Crime

50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാടയ്ക്ക് താമസിക്കുന്ന 50കാരിയുടെ ത്രികോണപ്രണയമാണ് അടിപിടിയില്‍ കലാശിച്ചത്. കമ്പിവടിക്ക് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാറിനെ (38) ആണ് പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്തോഷ്‌കുമാറിനെ ആക്രമിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭാര്യയും വേറെ മക്കളുമുള്ള സജിമോന്‍ പത്രോസ് ചേനക്കാലായില്‍ വാടകയ്ക്കു താമസിക്കുന്ന സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ സ്ത്രീക്ക് സന്തോഷ്‌കുമാര്‍ എന്ന യുവാവുമായും ബന്ധമുണ്ടെന്ന് സജിമോന്‍ കണ്ടെത്തുകയായിരുന്നു.

ഇത് കയ്യോടെ പിടിക്കുന്നതിനായി പുറത്തു പോകുന്നതായി നടിച്ച് സജിമോന്‍ വീടിനടുത്തു തന്നെ ഒളിച്ചു നില്‍ക്കുകയായിരുന്നു. ഇതറിയാതെ സന്തോഷ്‌കുമാര്‍ വീട്ടിലെത്തി. അകത്തു കയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്ന് സന്തോഷിന് സംശയം തോന്നി.

ഇതോടെ ശുചിമുറിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ നീക്കം നടന്നില്ല. പുറത്തുവന്ന സന്തോഷിനെ സജിമോന്‍ കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷ് അബോധാവസ്ഥയിലായി.

ഡബ്ലിനില്‍ യുവാവിനെ റോഡില്‍ അക്രമിക്കുന്നത് തടയാനിടപെട്ട കൗമാരക്കാരനായ ഫുട്ബോള്‍ താരം കുത്തേറ്റു മരിച്ച ദാരുണമായ സംഭവത്തില്‍ ടേക്ക് എവേ ഡെലിവറിക്കാരനായ ബ്രസീലുകാരന്‍ അറസ്റ്റിലായി.ഫുട്ബോള്‍ താരമായ ജോഷ് ഡന്നിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ മുഖ്യപ്രതിയാണ് ഇയാള്‍. ഡബ്ലിന്‍ നോര്‍ത്തില്‍ താമസിക്കുന്ന ബ്രസീലിയന്‍ പൗരനെയാണ് സ്റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ നിന്നുള്ള ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തത്.

ഡന്‍ഡി യുണൈറ്റഡ്, ബോഹെമിയന്‍സ് എഫ്‌സി എന്നീ ഫുട്ബോള്‍ ക്ലബ്ബുകളുടെ മികച്ച താരമായിരുന്നു ജോഷ് ഡണ്‍ .ചൊവ്വാഴ്ച രാത്രി ഒന്‍പതിന് ശേഷമാണ് ഡബ്ലിനിലെ വടക്കന്‍ നഗരത്തില്‍ നടന്ന സംഭവത്തില്‍ (16)കുത്തേറ്റ് വീണത്.

ജോഷും 16കാരനായ സുഹൃത്തും നടന്നുവരുന്നതിനിടെ 23 കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ടു. ഡെലിവറി സൈക്ലിസ്റ്റിന്റെ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളാണ് ആക്രമിക്കപ്പെട്ടത്.ഈസ്റ്റ് വാളിലെ ഈസ്റ്റ് റോഡിലാണ് സംഭവം.ജോഷും സുഹൃത്തും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 23കാരനും ജോഷിനും കുത്തേറ്റത്.

ഇരുവരേയും മൂന്നുതവണ വീതമാണ് കുത്തിയത്.ഇവരെയും ഡബ്ലിനിലെ മാറ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോഷ് മരിച്ചു.23 വയസുള്ള പുരുഷന്റെ പുറകിലാണ് കുത്തേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് മോഷണ കേസില്‍ ഗാര്‍ഡ ഇദ്ദേഹത്തെ ചോദ്യം ചെയ്യും.

കൊല്ലപ്പെട്ട കൗമാരക്കാരന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും അക്രമണത്തിനിടെ സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുക മാത്രമേ ചെയ്തുള്ളുവെന്നും ഉന്നത ഗാര്‍ഡ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മറ്റ് പ്രതികളില്ലെന്നും ഇദ്ദേഹം അറിയിച്ചു.

വര്‍ഷങ്ങളായി നിരവധി പ്രശസ്ത ക്ലബ്ബുകള്‍ക്കായി കളിച്ചയാളായിരുന്നു ജോഷ്. സെന്റ് കെവിന്‍ ബോയ്സ് എഫ്‌സിയിലെ ഫുട്‌ബോള്‍ ഡയറക്ടര്‍ കെന്‍ ഡോണോ,സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പ് ,ബോഹെമിയന്‍സ് എഫ്‌സി ടോള്‍ക റോവേഴ്‌സ് എഫ്‌സി തുടങ്ങിയ നിരവധി ക്ലബുകളും സംഘടനകളും ആദരാഞ്ജലിയും അനുശോചനവുമറിയിച്ചു.

ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തില്‍ യുവതി കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍. പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ് ഇന്നലെ രാവിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പാവുമ്പയിലെ കുടുംബവീട്ടില്‍ നിന്ന് പലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിജയലക്ഷ്മിയെ കാണാഞ്ഞ് രാവിലെ ബന്ധുക്കള്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും മറ്റേതെങ്കിലും ക്ഷേത്രത്തില്‍പോയതായിരിക്കാം എന്ന കണക്കു കൂട്ടലിലില്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നു വിലയിരുത്തുന്നതായി പൊലീസും വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള മനോവ്യഥയിലായിരുന്നു യുവതി. പ്രണയിച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിവാഹ ശേഷം ചില കേസുകളില്‍ ഇയാള്‍ അറസ്റ്റിലുമായി. തുടര്‍ന്ന് ഭര്‍ത്താവിനെ സ്ഥലത്തു നിന്നു മാറ്റിയാല്‍ മാറ്റമുണ്ടായേക്കും എന്നു കരുതിയാണ് ബെംഗളുരുവിലേയ്ക്കു കൊണ്ടു പോയത്. അവിടെയും മോശം സ്വഭാവം തുടര്‍ന്നതോടെ നാട്ടിലേയ്ക്കു തിരികെ പോരുകയായിരുന്നത്രെ. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ വീണ്ടും ജയിലിലായതോടെയാണ് യുവതി കടുത്ത ദുഃഖത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മരണച്ചിറ എന്നറിയപ്പെടുന്ന ഈ കുളത്തില്‍ നേരത്തെ നിരവധിപ്പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആഴത്തില്‍ കുഴിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഏതുസമയത്തും വെള്ളമുണ്ട്. നൂറനാട് പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് നിഗമനം.

ബസിന് അടിയിലേയ്ക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം നടന്നത്. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടിഎം ബേബിയുടെ മകന്‍ വിബി രാജേഷ് (37) ആണ് മരിച്ചത്. കോട്ടയം നഗരത്തില്‍ കോഴിചന്തയ്ക്കു സമീപമാണ് അപകടമുണ്ടായത്

ഇന്നു രാവിലെ 8.30 ന് ആയിരുന്നു അപകടം. കോട്ടയംപൂവന്തുരുത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് അടിയിലേക്കാണു രാജേഷ് വീണത്. ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ബസിനടിയിലേക്ക് വീണത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിക്കുന്നു. അതേസമയം, അപകടം നടന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ചന്തയുടെ ഭാഗത്ത് പലപ്പോഴും കാണാറുണ്ടായിരുന്നയാളാണ് രാജേഷ്. അവിവാഹിതനാണ് രാജേഷ്. അമ്മ: എം.കെ. രാധാമണി. ബസിന് അടിയിലേക്ക് രാജേഷ് വീഴുന്നതാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് സ്ഥലത്തെ കടയുടമകള്‍ പറയുന്നു. ഇവര്‍ ഒച്ച വച്ചെങ്കിലും അതിനു മുന്‍പു തന്നെ ബസിന്റെ പിന്‍ചക്രങ്ങള്‍ ശരീരത്തില്‍ കയറിയിരുന്നു. മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കും. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കവര്‍ച്ച നടത്തിയതിന്റെ തെളിവ് ഇല്ലാതാക്കാനാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

എറണാകുളം പുല്ലേപ്പടിയിലെ റെയില്‍വേ ട്രാക്കിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജോബി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡിനോയിയും കവര്‍ച്ചയുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ പ്രദീപ്, മണിലാല്‍, സുലു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിനോയിയും കൊല്ലപ്പെട്ട ജോബിയും പുതുവര്‍ഷദിനത്തില്‍ കൊച്ചി പുതുക്കലവട്ടത്തെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയിരുന്നു. 60 പവനാണ് ഇവര്‍ മോഷ്ടിച്ചത്. ഇതിന് പിന്നാലെ പുതുക്കലവട്ടത്തെ വീട്ടിലെത്തി പൊലീസ് മോഷ്ടാക്കളുടെ വിരലടയാളം ശേഖരിച്ചിരുന്നു.

