയ ഡെപ്യൂട്ടി ജോസ് ലൂയിസ് റാമൻ. തൊഴിലാളികൾക്ക് അവരുടെ ശമ്പളം പൂർണ്ണമായോ ഭാഗികമായോ ക്രിപ്റ്റോകറൻസികളിൽ ലഭിക്കുന്നതിനായി താൻ ഒരു ബിൽ അവതരിപ്പിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്വയമേ ശക്തിപ്പെടാനും പ്രതിഫലം സംരക്ഷിക്കാനും തൊഴിലാളികളെ ഇത് പ്രാപ്തരാക്കുമെന്ന് റാമൻ കൂട്ടിച്ചേർത്തു. ഉപയോക്താകൾക്ക് നൽകുന്ന ഗുണങ്ങൾ കാരണം ക്രിപ്‌റ്റോകറൻസികൾ വളരെക്കാലമായി ഉപയോഗിച്ചുവരുന്നുവെന്ന് അർജന്റീനിയൻ നിയമനിർമ്മാതാവ് പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നോളജ് ഇക്കണോമി ഫോറത്തിൽ പങ്കെടുത്തതിൽ നിന്നാണ് ഈ പ്രോജക്റ്റിന്റെ പിറവിയെന്ന് ഡെപ്യൂട്ടി അഭിപ്രായപ്പെട്ടു. അർജന്റീനയിൽ ക്രിപ്‌റ്റോകറൻസിയുടെ വളർച്ച ദിനംപ്രതി വർധിച്ചുവരികയാണ്. അർജന്റീനക്കാർക്ക് ബിറ്റ് കോയിൻ, ഈതർ, സ്റ്റേബിൾകോയിനുകൾ എന്നിവയിൽ കൂടുതൽ താൽപ്പര്യമുണ്ടെന്ന് മെയ്‌ മാസത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ പ്ലാറ്റ് ഫോമുകൾ സ്വീകരിക്കുന്നതിനെ കോവിഡ് ത്വരിതപ്പെടുത്തുകയുണ്ടായി. “ഇന്ന് അർജന്റീനയിൽ ഞങ്ങൾക്ക് 10 ലക്ഷം ഉപയോക്താക്കളുണ്ട്. 2020 ന്റെ തുടക്കത്തിൽ ഞങ്ങൾക്ക് 4 ലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഇത് മാസം തോറും വളരുന്ന ഒരു കണക്കാണ്.” റിപ്പിയോ ഡയറക്ടർ ജുവാൻ ജോസ് മാൻഡെസ് വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം അർജന്റീനയിൽ നടത്തിയ സർവേയിൽ പങ്കെടുത്തത്തിൽ 73.4% പേരുടെയും അഭിപ്രായം ഇതായിരുന്നു. “നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം പണം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ക്രിപ്‌റ്റോകറൻസികൾ ആണ്.” ക്രിപ്‌റ്റോകറൻസികൾ വളരുകയാണെന്നും അത് ലോക രാജ്യങ്ങളിൽ എല്ലാം തന്നെ സ്വീകാര്യത നേടുകയാണെന്നതിനുമുള്ള തെളിവാണ് ഈ ബിൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ഡിജിറ്റൽ കറൻസി ഘട്ടംഘട്ടമായി അവതരിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പ്രവർത്തിക്കുന്നുണ്ടെന്നും സമീപ ഭാവിയിൽ മൊത്ത, റീട്ടെയിൽ വിഭാഗങ്ങളിൽ ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ അറിയിച്ചു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സി‌ബി‌ഡി‌സികൾ‌) അവതരിപ്പിക്കുന്നതിന്റെ ഗുണദോഷങ്ങൾ‌ ആർ‌ബി‌ഐ കുറച്ചുകാലമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വിശദമാക്കി. ഒരു സെൻ‌ട്രൽ ബാങ്ക് ഡിജിറ്റൽ രൂപത്തിൽ നൽ‌കുന്ന നിയമപരമായ ടെണ്ടറാണ് സിബിഡിസി. ഇത് ഒരു ഫിയറ്റ് കറൻസിക്ക് തുല്യമാണ്. ഫിയറ്റ് കറൻസി ഉപയോഗിച്ച് പരസ്പരം കൈമാറ്റങ്ങൾ നടത്താവുന്നതാണ്. മൊത്ത, റീട്ടെയിൽ വിഭാഗങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി നിരവധി രാജ്യങ്ങൾ സിബിഡിസി നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിധി സെന്റർ ഫോർ ലീഗൽ പോളിസി സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിലൂടെ ആളുകൾ പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് എന്നിവയാണ് പ്രധാന നേട്ടങ്ങൾ. കൂടുതൽ കരുത്തുറ്റതും കാര്യക്ഷമവും വിശ്വസനീയവും നിയന്ത്രിതവും നിയമപരവുമായ പണമിടപാട് നടത്താൻ ഡിജിറ്റൽ കറൻസി സഹായിക്കും. ഇത് ശ്രദ്ധാപൂർവം ഉപയോഗിക്കണം” ശങ്കർ പറഞ്ഞു.

ഒറ്റഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് ബാങ്കിങ് രംഗത്തെയും പണ വ്യവസ്ഥയെയും തിരിച്ചടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിജിറ്റൽ കറൻസിയുടെ ഭാവി, ടെക്നോളജി തുടങ്ങി വിവിധ കാര്യങ്ങൾ റിസർവ് ബാങ്ക് പരിശോധിക്കുന്നുണ്ടെന്നും ശങ്കർ വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പുരോഗതി കൈവരിക്കുകയെന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

RECENT POSTS
Copyright © . All rights reserved