Crime

പത്തുകോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രവാസി വ്യവസായി അറസ്റ്റിൽ. ചേർത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോൺസൺ മാവുങ്കലാണ് പിടിയിലായത്. പത്തുകോടി വിലമതിക്കുന്ന പുരാവസ്തുക്കൾ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിയ കേസിലാണ് മോൺസൺ മാവുങ്കലിനെ തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോൺസൻ മാവുങ്കൽ. ഇയാളുടെ എറണാകുളം കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൺസൻ തട്ടിപ്പ് നടത്തിയത്.

ചേർത്തലയിലുള്ള വീട്ടിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ആരോപണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ വള്ളിത്തോടാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ജസ്റ്റിന്റെ ഭാര്യ ജിനിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ നാട്ടുകാരും വന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനത്തിലേക്ക് തിരികെ ഓടിക്കാന്‍ ഉള്ള ശ്രമം തുടരുന്നു.

അതിനിടെ, നിര്‍ത്തിയിട്ടിരുന്ന ജെ സി ബി ക്കെതിരെ യും ആന ആക്രമണത്തിന് മുതിര്‍ന്നിട്ടുണ്ട്. ജെസിബി കുത്തിമറിയ്ക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിയുകയും ചെയ്തിട്ടുണ്ട്. ഇപ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തു പോയ സ്‌കൂട്ടര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തി. നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളും മറിഞ്ഞ് ഇരുവര്‍ക്കും പരിക്കേറ്റു. സ്ത്രീക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. ഇവര്‍ക്ക് ചുണ്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, യുവാവിന്റെ കൈവിരലും ഒടിഞ്ഞു.

തയ്യല്‍കട നടത്തുകയായിരുന്ന കുന്നന്താനം സ്വദേശിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് ഇവര്‍ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന വഴിയില്‍ ജയകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കിനെ മറികടന്നു. ഇതില്‍ പ്രകോപിതനായ ജയകൃഷ്ണന്‍ പിന്നാലെയെത്തി മല്‍സരഓട്ടത്തിന് ക്ഷണിച്ചു. വേഗം നിയന്ത്രിച്ച് ഓടിച്ച സ്ത്രീയെ തോളില്‍ പിടിച്ച് തള്ളി.

ഇതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ജയകൃഷ്ണന്‍ റോഡില്‍ വീണു. ബൈക്ക് നിരങ്ങിച്ചെന്ന് ഇടിച്ച് സ്‌കൂട്ടറും മറിഞ്ഞു. സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

വൈക്കം ചെമ്പിൽ വിദ്യാർത്ഥിനിയായ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമർജിത്, വടക്കേ ബ്ലായിത്തറയിൽ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്പിൽ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്.

ഇരുവരെയും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുന്നതിനിടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവര്‍ക്കിടയില്‍ പ്രണയയോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി.

ഹോട്ടൽ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു. ഇരുവരുടേയും ആത്മഹത്യക്ക് കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച്‌ നിലവില്‍ സംശയങ്ങള്‍ ഒന്നുമില്ലെന്ന് വൈക്കം ഡിവൈഎസ്പി എ ജെ തോമസ് വ്യക്തമാക്കി.

പതിമൂന്നു വയസ്സുകാരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡാണ് മരിച്ചത്. ഏതെങ്കിലും മൊബൈല്‍ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണോയെന്ന് പൊലീസ് സംശയിക്കുന്നു.

ബന്ധുവീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ജെറോള്‍ഡ്. ഒരു മാസമായി ജെറോള്‍ഡ് ഇവിടെ താമസിച്ചുവരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്‌ശേഷം 3.45 ഓടെ ടെറസില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു.

കൂടാതെ ഇരുകാലുകളിലും കയര്‍ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. കുട്ടിയെ ഉടന്‍ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയം മറ്റ് കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു.

വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് കാലുകള്‍ ബന്ധിച്ചതായി ശ്രദ്ധയില്‍പെട്ടത്. സമീപത്ത് കസേരയും ഉണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. കാല്‍ കെട്ടിയിരുന്ന കയര്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. വിശദമായ പരിശോധനയ്ക്കായി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കും.

ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം ഒരു നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഏരുവേശ്ശി മുയിപ്ര ഞെക്ലിയിലാണ് ദാരുണ സംഭവം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയായിരുന്ന സതീഷ് കുറച്ചുദിവസമായി മരുന്ന് കഴിക്കാറില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ഗള്‍ഫില്‍ ഷെഫായി ജോലിചെയ്തിരുന്ന സതീഷ് നാലുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ സതീഷിന്റെ സ്വഭാവത്തില്‍ ചെറിയ മാറ്റംകണ്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പോകാനായി സഹോദരന്‍ സനോജ് വീട്ടില്‍ എത്തിയിരുന്നു.

അപ്പോഴാണ് സംഭവം. രാവിലെ അമ്മയെ മുറിക്ക് പുറത്താക്കി കിടപ്പുമുറിക്കുള്ളില്‍ കയറി കതകടച്ച സതീഷ് ഭാര്യയെയും കുഞ്ഞിനെയും കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് സ്വയം കഴുത്തറുക്കുകയും ചെയ്തു. നിലവിളിശബ്ദംകേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും സമീപവാസികളും ചേര്‍ന്ന് മുറിയുടെ പുറത്തെ ജനല്‍വഴി നോക്കിയപ്പോഴാണ് ചോരയില്‍ മുങ്ങിയ മൂവരെയും കണ്ടത്. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് ഇവരെ പുറത്തെത്തിച്ചത്.

കുട്ടി മുറിക്കകത്തെ കസേരയ്ക്ക് സമീപവും സതീഷും അഞ്ജുവും നിലത്തുമാണ് വീണുകിടന്നിരുന്നതെന്ന് ആദ്യം ഓടിയെത്തിയ സമീപവാസി മാത്യു കൊട്ടാരത്തില്‍ പറഞ്ഞു. ഉടനെ അഞ്ജുവിനെയും കുഞ്ഞിനെയും സഹോദരന്‍ സനോജും സമീപവാസികളും ചേര്‍ന്ന് ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

സതീഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇയാളുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. തലയ്ക്ക് പിന്നിലാണ് മകന്‍ ധ്യാന്‍ദേവിന് കുത്തേറ്റത്. ഭാര്യ അഞ്ജുവിന് കഴുത്തിനാണ് കുത്തേറ്റത്. ചികിത്സയില്‍ കഴിയുന്ന അഞ്ജുവിന്റെ നില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷം ഈ മാര്‍ച്ചിലാണ് സതീഷിനും അഞ്ജുവിനും കുഞ്ഞ് ജനിച്ചത്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സതീഷ് ഇടയ്ക്ക് ചില പരിപാടികള്‍ക്ക് പാചകം ചെയ്യാന്‍ പോകുന്നതല്ലാതെ കാര്യമായ ജോലിയൊന്നും ചെയ്തിരുന്നില്ല. സതീഷിന് മാനസികാസ്വാസ്ഥ്യമുള്ളതായി സമീപവാസികള്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു ഇക്കാര്യം അറിയുന്നത്.

പ്രൈവറ്റ് സെക്രട്ടറിയെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ തൊഴിലുടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപുറിലാണ് സംഭവം. ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയശേഷം പത്താം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടാണ് 19കാരിയെ കൊലപ്പെടുത്തിയത്. അപകടമരണമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

കേസിലെ പ്രതി കാൻപുറിലെ ഒരു ഡയറി ഫാം ഉടമയാണ് . തന്റെ പ്രൈവറ്റ് സെക്രട്ടറിയായ യുവതിയോട് ഇയാൾ ജോലി സംബന്ധിച്ച ചില പേപ്പറുകൾ നോക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇയാളുടെ ഫ്ളാറ്റിൽ എത്തിച്ചു. തുടർന്ന് തനിക്ക് വഴങ്ങണമെന്നും പണം നൽകാമെന്നും പറഞ്ഞെങ്കിലും യുവതി അതിന് തയ്യാറായില്ല. ഇതോടെ പ്രതി യുവതിയെ ഫ്ളാറ്റിനുള്ളിൽ വെച്ച് ബലാത്സംഗത്തിന് ഇരയാക്കി.

തനിക്ക് നേരിടേണ്ടി വന്ന അപമാനം മറ്റുള്ളവരെ അറിയിക്കുമെന്നും പൊലീസിൽ പരാതി നൽകുമെന്നും യുവതി പറഞ്ഞതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. മർദ്ദിച്ച് അവശയാക്കിയ ശേഷം ഫ്ളാറ്റിലെ പത്താം നിലയിൽ നിന്ന് തൊഴിലുടമ യുവതിയെ താഴേക്ക് തള്ളിയിടുകയായിരുന്നു.

വായ്പ ലഭിക്കാന്‍ സാധ്യതയില്ലാതീയതോടെ മനംമടുത്ത യുവാവ് സ്വയംതൊഴില്‍ സംരംഭം തുടങ്ങനായി നിര്‍മ്മിച്ച ഷെഡില്‍ തൂങ്ങിമരിച്ചു. കണ്ണൂര്‍ കേളകം പഞ്ചായത്തില്‍ നിസാര്‍ കവല സ്വദേശി അഭിനന്ദ് നാഥ്(23) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ അഭിനന്ദിനെ കണ്ടെത്തിയത്.

ബാങ്ക് വായ്പ ലഭിക്കാന്‍ സാധ്യതയില്ലെന്നും പ്രതീക്ഷകള്‍ നശിച്ചതായും വീട്ടുകാകരോടും സുഹൃത്തുക്കളോടും സൂചിപ്പിച്ചതിന് പിന്നാലെയാണ് അഭിനന്ദ് ആത്മഹത്യ ചെയ്തത്. കമ്പിവേലി നിര്‍മാണ യൂണീറ്റ് തുടങ്ങാനായിരുന്ന അഭനന്ദിന്റെ പദ്ധതി.

മുന്‍പ് വിദേശത്ത് പോകാന്‍ ശ്രമിച്ചെങ്കിലും ഏജന്റിന്റെ വഞ്ചനയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി സംരംഭം തുടങ്ങാന്‍ അഭിനന്ദ് ആരംഭിക്കാന്‍ പദ്ധതിയിട്ടത്.

കൈവശമുള്ള പണവും വായ്പ തുകയും ചേര്‍ത്ത് സംരംഭം തുടങ്ങനായിരുന്നു ശ്രമം. വായ്പ ലഭിക്കുന്ന പ്രതീക്ഷയില്‍ ആയിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞത്. ഇതോടെ അഭിനന്ദ് നിരാശനായിരുന്നു. മൂന്നു മാസം മുന്‍പാണ് അഭിനന്ദ് വിവാഹം കഴിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056

കണ്ണൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശി സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനേയും അഞ്ജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടിയാന്മല പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് ഇത്തരം ഒരു കൃത്യത്തിൽ കലാശിച്ചതെന്നാണ് ലഭിക്കും പ്രാഥമിക വിവരങ്ങൾ.

 

ഒരു വയസുള്ള കുഞ്ഞിന്റെ കുസൃതി കൂടിയതോടെ മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത മുത്തശ്ശി അറസ്റ്റിൽ. കുഞ്ഞിന്റെ വായിൽ ബിസ്‌കറ്റ് കവർ തിരുകി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കോയമ്പത്തൂർ ആർഎസ് പുരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് അറസ്റ്റുചെയ്തു.

ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകൾ നന്ദിനിയുടെ ഇലയമകനായ ഒരുവയസ്സുള്ള ദുർഗേഷാണ് ശ്വാസംമുട്ടി മരിച്ചത്. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലിൽ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേൽക്കാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് തൊട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്.

ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മർദിച്ചതിന്റെ പാടുകൾ കണ്ടെത്തിയത്.

വിശദമായി പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി അറിയിച്ചിരുന്നു. പിന്നീട് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

കുട്ടിക്ക് താഴെവീണുകിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇക്കാര്യത്തിൽ തുടർച്ചയായ അസ്വസ്ഥത നാഗലക്ഷ്മി പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഇത്തരത്തിൽ കുട്ടി വായിലെന്തോ ഇട്ടതോടെ ക്ഷോഭത്തിൽ ബിസ്‌കറ്റ് കവർ കുട്ടിയുടെ വായിൽ തിരുകുകയായിരുന്നു. പിന്നീട് തൊട്ടിലിൽ ഉറങ്ങാൻ കിടത്തി ഇവർ മറ്റുജോലിക്കായി പോയി. വായിൽ കുടുങ്ങിയ പേപ്പറാണ് കുഞ്ഞിന് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.

RECENT POSTS
Copyright © . All rights reserved