Crime

ഉത്ര കൊലക്കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. അപൂർവമായി നടത്തിയിട്ടുള്ള ഡമ്മി പരീക്ഷണത്തിലാണ് ഉത്ര കൊലക്കേസിൽ നിർണായകമായ വിവരം ലഭിച്ചത്. പാബ് കടിയേറ്റ് മരിച്ച ഉത്തരയെ പാമ്പ് കടിക്കാനുണ്ടായ സാഹചര്യം കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സാധാരണ ഗതിയിൽ മൂർഖൻ പാമ്പ് കടിച്ചാൽ 1.7 സെന്റീമീറ്റര നീളത്തിലുള്ള മുറിവാണ് കാണപ്പെടുക. എന്നാൽ ഉത്തരയുടെ ശരീരത്തിൽ 2.5 ഉം 2.8 ഉം നീളത്തിലാണ് മുറിവുകൾ കണ്ടെത്തിയത്.

മൂർഖൻ പാമ്പിനെ ഏറെ നേരം പ്രകോപിപ്പിച്ചതിന് ശേഷമാണ് ഉത്തരയ്ക്ക് കടിയേറ്റതെന്ന് ഡമ്മി പരീക്ഷണത്തിൽ അന്വേഷണ സംഘം കണ്ടെത്തി. പ്രകോപിപ്പിച്ചു കഴിഞ്ഞാൽ മൂർഖൻ പാമ്പിന്റെ കടിയേറ്റാലുള്ള മുറിവിൽ വ്യത്യാസമുണ്ടാകും. ഇത് തെളിയിക്കാൻ കൊല്ലത്തെ അരിപ്പ വനവകുപ്പ് ഇന്സ്ടിട്യൂട്ടിലായിരുന്നു പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.

ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പി.പി.ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു. കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്.

ഗൗതംഗ് പ്രവിശ്യ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു ബബിത. ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു ജൊഹന്നാസ്ബര്‍ഗിലുള്ള വീട്ടിലേക്കു കാറിൽ മടങ്ങുമ്പോഴാണ് ബബിതക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉന്നത തല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

ബബിത നൽകിയ റിപ്പോർട്ട് പി.പി.ഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വൻ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. 2 കോടി ഡോളറിന്‍റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്. എന്നാല്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം ബബിത സൂചിപ്പിച്ചിട്ടില്ലെന്നു സീരിയസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് വക്താവ് കൈസര്‍ കന്യാഗോ പറഞ്ഞു.

പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ചക്കരക്കല്‍ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസില്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂര്‍ അസി.കമ്മീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു.മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നാല് ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികള്‍ ഓഗസ്റ്റ് ഒമ്പതാം തീയതി പിടിയിലായിരുന്നു.

പൊതുവാച്ചേരി കരുണന്‍ പീടികക്ക് സമീപത്തെ കനാലില്‍ നിന്നാണ് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ മടക്കിക്കെട്ടിയ നിലയില്‍ കാട് നിറഞ്ഞ കനാലിന്റെ അടിഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഓഗസ്റ്റ് 19-ന് കാണാതായ പ്രശാന്തിനിവാസില്‍ ഇ.പ്രജീഷിന്റെ (33) മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രജീഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് മൃതദേഹം കണ്ടെത്താനിടയാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ചക്കരക്കല്ല് പോലീസിന്റെ നേതൃത്വത്തില്‍ മണിക്കിയില്‍ അമ്പലത്തിനു സമീപം കരുണന്‍ പീടികയോട് ചേര്‍ന്നുള്ള കനാലില്‍ പരിശോധന നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായും രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിഭാഗം എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്‌നിരക്ഷാസേന വിഭാഗമാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പുറത്തെടുത്തത്. ചക്കരക്കല്ല് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചക്കരക്കല്ല് പ്രശാന്തി നിവാസില്‍ ശങ്കരവാര്യര്‍, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങള്‍: പ്രവീണ്‍, പ്രസാദ്.

വഴിയരികിൽ മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം.ഒപ്പം 3 വയസ്സു മാത്രമുള്ള മക്കളായ ഇരട്ടകൾ രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു ‌കരഞ്ഞു. പുലർച്ചെ ഇവിടെ എത്തിയ പത്രവിതരണക്കാരനാണു ദാരുണ സംഭവം ആദ്യം കണ്ടത്.

കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫിസർ ലിസിമോളുടെയും ഏകമകൻ ജിതിൻ (29) ആണു മരിച്ചത്. പിതാവ് ജോർജ് വിദേശത്താണ്. ജിതിൻ മക്കളായ ഏയ്ഡനും ആമ്പർലിക്കുമൊപ്പം 6 ദിവസം മുൻപാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കാൻ എത്തിയത്. റഷ്യ സ്വദേശിയായ ക്രിസ്റ്റീനയാണു ഭാര്യ.

ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണു നാട്ടിലെത്തിയത്. കലൂരിൽ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം. ക്രിസ്റ്റീന ജോലി സംബന്ധമായ ആവശ്യത്തിനു ബെംഗളൂരുവിലായിരുന്നു. കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ജിതിൻ റിസോർട്ടിൽ താമസിക്കാൻ എത്തിയത്.

ഇന്നലെ പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കൾക്കൊപ്പം വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടു പോലെയുള്ള താമസസ്ഥലം ആയതിനാൽ ജീവനക്കാരൊന്നും രാത്രി ഉണ്ടായിരുന്നില്ല. ജിതിന്റെ പോസ്റ്റ്മോർട്ടം ഇന്നു നടത്തും. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

മൂന്നു ദിവസങ്ങൾക്ക് ശേഷം താനും ഉയർത്തെഴുന്നേൽക്കും, വിശ്വസികളെ ബോധിപ്പിക്കാൻ സാഹസത്തിന് മുതിർന്ന പാസ്റ്റർ മരണപ്പെട്ടു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.

വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാൾ കൈകാലുകൾ ബന്ധിച്ച് കുഴിയിൽ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും ക്രിസ്തുവിനെ പോലെ മൂന്നു ദിവസത്തിന് ശേഷം താൻ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇയാൾ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു.

മൂന്നു ദിവങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇത് അനുയായികൾ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോൾ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേർക്കെതിരെ അധികൃതർ കേസെടുത്തു. മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് ഇവർ സംഭവം െപാലീസിനെ അറിയിക്കുന്നത്. സഹായികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്.

തിരുവോണത്തലേന്ന് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവതിക്ക് ദാരുണാന്ത്യം. ഹോളോ ബ്രിക്‌സു കൊണ്ടുള്ള ഏറിലാണ് തിരുവല്ലം തിരുവഴിമുക്ക് മേലെനിരപ്പില്‍ വീട്ടില്‍ ചന്ദ്രകുമാറിന്റെ ഭാര്യ രാജി (40) മരിച്ചത്.

സംഭവത്തില്‍ അയല്‍വാസിയായ ഗിരീശനെ (43) പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം. രാജിയും ഗിരീശന്റെ ഭാര്യയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. വെള്ളിയാഴ്ച രാത്രിയും വഴക്കുണ്ടായി. ഇതിനിടയില്‍ ഗിരീശന്‍ അടുത്ത് കിടന്ന ഹോളോ ബ്രിക്‌സ് എടുത്ത് എറിയുകയായിരുന്നു. കല്ലേറ് കൊണ്ടയുടനെ രാജി കുഴഞ്ഞുവീണു.

രാജിയുടെ ഭര്‍ത്താവ് ചന്ദ്രകുമാറും ബന്ധുക്കളും ചേര്‍ന്ന് ഉടനെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഗിരീശനെ മുക്കോലയ്ക്കു സമീപത്തുനിന്നും പോലീസ് പിടികൂടി. രാജിയുടെ സംസ്‌കാര ചടങ്ങുകള്‍ കുടുംബ വീടായ പുന്നക്കുളത്ത് നടന്നു. മക്കള്‍: അദിതി ചന്ദ്രന്‍, ചിന്മയ ചന്ദ്രന്‍.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്സപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവിന് മർദ്ദനം. തിരൂർ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് യുവാവിനെ മർദിച്ചത്. മര്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശം ശ്രദ്ധിയിൽപെട്ടതിനെ തുടർന്ന് യുവാവിനെ അരിക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് സംഘം ചേർന്ന് മർദിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് കൂടെ കിടക്കാൻ ആവശ്യപെടുന്നോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം.

