ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡിൽ നിന്നും, ഇപ്പോൾ ഒമിക്രോണിൽ നിന്നും കരകയറാൻ ബ്രിട്ടൻ തീവ്രശ്രമം നടത്തുകയാണ്. എന്നാൽ എല്ലാ മേഖലയിലും ശക്തമായ തിരിച്ചുവരവ് നടത്താൻ രാജ്യത്തിന് കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്. കുതിച്ചുയരുന്ന നാണയപെരുപ്പവും നികുതിയും മറ്റ് ജീവിത ചെലവുകളും സാധാരണ യുകെ മലയാളികളെ ഇരുട്ടിലാക്കുകയാണ്. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക രംഗം കാരണം ഈ വർഷം ജീവിതം കൂടുതൽ ദുരിതപൂർണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 2022 ൽ സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്;
മിനിമം വേതനം
ഏപ്രിലിൽ, മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയരും. ഇതിലൂടെ ഏകദേശം ഇരുപത് ലക്ഷത്തോളം ജീവനക്കാർക്ക് വാർഷിക വരുമാനത്തിൽ മിനിമം ആയിരം പൗണ്ടോളമാണ് അധികമായി ലഭിക്കുക. 23 വയസ്സിന് മുകളിലുള്ളവരുടെ നാഷണൽ ലിവിങ് വേജും വർദ്ധിപ്പിക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്.
റെയിൽവേ നിരക്കുകൾ, ടിവി ലൈസൻസ്
മാർച്ചിൽ റെയിൽവേ നിരക്കുകൾ 3.8% വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്ടി) അറിയിച്ചു. നാണയപെരുപ്പത്തിന് അനുസൃതമായാണ് റെയിൽവേ നിരക്കും കണക്കാക്കുന്നത്. ഏപ്രിലിൽ ടിവി ലൈസൻസ് ഫീസ് വീണ്ടും ഉയരുമെന്നാണ് ഇപ്പോഴുള്ള വിവരം.
സ്റ്റേറ്റ് പെൻഷൻ
ഏപ്രിൽ മുതൽ സ്റ്റേറ്റ് പെൻഷനിൽ 5.50 പൗണ്ടിന്റെ വർധനയുണ്ടാകും. 3.1% വർധനയിലൂടെ സംസ്ഥാന പെൻഷനിലുള്ളവരുടെ വാർഷിക വരുമാനം 9,628.50 പൗണ്ടിലേക്ക് ഉയരും. അധികമായി 289.50 പൗണ്ട് ലഭിക്കും. 1951 ഏപ്രിൽ 6-നോ അതിനു ശേഷമോ ജനിച്ച പുരുഷന്മാർക്കും 1953 ഏപ്രിൽ 6-നോ അതിനുശേഷമോ ജനിച്ച സ്ത്രീകൾക്കും പുതിയ സംസ്ഥാന പെൻഷൻ ക്ലെയിം ചെയ്യാൻ കഴിയും.
വീട്, വാഹന ഇൻഷുറൻസ്
ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ഈ വർഷം പ്രാബല്യത്തിൽ വരുന്നത്. ഇനി പോളിസി പുതുക്കുന്നവർ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ നിയന്ത്രണങ്ങൾ പ്രകാരം അധിക തുക നൽകേണ്ടി വരില്ല. ദീർഘകാല ഉപഭോക്താക്കൾക്ക് തുക കുറവായിരിക്കും. ഇതിലൂടെ പത്തു വർഷത്തിനുള്ളിൽ 4.2 ബില്യൺ പൗണ്ടിന്റെ ലാഭമുണ്ടാകും.
നാഷണൽ ഇൻഷുറൻസ് റേറ്റ് വർദ്ധനവ്
ജീവനക്കാരും തൊഴിലുടമകളും സ്വയം തൊഴിൽ ചെയ്യുന്നവരും 2022 ഏപ്രിൽ മുതൽ അവർ സമ്പാദിക്കുന്ന ഓരോ പൗണ്ടിനും നാഷണൽ ഇൻഷുറൻസിൽ (NI) 1.25 പെൻസ് അധികം നൽകേണ്ടി വരും. ഇത് ഇടത്തരം കുടുംബങ്ങളെയാണ് ബാധിക്കുക. ഈ വർദ്ധനവ് പ്രകാരം ഒരു ശരാശരി ജീവനക്കാരൻ വർഷത്തിൽ 255 പൗണ്ട് അധിക നികുതിയായി നൽകണം. പ്രതിവർഷം 20,000 പൗണ്ട് ശമ്പളമുള്ള ഒരു ജീവനക്കാരൻ 130 പൗണ്ട് അധികമായി നൽകണം. 2023 മുതൽ ഇത് ഹെൽത്ത്, സോഷ്യൽ കെയർ ടാക്സ് ആയി അറിയപ്പെടും. പ്രതിവർഷം 9,564 പൗണ്ടിൽ താഴെയോ പ്രതിമാസം 797 പൗണ്ടിന് താഴെയോ വരുമാനമുള്ള ആളുകൾ നാഷണൽ ഇൻഷുറൻസ് നൽകേണ്ടതില്ല.
എനർജി പ്രൈസ് ക്യാപ്, കൗൺസിൽ ടാക്സ് റേറ്റ്
ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ്പിൽ 280 പൗണ്ടിന്റെ വർധന ഉണ്ടാകും. കുടുംബ ബജറ്റില്‍ 600 പൗണ്ടിന്റെയെങ്കിലും അധികം ചെലവ് ഊര്‍ജ്ജ ബില്ലിലെ വര്‍ദ്ധനവ് കൊണ്ടുവരും എന്നാണ് കണക്കുകൂട്ടുന്നത്. അതോടൊപ്പം പ്രാദേശിക കൗണ്‍സിലുകൾ കൗണ്‍സില്‍ ടാക്‌സില്‍ ഏകദേശം 3 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുവാന്‍ ആലോചിക്കുന്നു. ഇതിൽ ഒരു ശതമാനം സോഷ്യൽ കെയറിനായി നീക്കി വയ്ക്കും. 33 പട്ടണങ്ങളിലെ താമസക്കാർക്ക് അവരുടെ ബില്ലുകൾ 6 ശതമാനം വരെ ഉയരും. ഇത് പല കുടുംബങ്ങളെയും മോശമായി ബാധിക്കും.
പഴയ 20, 50 പൗണ്ട് നോട്ടുകൾ പിൻവലിക്കുന്നു.
പഴയ രീതിയിലുള്ള പേപ്പർ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എന്നാൽ 20,50 പൗണ്ട് നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂലൈ 6 മുതൽ പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ ഘടിപ്പിക്കും.
ലോക്കൽ ക്ലീൻ എയർ സോൺ ചാർജുകൾ
വായു മലിനീകരണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ സ്ഥലങ്ങൾ ക്ലീൻ എയർ സോണിലേക്ക് മാറും. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് പ്രതിദിനം 12.50 പൗണ്ട് പിഴ ഈടാക്കും. ഈ വർഷം, ഗ്രേറ്റർ മാഞ്ചസ്റ്ററും ബ്രാഡ്‌ഫോർഡും ക്ലീൻ എയർ സോണുകൾ അവതരിപ്പിക്കും. മാഞ്ചസ്റ്റർ ക്ലീൻ എയർ സോൺ 2022 മെയ് 30-ന് ആരംഭിക്കും. അതേസമയം ബ്രാഡ്‌ഫോർഡ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ആളുകൾക്ക് അവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് പോസ്റ്റ് ഓഫീസ് കാർഡ് അക്കൗണ്ടുകൾ. എന്നാൽ ഇവയിലേക്കുള്ള പണമിടപാട് നിർത്താൻ എച്ച്എംആർസി ഒരുങ്ങുകയാണ്. ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് യൂണിവേഴ്സൽ ക്രെഡിറ്റോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവർ ബദൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബെർലിൻ : ജർമ്മൻ സേവിംഗ്സ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജർമ്മൻ മാസികയായ ക്യാപിറ്റലാണ് ഈ വാർത്ത പുറത്തുവിട്ടത്. ക്രിപ്‌റ്റോ അസറ്റുകളിൽ തങ്ങൾക്ക് വലിയ താല്പര്യം ഉണ്ടെന്ന് ജർമ്മൻ സേവിംഗ്സ് ബാങ്ക്സ് അസോസിയേഷന്റെ പ്രതിനിധി പറഞ്ഞു. പദ്ധതി ഇപ്പോഴും പരിഗണനയിലാണെന്നും ഔദ്യോഗിക തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ക്രിപ്റ്റോ സേവനങ്ങൾ കൂടുതൽ എളുപ്പമാകും. കെവൈസി (നോ യുവർ കസ്റ്റമർ) നടപടിക്രമങ്ങളിലൂടെ പോകാതെ അക്കൗണ്ടുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നേരിട്ട് ക്രിപ്‌റ്റോകറൻസികൾ വാങ്ങാൻ കഴിയും. അസോസിയേഷനെ സംബന്ധിച്ച്, ക്രിപ്റ്റോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന തിരഞ്ഞെടുപ്പ് ഓരോ ബാങ്കിനും വ്യക്തിഗതമാണ്. 370 ബാങ്കുകളിൽ ഓരോന്നും ഈ വിഷയത്തിൽ സ്വന്തമായി തീരുമാനമെടുക്കും. പല ബാങ്കുകളും ഇതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ സ്പാനിഷ് ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസികൾ വാഗ്‌ദാനം ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രൈൻ: ബിറ്റ് കോയിൻ കാർഡുകളും പുതിയ ക്രിപ്റ്റോ സേവനങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാരംഭിച്ച് ഉക്രൈൻ. ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കൊപ്പം, അനുബന്ധ സേവനങ്ങളും രംഗത്തെത്തിക്കുകയാണ് അവർ. ക്രിപ്റ്റോ നാണയങ്ങൾ വാങ്ങാനും വ്യാപാരം ചെയ്യാൻ സാധിക്കുന്നതിന് പുറമേ രാജ്യത്തെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ കറൻസികൾ സ്റ്റോറുകളിലും ഓൺലൈനിലും ഇനി ചെലവഴിക്കാം. ഇതിനായി രണ്ട് ബിറ്റ് കോയിൻ കാർഡുകൾ പുറത്തിറക്കുകയാണ്.
യുകെ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ പേയ്‌മെന്റ് പ്രോസസറായ വൈറെക്സ് (Wirex) വഴി ക്രിപ്‌റ്റോകറൻസികൾ വാങ്ങാനും കൈമാറ്റം ചെയ്യാനും സാധിക്കും. ക്രിപ്‌റ്റോ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കാനും ഉക്രൈൻകാർക്ക് കഴിയും. വ്യാപാരത്തിലും മറ്റ് സേവനങ്ങളിലും ക്രിപ്‌റ്റോ നാണയങ്ങൾ ചെലവഴിക്കാനായി തങ്ങളുടെ കാർഡ് നൽകാനും വൈറെക്സ് പദ്ധതിയിടുന്നു.
അതേസമയം ഉക്രേനിയൻ ഓൺലൈൻ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ മോണോബാങ്ക് സ്വന്തം ക്രിപ്‌റ്റോകറൻസി കാർഡ് പുറത്തിറക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാഷണൽ ബാങ്ക് ഓഫ് ഉക്രെയ്നിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മൂന്ന് മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നും കമ്പനി പരാതിപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലെ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ലൈസൻസ് നേടാൻ തയ്യാറായി ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസ്. എക്‌സ്‌ചേഞ്ചിന്റെ സിഇഒ ചാങ്‌പെങ് ഷാവോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്ട്രേഷൻ ഇല്ലാതെ ബിനാൻസ് ക്രിപ്റ്റോ എക്സ്ചേഞ്ച് സേവനങ്ങൾ നടത്തിയത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ലൈസൻസിനായി ബിനാൻസ് വീണ്ടും ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയിൽ (എഫ്‌സിഎ) അപേക്ഷിക്കുമെന്ന് ഷാവോ വ്യക്തമാക്കി. ബ്രിട്ടീഷ് റെഗുലേറ്ററുമായുള്ള തന്റെ എക്സ്ചേഞ്ചിന്റെ ബന്ധം മെച്ചപ്പെട്ടതായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനാൻസ് ഗ്രൂപ്പിലെ സ്ഥാപനങ്ങൾക്ക് യുകെയിൽ നിയന്ത്രിത പ്രവർത്തനങ്ങൾ നടത്താൻ അംഗീകാരമോ രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലെന്ന് ഓഗസ്റ്റിൽ എഫ്‌സിഎ പറഞ്ഞു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനായി കമ്പനി അപേക്ഷിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എഫ്‌സിഎയുടെ മുന്നറിയിപ്പിനെത്തുടർന്ന്, ബാർക്ലേയ്‌സ്, എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ്, സാന്റാൻഡർ എന്നിവയുൾപ്പെടെ യുകെയിലെ നിരവധി പ്രമുഖ ബാങ്കുകൾ ബിനാൻസിലേക്കുള്ള പേയ്‌മെന്റ് നിയന്ത്രിക്കാൻ തുടങ്ങി.
എഫ്‌സിഎയെ കൂടാതെ, യുഎസ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, ഓസ്‌ട്രേലിയ, നോർവേ, നെതർലൻഡ്‌സ്, ഹോങ്കോംഗ്, ജർമ്മനി, ഇറ്റലി, ഇന്ത്യ, മലേഷ്യ, ലിത്വാനിയ എന്നിവിടങ്ങളിലെ റെഗുലേറ്റർമാരും ബിനാൻസിനെപറ്റിയുള്ള ആശങ്ക പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ യുകെ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും യഥാർത്ഥ ഓഫീസുകൾ, നിയമപരമായ സ്ഥാപനങ്ങൾ, ബോർഡ് തുടങ്ങിയവ സ്ഥാപിക്കുന്ന പ്രക്രിയയിലാണ് ബിനാൻസ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്വിറ്റ്‌സർലൻഡ് : സ്വിറ്റ്‌സർലൻഡിലെ ആദ്യത്തെ ക്രിപ്‌റ്റോ സ്റ്റാമ്പ് പുറത്തിറങ്ങി. പുറത്തിറക്കിയ ആദ്യ ദിവസം തന്നെ ഡിമാൻഡ് ഉയർന്നതോടെ രാജ്യത്തെ തപാൽ സേവനങ്ങൾ തടസ്സപ്പെട്ടു. ആകർഷകമായ ഓഫറുകൾ നൽകിയ ദിവസം നിരവധി ഓർഡറുകൾ ഒരേസമയം ഓൺലൈൻ ഷോപ്പിൽ എത്തിയപ്പോൾ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായി സ്വിസ് പോസ്റ്റ് വ്യക്തമാക്കി. നവംബർ 25-ന് വ്യാഴാഴ്ച രാവിലെയാണ് സ്വിറ്റ്സർലൻഡ് ക്രിപ്‌റ്റോ സ്റ്റാമ്പ് പുറത്തിറക്കിയത്. സെപ്റ്റംബറിൽ ആയിരുന്നു പ്രഖ്യാപനം.
സ്റ്റാമ്പ് സ്വന്തമാക്കാൻ താൽപ്പര്യമുള്ളവർ നേരത്തെ തന്നെ തപാലുമായി ബന്ധപ്പെട്ടിരുന്നു. ക്രിപ്‌റ്റോ സ്റ്റാമ്പിൽ രണ്ട് ഭാഗങ്ങളാണുള്ളത്. 8.90 സ്വിസ് ഫ്രാങ്കുകൾക്ക് വാങ്ങാവുന്ന ഒരു ഭാഗവും മറ്റൊരു ഡിജിറ്റൽ ഇമേജും. മറ്റേതൊരു സ്റ്റാമ്പും പോലെ ഇതും ഉപയോഗിക്കാം. നീല നിറത്തിൽ മാറ്റർഹോണിന്റെയും ചന്ദ്രന്റെയും ചിത്രം ഉൾകൊള്ളുന്ന സ്റ്റാമ്പിൽ 8.90 ഫ്രാങ്ക് എന്ന വിലയും ചേർത്തിട്ടുണ്ട്. എന്നാൽ യഥാർത്ഥ ക്രിപ്റ്റോ സ്റ്റാമ്പ് ഡിജിറ്റൽ ആണ്.
സ്വിസ് പോസ്റ്റും ഇനാക്റ്റയും ചേർന്ന് 175,000 ക്രിപ്‌റ്റോ സ്റ്റാമ്പുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. ഇതിൽ 65,000 എണ്ണം ഡിജിറ്റൽ ഡിസൈൻ ആയിരിക്കും. ക്രിപ്റ്റോ സൗഹൃദ നാടായി സ്വിറ്റ്സർലൻഡ് മാറുകയാണ്. 2018-ൽ ബ്ലോക്ക് ചെയിൻ ഇൻഫ്രാസ്ട്രക് ചർ പ്രോജക്റ്റിൽ ടെലികോം ദാതാവായ സ്വിസ്കോമുമായി സ്വിസ് പോസ്റ്റ് ഒരു സഹകരണം പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓസ്ട്രേലിയ : പ്രമുഖ ഓസ്ട്രേലിയൻ ബാങ്കുകളിൽ ഒന്നായ, കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്സിന് ക്രിപ്റ്റോ കറൻസികൾ വ്യാപാരം ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബാങ്കിന്റെ ആപ്പിലൂടെയാണ് ഈ സൗകര്യം കസ്റ്റമേഴ്സിന് ലഭ്യമാകുന്നത്. യു എസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ജമിനിയുമായും, ബ്ലോക്ക്‌ചെയിൻ അനാലിസിസ് ഫേം ചെയിൻ അനാലിസിസുമായും ചേർന്നാണ് കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ 6.5 മില്യൻ ആപ്പ് വഴി കസ്റ്റമേഴ്സിന് ക്രിപ്റ്റോകറൻസികൾ വ്യാപാരം ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ബിറ്റ് കോയിൻ, എതിറിയം, ലൈറ്റ് കോയിൻ ഉൾപ്പെടെ പത്തോളം ക്രിപ്റ്റോകറൻസികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള സൗകര്യങ്ങൾ കസ്റ്റമേഴ്സിന് ഈ ആപ്പിലൂടെ ലഭ്യമാകും. അടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കുമെന്നും, 2022 ഓടെ ഇത് പൂർണ രീതിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിന് പൂർണ്ണമായും സുരക്ഷിതമായ ഒരു പ്ലാറ്റ് ഫോമാണ് തങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി ബി എ ചീഫ് എക്സിക്യൂട്ടീവ് മാറ്റ് കോമിൻ വ്യക്തമാക്കി.
ബാങ്ക് നടത്തിയ അന്വേഷണങ്ങളിൽ ഭൂരിഭാഗം കസ്റ്റമേഴ്സും ക്രിപ്റ്റോകറൻസികളിലുള്ള തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ തന്നെ നിരവധി പേർ നിലവിൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തുന്നവരുമാണ്. ഇതേ തുടർന്നാണ് ഇത്തരമൊരു സൗകര്യം ഒരുക്കി നൽകുവാൻ ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നത്. മറ്റു പല എക്സ്ചേഞ്ച് പ്ലാറ്റ് ഫോമുകളിലും ജനങ്ങൾ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതകളേറെ ആണെന്നും, എന്നാൽ അത്തരം ഭീഷണികളെ എല്ലാം ഒഴിവാക്കി പൂർണ്ണ സുരക്ഷിതത്വബോധം കസ്റ്റമേഴ്സിന് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മാറ്റ് കോമിൻ വ്യക്തമാക്കി. ഈ സൗകര്യം ലഭ്യമാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ പ്രമുഖ ബാങ്കുകളിൽ ഒന്നാണ് സി ബി എ. ഈ സംവിധാനം ക്രിപ്റ്റോകറൻസികൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കോമൺവെൽത്ത് ബാങ്ക് ഇത്തരമൊരു മേഖലയിലേയ്ക്ക് ചുവടുവച്ചതിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്ന് സ്വൈൻബെൺ ബിസിനസ് സ്കൂൾ ലക്ചറർ ഡോക്ടർ ഡിമിട്രിയസ് സലംപാസിസ് വ്യക്തമാക്കി. ക്രിപ്റ്റോകറൻസികളെ അവഗണിച്ചിരുന്ന ഒരു കാലഘട്ടത്തിന് മാറ്റമുണ്ടാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മേഖലയിലുള്ള നിരവധി വിദഗ്ധരും ബാങ്കിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിപ്റ്റോ വിഭാഗത്തിലേക്ക് നൂറു പേരെ നിയമിക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്. ഇതിലൂടെ ഒരു ക്രിപ്റ്റോ ടീമിന് രൂപം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റ് ഗ്രൂപ്പിലെ ഡിജിറ്റൽ അസറ്റുകളുടെ പുതിയ തലവൻ പുനീത് സിംഗ്വി ആയിരിക്കും. മുമ്പ്, സിറ്റിയുടെ ട്രേഡിംഗ് ബിസിനസിലെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകൾ എന്നിവയുടെ തലവനായിരുന്നു സിംഗ്വി. ബ്ലോക്ക് ചെയിനിന്റെയും ഡിജിറ്റൽ അസറ്റുകളുടെയും വലിയ സാധ്യതകളിൽ സിറ്റി ഗ്രൂപ്പ് വിശ്വാസം അർപ്പിക്കുന്നു.
ക്ലയന്റുകൾ, സ്റ്റാർട്ടപ്പുകൾ, റെഗുലേറ്റർമാർ തുടങ്ങി നിരവധി പങ്കാളികളുമായി ഇടപഴകുന്നതിൽ പുനീതും ടീമും ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ അസറ്റ് സ്‌പെയ്‌സിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിറ്റി ഗ്രൂപ്പ് പ്രസ്താവന ഇറക്കി. ശോഭിത് മൈനിയും വസന്ത് വിശ്വനാഥനും സിറ്റി ഗ്രൂപ്പിന്റെ ഗ്ലോബൽ മാർക്കറ്റ് ബിസിനസിന്റെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകളുടെ സഹ-മേധാവികളായിരിക്കും.
ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചു വരുന്ന ജനപ്രീതി മുന്നിൽ കണ്ട് ജൂണിൽ സിറ്റി ഗ്രൂപ്പ് ഡിജിറ്റൽ അസറ്റ് ഡിവിഷൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്രിപ്റ്റോകറൻസിയിൽ കൂടുതൽ താല്പര്യം ഉണ്ടെന്ന് വെളിപ്പെടുത്തിയ ഗ്രൂപ്പ്, ബാങ്ക് റെഗുലേറ്ററി അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എല്‍ സാല്‍വഡോർ : ലോകത്തിലെ ആദ്യ ബിറ്റ് കോയിന്‍ നഗരം നിര്‍മ്മിക്കാന്‍ എല്‍ സാല്‍വഡോർ പദ്ധതിയിടുന്നതായി പ്രസിഡന്റ് നയീബ് ബുകെലെ അറിയിച്ചു. പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി എല്‍ സാല്‍വഡോര്‍ 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ 2022ല്‍ പുറത്തിറക്കും. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന ലാറ്റിന്‍ അമേരിക്കന്‍ ബിറ്റ്‌കോയിന്‍ ആന്‍ഡ് ബ്ലോക്‌ചെയിൻ കോണ്‍ഫെറൻസിന്റെ സമാപനത്തിലാണ് പ്രസിഡന്റ് നയിബ് ബുകെലെയുടെ പ്രഖ്യാപനം. ബിറ്റ് കോയിനിലൂടെ രാജ്യത്തെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം. ലാ യൂണിയന്‍ മുനിസിപ്പാലിറ്റിയിലാണ് ബിറ്റ്‌കോയിന്‍ സിറ്റി വരുന്നത്. വാറ്റ് ഒഴികെ മറ്റ് നികുതികളൊന്നും പുതിയ സിറ്റിയില്‍ ഉണ്ടാകില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
താമസസൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സേവനങ്ങള്‍, മ്യൂസിയങ്ങള്‍, വിനോദങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയവ ഉൾപ്പെടുന്ന നഗരം വൃത്താകൃതിയിലായിരിക്കും നിർമ്മിക്കുക. ബിറ്റ് കോയിന്‍ നഗരത്തിന്റെ നിര്‍മ്മാണത്തിന് നിശ്ചിത കാലയളവ് നല്‍കിയിട്ടില്ല. ജിയോതെർമൽ എനർജി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഇതൊരു സമ്പൂര്‍ണ്ണ പാരിസ്ഥിതിക നഗരം (ecological city ) ആയിരിക്കുമെന്നും കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ പൂജ്യമായിരിക്കുമെന്നും ബുകലെ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത വർഷം 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് ബ്ലോക് ചെയിന്‍ ടെക് ദാതാക്കളായ ബ്ലോക്ക് സ്ട്രീം ആണ്. ബിറ്റ് കോയിന്‍ നിയമപരമായ കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് എല്‍ സാല്‍വഡോർ. കഴിഞ്ഞ സെപ്റ്റംബറിലാണ് എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിയന്ന : ക്രിപ്‌റ്റോകറൻസികൾക്ക് നികുതി ചുമത്താനുള്ള തീരുമാനവുമായി ഓസ്ട്രിയ. സ്റ്റോക്കുകളിൽ നിന്നും ബോണ്ടുകളിൽ നിന്നുമുള്ള ലാഭത്തിന് സമാനമായി ഡിജിറ്റൽ കറൻസി നിക്ഷേപങ്ങൾക്കും നികുതി ചുമത്താനാണ് നീക്കം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്ന ക്രിപ്‌റ്റോ കറൻസി മാർക്കറ്റിൽ നിന്നുള്ള വരുമാനത്തിന് നികുതി ചുമത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾക്ക് തുല്യ പരിഗണനയാണ് നൽകുന്നതെന്ന് ഓസ്ട്രിയൻ സർക്കാർ അറിയിച്ചു. അടുത്ത വർഷം മാർച്ച് മുതൽ ക്രിപ്റ്റോ കറൻസിയിൽ നിന്നുള്ള വരുമാനത്തിന് 27.5% നികുതി ബാധകമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ഇത് ജനങ്ങൾക്കിടയിൽ വിശ്വാസ്യത വർധിപ്പിക്കുമെന്നും ക്രിപ്റ്റോ കറൻസിയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 1 മുതൽ നികുതി പ്രാബല്യത്തിൽ വരും. 2021 ഫെബ്രുവരി 28-ന് ശേഷം വാങ്ങിയ ക്രിപ്‌റ്റോകറൻസികൾക്ക് മാത്രമേ നികുതി ബാധകമാകൂ. അതിന് മുമ്പ് നേടിയ ഡിജിറ്റൽ നാണയങ്ങൾ അടക്കമുള്ള ക്രിപ്റ്റോ ആസ്തികൾക്ക് പുതിയ നികുതി നിയമങ്ങൾക്ക് വിധേയമായിരിക്കില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൽ സാൽവഡോർ: ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിനിനെ സ്വന്തം രാജ്യത്തിന്റെ നാണയമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് മധ്യ അമേരിക്കയിലെ എൽ സാൽവഡോർ. 20 മില്ല്യൺ ഡോളർ മൂല്യമുള്ള 400 ബിറ്റ് കോയിൻ വാങ്ങിയെന്ന് പ്രസിഡന്റ് നയിബ് ബൂകെലെ അറിയിച്ചിരുന്നു. ബിറ്റ് കോയിനിലൂടെ നേടിയ ലാഭത്തിൽ നിന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് ഈ രാജ്യം. ഇത്തവണ 20 ബിറ്റ്‌കോയിൻ സ്‌കൂളുകൾ നിർമ്മിക്കാനാണ് ക്രിപ്റ്റോ കറൻസിയിൽ നിന്ന് കിട്ടിയ ലാഭം വിനിയോഗിക്കുന്നത്. പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 20 ബിറ്റ്‌കോയിൻ സ്‌കൂളുകൾ വഴി സാൽവഡോറിലെ ജനങ്ങൾക്ക് ക്രിപ്‌റ്റോകറൻസി വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
ഈ പദ്ധതി, രാജ്യത്തെ പൗരന്മാർക്ക് അധിക നികുതി ഭാരം ചുമത്തില്ലെന്നും സർക്കാർ സ്ഥിരീകരിച്ചു. എൽ സാൽവഡോറിന്റെ ‘മൈ ന്യൂ സ്കൂൾ’ പ്രോഗ്രാമിന്റെ ഭാഗമായി ആസൂത്രണം ചെയ്ത 400 സ്കൂളുകളിൽ 20 ബിറ്റ് കോയിൻ സ്കൂളുകൾ ഉൾപ്പെടും. സെപ്റ്റംബർ 7 നായിരുന്നു രാജ്യം ബിറ്റ് കോയിൻ നിയമവിധേയമാക്കിയത്. ബിറ്റ് കോയിൻ ഹോൾഡിംഗിലൂടെ രാജ്യം 12 മില്യൺ ഡോളർ (8.80 മില്യൺ പൗണ്ട്) ലാഭം നേടിയതായി ഗവണ്മെന്റ് വെളിപ്പെടുത്തുന്നു.
ബിറ്റ് കോയിൻ ലാഭത്തിൽ നിന്ന് തലസ്ഥാന നഗരമായ സാൻ സാൽവഡോറിൽ പുതിയ മൃഗാശുപത്രി നിർമ്മിക്കാനും പദ്ധതിയുണ്ട്. പുതിയ മൃഗാശുപത്രി എങ്ങനെയായിരിക്കുമെന്നതിന്റെ വീഡിയോയും പുറത്തിറക്കികഴിഞ്ഞു. പുതിയ മൃഗാശുപത്രിയിൽ നാല് ഓപ്പറേഷൻ റൂമുകളും നാല് എമർജൻസി ക്ലിനിക്കുകളും 19 ഓഫീസുകളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.