ഇന്ത്യന്‍ ഷൂട്ടര്‍ നമന്‍വീര്‍ സിംഗ് ബ്രാര്‍ മരിച്ച നിലയില്‍. മോഹാലിയിലെ വീട്ടിലാണ് നമന്‍വീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയിലാണ് വെടിയേറ്റിട്ടുള്ളത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കു എന്ന് പൊലീസ് അറിയിച്ചു.
‘ഇപ്പോള്‍ നമന്‍വീറിന്റെ മരണം ആത്മഹത്യയോണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഒരു പക്ഷേ തോക്കില്‍ നിന്നും അബദ്ധവശാല്‍ വെടിയേറ്റതാവാനും സാധ്യതയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കൂ,’ മൊഹാലി ഡി.സി.പി ഗുര്‍ഷര്‍ സിംഗ് സന്ധു പറഞ്ഞു.
2015ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് നമന്‍വീര്‍. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
അതേവര്‍ഷം നടന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും താരം വെങ്കലം നേടിയിരുന്നു. 2016-ല്‍ പോളണ്ടില്‍ വെച്ച് നടന്ന എഫ്.ഐ.എസ്.യു ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും നമന്‍വീര്‍ വെങ്കലം നേടിയിരുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയാണ് ഭക്ഷണം കഴിക്കാനെത്തിയവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്യാന്റീനിൽ പ്രശ്‌നമുണ്ടാക്കിയവർക്കെതിരേ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഘർഷത്തെ തുടർന്ന് ക്യാന്റീനിലെ ചെറിയ അലമാരകൾ അടക്കമുള്ളവയക്ക് നാശം സംഭവിച്ചു. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ ഇവർക്കെതിരേ പോലീസിൽ പരാതി നൽകി. പോലീസ് ഇവരെ മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം.
ആശുപത്രി ക്യാന്റീനിൽ പുറത്തുനിന്നുള്ളവർക്ക് വരാനായി പ്രത്യേകം വാതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആ വാതിലിലൂടെ അകത്തുവന്ന സമീപവാസികളായ ആളുകളാണ് ബഹളമുണ്ടാക്കിയതെന്നാണ് പരാതി. ഭക്ഷണത്തിന്റെ രുചി പോരെന്ന് പറഞ്ഞു തുടങ്ങിയ തർക്കം പിന്നീട് കൂട്ടയടിയിൽ കലാശിക്കുകയായിരന്നു.
കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചതഞ്ഞരഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍ ജില്ലയിലെ അന്നൂര്‍ താലൂക്ക് കരിയം പാളയം സ്വദേശിനി സി. ലക്ഷ്മി(80) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അവിനാശി റോഡിലെ സ്വകാര്യ കോളേജിലെ കാന്റീന്‍ ജീവനക്കാരിയായിരുന്നു ഇവര്‍. പുലര്‍ച്ചെ ജോലിക്കായി നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ നെഹ്‌റുനഗര്‍ ഇന്ദിരാ നഗറില്‍ എം. ഫൈസല്‍ (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് ആറിന് പുലര്‍ച്ചെ തിരുച്ചിറപ്പള്ളി പോയി തിരിച്ചു വരുന്നതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ആഡംബര വാഹനം ആണ് ലക്ഷ്മിയെ ഇടിച്ചിട്ട് നില്‍ക്കാതെ പോയത്. പിറകെ എത്തിയ തിരുവള്ളുവര്‍ ജില്ലാ രജിസ്‌ട്രേഷനുള്ള ആഡംബര വാഹനത്തില്‍ ദേഹം കുടുങ്ങി വലിച്ചിഴച്ച നിലയിലാണ് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടത്. എന്നാല്‍ തുടരന്വേഷണത്തില്‍ അതേപോലെയുള്ള മറ്റൊരു ആഡംബര വാഹനമാണെന്ന് കണ്ടെത്തിയെങ്കിലും വാഹനത്തെയും ഇടിച്ച ആളെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പീളമേട് പോലീസ് അന്വേഷിച്ചിരുന്ന കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ സിറ്റി ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന് കൈമാറി. ഓഗസ്റ്റ് ആറിന് പുലര്‍ച്ചെയാണ് നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് വിങ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത് ഇടിച്ച വാഹനത്തെ അന്വേഷിച്ചുള്ള യാത്രയില്‍ നഗരത്തിലെ എല്ലാ വര്‍ക്ക് ഷോപ്പുകളിലും പരിശോധന നടത്തേണ്ടി വന്നു. ഇതില്‍ പട്ടണം പ്രദേശത്തെ വര്‍ക്ക് ഷോപ്പില്‍നിന്നും ഇടിച്ച വാഹനത്തിന്റെ സാദൃശ്യമുള്ള ആഡംബര വാഹനത്തെ കണ്ടെത്തി മെക്കാനിക്കിനെ ചോദ്യംചെയ്തപ്പോഴാണ് വാഹനത്തിന്റെ അടിയില്‍നിന്നും അപകടസമയത്ത് സ്ത്രീ ധരിച്ചിരുന്ന സാരിയുടെ കഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാഹന ഉടമ ഫൈസലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ ആദ്യം സംഭവം നിരാകരിച്ചു. എങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞതോടെ വാഹനവുമായി താന്‍ ആ സമയത്ത് ഉണ്ടായിരുന്നുവെങ്കിലും ഇടിച്ച് കാര്യം അറിയില്ലെന്നാണ് പിന്നീട് പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
കോയമ്പത്തൂര്‍ അവിനാശി റോഡില്‍ സി.ഐ.ടി കോളേജിലെ കാന്റീന്‍ ജീവനക്കാരിയായി വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മി. അന്നൂര്‍ കരിയാന്‍ പാളയത്ത് നിന്ന് മൂന്നര മണിക്കൂറോളം നടന്നാണ് ജോലിക്ക് എത്തിയിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതും നടന്നാണ്. ചില ദിവസങ്ങളില്‍ കാന്റീനില്‍ തന്നെ കഴിയുന്നത് കാരണം വീട്ടുകാരും അന്വേഷിച്ചില്ല.
കാന്റീന്‍ നടത്തിപ്പുകാരും വീട്ടില്‍ ആണെന്നാണ് ധരിച്ചത്. ഇതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്. കോളേജുകള്‍ തുറക്കുന്നതുവരെ വീട്ടിലായിരുന്ന ലക്ഷ്മി ഒരാഴ്ച മുമ്പാണ് വീണ്ടും നടന്നു തന്നെ ജോലിക്കെത്തി തുടങ്ങിയത്. വര്‍ഷങ്ങളായുള്ള ശീലം പിന്തുടരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് ആരാരുമറിയാതെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുള്ളത്.
കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യ ഗൈഡിന്റെ മാനസിക പീഡനം മൂലമാണെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് കുടുംബം. ഗൈഡ് ഡോക്ടർ എൻ രാധിക മാനസികമായി തകർത്തതാണ് കൃഷ്ണകുമാരിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർത്ഥിയായി കൃഷ്ണ കുമാരി അമൃത കോളേജിൽ ചേർന്നത്. അഞ്ച് വർഷമായി ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ കോയമ്പത്തൂരിലെ അമൃത കോളേജിലാണ് ഗവേഷണം നടത്തിയിരുന്നത്.
ബ്ലൂ വെയ്ൽ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നൽകി ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചത് കൃഷ്ണ കുമാരിയുടെ ഗൈഡായ ഡോക്ടർ എൻ രാധികയും അവർക്കൊപ്പമുള്ള ബാലമുരുകൻ എന്നയാളുമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രബന്ധത്തിൽ തിരുത്തൽ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ഗൈഡിന്റെ വാദം. ഇതുശരിയല്ലെന്നാണ് കൃഷ്ണ കുമാരിയുടെ സഹോദരി രാധിക പറയുന്നത്. കഴിഞ്ഞ ദിവസം കോളേജിൽ എത്തിയപ്പോൾ എന്തോ എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും മോശമായാണ് പെരുമാറിയതെന്നും കൃഷ്ണ കുമാരി പറഞ്ഞിരുന്നുവെന്ന് സഹോദരി പറഞ്ഞു.
പൂർത്തിയാക്കി പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് ഗൈഡ് തിരുത്തലുകൾ പറഞ്ഞ് തടഞ്ഞതെന്നും എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ പബ്ലിഷിങ്ങിന് വിടുമായിരുന്നോ എന്നുമാണ് സഹോദരി ചോദ്യം ചെയ്യുന്നത്.
‘എപ്പോഴും കറക്ഷൻ എന്ന് പറഞ്ഞാണ് മാനസികമായി തളർത്തിയത്. പഠനത്തിൽ വളരെ മികവ് കാണിച്ചിരുന്ന കൃഷ്ണ കുമാരി പ്രബന്ധത്തിന് അംഗീകാരം ലഭിക്കാത്തതിൽ മാനസികമായി തകർന്നിരുന്നു. ഓരോ തവണ പ്രബന്ധം അംഗീകരിക്കാനായി സമർപ്പിക്കുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്’- കുടുംബം ആരോപിക്കുന്നു.
എന്നാൽ കൃഷ്ണയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമെന്ന് അധ്യാപിക എന്‍. രാധിക. പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കൃഷ്ണയുടെ ബന്ധുക്കളുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അധ്യാപിക.
ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ അടുപ്പക്കാരനായ യുവാവിനെ പൊലീസ് തിരയുന്നു. സവിതയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്
സവിതയെന്ന യുവതിയാണ് വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മണപ്പള്ളി സ്വദേശി പ്രവീണുമായി സവിത അടുപ്പത്തിലായിരുന്നു. സവിത മരിച്ച ദിവസം വീട്ടില്‍ പ്രവീണിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആത്മഹത്യക്ക് പ്രേരകമാം വിധം പ്രവീണിന്‍റെ ഇടപെടല്‍ ഉണ്ടായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പ്രവീണ്‍ സവിതയെ വലയിലാക്കിയത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. സവിത മരിച്ച രാത്രി പ്രവീണ്‍ സവിതയുടെ വീട്ടിലെത്തിയിരുന്നു. പ്രവീണിന്‍റെ ബഹളം കേട്ടാണ് സവിതയുടെ ഭര്‍ത്താവിന്‍റെ വീട്ടുകാരും അയല്‍ക്കാരും ഉണര്‍ന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ആന്തരിക അവയവങ്ങളും പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രവീണയും സവിതയുമായുള്ള ചില കത്തിടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ പോയ പ്രവീണിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വള്ളികുന്നം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ചെന്നൈയ്ക്കു സമീപമുള്ള ആമ്പൂരിലെ കുന്നിന്‍മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കെത്തിയ കുടുംബത്തിലെ മൂന്നു പേരുടെ മരണം തമിഴ്നാടിനെ കരയിപ്പിക്കുകയാണ്. വാഹനങ്ങള്‍ കടന്നുചെല്ലാത്ത രണ്ടു കിലോമീറ്റര്‍ ദൂരം മക്കളുടെ മൃതദേഹങ്ങളെ അനുഗമിക്കുന്ന ഇൗ മാതാപിതാക്കളുടെ ദൃശ്യങ്ങൾ നോവുന്ന കാഴ്ചയാവുകയാണ്.
വെല്ലൂര്‍ ആമ്പൂരിലെ കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലെ കുളത്തിലെ രണ്ടുകുട്ടികളുടെ മുങ്ങിമരണമാണ് കാണുന്നവരുടെ ഹൃദയത്തില്‍ കൊളുത്തിവലിക്കുന്നത്. ഉത്തരഖണ്ഡ് സ്വദേശി ലോകേശ്വരനും ഭാര്യ മീനാക്ഷിയും രണ്ടുമക്കളും വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായാണ് ക്ഷേത്രത്തില്‍ എത്തിയത്. വിശ്രമിക്കുന്നതിനിടെ ആറുവയസുകാരി ഹരിപ്രീത കാല്‍ വഴുതി കുളത്തില്‍വീണു. സഹോദരിയെ രക്ഷിക്കാനായി എട്ടുവയസുകാന്‍ ജസ്വന്ത് എടുത്തുചാടി.
