Crime

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം കട്ടന്‍ബസാറില്‍ യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ തള്ളി. ഒഡീഷക്കാരായ നാലു പേരാണ് കൊലയാളികള്‍. ഇവര്‍, നാടുവിട്ടു. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശിയായ വിജിത്തിനെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. ഇരുപത്തിയേഴു വയസായിരുന്നു.

കൊല്ലപ്പെട്ട വിജിത്തിനെ ഇതര സംസ്ഥാന തൊഴിലാളിയുടെ സൈക്കിളിനു പിറകിൽ കണ്ടെന്ന സൂചനയെത്തുടർന്നാണു ബന്ധുക്കൾ ഇവിടെ തിരച്ചിൽ നടത്തിയത്. അവരുടെ സംശയം വെറുതെയായില്ല. മേത്തല സ്വദേശിയായ വിജിത്തിന്റെ കുടുംബം ഏതാനും മാസം മുൻ‌പാണ് ശ്രീനാരായണപുരത്തേക്കു താമസം മാറ്റിയത്. എവിടെ പോയാലും അമ്മയെ ഫോണിൽ വിളിക്കാറുള്ള വിജിത്ത് വ്യാഴം രാത്രി ഫോൺ വിളിച്ചില്ല.

വെള്ളിയാഴ്ച ബന്ധുക്കൾ വിജിത്തിനെ തേടി ഇറങ്ങുകയായിരുന്നു. ഇതിനിടയിൽ കട്ടൻ ബസാറിലെത്തിയപ്പോൾ ആളൊഴിഞ്ഞ പറമ്പിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി വിജിത്ത് സൗഹൃദത്തിലായിരുന്നെന്നും ഒരു തൊഴിലാളിയുമായി വ്യാഴം ഉച്ചയ്ക്ക് സൈക്കിളിൽ പോകുന്നതു കണ്ടതായും നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് ഇവർ താമസിക്കുന്ന പറമ്പിലെത്തിയത്.

2.5 ഏക്കർ വിസ്തൃതിയുള്ള പറമ്പിൽ ഒരു ഒറ്റമുറി വീടായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം. ഇതിനു ചുറ്റും ഏക്കർ കണക്കിനുസ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. പുതപ്പിൽ കെട്ടിയ മൃതദേഹത്തിനു മീതെ തെങ്ങിന്റെ ഓല വെട്ടിയിട്ടിരുന്നു.

ഇതിനിടയിലൂടെയാണു കാൽമുട്ടിന്റെ ഭാഗം പുറത്തേക്കു കണ്ടത്. ജില്ലാ റൂറൽ പൊലീസ് മേധാവി കെ.പി. വിജയകുമാരൻ, ഡിവൈഎസ്പി ഫേമസ് വർഗീസ് എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കേസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സിഐ കെ.കണ്ണൻ, എസ്ഐമാരായ കെ.പി.മിഥുൻ, ഇ.ആർ.ബൈജു എന്നിവരും ജില്ലാ ക്രൈംബ്രാഞ്ച് സ്ക്വാഡും സംഘത്തിലുണ്ടാകും.

ശ്രീനാരായണപുരം കട്ടൻ ബസാറിൽ കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിൽ പുതപ്പിൽ പൊതിഞ്ഞു തള്ളിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പി. വെമ്പല്ലൂർ ചന്ദനയ്ക്കു സമീപം മനയത്ത് ബൈജുവിന്റെ മകൻ വിജിത്താണ് (അപ്പു–27) കൊല്ലപ്പെട്ടത്. കട്ടൻബസാർ സെന്ററിനു തെക്ക് വാട്ടർടാങ്കിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൈകാലുകൾ കഴുത്തിലൂടെയിട്ടു കൂട്ടിക്കെട്ടി പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സമീപം താമസിച്ചിരുന്ന 4 ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ട്.

വിജിത്തിനെ വ്യാഴാഴ്ച ഉച്ചമുതൽ കാണാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. അഴുകിയ നിലയിലായതിനാൽ മറ്റു മുറിവുകളോ ചതവുകളോ കണ്ടെത്താനായില്ല. ഇവിടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി വിജിത്ത് ചങ്ങാത്തത്തിലായിരുന്നുവെന്നറിഞ്ഞ ബന്ധുക്കൾ സംശയത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ മണംപിടിച്ചു ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീടിന്റെ കുളിമുറി വരെ എത്തി.

കാണാതായ 4 പേരും കൂലിപ്പണിക്കാരാണ്. ഒഡീഷ സ്വദേശികളായ ഇവരുടെ പൂർണ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടിരുന്നെന്നു സംശയിക്കുന്ന 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിൽ ഇന്ത്യൻ കോഫി ഹൗസിൽ ജീവനക്കാരനായിരുന്ന വിജിത്ത് ഓണാവധിക്കു നാട്ടിലെത്തിയതാണ്. ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളുമായി സൗഹൃദത്തിലായിരുന്ന വിജിത്ത് പതിവായി ഇവിടെ സന്ദർശിക്കാറുണ്ട്. വ്യാഴ‍ാഴ്ച വൈകിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെനിന്ന് ഒന്നിച്ചു പോയതായി സമീപവാസികൾ വിവരം നൽകിയിട്ടുണ്ട്. അവിവാഹിതനാണ്. ബേബിയാണു വിജിത്തിന്റെ മാതാവ്. സഹോദരൻ: വിഷ്ണു.

 

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം ഫ്ലാറ്റിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ്. തൃശൂര്‍ സ്വദേശി രമേശ് , മോനിഷ എന്നിവരാണ് മരിച്ചത്. മ‍ൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെയെങ്കിലും പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂർ കുന്നുപറമ്പിൽ പരേതനായ രാജന്റെയും ലക്ഷ്മിയുടെയും മകൻ രമേശ് (33), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസിൽ സതീഷിന്റെ ഭാര്യ മോനിഷ (25) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലൈനിലെ ഫ്ളാറ്റിന്റെ മൂന്നാംനിലയിലാണ് യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഫ്ലാറ്റ് ഉടമയായ ഇക്ബാല്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടതും വിവരം പൊലീസിനെ അറിയച്ചതും. ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.

സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ദുർഗന്ധത്തെ തുടർന്നു സമീപത്തു താമസിക്കുന്നവർ അപ്പാർട്മെന്റ് ഉടമയെ വിവരം അറിയിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാതിലും ജനലുകളും അകത്തു നിന്നു പൂട്ടിയിരുന്നില്ല. തറയിൽ നിന്നു രണ്ടടി ഉയരത്തിൽ ഭിത്തിയിൽ ചോര‌പ്പാടുകളുണ്ട്. രമേശിന്റെ മൃതദേഹത്തിനു മുകളിൽ കുറുകെയാണ് മോനിഷയുടെ മൃതദേഹം കിടന്നത്.

തോട്ടയ്ക്കാട്ടുകര തേവലപ്പുറത്ത് ഇക്ബാലിന്റേതാണ് 3 നില അപ്പാർട്മെന്റ്. താഴത്തെ നിലയും മുകളിലത്തെ നിലയും സതീഷും ഭാര്യ മോനിഷയും രമേശും ചേർന്ന് വാടകയ്ക്ക് എടുത്തിരുന്നു. മുകളിലെ നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്. ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ സിനിമാ എഡിറ്റിങ് ജോലികൾ നടത്താനെന്നാണു പറഞ്ഞിരുന്നത്. മോനിഷ കുറച്ചുനാളായി ഇവിടെയായിരുന്നു താമസം. ഇവരുടെ ക്യാമറയും മൊബൈൽ ഫോണുകളും പൊലീസിനു ലഭിച്ചു.

രമേശ് നേരത്തേ ആലുവയിൽ മൊബൈൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. 7 മാസം മുൻപാണ് സ്റ്റുഡിയോ ജോലികൾ ആരംഭിച്ചത്. മോനിഷയ്ക്കു 2 കുട്ടികളുണ്ട്. രമേശ് അവിവാഹിതനാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ഫൊറൻസിക് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി എംബിബിഎസ് പ്ര‌വേശനം ‌നേടിയ കേസിൽ മുഖ്യസൂത്രധാരന്‍ മലയാളി. കഴിഞ്ഞ ദിവസം തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് പണം വാങ്ങി പരീക്ഷയ്ക്കു ആളുകളെ ഏര്‍പാടാക്കികൊടുക്കുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. ഇയാളുടെ സംഘത്തില്‍പെട്ട വെല്ലൂര്‍ ബംഗളുരു സ്വദേശികള്‍ക്കായി തിരച്ചില്‍ തുടങ്ങി

തിരുവനന്തപുരത്തു നിന്നു കസ്റ്റഡിയിലെടുത്ത ഇട‌നിലക്കാരൻ ജോർജ് ജോസഫിന്റെ ചോദ്യംചെയ്യൽ തുടരുകയാണ്. 23 ലക്ഷം രൂപ ഈടാക്കിയാണ് വിദ്യാര്‍ഥികള്‍ക്കു പ്രവേശന പരീക്ഷ എഴുതാന്‍ ആളുകളെ ഏര്‍പാടാക്കിനല്‍കിയിരുന്നത്. പരീക്ഷയുടെ മുന്‍പായി ഒരുലക്ഷം രൂപ നല്‍കണം.പ്രവേശനം ഉറപ്പകുമ്പോള്‍ ബാക്കി തുകയും നല്‍കുന്നതായിരുന്നു രീതി. ഇയാളുടെ കൂട്ടാളി വെല്ലൂര്‍ വാണിയമ്പാടി സ്വദേശി മുഹമ്മദ് ശാഫി, ബംഗളുരു സ്വദേശി റാഫി എന്നിവര്‍ക്കായി തിരച്ചില്‌‍‍ തുടരുകയാണ്. ഷാഫിയാണ് ആള്‍മാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നല്‍കിയിരുന്നത്. അതിനിടെ സമാനരീതിയില്‍ പ്രവേശനം നേടിയ ധർമപുരി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വി‌‌ദ്യാർഥി മുഹമ്മദ് ഇർഫാന്‍ മൊറീഷ്യസിലേക്കു കടന്നതായി സ്ഥിരീകരിച്ചു.

അതേസമയം,ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു തേനി മെഡിക്കൽ കോളജ് റജിസ്ട്രാർ ഡോ.രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി.ആള്‍മാറാട്ടം കണ്ടെത്തി കോളജ് വിദ്യഭ്യാസ ഡയറക്ടറെ അറിയിച്ചത് രാജേന്ദ്രനാണ്. കോളജിലെ രണ്ടു ജീവനക്കാര്‍ക്ക് കൂടി തട്ടിപ്പില്‍ പങ്കുണ്ടെന്നും പരാതിയിലുണ്ട്. തമിഴ്നാട്ടിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ സ്വദേശി ഉദിത്ത് സൂര്യ, അഭിരാമി , പ്രവീണ്‍ രാഹുല്‍ എന്നിവരും ം ഇവരുടെ രക്ഷിതാക്കളുമാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്

ബ്ലാക്ക് പൂളില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പോകുവാനായി കയറിയ ബസില്‍ വച്ച് മറ്റു യാത്രക്കാരെ ഗൗനിക്കാതെ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ മറ്റ് യാത്രക്കാരുടെ പരിഹാസത്തിനും അശ്ലീലഭാഷയിലുള്ള ശാസനയ്ക്കും വിധേയരായി.
അവധി ആഘോഷിക്കാന്‍ തിരിച്ച സംഘങ്ങളാണ് ബസില്‍ ഉണ്ടായിരുന്നത്. നിറയെ ബിയറും മറ്റുമായാണ് യാത്രക്കാര്‍ ബസില്‍ കയറിയത്. ബസിന്റെ മുന്നിലെ സീറ്റില്‍ ഇരുന്ന കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.

യുവതിയാണ് ശാരീരിക ബന്ധത്തിന് മുന്‍കൈയ്യെടുത്തതെന്ന് യാത്രക്കാരിയായ ഒരു യുവതി പറയുന്നു. തുടര്‍ന്ന് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കുടുംബമായി എത്തിയവരും മറ്റുകുട്ടികളും ബസിലുണ്ടെന്ന ഓര്‍മ്മ പോലും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. മാത്രമല്ല പലരും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും കമിതാക്കള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. കൂടാതെ ശീല്‍ക്കാര ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ആരംഭിച്ചു.

ഇതോടെയാണ് ബിയറും മറ്റുമായി എത്തിയ മറ്റൊരു സംഘം കമിതാക്കള്‍ക്ക് നേരെ അസഭ്യ വര്‍ഷം ആരംഭിച്ചത്. 30-നും 40-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇതിന് പിന്നിലെന്ന് യുവതി പറയുന്നു. ഇവരുടെ അശ്ലീല പ്രയോഗങ്ങളും ബഹളവും കൂടിയായതോടെ ബസിലെ യാത്ര അതീവ ക്ലേശകരമായിരുന്നെന്നും യുവതി വ്യക്തമാക്കി.

കമിതാക്കളെയും ബഹളം ഉണ്ടാക്കിയവരെയും തങ്ങളുടെ ബസില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയെന്ന് നാഷണല്‍ എക്‌സ്പ്രസ് അറിയിച്ചു. മാര്‍ച്ചിലും ഇത്തരം സംഭവം നടന്നിരുന്നു. മാഞ്ചെസ്റ്ററില്‍ നിന്നും എക്സ്റ്ററിലേക്കുള്ള പത്ത് മണിക്കൂര്‍ യാത്രക്കിടെ നാഷണല്‍ എക്‌സ്പ്രസ് ബസില്‍ വെച്ച് കമിതാക്കള്‍ വിവസ്ത്രരായ ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി കമിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വടക്കന്‍ നൈജീരിയന്‍ നഗരമായ കടുനയിലെ ഒരു കെട്ടിടത്തില്‍ നിന്നും മുന്നൂറിലധികം ബന്ദികളെ രക്ഷപ്പെടുത്തി. അവരില്‍ ഭൂരിഭാഗവും ചങ്ങലകളാല്‍ ബന്ധിതരാക്കിയ കുട്ടികളായിരുന്നു. സംഭവസ്ഥലത്ത് കണ്ട എല്ലാ കുട്ടികളും അഞ്ചു വയസ്സുമുതല്‍ കൗമാരപ്രായം പൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലരുടെ കണങ്കാലുകളിലാണ് ചങ്ങലയിട്ടിരുന്നത്. മറ്റുള്ളവരെ കാലുകളിലൂടെ ചങ്ങലയിട്ട് അത് വാഹനങ്ങളുടെ ചക്രത്തിന്റെ മധ്യഭാഗത്തു ഘടിപ്പിക്കുന്ന വൃത്താകൃതിയിലുള്ള ലോഹത്തകിടുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു.

കെട്ടിടത്തില്‍ ഒരു ഇസ്ലാമിക് സ്‌കൂളുണ്ടെന്നും വ്യാഴാഴ്ച നടന്ന റെയ്ഡില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. കുട്ടികളെ അവിടെ ബന്ദികളാക്കിവച്ചിട്ട് എത്രനാളായി എന്നത് ഇനിയും വ്യക്തമല്ല. ‘സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്ന്’ കടുന പോലീസ് വക്താവ് യാകുബു സാബോ പറയുന്നു. രണ്ട് കുട്ടികളെ ബുര്‍കിന ഫാസോയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്നും മറ്റുള്ളവരില്‍ ഭൂരിഭാഗം പേരെയും വടക്കന്‍ നൈജീരിയന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാതാപിതാക്കളാണ് കൊണ്ടുവന്നത്. അറസ്റ്റിലായവര്‍ സ്‌കൂളിലെ അധ്യാപകരാണെന്ന് സാബോ പറഞ്ഞു.

ബന്ദികളെ ഉപദ്രവിക്കുകയും പട്ടിണി കിടക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയുടെ വടക്കുഭാഗത്ത് അല്‍മാജിരിസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്‌കൂളുകള്‍ സാധാരണമാണ്. മിക്ക ആളുകളും ഒരു ദിവസം 2 ഡോളറില്‍ താഴെമാത്രം വരുമാനം ഉണ്ടാക്കുന്ന രാജ്യത്തെ ഏറ്റവും ദരിദ്രമായ ഭാഗമാണ് വടക്കന്‍ പ്രദേശങ്ങള്‍. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളെ സ്‌കൂളുകളില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുകയാണ് പതിവ്.

കുട്ടികളെ കടുനയിലെ ഒരു സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റിട്ടുണ്ട്. പിന്നീട് നഗരപ്രാന്തത്തിലെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റും. അവരുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനകം ബന്ധപ്പെടാന്‍ കഴിഞ്ഞ ചില രക്ഷിതാക്കള്‍ കുട്ടികളെ തിരികെ കൊണ്ടുപോകുന്നതിനായി പുറപ്പെട്ടുകഴിഞ്ഞുവെന്ന് പോലീസ് പറയുന്നു. ‘കുട്ടികളെ ഒരു കാരാഗൃഹത്തിലേക്കാണ് അയക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു’ എന്നാണ് ഒരു രക്ഷകര്‍ത്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

നൈജീരിയയിലെ ഇസ്ലാമിക് സ്‌കൂളുകള്‍ക്കെതിരെ പാല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. വടക്കന്‍ നൈജീരിയന്‍ നഗരങ്ങളിലെ തെരുവുകളില്‍ ചില കുട്ടികളെ ഭിക്ഷാടനത്തിനുവരെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കോവളത്ത് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ കുത്തികൊലപ്പെടുത്തുന്നതിന്റ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രിയാണ് വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പേരില്‍ കോവളം സ്വദേശി സൂരാജിനെ കുത്തികൊലപ്പെടുത്തിയത്. പ്രതി ഓട്ടോ ഡ്രൈവര്‍ മനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍് ചെയ്തു.

രാവിലെ മനുവിന്റെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി ഏഴരയോടെ സൂരജിനെ മനു ആക്രമിച്ചത്. ആഴാകുളത്തിന് സമീപമുള്ള ഓട്ടോ സ്്റ്റാന്‍ില്‍ ബൈക്കിലെത്തിയ സൂരജിനെയും സുഹൃത്ത് വിനീഷ് ചന്ദ്രയേയും നടന്ന് അടുത്തുവന്ന മനു കുത്തി വീഴ്ത്തുകയായിരുന്നു. തുടരെ തുടരെ കത്തികൊണ്ട് ആക്രമിച്ച മനു സൂരുജിനെയും വിനീഷിനെയും മാരകമായി പരിക്കേല്‍പ്പിച്ചു

ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത മനുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയും കൊല്ലപ്പെട്ട സൂരജനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സൂരജ് കൊല്ലപ്പെട്ടതിന്റെ പ്രതികാരത്തില്‍ മനു ഓട്ടോ ഓടിക്കുന്ന സ്റ്റാന്‍ഡും മനുവിന്റെ അച്ഛന്റെ തട്ടുകടകളും സൂരജിന്റെ സുഹൃത്തുക്കള്‍ അടിച്ചു തകര്‍ത്തു. കത്തികുത്തില്‍ പരിക്കേറ്റേ സൂരജിന്റെ സുഹൃത്ത് വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.

തമിഴ്നാട്ടിലെ നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ടത്തിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. സിബിസിഐഡി സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. തേനി മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിലായി. എന്‍ട്രസ് പരിശീലന നടത്തിപ്പുകാരനാണ് തട്ടിപ്പിന് പിന്നിലെന്ന് മൊഴി.

പിണറായിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. മുഖം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം ആരുടെതാണെന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കാണാമറയത്തായ ദേവിക എന്ന ദേവുവിന് വേണ്ടി ഒരു നാടു മുഴുവൻ പ്രാർഥനയോടെ. ഞായറാഴ്ച മൂന്നര വരെ ചേച്ചിമാർക്കും അമ്മയ്ക്കും കുഞ്ഞമ്മയ്ക്കും വല്യമ്മയ്ക്കുമൊപ്പം കളിച്ചും ചിരിച്ചും ഇരുന്നതാണ്. അവൾക്കായി നാടൊന്നാകെ പ്രാർഥനയോടെ കോളനി നിവാസികൾക്കൊപ്പം കണ്ണീരൊഴിയാതെ കാത്തിരിക്കുകയാണ്. ദേവിക പുഴയിൽ അകപ്പെട്ടുകാണും എന്ന നിഗമനത്തിലാണ് ഇന്നലെ തിരച്ചിൽ നടന്നത്. പനമരം പരിയാരം പൊയിൽ കാട്ടുനായ്ക്ക കോളനിയിലെ ബാബുവിന്റെയും മിനിയുടെയും 6 മക്കളിൽ ഏറ്റവും ഇളയ പെൺകുട്ടിയായാണ് ഒന്നര വയസ്സുകാരി ദേവിക.

ഞായർ വൈകിട്ട് മൂന്നരയോടെ മിനിയുടെ സഹോദരി സുനിതയുടെ അടുത്ത് കുട്ടികളെ നിർത്തി മിനി വിറകിന് പോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. സഹോദരിയുടെ അടുത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പുറത്തിറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു എന്ന് പറയപ്പെടുന്നു. കോളനിക്കാരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ആകമാനം തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ കോളനിയോടു ചേർന്നാണ് പനമരം വലിയ പുഴയുള്ളത്. കുട്ടി ഇടയ്ക്ക് അമ്മയോടും ചേച്ചിമാരോടുമൊപ്പം പുഴയിൽ പോകാറുള്ളതാണ്.

വീട്ടിൽ അമ്മയെ കാണാതായപ്പോൾ അമ്മയെത്തേടി പുഴയിൽ പോയതിനിടയിൽ കുത്തൊഴുക്കും ആഴവുമുള്ള പുഴയിൽ മുങ്ങിയതാകാം എന്ന സംശയത്തിലാണു നാട്ടുകാർ.വീടിനോടു ചേര്‍ന്നുള്ള പുഴയിലെ തിരച്ചിൽ ഇന്നലെ അവസാനിപ്പിച്ചു. കഴിഞ്ഞ ഞായർ വൈകിട്ടു മൂന്നരയോടെയാണു പരിയാരം കാട്ടുനായ്ക്ക കോളനിയിലെ ബാബുവിന്റെയും മിനിയുടെയും മകൾ ദേവികയെ കാണാതായത്.

പനമരം സി എച്ച് റസ്ക്യൂ ടീം, കൽപറ്റ തുർക്കി ജീവൻ രക്ഷാസമിതി, സെറ്റ് പിണങ്ങോട്ട്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നാലര കിലോമീറ്റർ ദൂരം സഞ്ചരിച്ച് പുഴയുടെ ഇരുവശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കാണാതായ ദേവിക പുഴയിൽ വീണതാകാം എന്ന സംശയത്തെ തുടർന്നാണ് കഴിഞ്ഞ 2 ദിവസമായി പുഴയിൽ തിരച്ചിൽ നടത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് മറ്റു രീതിയിലുള്ള അന്വേഷണങ്ങളും ആരംഭിച്ചു. കോളനി പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.ട്രൈബൽ വകുപ്പ് അനുവദിച്ച വീട് പണി പൂർത്തിയാകാത്തതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ഷെഡിലാണ് ബാബുവും കുടുംബവും താമസിക്കുന്നത്.

റെയില്‍വേ ട്രാക്കില്‍ പരിശോധനക്കിടെ ബ്രിഡ്ജസ് വിഭാഗം ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മധുസുതനന്‍(60), രാജസ്ഥാന്‍ സ്വദേശി ജഗ്മോഹന്‍ മീണ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്തിന് സമീപം തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് അപകടം. കായലിന് മുകളിലൂടെയുള്ള ട്രാക്ക് പരിശോധിക്കുന്നതിനിടെ ട്രെയിന്‍ എത്തുന്നത് കണ്ടു മധുസൂതനന്‍ കായിലേക്ക് ചാടിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ട്രയിനിടിച്ച ജഗ്മോഹന്‍ മീണതല്‍ക്ഷണം മരിച്ചു.

റയില്‍വേയില്‍ നിന്നും വിരമിച്ച മധുസൂതനന്‍ പിന്നീട് കരാര്‍ ജീവനക്കാരനായി ചുമതലയേല്‍ക്കുകയായിരുന്നു. വിരമിച്ച ദിവസം റയില്‍വേ ബ്രിഡ്ജസ് വിഭാഗം ഓഫീസില്‍ കല്‍ക്കരി ട്രെയിന്‍ എഞ്ചിന്റെ മാതൃക നിര്‍മിച്ച് റയില്‍വേക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. മൂന്നുമാസത്തിന് മുമ്പ് മൂത്തമകന്‍ അഖില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. വല്‍സലകുമാരിയാണ് ഭാര്യ അനന്ദുവാണ് മകന്‍.

RECENT POSTS
Copyright © . All rights reserved