കൊച്ചി : സ്മാർട് ഫോണുകളിൽ വിപ്ലവം സൃഷ്ടിക്കാൻ വൊഡാഫോൺ സിം കാർഡുകൾ ക്രിപ്റ്റോ കറൻസി വോലറ്റുകളുമായി ബന്ധിപ്പിക്കാൻ നീക്കം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് പല രാജ്യങ്ങളിലും നടപ്പിലാക്കാനാണ് തീരുമാനം. യുവ ജനത കൂടുതലായി ക്രിപ്റ്റോ വോലറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ കമ്പനികൾക്ക് അവരുടെ സേവനങ്ങൾ ക്രിപ്റ്റോ വോലറ്റുകളുമായി ബന്ധിപ്പിക്കേണ്ട അവസ്ഥ വന്നെത്തി എന്നാണ് ഈ ഒരു നീക്കം സൂചിപ്പിക്കുന്നത്.
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പല മേഖലകളിലേക്കും എത്തുന്ന കാര്യവും വൊഡാഫോണിന്റെ ഈ ഒരു സംരംഭത്തിൽ കാണാം. ആഗോളതലത്തിൽ തന്നെ 2030 ആകുമ്പോഴേക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവായിരിക്കും ഉണ്ടാകുക. അതുകൊണ്ട് സിം കാർഡുകളെ ഡിജിറ്റൽ ഐഡന്റിറ്റികളായും, ബ്ലോക്ക് ചെയിൻ നെറ്റ് വർക്കുകളായും ബന്ധിപ്പിച്ചാൽ തട്ടിപ്പുകൾക്ക് തടയിടാൻ സാധിക്കും എന്നൊരു മെച്ചം കൂടിയുണ്ടാകും.
 
	 
		

 
                     
                     
                    

 
                     
                     
                     
                     
                    
 
                    
 
                    




