നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കേസിലെ പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.
ഗൂഢാലോചന നടത്തിയതിന്റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനോട് പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും ‘എസ്പി കെഎസ് സുദർശന്റെ കൈ വെട്ടണം’ എന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ മീഡിയവൺ ചാനലിനോട് വെളിപ്പെടുത്തിതായാണ് റിപ്പോർട്ട്.
കോന്നി പയ്യനാമണ്ണില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
ഗൃഹനാഥന്‍ ജീവനൊടുക്കി. പയ്യനാമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകന്‍ റയാന്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയിലാണ് കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സോണിയെ മറ്റൊരു മുറിയിലും മരിച്ചനിലയില്‍ കണ്ടെത്തി.
കൊല്ലത്തേക്ക് പോകുകയാണെന്ന് സോണി ബന്ധുവിനോട് പറഞ്ഞിരുന്നതിനാല്‍ വീടിന് പുറത്ത് കാണാത്തതില്‍ ആര്‍ക്കും ദുരൂഹത തോന്നിയില്ല. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സോണിയുടെ സാമ്പത്തിക ബാധ്യതകളാകാം കൃത്യത്തിന് കാരണമായതെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ വിദേശത്ത് ബിസിനസ് നടത്തിയിരുന്ന സോണിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. സമീപകാലത്താണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് താന്‍ കൊല്ലത്തേക്ക് പോവുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ മടങ്ങുകയുള്ളൂവെന്നും സോണി ഒരു ബന്ധുവിന് സന്ദേശമയച്ചിരുന്നു. അതിനാല്‍ തന്നെ സോണിയെ പുറത്തുകാണാത്തതില്‍ ആര്‍ക്കും സംശയം തോന്നിയില്ല.
എന്നാല്‍, മറ്റ് കുടുംബാംഗങ്ങളെയും പുറത്തുകാണാത്തതിനാല്‍ ബന്ധു വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് തുറന്നുകിടന്നിരുന്ന ജനാലയിലൂടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
സോണി അടുത്തിടെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. സോണി-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയാണ് റയാന്‍.സംഭവമറിഞ്ഞ് നിരവധി പേരാണ് സോണിയുടെ വീടിന് സമീപം തടിച്ചുകൂടിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേരള പ്രോസിക്യൂട്ടര്‍ ഓഫീസ്, റിപ്പോര്‍ട്ടര്‍ ചാനൽ, ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്ര കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ എം.വി നികേഷ് കുമാർ എന്നിവർക്ക് കേസിലെ പ്രതിയായ ദിലീപിന്റെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്ന് തെളിയുന്ന വേളയിലാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്നും താരം കുറ്റപ്പെടുത്തുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണമാണ് ചാനലിലൂടെ നടന്നതെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിക്കുന്ന രാമന്‍പിള്ള അസോസിയേറ്റ്‌സ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നേരത്തെ അറിയാമെന്നായിരുന്നു എന്നാണ് ബാലചന്ദ്രകുമാറിന്റെ ഒരു വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും ഒരു വിഐപിയാണ് ഇത് കൊണ്ടുവന്നതെന്നും ബാലചന്ദ്രകുമാർ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതോടെയാണ് വീണ്ടും അന്വേഷണം എന്നതിലേക്ക് സര്‍ക്കാര്‍ എത്തിയത്. പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.
എന്നാൽ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി തനിക്കുള്ള ബന്ധം കോടതിയെ ബോധ്യപ്പെടുത്താനാകാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയാണെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ചാനല്‍ ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനഃപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ദിലീപ് പരാതിയില്‍ ആരോപിക്കുന്നു. നിരന്തരമായ റിഹേഴ്‌സലിന് ശേഷമാണ് അഭിമുഖം പ്രക്ഷേപണം ചെയ്തതെന്നും റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും ചേര്‍ന്ന് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും ദിലീപ് ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ഇന്‍ ക്യാമറ പ്രൊസിഡിങ്ങ്‌സാണെന്നും അതിന്റെ ലംഘനമാണ് നടക്കുന്നത് എന്നും ദിലീപ് പരാതിയില്‍ പറയുന്നു.
‘അമ്മ പാവമാണ്. ഒന്നും ചെയ്യല്ലേ’…പോലീസിനെ കണ്ടപാടെ നിലവിളിച്ച് എട്ടുവയസ്സുകാരന്‍. അമ്മ ചെയ്ത കുറ്റകൃത്യം പോലും മനസ്സിലാക്കാന്‍ ആവാത്ത കുഞ്ഞ്, അമ്മ പറഞ്ഞത് അനുസരിക്കുക മാത്രമേ ആ കുഞ്ഞ് മനസ്സ് ചെയ്തിട്ടുള്ളൂ, എന്നിട്ടും അവന്റെ മനസ്സ് ഏറെ നൊന്തു. ‘ആശുപത്രിയില്‍ പോയി വാവയെ വാങ്ങിക്കൊണ്ടുവരാം’ എന്ന് കുഞ്ഞുങ്ങളോട് പറയുന്ന തമാശ അവനോടും ചിലപ്പോള്‍ നീതു പറഞ്ഞുകാണും.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതിനെച്ചൊല്ലിയുള്ള ബഹളത്തില്‍ പകച്ച് പോയത് പ്രതി നീതുരാജിന്റെ മകനാണ് എന്താണ് നടക്കുന്നതെന്നറിയാതെ വലഞ്ഞത്. അമ്മയെ അനുസരിച്ച അവന് ഈ സംഭവത്തെത്തുടര്‍ന്ന് ഏറെ വേദനയാണ് അനുഭവിക്കേണ്ടി വന്നത്.
അമ്മയോടൊപ്പം നാലാംതീയതി സന്തോഷത്തോടെയാണ് അവന്‍ യാത്ര തിരിച്ചത്. എന്തിനാണ്, എങ്ങോട്ടാണ് എന്ന് വ്യക്തമായി അറിയില്ലായിരുന്നു. എങ്കിലും കുട്ടി ആവേശത്തിലായിരുന്നു. കോട്ടയത്ത് മെഡിക്കല്‍ കോളേജിനടുത്ത് ഹോട്ടലില്‍ മുറിയെടുത്തതും ആ ദിവസങ്ങളില്‍ ആശുപത്രിയിലേക്കും സമീപ സ്ഥലങ്ങളിലേക്കുമുള്ള യാത്രയും ഹോട്ടല്‍ ഭക്ഷണവുമെല്ലാം ബാലന്‍ ആസ്വദിച്ചു.
സംഭവ ദിവസവും അമ്മയുടെ കൂടെപ്പോയി. അമ്മയുടെ നിര്‍ദേശം അനുസരിച്ച് പ്രസവവിഭാഗത്തിന് മുന്നില്‍ കാത്തുനിന്നു. തിരികെ വന്ന അമ്മയുടെ കൈയില്‍ ഒരു തുണിപ്പൊതിയുണ്ടായിരുന്നു. അത് അവന്റെ അനുജത്തിയാണെന്ന് അമ്മ പറഞ്ഞുകാണും. അതിനാലാണ് സിസിടിവി ദൃശ്യങ്ങളിലും പോലീസ് മുറിയിലെത്തിയപ്പോഴും ഈ ബാലന്‍ സന്തോഷവാനായിരുന്നത്.
പക്ഷേ, പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്. പോലീസ് മുറിയിലെത്തുന്നതും അമ്മയോട് ദേഷ്യത്തില്‍ സംസാരിക്കുന്നതും അവന്‍ കണ്ടു. ഇതിനിടയില്‍ കുട്ടി കരഞ്ഞുപറഞ്ഞു.
പിന്നെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക്. ഒപ്പം എത്തിയ അമ്മയെ പോലീസുകാര്‍ കൊണ്ടുപോയതോടെ കുട്ടി കരയാന്‍ തുടങ്ങി. കാരണം അമ്മ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ.
വനിതാ പോലീസുകാര്‍ അവനെ ആശ്വസിപ്പിച്ച് ശിശുസൗഹൃദ മുറിയിലേക്ക് മാറ്റി. എങ്കിലും കുട്ടിക്ക് സങ്കടമായിരുന്നു. ഇടയ്ക്ക് ഒരു തവണ അഞ്ചുമിനിറ്റ് അവന്‍ അമ്മയെ കണ്ടു. വീണ്ടും മുറിയിലേക്ക്. സങ്കടവും പേടിയും തോന്നിയ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ രാത്രി വൈകി നീതുവിന്റെ ബന്ധുക്കളെത്തി അവനെ ഏറ്റുവാങ്ങി. അമ്മ എവിടെയെന്നറിയാതെ അവന്‍ ബന്ധുക്കള്‍ക്കൊപ്പം മടങ്ങി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത കേസിലെ പ്രതിയായ നീതു രാജിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന നീതുവിന്റെ പരാതിയിലാണ് നടപടി. ഗാര്‍ഹിക പീഡനം, ബാല പീഢനം തുടങ്ങിയ വകുപ്പുകളും ഇബ്രാഹിമിനെതിരെ ചുമത്തും. 30 ലക്ഷവും സ്വര്‍ണവും തട്ടിയെടുത്തു, ഏഴുവയസുകാരന്‍ മകനെ മര്‍ദിച്ചു തുടങ്ങിയവയാണ് ഇബ്രാഹിമിനെതിരെ നല്‍കിയ പരാതിയില്‍ നീതു പറയുന്നത്. ഇയാളെ നാളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.
അതേസമയം, കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.
തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇബ്രാഹിമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായെങ്കിലും ഇത് അലസിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തിരുന്നു.
കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെക്കുല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതിയായ നീതു ഹോട്ടലില്‍ മടങ്ങിയെത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിന് ശേഷം വൈകിട്ട് 3.23ന് ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലിലേക്ക് നീതു മടങ്ങിയെത്തുന്ന സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഹോട്ടലില്‍ നിന്നും കൊച്ചിയിലേക്ക് പോകാനാണ് നീതു പദ്ധതിയിട്ടിരുന്നത്. കുട്ടിയെ തട്ടിയെടുത്ത ശേഷം ഹോട്ടലില്‍ എത്തിയപ്പോള്‍ നീതു നഴ്‌സിന്റെ കോട്ട് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ധര്‍മടത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ധര്‍മടം സ്വദേശിയും എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അദ്‌നാനെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടി ഏറെക്കാലമായി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് കഴിയുകയായിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പതിവായി മൊബൈലില്‍ ഗെയിം കളിച്ചിരുന്ന അദ്‌നാനന്‍ നേരത്തെയും ആത്മഹത്യാപ്രവണത കാണിച്ചിരുന്നു. ഒരുമാസം മുമ്പ് കൈഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒരുമാസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിലെ മുറിക്കുള്ളില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
കുട്ടിയുടെ മൊബൈല്‍ അടിച്ചുതകര്‍ത്തനിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഫോണ്‍ തകര്‍ത്തശേഷമായിരിക്കാം വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യ ചെയ്യാനുള്ള വിഷം വാങ്ങിയതും ഓണ്‍ലൈന്‍ വഴിയാണെന്നും കരുതുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
ഇടപ്പള്ളിയിൽ വെച്ച് കഴിഞ്ഞ ദിവസം എഎസ്ഐയെ കുത്തി പരിക്കേൽപ്പിച്ച പ്രതി വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായിരുന്ന പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. പൾസർ സുനി എഴിതിയ കത്ത് ദിലീപിന്റെ മാനേജർക്ക് കൈമാറിയത് വിഷ്ണുവായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് ആക്രമണം നടന്നത്. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനെയാണ് വിഷ്ണു കുത്തിപരിക്കേൽപ്പിച്ചത്. ഗിരീഷിന്റെ ആക്രമണത്തിൽ കുമാറിന്റെ കയ്യിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
കളമശ്ശേരിയിൽ നിന്നും കവർന്ന ബൈക്ക് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എച്ച്എംടി കോളനിയിലെ വിഷ്ണുവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലിസ് സ്ഥിരീകരിച്ചത്.
കുസൃതി കാണിച്ചുവെന്ന് ആരോപിച്ച് പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് അഞ്ചുവയസുകാരന്‍ അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. പൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
നാലുദിവസങ്ങള്‍ക്കു മുന്‍പാണ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പം തന്നെ ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. കണ്ണില്ലാത്ത ക്രൂരത അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
നിലവില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുമുന്‍പ് കുട്ടിക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തന്‍പാറ പോലീസ് പറയുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നീതും തിരുവല്ല കുറ്റൂര്‍ സ്വദേശിയായ സുധീഷിന്റെ ഭാര്യയാണ്. പ്രവാസിയായ സുധീഷ് വിദേശത്ത് ഓയില്‍ റിഗിലെ ജോലിക്കാരനാണ്. എട്ട് വയസുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സുധീഷ് നീതുവിനെ വിവാഹം ചെയ്തത്. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന് പറഞ്ഞാണ് നീതു ഹോട്ടലില്‍ റൂമെടുത്തത്. മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാന്‍ എത്തിയതെന്നായിരുന്നു ഹോട്ടല്‍ മാനേജറോട് ഇവര്‍ പറഞ്ഞത്.
കാമുകെ കാണിച്ച് ഭീഷണിപ്പെടുത്താന്‍ ഒരു കുഞ്ഞ് ആയിരുന്നു നീതുവിന്റെ ലക്ഷ്യം. ഭര്‍ത്താവ് വിദേശത്ത് കിടന്ന് ചോര നീരാക്കി ഉണ്ടാക്കിയ പണവും സ്വര്‍ണവും നീതു കാമുകനായ കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയ്ക്ക് നല്‍കി. നാട്ടുകാരുടെ മുന്നില്‍ വളരെ നല്ല സ്ത്രീയായിരുന്നു നീതു. എന്നാല്‍ ഇവര്‍ ഭര്‍ത്താവിനോട് ജോലി ആവശ്യത്തിന് എന്ന് പറഞ്ഞ് എറണാകുളത്തേക്ക് പോയി. കാമുകന്‍ ഇബ്രാഹിമിനൊപ്പം നീതു അടിച്ച് പൊളിച്ച് ജീവിക്കുമ്പോള്‍ ഭര്‍ത്താവോ വീട്ടുകാരോ നാട്ടുകാരോ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. പ്രണയം നടിച്ചപ്പോഴും കാമുകിയുടെ പണത്തിലായിരുന്നു യുവതിയുടെ കണ്ണ്.
ഇബ്രാഹിമും നീതുവും എറണാകുളത്ത് ഒരുമിച്ചായിരുന്നു താമസം. ഇബ്രാഹിമിന്റെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന നീതു പിന്നീട് ബിസിനസില്‍ പങ്കാളിയായി. ഇതിനിടെ നീതു ഗര്‍ഭിണിയായി. എന്നാല്‍ അത് അലസിപോയി. ഇക്കാര്യം കാമുകനെയും ബന്ധുക്കളെയും ഒന്നും അറിയിച്ചിരുന്നില്ല. പിന്നീടാണ് കാമുകന്‍ മറ്റൊരു വിവാഹത്തിനായി ശ്രമിക്കുന്നതെന്ന് അറിഞ്ഞത്.
