എറണാകുളം കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നാളെയേ നടത്തൂ. ഇതുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ചു. പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ നടത്തും. പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം.
കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ. ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മർദ്ദിച്ചതെന്നാണ് ആരോപണം.
അതേസമയം സി.കെ ദീപു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ട്വന്റി 20. ദീപുവിന്റെ മരണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ചു കൊണ്ട് വാര്‍ഡ് മെമ്പറടക്കം രംഗത്തെത്തി. ആക്രമണ വിവരം അറിഞ്ഞുചെന്ന തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി 20യുടെ അഞ്ചാം വാര്‍ഡ് മെമ്പര്‍ നിഷ പറഞ്ഞു.
“പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ട് ലിവർ സിറോസിസെന്നോ, എന്റെ കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല. ദീപു വിളിച്ചതിനെത്തുടര്‍ന്ന് അവിടെ ചെന്നപ്പോള്‍ കണ്ടത് വാര്‍ഡില്‍ തന്നെയുള്ള സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് ദീപുവിനെ മതിലില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളാ അടിച്ചത്, ഞങ്ങള് സിപിഎംകാരാ, അതില് നിനക്കെന്താ വേണ്ടേടീ, എന്നാ അവരെന്നോട് ചോദിച്ചത്. അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന എന്റെ സഹോദരനാ പോയത്. കിഴക്കമ്പലത്ത് എംഎൽഎയെ കാല് കുത്തിക്കൂല്ല. ഓർത്തോ.” വാര്‍ഡ് മെമ്പര്‍ പറയുന്നു.
ദീപുവിനെ മർദ്ദിച്ച സമയത്ത് എം.എല്‍.എ അവിടെ എത്തി. എന്തിനാണ് എം.എല്‍.എ അവിടെ എത്തിയത് ? അക്രമത്തില്‍ എം.എല്‍.എയ്ക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് ആ സമയത്ത് അവിടെ വന്നതെന്നും നിഷ ചോദിച്ചു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിച്ച ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എം.എല്‍.എ. ശ്രമിച്ചെന്നതില്‍ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിത്തിലാണ് ദീപുവിന് മർദ്ദനമേറ്റത്.
ചികിത്സയിലിരിക്കെയാണ് ദീപു മരിക്കുന്നത്. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ദീപുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം രാജഗിരി ആശുപത്രിക്കു മുന്നില്‍ നടക്കുന്നത്. സംഭവത്തില്‍ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈനുദ്ദീന്‍ സലാം, അബ്ദുള്‍റഹ്‌മാന്‍, ബഷീര്‍, അസീസ് എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാൽ ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി ശ്രീനിജിന്‍ പറഞ്ഞു. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തുകൊണ്ട് അന്ന് പരാതിപ്പെട്ടില്ലെന്നും ശ്രീനിജിന്‍ ചോദിച്ചു.
തനിക്കെതിരേ നടന്ന സമരത്തിന്റെ ഭാഗമായല്ല ഇത്തരത്തിലൊരു സംഭവം കിഴക്കമ്പലത്ത് ഉണ്ടായതെന്നും ശ്രീനിജിന്‍ പറഞ്ഞു. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതൊന്നും വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും ശ്രീനിജിന്‍ പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ കുറ്റക്കാരെ സംബന്ധിച്ച് പൊലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്ത വരുത്തേണ്ടതുണ്ട്. സിപിഎം പ്രവര്‍ത്തകർ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും പി.വി ശ്രീനിജിന്‍ പറഞ്ഞു.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ കടലിൽ നീന്താനിറങ്ങിയ യുവാവ് സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സിഡ്നിയിലെ പ്രശസ്തമായ ലിറ്റിൽ ബേ ബീച്ചിലാണ് ദാരുണ സംഭവം ഉണ്ടായത്. സാധാരണയായി സ്രാവുകൾ ഈ പ്രദേശത്തെ കടലിൽ ഉണ്ടാവാറില്ല.
