Crime

തെന്നിന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മാദക റാണിയായിരുന്നു റാണി പത്മിനി എന്ന നടി. ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ലഹരിയായി റാണി പത്മിനി ഒഴുകി നടന്നിരുന്നു. എന്നാൽ ഏറെ പ്രശസ്തിക്കും പണത്തിനും എല്ലാം നടുവിൽ കഴിയവെ റാണി പത്മിനിയേയും അമ്മ ഇന്ദിരയേയും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു റാണി പത്മിനിയുടെ മരണം.

ജ്വലിക്കുന്ന സൗന്ദര്യവും കണ്ണുകളിലെ പ്രണയഭാവവും കൊണ്ട് ആരാധകരെ സമ്പാദിച്ച റാണി പത്മിനിയുടെ ജീവിതം 1986 ഒക്ടോബർ പതിനഞ്ചിന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അവസാനിക്കുകയായിരുന്നു. റാണിയെ സ്വന്തം അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാരാണ് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. താരം മരിച്ച വിവരം പോലും അഞ്ചു ദിവസത്തിനു ശേഷമാണ് പുറമലോകമറിഞ്ഞത്.

1981 ൽ കഥയറിയാതെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റാണി പത്മിനി ആശ, ഇനിയെങ്കിലും, ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചൽ, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങളിലൂടെ പ്രശസ്ത്രിയിലേക്ക് ഉയരുകയായിരുന്നു. പതിയെ റാണിയെ മാദകനടിയാക്കി ചലച്ചിത്ര ലോകം അവതരിപ്പിച്ചു. അഭിനയത്തേക്കാൾ ശരീരപ്രദർശനം സംവിധായകർ ആവശ്യപ്പെട്ട് റാണിയെ ചൂഷണം ചെയ്തു. മേനി പ്രദർശനവും ബാലൻ കെ നായരോടൊപ്പമുള്ള ഒരു ബലാത്സംഗരംഗവും റാണിയുടെ ഇമേജിനെ തകിടം മറിച്ചു.

ഹിന്ദി സിനിമാലോകത്തേക്ക് പോയ റാണി വേണ്ടവിധം ശോഭിക്കാതെ തിരിച്ച് മദ്രാസിലേക്ക് തന്നെ വണ്ടി കയറി. മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് താമസമാക്കിയതാണ് അവരുടെ ജീവൻ പോലും നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

ബംഗ്ലാവിൽ താമസമാരംഭിച്ച റാണി പുതിയ വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ നിയമിച്ചു. ആദ്യം റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്നയാളാണ് എത്തിയത്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ ജോലിക്ക് വന്നു. കാർ മോഷണക്കേസിലുൾപ്പടെ ജയിൽ ശിക്ഷ അനുഭവിച്ച ക്രിമിനലാണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും താരവും അമ്മയും അറിഞ്ഞിരുന്നില്ല.

ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും റാണിയുടെ ബംഗ്ലാവിൽ ജോലിക്കെത്തിയിരുന്നു. ഒരിക്കൽ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി തല്ലി പുറത്താക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ ജെബരാജ് റാണിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ ഈ ബംഗ്ലാവ് സ്വന്തമായി വിലകൊടുത്ത് വാങ്ങിക്കാനും റാണി പത്മിനി നീക്കം നടത്തി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും മൊത്തം വിലയും പണമായി തന്നെ കൈ മാറാമെന്ന് വാക്കു നൽകുകയും ചെയ്തു.

ഈ വിവരമറിഞ്ഞ ജെബരാജ് റാണിയുടെ വീട്ടിൽ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചാണ് ക്രൂരകൃത്യം പ്ലാൻ ചെയ്തത്. അവസരം പാർത്തിരുന്ന ജെബരാജ് വാച്ച്മാനെയും പാചകക്കാരനെയും ഒപ്പം കൂട്ടി. 1986 ഒക്ടോബർ 15ന് ക്രൂരന്മാർ പ്ലാൻ ചെയ്ത ആ ദാരുണ ദിനമെത്തി. രാത്രിയിൽ റാണിയും അമ്മയും മദ്യപിക്കുന്നത് പതിവാണെന്ന് മനസിലാക്കിയ പ്രതികൾ തക്കം പാർത്തിരുന്നു. പതിവുപോലെ രാത്രിയിൽ നന്നായി മദ്യപിച്ച റാണി എന്തോ ആവശ്യത്തിന് അടുക്കളയിലേക്ക് പോയ സമയത്ത് അക്രമികൾ അമ്മ ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി.

അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെയാണ്. അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ അക്രമികൾ അമ്മയുടെ മുമ്പിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. അതിനുശേഷം അവരെ കുത്തിക്കൊലപ്പെടുത്തുകയും 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് സ്ഥലം വിടുകയും ചെയ്തു. ഇരുവരും കൊല്ലപ്പെട്ടതു പോലും പുറംലോകമറിഞ്ഞില്ല.

നേരത്തെ പറഞ്ഞുറപ്പിച്ച പോലെ വീട് വാങ്ങുന്ന കാര്യം സംസാരിക്കാൻ റാണി പത്മിനിയെ കാണാനായി ഒക്ടോബർ ഇരുപതാം തീയതി ബ്രോക്കർ പ്രസാദ് ബംഗ്ലാവിലെത്തിയപ്പോഴാണ് താരത്തിന്റെ ദാരുണമരണം ലോകമറിഞ്ഞത്. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കാതെ വന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് വീടിനകത്തു നിന്നും വല്ലാത്ത ഒരു ദുർഗന്ധം വമിക്കുന്നതായി പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതിൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുർഗന്ധം രൂക്ഷമായി. മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെയും ശല്യം കൂടിക്കൂടി വന്നു.

തിരഞ്ഞുപോയ പ്രസാദ് ഒടുവിൽ എത്തിപ്പെട്ടത് ഒരു കുളിമുറിക്ക് മുന്നിലായിരുന്നു. ചീഞ്ഞളിഞ്ഞ നിലയിൽ കിടക്കുന്ന രണ്ട് ശവശരീരങ്ങൾ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി. പ്രസാദ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെടാമെന്നിരിക്കെ പോസ്റ്റ്‌മോർട്ടം കുളിമുറിയിൽ വെച്ചുതന്നെയാണ് നടത്തിയത്.

റാണിയുടെ മരണമറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി നടന്മാരായ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലൻസ് എത്തി ചേരാത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങൾ സീറ്റിൽ വയ്ക്കാൻ പോലും ടാക്‌സിഡ്രൈവർ സമ്മതിച്ചില്ല. രണ്ട് പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയതുമില്ല. മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഒട്ടേറെ പ്രിയപ്പെട്ട സിനിമകളെ ബാക്കിയാക്കി റാണി പത്മിനിയുടെ ജീവിതം ദുരന്തമായി പര്യവസാനിച്ചു.

സ്വർണക്കടത്ത് കേസില്‍ എന്‍.ഐ.എ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവരുൾപ്പെടെ മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കിയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ പ്രതിയല്ല. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാണ് കുറ്റപത്രം. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍.ഐ.എ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. രാധാകൃഷ്ണ പിള്ളയാണ് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് ആറു മാസം തികയുന്നതിനു മുന്‍പാണ് എന്‍.ഐ.എ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പത്തഞ്ചോളം പ്രതികളിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്. സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന.

കേസില്‍ യു.എ.പി.എ. നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങൾ കോടതിക്കു മുന്നിലെത്തും.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിന്‍സിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികള്‍ ഇപ്പോഴും വിദേശത്താണ്.

കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അണുബാധയാണ് മരണകാരണം എന്ന് റിപ്പോർട്ട് ചെയ്തു.

രണ്ടു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍ നിന്ന് ഇന്നു രാവിലെ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാത്ത അവസ്ഥയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്.

പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു. നാളെയാണ് കുഞ്ഞിന്റെ സംസ്‌കാരം

താജ് മഹൽ സമുച്ചയത്തിൽ കാവിക്കൊടി വീശിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. വലതുപക്ഷ സംഘടനയിലെ അംഗങ്ങളായ ഗൗരവ് താക്കൂർ, സോനു ഭാഗൽ, വിശേഷ് കുമാർ, റിഷി ലാവണ്യ എന്നിവരെയാണു സിഐഎസ്എഫ് പിടികൂടി പൊലീസിനു കൈമാറിയത്.
കാവിക്കൊടി ഒളിപ്പിച്ച് താജ്‍മഹലിൽ കയറിയ സംഘം അകത്തുവച്ച് വീശുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവർക്കെതിരെ താജ്ഗഞ്ച് പൊലീസ് കേസെടുത്തു.

 

ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി എടുത്തു. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലാണ് നടപടി.

തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. പിഴത്തുകകള്‍ ഹര്‍ജിക്കാരന് നല്‍കണം.

മുടി വളരുമെന്ന പരസ്യം കണ്ട് 2013 മുതല്‍ ഫ്രാന്‍സിസ് വടക്കന്‍ ഹെയര്‍ ഓയില്‍ വാങ്ങുന്നത് പതിവാക്കിയിരുന്നു. ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന് പരസ്യം കണ്ടായിരുന്നു വാങ്ങിയത്. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് 2014ല്‍ കോടതിയെ സമീപിച്ചു. അതിലാണ് 2020 ഡിസംബര്‍ അവസാനം വിധി വന്നത്. അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഫ്രാന്‍സിസ് നോട്ടീസ് അയച്ചത്.

പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയതെന്നും പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചുവെന്നും ഫ്രാന്‍സിസ് പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നും അനുപ് മേനോന്‍ പറഞ്ഞു. തുടര്‍ന്നാണ് അനൂപ് മേനോന് പിഴയിട്ടത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വന്തം അമ്മ അറസ്റ്റില്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വക്കം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. പോക്‌സോ കേസ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പതിനാല് വയസ്സുകാരന്റെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വക്കം സ്വദേശിയായ യുവതിയെ പോലീസ് റിമാന്‍ഡ് ചെയ്തു.അതേസമയം പോക്‌സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്

സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയ പന്താവൂർ സ്വദേശി ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്തത് 16 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ. കൊലപ്പെടുത്തിയശേഷം മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയെ തുടർന്നു ശനിയാഴ്ച രാവിലെ മുതൽ ഇവിടെ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ മാലിന്യം തള്ളുന്ന കിണറ്റിൽ തിരച്ചിൽ ദുഷ്കരമായി. തിരച്ചിലിന്റെ ഭാഗമായി കിണറ്റിൽനിന്നു രണ്ടുദിവസത്തിനിടെ ടൺ കണക്കിനു മാലിന്യം പുറത്തേക്കെത്തിക്കേണ്ടിവന്നു. തൊഴിലാളികളുടെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെയാണ് പൊലീസ് സംഘം പൂക്കരത്തറയിലെ തിരച്ചിൽ നടത്തിയത്.

തൊഴിലാളികൾ അവശരായതോടെ താഴ്ചയിൽനിന്ന് കല്ലും മണ്ണും വലിച്ച് പുറത്തെടുക്കുന്ന യന്ത്രം എത്തിച്ചു തിരച്ചിൽ തുടർന്നു. വൈകിട്ട് തിരച്ചിൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണു ചാക്കുകെട്ട് കണ്ടെത്തുന്നത്. തുടർന്നു മൃതദേഹം ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.