ജോബി പിടിയിലായാല്‍ താന്‍ കുടുങ്ങുമെന്ന് ഡിനോയ് ഭയന്നു. ഇതേത്തുടര്‍ന്നാണ് ജോബിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പുതുക്കലവട്ടത്തെ വീട്ടുടമയുടെ സഹോദരപുത്രനാണ് ഡിനോയ്.

ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിനായി വീട്ടുടമയും കുടുംബവും പോയ സമയത്താണ് കവര്‍ച്ച നടന്നത്.

ഇടുക്കി കാളിയാറില്‍ മധ്യവയസ്‌കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. കാളിയാര്‍ സ്വദേശി സാജുവാണ് മരിച്ചത്. 75വയസുകാരനായ പ്രതി കണ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട 55 വയസുള്ള സാജുവും 75കാരനായ സുഹൃത്ത് കണ്ണനും കാളിയാറിലെ അടുത്തടുത്തുള്ള വാടക മുറികളിലാണ് താമസിച്ചിരുന്നത്. മിക്ക ദിവസവും ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയും മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കണ്ണന്‍ സാജുവിനെ കമ്പുകൊണ്ട് തല്ക്കടിക്കുകയുമായിരുന്നു. മരണം ഉറപ്പാക്കുന്നതിനായി നാല് തവണ അടിച്ചു. പാറമടയിലെ പണിക്കാരനായ സാജുവിനെ രാവിലെ പണിക്ക് കാണാത്തിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയവരാണ് കൊലപാതക വിവരം അറിഞ്ഞത്.

പ്രതി കണ്ണനെ, നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 20 വര്‍ഷം മുമ്പ് ജീവപര്യന്തം തടവിന് ശേഷം പുറത്തിറങ്ങിയ ആളാണ് പ്രതിയായ കണ്ണന്‍. ഭാര്യയെ തീകൊളുത്തി കൊന്നതിനാണ് കണ്ണനെ കോടതി ജീപര്യന്തം തടവിന് ശിക്ഷിച്ചത്.

ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്‍മക്കളെ ബലി കൊടുത്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഇളയമകളെ കൊലപ്പെടുത്തിയത് സഹോദരിയെന്നാണ് മാതാപിതാക്കളുടെ വാദം.

ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമ്പോള്‍ മക്കള്‍ പുനര്‍ജനിച്ചെത്തുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പള്‍ എന്‍ പുരുഷോത്തം നായിഡു, ഭാര്യയും. ഒരു സ്വകാര്യ കോളജ് പ്രിന്‍സിപ്പളുമായ പത്മജ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

മക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. മൂത്തമകള്‍ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് തന്നെയും കൊലപ്പെടുത്താന്‍ അമ്മയെ നിര്‍ബന്ധിച്ചു.

അങ്ങനെ ചെയ്താല്‍ മാത്രമെ സഹോദരിയുടെ ആത്മാവിനൊപ്പം ഒത്തു ചേര്‍ന്ന് അവളെ മടക്കി കൊണ്ടുവരാന്‍ സാധിക്കു എന്നാണ് മകള്‍ പറഞ്ഞതെന്നാണ് ഇവരുടെ മൊഴി. തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമെന്നും അപ്പോഴേക്കും സഹോദരിയുമായി മടങ്ങിവരുമെന്നുമായിരുന്നു അലേഖ്യ പറഞ്ഞത്’ യുവതികളുടെ അമ്മയുടെ മൊഴി അനുസരിച്ച് പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഇളയമകളെ തൃശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൂത്തമകളെ ഡംബെല്‍ കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മക്കള്‍ പുനര്‍ജീവിച്ച് വരുമെന്നും തിങ്കളാഴ്ച വരെ മൃതദേഹം അവിടെത്തന്നെ സൂക്ഷിക്കണമെന്ന് പത്മജ പറഞ്ഞിരുന്നുവെന്നാണ് പൊലീസ് നേരത്തെ അറിയിച്ചത്. പൊലീസ് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ഇവര്‍ മക്കള്‍ നഗ്‌നരായി കിടക്കുകയാണെന്നും ആ അവസ്ഥയില്‍ അവരെ കാണാന്‍ പാടില്ലെന്നുമാണ് അറിയിച്ചത്.

തലസ്ഥാനത്ത് വാഹനാപകടത്തിൽ അഞ്ച് മരണം. കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചാണ് അഞ്ചു ജീവനുകൾ നഷ്ടമായത്. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുൺ, സൂര്യോദയകുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ. പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മിനി ലോറി ഇടിച്ചതിനെ തുടർന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു.

അപകടം നടന്ന ഉടൻ തന്നെ പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. രണ്ടുപേർ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന അവസ്ഥയിലാണുള്ളത്.

18 സ്ത്രീകളെ ദാരുണമായി കൊലപ്പെടുത്തിയ പരമ്പര കൊലയാളി ഒടുവില്‍ അറസ്റ്റില്‍. മൈന രാമലു എന്നയാളാണ് പോലീസിന്റെ പിടിയിലായത്. 45 കാരനാണ് രാമലു. തന്റെ ഭാര്യയോടുള്ള വിദ്വേഷമാണ് രാമുവിനെ കൊടുംക്രൂര കൃത്യത്തിലേയ്ക്ക് നയിച്ചത്. മറ്റു കുറ്റകൃത്യങ്ങളിലും പ്രതിയായ ഇദ്ദേഹത്തെ ഹൈദരാബാദില്‍ വെച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

അടുത്തിടെ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കല്ലുവെട്ട് തൊഴിലാളിയാണ് ഇയാള്‍. 21 വയസിലാണ് ഇയാള്‍ വിവാഹിതനാകുന്നത്. എന്നാല്‍, അധികം വൈകാതെ ഭാര്യ മറ്റൊരാളോടൊപ്പം പോയി. ഇതോടെയാണ്, സ്ത്രീകളോട് മൊത്തം വൈരാഗ്യം തോന്നിയത്.

ശേഷം പരമ്പര കൊലപാതകങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. 2003 ലാണ് ഇദ്ദേഹം കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തും. പിന്നീട് ഇരകളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയും ചെയ്യും.

പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ സ്വപ്‌നങ്ങൾ പാതിയിൽ ബാക്കിവെച്ച് യാത്ര പറഞ്ഞ യുവാവിന്റേയും യുവതിയുടേയും മരണത്തിൽ തേങ്ങി നാട്ടുകാരും ബന്ധുക്കളും. വിവാഹസ്വപ്‌നങ്ങളുമായി സ്‌കൂട്ടറിൽ സഞ്ചരിക്കവെ കെഎസ്ആർടിസി ബസിടിച്ചാണ് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം സംഭവിച്ചത്. എംസി റോഡിൽ ഇടിഞ്ഞില്ലം പെരുന്തുരുത്തിയിൽ വെച്ചാണ് കെഎസ്ആർടിസി ബസിടിച്ച് ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ ജയിംസ് ചാക്കോയും (31) പ്രതിശ്രുത വധു ആൻസിയും (26) മരിച്ചത്.

ജയിംസ് ചാക്കോയുടെ സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ഓടെ നടന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചായിരുന്നു ചടങ്ങുകൾ. മൃതദേഹം വൈകീട്ട് നാലോടെ ചെങ്ങന്നൂർ അങ്ങാടിക്കൽ, കുറത്തിയാറ സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടക്കി. ശനിയാഴ്ച സിഎസ്‌ഐ മധ്യമേഖല ഇടവക ബിഷപ് ഡോ. സാബു കെ ചെറിയാൻ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.

മരിച്ച വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ ആൻസിയുടെ (26) സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പുലക്കടവ് സെന്റ് ആൻഡ്രൂസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ നടക്കും. പള്ളിയിലെ യുവജന വിഭാഗം സെക്രട്ടറികൂടിയായിരുന്ന ആൻസിയുടെ മാതാവ് ലീലാമ്മ ദുബായിയിൽനിന്ന് ഞായറാഴ്ച വീട്ടിലെത്തിയിട്ടുണ്ട്.
അൻസിയുടെ സഹോദരൻ അഖിൽ ദുബായിയിൽ പോയിട്ട് ഒരുമാസമേ ആയിരുന്നുള്ളൂ. അന്ത്യകർമ്മങ്ങൾക്കായി തിങ്കളാഴ്ച നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവന്നാണ് അന്ത്യകർമ്മങ്ങൾ നടത്തുക.
RECENT POSTS
Copyright © . All rights reserved