ബുധനാഴ്ച വൈകുന്നേരമാണ് സൈമൺ നെല്ലിസെന്ന യുവാവ് ബീച്ചിനടുത്തെ പാറക്കെട്ടുകൾക്കപ്പുറത്ത് അൽപം ആഴമുള്ള ഭാഗത്തേക്ക് നീന്താൻ ഇറങ്ങിയത്. പെട്ടെന്ന് നിലവിളി കേട്ട ആളുകൾ പാറക്കൂട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഏകദേശം 15 അടിയോളം നീളമുള്ള കൂറ്റൻ സ്രാവ് യുവാവിനെ ആക്രമിക്കുന്നത് കണ്ടത്. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കടിച്ചെടുത്ത ഭാഗങ്ങൾ ഭക്ഷണമാക്കിയ സ്രാവ് ഉടൻ തന്നെ കടലിലേക്ക് നീന്തി മറയുകയും ചെയ്തു. സ്രാവിന്റെ ആക്രമണത്തെതുടർന്ന് പ്രദേശത്ത് കടലിലെ വെള്ളത്തിൽ രക്തം കലരുന്നതു കണ്ടു നിൽക്കാൻ മാത്രമേ ദൃക്സാക്ഷികൾക്ക് സാധിച്ചുള്ളൂ. നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ സന്ദർശകർക്ക് സാധിക്കുമായിരുന്നുള്ളൂ.
ലൈഫ്ഗാർഡുകളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ശാരീരിക അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആക്രമിച്ച സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും വിഫലമായിരുന്നു. ആക്രമണകാരിയായ സ്രാവിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സമീപപ്രദേശത്തുള്ള 14 ബീച്ചുകളിൽ സന്ദർശന നിരോധനം ഏർപ്പെടുത്തി.
അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി
നിലമ്പൂരില്‍ അറസ്റ്റില്‍. സോനിത്പുര്‍ സ്വദേശി അസ്മത് അലിയും സഹായി അമീര്‍ ഖുസ്മു എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അസ്മത് അലിയെ അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍.
അസം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂര്‍ പോലീസിന്റെ വലയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസില്‍ പ്രതിയായ ഇയാള്‍ കേരളത്തില്‍ വന്ന് ഒളിവില്‍ താമസിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് വിവരം. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കുമെന്നാണ് വിവരം.
അസം പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പോലീസിന് ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടിയ സാഹചര്യമായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് നിലമ്പൂരില്‍ എത്തിയത്. നേരത്തെ ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കള്‍, വീട്ടുകാര്‍ എന്നിവരുമായി ഇയാള്‍ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അസ്മത് അലി നിലമ്പൂരില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ടാക്‌സ്‌ഫോഴ്‌സും, നിലമ്പൂര്‍ പോലീസും സംഘത്തിലുണ്ടായിരുന്നു.
2019ൽ കാണാതായ ആറ് വയസുകാരിയെ കോണിപ്പടിക്കടിയിലെ മുറിയിൽ നിന്ന് കണ്ടെത്തി. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഗ്രാമത്തിലാണ് സംഭവം. കോണിപ്പടിക്കടിയിലെ ഇരുണ്ടതും ഈർപ്പമുള്ളതുമായ സ്ഥലത്ത് മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചത്.
പെയ്സ്ലി ഷട്‌ലിസ് എന്ന പെൺകുട്ടിയെയാണ് 2019ൽ കാണാതായത്. കുട്ടിയുടെ രക്ഷാകർതൃ പദവിയിൽ നിന്ന് തങ്ങളെ നീക്കം ചെയ്യുമെന്ന ഭീതിയാണ് കുട്ടിയെ ഒളിവിൽ താമസിപ്പിക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ അന്വേഷിച്ച് രണ്ട് വർഷത്തിനിടെ നിരവധി തവണ പൊലീസ് ഈ വീട്ടിലെത്തിയിരുന്നു. പക്ഷെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടി വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് വീണ്ടും ഇവിടെയെത്തിയത്. വിശദമായ പരിശോധനയിലാണ് വിചിത്രമായ രീതിയിൽ നിർമിച്ച കോണിപ്പടികൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് മൂന്ന് മരപ്പടികൾ എടുത്തമാറിയപ്പോഴാണ് അതിനകത്തിരിക്കുന്ന കുട്ടിയേയും പിതാവിനേയും കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ അപകടാവസ്ഥയിൽ സൂക്ഷിച്ചതിന് മാതാപിതാക്കൾക്കെതിരെയും മുത്തച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്.