6 മാസം മുൻപ് കാണാതായ ഇർഷാദിനെ സുഹൃത്തുക്കളായ 2 പേർ ചേർന്നു കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയ ചങ്ങരംകുളം പൊലീസ്, വട്ടംകുളം സ്വദേശികളായ അധികാരത്തുപടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (28) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പഞ്ചലോഹ വിഗ്രഹം നൽകാനെന്ന വ്യാജേന ഇർഷാദിനെ വട്ടംകുളത്തെ വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി.

മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന വെളിപ്പെടുത്തലിനെത്തുടർന്നു പൊലീസ് സംഘം 2 ദിവസമായി കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. ചാക്കിൽ‌ കെട്ടിയ നിലയിലായിരുന്ന മൃതദേഹം പുറത്തെത്തിച്ചശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേഹം ഇർഷാദിന്റേതാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.

കഴിഞ്ഞ ജൂൺ 11ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പിറ്റേന്നു പുലർച്ചെ മൃതദേഹം കിണറ്റിൽ തള്ളി. ഇർഷാദിനെ കാണാനില്ലെന്നു മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം നാളെ കസ്റ്റഡിയിൽ വാങ്ങും.

സുഹൃത്തുക്കൾ കൊലപ്പെടുത്തിയ പന്താവൂർ കാളച്ചാൽ കിഴക്കെ വളപ്പിൽ ഇർഷാദ് ഹനീഫ (25)യുടെ മൃതദേഹം കണ്ടെത്തി. 15 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കയറ്റിയൊഴിവാക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ആറുമാസം മുന്‍പാണ് ഇവിടെ മൃതശരീരം കൊണ്ടിട്ടത്.

സുഹൃത്തുക്കളായ സുഭാഷ്, എബിൻ എന്നിവരെ ചങ്ങരംകുളം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം എടപ്പാൾ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന് പ്രതികൾ മൊഴി നൽകിയതിനെ തുടർന്നാണ് തിരച്ചിൽ. ആറുലക്ഷത്തോളം രൂപ പലഘട്ടങ്ങളിലായി ഇവര്‍ ഇര്‍ഷാദില്‍നിന്ന് കൈപ്പറ്റിയിരുന്നു. കൂടാതെ കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ ഒന്നരലക്ഷവും. ഈ പണം തിരിച്ചു കൊടുക്കേണ്ടിവരുമെന്ന ചിന്തയാണ് കൂട്ടുകാരനെ ഇല്ലാതാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് പോലീസ് പറയുന്നത്.

പണം തിരികെ നൽകാൻ നിവൃത്തിയില്ലാതെ വന്നതോടെ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടർന്ന് ക്ലോറോഫോം നല്‍കി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വട്ടംകുളം സ്വദേശികളാണ് പ്രതികൾ.

ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇർഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാർക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു. പ്രതികൾ നടത്തിയ പണമിടപാടുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

നിസ്ക്കരിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിനുള്ളിൽ സാമൂഹ്യവിരുദ്ധർ പശയൊഴിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ആശുപത്രിയിൽവെച്ച് കാൽ വേർപെടുത്താനായത്. രുപ്പില്‍ കാല്‍ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് കാല്‍ വേര്‍പ്പെടുത്തിയത്.വയനാട് മാനന്തവാടി എരുമത്തെരുവിലാണ് സംഭവം. മഹല്ല് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിദേശനിർമ്മിത പശയാണ് ചെരിപ്പിനുള്ളിൽ ഒഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ കഴിഞ്ഞ ദിവസം സന്ധ്യാനമസ്കാരത്തിനെത്തിയപ്പോഴാണ് സംഭവം നടന്നത്. ഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സാമൂഹ്യവിരുദ്ധര്‍ സൂപ്പര്‍ ഗ്ലൂ പോലെയുള്ള പശ ഒഴിച്ചത്. കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ സൂപ്പി ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏറെ പരിശ്രമിച്ചാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് കാലിൽനിന്ന് ചെരുപ്പ് വേർപെടുത്തിയത്. സൂപ്പി ഹാജി കടുത്ത് പ്രമേഹരോഗി കൂടിയാണ്. അതിനാൽ തന്നെ മുറിവുണങ്ങാൻ പ്രയാസമാകും. കാൽപ്പാദത്തിലെ ചർമ്മം ഇളകിപ്പോയിട്ടുണ്ട്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അര്‍ധരാത്രി നടത്തിയ പാര്‍ട്ടിക്കിടെ യുവതി മരിച്ച വഴിത്തിരിവ്. മുംബൈ ഖാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരണപ്പെട്ട 19കാരി ജാന്‍വി കുര്‍കേജയുടേത് കൊലപാതകമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഉറ്റസുഹൃത്തുക്കള്‍ അറസ്റ്റിലായതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്.