ഇരുവരും കുളത്തിന്റെ ആഴങ്ങളിലേക്കു മുങ്ങിപോകുന്നതു നിസഹായനായി നോക്കിനില്‍ക്കാനേ അച്ഛന് കഴിഞ്ഞൊള്ളു. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. ഒരുമണിക്കൂറിന് ശേഷം ആമ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തത്.കുന്നിന്‍മുകളില്‍ നിന്ന് 2 കിലോമീറ്റര്‍ ദുരമുണ്ട് റോഡിലേക്കെത്താന്‍. ആളുകള്‍ കാഴ്ചക്കാരായതല്ലാതെ ആരും മൃതദേഹം ചുമലിലേറ്റാന്‍ തയ്യാറില്ല. ഒടുവില്‍ പൊലീസ് സംഘത്തിലെ എസ്.ഐ പെണ്‍കുട്ടിയുടെ മൃതദേഹം ചുമലിലേറ്റി കുന്നിറങ്ങി.ഹതഭാഗ്യരായ ആ അച്ഛനും അമ്മയും പിന്നാലെയും.
രാത്രി മുഴുവന്‍ ആമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ കരഞ്ഞു കഴിച്ചുകൂട്ടി ലോകേശ്വരനും ഭാര്യ മീനാക്ഷിയും. രാവിലെ ആശുപത്രിയി്ല്‍ നിന്ന് ഇറങ്ങി്യ ഇരുവരും നേരെ പോയത് ആമ്പൂര്‍ റയില്‍വേ സ്റ്റേഷനിലേക്കാണ്. പ്ലാറ്റ് ഫോമിലെ കടയില്‍ നിന്നും ജ്യൂസ് വാങ്ങിയ ലോകേശ്വരന്‍ അതില്‍ കീടനാശിനി കലർത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാന്‍ ശ്രമിച്ച ഭാര്യയെ അനുവദിക്കാതെ തള്ളിയാഴെയിട്ട് ലോകേശ്വരന്‍ കുഴഞ്ഞുവീണു. യാത്രക്കാരും റെയില്‍വേ പൊലീസും ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ലോകേശ്വരനും മരിച്ചിരുന്നു.
കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റ് പോലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫ്ളാറ്റിന്റെ ലെഡ്ജര്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി. ഒരു മാസത്തിനിടെ നൂറോളം പേര്‍ ഫ്ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.
ഇന്ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതിഷേധവുമുണ്ടായി. സമാന സംഭവങ്ങള്‍ മുന്‍പും ഫ്ളാറ്റില്‍ നടന്നിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും അധികൃതര്‍ കാര്യമായ നടപടിയെടുത്തില്ലെന്നുമാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടിയത്.
കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേരാണ് പ്രതികള്‍. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെഎ അജ്നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ എന്‍പി വീട്ടില്‍ ഫഹദ് എന്നിവരെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം അടുത്ത റൂമില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി വീണ്ടും ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് കേസ്.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക് ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഓയിൽ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷമാണ് യുവതി കൂട്ടബലാത്സംഗം നടന്നത്. പ്രതികളുടെ ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തപ്പോള്‍ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നു കളഞതായി പോലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ ഈ പീഡന വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കണ്ണൂര്‍ ജില്ലയെ നടുക്കി ദൃശ്യം മോഡല്‍ കൊലപാതകം. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്റെ ശൗചാലയത്തില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു. മറുനാടന്‍ തൊഴിലാളിയായ അഷിക്കുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്.
പരേഷ് നാഥ്, ഗണേഷ് എന്നിവരാണ് പ്രതികള്‍. പണത്തിനുവേണ്ടിയായിരുന്നു കൃത്യം നടത്തിയതെന്ന് പ്രതി പരേഷ് നാഥ് മണ്ഡല്‍ പൊലീസിനോട് പറഞ്ഞു. ഗണേഷ് ഒളിവിലാണ്. മൃതദേഹം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു.
ദൃശ്യം സിനിമ മോഡലിലായിരുന്നു കൊലപാതകം. എന്നാല്‍ ദൃശ്യം കണ്ടിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസിച്ച് തേപ്പുപണി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമും സംഘവും.
ജൂണ്‍ 28നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പരേഷ് നാഥും ഗണേഷ് എന്നയാളും കൂടി അഷിക്കുലിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ചാക്കിലാക്കി പണി നടന്നുകൊണ്ടിരിക്കുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു.
അപ്പോള്‍ തന്നെ നിലം കോണ്‍ക്രീറ്റ് ഇടുകയും ചെയ്തു. കൃത്യം നടത്തിയതിന്റെ പിറ്റേന്ന് ഒന്നും സംഭവിക്കാത്തതുപോലെ പ്രതികള്‍ ജോലിയ്‌ക്കെത്തി. അഷിക്കുലിനെ കാണാനില്ലെന്ന് അറിഞ്ഞ് സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ നാടുവിട്ടു.
ഇതോടെയാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മുംബയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
ഇരിക്കൂര്‍(കണ്ണൂര്‍): കാണാതായ മറുനാടന്‍ തൊഴിലാളി അഷിക്കുല്‍ ഇസ്ലാമിനെ സുഹൃത്തുക്കള്‍ തന്നെ കൊന്ന് കുഴിച്ചുമൂടിയതറിഞ്ഞ് ഞെട്ടലിലായിരുന്നു പെരുവളത്ത്പറമ്പ് കുട്ടാവിലെ നാട്ടുകാര്‍. കുട്ടാവിലെ പണി നടക്കുന്ന കെട്ടിടത്തിന്റെ ശൗചാലയത്തില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തപ്പോള്‍ നിരവധിപേരാണ് തടിച്ചുകൂടിയത്.
‘ദൃശ്യം’ സിനിമയെ ഓര്‍മിപ്പിക്കുംവിധം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു. ‘ദൃശ്യം’ സിനിമയുടെ മലയാള പതിപ്പോ ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ പ്രതി പരേഷ് നാഥ് മണ്ഡല്‍ പോലീസിനോട് പറഞ്ഞത്.
ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസിച്ച് തേപ്പുപണി ചെയ്തുവരികയായിരുന്നു അഷിക്കുല്‍ ഇസ്ലാമും പരേഷ്നാഥ് മണ്ഡലും ഉള്‍പ്പെട്ട സംഘം. കഴിഞ്ഞ ജൂണ്‍ 28-നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പ്രതികള്‍ അഷിക്കുല്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയത്. പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.തുടര്‍ന്ന് ചാക്കിലാക്കി പണി നടന്നുകൊണ്ടിരിക്കുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു. അന്നേദിവസംതന്നെ ഇവര്‍ നിലം കോണ്‍ക്രീറ്റ് ഇടുകയും ചെയ്തു. തൊട്ടടുത്ത ദിവസം പതിവുപോലെ രണ്ടുപേരും അവിടെ പണിക്കെത്തിയതായും പറയുന്നു. ബാത്ത്‌റൂമില്‍ കുഴിച്ചിടാമെന്ന് ഗണേഷാണ് പറഞ്ഞതെന്ന് പരേഷ് നാഥ് പോലീസിനോട് പറഞ്ഞു.
അഷിക്കുല്‍ ഇസ്ലാമിനെ കാണാതായതോടെ അന്നുതന്നെ സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ പരേഷും ഗണേഷും മുങ്ങുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരെക്കുറിച്ച് തുമ്പും ലഭിച്ചിരുന്നില്ല. സംഭവത്തിനുശേഷം സ്വിച്ചോഫ് ചെയ്ത പരേഷ്നാഥിന്റെ മൊബൈല്‍ ഇടക്കിടെ ഓണ്‍ ചെയ്തപ്പോള്‍ പിന്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. ഗണേഷിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പോലീസ് അറിയിച്ചു.
സമാന കൊലപാതകം മുന്‍പും
പണത്തിനായി ഒന്നിച്ച് താമസിക്കുന്നയാളെ കൊലപ്പെടുത്തിയ സംഭവം മുന്‍പും ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നിട്ടുണ്ട്. മൂന്നുവര്‍ഷം മുന്‍പ് ഊരത്തൂര്‍ പറമ്പില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ജൂലായിലാണ് അസം സ്വദേശി സാദിഖലിയെ പോലീസ് അറസ്റ്റുചെയ്തത്.പണത്തിനായി സ്വന്തം മുറിയില്‍ താമസിച്ചിരുന്ന സ്വന്തം നാട്ടുകാരനായ സയ്യിദലിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 100 മീറ്റര്‍ അകലെയുള്ള ചെങ്കല്‍പ്പണയില്‍ കുഴിച്ചിടുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം 2018 ഫെബ്രുവരി 24-ന് ഊരത്തൂര്‍ പി.എച്ച്.സിയുടെ സമീപത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതാണ് ഈ കേസില്‍ വഴിത്തിരിവായത്.
ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി, പക്ഷേ, കണക്കുക്കൂട്ടലുകള്‍ തെറ്റി
കണ്ണൂര്‍: ഇനിയൊരിക്കിലും പിടികൂടില്ലെന്ന് ഉറപ്പാക്കി കെട്ടിടനിര്‍മാണ ജോലിയില്‍ മുഴുകിയിരിക്കെയാണ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതി പരേഷ്‌നാഥ് മണ്ഡല്‍ പോലീസിന്റെ പിടിയിലായത്.ജൂണ്‍ 28 മുതലാണ് ഈ യുവാവിനെ കാണാതായത്. അന്നുതന്നെ പ്രതികളായ പരേഷ്‌നാഥ് മണ്ഡലിനെയും ഗണേഷിനെയും കാണാതായി. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പോയശേഷം ഇസ്ലാമിനെ കാണാനില്ലെന്ന് ഇയാളുടെ സഹോദരന്‍ മോമിനെ മണ്ഡല്‍ വിളിച്ചറിയിച്ചിരുന്നു. മട്ടന്നൂരില്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയായ മോമിന്‍ ഇരിക്കൂറിലെത്തി പോലീസില്‍ പരാതിയും നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍, ഇസ്ലാം മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ നല്‍കിയ ഷോപ്പിനടുത്ത നിരീക്ഷണ ക്യാമറയില്‍ അയാള്‍ നടന്നുപോകുന്ന ദൃശ്യം കണ്ടു.ഇസ്ലാമിനെ കാണാതായ ദിവസം തന്നെ ഒരുമിച്ച് താമസിക്കുന്ന മറ്റു രണ്ടുപേരും മുങ്ങിയത് ഇവരെ ചുറ്റിപ്പറ്റിയുള്ള സംശയത്തിന് ബലം നല്‍കി.ഇതിനുശേഷം രണ്ടുപേരുടെയും ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കുറേനാള്‍ കഴിഞ്ഞശേഷം മണ്ഡലിന്റെ ഫോണ്‍ ഇടയ്ക്ക് പ്രവര്‍ത്തിക്കുന്നതായി അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മഹാരാഷ്ടയിലുണ്ടെന്ന് വ്യക്തമായി.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇരിക്കൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. റോയി ജോണ്‍, പോലീസുകാരായ ഷംഷാദ്, ശ്രീലേഷ് എന്നിവരും ആളെ തിരിച്ചറിയാന്‍ കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമിന്റെ സഹോദരന്‍ മോമിനും കഴിഞ്ഞ ശനിയാഴ്ച മുംബൈയിലേക്ക് പുറപ്പെട്ടു. മുംബൈയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ പാല്‍ഗര്‍ എന്ന സ്ഥലത്തെ ടവറിന്റെ പരിധിയിലാണ് മണ്ഡലിന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കി.
മഹാരാഷ്ട്ര പോലീസിന്റെ ഒരു കോണ്‍സ്റ്റബിളിനുപുറമെ, ഈ പ്രദേശം നന്നായി അറിയാവുന്ന മലപ്പട്ടം സ്വദേശിയും മുംബൈയിലെ ബിസിനസുകാരനുമായ നാരായണന്‍ നമ്പ്യാരുടെ സഹായവും കിട്ടിയെന്ന് മലപ്പട്ടംകാരനായ പ്രിന്‍സിപ്പല്‍ എസ്.ഐ. ഷീജു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോലീസ് സംഘമെത്തുമ്പോള്‍ പ്രതി കെട്ടിടനിര്‍മാണ ജോലിയിലായിരുന്നു.ഇസ്ലാമിന്റെ സഹോദരന്‍ മോമിന്‍ പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് വളഞ്ഞപ്പോള്‍ രക്ഷപ്പെടാനൊന്നും ശ്രമിക്കാതെ മണ്ഡല്‍ കീഴടങ്ങി. സംഭവങ്ങളെല്ലാം വിവരിക്കുകയും ചെയ്തു. പ്രതിയുമായി തിങ്കളാഴ്ചയാണ് പോലീസ് സംഘം വിമാനത്തില്‍ നാട്ടിലെത്തിയത്.
സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇപ്പോൾ പി ആർ എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ്.
ഗവ. മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.