Crime

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 51 വയസ്സുകാരനായ പിതാവിനെ ശിക്ഷിച്ച് പത്തനംതിട്ട പോക്‌സോ കോടതി. 78 വർഷം കഠിന തടവും 2,75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (3) പോക്‌സോ ആക്ട് വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിതാവിന്റെ മദ്യപാനവും ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീട് വിട്ട് പോയിരുന്നു. തുടർന്ന് പെൺകുട്ടി പിതൃമാതാവിനും മൂത്ത സഹോദരിമാരോടും ഒപ്പം വീട്ടിലായിരുന്നു.

മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഒരു അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിർത്ത മകളുടെ കവിളിൽ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

അടുത്ത ദിവസം വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടിൽ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്‌കൂൾ ടീച്ചർമാരോട് വിവരം തിരക്കി. തുടർന്നാണ് പിതാവിന്റെ ക്രൂരതകൾ പുറത്തു വരുന്നത്.

ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി. കോഴിക്കോട്ടെ മുതിര്‍ന്ന ശിശുരോഗവിദഗ്ധന്‍ ചേവരമ്പലം ഗോള്‍ഫ്‌ലിങ്ക് റോഡ് മേഘമല്‍ഹാറില്‍ ഡോ. സിഎം അബൂബക്കര്‍ (78) നെയാണ് കസബ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഞ്ചാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ ചാലപ്പുറത്തുള്ള ഡോക്ട്‌ടേഴ്‌സ് ക്ലിനിക്കില്‍ വച്ച് ഏപ്രില്‍ 11, 17 തീയതികളായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയായ കുട്ടി ചികിത്സയ്ക്കു വന്നപ്പോള്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

മലയാളി സിഐഎസ്എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ത്സാര്‍ഖണ്ഡ് പത്രാതു സിഐഎഎഫ് യൂണീറ്റിലെ ജവനാണ് അരവിന്ദ്. അരവന്ദും സുഹൃത്തായ ധര്‍മപാല്‍ എന്ന ജവാനും നടക്കുവാന്‍ പോകുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ വാഹനം ഇരുവരെയും ഇടിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയി.

അപകടത്തില്‍ പരിക്കേറ്റ് ഇരുവരും ഏറെ നേരം റോഡില്‍കിടന്നുവെന്നാണ് വിവരം. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. ഇടിച്ച വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. രാംഗഢിലെ പത്രാതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചത്.

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഹമ്മദ് ഹസൻ തിങ്കളാഴ്ചയാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് അഹമ്മദ് ഹസൻ ഐസ്ക്രീം കഴിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ എത്തി ചികിത്സ തേടിയെങ്കിലും ബേധമായില്ല തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്ങരോത്ത് എയുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഹമ്മദ് ഹസൻ.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിൾ പരിശോധിച്ചു. ഐസ്ക്രീം വിൽപ്പന നടത്തിയ കട താൽക്കാലികമായി അടച്ച് സീൽ ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

ഉത്തർപ്രദേശിൽ ലഖ്‌നൗവിൽ പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ നടുറോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊന്നു.

സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിലെ ബിഎ വിദ്യാർഥിനി 21 കാരിയായ റോഷിണി എന്ന പെൺകുട്ടിയാണ് ആണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച പതിനൊന്ന് മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. നാടൻ തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്.

തലയിൽ വെടിയേറ്റ വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള തിരക്കേറിയ റോഡിലാണ് ആക്രമണം നടന്നത്.വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അക്രമികളെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും തോക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ രാജ് അഹിർവാർ എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം അക്രമം നടത്തിയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോളേജ് യൂണിഫോമിൽ രക്തത്തിൽ കുളിച്ച്,കിടക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രണയ ബന്ധമുണ്ടോ എന്ന കാര്യവും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്.

