Crime

തിരുവനന്തപുരത്ത് അമ്മയുടെ പീഡന മനോഭാവം മൂലം മകൾ തീകൊളുത്തി മരിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. തിരുവനന്തപുരം പനയ്ക്കോട് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അമ്മയ്ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. മകളെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും അമ്മയുടെ ശാരീരിക–മാനസിക പീഡനം കാരണമാണ് മകൾ തീകൊളുത്തി മരിച്ചതെന്നും കാട്ടി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ കൂട്ട പരാതി നൽകിയിരിക്കുകയാണ്. ഇക്കാര്യം നിരവധി തവണ ഉന്നയിച്ചിട്ടും പൊലീസിൻ്റെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

പനയ്ക്കോടിന് സമീപം പാമ്പൂരില്‍ താമസിക്കുന്ന സുജയുടെ മകള്‍ ആശയെന്ന 21കാരിയാണ് ഞായറാഴ്ച വീടിനുള്ളിൽ തീകൊളുത്തി മരിച്ചത്. വീട്ടിനുള്ളിലെ മുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാൽ അമ്മയുടെ തുടര്‍പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നതും. സുജയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ആശ. രണ്ടാം വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്.

ജീവനൊടുക്കുന്ന അന്ന് രാവിലെയും അമ്മ മര്‍ദിച്ചതായി ആശയുടെ സഹോദരന്‍ പറഞ്ഞതായും ആരോപണമുയരുന്നുണ്ട്. സുജയുടെ രണ്ടാം വിവാഹത്തിൽ കുട്ടികളുണ്ടായപ്പോൾ അവരെ നോക്കിയിരുന്നത് ആശയായിരുന്നു. എന്നാൽ സുധ ആശയോട് തരിമ്പുപോലും സ്നേഹത്ിൽ പെരുമാറുകയോ സംസാരിക്കുയോ ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇരുപത്തിയൊന്ന് വയസ്സായിട്ടും മാതാവ് ആശയെ ക്രൂരമായി മർദദിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. സംഭവ ദിവസം സുജയുടെ ചെരുപ്പിൽ വെള്ളം വീണെന്ന് ആരോപിച്ച് ആശയെ മർദ്ദിച്ചിരുന്നു. ആശയോട് പോയി ചാകാൻ പറഞ്ഞതായും നാട്ടുകാർ പറയുന്നുണ്ട്. തൊഴിലുറപ്പ് സ്ഥലത്ത് വച്ച് പോലും മറ്റുള്ളവർ കാൺകേ ആശയെ സുജ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

ആശയോട് മാത്രമല്ല ഇളയ കുട്ടികളോടും സുജ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇളയ കുട്ടിയെ ഒരിക്കൽ ക്രൂരമായി മർദ്ദിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് കുട്ടിയെ കൈയിൽ പ്ലാസ്റ്ററിട്ടാണ് കണ്ടതെന്നും അയൽക്കാർ പറയുന്നുണ്ട്. അതേസമയം ആശ തനിക്ക് നേരിട്ട പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയാൻ തയ്യാറായിരുന്നില്ല. അതറിഞ്ഞാൽ അമ്മ ഉപദ്രവിക്കുമോ എന്നു ഭയന്നായിരുന്നു ഇക്കാര്യങ്ങൾ മറ്റാരോടും പറയാൻ തയ്യാറാകാതിരുന്നതെന്നും അയൽവാസികൾ ചൂണ്ടിക്കാട്ടുന്നു. ആശയ്ക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും സുജയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. സുജയ്ക്ക് എതിരെ അന്വേഷസണമുണ്ടാകണമെന്നും ആശയുടേത് ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങരുതെന്നാണ് നാട്ടുകാർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവര്‍മ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇറച്ചിയാണിത്. കളമശ്ശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.

എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായി ഇത്തരത്തില്‍ വിവിധ ഹോട്ടലുകളിലേക്ക് വിതരണംചെയ്യുന്നതിനായി കുറഞ്ഞ വിലക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന നടക്കുന്നതിനിടയിലും വിവിധയിടങ്ങളില്‍ പഴകിയ ഇറച്ചി വിതരണം നടക്കുന്നുണ്ടെന്നാണ് വിവരം.

കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി ജില്ലയിൽ ഒമ്പതു വയസുള്ള ആദിവാസി ബാലനെ നരബലികൊടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ശിരഛേദം ചെയ്യുകയും മൃതദേഹം വെട്ടി നുറുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സിൽവാസയുടെ അതിർത്തി സംസ്ഥാനമായ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി പട്ടണത്തിനടുത്തുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ട ഒമ്പതുവയസുകാരൻ. സംഭവത്തിൽ ഒരു കൗമാരക്കാരനെയും രണ്ടുപുരുഷന്മാരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

ഡിസംബർ 29 ന് യുടിയിലെ ദാദ്ര ആൻഡ് നഗർ ഹവേലി ജില്ലയിലെ സെയ്ലി ഗ്രാമത്തിൽ നിന്ന് കുട്ടിയെ കാണാതായിരുന്നു. പിറ്റേന്ന് സിൽവാസ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. സിൽവാസയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വാപിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

ഇരയുടേതെന്ന് സംശയിക്കുന്ന ശരീരത്തിന്റെ ഭാഗങ്ങൾ നരബലി നടത്തിയ സെയ്ലി ഗ്രാമത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ ബലികൊടുക്കാനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പിടിയിലായ കൗമാരക്കാരനെ സൂറത്തിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രതികൾക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി പട്ടികവർഗ (എസ്ടി) മോർച്ച പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകി. ‘മരിച്ച കുട്ടി ഗോത്രവർഗ വാർലി വിഭാഗത്തിൽ പെട്ടയാളാണ്. ആ കുടുംബത്തിന് ആരുമായും ശത്രുതയില്ല. സംഭവം വെറുപ്പുളവാക്കുന്നതും മനുഷ്യത്വരഹിതവും വളരെ ഗുരുതരമായ കുറ്റകൃത്യവുമാണ്. കുറ്റാരോപിതർക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നതിന് പൊലീസ് വേഗം നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ മദ്യം കഴിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാറ്റിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. കളഞ്ഞ് കിട്ടിയ മദ്യം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞുമോൻ.

അതേസമയം കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തിൽ കീട നാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. ഈ മാസം എട്ടാം തീയതിയാണ് വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയതാണെന്ന് പറഞ്ഞ് മറ്റൊരു സുഹൃത്ത് ഇവർക്ക് മദ്യക്കുപ്പി നൽകിയത്. മദ്യം കഴിച്ചതിന് ശേഷം മൂന്ന് പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മനോജ്,അനിൽകുമാർ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

മദ്യം നൽകിയ ഇവരുടെ സുഹൃത്ത് സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. വഴിയിൽ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ് സുധീഷാണ് മദ്യം നൽകിയതെന്ന് ചികിത്സയിൽ കഴിയുന്ന യുവാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.

 

പ്രായപൂർത്തിയായതും ആകാത്തതുമായ 100ഓളം പെൺകുട്ടികളെ പീഡിപ്പിച്ച ജിലേബി ബാബ എന്നറിയപ്പെടുന്ന മന്ത്രവാദി അമർവീറിന് 14 വർഷം തടവുശിക്ഷ വിധിച്ചു. ലഹരിമരുന്ന് നൽകി സ്ത്രീകളെ ഇരയാക്കിയ ശേഷം വീഡിയോ ദൃശ്യം പകർത്തി ഹരം കൊള്ളുകയായിരുന്നു ജിലേബി ബാബ. മന്ത്രവാദിയായി പേരെടുത്തിരുന്ന ഇയാൾ പ്രശ്‌നപരിഹാരത്തിനെത്തിയ സ്ത്രീകളെയാണ് ലഹരിമരുന്നു നൽകി വശപ്പെടുത്തിയത്.

തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഹരിയാനയിലെ ഫത്തേഹാബാദിലുള്ള അതിവേഗ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2 തവണ പീഡിപ്പിച്ചതിനു പോക്‌സോ നിയമപ്രകാരം 14 വർഷവും മറ്റു 2 പീഡനക്കേസുകളിൽ 7 വർഷം വീതവും മറ്റൊരു കേസിൽ 5 വർഷവുമാണ് അഡീഷനൽ ജില്ലാ ജഡ്ജി ബൽവന്ത് സിങ് ശിക്ഷ വിധിച്ചത്.

എന്നാൽ, ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും. ഇതിനു പുറമെ, ആയുധം കൈവശം വച്ച കേസിൽ ഇയാളെ കുറ്റവിമുക്തനാക്കി. 2018 ൽ ഫത്തേഹാബാദിലെ തൊഹാന ടൗണിൽ നിന്നു പൊലീസ് അമർവീറിനെ (അമർപുരി) അറസ്റ്റ് ചെയ്തപ്പോൾ മൊബൈൽ ഫോണിൽ നിന്ന് 120 ലൈംഗിക വിഡിയോ ക്ലിപ്പുകൾ കണ്ടെടുത്തിരുന്നു.

