രണ്ട് വർഷം മുൻപ് അച്ഛൻ മരിച്ചു, ഈ വിയോഗത്തിൽ നിന്ന് കരകയറി ജീവിതം കരയ്ക്കടുപ്പിക്കുന്നതിനിടെ ഒരു കത്തിമുനയിൽ അമ്മയെയും മരണം തട്ടിയെടുത്തതിന്റെ പകപ്പ് മാറാതെ നിൽക്കുകയാണ് അക്ഷയ്കുമാറും അനന്യയും. ഇനിയുള്ള ജീവിതം എങ്ങനെ എന്ന ചോദ്യത്തിന് മുൻപിൽ ഉത്തരം കിട്ടാതെ നിൽക്കുകയാണ് ഈ കുരുന്നുകൾ.

കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ അമ്മ വിനീതയുടെ സഞ്ചയനം. അമ്പലമുക്കിൽ 4 പവന്റെ മാലയ്ക്കു വേണ്ടിയാണ് വിനീതയെ ദാരുണമായി അക്രമികൾ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവർക്കും ഇനി കൂട്ടിനുള്ളത് വിനീതയുടെ പ്രായമായ അച്ഛൻ വിജയനും അമ്മ രാഗിണിയും മാത്രമാണ്.പത്തനംതിട്ട ഗവി സ്വദേശി സെന്തിലും വിനീതയും 2007 ഏപ്രിൽ 12 നാണ് വിവാഹിതരായത്. പെരുമ്പാവൂരിൽ ബേക്കറിയിൽ പലഹാരങ്ങൾ പാകം ചെയ്യുന്ന ജോലിക്കിടെ കുടുംബം പോറ്റാൻ സോഡാ കമ്പനിയിലും സെന്തിൽ ജോലി നോക്കി.

കുപ്പിപ്പൊട്ടിത്തെറിച്ച് നിരന്തരം അപകടമുണ്ടായപ്പോൾ അച്ഛൻ വിജയൻ ഇടപെട്ട് പെരുമ്പാവൂരിൽ നിന്ന് സെന്തിലിനെയും വിനീതയെയും നെടുമങ്ങാട്ടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇവിടെ ജോലിക്കിടെ 2020 മാർച്ച് 12 നാണ് സെന്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. അന്നു മുതൽ കുടുംബം പോറ്റിയിരുന്നത് വിനീതയായിരുന്നു.

പഠനത്തിൽ ബഹുമിടുക്കരാണ് വിനീതയുടെ മക്കൾ. കരിപ്പൂര് ഗവ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. അനന്യ ഗവ ടൗൺ യുപിഎസ് ആറാം ക്ലാസ് വിദ്യാർഥിയും. തുടർന്നുള്ള ഇവരുടെ പഠനവും ഇതോടെ പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയാണ് പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കും. ജ്വല്ലറിയിൽ സെക്യൂരിറ്റിയാണ് വിജയൻ. ശമ്പളമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ 4 വയർ എരിയണം. സുമനസുകൾ സഹായിക്കണം

കാനറാ ബാങ്ക്
നെടുമങ്ങാട് ശാഖ
അക്കൗണ്ടുണ്ട്. നമ്പർ- 2683101005397
ഐഎഫ്എസ് സി കോഡ്- CNRB0002683