Business

ലണ്ടൻ : ജൂലൈ മാസത്തോടെ ക്രിപ്റ്റോ കറൻസികൾക്കും, സ്റ്റേബിൾകോയിനുകൾക്കുമായി നിയമ നിർമ്മാണം നടപ്പിലാക്കികൊണ്ട് യുകെയിലെ ക്രിപ്‌റ്റോ മേഖലയെ നവീകരിക്കുമെന്ന് സാമ്പത്തിക സെക്രട്ടറി ബിം അഫോലാമിന്റെ വെളിപ്പെടുത്തൽ. ഡിജിറ്റൽ അസറ്റുകളിലും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലുമുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

പേയ്‌മെൻ്റ്  സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ ആസ്തികൾക്കും, ബ്ലോക്ക്‌ചെയിനുകൾക്കും റെഗുലേറ്ററി വ്യക്തത നൽകുന്നതിനുമാണ് സർക്കാരിൻ്റെ മുൻഗണനയെന്ന് യുകെ ട്രഷറിയിലെ സാമ്പത്തിക സെക്രട്ടറി ബിം അഫോലാമി പറഞ്ഞു.

 

2024-ലെ ഇന്നൊവേറ്റിവ് ഫിനാൻസ് ഗ്ലോബൽ സമ്മിറ്റിൽ (IFGS) സംസാരിക്കവെ, രാജ്യത്തിൻ്റെ പേയ്‌മെൻ്റ് ലാൻഡ്‌സ്‌കേപ്പ് നവീകരിക്കുന്നതിന് അടിത്തറയിടണമെന്നും, ആഗോള തലത്തിൽ ക്രിപ്റ്റോ വ്യവസായത്തിൽ മത്സരാധിഷ്ഠിതമായി തുടരുന്നതിന് മറ്റ് രാജ്യങ്ങളെപ്പോലെ വേഗത്തിൽ ക്രിപ്‌റ്റോ കറൻസി നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവും ബിം അഫോലാമി എടുത്തു പറഞ്ഞു. 

ഈ മേഖലയിലെ മാറ്റത്തിനായി ഫിൻടെക്ക് ലോകത്തെ നേതാവെന്ന നിലയിൽ നമ്മൾ ക്രിപ്‌റ്റോ അസറ്റുകൾക്കും സ്റ്റേബിൾ കോയിനുകൾക്കുമായി ഒരു റെഗുലേറ്ററി ഭരണകൂടം തന്നെയാണ് അവതരിപ്പിക്കുന്നതെന്നും ഇതിലൂടെ ഉപഭോക്താക്കളെ സംരക്ഷിച്ചുകൊണ്ട് കമ്പനികളെ നവീകരിക്കുക എന്നതാണ് ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ വീക്ഷണമെന്നും അഫോലാമി വ്യക്തമാക്കി.

ഈ നിയമ നിർമ്മാണം നടപ്പിലായി കഴിഞ്ഞാൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ നടക്കുന്ന ട്രേഡിങ്ങ് , ക്രിപ്റ്റോ കസ്റ്റഡി സർവീസ്സസ് മുതലായ എല്ലാ പ്രവർത്തനങ്ങളെയും ക്രിപ്റ്റോ കറൻസി റെഗുലേറ്ററിന്റെ പരിധിയിൽ കൊണ്ടുവരുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെൽഹി : രാജ്യത്തെ പത്തിൽ ഒരു വനിത ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നതായി പഠനം. ഫോറിൻ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ഫൊറെക്സിന്റെ ഡാറ്റ പ്രകാരമുള്ള വിവരങ്ങളാണിത്.
ഇന്ത്യയിലെ വനിതകളിൽ ഏകദേശം 1/10 പേർ ക്രിപ്റ്റോ കറൻസി സ്വന്തമാക്കിയിരിക്കുന്നതായി പഠനം. ഇന്ത്യയിൽ 63 മില്യൺ സ്ത്രീകളാണ് ക്രിപ്റ്റോ കൈവശം വെച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളുടെ ആകെ എണ്ണം ഏകദേശം 685 മില്യണാണ്. അതായത് 9.2% സ്ത്രീകൾക്ക് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ട്. ഫോറിൻ എക്സ്ചേഞ്ച് എജ്യുക്കേഷൻ പ്ലാറ്റ്ഫോമായ ഫൊറെക്സ് ഡാറ്റ പ്രകാരമുള്ള വിവരങ്ങളാണിത്. ആഗോള തലത്തിൽ ഇത്തരത്തിൽ ഇത് മൂന്നാമത്തെ വലിയ പങ്കാളിത്തമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ക്രിപ്റ്റോ നിക്ഷേപമുള്ള രാജ്യം വിയറ്റ്നാമാണ്. വിയറ്റ്നാമിലെ ആകെയുള്ള സ്ത്രീകളുടെ 24% പേരും ക്രിപ്റ്റോ നിക്ഷേപം നടത്തിയിരിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീൻസിലെ ആകെ വനിതകളിൽ 9.6% ആളുകൾക്ക് ക്രിപ്റ്റോ ഹോൾഡിങ്ങുണ്ട്. ഇവിടെ ആകെ 5.5 മില്യൺ സ്ത്രീകളാണ് ക്രിപ്റ്റോയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