കുടുംബ കോടതിയിൽ കൗൺസിലിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ പനമണ്ണ സ്വദേശി രഞ്ജിത്ത് (33) നെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. മനിശ്ശേരി സ്വദേശിനി സുബിത (24) നാണ് വെട്ടേറ്റത്.

ഇരുവരും വിവാഹമോചനത്തിനായി കോടതിയിൽ എത്തുകയും തുടർന്ന് കൗൺസിലിംഗിന് വിധേയരാകുകയും ചെയ്തിരുന്നു. കൗൺസിലിംഗ് കഴിഞ്ഞതിന് ശേഷം സുബിത ഇപ്പോൾ കൂടെ താമസിക്കുന്ന യുവാവുമായി സംസാരിച്ച് നിൽക്കുന്നതിനിടയിൽ രഞ്ജിത്ത് സുബിതയോട് വഴക്കിടുകയും വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.

കൈയിൽ വെട്ടേറ്റ സുബിതയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിതയുടെ ഇരു കൈയിലെയും മുറിവുകൾ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെട്ടേറ്റ ഉടനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുൽപ്പറമ്പിൽ തോമസ് ആണ് മരിച്ചത്. 77 വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിൽ വെച്ചായിരുന്നു അപകടം നടന്നത്. തോട്ടത്തിലെ കാട് കത്തിക്കാൻ പോകുന്നെന്ന് മകളോട് പറഞ്ഞാണ് തോമസ് ഇറങ്ങിയത്.

എന്നാൽ, തോട്ടത്തിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്നിരക്ഷാസംഘം ആംബുലൻസ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്. ശേഷം, തീയണയ്ക്കുമ്പോഴാണ് തീയിൽ അകപ്പെട്ട തോമസിനെയും കണ്ടെത്തിയത്.

ഉടൻതന്നെ ഫയർസ്റ്റേഷന്റെ വാഹനത്തിൽ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തോമസിന് ഭാഗികമായി പൊള്ളലേറ്റിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പൊന്നമ്മയാണ് ഭാര്യ. മക്കൾ: ഷീജ, ജിനീഷ്, പരേതയായ ഷീബ. മരുമക്കൾ: ബിനു, ജോസ്, ലുധിയ.

തമിഴ്നാട് കന്യാകുമാരി നാഗര്‍കോവിലില്‍ നടന്ന ഇരട്ടക്കൊലക്കേസില്‍ മുങ്ങിയ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.കേസില്‍ ജാമ്യത്തില്‍ പുറത്തിങ്ങി മുങ്ങിയ തമിഴ്നാട് തിരുനെല്‍വേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദിനെ(48)യാണു മലപ്പുറം പൂക്കോട്ടുംപാടം ചുള്ളിയോടുനിന്നും പോലീസ് പിടികൂടിയത്.

2005 ല്‍ തമിഴ്നാട് കന്യാകുമാരി നാഗര്‍കോവിലില്‍ ഭൂത പാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ഇരു മുതലാളിമാര്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ നടന്ന അടിപിടിയില്‍ ഉണ്ടായ വൈരം തീര്‍ക്കാന്‍ ഒരു വിഭാഗം എതിര്‍ ടീമിലെ രണ്ട് പേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ രണ്ട് കൊലപാത കേസുകള്‍ ദൂതപാണ്ടി പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലൊന്നില്‍ മൂന്നാം പ്രതിയും മറ്റൊന്നില്‍ ആറാം പ്രതിയുമായാണ് റഷീദ് പിടിയിലായത്. തുടര്‍ന്ന് നാഗര്‍ കോവില്‍ ജയിലില്‍ കഴിയവേ ജാമ്യത്തില്‍ പുറത്തിങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്നു പ്രതി വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ചുള്ളിയോട് നിന്ന് വിവാഹം കഴിച്ച് ടാപ്പിംഗ് ജോലി ചെയ്ത് കുടുംബ സമേതം ഇവിടെ രഹസ്യമായി കഴിഞ്ഞുവരികയായിരുന്നു.

ശേഷം വിദേശത്തേക്കും ജോലി തേടി പോയിരുന്നു. തുടര്‍ന്നു അടുത്തിടെയാണ് തിരിച്ച് നാട്ടിലെത്തിയത്. പ്രതിയുടെ മുന്‍കാല കിമിനല്‍ പാശ്ചാതലത്തെ കുറിച്ച് പൂക്കോട്ടു പാടം സി.ഐ സുകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐമാരായ എം. അസ്സൈനാര്‍ , ശശികുമാര്‍ , എസ്.സി.പി.ഒ മാരായ ശ്യാംകുമാര്‍ സൂര്യകുമാര്‍ , അജീഷ്, ലിജിഷ് , നൗഷാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കമാണ് പ്രതിയെ പിടികൂടാനായത്.

വിവരമറിഞ്ഞ് പൂക്കോട്ടുംപാടത്ത് എത്തിയ ഭൂതപാണ്ടി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാഗര്‍ കോവില്‍ കോടതിയില്‍ ഹാജരാക്കാനായി പ്രതിയെ ഏറ്റ് വാങ്ങി നാഗര്‍കോവിലിലേക്ക് തിരിച്ചു.

വർഷങ്ങൾക്ക് മുൻപ് ‘മ’ അക്ഷരം പറഞ്ഞ് കളിക്കുന്നതിനിടയിലുണ്ടായ പകയാണ് 15 വർഷങ്ങൾക്ക് ശേഷം സുഹൃത്തിനെ കൊലപ്പെടുത്താൻ കാരണമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ജയറാഴ്ച കണ്ണനല്ലൂർ സ്വദേശി സന്തോഷ് (41) നെ സുഹൃത്ത് ചന്ദനത്തോപ്പ് സ്വദേശി പ്രകാശ് കുത്തി കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ 15 വർഷം മുൻപുണ്ടായ പകയാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

വർഷങ്ങൾക്ക് മുൻപ് സുഹൃത്തുക്കളായ സന്തോഷും, പ്രകാശും ‘മ’ അക്ഷരം വരാതെ സംസാരിക്കുന്ന കളി കളിച്ചു. എന്നാൽ സംസാരിക്കുന്നതിനിടയിൽ ‘മ’ ഉച്ചരിച്ച പ്രകാശിന്റെ നട്ടെലിന് സന്തോഷ് ഇടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രകാശിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഇതിനെല്ലാം കാരണം നട്ടെല്ലിനേറ്റ ഇടിയാണ് എന്ന് പ്രകാശ് വിശ്വസിച്ചിരുന്നത്. കൂടാതെ വിവാഹം കഴിച്ച് കുട്ടികൾ ഉണ്ടാവാത്തതും നട്ടെല്ലിന് ഏറ്റ ഇടിയാണെന്നാണ് പ്രകാശ് കരുതിയിരുന്നത്. ഇതാണ് പകയ്ക്ക് കാരണമായതെന്നും പോലീസ് പറയുന്നു.

അതേസമയം രണ്ട്‍ വർഷം മുൻപ് ഭാര്യ മരിച്ചതോടെ പ്രകാശൻ തീർത്തും ഒറ്റപ്പെടുകയും സന്തോഷിനോടുള്ള വൈരാഗ്യം വർദ്ധിക്കുകയുമായിരുന്നു. ഒരു വർഷത്തോളമായി സന്തോഷിനെ കൊലപ്പെടുത്തുന്നതിനായി പ്രകാശൻ കത്തി വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ കാണുകയും ഉച്ചയോടെ പ്രകാശ് സന്തോഷിന്റെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ഇരുപത്തിമൂന്നോളം കുത്തുകളാണ് സന്തോഷിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ആന്തരികാവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് നാട്ടുകാർ സന്തോഷിനെ ആശുപത്രിയിലെത്തിച്ചത്.

 

ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോയുടെ തൂണ് തകർന്ന് വീണ് അപകടം. അപകടത്തിൽ സ്ത്രീയും രണ്ടര വയസ്സുള്ള മകനും മരിച്ചു. റോഡിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് മുകളിലൂടെയാണ് തൂൺ തകർന്നു വീണത്.

യുവതിയുടെ ഭർത്താവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായില്ല.

നാഗവര മേഖലയിലെ മെട്രോ പില്ലറാണ് തകർന്നു വീണത്. കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ ലേ ഔട്ടിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. 25കാരിയായ തേജസ്വിയും മകൻ വിഹാനും ആണ് മരിച്ചത്.

അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Copyright © . All rights reserved