സ്വന്തം ലേഖകൻ
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് രണ്ടുപേർ കൈകളിൽ ഉമിനീര് പുരട്ടി സൂപ്പർമാർക്കറ്റിലെ പച്ചക്കറികൾ, മാംസം, ഫ്രിഡ്ജ് ഹാൻഡിലുകൾ തുടങ്ങിയവയിൽ സ്പർശിച്ചതായി കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ മോറെകാംബെയിലെ ലാൻകാസ്റ്റർ റോഡിലുള്ള സൈൻസ്ബറിയുടെ കടയിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത് . ബുധനാഴ്ച പരാതി ഉന്നയിച്ചതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കൊറോണ വൈറസ് പ്രതിസന്ധി കാലഘട്ടത്തിലുണ്ടായ ഇവരുടെ ഈ പ്രവർത്തി തികച്ചും സാമൂഹ്യവിരുദ്ധമാണെന്ന് ഇൻസ്പെക്ടർ ജയിംസ് മാർട്ടിൻ വിശേഷിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയതിന് തുടർന്ന് ജീവനക്കാർ സ്റ്റോർ പൂർണമായി അണുവിമുക്തമാക്കുകയും ഭക്ഷ്യഉൽപ്പന്നങ്ങൾ നശിപ്പിക്കുകയും ചെയ്തു .
കൊറോണ വൈറസ് വ്യാപനം തടയാൻ സാമൂഹ്യ അകലം പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കേണ്ടതാണെന്നും ആരോഗ്യപ്രവർത്തകർ ബോധവൽക്കരണം നടത്തുന്നതിനിടയിലാണ് ഇത്തരം സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾ ആശങ്കയുളവാക്കുന്നത്. മനഃപൂർവം പാരാമെഡിക്കൽ ജീവനക്കാരുടെ മുഖത്തേക്ക് ചുമച്ചതിന് ഗ്ലോസ്റ്ററിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെ കൊറോണ വൈറസ് പകരുന്നതിനുള്ള സാഹചര്യം ആരെങ്കിലും സൃഷ്ടിക്കുകയാണെങ്കിൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
രാപകലില്ലാതെ കർമ്മനിരതരായി ഇരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം അഭിനന്ദിക്കുകയാണ് ലോകം. എന്നാല്‍ ഇതിനിടയിൽ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾക്ക് ഒന്നടങ്കം പേരുദോഷമുണ്ടാക്കുന്ന രീതിയിലുള്ള വാർത്തയാണ് ബിഹാറിൽ നിന്നും പുറത്തു വരുന്നത്.
ബിഹാറില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അതിഥി സംസ്ഥാന തൊഴിലാളിയായ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്താതായി പരാതി. ഗയയിലെ ആശുപത്രിയിലാണ് സംഭവം. ഇതിന് പിന്നാലെ രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചതായാണ് റിപ്പോർട്ട്.
പഞ്ചാബ് സ്വദേശിയാണ് യുവതി. ഭര്‍ത്താവിനൊപ്പമാണ് യുവതിയെ മാര്‍ച്ച് 25ന് ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയ യുവതിയെ രക്തസ്രാവത്തെത്തുടര്‍ന്നായിരുന്നു ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഡോക്ടര്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം.
കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് രക്തസ്രാവം മൂര്‍ച്ഛിച്ച് യുവതി മരിക്കുകയായിരുന്നു.
പ്രഥമദൃഷ്ട്യാ സംഭവം ഗുരുതരമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി.
സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ:
കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് റിയാസ് ആരോപിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ തുറവൂരില്‍ ഭര്‍ത്താവ് ഭാര്യയെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.പട്ടണക്കാട് പഞ്ചായയത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്തിന്റെ ഭാര്യ സൗമ്യ(30)ആണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം പ്രജിത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെ ഇവരുടെ കിടപ്പുമുറിയിലാണ് കൊലപാതകം. തലക്കടിയേറ്റ് കിടന്ന സൗമ്യയെ വിവരമറിഞ്ഞെത്തിയ പൊലീസും ബന്ധുക്കളും ചേര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ആറോടെ മരണം സംഭവിക്കുകയായിരുന്നു.</span>
ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ ഇടപെട്ട് പല പ്രശ്നങ്ങള്‍ക്കും ഒത്തു തീര്‍പ്പുണ്ടാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കൊലപാതകത്തിലേക്കു നയിച്ച കാരണം അന്വേഷിക്കുന്നു. സംഭവ ശേഷം സമീപത്തുള്ള സഹോദരന്റെ കുടുംബത്തെ വിളിച്ചണര്‍ത്തി ഒന്നരവയസ്സുള്ള കുട്ടിയെ ഏല്‍പിച്ചാണ് പ്രജിത്ത് വിവരമറിയിച്ചത്.
