ന്യൂസ് ടീം, മലയാളം യുകെ

മാഡ്രിഡ്, സ്‌പെയ്ൻ : കൂട്ടുകാർക്കൊപ്പം സ്പെയിനിലേക്ക് യാത്ര പോയ ബ്രിട്ടീഷ് പൗരനായ മലയാളി വിദ്യാർത്ഥി ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിച്ചാണ് തിരികെ എത്തിയത്. നിർദ്ദോഷമായ ഒരു തമാശ സ്നാപ്പ് ചാറ്റിൽ കൂട്ടുകാരോട് ചാറ്റ് ചെയ്തതാണ് ബാത്ത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ആദിത്യ വർമയെ നിയമക്കുരുക്കിൽ പെടുത്തിയത്.2022 ജൂലൈ മൂന്നാം തീയതി കൂട്ടുകാർക്കൊപ്പം സ്പെയിനിലേക്ക് യാത്ര ചെയ്തപ്പോൾ പറ്റിയ അബദ്ധമാണ് ആദിത്യ വർമയെ രണ്ടു വർഷത്തോളം നീണ്ട നിയമക്കുരുക്കിലേക്കും മാനസിക സംഘർഷങ്ങളിലേക്കും തള്ളി വിട്ടത്.

ലണ്ടനിൽ നിന്നും സ്‌പെയിനിലെ മെനോർക്കയിലേക്ക് ആയിരുന്നു ഈസി ജെറ്റ് വിമാനത്തിൽ ആദിത്യയും കൂട്ടുകാരും യാത്ര ചെയ്തത്. വിമാനം കാത്ത് ലണ്ടൻ എയർപോർട്ടിൽ ഇരുന്ന സമയത്ത് ആദിത്യ ഉപയോഗിച്ചത് എയർപോർട്ടിലെ സൗജന്യ വൈഫൈ ആയിരുന്നു. എയർപോർട്ടിലെ കാത്തിരിപ്പിന്റെ വിരസത മാറ്റുന്നതിനായി സ്നാപ്പ് ചാറ്റ് ഉപയോഗിച്ച് ആദിത്യൻ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. ഈ സമയത്താണ് തമാശക്ക് ‘ഞാനീ വിമാനം തകർക്കാൻ പോകുന്നു, ഞാൻ ഒരു താലിബാൻ അംഗമാണ്’ എന്ന് ആദിത്യൻ ചാറ്റ് ചെയ്തത്. വിമാനം പുറപ്പെട്ട് അൽപ്പസമയത്തിനകം തന്നെ എയർപോർട്ട് സെക്യൂരിറ്റി സംവിധാനങ്ങൾ ‘താലിബാൻ’ എന്ന അപകടകരമായ വാക്ക് കണ്ടെത്തുകയും അപായ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ സുരക്ഷാ ഏജൻസികൾ അപകടം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചു. ഇതിനകം ഫ്രാൻസിന് മുകളിൽ എത്തിക്കഴിഞ്ഞിരുന്ന വിമാനത്തെ ഒരു യൂറോഫൈറ്റർ യുദ്ധവിമാനം അകമ്പടി സേവിക്കുകയും സ്‌പെയിനിലെ എയർപോർട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തിക്കുകയും ചെയ്തു.

വിമാനത്തെയും യാത്രക്കാരെയും ഐസൊലേറ്റ് ചെയ്ത അധികൃതർ സായുധ പോലീസിന്റെ അകമ്പടിയോടെ വിമാനത്തിനുള്ളിൽ പ്രവേശിക്കുകയും ആദിത്യനെ കയ്യാമം വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തിലധികം കസ്റ്റഡിയിൽ സൂക്ഷിച്ച ആദിത്യനെ മൂന്നാം ദിവസമാണ് കോടതിയിൽ ഹാജരാക്കിയത്. യുദ്ധവിമാനത്തിന്റെ ഉൾപ്പെടെ അധികൃതർക്ക് വന്ന ചെലവുകൾ എല്ലാം കൂടി ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യമായിരുന്നു അധികൃതർ കോടതിയിൽ ഉന്നയിച്ചത്. തുടർന്ന് ഏകദേശം ഒമ്പതിനായിരം പൗണ്ടിന്റെ ജാമ്യത്തിൽ എപ്പോൾ ആവശ്യപ്പെട്ടാലും സ്‌പെയിനിലെ കോടതിയിൽ ഹാജരാകണം എന്ന നിബന്ധനയിൽ ആദിത്യന് ജാമ്യം ലഭിച്ചു.