ഇതോടെയാണ് വിവാഹിതയായ നീതു ഗൂഢാലോചന നടത്തിയത്. ഇബ്രാഹിം നീതുവിന്റെ കൈയ്യില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്തിരുന്നു. പണം തിരികെ വാങ്ങാനായി താന്‍ ഗര്‍ഭിണിയാണെന്ന് കാമുകനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പിന്നീട് യുവതി നടത്തിയ നീക്കങ്ങളാകട്ടെ നീതുവിന്റെ വഴിവിട്ട ജീവിതം ലോകം അറിയാനും കാരണമായി. നീതുവിന്റെ ഭര്‍ത്താവ് വിദേശത്ത് ആകുന്ന സമയത്താണ് ഇബ്രാഹിമും നീതുവും അടുക്കുന്നത്. ഇതിനിടെ നീതു ഗര്‍ഭിണിയുമായി.
കാമുകന്‍ കൈക്കലാക്കിയ പണവും സ്വര്‍ണവും തിരികെ വാങ്ങാനായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്. ഇതിനായി പലരോടും കുട്ടിയെ പണം കൊടുത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വേഷം ധരിച്ചെത്തി കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു. നഴ്സ് വേഷത്തില്‍ നീതു, അമ്മയുടെ സമീപമെത്തി കുട്ടിക്ക് മഞ്ഞനിറമുണ്ടെന്നും ചികിത്സ വേണമെന്നും പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു.
ഏറെ കഴിഞ്ഞിട്ടും തിരിച്ചുകിട്ടാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്. ഉടന്‍ ഗാന്ധിനഗര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് തിരച്ചിലിനിടെ, ആശുപത്രിക്ക് സമീപത്തെ ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്കില്‍ ഒരു സ്ത്രീ കുഞ്ഞുമായി എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.
ഹോട്ടലില്‍നിന്ന് കാര്‍ വിളിച്ചുകൊടുക്കാന്‍ നീതു ആവശ്യപ്പെട്ടതാണ്, കുഞ്ഞുമായി കടക്കാനുള്ള പദ്ധതി പൊളിച്ചത്. റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സ്, ടാക്സിഡ്രൈവര്‍ അലക്സ് സെബാസ്റ്റ്യനെ വിളിച്ചപ്പോള്‍ യാത്രോദ്ദേശ്യം തിരക്കി. ഒരു കുഞ്ഞുമായി യാത്രപോകാനെന്ന് എലിസബത്ത് പറഞ്ഞു. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ടെന്ന് എലിസബത്തിനെ ഡ്രൈവര്‍ അറിയിച്ചു. ഇതോടെ എലിസബത്ത് പൊലീസില്‍ അറിയിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എടുക്കാൻ അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ഇതിനായി ഒരു മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. സംവിധായകന് സമൻസ് അയച്ച ശേഷം ഒരു തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംസ്ഥാനസർക്കാർ നൽകിയ രണ്ട് ഹർജികൾ നാളെ ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഈ ഹർജികൾ ഹൈക്കോടതി പരിഗണിക്കുക.
കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. കേസിൽ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇത് വരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാൽ ഈ ആക്രമണദൃശ്യങ്ങൾ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു – ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും, ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു.
”ബാലൂ, എന്‍റെ ഫോണും വാട്സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണിൽ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാൻ കാത്തിരിക്കുകയാണ്”, എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാൻ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.
അതിനാലാണ് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാൻ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. ഇതിന് തുടർച്ചയായി ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനിൽകുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
ഇതിനിടെ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും ആലോചിക്കുന്നുണ്ട്. അന്വേഷണമേൽനോട്ടച്ചുമതലയും ഒരു ഉന്നത ഉദ്യോഗസ്ഥനെ തന്നെ ഏൽപിക്കും. നിലവിലെ അവസ്ഥയിൽ ഈ മാസം ഇരുപതിനകം വിചാരണക്കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് നൽകാനാകില്ല. ഈ സാഹചര്യത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാനാണ് പ്രോസിക്യൂഷൻ നീക്കം. ഇതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ തന്നെ സുപ്രീംകോടതിയെ ഇന്നലെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അടുത്ത മാസം പൂർത്തിയാക്കാനാണ് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ തന്നെ വിചാരണക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം അനിവാര്യമാണെന്നും അതിനാൽ വിസ്താരത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.