തുടര്‍ന്ന് സഹോദരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സഹോദരന്റെ സഹായത്തോടെ സൗമ്യയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈസമയം പ്രജീത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പട്ടണക്കാട് സി ഐ രൂപേഷ് രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം പുതിയകാവിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മലപ്പുറം തിരൂരിൽ പൊലീസിനെ കണ്ട് ഭയന്നോടിയ ആളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന തെക്കുംമുറി നടുപറമ്പത്ത് സുരേഷ് ആണ് മരിച്ചത്. ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ലോക്ക്ഡൗൺ ലംഘനത്തിൽ പൊലീസ് നടപടി ഭയന്നോടിയ സുരേഷിനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം. തിരൂർ കട്ടച്ചിറ ഡിസ്പെൻസറിക്കു സമീപം ആളുകൾ കൂടി നിൽക്കുന്നത് തടയാനെത്തിയ പൊലീസ് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസുകാർ നൽകിയിട്ടുള്ള മൊഴി.
ഇവരെ പിടികൂടാനായി പിറകെ ഓടിയിട്ടില്ലെന്നും പൊലീസ് അവകാശപ്പെടുന്നു. ഏറെ നേരമായിട്ടും സുരേഷിനെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരുക്കുകളില്ല.ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ലോക്ഡൗണില്‍ കേരളത്തിലേക്ക് അഴുകിയ മല്‍സ്യത്തിന്റെ കുത്തൊഴുക്ക്. അഞ്ചുദിവസത്തിനിടെ അറുപത്തിനാലായിരം കിലോ മല്‍സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഇന്നുമാത്രം പിടിച്ചെടുത്തത് ഇരുപത്തിയൊന്‍പതിനായിരം കിലോ. ഇതരസംസ്ഥാനങ്ങളില്‍നിന്ന് അഴുകിയ മല്‍സ്യമെത്തിക്കുന്ന മുപ്പതിലേറെ സംഘങ്ങളുണ്ടെന്ന് സംയുക്ത സ്ക്വാഡിന് വിവരം ലഭിച്ചു.
കൊച്ചി വൈപ്പിനില്‍ പിടികൂടിയ കേരയുടെ ഗുണനിലവാരമാണ് ഈ കണ്ടത്. അഴുകിയ മാംസത്തിനുള്ളിലേക്ക് പരിശോധകരുടെ വിരല്‍ നിസാരമായി കയറി. തമിഴ്നാട് ബോട്ടില്‍നിന്ന് വാങ്ങിയ നാലായിരം കിലോ മല്‍സ്യം ചെറുകിടക്കാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത സംഘം പിടിച്ചെടുത്തത്.
കോഴിക്കോട് താമരശേരിയില്‍ പതിനെണ്ണായിരംകിലോ പിടിച്ചെടുത്തു.ഇതില്‍ നൂറുകിലോയില്‍ ഫോര്‍മാലിനും കലര്‍ത്തിയിരുന്നു. കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം അഴുകിയ മല്‍സ്യം പിടികൂടി. വാഹനവും പിടിച്ചെടുത്തു. തിരുവനന്തപുരം വെള്ളറടയില്‍ മൂവായിരം കിലോയും, തൃശൂര്‍ കുന്നംകുളത്ത് 1500 കിലോയും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയെന്ന പേരില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ശനിയാഴ്ചയാണ് പരിശോധന തുടങ്ങിയത്. ആദ്യനാലു ദിവസം 35,524 കിലോ മീന്‍ പിടികൂടിയിരുന്നു.
രാസവസ്തുക്കള്‍ ചേര്‍ത്തതും, ചീഞ്ഞളിഞ്ഞതുമെല്ലാം പുതിയതെന്ന തരത്തിലെത്തിക്കുകയാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗാലപുരം എന്നിവിടങ്ങളാണ് സ്രോതസ്. കേരളത്തില്‍ പ്രധാന ചന്തകളിലേക്ക് പോകാതെ ഇടനിലക്കാര്‍ മുഖേന ചെറുകിട വ്യാപാരികള്‍ക്ക് കൈമാറുന്നതാണ് രീതി. അതിനാല്‍ മാര്‍ക്കറ്റിന് പുറമെ അതിര്‍ത്തിയില്‍ പരിശോധിച്ചാല്‍ ഫലപ്രദമായി തടയാനും കടത്തുകാരെ കയ്യോടെ പിടിക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം.
അനില്‍ അക്കര എംഎല്‍എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തി. തൃശൂര്‍ അടാട്ടുള്ള വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്.
ആരോ കൊണ്ടിട്ട പോലെയാണെന്നാണ് ആരോപണം. പുലര്‍ച്ച അഞ്ചരയോടെ വീടിന് മുന്നില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസി പറഞ്ഞിരുന്നു. ആളുകളെ പേടിപെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണെന്നാണ് എംഎല്‍എ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തന്റെ പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ജൂഹി രസ്‌തോഗി. ഇതുമായി ബന്ധപ്പെട്ട് താരം ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിപ്പെടുന്നു. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത് .
സമൂഹത്തിൽ താറടിച്ച് കാണിച്ച് മാനസിക സമ്മർദം ഉയർത്തി തന്നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇവർക്കെന്നും ജൂഹി ചൂണ്ടിക്കാട്ടുന്നു. ഈ ചെറുപ്രായത്തിൽ തന്നെ നശിപ്പിക്കാനുള്ള ഉദ്ദേശവുമായി ഇറങ്ങിയവർക്കെതിരെ നടപടി എടുക്കുകയും പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും ജൂഹി ആവശ്യപ്പെടുന്നു. പ്രചരിക്കുന്നവയെല്ലാം വ്യാജമാണെന്ന് പറഞ്ഞ് പ്രേക്ഷകർക്കായും ജൂഹി ഒരു ഇൻസ്റ്റാഗ്രാം സന്ദേശം നൽകുന്നു.
കൊവിഡ് 19 ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഐസോലേഷനിലേക്ക് മാറ്റിയ 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു.ആശുപത്രിയുടെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
ഹരിയാനയിലെ കര്‍ണാലിലെ കല്‍പന ചൗളാ മെഡിക്കല്‍ കേളേജില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക്ക് പാക്കറ്റുകളും ഉപയോഗിച്ച് താഴെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പാനിപറ്റില് നിന്നുമുള്ള ഇദ്ദേഹത്തെ ഏപ്രില്‍ ഒന്നിനാണ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആക്കിയത്.
ഒന്നിലധികം രോഗങ്ങള്‍ ഉള്ളതിനാല്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ലെങ്കിലും ഇദ്ദേഹത്തെ ഐസോലേഷനിലേക്ക് മാറ്റുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ലോകരാജ്യങ്ങളിൽ ഒന്നാകെ കൊവിഡ് ബാധിച്ച് നിരവധി പേർ മരിച്ചുകൊണ്ടിരിക്കുമ്പോഴും ഒറ്റമരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏഷ്യൻ രാജ്യമാണ് ഉത്തരകൊറിയ. ചൈനയിൽ പടർന്നു പിടിച്ച കൊവിഡ് ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാകെ പടർന്നു പിടിക്കുമ്പോഴായിരുന്നു ഉത്തരകൊറിയയിൽ ആരും കൊവിഡ് വൈറസ് ബാധിച്ച് മരിച്ചില്ലെന്ന അവകാശ വാദം. കൊവിഡ് ബാധിച്ചവരെ വെടിവച്ചുകൊല്ലുന്നെന്ന വാർത്തകളും ഉത്തരകൊറിയയെക്കുറിച്ച് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിചാരണത്തടവുകാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് ഏറ്റവും പുതിയ റിപ്പോർട്ട്,.
വിചാരണത്തടവുകാരുടെ മൃതദേഹങ്ങൾ കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കുന്നതായി ഉത്തരകൊറിയയിലെ കോൺസൺട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.കെയ്ച്ചോൺ പ്രവിശ്യയിലുള്ള കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ട യുവതിയാണ് ഉത്തരകൊറിയയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. യു.എസ് ഗവൺമെന്റ് കമ്മിറ്റിയോടാണ് യുവതിയുടെ വെളിപ്പെടുത്തൽ. യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെയ്ച്ചോണിലെ കോൺസ്ട്രേഷൻ ക്യാംപിലെ ദൃശ്യങ്ങൾ പരിശോധിച്ചതോടെ ജയിലിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്നു കണ്ടെത്തിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇടുങ്ങിയ കുഴികളിലാണു തടവുകാരുടെ മൃതദേഹങ്ങൾ മറവു ചെയ്യുന്നതെന്നും കൂടുതൽ തടവുകാർ മരിച്ചാൽ കൃഷിയിടത്തിന്റെ നടുവിൽ വലിയൊരു കുഴികുത്തി മൃതദേഹങ്ങൾ കൂട്ടമായി മറവ് ചെയ്യുന്നതാണ് രീതിയെന്നും യുവതി പറയുന്നു. 2000 മുതൽ 6000 വരെയാണ് ഇവിടത്തെ തടവുകാരുടെ എണ്ണം. സ്ത്രീകളും കുട്ടികളും എല്ലാം ഇതിൽ ഉൾപ്പെടും.ലീ സൂൺ എന്ന വിചാരണത്തടവുകാരനും യുഎസ് ഗവൺമെന്റ് കമ്മിറ്റിക്കു മുന്നിൽ സമാനമായ മൊഴി നൽകിയിരുന്നു. എലികളെ ജീവനോടെ പിടിച്ചു തിന്നാണ് പലപ്പോഴും വിശപ്പടക്കിയിരുന്നതെന്നും ലീ സൂൺ പറയുന്നു.
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാത്സംഗം ചെയ്യുന്നതും കൊന്നൊടുക്കുന്നതും പതിവാണെന്നുമുള്ള മൊഴികളും നേരത്തെ പുറത്തുവന്നിരുന്നു. പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള മരണങ്ങളും പതിവാണ്. ശരീര പരിശോധനയ്ക്കിടെ ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
ജയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കും ജയിലിൽ മോഷണം നടത്തുന്നവർക്കും നേരെ അതിക്രൂരമായ ശിക്ഷാരീതികളാണു നടപ്പാക്കുന്നതെന്നും യു.എൻ പുറത്തു വിട്ട റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.ഇത്തരക്കാരെ പൊതുജനമധ്യത്തിൽ തൂക്കിക്കൊല്ലുന്നതു പതിവാണ്. തടവറകളിൽ കിടക്കുന്നവർക്കു നേരെ ലൈംഗിക അതിക്രമങ്ങളും നടക്കുന്നു. തടവുകാരെ ഇടയ്ക്കിടെ ശരീര പരിശോധന നടത്തുന്നത് പതിവാണ്. പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തിയാണ് പരിശോധന.
ശരീരത്തിൽ പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പേരിലാണിത് നടത്തുന്നത്. ചിലർക്ക് ഒരു മാസവും അതിലേറെയും ചോദ്യം ചെയ്യലിനു മാത്രമായി ജയിലിൽ കഴിയേണ്ടി വരുന്നു. മിക്ക ജയിലുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്,രാഷ്ട്രീയ തടവുകാരെയും സാധാരണക്കാരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പിടികൂടിയവരെയുമെല്ലാം പ്രത്യേകം ജയിലുകളിലാണ് പാർപ്പിക്കുക. ഇവർക്കെല്ലാം അപകടകരങ്ങളായ സാഹചര്യത്തിലാണ് ലേബർ ക്യാംപുകളിൽ ജോലിയെടുക്കേണ്ടതെന്നും യു.എൻ റിപ്പോർട്ടിൽ പറയുന്നു.