എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കുസമീപം മണ്ണൂർ ഐരാപുരത്തു തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഐരാപുരം അംബികാമഠത്തിൽ വാടകവീട്ടിൽ താമസിക്കുന്ന അരൂർ സ്വദേശി കോയിൽപ്പറന്പിൽ തോമസിന്റെ മകൻ അലൻ (17), തൃക്കളത്തൂർ കൊല്ലേരിമൂലയിൽ ജിജിയുടെ മകൻ ഗോപീകൃഷ്ണൻ (17) എന്നിവരാണു മരിച്ചത്. കുന്നക്കുരുടി തട്ടുപാലം വലിയതോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12.45 നായിരുന്നു അപകടം.
ജില്ലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലുകളിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ 11 പേർ മരിച്ചു. രണ്ടുപേരെ കാണാതായി. അടിമാലി എട്ടുമുറിയിലുണ്ടായ ഉരുൾപൊട്ടലിൽ ദേശീയപാതയോരത്തു താമസിച്ചിരുന്ന പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ(65), മകൻ മുജീബ് (38), മുജീബിന്റെ ഭാര്യ ഷെമീന (35), മുജീബിന്റെ മക്കളായ ദിയ (ഏഴ്), മിയ (അഞ്ച്), കൊന്നത്തടി കുരുശുകുത്തിയിൽ പൊന്തപ്പള്ളിൽ മാണിയുടെ ഭാര്യ തങ്കമ്മ(55), അടിമാലി കുരങ്ങാട്ടിയിൽ കുറുന്പനത്ത് മോഹനൻ (52), ഭാര്യ ശോഭന (50), മുരിക്കാശേരി രാജപുരം കരികുളത്തിൽ പരേതനായ കുമാരന്റെ ഭാര്യ മീനാക്ഷി (93), കീരിത്തോട് പെരിയാർവാലി കൂട്ടാക്കൽ ആഗസ്തി (70), ഭാര്യ ഏലിക്കുട്ടി (65) എന്നിവരാണ് മരിച്ചത്. കരികുളത്തിൽ മീനാക്ഷിയുടെ മക്കളായ ഉഷ (57), രാജൻ (55) എന്നിവരെയാണ് കാണാതായത്.
ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അടിമാലിയിൽ ഉരുൾപൊട്ടലുണ്ടായത്. അപകടത്തെത്തുടർന്ന് ഹസൻകുട്ടിയുടെ വീടു പൂർണമായി ഒലിച്ചുപോയി. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഹസൻകുട്ടിയും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. അപകട സമയത്തു വീടിനുള്ളിലുണ്ടായിരുന്ന ഹസൻ കുട്ടിയും മറ്റൊരു ബന്ധുവും അദ്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടിനു മുകൾഭാഗത്തുനിന്നു പൊട്ടിയിറങ്ങിയ ചെളിയും വെള്ളവും ഹസൻകുട്ടിയുടെ കുടുംബത്തെ ഒന്നാകെ കവർന്നെടുക്കുകയായിരുന്നു. ചെളിയും മണ്ണും വീടിന്റെ അവശിഷ്ടങ്ങളും ദേശീയപാതയിൽ വന്നടിഞ്ഞു. ഇവയ്ക്കിടയിൽനിന്നുമാണ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മണ്ണിനടിയിൽ കൊന്നത്തടി കുരുശുകുത്തിയിലുണ്ടായ ഉരുൾപൊട്ടലിൽ പൊന്തപ്പള്ളിൽ മാണിയും മകൻ ഷൈനും അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഉരുൾപൊട്ടിയതിനെത്തുടർന്ന് മാണിയുടെ വീടു പൂർണമായി തകർന്നു. അടിമാലി കുരങ്ങാട്ടിയിൽ കുറുന്പനത്ത് മോഹനൻ, ഭാര്യ ശോഭന എന്നിവർ താമസിച്ചിരുന്ന വീടിനുമുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവസമയത്ത് വീടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിൽ വീടു പൂർണമായി തകർന്നു.