തുടർന്ന് രണ്ടു വർഷത്തോളം നീണ്ടു നിന്ന നിയമനടപടികൾക്ക് കഴിഞ്ഞ ദിവസമാണ് അവസാനം ഉണ്ടായത്. ഈ ജനുവരി ഇരുപത്തിരണ്ടിനു വന്ന അന്തിമ വിധിയിൽ ജഡ്ജി ആദിത്യനെ ശിക്ഷ ഒന്നും നൽകാതെ വിട്ടയയ്ക്കുക ആയിരുന്നു. സ്‌പെയിനിലെ സെൻട്രൽ ക്രിമിനൽ കോർട്ട് ജഡ്ജ് ജോസ് മാനുവൽ ഫെർണാണ്ടസ് ആണ് വിധി പ്രസ്താവിച്ചത്. ആദിത്യന്റെ ചാറ്റ് ഒരു കുറ്റകൃത്യം ചെയ്യണമെന്നോ സെക്യൂരിറ്റി സംവിധാനങ്ങളെ ഭീഷണിപ്പെടുത്തണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ ആയിരുന്നില്ല എന്ന് കണ്ടെത്തിയ ജഡ്ജി ഇതിനെ നിർദ്ദോഷമായ ഒരു തമാശ ആയിരുന്നു എന്നാണ് വിധിന്യായത്തിൽ പ്രസ്താവിച്ചത്. തീർത്തും സ്വകാര്യമായ ഒരു ചാറ്റിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന തരത്തിൽ ആയിരുന്നു കമന്റ് എന്നതിനാൽ ഇതിൽ ദുരുദ്ദേശപരമായ യാതൊന്നും ഇല്ല എന്നും ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. ബ്രിട്ടീഷ് സുരക്ഷാ ഏജൻസികൾക്ക് ഇതൊരു പ്രൈവറ്റ് ചാറ്റ് ആണെന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയത് കൊണ്ട് ഉണ്ടായ നഷ്ടങ്ങൾക്ക് ആദിത്യൻ ഉത്തരവാദി അല്ലായെന്നതിനാലാണ് നഷ്ടപരിഹാരം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയത്. മെസേജ് അയച്ച ആളല്ല മറിച്ച് ഈ സ്വകാര്യ ചാറ്റ് പുറത്ത് കൊണ്ട് വന്ന ആളാണ് ഇത് മൂലമായുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദി എന്നും ജഡ്ജി വിധിയിൽ പറഞ്ഞു.
ഒരു നിമിഷത്തെ മണ്ടത്തരം ആയിരുന്നു തന്റെ ഈ ചാറ്റ് എന്നും താൻ അതിൽ അതിയായി പശ്ചാത്തപിക്കുന്നു എന്നുമാണ് ഇത് സംബന്ധിച്ച് ആദിത്യ വർമ്മ നടത്തിയ പ്രതികരണം. ഇത് വെറുമൊരു തമാശ ആയിരുന്നുവെന്നും തന്റെ കൂട്ടുകാരുടെ ഉൾപ്പെടെ ഹോളിഡേ ട്രിപ്പ് നശിപ്പിച്ചതിലും സെക്യൂരിറ്റി സംവിധാനങ്ങളെ ബുദ്ധിമുട്ടിച്ചതിലും താൻ മാപ്പ് പറയുന്നു എന്നും ആദിത്യ പറഞ്ഞു.

സംഭവം നടക്കുമ്പോൾ കെന്റിലെ സെന്റ് ഒലാവ്സ് ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥി ആയിരുന്ന ആദിത്യ വർമ്മ ഇപ്പോൾ ബാത്ത് യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയാണ്. വളരെ മിടുക്കനും ചെസ് ചാമ്പ്യനും ഒക്കെ ആയ ആദിത്യന് നിയമ പോരാട്ടത്തിന്റെ സമയത്ത് മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ഒക്കെ മികച്ച പിന്തുണ ആയിരുന്നു ലഭിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിച്ചുവെന്നും ഇനി ഒരിക്കലും ഇത്തരം നിസ്സാര തമാശകൾ തന്നിൽ നിന്ന് ഉണ്ടാവില്ലെന്നും ആദിത്യൻ പറഞ്ഞു.

നമ്മൾ ചെയ്യുന്നതും പറയുന്നതുമായ എല്ലാ കാര്യങ്ങളുടെയും പരിണിതഫലം നാം അനുഭവിക്കേണ്ടി വരുമെന്ന കാര്യം ആരും മറക്കരുത് എന്നും ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തമാശയ്ക്ക് പോലും ഉപയോഗിക്കാതെ ഇരിക്കാൻ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും ഈ കേസുമായി ബന്ധപ്പെട്ട സ്പാനിഷ് പോലീസ് ഓഫീസർ ജുവാൻ ലിനൻ പറഞ്ഞു.