Crime

തൃശൂരിലെ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖം പൊത്തിപ്പിടിച്ചായിരുന്നു ക്രൂരത. മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്ത് കണ്ടെത്തി കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് മനോഹരനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയത്. മൃതദേഹം ഗുരുവായൂരില്‍ വഴിയരികില്‍ തള്ളിയ ശേഷം കൊലയാളികള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പിലെ കളക്ഷൻ പണം തട്ടിയെടുക്കാനാണ് കൊലയെന്ന് പൊലീസ്. പ്രതികളെ ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് മനോഹരൻ പമ്പിൽ നിന്ന് പുറപ്പെട്ടത്. ഇടയിൽ മനോഹരനെ മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഫോൺ പൊടുന്നനെ വെച്ചു. ഇതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മനോഹരന്റെ വാച്ചും മാലയും കാറും കാണാനില്ല.മനോഹരന്‍റെ മൃതദേഹം ഗുരുവായൂരില്‍ വഴിയരുകിലാണ് കണ്ടെത്തിയത്. പമ്പില്‍ നിന്ന് കാറില്‍ തിരിച്ച മനോഹരനെയാണ് കാണാതായത്.

കുഴിമന്തി കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസത്തില്‍ സാഗറിന്റെ മകളായ ഗൗരി നന്ദനയാണ് മരിച്ചത്. ചടയമംഗലത്തെ ഫൈവ് സ്പൂണ്‍ തടവറ എന്ന ഹോട്ടലില്‍ തയ്യാറാക്കിയ കുഴിമന്തി കുടുംബാംഗങ്ങള്‍ക്കൊപ്പം കുട്ടിയും കഴിച്ചിരുന്നു.

ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. അതേസമയം, ഭക്ഷ്യ വിഷബാധയാണോ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകുകയുള്ളു.

ആറു പേരെ നിഷ്ഠൂരം കൊലപ്പെടുത്തിയ കൂടത്തായി പരമ്പര കൊലപാതക കേസിലെ പ്രതി ജോളി ജോസഫ് കട്ടപ്പനയിലെ ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് നാട്ടുകാരും അയല്‍വാസികളും സ്‌കൂള്‍ അധികൃതരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ പ്രകടമായതായി സഹപാഠികള്‍ വ്യക്തമാക്കുന്നു. കോളേജ് ഹോസ്റ്റലില്‍ സഹപാഠിയുടെ സ്വര്‍ണ്ണക്കമ്മല്‍ മോഷ്ടിച്ചതായിരുന്നു ഇത്തരത്തിലെ ആദ്യ സംഭവം. അന്വേഷണത്തിനൊടുവില്‍ ജോളിയെ തൊണ്ടി സഹിതം പിടികൂടിയതോടെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ഡേ സ്‌കോളര്‍ എന്ന രീതിയില്‍ വീട്ടില്‍ നിന്ന് നേരിട്ട് പോയി വരികയായിരുന്നു.

മോഷണകഥ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാട്ടായ സാഹചര്യത്തിലാണ് ജോളിയെ നാട്ടില്‍ നിന്നും മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. കട്ടപ്പനയില്‍ നിന്നും വലിയ ദൂരത്തിലല്ലാത്ത പാലാ ആയിരുന്നു ലക്ഷ്യം. അല്‍ഫോന്‍സാ അടക്കമുള്ള പ്രമുഖ റഗുലര്‍ കോളേജുകളില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്നാണ് പാലാ പട്ടണത്തിലെ പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി.കോമിന് ചേര്‍ന്നത്.

ക്ലാസിലെ ഏറ്റവും പുറകിലെ ബഞ്ചില്‍ നിശബ്ദയായിരുന്ന ജോളിയെ അന്നത്തെ സഹപാഠി ജയ്ദീപ് ഓര്‍ക്കുന്നു. രണ്ടോ മൂന്നോ പ്രണയബന്ധങ്ങള്‍ അന്നേ ജോളിയ്ക്കുണ്ടായിരുന്നു. ഒന്‍പതരയോടെയെ ക്ലാസ് ആരംഭിയ്ക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസില്‍ എത്തും. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാല്‍ അധികനേരം ആള്‍ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിയ്ക്കും ഏറിയ സമയവും.

കട്ടപ്പനയിലെ വീട്ടിലറിയിക്കാതെ ദിവസങ്ങളോളം പാലായില്‍ നിന്ന് ജോളി കറങ്ങാന്‍ പോകാറുണ്ട്. 1992 മുതല്‍ 95 വരെ നീണ്ട ബിരുദ ക്ലാസില്‍ രണ്ടുവര്‍ഷം മാത്രമാണ് ജോളി പഠിച്ചത്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായതിനേത്തുടര്‍ന്ന് കോളേജിലും തുടരാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായതെന്ന് ജയ്ദീപ് പറഞ്ഞു

പാലാ സ്വദേശിനിയും മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഉദ്യോഗസ്ഥയുമായിരുന്നു പഠനകാലത്ത് ജോളിയുടെ സുഹൃത്തുക്കള്‍. ഇരുവരുമായി കഴിഞ്ഞമാസം വരെ ഫോണിലും വാട്‌സ് ആപ്പിലുമൊക്കെ ജോളി ബന്ധപ്പെടാറുമുണ്ടായിരുന്നു.

ആത്മാര്‍ത്ഥ സുഹൃത്തായിരുന്നയാളില്‍ നിന്നുണ്ടായ ക്രൂരമായ സംഭനത്തിന്റെ ഞെട്ടലിലാണ് മുംബൈയിലുള്ള ജോളിയുടെ സുഹൃത്ത്. എന്‍.ഐ.ടി ലക്ചറാണെന്നാണ് ഇവരോടും പറഞ്ഞിരുന്നത്. പഠനകാലത്ത് പറഞ്ഞിരുന്നതും പ്രവര്‍ത്തിച്ചിരുന്നതുമായ പല കാര്യങ്ങളും തെറ്റാണെന്ന് ബോധ്യമായതായി പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത സഹപാഠി പറഞ്ഞു.

പാലാ സ്വദേശിനിയായ ജോളിയുടെ കൂട്ടുകാരിയെ ജോലി തട്ടിപ്പ് കേസില്‍ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. അവരുടെ ഭര്‍ത്താവിനെയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമെന്നാണ് യുവതി നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ സംഭവം ആത്മഹത്യയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജോളിയുമായുള്ള യുവതിയുടെ സൗഹൃദം കൂട്ടിവായിയ്ക്കുമ്പോള്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നെന്നും ഇവര്‍ പറയുന്നു.

കോളേജ് കാലത്തും തുടര്‍ന്നും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിരവധി സുഹൃത്തുക്കളെ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ഇവരില്‍ പലരും ജോളിയെ അറിയില്ലെന്നോ ഓര്‍മ്മയില്ലെന്നോ ആണ് പ്രതികരിച്ചത്. പരിചയമുണ്ടെന്ന് വ്യക്തമാക്കിയാല്‍ തലവേദനയാകുമെന്നും ഇവര്‍ കരുതുന്നു.