ഈ മാസം പതിനേഴാം തിയതിയാണ് യുവാവിന് മർദ്ദനമേറ്റത്. പെൺകുട്ടിയുടെ സഹോദരനാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ യുവാവിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും പോലീസിലും പരാതി നൽകി.

ബാങ്കിൽ ലോണിനായി അപേക്ഷ നൽകിയ യുവതിക്ക് ബാങ്ക് സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതായി പരാതി. പിണറായി ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ലോണിനായി അപേക്ഷ സമർപ്പിച്ച യുവതിക്ക് ബാങ്ക് സെക്രട്ടറിയും സിപിഎം നേതാവുമായ നിഖിലാണ് അശ്ലീല സന്ദേശങ്ങൾ അയച്ചത്.

പാർട്ടി പ്രവർത്തകയായ യുവതിയുടെ ഫോൺ നമ്പർ അപേക്ഷ ഫോമിൽ നിന്നും കൈക്കലാക്കിയ നിഖിൽ. രാത്രിയായതോടെയാണ് വാട്സപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത്. കഴിഞ്ഞയാഴ്ചയാണ് യുവതി ലോണിനായി അപേക്ഷ നൽകിയത്. അന്ന് അർദ്ധരാത്രി ഇയാൾ യുവതിയെ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. എന്നാൽ യുവതി ഫോൺ കട്ട് ചെയ്തതോടെ വാട്സപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു.

ലോൺ പെട്ടെന്ന് പാസാക്കണമെങ്കിൽ വസ്ത്രം അഴിച്ചുള്ള ചിത്രങ്ങൾ അയച്ച് തരണമെന്നാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. കൂടാതെ ലൈംഗീക ചുവയോടെ യുവതിയുടെ ശരീരത്തെ കുറിച്ച് വർണിക്കുകയും ചെയ്തു. ശല്ല്യം തുടർന്നതോടെ യുവതി ബാങ്കിലെത്തി ഇയാളെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ സൊസൈറ്റിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ജീവനൊടുക്കി. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.

അമിതമായ ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌ക്കരിക്കും. വഴിക്കടവ് പൊലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വസ്‌റ് നടത്തി. എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു രേഷ്മയെന്ന് റിപ്പോര്‍ട്ടുണ്ട്.

ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാള്‍ അടുത്തിടെ പിന്‍മാറിയിരുന്നു. ഇതേതുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍, വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഫേസ്ബുക്കിലൂടെ മക്കയേയും സൗദി രാജാവിനേയും അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന കർണാടക സ്വദേശി മോചിതനായി നാട്ടിൽ തിരിച്ചെത്തി. സൗദി അറേബ്യയിൽ തടങ്കലിലായിരുന്ന ഹരീഷ് ബംഗേരയാണ് 20 മാസത്തിന് ശേഷമാണ് നാട്ടിലെത്തിയത്.

ബുധനാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ ഭാര്യ സുമനയും മകൾ ഹനിഷ്‌കയും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. 2019 ഡിസംബർ 20നാണ് ഹരീഷിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഉടുപ്പിയിലെ കുന്ദപുർ സ്വദേശിയാണ്. ഭർത്താവിനെ തിരികെ എത്തിക്കാൻ സഹായിച്ചവർക്ക് ഭാര്യ സുമന നന്ദി അറിയിച്ചു. അങ്കണവാടി ടീച്ചറാണ് സുമന. ആറ് വർഷത്തോളമായി ഹരീഷ് സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദമാമിലെ ഒരു കമ്പനിയിൽ എസി ടെക്‌നീഷിന്യായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരീഷ് സൗദി പോലീസിന്റെ പിടിയിലാകുന്നത്.

അതേസമയം, കഴിഞ്ഞ വർഷം ഹരീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയിൽ രണ്ടു പേരെ ഉടുപ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹരീഷിന്റെ മോചനത്തിലേക്ക് നയിച്ചത്.

RECENT POSTS
Copyright © . All rights reserved