സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ ബി എ ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത് താന്‍ വിശ്വസിക്കുന്നില്ലെന്നും താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതി പറഞ്ഞതായി മാധ്യമം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു. കുപ്രസിദ്ധ കേസുകളാണ് ആളൂര്‍ ഏറ്റെടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസിലായതെന്നും ഇദ്ദേഹം വ്യക്തമാക്കി. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരും സംഘവും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗള്‍ഫില്‍ നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്ന് ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജോളിയുടെ ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദമാണ് ജോളി തന്നെ തള്ളിപ്പറയാന്‍ കാരണമെന്ന് അഡ്വ. ആളൂര്‍ പറയുന്നു. ജോളി ഇക്കാര്യം എന്തുകൊണ്ട് കോടതിയില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോഴെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ ഹരിദാസിനെയാണ് ആളൂര്‍ ഇക്കാര്യത്തില്‍ പഴിചാരുന്നത്. ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും ആളൂര്‍ പറയുന്നു. ആളൂര്‍ അസോസിയേറ്റ്‌സിന്റെ അഭിഭാഷകരെ ഹാജരാകാന്‍ അനുവദിക്കണമെന്ന് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയതായും ആളൂര്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ പ്രതിയെ പോയി കാണാന്‍ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 126 അനുസരിച്ച് പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ നിഷേധിച്ചെന്നാണ് ആളൂരിന്റെ ആരോപണം.
ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ജോളിയുമായി സംസാരിച്ചിരുന്നു. വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ പി കമലാക്ഷിയുടെയും മറ്റ് വനിതാ പോലീസിന്റെ സാന്നിധ്യത്തിലാണ് ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകന്‍ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ആളൂര്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യാപേക്ഷ നല്‍കും. പോലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ കോടതി വാക്കാല്‍ അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പ്രതിഭാഗം വക്കീല്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ചുരിദാറിന്റെ ഷാളില്‍ മുഖം മൂടി എത്തിയ ജോളി ഇന്നലെ മുഖം മറയ്ക്കാതെ തലയുയര്‍ത്തി പുഞ്ചിരിയോടെയാണ് കോടതിയിലെത്തിയത്. അകമ്പടി വന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരോടും മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം അവര്‍ ജോളിയായി തന്നെ ഇടപെട്ടു.
തെന്നിന്ത്യയിൽ ഒട്ടേറെ അനുയായികളുള്ള ആൾദൈവം കൽക്കി ഭഗവാന്റെ സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. ആദായനികുതി വകുപ്പ് റെയ്ഡിലാണ് അമ്പരപ്പിക്കുന്ന കണ്ടെത്തൽ. റെയ്ഡിൽ പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.
കൽക്കി ആശ്രമങ്ങളിലടക്കം കർശന പരിശോധനയാണ് നടത്തിയത്.ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുക്കാരനായ കൽക്കി ഭഗവാനുള്ളത്.
Update on IT Searches at godman ‘Kalki Bhagwan’ Aashrams. Dept. has so far seized-Rs 43.9 Crore cash, 2) 88 kgs of Gold worth Rs 26 crore 3) Abt 2.5 mln USD- approx 18 cr. 4) Undisclosed diamonds worth Rs 5 cr 5) Undisclosed income estimated more than Rs 500 crore! #KalkiBhagwan pic.twitter.com/YPR0U0U2fx
— Rishika Sadam (@RishikaSadam) October 18, 2019
അലയന്‍സ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ അയ്യപ്പദൊരെയുടെ കൊലപാതകത്തില്‍ ചാന്‍സലറടക്കം രണ്ട് പേര്‍ അറസ്റ്റില്‍. സര്‍വകലാശാലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തു.
അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചാന്‍സലര്‍ സുധീര് അംഗൂറും സഹോദരന് മധുകര്‍ അംഗൂറും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് ഡോ അയ്യപ്പ ദൊരെയുടെ ജീവനെടുത്തത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിന്‍റെ സഹായിയും ഒാഫീസ് എക്സിക്യൂട്ടീവുമായ സൂരജ് സിങ് പിടിയുലായതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിന് ശേഷം നടക്കാനിറങ്ങിയപ്പോഴാണ് ബെംഗളൂരു ആര്‍ ടി നഗറിലെ എച്ച് എം ടി ഗ്രൗണ്ടില്‍ വച്ച് ഡോ അയ്യപ്പ ദൊരെയെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ…..
അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ചാന്‍സലര്‍ സുധീര് അംഗൂറും സഹോദരന് മധുകര്‍ അംഗൂറും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ 25 സിവില്‍ കേസുകള്‍ നിലവിലുണ്ട്. തര്‍ക്കത്തിനൊടുവില്‍ മധുകറിന് അനുകൂലമായി വിധി വന്നു. ഇതേത്തുടര്‍ന്നാണ് മധുകറിനെയും, ഇയാളുടെ സുഹൃത്തും മുന്‍ വൈസ് ചാന്‍സലറുമായ ഡോ അയ്യപ്പ ദൊരെയും കൊലപ്പെടുത്താന്‍ ഗൂഡാലോചന തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി 4 മാസം മുന്‍പാണ് സൂരജ് സിങ്ങിനെ എക്സിക്യൂട്ടീവ് ഒാഫീസറായി നിയമിച്ചത്. സുധീറിന്‍റെ നിര്‍ദേശപ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള 4 പേരെ ക്വട്ടേഷന്‍ ഏല്‍പിച്ചു.
ഒരു കോടി രൂപയായിരുന്നു വാഗ്ദാനം. ഇതിന് പിന്നാലെ അക്രമികള്‍ രാത്രി നടത്തത്തിനിറങ്ങിയ ഡോ അയ്യപ്പ ദൊരെയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തെങ്കിലും , ക്വട്ടേഷന്‍ സംഘത്തെ ഇനിയും പിടികൂടാനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഉൗര്‍ജിതമാക്കിയതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു പറഞ്ഞു
ആലപ്പുഴ: പുറക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വിനോദസഞ്ചാര ത്തിനെത്തിയ ഇതര സംസ്ഥാനക്കാരായ സ്ത്രീകളാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.
വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ബസ് യാത്രക്കാരിയായ ഒരു യുവതിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏരൂര്‍ എല്‍.പി സ്‌കൂളില്‍ കളിക്കുന്നതിനിടെ മാലിന്യടാങ്കിലേക്ക് വീണ് അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്‌കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേര്‍ന്നുള്ള മാലിന്യ ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് കുട്ടികള്‍ ഉള്ളിലേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകര്‍ന്നത്. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളുണ്ടായില്ല.
ഇടുക്കി വാത്തിക്കുടിയിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. അവിവാഹിതയായ ഇരുപത് വയസുകാരി കുഞ്ഞിനെ പ്രസവിച്ചയുടന്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം തുടങ്ങി.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്കൂൾ ബാഗിനുള്ളിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ യുവതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കുറ്റകൃത്യത്തിൽ ആരൊക്കെ ഉൾപ്പെട്ടു എന്ന് വ്യക്തമാകു. പിറന്നു വീണ ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. തുണി പോലുള്ള വസ്തുക്കൾ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.പ്രസവത്തിനു ശേഷം രക്തസ്രാവം കൂടുതൽ ആയതിനെ തുടർന്ന് യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വനിത പൊലീസിന്റെ നിരീക്ഷണത്തിലുള്ള യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
ചൊവ്വാഴ്ച രാത്രിയിലാണ് മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയിൽ അവിവാഹിതയായ യുവതി വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ചത്. ജനിച്ചപ്പോൾ തന്നെ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു എന്നാണ് യുവതിയുടെ ആദ്യ മൊഴി.
യുവതിക്ക് നേരത്തെ ഒരു ചെറുപ്പക്കാരനുമായി ബന്ധം ഉണ്ടായിരുന്നു, മറ്റൊരു വിവാഹം കഴിച്ച ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ മൃതദേഹം മറവു ചെയ്യാൻ സുഹൃത്തിന്റെ സഹായം തേടി, സുഹൃത്തു സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു
തൃശൂര്‍ കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊന്നവരെ തെളിവെടുപ്പിന് കൊണ്ടുന്നപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. കൊലയാളിക്കു നേരെ നാട്ടുകാര്‍ അസഭ്യം ചൊരിഞ്ഞു. സ്ഥിതി കൈവിട്ടുപോകുമെന്നായതോടെ പ്രതികളെ പൊലീസ് വേഗം മടക്കി.
കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയെ കൊലയാളി സംഘം തടഞ്ഞുനിര്‍ത്തിയ ഭാഗത്തായിരുന്നു ആദ്യം തെളിവെടുപ്പ്. അപകട നാടകം സൃഷ്ടിച്ച ശേഷം മനോഹരനെ പുറത്തിറങ്ങിയ സ്ഥലം. അവിടെ നിന്ന് ബലംപ്രയോഗിച്ച് കയറ്റുന്നതിനിടെ മനോഹരന്‍റെ ഒരു ചെരിപ്പ് അവിടെതന്നെ വീണിരുന്നു. ഇതു കണ്ടെടുത്തു.
പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച മതിലകത്തേയ്ക്കും പൊലീസ് കൊണ്ടുപോയി. മൂന്നാം പ്രതി അന്‍സാറാണ് ബൈക്ക് മതിലകത്ത് ഉപേക്ഷിച്ച് കാറില്‍ കയറിയത്. അന്‍സാറിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ബൈക്ക് കണ്ടെത്തി. പ്രതികളായ അനസ്, അന്‍സാര്‍, സ്റ്റിയോ എന്നിവര്‍ക്കു നേരെ നാട്ടുകാര്‍ രോഷാകുലരായി. അസഭ്യ വാക്കുകളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഇതോടെ, പൊലീസിന് അപകടം മണത്തു. പ്രതികളെ സുരക്ഷിതരായി വേഗം ജീപ്പില്‍ കയറ്റി മടങ്ങി.
മനോഹരന്‍റെ കാറും പ്രതികളുടെ ബൈക്കും ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. ഫോണിലെ സിം കാര്‍ഡ് ഒടിച്ചു വലിച്ചെറിഞ്ഞ ഇടപ്പള്ളിയിലേക്കും പ്രതികളെ കൊണ്ടപോകും. മൃതദേഹം ഉപേക്ഷിച്ച ഗുരുവായൂരിലേക്കും കാര്‍ ഉപേക്ഷിച്ച അങ്ങാടിപ്പുറത്തേയ്ക്കും പ്രതികളെ എത്തിക്കും. ഇതിനായി, വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അൻസാറിനെ ഇരിങ്ങാലക്കുട സബ് ജയിലിലും സ്റ്റിയോ, അനസ് എന്നിവരെ കാക്കനാട് ബോസ്റ്റൽ സ്കൂളിലുമാണ് താമസിപ്പിക്കുക.
തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസ് ആസൂത്രിതകൊലപാതകമെന്ന് പൊലീസ് കുറ്റപത്രം. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാഖിയുടെ സുഹൃത്തും സൈനികനുമായ അഖില്‍, സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ജൂണ്‍ ഇരുപത്തിയൊന്നിനാണ് രാഖിയെ അമ്പൂരിയിലെ വീട്ടിലെത്തിച്ച് ഒന്നാം പ്രതിയായ അഖില്‍ സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല, ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതാണ് കുറ്റപത്രം. രാഖിയും അഖിലും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. രാഖി ഈ ബന്ധം എതിര്‍ത്തതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ജൂണ്‍ 21ന് കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി.
അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീട് കാണിക്കാനെന്ന പേരിലാണ് അമ്പൂരിയിലേക്ക് യാത്ര തുടങ്ങിയത്. അമ്പൂരിയില്‍ ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ രാഹുലിന്റെയും ആദര്‍ശിന്റെയും സഹായത്തോടെ കാറിന്റെ സീറ്റിനോട് ചേര്‍ത്ത് രാഖിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. മൃതദേഹം മറവ് ചെയ്യാനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാനുമായി മൂന്ന് ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.
പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡഢാലോചന, ബലാല്‍സംഗം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിയാണ് പൂവാര്‍ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 115 സാക്ഷിമൊഴികളും പ്രതികള്‍ക്കെതിരെയുണ്ട്. മുഖ്യപ്രതികളായ അഖിലിന്റെയും രാഹൂലിന്റെയും അച്ഛന് കേസില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് ബോധ്യപ്പെട്ടതോടെ പിതാവിനെ കേസില്‍ നിന്ന് ഒഴിവാക്കി. കേസിന്റെ വിചരണ ഉടന്‍ ആരംഭിക്കും.
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ച് മടങ്ങിയപ്പോള്‍ മുഖത്തുണ്ടായിരുന്ന തുണി നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ജോളി മുഖം മറച്ചപ്പോഴാണ് ഷാജു ജോളിയുടെ ഷാള്‍ മാറ്റാന്‍ നോക്കിയത്.
ജോളിയെ റവന്യൂ ഉദ്യോഗസ്ഥർ സഹായിച്ചെന്ന് സൂചന. വ്യാജ ഒസ്യത്ത് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാക്കാനും ടോം തോമസിന്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്താനും ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ഈ കാര്യങ്ങൾ ഉറപ്പിക്കാൻ രേഖകളുടെ പരിശോധന ഒരിക്കൽ കൂടി നടത്തും.
തഹസിൽദാർ ജയശ്രീ എസ്.വാരിയരെയും കാസർകോട് വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാർ കിഷോർഖാനെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡപ്യൂട്ടി കലക്ടർ സി.ബിജു ഒന്നിച്ചിരുത്തി മൊഴിയെടുത്തു. ജയശ്രീ നേരത്തെ താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാരും കിഷോർ ഖാൻ കൂടത്തായി വില്ലേജ് ഓഫിസറുമായിരുന്നു. ഇരുവരുടയും മുൻ മൊഴികളിൽ ചില പൊരുത്തക്കേടുകൾ വന്ന സാഹചര്യത്തിലാണു ഒരുമിച്ചിരുത്തി മൊഴിയെടുത്തത്.
ക്രമക്കേടുകളുടെ ഉത്തരവാദി ആര് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കിഷോർഖാന്റെ മൊഴിയിൽ ജയശ്രീക്കെതിരെ ആരോപണങ്ങൾ ഉണ്ടായതായാണ് സൂചന. കലക്ടർ സാംബശിവ റാവുവും ജയശ്രീയെയും കിഷോർഖാനെയും കണ്ടിരുന്നു. മുൻ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഒ.സി.ലാലു, സെക്ഷൻ ക്ലർക്ക് ഷറഫുദ്ദീൻ എന്നിവരുടെ മൊഴിയും ഇന്നലെ എടുത്തു.
14 വർഷം എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി.
പക്ഷേ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബികോമിനു ചേർന്നതെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല.
പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
എൻഐടി അധ്യാപികയായി വേഷമിടുന്നതിനു മുൻപ് ഒരു വർഷം ബിഎഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
എൻഐടിയിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സുകളും ബ്യൂട്ടീഷ്യൻ കോഴ്സിനും ചേർന്നിരുന്നതായി പൊലീസിനു സംശയമുണ്ട്.. അറസ്റ്റു ചെയ്യുന്നതിനു മുൻപേ പൊന്നാമറ്റം വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത്തരം ചില സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.
പിണറായിയിലെ കൂട്ടക്കൊലപാതകക്കേസിന്റെ വാർത്തകൾ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെക്കുറിച്ചു സംശയം തോന്നിത്തുടങ്ങിയതെന്ന് കൂടത്തായി കൊലക്കേസിലെ പരാതിക്കാരനായ റോജോ തോമസ്. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം സഹോദരി രഞ്ജിയുമായി ചർച്ച ചെയ്യുകയും പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നതെന്നും റോജോ പറഞ്ഞു. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതകളുണ്ട്. ജോളി ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ പേർ കൊല്ലപ്പടാനുള്ള സാധ്യതയുണ്ടായിരുന്നു. ദൈവകൃപയാലാണു താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടതെന്നും റോജോ പറഞ്ഞു. റോജോയുടെയും സഹോദരി രഞ്ജിയുടെയും രണ്ടു ദിവസത്തെ മൊഴിയെടുപ്പ് പൂർത്തിയായി. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ അവസാനിച്ചത് രാത്രി 9.30ന്. ആദ്യദിവസവും പത്തരമണിക്കൂറോളം നീണ്ടിരുന്നു.
ഓരോ മരണവും നടന്ന സാഹചര്യങ്ങൾ അന്വേഷണസംഘത്തിന് മുൻപിൽ ഇരുവരും വിവരിച്ചു. താൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെല്ലാം വിവരിച്ചെന്നും രേഖകൾ കൈമാറിയെന്നും റോജോ പറഞ്ഞു. റോയ് –ജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാൾഡ് എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജോളിയും മക്കളും തമ്മിൽ കാണാതിരിക്കാൻ പൊലീസ് ഇന്നലെയും മുൻകരുതലെടുത്തു. മൊഴിയെടുക്കൽ നടന്ന വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഇന്നലെ ജോളിയെ കൊണ്ടുവന്നില്ല.