Crime

മൊബൈൽ ഫോൺ മോഷ്​ടിച്ചെന്നാരോപിച്ച് മൂന്ന് വയസ്സുകാരിക്കും പിതാവിനും പൊതുനിരത്തിൽ വനിതാ പൊലീസി​െൻറ ഭീഷണിയും വിചാരണയും. പൊലീസ് വാഹനത്തിൽനിന്നുതന്നെ മൊബൈൽ കണ്ടെടുത്തതോടെ നാട്ടുകാർ ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട്​ മൂന്നോടെയാണ് സംഭവം. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തിൽ അപമാനിതരായത്.

ഐ.എസ്.ആർ.ഒയിലേക്ക്​ യന്ത്രസാമഗ്രികൾ വഹിച്ചുകൊണ്ട്​ പോകുന്ന വാഹനം കാണാൻ എത്തിയതാണ് ഇരുവരും. വാഹനമെത്താൻ വൈകിയതോടെ സമീപത്തെ കടയിൽ പോയി വെള്ളം കുടിച്ച ശേഷം വീണ്ടും മടങ്ങിയെത്തി. അപ്പോൾ പിങ്ക് പൊലീസ് വാഹനത്തിനരികിൽ നിന്ന ഉദ്യോഗസ്ഥ രജിത, ജയചന്ദ്രനെ അടുത്തേക്ക് വിളിച്ച്​ മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെട്ടു. ജയചന്ദ്രൻ സ്വന്തം ഫോൺ നൽകി. ഇതല്ല, പൊലീസ് വാഹനത്തിൽ നിന്ന്​ എടുത്ത ഫോൺ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. താൻ ഫോൺ എടുത്തില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി.

ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യ​ുന്നതിനിടെ കുഞ്ഞ്​ ഭയന്ന്​ കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്ര​െൻറ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്​ടാവെന്ന്​ വിളിച്ച്​ അധിക്ഷേപിക്കുകയും ചെയ്​തു.

ഇതിനിടെ ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരി അവരുടെ മൊബൈലിൽ നിന്ന്​ കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പൊലീസ് കാറി​െൻറ പിൻസീറ്റിലിരുന്ന ബാഗിൽ വൈബ്രേറ്റ്​ ചെയ്​ത​ ഫോൺ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പൊലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പൊലീസുകാരി കാറിൽ കയറി രക്ഷപ്പെട്ടു.

ബാലാവകാശ കമീഷൻ മൊഴിയെടുത്തു

ചെയ്യാത്ത കുറ്റം ആരോപിച്ച്​ പിങ്ക്​ പൊലീസ് പൊതുനിരത്തിൽ പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ ഇടപെട്ടു. പൊലീസ്​ പീഡനത്തിനിരയായ ജയചന്ദ്രൻ കമീഷനിൽ പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ കമീഷൻ ചെയർമാൻ മനോജി​െൻറ നേതൃത്വത്തിൽ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് അടിയന്തരമായി കൗൺസലിങ്​ ലഭ്യമാക്കാൻ കമീഷൻ നിർദേശിച്ചു.

പതിമൂന്ന് വയസുകാരൻ മകനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവിന്റെ കൊടും ക്രൂരത. സംഭവത്തില്‍ കടയ്ക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട് സ്വദേശി നാസറുദീന്‍ അറസ്റ്റിലായി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.

മാതാവിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനെ കാണാന്‍ പോയി എന്നു പറഞ്ഞാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്. മര്‍ദിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ കുട്ടിയുടെ മാതാവ് പിന്നീട് പോലീസിനെ വിളിക്കുകയും കടയ്ക്കല്‍ സിഐ സ്ഥലത്തെത്തി പിതാവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നാസറുദീനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. മര്‍ദനത്തിന് ഇരയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതായി കര്‍ണ്ണാടക പോലീസ്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. കര്‍ണാടക ഡിജി പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്.

പ്രതികളെല്ലാം നിര്‍മാണ തൊഴിലാളികളാണ്. തമിഴ്നാട്ടില്‍ നിന്ന് മൈസൂരുവില്‍ ജോലിക്കെത്തിയ ഇവര്‍ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക ഡിജി പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഘം വിദ്യാര്‍ത്ഥികളില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 35 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പോലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശില്‍ മോഷണകുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ലോറിക്ക് പിന്നില്‍ കെട്ടിവലിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നീമച്ചിലാണ് ദാരുണ സംഭവം നടന്നത്.

മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൈയും കാലും കെട്ടി ആള്‍ക്കൂട്ടം മര്‍ദിക്കുകയും ട്രക്കിന് പിന്നില്‍ കെട്ടിവലിക്കുകയുമായിരുന്നു. ട്രക്കില്‍ കെട്ടിവലിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു.

ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ആദിവാസി യുവാവായ കനയ്യ ലാല്‍ ഭില്‍ തന്റെ സുഹൃത്തുമായി കലന്‍ ഗ്രാമത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. കനയ്യ ലാലിന്റെ ബൈക്ക് ഗുജ്ജാര്‍ വിഭാഗത്തിലെ ഒരാളെ ഇടിച്ചു. ഇതില്‍ പ്രകോപിതരായ ഗുജ്ജാര്‍ വിഭാഗക്കാര്‍ വടികളും മറ്റും ഉപയോഗിച്ച് ആദിവാസി യുവാക്കളെ ആക്രമിച്ചു. ഇതില്‍ തൃപ്തരാകാത്ത അക്രമിസംഘം ലോറിക്ക് പിന്നില്‍ കെട്ടിയിട്ട് ദീര്‍ഘദൂരം വലിച്ചിഴയ്ക്കുകയായിരുന്നു.

ആദിവാസി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍, പരിക്കേറ്റ ഒരു കള്ളനെ പിടികൂടിയെന്നാണ് പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി യുവാവിനെ നീമച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കനയ്യ ലാല്‍ മരിച്ചു. യുവാവ് മരിച്ചതിന് പിന്നാലെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

സംഭവത്തില്‍ എട്ടു പേരെ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

 

പൂഞ്ഞാറിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ മണിയംകുന്നിൽ നെടുമറ്റത്തിൽ രവീന്ദ്രന്റെ മകൾ വീണ(16) യെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീണയുടെ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടു വീണയും മാതാവുമായി വഴക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. അമ്മയും മകളും തമ്മിൽ വഴക്ക് പതിവാണെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സൗദിയില്‍ ഭാര്യയും നവജാത ശിശുവും കൊവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ചനിലയില്‍. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണുവിനെയാണ്(32) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

അക്കൗണ്ടന്റായിരുന്ന വിഷ്ണു ഭാര്യ ഗാഥ(27)യ്‌ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ പ്രസവത്തിനു നാട്ടിലേക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖത്തീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്നു കുഞ്ഞിനെ ശസ്ത്രകിയയിലൂടെ പുറത്തെടുത്തു. തൊട്ടു പിന്നാലെ ഗാഥ മരണം സംഭവിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം കുഞ്ഞും ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് വിഷ്ണു നാട്ടിലെത്തിയത്.

ഉത്ര കൊലക്കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. അപൂർവമായി നടത്തിയിട്ടുള്ള ഡമ്മി പരീക്ഷണത്തിലാണ് ഉത്ര കൊലക്കേസിൽ നിർണായകമായ വിവരം ലഭിച്ചത്. പാബ് കടിയേറ്റ് മരിച്ച ഉത്തരയെ പാമ്പ് കടിക്കാനുണ്ടായ സാഹചര്യം കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സാധാരണ ഗതിയിൽ മൂർഖൻ പാമ്പ് കടിച്ചാൽ 1.7 സെന്റീമീറ്റര നീളത്തിലുള്ള മുറിവാണ് കാണപ്പെടുക. എന്നാൽ ഉത്തരയുടെ ശരീരത്തിൽ 2.5 ഉം 2.8 ഉം നീളത്തിലാണ് മുറിവുകൾ കണ്ടെത്തിയത്.

മൂർഖൻ പാമ്പിനെ ഏറെ നേരം പ്രകോപിപ്പിച്ചതിന് ശേഷമാണ് ഉത്തരയ്ക്ക് കടിയേറ്റതെന്ന് ഡമ്മി പരീക്ഷണത്തിൽ അന്വേഷണ സംഘം കണ്ടെത്തി. പ്രകോപിപ്പിച്ചു കഴിഞ്ഞാൽ മൂർഖൻ പാമ്പിന്റെ കടിയേറ്റാലുള്ള മുറിവിൽ വ്യത്യാസമുണ്ടാകും. ഇത് തെളിയിക്കാൻ കൊല്ലത്തെ അരിപ്പ വനവകുപ്പ് ഇന്സ്ടിട്യൂട്ടിലായിരുന്നു പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.

ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പി.പി.ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു. കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്.

ഗൗതംഗ് പ്രവിശ്യ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു ബബിത. ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു ജൊഹന്നാസ്ബര്‍ഗിലുള്ള വീട്ടിലേക്കു കാറിൽ മടങ്ങുമ്പോഴാണ് ബബിതക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉന്നത തല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

ബബിത നൽകിയ റിപ്പോർട്ട് പി.പി.ഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വൻ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. 2 കോടി ഡോളറിന്‍റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്. എന്നാല്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം ബബിത സൂചിപ്പിച്ചിട്ടില്ലെന്നു സീരിയസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് വക്താവ് കൈസര്‍ കന്യാഗോ പറഞ്ഞു.

പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ചക്കരക്കല്‍ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസില്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂര്‍ അസി.കമ്മീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു.മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നാല് ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികള്‍ ഓഗസ്റ്റ് ഒമ്പതാം തീയതി പിടിയിലായിരുന്നു.

പൊതുവാച്ചേരി കരുണന്‍ പീടികക്ക് സമീപത്തെ കനാലില്‍ നിന്നാണ് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ മടക്കിക്കെട്ടിയ നിലയില്‍ കാട് നിറഞ്ഞ കനാലിന്റെ അടിഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഓഗസ്റ്റ് 19-ന് കാണാതായ പ്രശാന്തിനിവാസില്‍ ഇ.പ്രജീഷിന്റെ (33) മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രജീഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് മൃതദേഹം കണ്ടെത്താനിടയാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ചക്കരക്കല്ല് പോലീസിന്റെ നേതൃത്വത്തില്‍ മണിക്കിയില്‍ അമ്പലത്തിനു സമീപം കരുണന്‍ പീടികയോട് ചേര്‍ന്നുള്ള കനാലില്‍ പരിശോധന നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായും രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിഭാഗം എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്‌നിരക്ഷാസേന വിഭാഗമാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പുറത്തെടുത്തത്. ചക്കരക്കല്ല് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചക്കരക്കല്ല് പ്രശാന്തി നിവാസില്‍ ശങ്കരവാര്യര്‍, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങള്‍: പ്രവീണ്‍, പ്രസാദ്.

വഴിയരികിൽ മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം.ഒപ്പം 3 വയസ്സു മാത്രമുള്ള മക്കളായ ഇരട്ടകൾ രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു ‌കരഞ്ഞു. പുലർച്ചെ ഇവിടെ എത്തിയ പത്രവിതരണക്കാരനാണു ദാരുണ സംഭവം ആദ്യം കണ്ടത്.

കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫിസർ ലിസിമോളുടെയും ഏകമകൻ ജിതിൻ (29) ആണു മരിച്ചത്. പിതാവ് ജോർജ് വിദേശത്താണ്. ജിതിൻ മക്കളായ ഏയ്ഡനും ആമ്പർലിക്കുമൊപ്പം 6 ദിവസം മുൻപാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കാൻ എത്തിയത്. റഷ്യ സ്വദേശിയായ ക്രിസ്റ്റീനയാണു ഭാര്യ.

ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണു നാട്ടിലെത്തിയത്. കലൂരിൽ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം. ക്രിസ്റ്റീന ജോലി സംബന്ധമായ ആവശ്യത്തിനു ബെംഗളൂരുവിലായിരുന്നു. കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ജിതിൻ റിസോർട്ടിൽ താമസിക്കാൻ എത്തിയത്.

ഇന്നലെ പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കൾക്കൊപ്പം വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടു പോലെയുള്ള താമസസ്ഥലം ആയതിനാൽ ജീവനക്കാരൊന്നും രാത്രി ഉണ്ടായിരുന്നില്ല. ജിതിന്റെ പോസ്റ്റ്മോർട്ടം ഇന്നു നടത്തും. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved