Crime

മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച്‌ പേരോട് ടൗണിനടുത്ത ഭര്‍ത്യവീട്ടില്‍ വാണിമേല്‍ സ്വദേശിയായ യുവതിയുടെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. കിഴക്കെ പറമ്ബത്ത് ഷാഫിയുടെ ഭാര്യ ഷഫീന (35)യും മക്കളുമാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

ഉയരം പോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി. രാവിലെ പത്തു മണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഭര്‍തൃ വീട്ടിലെത്തിയ ഷഫീനയ്ക്ക് വീടിന്റെ താക്കോല്‍ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റമുണ്ടായി.

ഇതിനിടെ നാദാപുരം പോലീസും തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയും വാര്‍ഡ് മെമ്ബര്‍ റെജുല നിടുമ്ബ്രത്തും സ്ഥലത്തെത്തി. പ്രശ്നം ചര്‍ച്ചചെയ്യാമെന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെ ബന്ധുക്കള്‍ തള്ളി. ഇതോടെ വീട്ടില്‍ കുടുംബം സമരം തുടരുകയായിരുന്നു. പതിനൊന്നുവര്‍ഷം മുമ്ബാണ് ഷഫീനയെ ഷാഫി വിവാഹംചെയ്തത്. മൂന്നുവര്‍ഷംമുമ്ബ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. ഇതിന് ശേഷം കുടുംബസമേതം ഗള്‍ഫിലേക്ക് പോയി. ഒരുമാസം ഗള്‍ഫില്‍ കഴിഞ്ഞതിന് ശേഷം ഷാഫി കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചു.

പേരോട്ടെ വീട്ടില്‍ തനിച്ചായതിനാല്‍ സ്വന്തംവീട്ടിലേക്ക് പോവാന്‍ ഷാഫി ആവിശ്യപ്പെട്ടതായും പിന്നീട് യാതൊരു ബന്ധവുമില്ലെന്ന് ഷഫീന പറഞ്ഞു. അതെ സമയം ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഷാഫിയുടെ ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം.

മലപ്പുറം താനൂരിലെ ഓമച്ചപ്പുഴയിൽനിന്ന് ആറ് വർഷം മുമ്പ് അമ്മയെയും മക്കളായ ഇരട്ട കുട്ടികളെയും കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവിൽ. രണ്ട് വർഷമായി മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.

2014 ഏപ്രിൽ 27നാണ് ഓമച്ചപ്പുഴ തറമ്മൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(42) ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീൻ(12) ഷജീന(12) എന്നിവരെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഓമച്ചപ്പുഴയിലെ വീട്ടിൽനിന്നും പെരിന്തൽമണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. പരേതനായ തറമ്മൽ സൈനുദ്ദീന്റെ രണ്ടാംഭാര്യയായിരുന്നു ഖദീജ. ആദ്യഭാര്യയുമായി അകന്നുകഴിയുന്നതിനിടെയാണ് ഖദീജയെ സൈനുദ്ദീൻ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ സൈനുദ്ദീന്റെ കുടുംബത്തിൽനിന്നും എതിർപ്പുകളുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. സൈനുദ്ദീന്റെ മരണശേഷം ഖദീജയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ടായി. ഇതിനെല്ലാം ഒടുവിലാണ് 2014 ഏപ്രിലിൽ ഖദീജയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.

ഖദീജയെ കാണാതായ സംഭവത്തിൽ തൊട്ടടുത്തദിവസം തന്നെ ബന്ധു താനൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. വർഷങ്ങളോളം ലോക്കൽ പോലീസ് അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. ഇതോടെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത.

ഈ കേസിൽ അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരുടെ നുണപരിശോധന നടത്താനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽനിന്ന് അനുമതി തേടി. എന്നാൽ കഴിഞ്ഞദിവസം ഇവർ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതോടെ മറ്റുവഴികൾ തേടാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

അമ്മയും മക്കളും എങ്ങോട്ടുപോയി, അവർക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടുകയായിരുന്നു. അതീവരഹസ്യമായി ഓമച്ചപ്പുഴയിലും പരിസര പ്രദേശങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. പിന്നാലെ സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോൺകോളുകൾ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭർത്താവിന്റെ ബന്ധു കൂടിയായ ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് ഇവർ പരപ്പനങ്ങാടി കോടതിയെ അറിയിച്ചത്.

അതേസമയം, ബന്ധു നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പലവിധ സംശയങ്ങളും ഉയർന്നിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. ഷഫീഖിനെ പൊലീസ് തല്ലിക്കൊന്നതാണെന്ന് പിതാവ് ഇസ്മയിൽ ആരോപിച്ചു.ചൊവ്വാഴ്ച പുലർച്ചെ വട്ടകപ്പാറയ്ക്കു സമീപത്തെ വീട്ടിൽ നിന്നാണു ഷെഫീക് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊണ്ടുപോയ സമയത്തും അതിനു ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. ഏതു കേസിനാണെന്നു പോലും പറയാതെയാണു കൊണ്ടുപോയത്. ജയിലിൽ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവന്നതും വൈകിയാണ് അറിയിച്ചത്.

‘അങ്ങനെ സംഭവിക്കണമെന്നു പൊലീസിന് ഉദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് എറണാകുളത്തു നിന്നു കൊണ്ടുവന്നതു പോലും അറിയിക്കാതിരുന്നത്. പൊലീസ് അവനെ തല്ലിക്കൊന്നതാണ്. നെറുകയിൽ വലിയ മുറിവുണ്ട്. അടിവയറ്റിലും നടുവിന്റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ. സഹിക്കാൻ പറ്റുന്നതിലേറെ തല്ലിയതു കൊണ്ടാണു മരിച്ചത്. നിത്യരോഗിയാണ് അവന്റെ ഭാര്യ. ഇൻസ്റ്റാൾമെന്റ് വ്യാപാരം നടത്തിയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്’. ഇസ്മയിൽ വിതുമ്പി പറയുന്നു.

ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഷെഫീക്കിന്റെ മുഖത്തു പൊലീസ് മർദിച്ചുവെന്നാണ് സഹോദരൻ പറയുന്നത്. തലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നലുണ്ട്. വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച പോലെയുള്ള അടയാളങ്ങളുമുണ്ട്. ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടിയ പോലെയുണ്ട് അടയാളങ്ങളുണ്ടെന്നും സഹോദരൻ സമീർ വെളിപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷഫീഫ് മരിച്ചിരുന്നുവെന്നും ദുരൂഹ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ബിരിയാണിക്കു കാശ് ചോദിച്ചതിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പറഞ്ഞു ഹോട്ടല്‍ ഉടമയെ ഭീഷണി, ബി.ജെ.പി നേതാക്കള്‍ ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈ റോയപേട്ടയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. അമിത് ഷായുടെ സഹായി വിളിക്കുമെന്നും മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കി കൊല്ലുമെന്നുമായിരുന്നു ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറിയും പ്രസിഡന്റും ഭീഷണി മുഴക്കിയത്.

റോയപേട്ടയിലെ മുത്തയ്യ തെരുവിലെ ബിരിയാണി കടയില്‍ ഇന്നലെ രാത്രിയാണു സംഭവം. കട അടയ്ക്കുന്ന സമയത്തു മൂന്നുപേര്‍ എത്തി ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണി കിട്ടിയതോടെ പണം നല്‍കാതെ കടന്നു കളയാനായി ശ്രമം. ഉടമയും ജീവനക്കാരും ഇതു തടഞ്ഞു. ബി.ജെ.പി നേതാക്കളോടു ബിരിയാണിക്കു പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോയെന്നായി ഭീഷണി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സഹായി വിളിക്കുമെന്നു പറഞ്ഞു വിരട്ടാന്‍ നോക്കി. പിറകെ തങ്ങള്‍ വിചാരിച്ചാല്‍ മുത്തയ്യ തെരുവില്‍ മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കാന്‍ കഴിയുമെന്ന മുന്നറിയിപ്പും മൂവര്‍ സംഘം നല്‍കി.

ഇതോടെ ഉടമ പൊലീസില്‍ അറിയിച്ചു. ഐസ് ഹൗസ് സ്റ്റേഷനിലെ പട്രോളിങ് സംഘമെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. വധഭീഷണിമുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ്. മൂവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഹോട്ടലുടമയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബെന്നാർഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ശോഭ(44) കാമുകൻ രാമു(45) എന്നിവർ അറസ്റ്റിലായതോടെയാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം വെളിപ്പെട്ടത്. ഇരുവരും ചേർന്ന് ആറ് മാസം മുമ്പാണ് ശോഭയുടെ ഭർത്താവായ ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ശിവലിംഗയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാമു. ഇയാൾ ശോഭയുമായി അടുത്തത് ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.

2020 ജൂൺ ഒന്നാം തീയതിയാണ് ശോഭയും രാമുവും ചേർന്ന് ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തിൽ ഉപേക്ഷിച്ചത്. ദിവസങ്ങൾക്ക് ശേഷം അഴുകിയനിലയിൽ മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അവകാശമുന്നയിച്ച് എത്താതിരുന്നതിനാൽ പോലീസ് മൃതദേഹം മറവുചെയ്യുകയായിരുന്നു.

ശിവലിംഗ വീടിനടുത്ത റോഡരികിലായിരുന്നു ആദ്യം ഭക്ഷണശാല നടത്തിയിരുന്നത്. ഇവിടെ ജീവനക്കാരനായിരുന്നു രാമു. പിന്നീട് കച്ചവടം വിപുലപ്പെടുത്തുകയും ബെന്നാർഗട്ടയിൽ പുതിയ ഹോട്ടൽ ആരംഭിക്കുകയും ചെയ്തു. ഇതോടെ ശോഭയും രാമുവും ചേർന്ന് നാട്ടിലെ ഭക്ഷണശാല നോക്കി നടത്താൻ തുടങ്ങി. ഈ സമയം ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും ലോക്ക്ഡൗൺ വന്നതോടെ ബെന്നാർഗട്ടയിൽനിന്ന് ശിവലിംഗ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ശോഭയുടെ ബന്ധം ശിവലിംഗ തിരിച്ചറിയുകയായിരുന്നു. ഇതോടെ ഇരുവർക്കുമിടയിൽ തർക്കങ്ങളും പതിവായി. ഇതോടെയാണ് ശിവലിംഗയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതികൾ മൊഴി നൽകി.

അതേസമയം, ശിവലിംഗയെ കാണാതായതോടെ തെരഞ്ഞെത്തിയവരോട് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവുമായി ശിവലിംഗ നാടുവിട്ട് പോയെന്നാണ് ശോഭ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന 1.3 ലക്ഷം രൂപയുമായാണ് പോയതെന്നും പണം തീർന്നാൽ അദ്ദേഹം തിരികെവരുമെന്നും വിശ്വസിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ശിവലിംഗയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ സഹോദരൻ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും ശോഭ ഇവരെ പിന്തിരിപ്പിച്ചു.

പിന്നീട് മാസങ്ങൾക്ക് ശേഷം ഹോട്ടൽ ജീവനക്കാരൻ രാമുവുമായി ശോഭ അടുപ്പത്തിലാണെന്ന വിവരം ബന്ധുക്കൾക്ക് മനസിലായതോടെ ശിവലിംഗയുടെ സഹോദരനും ബന്ധുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു.

ആറ് മാസത്തോളം ആർക്കും സംശയമില്ലാത്തരീതിയിൽ ഇവർ കൊലപാതകം മറച്ചുവെച്ചെങ്കിലും പോലീസ് അന്വേഷിച്ചെത്തിയതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. ഞായറാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു. തുടർന്ന് രണ്ടുപേരും കുറ്റംസമ്മതിക്കുകയായിരുന്നു. കൊലപാതകം നടത്തിയ രീതി പോലീസിനോട് വിവരിച്ച പ്രതികൾ മൃതദേഹം ഉപേക്ഷിച്ചസ്ഥലവും കാണിച്ചുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം കോടതി കയറുന്നു. കണാതായ ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി.

പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.

കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും. 2018 മാർച്ച് 22 ന് കാണാതായ ജെസ്‌നയെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

എന്നാൽ, ജെസ്‌ന എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങളിൽ വാർത്ത വന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പത്തനംതിട്ട എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞത്.

അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ട്. തുറന്നുപറയാൻ സാധിക്കാത്ത പല കാര്യങ്ങളുമുണ്ട്. കേസിൽ വൈകാതെ തീരുമാനമുണ്ടാകും. തമിഴ്‌നാട്ടിലുൾപ്പെടെ അന്വേഷണം നടന്നു. കോവിഡ് പ്രതിസന്ധി അന്വേഷണത്തിനു മങ്ങലേൽപ്പിച്ചെന്നും കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്. രണ്ട് വർഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു. ജെസ്‌നയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.

ജെസ്‌ന എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്‌ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.

ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേകസംഘവും തുടർന്ന് ക്രൈംബ്രാഞ്ചും ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയെ പറ്റി വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കേസിൽ യാതൊരു വഴിതിരിവും ഉണ്ടായില്ല. ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.

അതിക്രമിച്ച് ക്ലാസ്സിലെത്തി യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് ജില്ലയിലെ ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യന് കോഴ്‌സ് പഠിക്കുന്ന മലമ്പുഴ സ്വദേശിയായ സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സരിതയുടെ ഭര്‍ത്താവ് ബാബുരാജാണ് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി. സരിതയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട ബാബുരാജ് ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തുകയായിരുന്നു.

ശേഷം ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബാബുരാജ് ക്ലാസ്സില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു.

അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മലമ്പുഴയിലെത്തി കീഴടങ്ങുകയായിരുന്നു.

ബാബുരാജിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ബാബുരാജും സരിതയും തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പഠിക്കുന്നതിലും ബാബുരാജിന് എതിര്‍പ്പുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെവിൻ വധക്കേസിലെ പ്രതികൾക്ക് പുറത്തുനിന്നും എത്തിച്ചുനൽകിയത് പേരക്കയുടെ രുചിയും മണവുമുള്ള മദ്യം. സമീപത്തെ സെല്ലിലെ അന്തേവാസിയാണ് പേരക്കയുടെ മണം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കോട്ടയം കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറോം മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്.

അതേസമയം, പ്രതികൾ മദ്യപിച്ചെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമം നടക്കവെ സ്ഥാനം തെറിച്ചത് പൂജപ്പുര സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥർക്കാണ്. ബെക്കാഡി ഗുആവ മദ്യത്തിന്റെ മണമടിച്ച അന്തേവാസി വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതോടെ ഇവരെത്തി ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തിരുന്നു. ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം 4 പേരും പ്രതികരിച്ചില്ല. ഭീഷണിക്കൊടുവിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചു. തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്‌സുകളിലാണു കൊണ്ടുപോയത്. അതിൽ മദ്യം ഒളിപ്പിച്ച് ജയിൽ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ജയിലിൽ മദ്യം എത്തിച്ചയാളുടെ വിവരം നൽകിയാൽ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്. മാത്രമല്ല, ഇനിയും മദ്യം കിട്ടാനുള്ള വഴിയും അടയും. ഇതോടെ പ്രതികൾ ആരാണ് മദ്യമെത്തിച്ചത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ടിറ്റുവിനു മർദനമേറ്റെന്നു സഹതടവുകാരൻ വീട്ടിൽ അറിയിച്ചെന്നും അതല്ല ടിറ്റു ജെറോം തന്നെയാണ് അറിയിച്ചതെന്നും വിവരമുണ്ട്. ടിറ്റുവിനെ കാണാൻ അനുവദിക്കാത്തതിനെതിരെ രക്ഷിതാക്കൾ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു വർഷമായി കാണാൻ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞയാഴ്ച മകനെ കാണുന്നതിനായി അഞ്ചു തവണ ജയിലിൽ എത്തിയെങ്കിലും സന്ദർശനം നിഷേധിച്ചുവെന്നുമുള്ള ഹേബിയസ് കോർപസ് ഹർജി പരിഗണനയ്ക്കിരിക്കെയാണ് ജയിലിലെ മർദനത്തെക്കുറിച്ച് ഫോൺ വിളി എത്തുന്നത്. അതുകൂടി കോടതിയെ ധരിപ്പിച്ചതോടെ ഇടപെടൽ വേഗത്തിലായി.

ടിറ്റു ജെറോമിനു മർദനമേറ്റെന്ന് ജില്ലാ ജഡ്ജി കണ്ടെത്തിയതോടെ ഡെപ്യുട്ടി പ്രിസൺ ഓഫീസർമാരായ ബിജു കുമാർ, ബിജു കുമാർ, അസിസ്റ്റന്റ് പ്രിസൻ ഓഫിസർ സനൽ എന്നിവരെയാണ് മാറ്റിയത്. ബിജുകുമാർ, സനൽ എന്നിവരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കും ബിജു കുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കുമാണു മാറ്റിയത്.

പൊലീസ് സാന്നിധ്യമില്ലാതെ ജയിലില്‍ ജോളിയുമായി സംസാരിക്കണമെന്നായിരുന്നു അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ വാദം. ഇത് വിചിത്രമെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് രഹസ്യങ്ങള്‍ ചോരുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ജോളിയോട് പറയുന്ന മുഴുവന്‍ കാര്യങ്ങളും അന്വേഷണസംഘം അറിയുന്നു. ഇക്കാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്നും ആളൂര്‍ പറഞ്ഞു.

ജയില്‍ അധികാരിയെന്ന നിലയില്‍ വിഷയത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടാമെന്ന് കോടതി അറിയിച്ചു. അഭിഭാഷകനെ കാണുന്നതിന് ജയിലില്‍ ജോളിക്ക് നിയന്ത്രണമുണ്ടോ. ജോളിയുടെ വിലപിടിപ്പുള്ള സാധനങ്ങളെന്തെങ്കിലും സൂപ്രണ്ടിന്റെ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഈമാസം 22 ന് കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്ന് സമന്‍സിലൂടെ ആവശ്യപ്പെടും. സാമ്പത്തിക ഇടപാടിന് ജോളി അപേക്ഷ നല്‍കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വക്കാലത്ത് പവര്‍ അറ്റോര്‍ണി പോലെയാണെന്നും കിട്ടാനുള്ള പണം തിരികെ വാങ്ങാന്‍ അഭിഭാഷകന് അധികാരമുണ്ടെന്നും ആളൂര്‍ പറഞ്ഞു.

ജോളി ജയിലിലായതിനാല്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ട കാര്യമില്ല. അത്തരമൊരു കീഴ്്വഴക്കമില്ലെന്നും സാധാരണക്കാരന്റേതായ മുഴുവന്‍ അവകാശങ്ങളും പ്രതിക്കുണ്ടെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി. ജോളി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ഒരു വക്കീലിനെ കേസില്‍ സാക്ഷിയാക്കി. ഇനി തന്നെയും സാക്ഷിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമോ എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരാഞ്ഞു. പണം പിരിച്ചെടുക്കാന്‍ അനുമതി നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നിയമപരമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അനുവദിച്ചാല്‍ പല സാധാരണക്കാരെയും ഭീഷണിപ്പെടുത്തി ചൂഷണത്തിനിരയാക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

സിസ്റ്റര്‍ അഭയ കള്ളനെ പേടിച്ച് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്ന് മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ സ്ഥാപകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍. അല്ലാതെ അഭയയെ ആരും കൊന്നതല്ലെന്നും അഭയയ്ക്ക് പുരുഷന്മാരെ പേടിയായിരുന്നെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.

ചെറുപ്പത്തില്‍ തന്നെ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയ. അതിനാല്‍ പുരുഷന്മാരെ കാണുമ്പോള്‍ പേടിയായിരുന്നെന്നും അഭയയുടെ ആത്മാവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

‘അടുത്ത ദിവസങ്ങളില്‍ ഒരു വാട്‌സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല.

ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായി.’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.

ഈ സന്ദേശം പലര്‍ക്കും അയച്ചുകൊടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്നും അങ്ങനെ മഠങ്ങളില്‍ സിസ്റ്റര്‍ അഭയക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫാ.മാത്യുവിന്റെ പ്രസംഗത്തിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

അഭയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി ന്യായീകരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞിരുന്നു. അത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ.മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോയെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

Copyright © . All rights reserved