വിവാഹിതയായ യുവതിയും കാമുകനും ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെ തൃശ്ശൂര്‍ ഒളരിക്കല്‍ റിജോ എന്ന 26 കാരനും കാര്യാട്ടുക്കര സ്വദേശി സംഗീത എന്ന 26 കാരിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്നും സംഗീതയുടെ ഭര്‍ത്താവ് ബന്ധം അറിഞ്ഞെന്നുള്ള സംശയത്തെ തുടര്‍ന്നാണ് ഇവര്‍ തൂങ്ങി മരിച്ചതും എന്നാണ് വിവരം.
സംഗീതയുടെ ഭര്‍ത്താവിന് കേറ്ററിംഗ് ബിസിനസാണ്. ഇവിടുത്തെ ജോലിക്കാരനായിരുന്നു റിജോ. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു. തങ്ങളുടെ പ്രണയം ഭര്‍ത്താവ് അറിഞ്ഞെന്ന് യുവതിക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് ജീവനൊടുക്കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവര്‍ ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്. എന്നാല്‍, രാത്രി ഈ സമയം കഴിഞ്ഞും ഇവര്‍ മുറിയില്‍ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭര്‍ത്താവ് അന്വേഷിച്ച് വരികയും ചെയ്തു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പീഡന പരാതിയെ തുടർന്ന് ഒളിവിലായിരുന്ന യൂട്യൂബ് ബ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്.ഹൈക്കോടതി നിർദേശപ്രകാരം ആണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്.
കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.
കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.എന്നാൽ ബലാൽസംഗ ആരോപണം നിലനിൽക്കുന്നില്ല എന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ആണ് നേരത്തെ കേസെടുത്തിരുന്നത്. ബലാൽസംഘ കുറ്റം ചുമത്തിയാണ് ശ്രീശാന്തിനെതിരെ കേസെടുത്തിട്ടുണ്ടായിരുന്നത്.അതിനുപിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയിരുന്നു.
കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് യുവതി പറയുന്നത്.
ആദ്യം സോഷ്യൽ മീഡിയ വഴി ആണ് പരാതിക്കാരി ശ്രീശാന്തിനെതിരെ രംഗത്തെത്തിയത്.പിന്നീട് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.യുവതി കൊച്ചിയിൽ താമസിക്കുമ്പോഴാണ് ശ്രീകാന്ത് മായി പരിചയപ്പെടുന്നത്.
പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാൽ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയിരുന്നു.ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.നേരത്തെയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു ലൈംഗികാരോപണകേസ് ഉയർന്നിരുന്നു.
സമൂഹമാധ്യമ താരം ഖന്ദീൽ ബലൂചിന്റെ കൊലപാതകത്തിൽ പ്രതിയായ സഹോദരനെ കോടതി വെറുതെ വിട്ടു. പാക്കിസ്ഥാനെ പിടിച്ചുകുലുക്കിയ കേസിൽ മുൽത്താനിലെ അപ്പീൽ കോടതിയാണ് സഹോദരൻ മുഹമ്മദ് വസീമിനെ കുറ്റമുക്തനാക്കിയത്.
2016 ജൂലൈയിൽ വീട്ടിൽ വച്ചാണ് 26കാരിയായ ഖന്ദീൽ ബലൂച്. കൊല്ലപ്പെടുന്നത്. കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് സഹോദരൻ വസീമാണ് കൃത്യം നിർവഹിച്ചത്. 2019ൽ കോടതി വസീമിന് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കൾ മാപ്പുനൽകിയതിനെ തുടർന്നാണ് അപ്പീൽ കോടതി വസീമിനെ വെറുതെ വിട്ടത്.
കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ പഞ്ചാബി നടന്‍ ദീപ് സിദ്ധുവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഡല്‍ഹിയിലെ കെഎംപി ഹൈവേയിലാണ് അപകടം നടന്നത്.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തില്‍ മുഖ്യപങ്ക് ആരോപിച്ച് ദീപുവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെ സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് സിഖ് പതാക ഉയര്‍ത്തിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്.
ഒളിവിലിരുന്ന് വിദേശത്തുളള വനിതാ സുഹൃത്ത് വഴി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന് അറസ്റ്റ് ചെയ്തത്.
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കര്‍ഷക നേതാക്കള്‍ ശക്തമായി അന്ന് ഉന്നയിച്ചു.
2015-ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദു സിനിമാരംഗത്തേക്ക് എത്തുന്നത്. നടനാണ്, ഒപ്പം സാമൂഹ്യപ്രവര്‍ത്തകനുമാണ് സിദ്ദു. 1984-ല്‍ പഞ്ചാബിലെ മുക്ത്‌സാര്‍ ജില്ലയിലാണ് ജനിച്ചത്.
സണ്ണി ഡിയോളിന്റെ അടുത്ത അനുയായി ആയിരുന്നു ദീപ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സണ്ണിയുടെ ഒപ്പമുണ്ടായിരുന്നു മുഴുവന്‍ സമയവും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ചെങ്കോട്ടയിലെ കൊടിയുയര്‍ത്തല്‍ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ, സിദ്ദുവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
”ഞങ്ങളുടെ സമരരീതിയായിരുന്നില്ല തുടക്കം മുതലേ അവര്‍ക്ക്”, എന്നാണ് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് വ്യക്തമാക്കിയത്. ശംഭു അതിര്‍ത്തിയിലുള്ള സമരത്തിലാണ് ദീപ് സിദ്ദു എത്താറുള്ളത്. അവിടെ ആദ്യം മുതല്‍ക്കേ സിദ്ദുവിന്റെ സമരരീതിയുമായി ഞങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നും യാദവ് പറഞ്ഞിരുന്നു. 41 കര്‍ഷകസംഘടനകളുടെ സംയുക്ത കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയും ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടെടുക്കുന്നു.
ലഖിംപൂർ ഖേരി അക്രമക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജാമ്യം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ആശിഷ് മിശ്ര ജയിൽ മോചിതനായത്.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 9 നാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. 2021 ഒക്‌ടോബർ 3-ന് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.
നാല് കർഷകരുടെ മുകളിലൂടെ ഓടിച്ചു കയറ്റിയ കാറിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് കർഷക സംഘടനകൾ ആരോപിച്ചപ്പോൾ, കേന്ദ്രമന്ത്രിയുടെ മകൻ ഈ ആരോപണം നിഷേധിച്ചിരുന്നു.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ സന്ദർശനത്തിന് മുന്നോടിയായാണ് അക്രമം നടന്നത്. യുപി മന്ത്രിയെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകരുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ കാറുകളിലുണ്ടായിരുന്നവരാണ് മരിച്ച മറ്റു നാലുപേർ.
ഒറ്റപ്പാലം പാലപ്പുറത്ത് മദ്യപാനത്തിനിടെ ക്രിമിനൽ കേസ് പ്രതിയായ യുവാവ് ബാല്യകാലസുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി. യുവാവിൻ്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മോഷണക്കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ലെക്കിടി സ്വദേശി മുഹമ്മദ് ആഷിഖിനെ കൊലപെടുത്തിയ കാര്യം സമ്മതിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചു.
2015-ൽ ഒരു മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലാണ് മുഹമ്മദ് ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെങ്കിലും ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ചോദ്യംചെയ്യല്ലിനിടെ കൂട്ടാളിയായ ആഷിക്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ ആണ് മദ്യപാനത്തിനിടെ തർക്കമുണ്ടായതും ആഷിക്കിനെ കൊല്ലപ്പെടുത്തിയതും ഫിറോസ് വെളിപ്പെടുത്തിയത്.
പാലപ്പുറത്തെ പറമ്പിൽ ആഷിഖിനെ കുഴിച്ച്മൂടിയിട്ടുണ്ടെന്നാണ് മുഹമ്മദ് ഫിറോസ് മൊഴി നൽകിയത്. തുടർന്ന് പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിലെ പൊലീസുകാരും , ഫോറൻസിക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ഡിസംബർ 17 ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഫിറോസ് മൊഴി നൽകിയത്.
മൃതദേഹം ആഷിഖിന്റെ തന്നെയാണെന്ന് പിതാവ് ഇബ്രാഹീം സ്ഥിരീകരിച്ചു. മൃതദേഹത്തിന് രണ്ട് മാസം പഴക്കം ഉള്ളതിനാൽ ഡി.എൻ.എ പരിശോധനക്ക് അയക്കുമെന്ന് എസ്.പി അറിയിച്ചു. ഇരുവരും കഞ്ചാവ് കടത്ത് സംഘത്തിൽ ഉൾപെട്ടവരാണെന്നും പൊലീസ് പറഞ്ഞു