സൈക്കോളജി വിദ്യാര്‍ഥിനിയായ ജാന്‍വിയെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ദിയ പദാങ്കറും ശ്രീ ജോഗ്ദാങ്കറുമാണ് അറസ്റ്റിലായത്. ജാന്‍വി ടെറസില്‍ നിന്ന് വീണ്ു മരിച്ചുവെന്നായിരുന്നു ആദ്യം എത്തിയ റിപ്പോര്‍ട്ട്. എന്നാല്‍ ക്രൂരമായി മര്‍ദിച്ചും സ്‌റ്റെയര്‍ കേസില്‍ തലയിടിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് അന്വേഷണം സുഹൃത്തുക്കളിലേയ്ക്ക് എത്തിയത്.

ജാന്‍വിയുടെ തലയോട്ടിയുടെ മുന്‍വശത്തും പിന്നിലും ക്ഷതമേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പിതാവിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ജാന്‍വിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 7.30ന് പിതാവിന്റെ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന സമയത്ത് ദീപയും ജോഗ്ദാങ്കറും ജാന്‍വിക്കൊപ്പം അവളുടെ സാന്താക്രൂസിലുള്ള വീട്ടിലുണ്ടായിരുന്നു. കേക്ക് മുറിച്ചതിനുശേഷം ഖാറിലെ 14ാംറോഡിലുള്ള ഭഗ്‌വന്‍തി ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിക്കായി മൂവരും അങ്ങോട്ടുപോയി.

ഈ പാര്‍ട്ടിക്കിടെ ദീപയും ജോഗ്ദാങ്കറും ആരും കാണാതെ പുറത്തേക്ക് പോയത് ജാന്‍വിയുടെ ശ്രദ്ധയില്‍പെട്ടു. അവരുടെ നീക്കങ്ങള്‍ അത്ര ശരിയല്ലെന്ന് തോന്നിയ ജാന്‍വി അക്കാര്യം ചോദ്യം ചെയ്തതാണ് ഇരുവരെയും പ്രകോപിച്ചിച്ചത്. ഇതേച്ചൊല്ലി ജാന്‍വിയുമായി ഇടഞ്ഞ ദീപയും ജോഗ്ദാങ്കറും അവളെ ആക്രമിക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെ പൊലീസ് എത്തുമ്പോള്‍ ഫ്‌ലാറ്റിന്റെ രണ്ടാം നിലയിലെ സ്‌റ്റെയര്‍കേസിനോട് ചേര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജാന്‍വി. കാല്‍വഴുതി വീണ് അപകടം സംഭവിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് എത്തിയത്. 12 പേരടങ്ങിയ സുഹൃദ് സംഘമാണ് ജാന്‍വിക്കൊപ്പം പുതുവത്സരാഘോഷത്തിനായി ഭഗവന്‍തി ഹൈറ്റ്‌സിലെത്തിയിരുന്നത്. അതേസമയം, അമിതമായി മദ്യപിച്ചിരുന്നതിനാല്‍, നടന്ന കാര്യങ്ങളൊന്നും തങ്ങള്‍ക്ക് ഓര്‍മയില്ലെന്നാണ് അറസ്റ്റിലായ പ്രതികള്‍ പറയുന്നതെന്ന് പോലീസ് പറയുന്നു.

RECENT POSTS
Copyright © . All rights reserved