ടിക്കറ്റ് എടുക്കാതെ കൈക്കുഞ്ഞിനെ വിമാനത്തില്‍ കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി. കൈക്കുഞ്ഞുമായി വിമാനം കയറാനെത്തിയ ദമ്പതികളാണ് ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വിമാനം കയറാന്‍ ശ്രമിച്ചത്.
ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍ ഗറിയന്‍ വിമാനത്താവളത്തില്‍ റെയാന്‍ എയര്‍ ഡെസ്‌കിലാണ് സംഭവം. ബെല്‍ജിയം പാസ്‌പോര്‍ട്ടുള്ള ദമ്പതികള്‍ ബ്രസല്‍സിലേക്കുള്ള യാത്രയിലായിരുന്നു. രണ്ടുപേര്‍ക്കുള്ള ടിക്കറ്റ് മാത്രമായിരുന്നു ദമ്പതികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നത്.
വിമാനം കയറാന്‍ വൈകിയെത്തിയ ദമ്പതികള്‍, അപ്പോഴാണ് കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് അറിയുന്നത്. ടിക്കറ്റ് എടുക്കാതെ കുഞ്ഞിനെയുമായി വിമാനം കയറാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെക്ക് ഇന്‍ കൗണ്ടര്‍ അടക്കാനൊരുങ്ങിയതോടെ ദമ്പതികള്‍ കുഞ്ഞിനെ കൗണ്ടറിലെ ബേബി സീറ്റില്‍ ഇരുത്തിയ ശേഷം കൗണ്ടറിനുള്ളിലേക്ക് ഓടുകയായിരുന്നു.
തുടര്‍ന്ന് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ഏജന്റ് സുരക്ഷാ ജീവനക്കാരെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അവരെത്തിയിട്ടും പരിഹരിക്കാനാവാതെ വന്നതോടെ വിഷയം പോലീസിലേക്ക് കൈമാറുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ദമ്പതികളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. കുഞ്ഞ് നിലവില്‍ ദമ്പതികള്‍ക്കൊപ്പമുണ്ടെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ചങ്ങനാശേരി സ്വദേശിനിയായ 20കാരിയെ മുംബൈയില്‍ മരിച്ച നിലയില്‍
കണ്ടെത്തിയ സംഭവം സാഹസിക സ്റ്റണ്ടിനിടെ നടന്ന അപകടമാണെന്ന് റിപ്പോര്‍ട്ട്.
ഞായറാഴ്ച പുലര്‍ച്ചെ മുംബൈ പനവേലിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് ചങ്ങനാശേരി സ്വദേശിനി റോസ്‌മേരി നിരീഷിനെ കണ്ടെത്തിയത്. അപകട ശേഷം നടത്തിയ അന്വേഷണത്തില്‍ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.
അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷന്‍ ഡിസൈനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു റോസ്‌മേരി. കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ് റോസ് മേരി. 17 വയസ്സുള്ള ഒരു സഹോദരനും ആറ് വയസ്സുള്ള സഹോദരിയും ഉണ്ട്.
ശനിയാഴ്ച സുഹൃത്ത് സംബിത് ലംബുവിന്റെ എട്ടാം നിലയിലെ ഫ്‌ലാറ്റില്‍ കോളേജ് പ്രോജക്റ്റിനായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മാണം നടക്കുകയായിരുന്നു. ഇതേ സമുച്ചയത്തിലെ മറ്റൊരു കെട്ടിടമായ ‘മാരിഗോള്‍ഡിന്റെ’ 11-ാം നിലയിലാണ് റോസ്‌മേരി താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ യുവതിയെ കെട്ടിട സമുച്ചയ പരിസരത്തു വീണുകിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ സുഹൃത്തായ ലംബുവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് വീണ വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
പന്‍വേല്‍ താലൂക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍, ബാല്‍ക്കണിയുടെ പുറംഭാഗത്ത് കെട്ടിയ നിലയില്‍ താല്‍ക്കാലിക ബെഡ്ഷീറ്റ് കയര്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍, യുവതിയുടെ മറ്റ് സഹപാഠികള്‍ ഏഴാം നിലയിലാണ് താമസിച്ചിരുന്നത് എന്ന് കണ്ടെത്തി.
ശനിയാഴ്ച ലംബുവും മറ്റ് സുഹൃത്തുക്കളും എട്ടാം നിലയിലെ ഫ്‌ലാറ്റില്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമ്പോള്‍, യുവതി ബെഡ്ഷീറ്റ് കൊണ്ട് കയര്‍ തീര്‍ത്ത് ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ കയറി സാഹസിക സ്റ്റണ്ടിന് ശ്രമിച്ചിരുന്നു. തുടര്‍ന്ന് സ്ലൈഡിംഗ് വിന്‍ഡോകള്‍ തുറന്ന് ഹാളില്‍ പ്രവേശിച്ച് പുറത്തിറങ്ങി. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മെയിന്‍ ഡോറില്‍ നിന്ന് എട്ടാം നിലയിലെ ഫ്‌ലാറ്റിലേക്ക് മടങ്ങി.
”ഞായറാഴ്ച രാവിലെയും യുവതി അതേ സ്റ്റണ്ടിന് ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. പിടി നഷ്ടപ്പെട്ടതും താഴേക്കു പതിക്കുകയായിരുന്നിരിക്കാം. പ്രഥമദൃഷ്ട്യാ, മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ല. അന്വേഷണം തുടരുകയാണ്. ഞങ്ങള്‍ അപകടമരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്, ”പന്‍വേല്‍ താലൂക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് ഷെല്‍ക്കര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
: കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് തീ പിടിച്ചതിന് പിന്നാലെ പെട്ടെന്ന് തീ പടരാൻ കാരണമായത് കാറിൽ സൂക്ഷിച്ച പെട്രോൾ ആണെന്ന് ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. ഷോർട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് കഴിഞ്ഞ ദിവസം കണ്ണൂർ ആർടിഒ വ്യക്തമാക്കിയിരുന്നു.
തീ പടരാൻ കാരണം സാനിറ്റൈസറോ സ്പ്രേയോ ആകാം എന്ന് നേരത്തെ നിഗമനമുണ്ടായിരുന്നു. എന്നാൽ രണ്ട് കുപ്പി പെട്രോൾ കാറിൽ ഉണ്ടായിരുന്നതായാണ് ഫോറൻസിക് സംഘം കണ്ടെത്തിയത്. ഫോറൻസിക് സംഘത്തിന്റെ വിശദമായ പരിശോധനയിലാണ് കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.
അതേസമയം കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടെങ്കിലും പ്രസവ വേദനയെ തുടർന്ന് യുവതി കരഞ്ഞതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യൻ ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം കാസർഗോഡ് നിന്നും മുങ്ങിയ പ്രതിയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്കയിലെ ഏൽക്കാനത്തെ വാടക വീട്ടിൽ നിന്ന് ബുധനാഴ്ചയാണ് കൊല്ലം സ്വദേശിനിയായ നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഒന്നര മാസം മുൻപാണ് റബർ ടാപ്പിങ് തൊഴിലാളികളായ ഇരുവരും കാസർഗോഡ് എത്തി താമസം ആരംഭിച്ചത്. കുറച്ച് ദിവസമായി ഇവർ ജോലിക്ക് എത്താത്തതിനെ തുടർന്ന് എസ്റ്റേറ്റ് തൊഴിലാളികൾ അന്വേഷിച്ച് വാടക വീട്ടിലെത്തിയപ്പോഴാണ് നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
നീതുവിനൊപ്പം താമസിച്ച ആന്റോ സെബാസ്റ്റ്യനെ കാണാതായതോടെ നീതുവിന്റെ കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നീതുവിന്റെ ശരീരത്തിൽ പരിക്കേറ്റതായി കണ്ടെത്തി. കൂടാതെ ശ്വാസം മുട്ടിയാണ് മരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നീതുവിന്റെ തലയ്ക്ക് അടിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം നീതു നേരത്തെ രണ്ട് വിവാഹം കഴിച്ചതായും ആന്റോ സെബാസ്റ്റ്യൻ മൂന്ന് വിവാഹം കഴിച്ചിരുന്നതായും പോലീസ് പറയുന്നു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നിർമ്മാതാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി മാർട്ടിൻ സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
പതിമൂന്ന് വർഷമായി തൃശൂർ,മുംബൈ,ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ട് പോയി ഇയാൾ യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. പീഡനത്തിന് പുറമെ യുവതിയിൽ നിന്ന് 78 ലക്ഷം രൂപയും 80 പവൻ സ്വർണാഭരണവും മാർട്ടിൻ സെബാസ്റ്റ്യൻ തട്ടിയെടുത്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി പരാതി നൽകുമെന്ന് മനസിലാക്കിയ പ്രതി മുൻകൂർ ജാമ്യം നേടിയിരുന്നു.
മാർട്ടിന് കോടതി കഴിഞ്ഞ ആഴ്ച മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസം മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ദീപു (24) ആണ് അറസ്റ്റിലായത്. അമ്പലം കുന്ന് സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് പെൺകുട്ടിയെ പ്രതിയുടെ സഹോദരന്റെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത് . പെൺകുട്ടിയുടെ വയർ വീർത്തിരിക്കുന്നത് ശ്രദ്ധിച്ച ആശാവർക്കർ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോയി പരിശോധിക്കാൻ വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് ഓയൂരിലെ ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ആശുപത്രി അധികൃതർ കൊല്ലം ഗവണ്മെന്റ് കോളേജിലേക്ക് ഇവരെ അയക്കുകയായിരുന്നു.
കൊല്ലം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിമരമറിയിച്ചു.
അംഗനവാടിയിൽ പോകാൻ മടി കാണിച്ച മൂന്നുവയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച് മുത്തശ്ശി. വർക്കല വെട്ടൂർ വലയന്റെകുഴിയിലാണ് സംഭവം. ക്രൂരത കുട്ടിയുടെ അയൽവാസിയാണ് ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. കുട്ടിയെ നിരന്തരമായി മർദ്ദിക്കുന്നതു കണ്ടാണ് വീഡിയോ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്ന് അയൽവാസി പറയുന്നു.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ വർക്കല പോലീസിലും വർക്കല ബ്ലോക്ക് പഞ്ചായത്തിന് കിഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർക്കും വീഡിയോ അടക്കം പരാതി നൽകുകയായിരുന്നു. കുട്ടിയെ അടുത്തുള്ള പ്ലേ സ്‌കൂളിൽ ചേർത്തിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളൂ.
എന്നാൽ, കുട്ടി അംഗൻവാടിയിൽ പോകുന്നതിൽ താല്പര്യം കാണിച്ചിരുന്നില്ല. ഇതാണ് കുട്ടിയെ ക്രൂരമർദ്ദിക്കാൻ ഇടയാക്കിയത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ച് മണിയോടെ കുഞ്ഞിന്റെ അച്ഛനും കുട്ടിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് അയൽവാസികൾ നൽകുന്ന മൊഴി. സാമൂഹികമാധ്യമത്തിൽ വീഡിയോ പ്രചരിച്ചതോടെ കുട്ടിയും അമ്മയും ബന്ധുക്കളുടെ വീട്ടിലേക്ക് മാറിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില ഗുരുതരം. കേസിലെ സാക്ഷി വിസ്താരം ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുളള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ ചികിത്സയില്‍ കഴിയുകയാണ്.കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് വിഐപി കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അടിച്ചിട്ട കോടതി നടപടികള്‍ പുറത്തുവിട്ട അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാ അതിക്രമ കേസുകള്‍ അടച്ചിട്ട കോടതിയില്‍ വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് പെരുമന കോടതി നടപടി പരസ്യപ്പെടുത്തിയത്.
കേസില്‍ ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ക്ക് സമന്‍സയച്ചിട്ടും വിചാരണക്ക് ഹാജരായില്ല. തുടര്‍ന്ന് ആണ് എസ്എച്ച്ഒക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എസ്എച്ച്ഒയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ വാദം തുടരുകയാണെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. ബാലചന്ദ്ര കുമാറിനേയും കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.
പ്രസവവേദനയെ തുടർന്ന് കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട കാറിന് തീപിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ട കുറ്റിയാട്ടൂർ സ്വദേശി പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവർ കാറിന് തീ പിടിച്ച് വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിക്ക് നൂറു മീറ്റർ അകലെവെച്ചാണ് കാർ അഗ്നിക്കിരയായത്.
അപകടസമയത്ത് കാറിലെ പിൻസീറ്റിൽ യാത്രചെയ്യുകയായിരുന്ന കുട്ടികളടക്കം നാല് പേർ പരിക്കുകളോടെ രക്ഷപെട്ടു. മുൻ വശത്തെ ഡോറുകൾ ലോക്ക് ആയതിനെ തുടർന്ന് മുൻസീറ്റിലിരുന്ന റീഷയ്ക്കും,പ്രജിത്തിനും ഡോർ തുറന്ന് പുറത്ത് കടക്കാൻ സാധിച്ചില്ല. പെട്ടെന്ന് തീ പടർന്നത് കൊണ്ട് ഓടിയെത്തിയ നാട്ടുകാർക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.
കാർ ഓടിച്ചിരുന്ന പ്രജിത്തിന്റെ കാലിലാണ് തീ ആദ്യം പടർന്നത്. ഇത് കണ്ടപ്പോൾ പ്രജിത്ത് തന്നെയാണ് പുറകിലുള്ള ഡോർ തുറന്ന് കൊടുത്തത്. എന്നാൽ മുൻവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും കാർ തീ വിഴുങ്ങിയിരുന്നു. അതേസമയം കാറിൽ സ്ഥാപിച്ച റിവേഴ്‌സ് ക്യാമറയുടെ അനുബന്ധ ഉപകരണത്തിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
മൂന്നാറിൽ ഗവൺമെന്റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പരിശിക്കൽ സ്വദേശി ആൽവിൻ ജെറാൾഡ് (23) ആണ് അറസ്റ്റിലായത്. നേരത്തെ ഇയാൾ പെൺകുട്ടിയുടെ സുഹൃത്ത് ആയിരുന്നു. ഇടയ്‌ക്കുവെച്ച് പെൺകുട്ടി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ നല്ലതണ്ണി റോഡിൽവെച്ച് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ അതിലൂടെ കടന്ന് പോകുകയായിരുന്ന യുവാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം ഇന്നലെ ആരാണ് ആക്രമിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.