Crime

ഓണ്‍ലൈന്‍ പണമിടപാടിനെ തുടര്‍ന്ന് പൂനെയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് മരിച്ചത്. 22 വയസായിരുന്നു.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണം വായ്പ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും അനുഗ്രഹ് 8000 രൂപ വായ്പ എടുത്തിരുന്നു. പിന്നീട് ഈ വായ്പയുടെ വിവരം ഓണ്‍ലൈന്‍ ആപ്പ് അനുഗ്രഹിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം അയച്ചു.

ഇതിന് പുറമെ ഈ ആപ്പ് യുവാവിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവ് കടുത്ത് മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ പൊലീസ് അനുഗ്രഹിന്റെ ഫോണും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിലെ മാണ്ഡ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇനി നാല് കുട്ടികളെ കൂടി കണ്ടെത്താനുണ്ട്.

ബുധനാഴ്ച്ച വൈകിട്ടാണ് വെളളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര്‍ രക്ഷപ്പെട്ടെന്നാണ് സൂചന. കോഴിക്കോട് ജില്ലക്കാരായ ആറ് പെണ്‍കുട്ടികളും 15 നും 18നും ഇടയില്‍ പ്രായമുളളവരാണ്. വിവിധ കേസുകളുടെ ഭാഗമായി താല്‍ക്കാലികമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടവരാണ് എല്ലാവരും.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കാണാതായവരില്‍ ആദ്യത്തെ കുട്ടിയെ ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ബെഗളൂരുവില്‍ എത്തിയത് എന്ന് പൊലീസ് പറയുന്നു. മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു.

സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ ഇന്നലെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബാക്കി അഞ്ച് പേര്‍ ഓടിരക്ഷപെട്ടു. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്ക് ബംഗളൂരുവില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി നാലുപേരും അധിക ദൂരത്തേക്ക് പോയിട്ടുണ്ടാകില്ല. അവരെയും ഉടനെ കണ്ടെത്താനാകും എന്നാണ് പൊലീസിന്റെ പ്രതീക്ഷ.

മോഷണത്തിനിടെ ഇരട്ടക്കൊല നടത്തിയാളുടെ വധശിക്ഷ നടപ്പാക്കി ഈ വർഷത്തെ ആദ്യ വധശിക്ഷ അമേരിക്കയിൽ അരങ്ങേറി. ഒക്‌ലഹോമയിൽ കുത്തിവയ്പിലൂടെയാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. ഡൊണാൾഡ് ഗ്രാന്‍റ് എന്ന തടവുകാരനാണ് ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്കു വിധേയനായ ആദ്യ തടവുകാരൻ.

തടവിൽ കിടക്കുന്ന കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഡൊണാൾഡ് ഗ്രാന്‍റ് ഒരു ഹോട്ടൽ കൊള്ളയടിക്കാൻ തീരുമാനിച്ചത്. 2001ൽ ആയിരുന്നു അന്ന് ഇരുപത്തഞ്ച് വയസുണ്ടായിരുന്ന ഡൊണാൾഡ് മോഷണത്തിന് ഇറങ്ങിത്തിരിച്ചത്.

മോഷണം ചെറുക്കാൻ ശ്രമിച്ച രണ്ടു ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തിയെന്നുള്ളതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ആദ്യത്തെയാളുടെ നേരെ വെടിയുതിർത്തു വധിച്ചു. രണ്ടാമത്തെയാളെ കത്തിയാക്രമണത്തിലൂടെ കൊലപ്പെടുത്തി. 2005ലാണ് ഇ‍യാളെ വധശിക്ഷയ്ക്കു കോടതി വിധിച്ചത്.

തുടർന്നു നിരവധി അപ്പീലുകൾ നൽകിയിരുന്നു. പ്രതിക്ക്, ബുദ്ധിപരമായ പോരായ്മ, ആൾക്കഹോൾ സിൻഡ്രോം, മസ്തിഷ്കാഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഉന്നയിച്ചു നൽകിയ അപ്പീലുകളെല്ലാം കോടതി തള്ളിയതോടെയാണ് വധശിക്ഷയ്ക്കു കളമൊരുങ്ങിയത്.

തെക്കൻ യുഎസ് സംസ്ഥാനമായ ഒക്‌ലഹോമയിലെ വധശിക്ഷാ രീതിയെക്കുറിച്ചുള്ള പ്രതിയുടെ അവസാന അപ്പീൽ യുഎസ് സുപ്രീം കോടതി ബുധനാഴ്ച നിരസിച്ചു. ഇപ്പോൾ 46 വയസുള്ള ഗ്രാന്‍റിന് മക്അലെസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽനിന്നു മാരകമായ മൂന്നു വിഷമരുന്നു ചേർത്തുള്ള ഒറ്റ കുത്തിവയ്പാണ് നൽകിയത്.

അതിമാരകമായ ഈ സംയുക്തം പ്രതികൾക്ക് അസഹനീയമായ വേദന ഉണ്ടാക്കുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ഒക്‌ടോബർ അവസാനത്തിൽ, ആദ്യത്തെ കുത്തിവയ്പ്പിനു ശേഷം ഒരു തടവുകാരനു ഹൃദയാഘാതം സംഭവിക്കുകയും നിരവധി തവണ ഛർദ്ദിക്കുകയും ചെയ്തു.

ഗ്രാന്‍റിന്‍റെ വധശിക്ഷയ്ക്കിടെ അത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല.  അമേരിക്കയിൽ വർഷം തോറും നടപ്പിലാക്കുന്ന വധശിക്ഷകളുടെ എണ്ണം സമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണ്. 23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വധശിക്ഷയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്‌ലഹോമയിൽ വധശിക്ഷകളുടെ എണ്ണം കൂടുതലാണ്. തുടർച്ചയായ വധശിക്ഷകൾ മൂലം 2015ൽ സംസ്ഥാനത്തു വധശിക്ഷയ്ക്കു താത്കാലിക മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 2021ൽ മൊറട്ടോറിയം എടുത്തുകളഞ്ഞു.

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവിന് ഉത്തരവിട്ടു. കൂടാതെ 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടിൽ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.

ഇരയെ വിവാഹം കഴിച്ചതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2014 ഏപ്രിലിൽ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗർഭിണിയായതോടെ ഇയാൾ വാക്കുമാറുകയായിരുന്നു. എന്നാൽ, ഗർഭച്ഛിദ്രം നടത്തിയാൽ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു.

ഗർഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാൻ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കൾ ഇടപെട്ട് വിവാഹം നടത്തി നൽകുമെന്ന് കരാർ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോൾ ഇരയെ പള്ളിയിൽ വിവാഹം കഴിച്ചതായി രേഖയും ഉണ്ടാക്കി. എന്നാൽ, രണ്ടുദിവസത്തിന് ശേഷം പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. 2020-ലാണ് ഇയാൾ തിരിച്ചെത്തിയത്. പിന്നീടാണ് ഇയാൾ അറസ്റ്റിലായതും കോടതി ശിക്ഷ വിധിച്ചതും.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളി പ്രതി ദിലീപ്. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോണ്‍ ഹാജരാക്കാന്‍ സാധിക്കില്ല. തന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കി മറുപടിയില്‍ പറഞ്ഞു.

ഹാജരാക്കണമെന്ന ആവശ്യപ്പെട്ട ഒരു മൊബൈല്‍ ഫോണ്‍ ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കും. ഫലം കോടതിക്ക് കൈമാറാം. അല്ലാതെ പൊലീസിന് നല്‍കില്ല. അവര്‍ തനിക്കെതിരെ കള്ളക്കഥയുണ്ടാക്കുമെന്നാണ് ദിലീപ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ പരിശോധിക്കണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചു.

ഇത് പരിശോധിച്ചാല്‍ തനിക്കെതിരായ ഗൂഝാലോചനയുടെ തെളിവുകള്‍ ലഭിക്കുമെന്നാണ് ദിലീപ് അവകാശപ്പെടുന്നത്.അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതവും സുരാജിന്റെ ഒരു ഫോണുമാണ് ഒളിപ്പിച്ചത്. കേസിലെ നിര്‍ണായക തെളിവായ ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ഇന്നലെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

ഇതിന് മറുപടിയായാണ് ഫോണുകള്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചിരിക്കുന്നത്.ദൃശ്യങ്ങള്‍ക്കായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ കണ്ടെത്താനായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. വിദേശത്തുനിന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി യുകെയിലെ ദിലീപിന്റെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. പീഡനദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ബാലചന്ദ്രകുമാറിന് ഫോണ്‍ കോളുകള്‍ വന്നത്. ഇക്കാര്യവും റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

സ്വിറ്റ്‌സര്‍ലാന്റില്‍ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയുടെ കൈവശമാണ് ദൃശ്യമുള്ളതെന്നാണ് വെളിപ്പെടുത്തല്‍. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇയാള്‍ ഇപ്പോള്‍ അദ്ദേഹവുമായി അകല്‍ച്ചയിലാണ്. ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ കൂട്ട് നിന്നത് കാവ്യ മാധവനും കൂടിയെന്ന് റിപ്പോര്‍ട്ട്. ദിലീപ് ഗൂഢാലോചന നടത്തിയ സംഭവത്തില്‍ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഗൂഢാലോചന നടത്തുമ്പോള്‍ കാവ്യ മാധവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വരും ദിവസങ്ങളില്‍ ഓരോരുത്തരില്‍ നിന്നായി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ ദിലീപുമായി അടുപ്പമുള്ള കൂടുതല്‍ പേരെയും ചോദ്യം ചെയ്യും.

ഇതിന് പുറമേ കൂറുമാറിയ സാക്ഷികളുടെ സ്വത്തുവിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിചാരണ വേളയില്‍ ആരുടെയെങ്കിലും സമ്പത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവര്‍ മൂന്ന് പേരും ഒരേ ദിവസം മൊബൈല്‍ ഫോണ്‍ മാറ്റിയതായാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ബുധനാഴ്ച ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപ് ഫോണുകള്‍ കൈമാറിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പത്തൊൻപതുകാരിയായ ലോറൻ മാൾട്ട് കാർ ക്രാഷിൽ മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഞായറാഴ്ച വൈകിട്ട് നോർഫോക്കിലെ വെസ്റ്റ് വിഞ്ചിൽ വെച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിനും ആമാശയത്തിലും മറ്റുമേറ്റ മുറിവുകളാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു.

ലോറന്റെ വാഹനത്തിലേക്ക് മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിച്ച വാഹനം ഓടിച്ച ഡ്രൈവറും ലോറന്റെ പിതാവുമായ നൈജൽ മാൾട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തന്നെയാണ് പെൺകുട്ടിയുടെ കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. നാളെ രാവിലെ ഇയാളെ നോർവിച്ച് മജിസ്ട്രേറ്റ് കോടതിക്ക് മുൻപിൽ ഹാജരാക്കും.


സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരെ സമീപിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ലോറന്റെ മരണം ഇപ്പോഴും അംഗീകരിക്കാൻ ആവുന്നതല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന നൈജൽ അമിതമായി മദ്യപിച്ചിരുന്നതായും ഇതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നിലവിൽ ഇയാൾ പോലിസ് കസ്റ്റഡിയിലാണ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിൻറെ ചോദ്യംചെയ്യൽ അവസാനിച്ചു. മൂന്ന് ദിവസമായി ചോദ്യം ചെയ്തത് 33 മണിക്കൂറാണ്. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. നിർണായകമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. പ്രതികളുടെ മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു.

ഇന്ന് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാടിനെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണിൽ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്. Read Also ‘സ്ത്രീകളെ ശല്യപ്പെടുത്തി’: യുവാവിനെ കൊല്ലാൻ ഒരു ലക്ഷത്തിന് ക്വട്ടേഷൻ നൽകി സൈനികൻ ഇന്നലെ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനായി സംവിധായകൻ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു.

ഇന്ന് ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാകും ദിലീപിന്റെ മുൻകൂർ ജാമ്യഹരജി വിധി പറയുക. നടിയെ അക്രമിച്ച കേസിൽ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഹൈക്കോടതിയാണ് സമയം നീട്ടിനൽകിയത്. പ്രോസിക്യൂഷൻറെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി.

ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രതികൾക്ക് ഇതനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. ഇതിനെ പൊളിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

ഗൂഢാലോചന സംബന്ധിച്ച ഡിജിറ്റൽ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഈ ഡിജിറ്റൽ തെളിവുകളിലുള്ളത് പ്രതികൾ തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംവിധായകരായ റാഫി, അരുൺഗോപി എന്നിവരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു. ഇരുവരും സുഹൃത്തുക്കളായ പ്രതികളുടെ ശബ്ദം തിരിച്ചറിഞ്ഞുവെന്നും ഇതുകൊണ്ടുതന്നെ തെളിവുകൾ തള്ളിക്കളയാനാകില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് എത്തുന്നത്. തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്ദസന്ദേശങ്ങൾ ദിലീപുമായി ബന്ധമുള്ളവരെ കേൾപ്പിച്ചു. ശബ്ദസാംപിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനു മുമ്പായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചോദ്യംചെയ്യലിനു നേതൃത്വംനൽകുന്ന ക്രൈംബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രൻ പറഞ്ഞു.

കേസിൽ ഒരാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാൻ സാധ്യതയുണ്ട്. അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മാറ്റാനാണ് നീക്കം. തിങ്കളാഴ്ച സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിന്റെ നിർമ്മാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻ മാനേജരടക്കം മൂന്ന് ജീവനക്കാർ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 26 സംഭവങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യംചെയ്യലായിരുന്നു ആദ്യ ദിനം നടന്നത്. പ്രതികൾ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതുക്കിയ ചോദ്യങ്ങൾ വെച്ചായിരുന്നു രണ്ടാം ദിവസത്തെ ചോദ്യംചെയ്യൽ. പ്രതികളിൽ ചിലരെ ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തിട്ടുണ്ട്.

ഗൂഢാലോചനക്കേസിനെ കൂടാതെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും സംഘവും ശ്രമിച്ചതായി കണ്ടെത്തിയ തെളിവുകളും ക്രൈംബ്രാഞ്ച് പ്രതികൾക്ക് മുന്നിൽവെച്ചു.ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് ഇതിനായി പണം ചെലവഴിച്ചതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ ദിലീപ് തനിക്ക് ഒന്നും അറിയില്ലെന്നും കള്ളക്കേസാണെന്നും ആവർത്തിക്കുകയായിരുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- വെസ്റ്റ് ലണ്ടനിലെ മെയ് ഡാ വെയിലിൽ നാല്പത്തിമൂന്നുകാരിയായ സ്ത്രീയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. തൊട്ടടുത്ത നിമിഷം തന്നെ അക്രമയിലേക്ക് കാർ ഓടിച്ചു കയറ്റി ഇരുപത്തിയാറുകാരനായ യുവാവ്. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീയും അക്രമിയും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കാറിന്റെ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഉത്തരവായി. തിരക്കേറിയ ലണ്ടൻ നഗരത്തിൽ നടന്ന അസാധാരണമായ ഒരു സംഭവമാണിതെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജിം ഈസ്റ്റ്‌വുഡ് വിലയിരുത്തി. ആക്രമി സ്ത്രീയെ പല തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലരും സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആക്രമണം ഭയന്ന് സാധിച്ചില്ല.

പലതവണ സ്ത്രീ രക്ഷയ്ക്കായി നിലവിളിച്ചെങ്കിലും ചുറ്റും കൂടിനിന്നവർക്ക് കണ്ട് നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. തുടർന്നാണ് തൊട്ടടുത്ത നിമിഷത്തിൽ ആക്രമിയിലേക്ക് റെനോൾട്ടിന്റെ ക്ലിയോ കാർ ഒരു യുവാവ് ഓടിച്ചുകയറ്റിയത്. ആക്രമി കാറിനടിയിൽ പെട്ടാണ് മരണപ്പെട്ടത്. സിനിമയിൽ മാത്രം കാണുന്ന ദൃശ്യങ്ങളാണ് ഇന്നലെ അരങ്ങേറിയതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ പാരാമെഡിക്കൽ ടീമുകളും, ഫയർ ബ്രിഗേഡും എല്ലാം എത്തി. എന്തുകൊണ്ട് ഈ സംഭവം നടന്നു എന്നത് സംബന്ധിച്ച് വ്യക്തത ഇനിയും എത്തിയിട്ടില്ല. കാർ ഡ്രൈവർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നു പോലീസ് അധികൃതർ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved