Crime

കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച് മടങ്ങവെ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ വീട്ടില്‍ എംപി ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. രണ്ടാഴ്ച മുന്‍പ് അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത 9വയസുകാരി ജൂവലിന്റെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്.

റോഡ് മുറിച്ച് കടക്കവെ, ഇരുവരെയും കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. പട്ടിത്താനം മണര്‍കാട് ബൈപാസില്‍ ചെറുവാണ്ടൂരിലാണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. രണ്ടാഴ്ച മുന്‍പാണു ജൂവലിനെ ജോയിയും സാലിയും ഡല്‍ഹിയില്‍ നിന്നു ദത്തെടുത്തത്.

11 വര്‍ഷമായി ജോയിസാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകള്‍ക്കു നല്‍കാനിരുന്ന ജൂവല്‍ എന്ന പേരും നല്‍കി. ഇന്നലെ രാത്രി ചെറുവാണ്ടൂര്‍ കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. ജൂവലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എറണാകുളം വാ‍ഴക്കാലയില്‍ കന്യാസ്ത്രിയെ പാറമടയിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെൻ്റ് തോമസ് കോൺവെൻ്റിലെ കന്യാസ്ത്രീയാണ് മരിച്ചത്. ഇടുക്കി കോരുത്തോട് സ്വദേശിനി സിസ്റ്റര്‍ ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്. മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിങ്കളാ‍ഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

പ്രഭാത ഭക്ഷണത്തിന് ശേഷം കന്യാസ്ത്രിയെ മഠത്തില്‍ നിന്നും കാണാതായിരുന്നു. ഉച്ചവരെ തെരച്ചില്‍ നടത്തിയിട്ടും കാണാതായതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വൈകിട്ടോടെ മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മാറ്റുകയായിരുന്നു.

2011 മുതല്‍ മാനസിക രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കന്യാസ്ത്രി ചികിത്സയ്ക്ക് വിധേയയായിരുന്നതായി പോലീസ് പറഞ്ഞു. നിലവില്‍ മരണത്തില്‍ അസ്വാഭാവികത സംശയിക്കുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും പോലീസ് അറിയിച്ചു.

കൊട്ടിയൂർ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ, ഉപ ഹർജിയിലാണ് ജാമ്യം തേടിയത്. പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

അപ്പീലിൽ പെൺകുട്ടി കക്ഷി ചേർന്നിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിവാഹത്തിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും ഹർജിയിൽ ബോധിപ്പിച്ചു. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെൺകുട്ടി ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും നാട്ടിലുള്ള പെൺകുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലെന്നാണ് പറഞ്ഞതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിവാഹത്തിന് സഭയുടെ അനുമതി ഉണ്ടെന്ന് പ്രതി പറയുന്നുണ്ടങ്കിലും, രേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.

പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിൻ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാൽസംഗമാണെന്ന് കണ്ടെത്തിയാണ് മാനന്തവാടി കോടതി റോബിന് 20 വർഷം തടവു വിധിച്ചത്. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിൻ കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന കാലത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് റോബി നെ കോടതി ശിക്ഷിച്ചത്.

നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്. തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ചികിത്സ കഴിയുന്നതിന് മുന്‍പ് ഏഴു ലക്ഷം രൂപയാണ് ബിനാമിയായ സെയ്ഫുള്ള പിന്‍വലിച്ചത്. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഫിറോസ് കൂട്ടരും നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ക്കെതിരെ അവരെ തിരിച്ചെന്നും ഇവര്‍ പറഞ്ഞു. ഫിറോസിനെ പേടിച്ച് ഇപ്പോള്‍ ഒളിവിലാണ് കഴിയുന്നത്. അന്ന് സഹായിക്കുന്നതിന് പകരം കുഞ്ഞുങ്ങളെയും ഞങ്ങളെയും കൊല്ലുന്നതായിരുന്നു ഭേദമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

മാതാപിതാക്കളുടെ വാക്കുകള്‍: ”തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങള്‍ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവന്‍ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകള്‍ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി. പണം വന്ന് തുടങ്ങിയപ്പോള്‍, കുട്ടിയുടെ സര്‍ജറി കഴിയും മുന്‍പ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിന്‍വലിച്ചു. കൂടാതെ ഏഴു ലക്ഷം രൂപയും പിന്‍വലിച്ചു. ഫിറോസ് ഇപ്പോള്‍ കാണിക്കുന്നത് സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. ഏറ്റവും തരംതാഴ്ന്ന പരിപാടിയാണ് ഫിറോസ് കാണിക്കുന്നത്. നാട്ടുകാരെയും കൂട്ടി നിങ്ങള്‍ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റിപ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തുന്നത്. ഫിറോസ് അത്രയും അധികം രീതിയില്‍ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്കെതിരെ തിരിച്ചു. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവര്‍ത്തനം നടത്തുന്നത്. അന്ന് നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്.”

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് രോഗികളെ തല്ലിക്കൊല്ലണമെന്ന ആഹ്വാനം ഫിറോസ് നടത്തിയത്. ‘പാവപ്പെട്ട പ്രവാസികള്‍ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. ഇവരെയൊക്കെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരം ആളുകളെയൊക്കെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ അനുഭവിച്ചേ തീരൂ.്’

ആ വീഡിയോയ്ക്ക് ശേഷം വിഷയം വിവരിച്ചുകൊണ്ട് ഫിറോസ് ഒരു കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ: ‘സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാല്‍ കാണാം ആര്‍ക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവര്‍ക്ക് നല്‍കിയ പണം അവര്‍ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ല. എന്തിന് അക്കൗണ്ടില്‍ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്. ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്. 10 ലക്ഷം നല്‍കിയിട്ടും ചികിത്സക്ക് മുന്‍പ് 10 ലക്ഷം തീര്‍ന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നല്‍കി ബാക്കി സര്‍ജറിക്കുള്ള സംഖ്യ ഞാന്‍ ആശുപത്രിയില്‍ കെട്ടിവച്ചു. സര്‍ജറി കഴിഞ്ഞു ഇപ്പോള്‍ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീന്‍ പൌഡര്‍ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാന്‍ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത്. ഒരാപത്തില്‍ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതില്‍ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങള്‍ക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്മെന്റ്് വരട്ടെ. നിങ്ങള്‍ തന്നെ കണ്ട് ബോധ്യപ്പെടു’.

‘ഞാന്‍ ഏതു നിമിഷവും കൊല്ലപ്പെടാം, സ്വത്തിനു വേണ്ടി മകനും മരുമകളും അഞ്ചുമാസത്തോളമായി വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണ്. മാസങ്ങളായി ബന്ധുക്കളെയോ എന്റെ മകളെയോ കാണാന്‍ എനിക്ക് അനുവാദമില്ല. രണ്ടുമാസം മുന്‍പ് നിര്‍ബന്ധിച്ച് വില്‍പത്രം എഴുതി വാങ്ങി. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ കത്ത് നിങ്ങള്‍ കൊല്ലത്തു താമസിക്കുന്ന എന്റെ മകള്‍ക്ക് കൈമാറണം’. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുന്‍പ് വയോധിക അയല്‍വാസിയായ സ്ത്രീയോട് പറഞ്ഞ വിവരങ്ങളും മകള്‍ക്കെഴുതിയ കത്തുമാണ് പ്രതികള്‍ പല കഥകള്‍ പറഞ്ഞ് വഴിതെറ്റിക്കാന്‍ ശ്രമിച്ചിട്ടും പൊലീസിന് പിടിവള്ളിയായത്. ഇതോടെയാണ് അമ്മയെ ക്രൂരമായി കൊന്ന കേസില്‍ മകനും മരുമകളും പിടിയിലായത്.

മകനും മരുമകളും ചേര്‍ന്ന് തന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പിക്കുന്നതായി ദേവകിയമ്മ എഴുതി നല്‍കിയിരുന്ന കത്തുകള്‍ അയല്‍വാസി മകളെ ഏല്‍പിക്കുകയും അവര്‍ ഇതു പൊലീസിനു കൈമാറുകയും ചെയ്തു.ചവറ തെക്കുംഭാഗം ഞാറമൂട് കിഴക്കുംമുറി പടിഞ്ഞാറ്റതില്‍ പരേതനായ രാമചന്ദ്രന്റെ ഭാര്യ ദേവകിയമ്മ(75)യെയാണ് മകന്‍ രാജേഷ് (42), ഭാര്യ ശാന്തിനി (35) എന്നിവര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഫൊറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൊലപാതകം അടിവരയിട്ടു. ദേവകിയമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മകള്‍ കൊല്ലം മങ്ങാട് നന്ദനം വീട്ടില്‍ ശശികല സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് അന്വേഷണം രാജേഷിനെയും ശാന്തിനിയെയും കേന്ദ്രീകരിച്ചായത്.

ചോദ്യം ചെയ്യലില്‍ കള്ളങ്ങള്‍ നിരത്തി പ്രതിരോധിക്കാനായിരുന്നു രാജേഷിന്റെയും ശാന്തിനിയുടെയും ശ്രമം. അമ്മ തൂങ്ങിമരിച്ചെന്നായിരുന്നു രാജേഷിന്റെ വാദം. തൂങ്ങാന്‍ ഉപയോഗിച്ചതെന്നു പറഞ്ഞ് ഒരു കൈലിമുണ്ടും പൊലീസിന് പ്രതികള്‍ കൈമാറി. ഫൊറന്‍സിക് സംഘത്തിലെ ഡോക്ടര്‍ ബല്‍റാം, ഡോക്ടര്‍ ദീപു, ഡോക്ടര്‍ വിശാല്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആത്മഹത്യയ്ക്കുള്ള തെളിവുകള്‍ കണ്ടെത്താനായില്ല. ഫൊറന്‍സിക് അസിസ്റ്റന്റ് ഡോക്ടര്‍ ദേവി വിജയനും ആത്മഹത്യാ സാധ്യത തള്ളിയതോടെ രാജേഷ് തന്നെയാണ് കൊലയാളിയെന്ന് പൊലീസ് ഉറപ്പിച്ചു.

തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചെന്നു പറയപ്പെടുന്ന കൈലിയുമായി വൈകാരിക പ്രകടനം രാജേഷ് തുടര്‍ന്നു കൊണ്ടിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം സംസ്‌കാരത്തിനു കിടത്തിയിരുന്നത്. ശ്വാസം മുട്ടിയാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയും ചെയ്തു. ദേവകിയമ്മയുടെ കഴുത്തില്‍ ശക്തമായി എന്തോ ഉരഞ്ഞ പോലെയുള്ള പാടുകള്‍ ഉണ്ടായിരുന്നു. ഈ തുണിയില്‍ തൂങ്ങിയാല്‍ ഇത്തരത്തിലുള്ള ഉരഞ്ഞ പാടുകള്‍ ഉണ്ടാകില്ലെന്നു ഫൊറന്‍സിക് വിദഗ്ധര്‍ നിലപാട് എടുത്തതോടെ പ്രതികളെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പലതവണ ചോദ്യം ചെയ്‌തെങ്കിലും അമ്മ തൂങ്ങിമരിച്ചതാണെന്ന നിലപാടില്‍ ഉറച്ചു നിന്ന പ്രതികള്‍ ചോദ്യം മുറുകിയതോടെ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവദിവസം രാത്രി ജോലി ആവശ്യത്തിനായി വീടിനു പുറത്തിറങ്ങിയപ്പോള്‍ വ്യായമത്തിനായി താന്‍ വലിച്ചു കെട്ടിയ ക്രോസ്ബാറില്‍ അമ്മ തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നായിരുന്നു രാജേഷിന്റെ ആദ്യമൊഴി. സംഭവം കണ്ടതിനു ശേഷം കസേരയുമായി ക്രോസ്ബാറിന്റെ അടുത്തെത്തി മൃതദേഹം സ്വയം അഴിച്ചു മാറ്റിയതിനു ശേഷം നിലത്ത് കിടത്തിയെന്നാണ് രാജേഷ് പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്.

ദേവകിയമ്മയുടെ പേരിലുള്ള 10 സെന്റ് കൈക്കലാക്കുന്നതിനു നിരന്തരം നടത്തിയ ഉപദ്രവങ്ങള്‍ക്ക് ഒടുവിലാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്‍, എസിപിമാരായ ബി.ഗോപകുമാര്‍, കെ.സജീവ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ്‌കുമാര്‍, എസ്‌ഐമാരായ എസ്.സുജാതന്‍ പിള്ള, അശോകന്‍, സന്തോഷ്, വിജയകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ആര്‍.സുരേഷ് കുമാര്‍, എഎസ്‌ഐമാരായ സന്തോഷ്, സജി, ഹരികൃഷ്ണന്‍, ഷാജിമോന്‍, വനിത പൊലീസ് ഓഫിസര്‍മാരായ നസീറ, മുനീറ, എം.എസ്.ഷീജ, ഷൈലജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സാരിത്തൊട്ടിലില്‍ കഴുത്ത് കുരുങ്ങി 17കാരി ശ്വാസം മുട്ടി ദാരുണാന്ത്യം. തേങ്കുറിശ്ശി മഞ്ഞളൂര്‍ ചക്കിങ്കല്‍ ചന്ദ്രന്റെ മകള്‍ നന്ദനയാണ് മരണപ്പെട്ടത്. അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് നിഗമനം. ചിതലി ഭവന്‍സ് വിദ്യാമന്ദിര്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് നന്ദന.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത്. കിടപ്പുമുറിയില്‍ സാരികൊണ്ട് കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നെന്നും അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും ബന്ധുക്കളും വെളിപ്പെടുത്തുന്നു.

നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ക്ഷേത്രത്തില്‍പ്പോയ ചന്ദ്രന്‍ മടങ്ങിയെത്തി പ്രസാദം നല്‍കാന്‍ മകളുടെ മുറിയില്‍ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലില്‍ കുരുങ്ങിയ നിലയില്‍ നന്ദനയെ കണ്ടെത്തിയത്.

ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിരുന്നെത്തുന്ന ബന്ധുക്കളുടെയും മറ്റും കുട്ടികളെ കിടത്തുന്നതിനായി സ്ഥിരമായി കെട്ടിയിരുന്നതാണ് തൊട്ടില്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോളേജിൽ ക്രൂരമായി ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു ഉള്ളാൾ പോലീസാണ് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അതേ കോളേജിലെ തന്നെ സീനിയർ വിദ്യാർത്ഥികളെ അറസ്റ്റുചെയ്തത്

രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ അറസ്റ്റിലാവുന്നത്. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരാണ് അറസ്റ്റിലായത്.

കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 11 അംഗ മലയാളി വിദ്യാർത്ഥി സംഘം റാഗ് ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തൽ. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.

റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും ചേർന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്‌മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്‌മെന്റാണ് പോലീസിനെ വിവരമറിയിച്ചത്. 18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരെയാണ് കേസെടുത്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.

റാഗിങ്ങിനിരയായാൽ വിദ്യാർത്ഥികൾക്ക് അക്കാര്യം കോളേജ് അധികൃതരെ അറിയിക്കാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ടുവന്ന് പറയാമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.

ഹൈദരാബാദിനടുത്ത് ഫാര്‍മസി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം. മേഡ്ചാൽ മൽജാഗിരി ജില്ലയിലാണ് 19 കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ പീഡനലക്ഷ്യവും ഉണ്ടായിരുന്നതായി സംശയിക്കുന്നു. കൃത്യസമയത്ത് പൊലീസ് എത്തിയതിനാല്‍ പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.

ഹൈദരാബാദിനോട് ചേർന്നുള്ള മേഡ് ചാൽ മാൽജാഗിരി ജില്ലയിലാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്. കോളജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 19കാരി വൈകീട്ട് ആറു മണിയോടെ ഓട്ടോയില്‍ കയറി. ഒരു സ്ത്രീയും കുട്ടിയും ഒാട്ടോയിലുണ്ടായിരുന്നു. അടുത്ത സ്ഥലത്ത് ഇവര്‍ ഇറങ്ങിയതോടെ ആക്രമി സംഘത്തിലെ രണ്ടുപേര്‍ ഒാട്ടോയില്‍ കയറി. കുറച്ച് മാറി ഒാട്ടോ നിര്‍ത്തി പെണ്‍കുട്ടിയെ മറ്റൊരു വാഹനത്തിലേക്ക് വലിച്ചുകയറ്റി. വാഹനത്തില്‍വച്ച് പെണ്‍കുട്ടി വീട്ടിലേക്ക് മൊബൈലില്‍ വിളിച്ചതാണ് തുണയായത്.

വീട്ടുകാര്‍ നല്‍കിയ വിവരവും, പെണ്‍കുട്ടിയുടെ മൊബൈല്‍ സിഗ്നലും പിന്തുടര്‍ന്നെത്തിയ പൊലീസ് ഒടുവില്‍ വാഹനം കണ്ടെത്തി. അപ്പോള്‍ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ആക്രമിസംഘം പെണ്‍കുട്ടിയെ എത്തിച്ച് ആക്രമണം തുടങ്ങിയിരുന്നു. പൊലീസിനെ കണ്ട സംഘം മരക്കഷ്ണം കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ അടിച്ചുവീഴ്ത്തിയശേഷം ഒാടി രക്ഷപ്പെട്ടു. കാലുകള്‍ക്കും തലയിലും ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി ചികില്‍സയിലാണ്. പൊലീസ് നടത്തിയ തിരച്ചിലില്‍ രണ്ടു പ്രതികള്‍ പിടിയിലായി.

അശ്ലീല വീഡിയോ ചിത്രീകരിച്ച് വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ നടി ഗെഹന വസിഷ്ടിന്റെ നിര്‍മ്മാണ കമ്പനിക്കായി പ്രവര്‍ത്തിച്ചിരുന്ന മോഡല്‍ കോ-ഓര്‍ഡിനേറ്ററായ ഉമേഷ് കാമത്ത് അറസ്റ്റില്‍.

മുംബൈ പോലീസ് ആണ് ഉമേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വീഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിക്കുന്നു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് വന്നിരുന്നത്.

രണ്ടു വര്‍ഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇയാള്‍ വിദേശത്തെ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങളും പോലീസ് കണ്ടെത്തി. അര മണിക്കൂര്‍ വീതമുള്ളതാണ് വീഡിയോകള്‍.

ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളായ പെണ്‍കുട്ടികള്‍ക്ക് പരമാവധി 20,000 രൂപയാണു നല്‍കിയിരുന്നതെന്നും പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരിനടുത്ത് മമ്പാട് കുട്ടികളെ ദിവസങ്ങളായി പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പുറത്തെത്തുന്നത് രക്ഷിതാക്കളുടെ ക്രൂരമായ പീഡനം. മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആറും നാലും വയസ്സുള്ള കുട്ടികൾക്ക് ഭക്ഷണമോ വെള്ളമോ നൽകാറില്ലെന്നും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. കുട്ടികളെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ കുട്ടികൾക്ക് പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തി. ഇരുവരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

രക്ഷിതാക്കളുടെ പീഡനത്തെ തുടർന്ന് ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്തനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. നാല് വയസ്സുള്ള കുട്ടിയുടെ കണ്ണുകൾ വീർത്ത് തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. കുട്ടികളുടെ അമ്മ നേരത്തെ മരിച്ചതായാണ് വിവരം. ഇവരോടൊപ്പമുണ്ടായിരുന്നത് രണ്ടാനമ്മയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ദമ്പതിമാരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രണ്ടാനമ്മ ഉപദ്രവിച്ചിരുന്നതായി നാല് വയസ്സുള്ള കുട്ടി പോലീസിന് മൊഴി നൽകിയിട്ടുുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് മമ്പാട് ടൗണിലെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ട കുട്ടികളെ പോലീസും നാട്ടുകാരും ചേർന്ന് മോചിപ്പിച്ചത്.

തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാർ മൂന്ന് മാസമായി മമ്പാട് ടൗണിലെ കെട്ടിടത്തിലാണ് താമസം. കുട്ടികളെ മുറിയിൽ പൂട്ടിയിട്ടാണ് ഇവർ ജോലിക്ക് പോയിരുന്നത്. കുട്ടികൾക്ക് കുടിവെള്ളം പോലും ഇവർ നൽകിയിരുന്നില്ല. മുറിയുടെ ജനൽ തുറന്നു വെക്കുന്ന അവസരങ്ങളിൽ സമീപത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികൾ കുട്ടികൾക്ക് ഭക്ഷണം നൽകാറുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ജനലുകൾ അടച്ചിട്ടാണ് കുട്ടികളെ മുറിയിൽ പൂട്ടിയിട്ട് ദമ്പതിമാർ ജോലിക്ക് പോയത്. ഇതോടെ ബംഗാൾ സ്വദേശികൾ നാട്ടുകാരെ വിവരമറിയിക്കുകയും പോലീസ് അടക്കം ഇടപെട്ട് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു.

Copyright © . All rights reserved