വഴിവിട്ട ബന്ധങ്ങള്‍, മോഷണം, മെച്ചപ്പെട്ട സ്ഥനാത്താണ് താന്‍ നിലനില്‍ക്കുന്നതെന്ന പ്രചരിപ്പിയ്ക്കാല്‍ തുടങ്ങി പില്‍ക്കാലത്ത് വലിയ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങാനുള്ള ക്രിമിനല്‍ വാസന കൗമാര കാലത്തു തന്നെ ജോളി പ്രകടമാക്കിയിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പരയില്‍ ഓരോ ദിവസം കഴിയുംതോറും ട്വിസ്റ്റ് കൂടുകയാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 55 കാരനായ ജോണ്‍സനാണ്. ജോളിയുമായി 5 വര്‍ഷമായി അടുപ്പത്തിലായിട്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിരമിക്കല്‍ പ്രായം 56 ആണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആയതുകൊണ്ട് കുറച്ച് വര്‍ഷം കൂടി കിട്ടും. അങ്ങനെ വരുമ്പോള്‍ ഈ റിട്ടയര്‍മെന്റ് പ്രായത്തില്‍ എന്തിനാ പാവം ജോണ്‍സനെ ജോളി ജോസഫ് വലയില്‍ വീഴ്ത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

കാണാന്‍ വലിയ ലുക്കും ഇല്ല. എല്ലാവരും നല്ല സൗന്ദര്യവാനും ചുറുചുറുക്കുമുള്ള ജോണ്‍സണേയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഫോട്ടോ വന്നതോടെ ഈ പാവം പിടിച്ച ഗൃഹനാഥനെ എന്തിന് വട്ടം ചുറ്റിച്ചു എന്ന് തോന്നിപ്പോകും. അത് തന്നെയാണ് ജോണ്‍സന്റെ വീട്ടുകാര്‍ക്കും പറയാനുള്ളത്. ജോളിയോട് അടുത്തതോടെ ചിലവിന് പോലും കാശ് വീട്ടില്‍ കൊടുക്കില്ലത്രെ. ജോളിയുടെ ഒട്ടുവിദ്യയില്‍ ജോണ്‍സന്‍ മയങ്ങിപ്പോയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്തായാലും ജോളി അകത്തായതോടെ ഏറ്റവുമധികം ആശ്വസിക്കുന്നത് ജോണ്‍സന്റെ ഭാര്യയും മക്കളുമാണ്.

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി മൂന്നാമതൊരു വിവാഹത്തിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസ് കണ്ടെത്തിയതോടെയാണ് ജോണ്‍സന്‍ കളം നിറയുന്നത്. പോലീസിന്‍ന്റെ സംശയ ലിസ്റ്റിലുള്ള ജോണ്‍സനെ സ്വന്തമാക്കാനായാണു ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചതെന്നാണ് ജോളിയുടെ മൊഴി. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണിക്കാര്യം ജോളി വെളിപ്പെടുത്തിയത്.

ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. മുക്കം ആനയാംകുന്ന് സ്‌കൂളിലെ അധ്യാപകനായ ഷാജു മരിച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി. അതേസമയം ഗൂഢാലോചനയില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നത് സംബന്ധിച്ച് ജോളി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഷാജുവിനെ അപായപ്പെടുത്താനും മൂന്നാമത് വിവാഹം ചെയ്യാനും തീരുമാനിച്ചതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ജോണ്‍സണോടൊപ്പം ജോളി ബംഗളൂരു, കോയമ്പത്തൂര്‍, തിരുപ്പുര്‍ തുടങ്ങി പലയിടങ്ങളിലേക്കും യാത്ര നടത്തിയതായും ഒരുമിച്ച് താമസിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ശാസ്ത്രീയമായ ടവര്‍ ഡംപ് പരിശോധനയിലാണ് ജോളിയും ഇയാളും തമ്മില്‍ പലസ്ഥലങ്ങളിലും ഒരുമിച്ച് യാത്രചെയ്തതിന്റെ വിശദാംശം ക്രൈംബ്രാഞ്ചിനു ശേഖരിച്ചത്.

ഇരുവരും കുടംബാംഗങ്ങളൊത്ത് പലതവണ വിനോദസഞ്ചാരത്തിനും സിനിമയ്ക്കും പോയി. പിന്നീട് ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യ ജോളിയുമായുള്ള സൗഹൃദം ഒഴിവാക്കുകയും ഭര്‍ത്താവിനെ താക്കീത് ചെയ്യുകയും ചെയ്തു. തൃക്കരിപ്പൂരില്‍ ജോലിയുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഒന്നരവര്‍ഷം മുന്‍പ് കോയന്പത്തൂരിന് സ്ഥലം മാറിപ്പോയശേഷം ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു. ജോളിയുമായുള്ള ബന്ധം ജോണ്‍സന്റെ കുടുംബത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ ബന്ധുക്കള്‍ ഇക്കാര്യത്തില്‍ പലപ്പോഴും താക്കീത് ചെയ്തിരുന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ബന്ധം ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും അത് തുടര്‍ന്നു. അതാണ് ഇപ്പോള്‍ പുറത്തായത്.

തിരുവനന്തപുരം ഭരതന്നൂരിൽ പത്ത് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദർശ് വിജയൻ എന്ന വിദ്യാർഥിയുടെ കുഴിമാടം തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. മുങ്ങിമരണമെന്ന കരുതിയ സംഭവം കൊലപാതകമെന്ന് വ്യക്തമായതോടെ തുടർ അന്വേഷണത്തിനായാണ് ക്രൈംബ്രാഞ്ച് നടപടി. ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു.

പത്ത് വർഷവും ആറ് മാസവും മുൻപ് മുങ്ങി മരിച്ചതെന്ന ധാരണയിൽ ആദർശ് വിജയനെന്ന പതിനാലുകാരനെ അടക്കിയ മണ്ണ് വീണ്ടും കുഴിച്ചു. കൊലയാളിയിലേക്കുള്ള ശാസ്ത്രീയ തെളിവുകൾ തേടി. പോസ്റ്റുമോർട്ടം മുതൽ തെളിവ് ശേഖരണത്തിൽ വരെ ആദ്യഘട്ടത്തിൽ അട്ടിമറി നടന്ന കേസിൽ വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിൽ തുടർ പരിശോധത് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി.

മെഡിക്കൽ കോളജിലെക്ക് മാറ്റിയ ശരീരഭാഗങ്ങൾ ഉടൻ പൊസറ്റുമോർട്ടത്തിനും പിന്നീട് ഡി.എൻ. എ ടെസ്റ്റ് അടക്കമുള്ള വിവിധ ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കും. മർദനമേറ്റുള്ള മരണമെന്ന് കണ്ടെത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ പല വിവരങ്ങളും ഉൾപ്പെടുത്താത്തതിനാലാണ് റീ പൊസ്റ്റുമോർട്ടം. പീഡനം നടന്നിട്ടുണ്ടോയെന്നതിനുൾപ്പെടെ തെളിവ് തേടിയാണ് മറ്റ് പരിശോധനകൾ. മകന്റെ മരണത്തിന് ഉത്തരമാകുമെന്ന പ്രതീക്ഷയിലാണ് പത്ത് വർഷമായി നിയമ പോരാടം തുടരുന്ന മാതാപിതാക്കൾ . ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം

കൂടത്തായി കൊലപാതകക്കേസുകളിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്തി. പിടിക്കപ്പെട്ടാൽ സ്വയം ഉപയോഗിക്കാൻ സൂക്ഷിച്ചതാണെന്ന് ജോളി പറഞ്ഞു. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്.

കേസിൽ നിർണായകമായേക്കാവുന്ന ഒരു സാധനം വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാർ എന്നിവരെയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തെന്നാണ് വിവരം. വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫിസിൽവച്ചായിരുന്നു ചോദ്യംചെയ്യല്‍. ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാണ് അന്വേഷണസംഘത്തോടു പറഞ്ഞു. കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചു. ആരെയെങ്കിലും ഇല്ലാതാക്കാനോ കൊലയ്ക്കു കൂട്ടുനിൽക്കാനോ തങ്ങൾക്കാവില്ലെന്നും സഖറിയാസ് പറഞ്ഞു.

മുഖ്യസാക്ഷിയും പരാതിക്കാരനുമായ റോജോ തോമസിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം റോജോ അമേരിക്കയിൽ നിന്നു നാട്ടിലെത്തി. റോജോയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജോളിയുടെ ആദ്യ ഭർത്താവ് മരിച്ച റോയിയുടെ സഹോദരനാണ് റോജോ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിൽ നിർണായകമായത് റോജോ തോമസിന്റെ പരാതിയാണ്. റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാൻ ജോളി നടത്തിയ നീക്കമാണ് റോജോയിൽ സംശയമുണർത്തിയത്. ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ്. ലോക്കൽ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് മുഖവിലയക്കെടുത്ത നടത്തിയ അന്വേഷണത്തിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായി. ഫോണിൽ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു ഒപ്പം ചില ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച രാവിലെ വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിയ റോജോ ചൊവ്വാഴ്ച വടകരയിലെത്തി മൊഴി നൽകും. നെടുമ്പാശേരിയിൽ നിന്നു പൊലീസ് അകമ്പടിയോടെയാണ് റോജോ വൈക്കതെത്തിയത്. റോജോയുടെ മൊഴിയിലുടെ മരണങ്ങൾ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസിലും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഐടി സെൽ എസ്പി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു.

1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തി. അവരുടെ ചുറ്റുപാടുകൾ കണ്ട പൊലീസുകാർ വിശ്വസിച്ചത്, രക്ഷിതാക്കൾ തന്നെ ഈ കുട്ടികളെ ആർക്കെങ്കിലും വിറ്റതായിരിയ്ക്കുമെന്നാണ്. വിവാഹം ചെയ്തയ്ക്കാനോ സ്ത്രീധനം നൽകാനോ കഴിവില്ലാത്തതിനാലായിരിക്കും ഇത് ചെയ്തത് എന്നായിരുന്നു വിചാരിച്ചതും. പരാതിയുമായി വന്നവരെ ശാസിയ്ക്കുകയാണു പൊലീസ് ചെയ്തത്.

1987 ഡിസംബറിൽ മുഖ്യമന്ത്രിയായിരുന്ന എം ജി ആർ നിര്യാതനായി. തുടർന്ന് തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണറായ പി സി അലക്സാണ്ടറായി സംസ്ഥാനത്തെ ഭരണാധികാരി. അദ്ദേഹത്തെ കണ്ട് പരാതി ബോധിപ്പിയ്ക്കാനായി തിരുവാന്മിയൂരിൽ നിന്നും ചിലർ എത്തി. കാണാതായ പെൺകുട്ടികളുടെ മാതാപിതാക്കളോടൊപ്പം ചില യുവാക്കളുടെ ബന്ധുക്കളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. തങ്ങളുടെ പരാതികൾ തിരുവണ്മിയൂർ പൊലീസ് അല്പം പോലും പരിഗണിയ്ക്കുന്നില്ലെന്ന് അവർ ഗവർണരോട് സങ്കടം ബോധിപ്പിച്ചു. അതുകേട്ട് മനസ്സലിഞ്ഞ അദ്ദേഹം ഉടൻ തന്നെ റേഞ്ച് ഡി ഐ ജിയെ വിളിപ്പിച്ചു. ഈ ഗ്രാമീണരുടെ പരാതി ഉടൻ തന്നെ വേണ്ട പോലെ പരിഗണിയ്ക്കുവാൻ ഉത്തരവിട്ടു.

ഡി ഐ ജി ജാഫർ അലി ഉടൻ തന്നെ പുതിയൊരു പൊലീസ് ടീം രൂപീകരിച്ചു. പല്ലവാരം സർക്കിൾ ഇൻസ്പെക്ടർമാരായ തങ്കമണി, രംഗനാഥൻ, സബ് ഇൻസ്പെക്ടർമാരായ സുബ്രഹ്മണ്യൻ, സെങ്കനി കൂടാതെ നാലു കോൺസ്റ്റബിൾ മാർ എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. കൂടാതെ, തിരുവന്മിയൂർ സ്വദേശിയായ ആരി എന്നൊരു കോൺസ്റ്റബിളിനെയും സംഘത്തിൽ ചേർത്തു.

1988. തിരുവണ്മിയൂർ ഗ്രാമം. അവികസിത തീര പ്രദേശം. 80 കളിലെ മദ്യ നിരോധനത്തെ തുടർന്ന് വ്യാപകമായ വ്യാജമദ്യ വില്പന നടക്കുന്നയിടം. നാടൻ ചാരായം വിൽക്കുന്ന കടകൾ വരെയുണ്ട് അവിടെ. അങ്ങനെയൊരു കടയ്ക്കു മുന്നിലൂടെ നടന്നു പോകുകയായിരുന്നു സുബ്ബ ലക്ഷ്മി എന്ന പെൺകുട്ടി. പെട്ടെന്ന് അവളുടെ സമീപത്തേയ്ക്കു ഒരു ഓട്ടോറിക്ഷാ ഓടിച്ചു വന്നു. അവളുടെ അരികിലായി നിർത്തിയ അതിന്റെ പിന്നിൽ ഇരുന്ന ആൾ അവളെ ഓട്ടോയ്ക്കുള്ളിലേയ്ക്കു പിടിച്ചു കയറ്റാൻ ശ്രമിച്ചു. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് അവൾ കുതറി ഓടി. ആളുകളുടെ ശ്രദ്ധ അങ്ങോട്ടേയ്ക്കു തിരിഞ്ഞതിനാൽ ഓട്ടോ ഓടിച്ചു പോയി.

സുബ്ബ ലക്ഷ്മി നേരെ തിരുവണ്മിയൂർ പൊലീസ് സ്റ്റേഷനിലേയ്ക്കാണു പോയത്. തനിയ്ക്കുണ്ടായ അനുഭവത്തെ പറ്റി അവൾ പൊലീസിൽ പരാതി നൽകി. ഡി ഐ ജിയുടെ പ്രത്യേക അറിയിപ്പുണ്ടായിരുന്നതിനാൽ പൊലീസിനു ആ പരാതി അവഗണിയ്ക്കുവാൻ പറ്റുമായിരുന്നില്ല. പരാതിയെ പറ്റി , പ്രത്യേക അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ലോക്കൽ പൊലീസിനെ മാറ്റി നിർത്തി അവർ നേരിട്ട് അന്വേഷണമാരംഭിച്ചു. ആരാണു ആ ഓട്ടോക്കാരൻ എന്നതിനെ പറ്റി ഒരു തുമ്പും ലഭിച്ചില്ല. അതിനു നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നതായി ആരും ഓർക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ നമ്പർ ശ്രദ്ധിച്ചില്ല. ഇതിനെല്ലാമുപരിയായി അങ്ങനെ ഒരു സംഭവം ഉണ്ടായതായി പലരും സമ്മതിയ്ക്കുന്നു പോലുമില്ല.

കാണാതായ പെൺകുട്ടികളുടെ കുടുംബങ്ങൾ തോറും നടന്ന് പൊലീസ് വിവരം ശേഖരിച്ചു. യുവാക്കളുടെ കുടുംബങ്ങളിലും അന്വേഷണം നടത്തി. എന്തായാലും ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു പൊലീസിനു മനസ്സിലായി. പെൺകുട്ടികളുടെ അപ്രത്യക്ഷമാകലിനു ശേഷം ഏറെ നാളുകൾക്കു ശേഷമാണു യുവാക്കളെ കാണാതായത്. എന്നാൽ ശുടലൈ മുത്തു എന്നൊരു യുവാവിനൊപ്പമാണു ലളിത എന്ന യുവതിയെ കാണാതായതെന്നു പൊലീസിനു മനസ്സിലായി. ശുടലൈ മുത്തുവിനെ പറ്റിയുള്ള അന്വേഷണത്തിൽ, അയാൾ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണെന്നു മനസ്സിലായി. പക്ഷേ അയാളുടെ കുടുംബത്തിൽ ഇതേ പറ്റി കൂടുതലൊന്നുമറിഞ്ഞു കൂടാ. ലളിത എന്ന യുവതിയ്ക്കു പ്രത്യേക തൊഴിലൊന്നുമുണ്ടായിരുന്നില്ല ..

മനസ്സിലാക്കിയിടത്തോളം അവർ തമ്മിൽ പ്രണയമായിരുന്നു, എവിടേക്കോ കടന്നുകളഞ്ഞു, ഇപ്പോൾ ഒന്നിച്ചു ജീവിയ്ക്കുന്നുണ്ടാകാം.
എന്നാൽ സമ്പത്ത്, മോഹൻ, ഗോവിന്ദരാജ്, രവി എന്നീ യുവാക്കളുടെ തിരോധാനം ദുരൂഹമായി തന്നെ തുടർന്നു. ഇവരുടെയൊന്നും പുറം ബന്ധങ്ങളെ പറ്റിയോ തൊഴിലിനെ പറ്റിയോ ബന്ധുക്കൾക്ക് യാതൊരു പിടിപാടുമുണ്ടായിരുന്നില്ല. അധികം നിരക്ഷരരായ സാധാരണക്കാർ. നിത്യചിലവിനു പോലും കഷ്ടപ്പെടുന്ന അവർക്ക് അതൊന്നും ശ്രദ്ധിയ്ക്കാൻ സമയമുണ്ടായിരുന്നില്ല എന്നതാണു സത്യം. പെൺകുട്ടികളെ ഏതോ വേശ്യാലയങ്ങൾക്കു വിറ്റിട്ടുണ്ടാകുമെന്ന് പുതിയ അന്വേഷണ സംഘവും വിശ്വസിച്ചു. പക്ഷേ അതിലേയ്ക്കു നയിയ്ക്കാവുന്ന തെളിവുകളൊന്നും ലഭിച്ചില്ല.

പെരുവണ്മിയൂരിലെ മദ്യവില്പനകേന്ദ്രത്തിനു സമീപത്തായി ഒരു സൈക്കിൾ റിപ്പയറിംഗുകാരൻ കട തുടങ്ങി. തൊഴിലിൽ അത്ര വിദഗ്ദനൊന്നുമല്ലെങ്കിലും തട്ടും മുട്ടുമൊക്കെയായി അയാൾ ജോലി തുടങ്ങി. ഇടയ്ക്കിടെ അല്പം ചാരായം അകത്താക്കും. അയാളെ സന്ദശിയ്ക്കാൻ എത്തുന്ന സുഹൃത്തുക്കൾക്കും മദ്യം വാങ്ങിക്കൊടുക്കും. കുറച്ചു ദിവസങ്ങൾ കൊണ്ട് അയാൾ ചാരായ ഷാപ്പിലെ പ്രധാന പറ്റുപടിക്കാരനും, വില്പനക്കാരന്റെ സുഹൃത്തുമായി.

ചാരായ ഷാപ്പിൽ ധാരാളം പേർ ഓട്ടോയിൽ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു. അവയിൽ ചിലതിന്റെ പിന്നിൽ ചില യുവതികൾ ഇരിയ്ക്കുന്നതു കാണാം. തീർച്ചയായും അവർ യാത്രക്കാരൊന്നുമില്ല. ഒരു ദിവസം സൈക്കിൾ റിപ്പയറിംഗുകാരൻ ചാരായ വില്പനക്കാരനോട് തന്റെ ആഗ്രഹം അറിയിച്ചു. ഒരു പെണ്ണു വേണം. ആദ്യമൊക്കെ അയാൾ ചീത്ത പറഞ്ഞ് ഓടിച്ചുവെങ്കിലും, ഒടുക്കം തന്റെ പറ്റുപടിക്കാരന്റെ ആഗ്രഹത്തിനു വഴങ്ങി. അങ്ങനെ ഒരു വൈകുന്നേരം, അയാളും ഒരു ഓട്ടോയുടെ പിന്നിൽ ഇരുന്നു,. സാധാരണ ഓട്ടത്തിന്റെ നിരക്കൊന്നുമല്ല ഈ സവാരിയ്ക്ക്. എങ്കിലും അയാൾക്ക് അതൊന്നും പ്രശ്നമല്ലായിരുന്നു. അല്പ നേരത്തെ ഓട്ടത്തിനു ശേഷം, കടലോരത്തെ ഒരു ഒറ്റപ്പെട്ട പ്രദേശത്താണു ഓട്ടോ എത്തിയത്.

അവിടെ ഓലകെട്ടിമേഞ്ഞ കുടിലുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് ചിലർ അവിടവിടെയായി ഇരിയ്ക്കുന്നു. വരുന്നവരെ സസൂഷ്മം ശ്രദ്ധിയ്ക്കുന്നുണ്ട് അവർ. കടലിന്റെ ഇരമ്പവും കാറ്റും. ഓലക്കുടിലുകളുടെ വാതിലുകൾ ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. അയാളെ കണ്ടപാടെ ഒരാൾ അടുത്തുവന്നു. സംശയദൃഷ്ടിയോടെയാണു നോട്ടം. കാര്യം പറഞ്ഞു. അയാൾ പറഞ്ഞ തുക ഒരു മടിയും കൂടാതെ നൽകിയതോടെ ആ മുഖം തെളിഞ്ഞു. അല്പസമയത്തിനകം സൈക്കിൾ റിപ്പയറിംഗുകാരനെ ഒരു ഓലക്കുടിലിലാക്കി വാതിൽ ചാരി. ഏതാണ്ട് അരമണിക്കൂറിനു ശേഷം അയാൾ മറ്റൊരു ഓട്ടോയ്ക്കു താമസ സ്ഥലത്തേയ്ക്കു തിരികെ പോയി.

അന്നു അർദ്ധ രാത്രിയ്ക്കു ശേഷം, മൂന്നു ജീപ്പു നിറയെ പൊലീസുകാർ അവിടേയ്ക്ക് കുതിച്ചെത്തി. ഓലപ്പുരകൾ ചവിട്ടിമെതിച്ച് അവർ അവിടെയുണ്ടായിരുന്നവരെ പിടികൂടി. നടത്തിപ്പുകാരായ പുരുഷന്മാരെല്ലാം ഓടിപ്പോയിരുന്നു. കുറച്ചു സ്ത്രീകളെയും ഇടപാടുകാരെയുമാണു കിട്ടിയത്. കിട്ടിയവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യാൻ തുടങ്ങി. മിക്ക യുവതികളും തടങ്കലിലായിരുന്നു. അവരെ പലസ്ഥലങ്ങളിലും നിന്നു തട്ടിക്കൊണ്ടൂ വന്നതാണ്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണു വേശ്യാവൃത്തി ചെയ്യിയ്ക്കുന്നത്. ആരാണു അതിന്റെ നടത്തിപ്പുകാരൻ എന്നതിനെ പറ്റി അവർക്കൊരറിവുമില്ലായിരുന്നു. എങ്കിലും ചില ഓട്ടോ റിക്ഷക്കാരാണു ഇടപാടുകാരെ കൊണ്ടു വരുന്നതും തിരികെ കൊണ്ടു പോകുന്നതെന്നും മനസ്സിലായി. ചില സൂചനകൾ വെച്ച് പോലീസ് അവരിൽ ഒരുവനെ പിടികൂടി. ശിവാജി എന്നു പേരായ ഒരുവനായിരുന്നു അത്. അയാൾ ഓട്ടോ ഓടിച്ചിരുന്നത് സ്റ്റാൻഡിൽ ആയിരുന്നില്ല. ഇടപാടുകാർക്കു വേണ്ടി മാത്രം.

ചോദ്യം ചെയ്തതിൽ നിന്നും വലിയൊരു ഗാംഗിലെ കണ്ണിയാണു അയാളെന്നു മനസ്സിലായി. തുടർന്ന് ഗ്യാംഗിലെ മറ്റുള്ളവരെ കൂടി പൊലീസ് പലയിടങ്ങളിൽ നിന്നായി പൊക്കി. എല്ലാവരെയും സ്റ്റേഷനിലെത്തിച്ചു. മോഹൻ, എൽഡിൻ, ജയവേലു, രാജാരാമൻ, രവി, പളനി, പരമശിവം എന്നിവരായിരുന്നു അവർ. മോഹൻ ആണു അവരുടെ നേതാവെന്നാണു പൊലീസ് കരുതിയത്. ഒട്ടും കൂസലില്ലായിരുന്നു അവന്. പൊലീസിന്റെ മുന്നിൽ തന്റേടത്തോടെ നിന്നു. പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലിൽ നിന്ന് പുതിയൊരു പേർ പുറത്തു വന്നു. ഗൌരി ശങ്കർ. മോഹന്റെ മൂത്ത സഹോദരൻ.

ഗൌരി ശങ്കറിനായി പൊലീസ് വലയൊരുക്കി. അയാൾ ഉണ്ടാകാൻ സാധ്യതയുള്ളിടത്തെല്ലാം പൊലീസ് എത്തുമ്പോഴേയ്ക്കും ആൾ രക്ഷപെട്ടിരിയ്ക്കും. ഒടുക്കം അയാളുടെ താമസസ്ഥലം പൊലീസ് കണ്ടെത്തി. അവിടം റെയ്ഡ് ചെയ്തു. പല സ്ത്രീകളുടെ ഫോട്ടോകൾ, മദ്യക്കുപ്പികൾ, നാടൻ ചാരായം നിറച്ച കന്നാസുകൾ അങ്ങനെ പലതും. എന്നാൽ അവയെക്കാളോക്കെ വിലപ്പെട്ട മറ്റൊന്നു കൂടി പൊലീസ് കണ്ടെടുത്തു. ഒരു ഡയറി..! ആ ഡയറി പരിശോധിച്ച പൊലീസിനു കുറേ ഫോൺ നമ്പരുകളും കോഡ് നെയിമുകളും കാണാൻ സാധിച്ചു. ആ നമ്പറുകൾ ട്രെയിസു ചെയ്ത് പൊലീസ് അമ്പരന്നു പോയി..! തമിഴു നാട്ടിലെ മുൻ മന്ത്രിമാരുൾപ്പെടെയുള്ള ചിലരുടെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയുമായിരുന്നു അവ.

തങ്ങൾ തിരയുന്ന ആൾ കൊമ്പൻ സ്രാവാണെന്നു മനസ്സിലായ പൊലീസ് ജാഗ്രതയോടെ നീങ്ങി. ഒരു ഓട്ടോയിലാണു ഗൌരിശങ്കർ സഞ്ചരിയ്ക്കാറുള്ളതെന്നു പൊലീസ് മനസ്സിലാക്കി. നിരവധി തിരച്ചിലിനു ശേഷം അതു കണ്ടെത്തി. വിജനമായൊരിടത്ത് ഒളിച്ചു വച്ചിരിയ്ക്കുകയായിരുന്നു അത്. വേഷം മാറിയ പൊലീസുകാർ പലയിടത്തായി ഒളിഞ്ഞിരുന്നു. രാത്രിയിൽ ഓട്ടോയിൽ കയറി പോകാൻ ഒരുങ്ങിയ അയാളെ പൊലീസുകാർ ഓടിച്ചിട്ടു പിടിച്ചു.

പൊലീസ് സ്റ്റേഷനിലെത്തിച്ച ശങ്കറിനെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മുകളിൽ നിന്നുള്ള വിളി ഒഴിവാക്കാൻ ഫോൺ മാറ്റിവെച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. അടുത്ത ദിവസങ്ങളിൽ തമിഴുനാടിനെ പിടിച്ചു കുലുക്കിയ വിവരങ്ങളാണു വെളിയിൽ വന്നത്. 1955 ൽ വെല്ലൂർ ജില്ലയിലെ കാങ്കേയനല്ലൂരിലാണു ഗൌരി ശങ്കർ ജനിച്ചത്. പിന്നീട് താമസം പെരിയാർ നഗറിലേയ്ക്കു മാറി. അവിടെ ഒരു പെയിന്റിംഗ് പണികാരാനായി ജീവിതം തുടങ്ങി. എന്നാൽ അത് അത്ര ശോഭിയ്ക്കാത്തതിനാൽ അയാൾ ഒരു ഓട്ടോ റിക്ഷാ വാങ്ങി ഓടിക്കാൻ തുടങ്ങി.

മദ്യനിരോധനത്തെ തുടർന്ന് തമിഴ്നാട്ടിലെങ്ങും വ്യാജമദ്യം സുലഭമായിരുന്നു അക്കാലത്ത്. തിരുവാണ്മിയൂരിനും മാമല്ലപുരത്തിനും ഇടയ്ക്കുള്ള തീരദേശം വ്യാജ ചാരായം ഉല്പാദിപ്പിയ്ക്കുന്ന മുഖ്യ കേന്ദ്രങ്ങളായിരുന്നു. പെട്ടെന്ന് പണക്കാരനാകാൻ മോഹിച്ചിരുന്ന ശങ്കറിനു ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛവരുമാനം മതിയായിരുന്നില്ല. അയാൾ തിരുവാണ്മിയൂരിൽ നിന്നും ചെന്നൈ നഗരത്തിലെ ആവശ്യക്കാർക്കു വേണ്ടി ചാരായം കടത്താൻ ആരംഭിച്ചു. ഓട്ടോയിലായിരുന്നു ഇത്. റിസ്കുണ്ടായിരുന്നെങ്കിലും നല്ല വരുമാനം ലഭിച്ചു തുടങ്ങി. അതോടെ അനുജനായ മോഹനെയും അളിയൻ എൽഡിനെയും ബിസിനസിൽ കൂട്ടി. പണം ആയതോടെ സംഘം വിപുലീകരിച്ചു. എന്തിനും തയ്യാറുള്ള ഒരു ഗുണ്ടാസംഘം ശങ്കറിനു കീഴിൽ രൂപപ്പെട്ടു. പൊലീസുകാർക്ക് ആവശ്യത്തിനു പണം എത്തിയ്ക്കുന്നതു കൊണ്ട് അവർ ശങ്കറിന്റെ പ്രവർത്തികളിൽ ഇടപെട്ടില്ല.

അതോടെ, മദ്യത്തേക്കാൾ ലാഭകരമായ മറ്റൊരു ബിസിനസ്സിലും ഗൌരിശങ്കറിനു താല്പര്യമായി. പെൺ വാണിഭം. അതിനായി അയാൾ പെരിയാർ നഗർ തീരപ്രദേശത്തെ ഒറ്റപ്പെട്ട ഒരിറ്റത്ത് ഓലക്കുടിലുകൾ സജ്ജീകരിച്ചു യുവതികളെ അവിടെ പാർപ്പിച്ചു. ആവശ്യക്കാരെ ഓട്ടോയിലെത്തിയ്ക്കും, തിരികെ ഓട്ടോയിൽ തന്നെ കൊണ്ടു വിടും. കുറച്ചു കൂടി ഉയർന്ന ഇടപാടുകാർക്കായി തിരുവാണ്മിയൂർ LB റോഡിലെ ഒരു ലോഡ്ജ് തന്നെ വാടകയ്ക്കെടുത്തു.

തന്റെ മാംസവ്യാപാരത്തിനായി യുവതികളെ എത്തിയ്ക്കാൻ പലവഴികളും അയാൾ ഉപയോഗിച്ചു. ഒന്നു ഇതിൽ താല്പര്യമുള്ളവരെ കണ്ടെത്തുക, രണ്ടാമതായി പെൺകുട്ടികളെ പ്രണയം നടിച്ചോ ജോലി കൊടുക്കാമെന്നു പറഞ്ഞോ പ്രലോഭിപ്പിച്ചു കൊണ്ടുവരുക. മൂന്നാമതായി, പെൺകുട്ടികളെ തട്ടിയെടുക്കുക..! ഒറ്റയ്ക്കു സഞ്ചരിയ്ക്കുന്ന പെൺകുട്ടികളെ വിജനപ്രദേശത്തു കണ്ടാൽ ബ ലമായി പിടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകും.

തന്റെ ബിസിനസ് വിജയകരമായി നടത്താൻ അധികാരികളുടെ സഹായം വേണമെന്ന് ഗൌരി ശങ്കറിനറിയാമായിരുന്നു. അതിനായി ഉന്നത് പൊലീസ് ഉദ്യോഗസ്തർക്കും ചില മന്ത്രിമാർക്കും അയാൾ പെൺ കുട്ടികളെ എത്തിച്ചു കൊടുത്തു. അവരുടെയെല്ലാം പിന്തുണയോടെ ഗൌരി ശങ്കർ തിരുവണ്മിയൂരിലെ കിരീടം വെക്കാത്ത രാജാവായി. ഒരാൾ പോലും അയാൾക്കെതിരെ ശബ്ദിയ്ക്കുമായിരുന്നില്ല, പരാതിപ്പെടുമായിരുന്നില്ല.

ശങ്കറിന്റെ യുവതികളിൽ ഒരാളായിരുന്നു ലളിത. അയാളുടെ ഗുണ്ടാസംഘത്തിൽ പെട്ട ശുടലൈ മുത്തുവിനു അവളോട് ഇഷ്ടം തോന്നി. ആ ഇഷ്ടം പ്രണയമായി. ശങ്കറിന്റെ സംഘത്തിൽ തുടർന്നു കൊണ്ട് തങ്ങൾക്ക് ഒന്നിച്ചു ജീവിയ്ക്കാനാവില്ല എന്നവർക്കറിയാമായിരുന്നു. 1987 ൽ ലളിതയും ശുടലൈ മുത്തുവും കൂടി ആന്ധ്രയിലേയ്ക്കു ഒളിച്ചോടി.

ഈ സംഭവം ശങ്കറിനെ കോപാകുലനാക്കി. അവരെ കണ്ടെത്താൻ തന്റെ ആൾക്കാരെ അയാൾ ചുമതലപ്പെടുത്തി. കുറച്ചു മാസങ്ങൾക്കകം അവർ ആന്ധ്രയിലുണ്ടെന്ന് ശങ്കറിനു വിവരം കിട്ടി. സംഘത്തിലെ രണ്ടു പേരെ അയാൾ ആന്ധ്രയിലേയ്ക്കയച്ചു. അവിടെയെത്തിയ അവർ ലളിതയെയും ശുടലൈ മുത്തുവിനെയും കണ്ടെത്തി. വളരെ സൌഹാർദ്ദമായാണു അവർ ഇടപെട്ടത്. അണ്ണനു ദേഷ്യമൊന്നുമില്ലെന്നും, രണ്ടു പേരും തിരുവാണ്മിയൂർക്ക് തിരികെ വരണമെന്നും അവർ നിർബന്ധിച്ചു. കുഴപ്പമൊന്നുമില്ല എന്നു അറിഞ്ഞതോടെ അവർക്കാശ്വാസമായി. പഴയ ചങ്ങാതിമാരോടൊപ്പം പെരിയാർ നഗറിലെത്തി.

വിജനമായൊരു സ്ഥലത്തേയ്ക്കാണു അവരെ കൊണ്ടു പോയത്. അവിടെ ഗൌരി ശങ്കർ ഉണ്ടായിരുന്നു. ലളിതയെയും ശുടലൈ മുത്തുവിനെയും ഭീകരമായി അയാളും സംഘവും മർദ്ദിച്ചു. രണ്ടു പേരും കൊലചെയ്യപ്പെട്ടു. ലളിതയുടെ ബോഡി അവിടെ തന്നെ കുഴിച്ചു മൂടി. ശുടലൈ മുത്തുവിനെ പെട്രോൾ ഒഴിച്ചു കത്തിച്ച ശെഷം അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ ഒഴുക്കിക്കളഞ്ഞു.ശങ്കറിന്റെ തേർവാഴ്ച തുടർന്നു കൊണ്ടിരുന്നു.

ഒരു ദിവസം LB റോഡിലെ ശങ്കറിന്റെ ലോഡ്ജിൽ ചെറിയൊരു പ്രശ്നമുണ്ടായി. അയാളുടെ ഒരു യുവതിയെ മൂന്നു ചെറുപ്പക്കാർ ചേർന്ന് തട്ടിയെടുക്കാൻ ശ്രമിച്ചതായിരുന്നു കാരണം. മോഹൻ, സമ്പത്ത്, ഗോവിന്ദരാജ് എന്നിവരായിരുന്നു അത്. തടയാൻ ശ്രമിച്ച ശങ്കറിനു മർദ്ദനമേറ്റു. മൂന്നു പേരും കടന്നു കളഞ്ഞു. ഗുണ്ടാ സംഘം രംഗത്തിറങ്ങി. മൂന്നു പേരെയും അവർ കണ്ടെത്തി. അവരെ പിടികൂടി വിജനസ്ഥലത്തെത്തിച്ചു. ഗൌരി ശങ്കർ അവിടെയുണ്ടായിരുന്നു. ആ മൂന്നു യുവാക്കളെയും മർദ്ദിച്ചു കൊലപ്പെടുത്തി.. ഈ അഞ്ചു കൊലകൾ കൂടാതെ രവി എന്നൊരാളെയും ഗൌരിശങ്കറിന്റെ സംഘം കൊലപ്പെടുത്തി.

തിരുവാണ്മിയൂരിൽ നിന്നു കാണാതായ പെൺകുട്ടികളിൽ ചിലരെ പൊലീസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ അയാൾ മറ്റേതോ സംഘങ്ങൾക്കു കൈമാറ്റം ചെയ്തിരുന്നു. പിറ്റേന്നത്തെ പത്രങ്ങളിൽ കൂടി ഈ വാർത്തകൾ അറിഞ്ഞ തമിഴകം ഇളകി മറിഞ്ഞു. ഗൌരി ശങ്കറിനെ അവർ “ഓട്ടോ ശങ്കർ” എന്നു നാമകരണം ചെയ്തു. ശങ്കറിന്റെ ഡയറിയിലെ എല്ലാ വിവരവും പൊലീസ് പുറത്തു വിട്ടില്ല. (ശങ്കറുമായി ബന്ധമുണ്ടായിരുന്ന മന്ത്രി ആരെന്ന് പുറം ലോകം ഒരിയ്ക്കലും അറിഞ്ഞില്ല. ) ഗവർണറുടെ നിർദ്ദേശപ്രകാരം രണ്ടു ഡിവൈ എസ്പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടു.

ഗൌരി ശങ്കറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വിജനമായ പറമ്പിൽ ലളിതയുടെ അസ്ഥികൾ കുഴിച്ചെടുത്തു. ശുലടൈ മുത്തുവിന്റെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായില്ല. കൊലചെയ്യപ്പെട്ട മൂന്നു ചെറുപ്പക്കാരുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്, ശങ്കറിന്റെ വീടിന്റെ അടിത്തറയിൽ നിന്നുമാണു, അവരെ അവിടെയായിരുന്നു അയാൾ കുഴിച്ചിട്ടത്..!

ഓട്ടോ ശങ്കറിന്റെ വാർത്തകൾ കൊണ്ട് ദിവസങ്ങളോളം പത്രത്താളുകൾ നിറഞ്ഞു. എന്നാൽ ഗൌരിശങ്കറിനു ഒരു കൂസലുമുണ്ടായിരുന്നില്ല എന്നതാണു സത്യം. പൊലീസിലെ അയാളുടെ സുഹൃത്തുക്കൾ രഹസ്യമായി സഹായിക്കുന്നുണ്ടായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ശങ്കറിനെയും സംഘത്തെയും മദ്രാസ് സെൻട്രെൽ ജയിലിൽ പാർപ്പിച്ചു.

ആഗസ്റ്റ് 20. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ എത്തിച്ച ഓട്ടോ ശങ്കറിനെ അയാളുടെ സെല്ലിലേയ്ക്കു കയറ്റി. ഒപ്പം സംഘത്തിലെ രണ്ടു പേരെയും. ഒരേ കേസിലുള്ള ഒന്നിലധികം പേരെ ഒരുമിച്ച് താമസിപ്പിക്കരുതെന്ന ജയിൽ ചട്ടം അവിടെ ലംഘിയ്ക്കപ്പെട്ടു. പിറ്റേന്നത്തെ പ്രഭാതത്തിൽ, ആ സെല്ലിന്റെ അഴികൾ വളഞ്ഞു കാണപ്പെട്ടു. സെല്ലിൽ താമസിപ്പിച്ചിരുന്ന മൂന്നു പേരും അപ്രത്യക്ഷരായിരുന്നു..! മദ്രാസ് നഗരം അക്ഷരാർത്ഥത്തിൽ ഭീതിയിലായി. മൂന്നു കൊടും ക്രിമിനലുകളാണു രക്ഷപെട്ടിരിയ്ക്കുന്നത്..!

12 ജയിൽ ജീവനക്കാരെ സസ്പെൻഡു ചെയ്തു. രണ്ടു പേരെ അറസ്റ്റു ചെയ്തു. തൊട്ടടുത്ത ദിവസം ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡു ചെയ്തു. അപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ശങ്കറിനെയും കൂട്ടാളികളെയും കണ്ടെത്താൻ പൊലീസ് തമിഴ് നാട് മൊത്തം അരിച്ചു പെറുക്കി. സാധിച്ചില്ല. DGP പി ദുരൈ യുടെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തി. ഒടുക്കം ഒറീസയിലെ റൂർക്കേല സ്റ്റീൽ സിറ്റിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഓട്ടോ ശങ്കറെ പൊലീസ് പിടികൂടി.

ചെങ്കല്പേട്ട് സെഷൻ കോടതിയിലാണു ഓട്ടോ ശങ്കറിന്റെയും കൂട്ടാളികളുടെയും കേസ് വിചാരണ നടന്നത്. 1991 മെയ് 31 നു വിധി പറഞ്ഞു. ശങ്കർ, ശിവാജി, എൽഡിൻ എന്നിവർക്കു വധശിക്ഷ വിധിച്ചു. അയാളുടെ അനുജൻ മോഹനു മൂന്നു ജീവപര്യന്തം ശിക്ഷയാണു ലഭിച്ചത്. ശങ്കറെയും മറ്റു രണ്ടു പേരെയും സേലം സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നു.

തിരുവനന്തപുരം ഭരതന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരന്റെ മൃതദേഹം ഇന്ന് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രാമരശ്ശേരി വിജയവിലാസത്തില്‍ വിജയന്റെയും ഷീലയുടെയും മകനായ ആദര്‍ശ് വിജയന്റെ മരണം സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് ക്രൈംബ്രാഞ്ച് നടപടി. 2009 ഏപ്രില്‍ അഞ്ചിന് വൈകിട്ട് പാലുവാങ്ങാനായി പുറത്തേക്ക് പോയ ആദര്‍ശിനെ പിന്നിട് വീടിന് സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പാങ്ങോട് പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കേസെടുത്ത ക്രൈംബ്രാഞ്ച്, ലൈംഗിക പീഡന ശ്രമത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തിയത്. കേസില്‍ നിരവധിപ്പേരെ ചോദ്യം ചെയ്യുകയും രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.

കേസില്‍ പത്ത് വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയെ അന്വേഷണ സംഘത്തെ ചുമതല ഏര്‍പ്പിച്ചിരിക്കുകയാണ്.

പോസ്റ്റുമോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.

മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ല്‍ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹപാഠികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ വൈകിട്ടോടെയുമാണ് മരിച്ചത്. പൊലീസ് കേസെടുത്തു. വി.വൈശാഖ്, മിഥുന്‍ എന്നിവര്‍ വിഷ്ണുവിന്റെ സഹോദരങ്ങളാണ്.

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരോടും ഹാജരാകാൻ നോട്ടീസ് നൽകി. ജോളിയുടെ സഹോദരി ഭർത്താവിനെയും പ്രാദേശിക ലീഗ് നേതാവിൽ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. മരണത്തിൽ ലഹരി കണ്ടെത്തിയിരുന്നതായും രണ്ടാമത്തെ ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നൽകി.

ഷാജുവിനെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകങ്ങളിൽ ചിലത് ഷാജുവിന്റെ അറിവോടെയെന്ന ജോളിയുടെ മൊഴിയാണ് സംശയം കൂട്ടുന്നത്. സഖറിയാസിനെക്കുറിച്ചും പ്രധാന വിവരങ്ങൾ ജോളി അന്വേഷണ സംഘത്തിനോട് പങ്കുവച്ചിട്ടുണ്ട്. ഇടുക്കി രാജകുമാരിയിലുള്ള ജോളിയുടെ സഹോദരി ഭർത്താവ് ജോണിയിൽ നിന്ന് വീട്ടിലെത്തി അന്വേഷണ സംഘം വിവരം ശേഖരിച്ചു.

ദാരുണം 2 വയസ്സുള്ള ആല്‍ഫൈന്റെ മരണം, സിലി കുഴഞ്ഞുവീണത് ജോളിയുടെ മടിയില്‍
കുറ്റകൃത്യങ്ങളെക്കുറിച്ചു പിതാവിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നതായും ഷാജു പൊലീസിനു മൊഴി നൽകിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു സക്കറിയാസിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരുമെന്നു മരിച്ച റോയിയുടെ സഹോദരി രഞ്ജി പറഞ്ഞു.

2014 മേയ് മൂന്നിനു ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണു പത്തുമാസം പ്രായമുള്ള മകള്‍ ആല്‍ഫൈന്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞു ഷാജുവിന്റെ ഭാര്യ സിലി ദന്താശുപത്രി വരാന്തയില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു

വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ജോളിയെ സഹായിച്ചെന്ന പരാതിയിൽ പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീന്റെ കൂടത്തായിയിലെ വീട്ടിലും അന്വേഷണ സംഘം പരിശോധിച്ചു. മരണം കാണുന്നത് ലഹരിയാണെന്ന് ജോളി വെളിപ്പെടുത്തിയതായി അന്വേഷണ സംഘം. ഒരിക്കലും പിടിയിലാകുമെന്ന് കരുതിയിരുന്നില്ല. ആറ് കൊലപാതകങ്ങളും താനാണ് ചെയ്തത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാൽ അറസ്റ്റിന് തലേന്ന് താമരശേരിയിലെത്തി അഭിഭാഷകനെയും കണ്ടു. കൊലപാതകങ്ങളുടെ ഇടവേള കുറഞ്ഞത് കൂടുതലാളുകളെ ലക്ഷ്യമിട്ടിരുന്നത് കൊണ്ടാകാം.

രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ ദിവസം സിലിക്കും സയനൈഡ് നൽകാൻ ശ്രമിച്ചെങ്കിലും ഭക്ഷണം കഴിക്കാത്തതിനാൽ രക്ഷപ്പെട്ടു. രണ്ടാം ശ്രമത്തിലാണ് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി സിലിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കുന്നതിനാണ് ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതെന്നും ജോളി മൊഴി നൽകി. ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി എട്ടംഗ വിദഗ്ധ സംഘം അടുത്ത ദിവസം കൂടത്തായിയിലെത്തും.

RECENT POSTS
Copyright © . All rights reserved