ഇതിനായി പെൺകുട്ടിയുടെ കൂട്ടുകാരിൽ നിന്നും വിവരങ്ങൾ തിരക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പിതാവ് മാൻ സിംഗ് അഹിർവാർ പറയുന്നതനുസരിച്ച്,എന്റെ മൂത്ത മകളും ഈ കോളേജിൽ ബിഎ അവസാന വർഷമാണ് പഠിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ അവൾക്ക് അവധിയായിരുന്നു.അതുകൊണ്ടാണ് അവൾ കോളേജിൽ പോകാതിരുന്നത്.സാധാരണ രണ്ട് പെൺമക്കളും ഒരുമിച്ചാണ് കോളേജിൽ പോയിരുന്നത്. എന്റെ മകളുടെ ഘാതകനെ എത്രയും പെട്ടന്ന് കണ്ടുപിടിക്കണമെന്ന് യോഗി സർക്കാരിനോട് അപേക്ഷിക്കുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

ദുബൈയിലെ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മലപ്പുറം കണ്ണമംഗലം ചേരൂര്‍ സ്വദേശി റിജേഷിയും ഭാര്യ ജിഷിയും മരിച്ചിരുന്നു. വിധി ഇരുവരെയും തട്ടിയെടുത്തത് തങ്ങളുടെ സ്വപ്ന ഭവനത്തില്‍ ഒരു ദിവസം പോലും അന്തിയുറങ്ങാന്‍ അനുവദിക്കാതെയന്നത് വേദനിപ്പിക്കുന്നതാണ്. തങ്ങളുടെ അദ്വാനത്തില്‍ പണിത വീട്ടിന്റെ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഇരുവരുടെയും ചേതനയറ്റ ശരീരങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചത്.

റിജേഷിന്റെയും ജിഷിയുടെയും വിയോഗം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുകയാണ്. നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും മരണം.

ദുബായിലെ ദെയ്‌റയില്‍ മലയാളികളുടെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ തലാല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുണ്ടായ തീപിടിത്തത്തിലാണ് ഇരുവരും മരിച്ചത്. വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് 6 മാസം മുന്‍പ് നാട്ടില്‍ പോയി വന്നിരുന്നു.

ഇരുവരും അടുത്തമാസം ഗൃഹപ്രവേശം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 11 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കുട്ടികളില്ല. ഡ്രീം ലൈന്‍ ട്രാവല്‍ ഏജന്‍സി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കള്‍ പറഞ്ഞു.

തീപിടുത്തമുണ്ടായ ദിവസം വിഷു ദിനം ആയിരുന്നതിനാല്‍ റിജേഷ് ഓഫീസില്‍ പോയിരുന്നില്ല. ശനിയാഴ്ച സ്!കൂള്‍ അവധിയായിരുന്നതുകൊണ്ട് ജിഷിയും വീട്ടിലുണ്ടായിരുന്നു. രണ്ട് പേരും ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിച്ചത്. മലയാളികളുടേത് ഉള്‍പ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് ദുബൈയിലെ ദേര. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ സമീപ പ്രദേശങ്ങളില്‍ തന്നെ താമസിക്കുന്നുമുണ്ട്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടുവെങ്കിലും ഇത്ര വലിയ ദുരന്തമായി അത് മാറുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.

കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മരിച്ച റിജേഷ്. ദുബൈയിലെ സാമൂഹിക സേവന രംഗങ്ങളിലും സജീവമായിരുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധി ദുബൈയില്‍ എത്തിയപ്പോള്‍ ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കുന്നതിന് ഉള്‍പ്പെടെ റിജേഷ് സജീവമായി രംഗത്തുണ്ടായിരുന്നു

മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിനത്തില്‍ പങ്കെടുത്ത 11 പേര്‍ക്ക് സൂര്യാഘാതമേറ്റ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറിലാണ് സംഭവം. ആഭ്യന്തര മന്ത്രി അമിത് ഷായെത്തിയ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയവരാണ് മരിച്ചത്.

തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് സമ്മാനിച്ചത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൗണ്ടില്‍ വച്ച് പരിപാടി നടന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെ സമാപിച്ചത്.

ചടങ്ങുകള്‍ കാണാനും കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും പരിപാടിക്കായി ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുണ്ടായത്.

നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് സംഭവത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്. 24 പേര്‍ ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൂര്യാഘാത സംബന്ധിയായി ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ട കേസിലെ പ്രതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മരണത്തിനു പിന്നാലെ പ്രതിയുടെ പെൺ സുഹൃത്ത് ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു. ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. മലമ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് മരണം നടന്നത്. മദ്യപാനത്തിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അതമസമയം സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ബിജുവിൻ്റെ മരണവാർത്ത പുറത്തു വന്നതിനു പിന്നാലെ പെൺസുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ കിടപ്പു മറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ബിജുവിൻ്റെ മരണം അറിഞ്ഞതിനെത്തുടർന്ന് യുവതി വിഷാദവതിയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പുലർച്ചെ രണ്ട് മണിയോടെ യുവതിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ബിജുവിൻ്റെ മരണത്തിലുണ്ടായ മനോവിഷമത്തിൽ യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പന്ത്രണ്ടാം പ്രതിയാണ് ബിജു. രാഷ്ട്രീയപരമായ വിരോധം നിമിത്തമാണ് ഷാജഹാനെ രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലയ്ക്ക് കാരണം പാർട്ടിയിൽ അദ്ദേഹത്തിൻ്റെ വളർച്ചയിൽ പ്രതികൾക്കുണ്ടായ വിരോധമാണെന്നായിരുന്നു ആദ്യഘട്ടത്തിൽ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നത്. പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളും പ്രകോപനങ്ങളുമാണ് കൊലയിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.

കൊലപാതകം നടന്ന ദിവസം നവീനുമായി രാഖി കെട്ടിയതുമായുള്ള തർക്കം ഉടലെടുത്തിരുന്നു. മാത്രമല്ല ഗണേശോത്സവത്തിൽ പ്രതികൾ ഫ്ലക്സ് വയ്ക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാജഹാനുമായി തർക്കമുണ്ടായി. തുടർന്നു നടന്ന വാക്കേറ്റവും കൊലപാതകത്തിന് കാരണമാകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം കേസിൽ ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

2022 ഓഗസ്റ്റ് 14 ഞായറാഴ്ച രാത്രിയാണ് മലമ്പുഴ കുന്നങ്കോട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാൻ്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്തു വച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. അതിനുപിന്നാലെ അക്രമികൾ ഓടിരക്ഷപ്പെട്ടു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. രാത്രിയോടെ ആംബുലൻസ് എത്തിയാണ് മൃതദേഹം മാറ്റിയത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. ആൽബർട്ടിന് വെടിയേറ്റ ഫ്ലാറ്റിനകത്താണ് മൃതദേഹം ഉണ്ടായിരുന്നത്. മേഖലയിൽ സംഘർഷം തുടരുന്നതാണ് മൃതദേഹം മാറ്റാൻ തടസ്സമായിരുന്നത്. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാൻ കുടുംബം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു.

താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലരികിൽ നിൽക്കുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്.കാനഡയിലുള്ള മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അഗസ്‌റ്റിന് വെടിയേറ്റതെന്ന് ബന്ധുക്കൾ കേരളത്തിലെ ടിവി ചാനലുകളോട് പറഞ്ഞു. ദാരുണമായ സംഭവം നടക്കുമ്പോൾ ഇയാൾ വീടിനുള്ളിലായിരുന്നു. സുഡാനിലെ ദാൽ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അഗസ്‌റ്റിൻ.

ആൽബർട്ടിന്റെ ഭാര്യക്കും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയും ആൽബർട്ട് ജോലി ചെയ്തിരുന്ന ദാൽ ഫുഡ് കമ്പനിയും വ്യക്തമാക്കി. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബേസ്മെന്റിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ഇവിടേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു. മകന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ആൽബർട്ടിന്‍റെ പിതാവ് അഗസ്റ്റിൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