വിയറ്റ്നാമിലെ ക്രിപ്റ്റോ നിക്ഷേപത്തിൽ ഇരട്ടയക്കത്തിലാണ് പുരുഷൻമാരുടെയും, സ്ത്രീകളുടെയും എണ്ണത്തിന്റെ കണക്കുകൾ. ഇവിടെ പുരുഷൻമാരും, സ്ത്രീകളും തമ്മിൽ ക്രിപ്റ്റോ നിക്ഷേപത്തിൽ 6% വ്യത്യാസം മാത്രമാണുള്ളത്. പ്രാദേശികമായ സംസ്കാരം, ഡിജിറ്റൽ കറൻസിയിൽ സ്ത്രീകൾക്കുള്ള നിക്ഷേപത്തെ പിന്തുണയ്ക്കുന്നതായി പഠനം വ്യക്തമാക്കുന്നു. ഇൻഡോനേഷ്യയിൽ 57% പുരുഷൻമാരും, 43% സ്ത്രീകളും ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നു. ഇത്തരത്തിൽ 14 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.

കെനിയ, കൊളംബിയ എന്നീ രാജ്യങ്ങളാണ് സ്ത്രീകളുടെ ക്രിപ്റ്റോ നിക്ഷേപത്തിൽ 42% പങ്കാളിത്തവുമായി മൂന്നാം സ്ഥാനത്തുള്ളത്. സ്ത്രീകളുടെ ക്രിപ്റ്റോ നിക്ഷേപകത്തിൽ ഇന്ത്യയുടേത് എട്ടാം സ്ഥാനമാണ്. രാജ്യത്ത് 60% പുരുഷൻമാർക്കും, 40% സ്ത്രീകൾക്കുമാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുള്ളത്.

വികേന്ദ്രീകൃതമായ ഡിജിറ്റൽ കറൻസിയുടെ ഒരു രൂപമാണ് ക്രിപ്റ്റോ കറൻസികൾ. ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ ഒരു ‍ഡീസെൻട്രലൈസ്ഡ് ബ്ലോക്ക് ചെയിൻ നെറ്റ് വർക്കിലാണ് സ്റ്റോർ ചെയ്തു സൂക്ഷിക്കുന്നത്. വിനിമയങ്ങൾ നടക്കുന്നതും, അനുവദിക്കുന്നതും, ഒരു പബ്ലിക് ലെഡ്ജറിൽ റെക്കോർഡ് ചെയ്യുന്നതും ഇതിലൂടെയാണ്. ഇവിടെ ഒരു തേർഡ് പാർട്ടിയുടെ ഇടപെടൽ അല്ലെങ്കിൽ കേന്ദ്ര അതോറിറ്റിയുടെ മോണിറ്ററിങ് ഇല്ല.

ലണ്ടൻ : ബിറ്റ് കോയിൻ ചരിത്രത്തിലെ പുതിയ ഉയരത്തിലെത്തിയത് കഴിഞ്ഞ ആഴ്ചകളിലായിരുന്നു. 70000 ഡോളർ എന്ന പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. നിലവിൽ ക്രിപ്റ്റോ വിപണികളിലെ ബുൾ റാലിക്ക് നിരവധി കാരണങ്ങളുണ്ട്. അസ്ഥിരമായ വിപണി സാഹചര്യങ്ങൾക്കിടെയാണ് ചരിത്രത്തിലെ പുതിയ ഉയരത്തിലേക്ക് ബിറ്റ് കോയിൻ എത്തിയത്. ഇത്തരത്തിൽ ആദ്യമായി 70,000 ഡോളർ നിലവാരത്തിലേക്കാണ് എത്തിയത്. ക്രിപ്റ്റോ വിപണികളിൽ നിലവിലുണ്ടാകുന്ന ബുൾറാലിക്ക് കരുത്തു പകരുന്ന ഉയർച്ചയാണ് ബിറ്റ് കോയിൻ നേടിയിരിക്കുന്നത്.

പുതിയ യുഎസ് സ്പോട്ട് എക്സ്ചേഞ്ചിൽ ക്രിപ്റ്റോ പ്രൊഡക്ടുകൾക്ക് നിക്ഷേപകരുടെയിടയിൽ ഡിമാൻഡ് വർധിച്ചതും, ആഗോള പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷയുമാണ് ക്രിപ്റ്റോ വിപണികൾക്ക് നിലവിൽ കരുത്തേകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഇടിഎഫുകളിലേക്ക് ബില്യൺ കണക്കിന് ഡോളറുകളാണ് പ്രവഹിക്കുന്നത്. Ethereum ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോം അപ്ഗ്രേഡ്, ബിറ്റ് കോയിൻ ‘Halving event’, തുടങ്ങിയവയെല്ലാം ക്രിപ്റ്റോ വിപണികൾക്ക് കരുത്തേകുന്ന ഘടകങ്ങളായി മാറി.

യുഎസ് സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് കമ്മീഷൻ, 11 സ്പോട്ട് ബിറ്റ് കോയിൻ ഇടിഎഫുകൾക്ക് അംഗീകാരം നൽകിയത് കഴിഞ്ഞ ജനുവരി അവസാനത്തോടെയായിരുന്നു. അതിനു മുമ്പത്തെ 18 മാസങ്ങളിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്ന ക്രിപ്റ്റോ വിപണികൾക്ക് ഇത് സമ്മാനിച്ച ഊർജ്ജം ചെറുതല്ല.

ക്രിപ്റ്റോ കറൻസികളുടെ വളർച്ചയിൽ സംശയം പ്രകടിപ്പിച്ചു നിന്നിരുന്ന ചില ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റർമാർ ഇപ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ ക്രിപ്റ്റോ നിക്ഷേപം നടത്തുന്നു. ഇതും ഇപ്പോഴത്തെ വിപണി റാലിക്ക് ഒരു കാരണമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ബിറ്റ് കോയിനിൽ നിലവിലുണ്ടായിരിക്കുന്ന ശുഭപ്രതീക്ഷ, Ether അടക്കമുള്ള മറ്റ് ഡിജിറ്റൽ ടോക്കണുകൾക്കും നേട്ടമായി മാറി. ആകെ വിപണി മൂല്യത്തിൽ ബിറ്റ് കോയിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് Ether. ഈ വർഷം തുടക്കത്തിൽ 60 ശതമാനത്തിലധികമായിരുന്നു വിപണി പങ്കാളിത്തം.

തുടർച്ചയായ 5-ാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് . നിലവിലെ പലിശ നിരക്കായ 5.25 % എന്നത് കുറയ്ക്കാനുള്ള സമയമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. ഇപ്പോൾ പലിശ നിരക്ക് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.

ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ 8 പേരും പലിശ നിരക്കുകൾ മാറ്റരുതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒരാൾ മാത്രം പലിശ നിരക്കുകൾ കുറയ്ക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തി . ഉപഭോക്ത വിലകൾ വർദ്ധിക്കുന്നതിന്റെ വേഗത കുറയുന്നതിനാണ് ബാങ്ക് പലിശ നിരക്കുകൾ ഉയർന്ന തലത്തിൽ നിലനിർത്തണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞദിവസം യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ പണപ്പെരുപ്പം. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുമോ എന്നത് രാജ്യമൊട്ടാകെ എല്ലാവരും ഉറ്റു നോക്കുകയായിരുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ കൂടുതൽ പ്രോത്സാഹജനകമായ സൂചനകൾ താൻ കണ്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വേനൽക്കാലത്ത് പണപ്പെരുപ്പം 2% താഴെ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷവും ചെങ്കടലിലെ ചരക്കുകൾ ഗതാഗതത്തിൽ ഉണ്ടാകുന്ന തടസ്സവും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം എന്ന വസ്തുത നിലവിലുണ്ട്. ഇപ്പോൾ പലിശ നിരക്ക് കുറയ്ക്കാൻ പറ്റുന്ന സാഹചര്യത്തിലല്ലെന്നും എന്നാൽ കാര്യങ്ങൾ ശരിയായ ദിശയിലാണ് പോകുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ പണപ്പെരുപ്പം. കഴിഞ്ഞ മാസം മാറ്റമില്ലാതെ തുടർന്ന വിലക്കയറ്റത്തിന്റെ തോത് ഈ മാസമാണ് കുറയാൻ തുടങ്ങിയത്.

കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ജനുവരി 4 ശതമാനമായിരുന്നു. ഇത് കുറയുന്നത് പ്രധാനമന്ത്രി ഋഷി സുനകിന് ആശ്വാസം നൽകുന്ന വാർത്തയാണ്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ അദ്ദേഹം നടത്തിയ പ്രധാന വാഗ്ദാനമായിരുന്നു പണപെരുപ്പ നിരക്ക് കുറയ്ക്കുമെന്ന്. ഓഫീസ് ഫോര്‍ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ ( ഒ എൻഎസ്) പ്രവചനം പണപ്പെരുപ്പ നിരക്ക് 3.5 ശതമാനമായി കുറയുമെന്നതായിരുന്നു. കഴിഞ്ഞ വർഷം മുതൽ പ്രകൃതി വാതകത്തിന്റെ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവും ഭക്ഷ്യ വില കയറ്റത്തിന്റെ തോത് കുറഞ്ഞതും മൂലം പണപ്പെരുപ്പം ഇനിയും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പണപെരുപ്പ നിരക്ക് 10 ശതമാനമായിരുന്നു. 2022 ഒക്ടോബറിൽ 11. 1% വരെ പണപ്പെരുപ്പ നിരക്ക് ഉയർന്നിരുന്നു. ഉയർന്ന തോതിൽ നിന്ന് പണപ്പെരുപ്പം കുറയുന്നത് ഭരണപക്ഷത്തിന് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല. പണപ്പെരുപ്പ നിരക്ക് കുറയുന്നു എന്നതിന്റെ അർത്ഥം വിലകൾ കുറയുന്നു എന്നല്ല മറിച്ച് വിലകൾ ഉയരുന്നത് സാവധാനത്തിലാണ് എന്നതാണ്. പണപ്പെരുപ്പ നിരക്ക് കുറയുന്നത് യുകെ മലയാളികൾക്ക് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല. ജീവിത ചിലവ് വർദ്ധനവിനും പണപെരുപ്പ നിരക്ക് ഉയർന്നതു മൂലം കടുത്ത ദുരിതത്തിലൂടെ ആയിരുന്നു കഴിഞ്ഞ വർഷങ്ങളിൽ യുകെ മലയാളികൾ കടന്നു പൊയ്ക്കൊണ്ടിരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതോടെ കൂടുതൽ ആളുകൾ വീടു വാങ്ങുന്നതിന് ആരംഭിച്ചതോടെ യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വൻ കുതിച്ചു കയറ്റം ആണ് ഉണ്ടായത്. ഭവന വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന പല യുകെ മലയാളികളും വില കയറ്റത്തിൽ ഞെട്ടിയിരിക്കുകയാണ്. പത്ത് മാസത്തിലെ ഏറ്റവും വലിയ വിലവർദ്ധനവിനാണ് പ്രോപ്പർട്ടി മാർക്കറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

വീടുകളുടെ വിലയിൽ ഏകദേശം 1.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി ഭവന വില 5279 പൗണ്ട് വർദ്ധിച്ച് 370,000 പൗണ്ട് ആയി ഉയർന്നു. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവിൻ്റെ കണക്കുകൾ അനുസരിച്ച് വീടുകൾ വാങ്ങാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഭവന വില കുതിച്ചുയരാനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.

പ്രോപ്പർട്ടി മാർക്കറ്റിൽ മുതൽ മുടക്കിയവരെ സംബന്ധിച്ചിടത്തോളം ഭവന വില ഉയർന്നത് ഗുണകരമായ കാര്യമാണ്. എന്നാൽ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലെ വില താങ്ങാനാവാത്തതാണെന്ന് പലരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പലിശ നിരക്കുകൾ ഇനിയും ഉയരുകയാണെങ്കിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുകയും ഒരുപക്ഷേ ഭവന വില കുറയാനും കാരണമായേക്കും. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് കൂടുതൽ ആളുകൾ ഭവന വിപണിയിൽ മുതൽ മുടക്കിയാൽ വീടുകളുടെ വില വീണ്ടും ഉയരും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കൊച്ചി : എ ആർ റഹ്‌മാൻ ആൽബത്തിന്റെ 360 വെർച്ച്വൽ റിയാലിറ്റിയുമായി ആടു ജീവിതത്തിലെ ഹോപ്പ് സോങ്ങ് – മേക്കിങ് വീഡിയോ . ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ഓസ്കാർ ജേതാവ് എ.ആർ റഹ്‌മാനാണ് ഈ ആൽബം സംഗീതം ചെയ്തിരിക്കുന്നത്. അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്. ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഈ ആൽബത്തിന്റ ചിത്രീകരണ രംഗങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി ഇത്തരം ഒരു നവ്യാനുഭവം ഒരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സുഭാഷ് മാനുവൽ പറഞ്ഞു. കലാമൂല്യവും സാങ്കേതിക തികവും ചേർന്ന ഒരു മനോഹരമായ കലാസൃഷ്‌ടിയാണ് ഈ ഹോപ്പ് സോങ്ങ്. സംഗീത അനുഭവത്തേക്കാളുപരി പേര് സൂചിപ്പിക്കും പോലെ പ്രതീക്ഷയുടെയും ലോകസമാധാനത്തിന്റെയും അടയാളപ്പെടുത്തലാണ് ഈ ആൽബം. അഞ്ച് ഭാഷകളുടെ സമ്മിശ്രം കൂടിയാണ് ഈ മനോഹരമായ ഗാനം.

വിനോദവും കലാമൂല്യവും സാങ്കേതികതികവും വൈകാരികവുമായ ഒരു തലമാണ് ഇന്ത്യൻ ആസ്വാദകർ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിർച്വൽ റിയാലിറ്റി ആൽബത്തിലൂടെ ഒരുക്കുന്നത്. സാംസ്കാരിക വൈവിധ്യവും ജീവിത യാഥാർത്ഥ്യങ്ങളും സിനിമയുടെ പ്രതീതി നിലനിർത്തി ആഗോള പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും സന്ദേശമാണ് ആൽബം നൽകുന്നത്. കഥ പറച്ചിലിലെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ ആൽബത്തിലൂടെ അവതരിപ്പിക്കുന്നു.

കൊച്ചി : ബ്ലെസി – പൃഥ്വിരാജ് – എ ആർ റഹ്‌മാൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ സിനിമയായ ആടുജീവിതത്തിൽ ഓസ്‌ക്കാർ ജേതാവ് ശ്രീ:എ.ആര്‍.റഹ്‌മാന്‍ ആലപിച്ച ഹോപ്പ് സോങ്ങിന് ഡി എൻ എഫ് റ്റി പുറത്തിറക്കി ടെക് ബാങ്ക് മൂവീസ് ലണ്ടൻ. ഓസ്‌കാര്‍ ജേതാവായ ശ്രീ: എ ആർ റഹ്‌മാനും ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ട്റുമായ ശ്രീ: സുഭാഷ് ജോർജ്ജ് മാനുവലും ചേർന്നാണ് ഈ ചിത്രത്തിന്റെ ആദ്യ ഡി എൻ എഫ് റ്റി മിന്റ് ചെയ്തത്. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ബ്ലസിക്കും , നായകൻ പൃഥ്വിരാജിനും , സംഗീത സംവിധായകനായ ശ്രീ: എ ആർ റഹ്‌മാനും, ശ്രീ: മോഹൻലാലും, സുഭാഷ് ജോർജ്ജ് മാനുവലും ചേർന്ന് ഡി എൻ എഫ് റ്റി മൊമന്റോ നൽകി ആദരിച്ചു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്കായി ഈ മാസം 28-നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്.

ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രീ: എ.ആര്‍. റഹ്‌മാനാണ്. ഹോപ് എന്ന  ​ഗാനമാണ് ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷ എന്ന ആശയമാണ് ഈ ​ഗാനം പങ്കുവെയ്ക്കുന്നത്. ശ്രീ: എ.ആർ. റഹ്മാൻ തന്നെയാണ് ​ഈ ഗാനരം​ഗത്തിൽ അഭിനയിക്കുന്നതും. അവതരണമികവുകൊണ്ടും ആസ്വാദന ഭംഗികൊണ്ടും ജനശ്രദ്ധ നേടിയ ഈ ഹോപ്പ് സോങ്ങ് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ശ്രീ: എ ആർ റഹ്‌മാൻ തന്റെ ശബ്ദത്തിൽ അഞ്ച് ഭാഷകളിൽ ആലപിച്ച ഈ ഹോപ്പ് സോങ്ങിനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടൻ ഡി എൻ എഫ് റ്റി പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആയി മറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

 

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും , ഏഴ് വര്‍ഷത്തോളം നീണ്ട ഷൂട്ടിങ്ങിനും ശേഷം റിലീസിനൊരുങ്ങുന്ന ആടുജീവിതം നിർമ്മിക്കുന്നത് വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ്‌. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങുന്നതായിരിക്കും .

കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടിയുടെ ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി മമ്മൂട്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് ജോർജ്ജ് മാനുവലിന് മമ്മൂട്ടി ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് ജോർജ്ജ് മാനുവല്‍ പറഞ്ഞു.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിനാണ് ലോകത്ത് ആദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.

ഇന്ത്യയുടെ ഓസ്‌കാര്‍ ഒഫീഷ്യല്‍ എന്‍ട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകര്‍പ്പവകാശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ ഡിഎന്‍എഫ്ടി അവകാശം കൂടി നേടാനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ നീക്കം.

ദുബായ് : ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് പ്രോപ്പർട്ടികൾ വാങ്ങുവാനും വിൽക്കുവാനും , ഹോട്ടലുകൾ ബുക്ക് ചെയ്യുവാനും , ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കുവാനും കഴിയുന്ന നിലയിലേക്ക് ദുബായിലെ ക്രിപ്റ്റോ കറൻസി വ്യവസായം പുരോഗമിക്കുകയാണ്. ദിർഹത്തിനും , ഡോളറിനും പകരം ക്രിപ്‌റ്റോ കറൻസികൾ നൽകികൊണ്ട് പ്രോപ്പർട്ടിക്കുള്ള പേയ്‌മെൻ്റ് രീതി സ്വീകരിക്കുക എന്ന ആശയം ദുബായ് സ്വീകരിക്കാൻ തുടങ്ങിയത് 2018 മുതലായിരുന്നു. നിലവിൽ, യുഎഇയിലെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അംഗീകൃത റിയൽ എസ്റ്റേറ്റ് ഏജൻസികൾ വഴി പല ക്രിപ്റ്റോ കറൻസികൾ നൽകി വീടുകൾ, വില്ലകൾ, അപ്പാർട്ടുമെൻ്റുകൾ, കെട്ടിടങ്ങൾ എന്നിവ വാങ്ങാവുന്നതാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒരു മികച്ച ബിസിനസ്സ് ഡെസ്റ്റിനേഷനാണ്. ലോകത്തെ ഏതൊരു സാങ്കേതിക വിദ്യയേയും ആദ്യം ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് UAE . അതുകൊണ്ട് തന്നെയാണ് മറ്റ് ഏത് ഗൾഫ് രാജ്യങ്ങളെക്കാളും വലിയ രീതിയിൽ വളർച്ച നേടാൻ UAE യ്ക്ക് കഴിഞ്ഞത്. ഇന്ന് മറ്റ് എല്ലാ ഗൾഫ് രാജ്യങ്ങളും UAE യെ മാത്യകയാക്കി വളരാനാണ് ശ്രമിക്കുന്നത്.

അതുകൊണ്ട് തന്നെ ലോകത്തെ മാറ്റി മറിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയ്നിനെയും, ക്രിപ്റ്റോ കറൻസികളെയും, WEB 3 യെയും , ആർട്ടിഫിഷ്യൽ ഇന്റലിജന്സിനെയും , ഡിസെൻട്രലൈസ്ഡ് ഫൈനാൻസിനെയും ഒക്കെ പൂർണ്ണമായും ഉപയോഗപ്പെടുത്തി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ഹബ്ബായി UAE മാറി കഴിഞ്ഞു.

ക്രിപ്റ്റോ കറൻസി മേഖലയിലെ വളർച്ച ഉപയോഗപ്പെടുത്തി നിരവധി അന്താരാഷ്ട്ര കമ്പനികളാണ് UAE യിൽ  ബിസിനസ്സുകൾ നടത്തുന്നത്. ഗൾഫ് മേഖലയിൽ ക്രിപ്റ്റോ കറൻസി റെഗുലേഷൻ ആദ്യമായി നടപ്പിലാക്കിയ രാജ്യം എന്ന നിലയിൽ നിയമപരമായ എല്ലാ സഹായങ്ങളും , സുരക്ഷയും UAE ഗവൺമെന്റ് ഈ വ്യവസായത്തിന് നൽകുന്നുമുണ്ട് .

ഇതിനോടകം ഓൺലൈനിലും ഓഫ് ലൈനിലുമായി അനേകം ഗവണ്മെന്റ് അംഗീകൃത ക്രിപ്റ്റോ എക്സ്ചേഞ്ചുകളാണ് യുഎയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബാങ്കുകളിൽ നേരിട്ട് പോയി ഇടപാടുകൾ നടത്തുന്നതുപോലെ വിവിധ ബ്രാഞ്ചുകളിൽ നേരിട്ട് ചെന്ന് ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും വിൽക്കുവാനും എക്സ്ചേഞ്ച് ചെയ്യുവാനും ഒക്കെ ഇന്ന് UAE ൽ അവസരമുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ക്രിപ്‌റ്റോ കറൻസികൾക്ക് UAE ൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാത്തരം ബിസ്സിനസ്സുകളിലേയ്ക്കും ക്രിപ്റ്റോ കറൻസികളുടെ കടന്നു വരവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.പല രാജ്യങ്ങളും അവരുടെ നിലവിലുള്ള കറൻസികൾക്കൊപ്പം ക്രിപ്റ്റോ കറൻസികളെ ഔദ്യോഗിക കറൻസികളായി അംഗീകരിക്കാൻ ചർച്ചകൾ നടത്തുന്നതുകൊണ്ടും , എല്ലാ രാജ്യങ്ങളും ക്രിപ്റ്റോ റെഗുലേഷൻസ് നടത്താൻ തയ്യാറെടുക്കുന്നതുകൊണ്ടും അടുത്ത രണ്ട് വർഷങ്ങളിൽ പത്തിരട്ടിയായി ക്രിപ്റ്റോ വ്യവസായം വളരുമെന്നാണ് UAE പ്രതീക്ഷിക്കുന്നത്.

ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇന്ന് ക്രിപ്റ്റോ ലോകത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന രീതിയിലേക്ക് ലോക രാജ്യങ്ങൾ മാറുന്നതും , കുടുതൽ കൂടുതൽ ഗവൺമെന്റുകൾ ക്രിപ്റ്റോയ്ക്ക് അംഗീകാരം നൽകുന്നതും ഒക്കെ ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിപ്പിച്ചു. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനപ്രതി വർദ്ധിക്കുകയാണ്. ഇത് ബിസിനസ്സ്‌ പരമായും സാമ്പത്തികപരമായും കൂടുതൽ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് യു എ ഇ വിലയിരുത്തുന്നത്.  

RECENT POSTS
Copyright © . All rights reserved