വിജിലന്‍സ് റെയ്ഡില്‍ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയുംവീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
പുലര്‍ച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.
ഷാജിയുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കില്‍ ഷാജിയ്ക്ക് കുരുക്ക് മുറുകും.
പൊതുപ്രവര്‍ത്തകനായ അഡ്വ. എംആര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെഎം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
തൃശൂര്‍ ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസമായി. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. വീട്ടിലും നല്ല പെരുമാറ്റം. അമ്മയുടെ കൂടെ ബാങ്കിലേക്ക് പോയതായിരുന്നു. അമ്മ, ബാങ്കില്‍ പോയി പുറത്തുവന്നപ്പോള്‍ മകനെ കാണാനില്ല. പരിസരത്താകെ തിരഞ്ഞു. കാണാതായപ്പോള്‍ പൊലീസിനെ വിവരമറിയിച്ചു. അവസാനം, സിസിടിവിയില്‍ പതിഞ്ഞത് തൃപ്രയാറിലായിരുന്നു. പിന്നെ, ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. ഒരു മാസത്തെ കോള്‍ ഡിറ്റെയില്‍സ് എടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല.
ഓണ്‍ലൈന്‍ ഗെയിം കളിച്ചു
അമല്‍ കൃഷ്ണയ്ക്കു സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നു. സ്കോളര്‍ഷിപ്പ് തുക ഈ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയപ്പോള്‍ പലയിടത്തു നിന്നായി കിട്ടിയ കാഷ് അവാര്‍ഡുകളും ഈ അക്കൗണ്ടിലായിരുന്നു. പതിനായിരം രൂപയോളം പേ.ടി.എം വഴി രണ്ട് അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്ന് സൂചനയുണ്ട്. ഈ തുക നഷ്ടപ്പെട്ട വിവരം അറിഞ്ഞാല്‍ രക്ഷിതാക്കള്‍ വഴക്ക് പറയുമോയെന്ന പേടി ഉണ്ടായിരുന്നതായും സംശയിക്കുന്നു.
വീട്ടുമുറ്റത്ത് ഊഞ്ഞാലാടുമ്പോഴായിരുന്നു അമ്മ മകനെ ബാങ്കില്‍ പോകാന്‍ കൂടെവിളിച്ചത്. ഇട്ട വേഷത്താലെ അമ്മയോടൊപ്പം പോയി. വീട്ടിലിടുന്ന ചെരിപ്പായിരുന്നു കാലില്‍. ബാങ്കിന് പുറത്ത് കാത്തുനില്‍ക്കാന്‍ അമ്മ പറഞ്ഞു. പാസ് ബുക്ക് പതിച്ച ശേഷം അമ്മ മടങ്ങി വന്നപ്പോഴാണ് മകനെ കാണാതായത്.
ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലുമായിരുന്നു സുഹൃത്തുക്കളുമായി അമല്‍ കൂടുതല്‍ സംസാരിച്ചിരുന്നത്. അതുക്കൊണ്ടുതന്നെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച് സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമലിന്റെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണ്. വാടാനപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം നല്‍കിയ പരാതിയില്‍ റൂറല്‍ എസ്.പി. ജി.പൂങ്കുഴലിയും നേരിട്ട് അന്വേഷിക്കുന്നുണ്ട്.
കോഴിക്കോട്: മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണം ദുരൂഹമാണെന്ന് വ്യക്തമായതോടെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി ഷാജ് ജോസിനാണ് അന്വേഷണ ചുമതല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റുവെന്ന് വ്യക്തമായിരുന്നു. ഇതാണ് ദുരൂഹതയ്ക്ക് കാരണമായിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ ഫോറൻസിക് സംഘത്തിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെത്തി റൂറൽ എസ്പിയാണ് മൊഴി ശേഖരിച്ചത്. വിശദമായ മൊഴിയ്ക്കായി എസ്പി ഡോക്ടർമാരെ ഒപ്പം കൂട്ടിയാണ് മെഡിക്കൽ കോളജിൽ നിന്നും മടങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മറ്റ് പ്രതികളും ഒളിവിൽ താമസിച്ചിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരണത്തിൽ ദുരൂഹത ഏറിയത്. മൃതദേഹം കണ്ടെത്തിയ തോട്ടത്തിലും സമീപ പ്രദേശങ്ങളിലും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
പ്രതി ജീവനൊടുക്കിയതാണെന്ന് കരുതുന്നില്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നും കെ.സുധാകരൻ എംപി ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ സിപിഎം ഇത്തരം കൃത്യങ്ങൾ നടത്തുമെന്നായിരുന്നു സുധാകരന്റെ ആരോപണം.
പാലരുവി എക്‌സ്പ്രസിന്റെ എന്‍ജിന് മുന്‍പില്‍ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ട്രെയിന്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍നിന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ലോക്കോ പൈലറ്റിനെയും സ്റ്റേഷന്‍ അധികൃതരെയും ഇവര്‍ വിവരമറിയിച്ചു.
പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേക്ക്‌പോയ പാലരുവി എക്‌സ്പ്രസിന്റെ എന്‍ജിന് മുന്‍പില്‍ മൃതദേഹം കുരുങ്ങിക്കിടന്ന നിലയില്‍ കണ്ടെത്തിയത്.സ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. നാലുകോടി സ്വദേശി ഓമനക്കുട്ടന്റെ മൃതദേഹമാണ് ട്രെയിനില്‍ കുരുങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം എടുത്തുമാറ്റി ഒരു മണിക്കൂറോളം വൈകിയാണ് തിരുവല്ലയില്‍ നിന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
ഭര്‍ത്താവിനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് ജീവനോടെ തീകൊളുത്തി കൊന്നു. രംഗരാജ് എന്ന 62കാരനെ ആണ് തീകൊളുത്തി കൊലപ്പെടുത്തിയത്. രംഗരാജിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണ് രംഗരാജിനെ കൊലപ്പെടുത്തിയത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡിലെ പെരുന്തുറയിലാണ് ദാരുണ സംഭവം.
തുണിമില്‍ ഉടമയാണ് രംഗരാജ്. അടുത്തിടെ രംഗരാജിന് ഒരു അപകടത്തില്‍ പരിക്കുപറ്റി പീലമേടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകവെ സഞ്ചരിച്ച വാഹനം വലസുപാളയത്തിന് സമീപം വിജനമായ ഒരു സ്ഥലത്ത് നിര്‍ത്തി. ശേഷം ഭാര്യ ജോതിമണിയും ബന്ധു രാജയും ചേര്‍ന്ന് പെട്രോളൊഴിച്ച് വാഹനത്തിന് തീകൊളുത്തുകയായിരുന്നു.
പരുക്കുപറ്റി എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ള രംഗരാജ് വാഹനത്തിനകത്ത് തന്നെ വെന്തുമരിക്കുകയായിരുന്നു. പുലര്‍ച്ചെ രാജ തന്നെയാണ് തിരുപ്പൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനിലെത്തി രംഗരാജന്റെ മരണ വിവരം അറിയിച്ചത്. അപകട മരണം എന്നാണ് ആദ്യം നല്‍കിയ മൊഴി. രാജയുടെ മൊഴിയിലെ വൈരുദ്ധ്യത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
രംഗരാജന്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന 3.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് മൊഴിയില്‍ വ്യക്തമാക്കി. കൊലപാതകത്തിനായി രാജയ്ക്ക് ഒരു ലക്ഷം രൂപയാണ് ജോതിമണി വാഗ്ദാനം ചെയ്തത്. ഇതില്‍ 50,000 രൂപ കൈമാറുകയും ചെയ്തു. ജോതിമണിയും രാജയും കുറ്റം സമ്മിതിച്ചിട്ടുണ്ട്. ഇരുവരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുണ്ടറയില്‍ കാറിനുള്ളില്‍ അകപ്പെട്ട രണ്ടു വയസുകാരനെ നാട്ടുകാര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി. കുട്ടിയെ അകത്തിരുത്തി പിതാവ് കാര്‍ പൂട്ടി പോകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കുണ്ടറ ആശുപത്രിമുക്കിലെ ഹോം അപ്ലൈയന്‍സസിന് മുന്നിലായിരുന്നു സംഭവം.
കാറിനുള്ളില്‍ അകപ്പെട്ട കുട്ടി പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ച് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് കാറിന്റെ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ പുറത്തെത്തിച്ചത്.
പുനുക്കുന്നൂര്‍ കന്യാകുഴി സ്വദേശിയാണ് കുഞ്ഞിനെ കാറിലിരുത്തി പോയത്. ഒരു മണിക്കൂറിന് ശേഷം എത്തിയ പിതാവ് കുഞ്ഞിനെ രക്ഷിച്ചവരോട് തട്ടിക്കയറി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തി. പിതാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി.
പാലക്കാട്: ക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കടന്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
കടന്പഴിപ്പുറത്ത് ക്ഷേത്രപരിസരത്ത് ചിത്രീകരണം തടയുകയായിരുന്നു. “നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ചിത്രീകരണ സെറ്റിലെ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.
കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സ്വപ്നയുടെ വേർപാട് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും നൊമ്പരമായി. ഒരു വർഷം മുൻപ് ഭർത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തിൽ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിർമലഗിരിയിൽ താമസിക്കുമ്പോൾ ഇടയ്ക്ക് അമ്മയെത്തി കുറച്ചു നാൾ കൂട്ടിരുന്നാണു മടങ്ങാറുള്ളത്.
ഭർത്താവിനു പിറകെ സ്വപ്നയുടെ വിയോഗം, രണ്ടു മക്കളെ അനാഥമാക്കിയ വേദനയിലും നഷ്ടബോധത്തിലുമാണ് കുടുംബം. ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവുമാണ് സ്വപ്നയുടെ പ്രവൃത്തിക്കു പിന്നിലെന്ന് ബന്ധുക്കളും സഹപ്രവർത്തകരും കരുതുന്നു.
സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ രാവിലെയാണു സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു. കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബായിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത 40 കൗമാരക്കാരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം.
ഇവരില്‍ ഭൂരിഭാഗം പേരും ഉക്രെയിനില്‍ നിന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ 11 പേര്‍ ഉക്രെയിന്‍ സ്വദേശികളാണെന്ന് ദുബായ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
റഷ്യ, ബെലാറസ്, മോള്‍ഡോവ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.
ഈ പരിപാടിയുടെ ആസൂത്രകന്‍ എന്നപേരില്‍ അറസ്റ്റിലായ 33 കാരന്‍ റഷ്യന്‍ സ്വദേശിയായ അലക്‌സി കോണ്ട്‌സോവ് ആണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
താന്‍ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലായിരുന്നു എന്നും ഇവരുടെ പ്രകടനം താന്‍ അവിടെനിന്നാണ് പകര്‍ത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.
ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഗുരുതരമായ തെറ്റായിപ്പോയതായും ഇയാള്‍ സമ്മതിച്ചു എന്നറിയുന്നു. ഏതായാലും ഇയാള്‍ ജയില്‍ മോചനത്തിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
റഷ്യന്‍ മാധ്യമമായ ഔട്ട്‌ലെറ്റ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 40 മോഡലുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു എന്നാണ്.
പലരുടെയും പിന്‍ഭാഗം മാത്രം ദൃശ്യമായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ലെന്നും വിവരമുണ്ട്. ദുബായിലെ മറീന ഏരിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലായിരുന്നു ഈ ഷൂട്ടിംഗ് നടന്നത്.
തൊട്ടടുത്തുള്ള വന്‍ കെട്ടിടങ്ങളിലിരുന്ന പലരും ഇത് കണ്ടിരുന്നു. മാത്രമല്ല അവരില്‍ പലരും ഇത് പകര്‍ത്തുകയും ചെയ്തു.
നഗ്ന വീഡിയോയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തവരില്‍ ചിലര്‍ മറ്റൊരു ചിത്രത്തില്‍ മുഖം കാണിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇതില്‍ യാന, ഡയാന എന്നീ രണ്ട് ഉക്രെയിന്‍ മോഡലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ശരീരത്തില്‍ പച്ചകുത്തിയ ഡിസൈന്‍ കണ്ടാണ് അവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
മറ്റൊരു ഉക്രെയിന്‍ മോഡലായ ഡാരിയ എന്ന 19 കാരിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഐബ്രൊ സ്റ്റൈലിസ്റ്റ് കൂടിയായ മറ്റൊരു ഉക്രെയിന്‍ മോഡല്‍ ഏകത്രീന, സോഫിയ എന്നിവരും ഈ വീഡിയോയില്‍ ഉണ്ട്.
ഒരു റഷ്യന്‍ ബിസിനസ്സുകാരന്റെ മകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദുബായിലെ നിയമമനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അശ്ലീല ചുവയുള്ള ആംഗ്യം കാണിക്കുന്നതും അശ്ലീല ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമാണ്.
അമേരിക്കയില്‍ നിലവിലുള്ള അഡല്‍റ്റ് വെബ്‌സൈറ്റുകളുടെ ശ്രേണിയില്‍ പെട്ട ഒരു ഇസ്രയേലി വെബ്‌സൈറ്റിനു വേണ്ടിയായിരുന്നു മോഡലുകള്‍ ഷൂട്ട് ചെയ്തതെന്ന് സൂചനയുണ്ട്.
11 ഉക്രെയിന്‍ യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു എന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉക്രെയിന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഉക്രെയിന്‍ യുവതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യം ഇടപെടുമെന്നാണ് കരുതുന്നത്. ഉക്രെയിന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ന് ഉക്രെയിന്‍ യുവതികളെ സന്ദര്‍ശിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നതെങ്കിലും ഞായറാഴ്ച്ചയോടെയാണ് ഈ നഗ്നവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സക്കായി രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന ഏഴു വയസുകാരി ഐശ്വര്യ അശ്വത് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
സ്ഥിതി വഷളാകുന്ന കാര്യം അച്ഛനും അമ്മയും പല തവണ ചൂണ്ടിക്കാണിച്ചിട്ടും വേണ്ടത്ര പരിചരണം ലഭിച്ചില്ല എന്നാണ് ആരോപണം.എമര്‍ജന്‍സി വാര്‍ഡില്‍ മതിയായ ജീവനക്കാരില്ലാത്തതാണ് ഈ ദാരുണസംഭവത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ വിവിധ മാധ്യമങ്ങളില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
എമർജൻസി വാർഡിൽ ചികിത്സക്കായി കാത്തിരുന്നത് രണ്ടു മണിക്കൂർ; പെർത്തിൽ മലയാളി പെൺകുട്ടി മരിച്ചു എന്നാല്‍, ആരോഗ്യവകുപ്പ് നടത്തുന്ന അന്വഷണത്തിനു ശേഷം മാത്രമേ ഇതേക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്ക് അറിയിച്ചു.
നാലു മുതല്‍ ആറ് ആഴ്ച വരെ ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
എന്നാല്‍ അന്വേഷണത്തിലെ ഈ കാലതാമസത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ലിബറല്‍ ഉപനേതാവ് ലിബ്ബി മെറ്റം ആവശ്യപ്പെട്ടു.
പ്രവര്‍ത്തനരീതി പരിഷ്‌കരിക്കണമെന്ന് നഴ്‌സിംഗ് യൂണിയന്‍ ഐശ്വര്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ഫെഡറേഷന്‍ പത്തിന നിര്‌ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്കിനാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജീവനക്കാര്‍ കുറവായതാണ് ഐശ്വര്യയുടെ മരണത്തിലേക്ക് നയിച്ചത് എന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നഴ്‌സിംഗ് ഫെഡറേഷന്‍ നല്കിയത്.
ഓരോ മൂന്നു രോഗികള്‍ക്കും ഒര് നഴ്‌സ് എന്ന അനുപാതം ഉറപ്പുവരുത്തണം എന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.അതിനായി അടിയന്തര റിക്രൂട്ട്‌മെന്റ് നടത്തണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ഷിഫ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും, ട്രയാജ് നഴ്‌സുമാരെയും ഈ അനുപാതത്തില്‍ ഉള്‍പ്പെടുത്തരുത്, എമര്‍ജന്‍സിയിലെ സ്റ്റാഫ് ഡെവലെപ്പ്‌മെന്റ് നഴ്‌സുമാരുടെ എണ്ണം ഇരട്ടിയാക്കുക, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുക, വ്യക്തമായ പരിശീലനം കിട്ടിയ സെക്യൂരിറ്റി ജീവനക്കാരെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിയോഗിക്കുക തുടങ്ങിയ നിര്‌ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും, ഇവ പരിശോധിക്കുമെന്നും മന്ത്രി റോജര്‍ കുക്ക് പറഞ്ഞു.പുതുതായി 119 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം ഇതിനകം തന്നെ ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.