ഇന്ത്യൻ പൗരന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ആൽബർട്ട് അഗസ്‌റ്റിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ പിതാവുമായും മന്ത്രി സംസാരിച്ചതായി സർക്കാർ പ്രസ്‌താവനയിൽ പറയുന്നു. സുഡാനിൽ ഒപ്പമുണ്ടായിരുന്ന അഗസ്‌റ്റിന്റെ ഭാര്യയും മകളും സുരക്ഷിതരാണെന്നും തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ സുഡാനിൽ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണ്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 83 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണക്കാരാണ്. വെടിവെപ്പിലും ബോംബാക്രമണത്തിലും 1200ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ ഖാർത്തമിലാണ് സംഘർഷം കൂടുതൽ. ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. തലസ്ഥാനമായ ഖർത്തൂം, മർവ, അൽ അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർഎസ്എഫ് ഏറ്റെടുത്തെന്നാണ് വിവരം. പ്രസിഡന്റിന്റെ കൊട്ടാരവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് അർഎസ്എഫിന്റെ അവകാശവാദം. എന്നാൽ ഇത് സുഡാൻ സൈന്യം നിഷേധിച്ചു. ഈജിപ്തും ദക്ഷിണ സുഡാനും മധ്യസ്ഥതയ്ക്ക് സന്നധത അറിയിച്ചെങ്കിലും ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറായില്ല.

മാധ്യമങ്ങളുടെ മുന്നിൽവെച്ച് മൂന്നംഗ സംഘം വെടിവെച്ചു കൊന്ന മുൻ സമാജ്‌വാദി പാർട്ടി എംപി ആതിഖ് അഹമ്മദിന്റെ പേരിൽ 1400 കോടിയുടെ സ്വത്തെന്ന് അധികൃതർ. അഞ്ച് മക്കളും ഭാര്യയുമാണ് ആതിഖിന്റെ കുടുംബാംഗങ്ങൾ. വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഭാര്യ ഷയിസ്ത പർവീൺ ഒളിവിലാണ് എന്നാണ് പോലീസ് റിപ്പോർട്ട്.

ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. ആതിഖിന്റെ കൊലപാതകത്തിൽ യു.പി പോലീസിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ. രണ്ട് തടവുകാരെ വാർത്താ ക്യാമറകൾക്ക് മുന്നിൽ വെച്ച് വെടിവെച്ച് വീഴ്ത്തുന്ന ആയുധധാരികളായ ഗുണ്ടാസംഘങ്ങൾക്ക് പോലീസ് ഒന്നും ചെയ്യാത്ത സ്ഥലമാണ് ഉത്തർപ്രദേശെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനക്കു കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയായ ആതിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

അഞ്ച് ആൺമക്കളിൽ മൂത്ത മകൻ മുഹമ്മദ് ഉമർ ഒരു കേസിൽ കൂട്ടുപ്രതിയായി ലഖ്‌നൗ ജില്ല ജയിലിലും രണ്ടാമത്തെ മകൻ മുഹമ്മദ് അലി അഹമ്മദ് 2021 ഡിസംബറിൽ വസ്തു ഇടപാടുകാരനെ ആക്രമിച്ച കേസിൽ നൈനി ജയിലിലും കഴിയുകയാണ്. മൂന്നാമത്തെയാളായ അസദ് അഹ്‌മദ് കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

ആതിഖിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾ നിയമവിരുദ്ധമായി പോലീസ് കസ്റ്റഡിയിലാണെന്ന് കാണിച്ച് ഭാര്യ ഷയിസ്ത പർവീൺ മുൻപ് പ്രയാഗ്രാജിലെ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ആൺകുട്ടികളെ പ്രയാഗ്രാജിൽ കണ്ടെത്തി ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പോലീസ് കോടതിയെ അറിയിച്ചു.

ആതിഖിനെതിരായ കേസിൽ നടപടിയായി ആതിഖിന്റെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരുന്നു. നൂറിലധികം കേസുകളാണ് ആതിഖിനെതിരെ പലയിടങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ടിരുന്നില്ല.

2005ൽ ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ട കേസിൽ ആതിഖ് അഹമ്മദ് പ്രതിചേർക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ 2006ൽ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖിനും കൂട്ടാളികൾക്കും തടവുശിക്ഷ ലഭിച്ചിരുന്നു.

2019 മുതൽ ആതിഖ് ജയിലിൽ കഴിയുകയായിരുന്നു. ഉമേഷ് പാൽ ഫെബ്രുവരി 24ന് കൊല്ലപ്പെട്ടു. ഈ കൊലപാതകം ആസൂത്രണം ചെയ്തത് ആതിഖ് അഹമ്മദ് ആണെന്ന് യുപി പോലീസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് ആതിഖ് കൊല്ലപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved