Crime

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടുമൊരു മരണം കൂടി. കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതിയാണ് മരണപ്പെട്ടത്. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥകൾ നേരിട്ടത്.

പിന്നാലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ് അഞ്ജുശ്രീ പാർവ്വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കുഴിമന്തി ഓർഡർ ചെയ്തത്. വീട്ടിൽവെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.

അഞ്ജുശ്രീ പാർവതിയുടെ നില ഗുരുതരമായി. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പാറശാലയില്‍ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ വധിക്കപ്പെട്ട കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ കൂട്ടുകാരി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത് പത്ത് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് എന്ന് കണ്ടെത്തിയിരുന്നു.

ഇടയ്ക്കിടെ ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിന്റെത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലയില്‍ നേരിട്ട് പങ്കില്ലെങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാമായിരുന്നതിനാല്‍ തുല്യപങ്കെന്നാണ് പോലീസ് പറയുന്നത്.

അടുത്തയാഴ്ച കുറ്റപത്രം കോടതിയില്‍ നല്‍കും. പ്രണയനിയെ ജീവനേറെ സ്‌നേഹിച്ച ഷാരോണ്‍. പ്രണയം ആയുധമാക്കി ഷാരോണിനെ കൊന്ന ഗ്രീഷ്മ എന്നൊക്കെയാണ് സിനിമാക്കഥ പോലെ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.ഡിവൈഎസ്പി എജെ ജോണ്‍സണിന്റെ നേതൃത്വത്തിലാണ് പോലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തുയിട്ടുണ്ട്.

ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകള്‍ പയറ്റിയിട്ടും ഷാരോണ്‍ പിന്‍മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് വധശ്രമങ്ങള്‍ നടത്തി, ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് ജ്യൂസ് ചലഞ്ച് കണ്ടെത്തിയത്. ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്മയെത്തിയത്.

വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയ ശേഷമായിരുന്നു ഷാരോണിനെ വിളിച്ചുവരുത്തി വിഷം കുടിപ്പിച്ചത്. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കാരണമായത്.

കേസില്‍ തെളിവായി ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുമുണ്ട്.

പ്രമുഖ അവതാരകനും നടനുമായ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും ബലാത്സംഗത്തിന് പോലീസ് കേസെടുത്തു. തന്നെ മൂന്നു പ്രാവശ്യം ബലാൽസംഗം ചെയ്തു എന്ന പെൺകുട്ടിയുടെ പരാതിയിന്‍ മേലാണ് എറണാകുളം നോർത്ത് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മാസമാണ് ഗോവിന്ദൻ കുട്ടിയുടെ യൂ ട്യൂബ് ചാനലിലെ അവതാരകമായ പെൺകുട്ടി തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് ഇയാൾക്കെതിരെ അന്വേഷണം നടത്തുന്നതിനിടയാണ് പുതിയ പരാതിയുമായി മറ്റൊരു പെൺകുട്ടി രംഗത്ത് വന്നത്.

നേരത്തെ ഗോവിന്ദൻകുട്ടി തന്നെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചുവെന്നും ചലച്ചിത്രമേഖലയുള്ളവരെ പോലും തന്നെ സ്വാധീനിക്കാൻ ഉപയോഗിച്ചതായും ആദ്യം ഇയല്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഗോവിന്ദന്‍ കുട്ടി തന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി അന്ന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഈ കേസിൽ എറണാകുളം സെഷൻസ് കോടതി ഗോവിന്ദൻകുട്ടിക്ക് മുൻകൂർ ജാമ്യം അനുവദിച്ച നടപടി തിരുത്തണമെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അന്ന് കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ച് എന്നു ചൂണ്ടി ക്കാട്ടിയാണ് പെണ്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2022 മെയ് 14ന് എറണാകുളം പോണേക്കര റോഡിലുള്ള ഫ്ലാറ്റിൽ വെച്ച് ആദ്യം ബലാത്സംഗം ചെയ്തുവെന്നും പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനം ആവർത്തിച്ചു എന്നും വിവാഹക്കാര്യം ചോദിച്ചതോടെ ക്രൂരമായി മർദ്ദിച്ചതായും പീഡനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി സമർപ്പിച്ച പരാതിയിൽ പറയുന്നു.

തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ(48), ഭാര്യ സുലജ കുമാരി(46), മകൾ രേഷ്മ(23) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. ഇന്നലെയാണ് രമേശൻ ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്

കിടപ്പുമുറിയിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽച്ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ നിന്ന് തീ ആളിക്കത്തുന്നത് കണ്ടത്. മുൻവാതിൽ തകർത്ത് അയൽവാസികൾ അകത്ത് കടന്നെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്ത് വെച്ചിരുന്നു

പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മൂന്ന് പേരെയും മരണം സംഭവിച്ചിരുന്നു. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഒരു മകനുള്ളത് തമിഴ്‌നാട്ടിൽ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായി നാടുവിട്ട കെഎസ്ആർടിസി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്‌ബുക്ക് വഴിയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. തുടർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറങ്ങാൻ പ്രേരിപ്പിക്കുകയും പെൺകുട്ടിയുമായി കടന്ന് കളയുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫേസ്‌ബുക്ക് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. വീട്ടിൽ നിന്നും ഇറക്കിയ പെൺകുട്ടിയുമായി ട്രെയിൻ വഴി എറണാകുളത്ത് എത്തിയ പ്രതി വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ താമസ സ്ഥലം കണ്ടെത്തുകയും പെൺകുട്ടിയെയും പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നു.

കൊല്ലം ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ പ്രതി ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.

കേരളാപുരം സ്വദേശിയായ യുവതിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. ബീച്ചില്‍ നിന്നും കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

പട്ടത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ സാന്ദ്രയാണ് (20) മരിച്ചത്. വീടിനുള്ളിലെ അടച്ചിട്ടമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയിലും മുക്കില്‍ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകീട്ട് അമ്മ ജോലി കഴിഞ്ഞുവന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ പഠനത്തിന് പോകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്ന് പോലിസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലം ചെമ്മാമുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചല്‍ സ്വദേശി നാസുവിന്റെ (24) അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. പൊലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കൊല്ലം ബീച്ചില്‍ വച്ച് കഴിഞ്ഞ മാസം 29ന് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവിന്റെ മൊഴി. ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയതായും ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും യുവാവ് പറയുന്നു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31ന് ഇയാളെ കൊട്ടിയം പൊലീസ് ഇയാളെ പിടികൂടിയിരുന്നു. സംശയാസ്പദമായ നിലയില്‍ ഇയാളുടെ കൈവശം ഫോണ്‍ കണ്ടെത്തിയതോടെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നായിരുന്നു ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. ഈ ഫോണില്‍നിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം യുവതിയുടെ വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. പിന്നീട് യുവതിയുടെ വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയും തുടര്‍ന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി.

ഭക്ഷ്യ വിഷബാധമൂലം സംസ്ഥാനത്ത് ഓരോ മരണവും സംഭവിക്കുമ്പോൾ മാത്രമാണ് അധികാരികൾക്ക് അൽപമെങ്കിലും ചൂടുപിടിക്കുന്നത്. അതിന്റെ മറവിൽ നടത്തുന്ന കർശന പരിശോധനകളെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണ് ഇതുണ്ടാകാം തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി ഭക്ഷ്യവിഷബാധ നഴ്‌സ്‌ രശ്‌മിരാജിന്റെ ജീവൻ കവർന്നപ്പോൾ നഷ്ടം ആ കുടുംബത്തിന് മാത്രമാവുകയാണ്. രശ്മിയുടെ വേർപാട് താങ്ങാനാവാതെ പാടത്തിനരികിലെ ആ കൊച്ചുവീട്ടിൽ ഇനിയും തേങ്ങലുകൾ അടങ്ങുന്നില്ല. ആ കുടുംബത്തിന്റെ അത്താണിയും ഏക പ്രതീക്ഷയും. അവളിനി തിരിച്ചു വരുത്തില്ലെന്ന സത്യം ഉൾകൊള്ളാൻ ആ കുടുംബത്തിന്റെ മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.

‘‘ആശുപത്രിയിൽ ചെല്ലുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ വിളിക്കുമായിരുന്നു. ഉടനെ ഹെഡ്‌ നഴ്‌സ്‌ ആകും, നമുക്ക്‌ കുറച്ച്‌ സ്‌ഥലം വാങ്ങണം, എന്നൊക്കെ പറയും. ഒത്തിരി മോഹങ്ങളുണ്ടായിരുന്നു അവൾക്ക്‌. പോയില്ലേ എന്റെ കൊച്ച്‌ ’’- അമ്മ അംബികയുടെ കണ്ണീരിന്‌ മറുപടിപറയാൻ ആർക്കും കഴിയുന്നില്ല. രശ്‌മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരുമെല്ലാം അവസാനമായി കാണാൻ അവിടെയെത്തി. നാലുമാസം മുമ്പായിരുന്നു രശ്‌മിയുടെ വിവാഹം.

ഭർത്താവ്‌ തിരുവനന്തപുരം സ്വദേശി വിനോദ്‌കുമാർ ഇലക്‌ട്രീഷ്യനാണ്‌. പുതിയ ജീവിതം സന്തോഷത്തോടെ തുടങ്ങിയതേയുള്ളു. എട്ടുവർഷമായി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്‌. അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫീസറായിരുന്നു.

സഹോദരൻ വിഷ്‌ണുരാജ്‌ മർച്ചന്റ്‌ നേവിയുമായി ബന്ധപ്പെട്ട കോഴ്‌സ്‌ പൂർത്തിയാക്കിയശേഷം ജോലിക്ക്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നു. രശ്‌മിയുടെ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ വലിയ ആശ്രയം.

ഒരുമാസം മുമ്പ്‌ വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവെച്ചതാണ്‌. പൂർത്തിയാക്കിയിട്ടില്ല. വയറിങ്ങും പ്ലംബിങ്ങും ബാക്കിയുണ്ട്‌. അമ്മ അംബിക ജില്ലാ ആശുപത്രിയിൽ നഴ്‌സിങ്‌ അസിസ്‌റ്റന്റായാണ്‌ വിരമിച്ചത്‌.

ചൊവ്വാഴ്ച ഉച്ചയോടെയാണ്‌ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടപടി പൂർത്തിയായത്‌. തുടർന്ന്‌ അവിടെ പൊതുദർശനത്തിനുവെച്ചു. അതിനുശേഷമാണ്‌ തിരുവാർപ്പ്‌ കിളിരൂരിലെ പാലത്തറ വീട്ടിലെത്തിച്ചത്‌. നാലുമണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.

പാറശാലയിൽ ഏഴുമാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റതിനെ തുടർന്ന് ഗർഭസ്ഥ ശിശുവിന് ദാരുണാന്ത്യം. പാറശാല മുരിയങ്കര സ്വദേശി അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) നെ പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുൻപാണ് അരുണിമയെ മണ്ണെണ്ണ ഒഴിച്ച് തീ പൊള്ളലേറ്റ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അരുണിമയ്ക്ക് പൊള്ളലേറ്റത്. സൈനികനായ ഭർത്താവ് അജയ് പ്രകാശ് ലീവ് കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഏഴുമാസം ഗർഭിണിയായ അരുണിമ ഭർത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അജയ് പ്രകാശ് അവധിക്ക് നാട്ടിൽ വരുമ്പോൾ കൂടെ വരികയായിരുന്നു അരുണിമ.

കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. അറുപത് ശതമാനത്തോളം പൊള്ളലേറ്റ അരുണിമയുടെ ഗർഭസ്ഥ ശിശു മരണപെട്ടു. എന്നാൽ കുഞ്ഞിനെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ അരുണിമ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അരുണിമയുടെ ബന്ധുക്കൾ ആരോപിച്ചു.

Copyright © . All rights reserved