വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുടുംബസുഹൃത്ത് അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ അധ്യാപിക കൗസര്‍ മുബീനാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കുടുംബസുഹൃത്തായ മാണ്ഡ്യ സ്വദേശി നദീം പാഷയെ(35) ആണ് പോലീസ് പിടികൂടിയത്. കൗസര്‍ മുബീന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് നദീം പാഷ. ഇയാള്‍ കൗസര്‍ മുബീനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.
എന്നാല്‍ കൗസര്‍ ഇത് നിരസിച്ചു. ഇതിന് പിന്നാലെ തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ ഒരു ലക്ഷത്തോളം രൂപ നദീമിനോട് തിരികെ തരാന്‍ കൗസര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നദീമിനെ പ്രകോപിപ്പിച്ചു.തുടര്‍ന്നാണ് പ്രതി ആളില്ലാത്ത സമയം നോക്കി അധ്യാപികയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് ശാന്തിനഗര്‍ പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വിവാഹമോചിതയായ ഇവര്‍ വീട്ടില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോള്‍ മകള്‍ സ്‌കൂളിലായിരുന്നു. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് പൊലീസ് കണ്ടെത്തി.
ഇവരുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലയാളിയെന്ന നിഗമനത്തില്‍ ഇതോടെ പൊലീസ് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി വന്നിരുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. നദീം കൗസര്‍ മുബീനെ വിവാഹംകഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് കൗസറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു. ഇതിലൂടെയാണ് പൊലീസ് നദീമിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയായിരുന്നു.
കാമുകിയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതി പിടിയിൽ. മുംബൈയിൽ നഴ്സായിരുന്ന മേഘയാണ് കൊല്ലപ്പെട്ടത്.പ്രതി ഹർദിക് ഷായെ പാൽഘറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് റെയിൽവെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട മേഘ മലയാളിയാണെന്ന് പൊലീസ് വ്യക്തമാക്കി.മുംബൈയ്ക്ക് സമീപമുള്ള വാടക വീട്ടിൽവച്ചാണ് കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
37 കാരിയായ മേഘയും 27 കാരനായ ഹർദ്ദിക്കും കഴിഞ്ഞ മൂന്നുവർഷമായി പ്രണയത്തിലായിരുന്നു.പിന്നാലെ ഇരുവരും ഒന്നിച്ച് താമസിക്കാൻ തിരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഒന്നിച്ചായിരുന്നു താമസം.ഇതോടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾക്കും തുടക്കമായി.ഒരു മാസം മുമ്പാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്.ഇവരുടെ പതിവ് വഴക്കിനെക്കുറിച്ച് അയൽവാസികളും പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ഹർദിക്കിന് ജോലി ഉണ്ടായിരുന്നില്ല.ജോലിക്കാരിയായിരുന്ന മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം നോക്കിയിരുന്നത്.ഇതേ ചൊല്ലിയാണ് ഇരുവരും നിരന്തരം വഴക്കിട്ടിരുന്നത്. അത്തരത്തിൽ ഉണ്ടായ ഒരു വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.മേഘയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയിൽ ഹാർദിക് ഒളിപ്പിക്കുകയായിരുന്നു.പിന്നാലെ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും വിറ്റശേഷം ഈ പണവുമായാണ് ഇയാൾ കടന്നത്.
പൊലീസ് തെരച്ചിലിൽ ഇയാൾ ട്രെയിനിൽ പാൽഘറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മനസിലായതോടെ റെയിവെ പൊലീസിൽ വിവരമറിയിച്ച് പിടികൂടുകയായിരുന്നു.ഇയാൾ ട്രെയിനിൽ രക്ഷപ്പെടുകയാണെന്ന വിവരത്തെത്തുടർന്ന് പൊലീസ് ഇയാളുടെ ലൊക്കേഷൻ പിന്തുടരുകയും മധ്യപ്രദേശിലെ നഗ്ദയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം പോകുകയാണെന്ന് പൊലീസ് പറഞ്ഞു.
മലാഡിൽ നിന്നുള്ള വജ്രവ്യാപാരിയുടെ മകനാണ് ഹർദിക്.തൊഴിൽരഹിതനായ ഹാർദിക്, പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ പിൻവലിച്ചതിനെ തുടർന്ന് കുടുംബവുമായുള്ള ബന്ധം വഷളായി.തിങ്കളാഴ്ച കെട്ടിടത്തിലെ താമസക്കാർ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മേഘയുടെ മരണവിവരം അറിയിച്ച് സഹോദരിക്ക് ഷാ സന്ദേശം അയച്ചിരുന്നതായും പൊലീസ് പറഞ്ഞു.
തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്കുനേരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് റിപ്പോർട്ടുകൾ. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശി യുവതിക്ക് നേരേയാണ് ആക്രമണം നടന്നത്. യുവതിയെ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്നാണ് വിവരം. പീഡന ശ്രമത്തിനിടെ ക്രൂരമായ ആക്രമണമാണ് യുവതി നേരിട്ടത്. മുഖത്തിടിച്ച അക്രമി തന്നെ പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി വയക്തമാക്കിയത്.
അക്രമിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും അക്രമിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ച അക്രമി ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ആളൊഴിഞ്ഞ പ്രദേശത്തുവച്ചാണ് യുവതി ആക്രമിക്കപ്പെട്ടതെന്നാണ് സൂചനകൾ. ഗേറ്റ് കീപ്പറുടെ മുറിയിൽ നിൽക്കെ പിന്നിലൂടെ പതുങ്ങിയെത്തിയ അക്രമി കടന്നുപിടിക്കുകയായിരുന്നു എന്നാണ് വിവരം. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമി അതിശക്തനായിരുന്നു എന്നും യുവതി പറഞ്ഞു. ശരീരത്തിലുള്ള സ്വർണം എടുത്തശേഷം ജീവൻ തിരികെ തരണമെന്ന് കേണപേക്ഷിച്ചെങ്കിലും അയാൾ ചെവിക്കൊണ്ടില്ലെന്നും യുവതി വ്യക്തമാക്കി. തുടർന്ന് മുറിയിലുണ്ടായിരുന്ന ഫോണിൻ്റെ റിസീവർ ഉപയോഗിച്ച് അയാൾ യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു.
ഇതോടെ യുവതി സർവശക്തിയുമെടുത്ത് അക്രമിയെ ചവിട്ടി മറിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയെങ്കിലും അക്രമി പിന്നാലെയെത്തി പിടികൂടി. തുടർന്ന് ട്രാക്കിലൂടെ വലിച്ചിഴയ്ക്കാനും ശ്രമമിച്ചു. യുവതിയുടെ നിലവിളി കേട്ട് ആളുകൾ എത്തുമെന്ന് മനസ്സിലാക്കിയ അക്രമി ഇതിനിടെ രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ ജീവനക്കാരിയെ പിന്നീട് നാട്ടുകാരാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് തിരുനെല്‍വേലിയിലെ ആശുപത്രിയിലേക്ക് മാറ്റഷുകയായിരുന്നു. അക്രമിയെ കണ്ടെത്താൻ തെങ്കാശി എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ.
ഹരിയാനയിൽ രണ്ട് യുവാക്കളെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മുസ്ലിം യുവാക്കളായ നാസിർ(25) ജുനൈദ്(35) എന്നിവരെയാണ് ദാരുണായ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂർണമായും കത്തിനശിച്ച കാറിനുള്ളിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ യുവാക്കളെ ചുട്ടുകൊന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കൊലപാതകത്തിൽ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഭീവാനിയിലാണ് രണ്ടുയുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിന് തീപ്പിടിച്ചതാണോ അതോ കാറിന് തീവെച്ച് രണ്ടുപേരെയും ജീവനോടെ കത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് അറിയിച്ചു. പശുക്കടത്താണോ സംഭവത്തിന് പിന്നിലെന്നും അന്വേഷണം നടത്തി വരികയാണ്.
നാസിറിനെയും ജുനൈദിനെയും ബുധനാഴ്ച ഭരത്പുരിൽനിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ നൽകിയിരുന്ന പരാതി. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ രണ്ടുപേരുടെയും മൃതദേഹങ്ങൾ കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ വാഹനത്തിൽ നിന്നും കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് ഇരുവരെയും തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊന്നതാണെന്നാണ് ആരോപണം.
പശുക്കടത്തിന് ജുനൈദിനെതിരേ നേരത്തെ അഞ്ചുകേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ നാസിറിനെതിരേ കേസുകളൊന്നും നിലവില്ലെന്നും പോലീസ് അറിയിച്ചു. നാസിറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ബജ്റങ്ദൾ പ്രവർത്തകനടക്കം അഞ്ചുപേർക്കെതിരേ നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. ടെന്നസി സ്റ്റേറ്റ് ലൈനിന് സമീപമുള്ള മിസിസിപ്പിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. ടേറ്റ് കൗണ്ടിയിലെ അര്‍ക്കബുട്ട്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അസോസിയേറ്റഡ് പ്രസ്/യുഎസ്എ ടുഡേ ഡാറ്റാബേസ് പ്രകാരം ജനുവരി 23ന് ശേഷം യുഎസില്‍ നടക്കുന്ന ആദ്യ കൂട്ടക്കൊലയാണിത്.
വെടിവയ്പ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്ന ഒരു പുരുഷനായ പ്രതി കസ്റ്റഡിയിലുണ്ടെന്നും ഗവര്‍ണര്‍ ടേറ്റ് റീവ്‌സിന്റെ ഓഫീസ് അറിയിച്ചു. പ്രതി ഒറ്റയ്ക്ക് ആക്രമണം നടത്തിയെന്നാണ് വിശ്വാസം. എന്നാല്‍ ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. തിരിച്ചറിയാനാകാത്ത ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് ടേറ്റ് കൗണ്ടി ഷെരീഫിന്റെ ഡിസ്പാച്ചര്‍ ഷാനന്‍ ബ്രൂവറും സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ബ്രൂവര്‍ പറഞ്ഞു. അന്വേഷണ സംഘവുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല, ഇമെയില്‍ സന്ദേശത്തോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ സമീപത്തെ ഒരു ഒരു പ്രാഥമിക വിദ്യാലയവും ഒരു ഹൈസ്‌കൂളും അടച്ചിട്ടു. അപകട ഭീഷണി ഒഴിഞ്ഞതോടെ ഇവ വീണ്ടും തുറന്നു. വിദ്യാര്‍ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും കോള്‍ഡ്വാട്ടര്‍ എലിമെന്ററി സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ അറിയിപ്പെത്തി.
ടെന്നസിയിലെ മെംഫിസിന് തെക്ക് 30 മൈല്‍ (50 കിലോമീറ്റര്‍) അകലെയാണ് അര്‍ക്കബുട്ട്‌ല സ്ഥിതി ചെയ്യുന്നത്. 2020 ലെ സെന്‍സസ് പ്രകാരം 285 പേര്‍ മാത്രം താമസിക്കുന്ന സ്ഥലമാണിത്. സമീപത്തുള്ള അര്‍ക്കബുത്ല തടാകം ഒരു പ്രശസ്തമായ മത്സ്യബന്ധന കേന്ദ്രമാണ്.
പെൺകുട്ടികളോട് ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിച്ചെന്നാരോപിച്ച് യൂട്യൂബ് ചാനൽ അവതരികയേയും, ക്യാമറ മാനേയും മർദിച്ചതായി പരാതി. ആലുവ മെട്രോ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയത്. പബ്ലിക് ഒപ്പീനിയൻ എന്ന പേരിൽ പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ചാണ് യൂട്യൂബ് ചാനൽ അവതാരകയെ ഓട്ടോ ഡ്രൈവർ കയ്യേറ്റം ചെയ്തത്. ഓട്ടോ ഡ്രൈവർ അനസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം സ്പടികം സിനിമ വീണ്ടും ഇറങ്ങിയ സാഹചര്യത്തിൽ അത്തരത്തിൽ വീണ്ടും തീയറ്ററിൽ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയെ കുറിച്ച് ചോദിച്ചപ്പോഴാണ് അക്രമണമുണ്ടായതെന്ന് യൂട്യൂബ് ചാനൽ അവതാരിക പറയുന്നു. അതേസമയം സുന്നത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ദൃക്‌സാക്ഷികളിൽ ചിലർ പറയുന്നു.
ഓട്ടോ ഡ്രൈവർമാർ അവതരികയോട് അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. എന്ത് വൃത്തികെട്ട ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നതെന്നാണ് ആക്രമിച്ച ആളുകൾ ചോദിച്ചതെന്ന് അവതാരിക പറഞ്ഞു. പെൺകുട്ടികളോട് അത്തരം ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്ന് ഭീഷണിമുഴക്കിയതായും അവതാരിക മാധ്യമങ്ങളോട് പറഞ്ഞു.
ദുബായില്‍ കൊല്ലപ്പെട്ട മലയാളിൽ യുവാവിന്റെ അവസാന നിമിഷങ്ങളുടെ നോവുന്ന ഓർമ്മകൾ പങ്കുവെച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി. കഴിഞ്ഞ ദിവസമാണ് പാലക്കാട് തൃക്കല്ലൂര്‍ സ്വദേശി ഹക്കിം ദുബായിയിൽ വെച്ച് കുത്തേറ്റ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്റ്റീരിയയിൽ വച്ച് ഹക്കീമിൻ്റെ സഹപ്രവർത്തകരും ഒരു പാകിസ്ഥാൻ സ്വദേശിയും തമ്മിലുണ്ടായ വാക്ക് തർക്കം പരിഹരിക്കുന്നതിനിടെയാണ് ഹക്കിം കുത്തേറ്റ് മരിച്ചത്. ഹക്കിമിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത് അറിയിച്ചുകൊണ്ടാണ് അഷ്‌റഫ് പോസ്റ്റ് പങ്ക് വെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
‘കഴിഞ്ഞ ദിവസം ഷാര്‍ജയിലുണ്ടായ കൊലപാതകത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു പോയ പ്രിയ സഹോദരന്‍ പാലക്കാട് തൃക്കല്ലൂര്‍ കല്ലംകുഴി പടലത്ത് ഹക്കീമിന്റെ (36) തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. നെസ്റ്റോ സിദ്ധീക്ക അടക്കമുള്ളവരുടെ അകമഴിഞ്ഞ സഹകരണത്തോടെ മയ്യിത്ത് ഇന്ന് രാത്രി പന്ത്രണ്ട് മണിയോട് കൂടിയുള്ള ഷാര്‍ജ – കോഴിക്കോട് എയറിന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും. വളരേ സങ്കടകരമായ സംഭവമായിപ്പോയി ഇത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്തീരിയയില്‍ എത്തിയ പ്രിയ സഹോദരന്‍ ഹക്കീം അവിടെയുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു. പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃങ്കാലയായ് നെസ്റ്റോയിലെ ജീവനക്കാരനായ ഹക്കീം എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹക്കീമിന് കുത്തേറ്റത്. അപതീക്ഷിതമായ ആക്രമണം നേരിടേണ്ടി വന്ന ഹക്കീമിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രികിടക്കയില്‍ കിടന്ന് അവസാനമായി ആശങ്കപ്പെട്ടത് തന്റെ കുടുംബത്തെ കുറിച്ചായിരുന്നു. പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര പറഞ്ഞ് കലിമ ചൊല്ലിയാണ് രണ്ടു പിഞ്ചു മക്കളുടെ പിതാവായ ഈ ചെറുപ്പക്കാരന്‍ യാത്രയായത്. അവസാന ശ്വാസത്തിലും തന്റെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് വിടപറഞ്ഞത്. ഈ സഹോദരന്റെ ആഹിറം അല്ലാഹു അനുഗ്രഹീതമാക്കട്ടെ. ….
ഇദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ തീരാ നഷ്ടത്തില്‍ ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ’.
പാലക്കാട് പേഴുംകരയില്‍നിന്ന് കാണാതായ പതിനെഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. തൃശ്ശൂരില്‍ ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് അനസിനെ കാണാതായത്.
ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനസിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും അനസിനായി അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം ചാവക്കാട് വെച്ച് അനസിനെ കണ്ടതായുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ചാവക്കാടെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു എന്ന വിവരം ലഭിച്ചത്. അനസിനെ വീടുവിട്ടിറങ്ങാനും തുടര്‍ന്ന് മരിക്കാനും പ്രേരിപ്പിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് കൂടതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഭർത്താവിന്റെ സ്ത്രീധനത്തെ ചൊല്ലിയുള്ള നിരന്തരമായ ഉപദ്രവത്തെ തുടർന്ന് 26 കാരിയായ യുവതി മൂന്നു വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഇരയുടെ വയറ്റിൽ ഒട്ടിച്ചിരുന്ന ആത്മഹത്യ കുറുപ്പ് പോലീസ് കണ്ടെടുക്കുകയും ചെയ്തു. ആത്മഹത്യ കുറുപ്പ് മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരുന്നെങ്കിൽ കുടുംബാംഗങ്ങൾ അത് വലിച്ചു കീറി കളയുമെന്ന് യുവതി ഭയപ്പെട്ടിരുന്നതായി അവളുടെ അമ്മാവൻ പോലീസിനോട് പറഞ്ഞു.
അതുകൊണ്ടാണ് അവൾ അത് വയറ്റിൽ ഒട്ടിച്ചു വെച്ചത്. 2016 ലാണ് ഇവളുടെ വിവാഹം കഴിഞ്ഞത്. തുടർന്ന് ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കാൻ തുടങ്ങി. തുടർന്ന് യുവതി മൂന്നു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരയുടെ ഭർത്താവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കെതിരെ പോലീസ് കേസെടുത്തു.
പീഡനശ്രമപരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണിമുകുന്ദൻ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് തുടർവാദം കേൾക്കും. പരാതിക്കാരി ഇമെയിൽ വഴി ഒത്തുതീർപ്പിന് ശ്രമിച്ചതായും സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന ആരോപണം വ്യാജമാണെന്നും ഉണ്ണിമുകുന്ദൻ്റെ അഭിഭാഷകനായ സൈബി വാദിച്ചിരുന്നു. കേസിൽ നീതി ലഭിക്കണമെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബെഞ്ചാണ് ഹരജിയിൽ വാദംകേൾക്കുക.
2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു.
എന്നാൽ തന്‍റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.