പെരിയാറിനു സമീപം താമസിച്ചിരുന്ന കൂട്ടാക്കൽ ആഗസ്തിയും ഭാര്യ ഏലിക്കുട്ടിയും ചെറുമകന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് കീരിത്തോട് പെരിയാർവാലിയിൽ ദേശീയപാതയ്ക്കരികിൽ ഹരിപ്പാട് രവീന്ദ്രന്റെ വീട്ടിൽ വാടകയ്ക്കു താമസമാരംഭിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ഇവിടെ ഉരുൾപൊട്ടിയത്. ഇവർ താമസിക്കുന്ന വീടിനു മുകളിലേക്ക് അഞ്ചംകുന്നേൽ വേലായുധന്റെ വീടിന്റെ തിണ്ണയോടുചേർന്നുള്ള ഭാഗത്താണ് ഉരുൾപൊട്ടിയത്. സമീപവാസിയായ സന്തോഷിന്റെ ആട്, പന്നി തുടങ്ങിയ വളർത്തു മൃഗങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
ആഗസ്തിയും ഭാര്യ ഏലിക്കുട്ടിയും ഉറങ്ങിക്കിടന്ന മുറിക്കു മുകളിലേക്കു മണ്ണും കല്ലും വെള്ളവും പതിക്കുകയായിരുന്നു. വീടിന്റെ ഒരുഭാഗം പൂർണമായും തകർന്നു. ഒടിഞ്ഞുതകർന്ന കട്ടിലിനടിയിലും സമീപത്തുമായാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ കൊച്ചുമകൻ വിപിന്റെ ഭാര്യ ജെസിയും ഒരു വയസുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ജെസി ഫോണ്‍വിളിച്ചു നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും കഞ്ഞിക്കുഴി പോലീസും ഇടുക്കി ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. തൊട്ടടുത്തുള്ള ബേബിയുടെ വീടും ഉരുൾപൊട്ടലിൽ തകർന്നു. അരകിലോമീറ്റർ വാത്തിക്കുടി പഞ്ചായത്തിൽ രാജപുരത്ത് കരികുളത്തിൽ മീനാക്ഷിയും മക്കളായ രാജനും ഉഷയും താമസിച്ചിരുന്ന വീട് ഉരുൾപൊട്ടലിൽ പൂർണമായുംഒലിച്ചുപോയി.
ഇന്നലെ വെളുപ്പിന് മൂന്നരയോടെയാണ് ഇവിടെ ഉരുൾപൊട്ടിയത്. വീടിനോടൊപ്പം ഒഴുകിപ്പോയ മീനാക്ഷിയുടെ മൃതദേഹം അരകിലോമീറ്ററോളം താഴെ മരക്കഷണത്തിൽ ഉടക്കിക്കിടന്നു. രാവിലെ ഒന്‍പതിനാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കാലും വയറിന്റെ ഒരു ഭാഗവും മുറിഞ്ഞ നിലയിലായിരുന്നു. ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്ന രാജനും ഉഷയ്ക്കുംവേണ്ടി തെരച്ചിൽ ആരംഭിച്ചു. തോട്ടിൽ വെള്ളം ഉയർന്നത് രക്ഷാപ്രവർത്തനത്തിനു തടസമായി. പെരിയാറിലേക്കാണ് തോട്ടിൽനിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത്.
ഇന്നലെ രാവിലെ അഞ്ചേകാലോടെയാണ് കന്പളികണ്ടം പന്തപ്ലാക്കൽ തങ്കമ്മയുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. ഉരുൾപൊട്ടലിൽ വീട് ഒഴുകിപ്പോയി. അരക്കിലോമീറ്ററോളം ദൂരെനിന്നാണ് തങ്കമ്മയുടെ മൃതദേഹം ലഭിച്ചത്. ഭർത്താവ് മാണിയും മകൻ ഷൈനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലാർ കന്പിലൈൻ താഴത്തേക്കുടിയിൽ കുടുംബാംഗമാണ് തങ്കമ്മ. മോഹനൻ, ഭാര്യ ശോഭന എന്നിവരുടെ സംസ്കാരം ഇന്നു വീട്ടുവളപ്പിൽ നടക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. കെ. കൃഷ്ണമൂർത്തി/ബിജു കലയത്തിനാൽ
ഇടുക്കിയിൽ മലവെള്ളപാച്ചിലിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഒഴുകി വന്നു. തലയില്ലാത്ത ശരീരമാണ് കണ്ടെത്തിയത്. ഉടലും കൈകളും മാത്രമാണ് മൃതദേഹത്തിലുള്ളത്. കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറിൽ എല്ലക്കൽ പാലത്തിന് സമീപമാണ് ഒഴുകി വന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് റോഡുകളിൽ ഗതാഗത തടസ്സം തടസപ്പെട്ടിരുന്നു. ഗതാഗതം പുന:സ്ഥാപിക്കാൻ പോയ കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വെള്ളപ്പാച്ചിലിൽ മനുഷ്യശരീരം ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തോട്ടിയും കയറും ഉപയോഗിച്ച് മൃതദേഹം ഒഴുകി പോകാതെ ഇവർ തടഞ്ഞിട്ടു. പിന്നീട് രാജാക്കാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സംഘം എത്തിയശേഷമാണ് ശരീരഭാഗങ്ങൾ കരക്കെടുത്തത്. സ്ത്രിയുടേതെന്ന് തോന്നിക്കുന്ന ഉടലും കൈകളുമാണ് കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ അവസ്ഥയിലാണ് ശരീരഭാഗം. ഇൻക്വസ്റ്റ് തയാറാക്കി ഫോറൻസിക് പരിശോധനയ്ക്കായി ശരീരഭാഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ മുകളിൽ കുഞ്ചിത്തണ്ണി പാലത്തിന് സമീപത്ത് നിന്ന് ഒരു മാസം മുമ്പ് യുവതിയുടെ ഇടതുകാൽ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ഇതും കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ആറ്റുകാട്ടിൽ നിന്ന് പുഴയിൽ കാണാതായ വിജി എന്ന യുവതിയെയും പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസനയെയും ബന്ധപ്പെടുത്തി പോലീസ് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിനിടെയാണ് ഉടലും കൈകളും ലഭിച്ചത്.
അരയ്ക്ക് താഴ്പോട്ടും കഴുത്തിന് മുകളിലേക്കുമില്ലാത്ത ശരീരഭാഗം ലഭിച്ചത് കൊലപാതകമാണെന്ന സൂചനയാണ് നൽകുന്നത്. കഴുത്തിലെയും അരയിലെയും മുറിവ് വെട്ടിമുറിച്ചതിന് സമാനമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ യെമനിൽ പൊതുനിരത്തിൽ വച്ച് വെടിവച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനകൂട്ടത്തിന് നടുവിൽ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതർ വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് പ്രതികളുടെ മൃതദേഹങ്ങൾ സനയിലെ ആള്‍ത്തിരക്കുളള സ്ക്വയറില്‍ ക്രെയിനില്‍ കെട്ടിത്തൂക്കി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പത്തുവയസ് മാത്രമുള്ള ആൺകുട്ടിയെയാണ് പ്രതികൾ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടു പോയി ബന്ധിച്ച് ഒരു സ്കൂളില്‍ വച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് മൃതദേഹം ആള്‍താമസമില്ലാത്ത കെട്ടിടത്തിൽ ഒളിപ്പിച്ചു.
പ്രതികളില്‍ രണ്ട് പേര്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. മൂന്നാമന് 27 വയസ് പ്രായമുണ്ട്. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാറുണ്ട്. ഫയറിങ് സ്ക്വാഡ് ഉപയോഗിച്ചാണ് ഇൗ വധശിക്ഷ നടപ്പാക്കിയത്.
തമിഴ്നാട്ടിലെ നാമക്കലിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന് ഷിബു വ്രഗീസ് (10) റിജോ, സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. 15പേര്‍ക്ക് പരിക്കേറ്റു.
നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചാണ് സംഭവം.പള്ളക്കപാളയത്തേക്ക് പോയ്ക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
മരിച്ച സിദ്ധാര്‍ഥ് ആയിരുന്നു ബസിന്റെ ഡ്രൈവര്‍. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. കുമാരപാളയം പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് മന്ത്രവാദം നടത്തുന്ന കൃഷ്ണനും കുടുംബവും ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത നീങ്ങുന്നില്ല. കൃഷ്ണന് വന്‍കിട നോട്ടു തട്ടിപ്പു സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചതാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങാന്‍ കാരണം.
ജൂലായ് നാലിന് കൊല്ലം മുളങ്കാടകത്ത് സീരിയല്‍ നടി സൂര്യയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയിരുന്നു. ഇടുക്കി അണക്കരയില്‍ നിന്ന് പിടിയിലായവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയും അമ്മയും വലയിലാകുന്നത്.
നടിയും അമ്മയും വാടകയ്ക്കെടുത്തിരുന്ന വീട്ടില്‍ പലപ്പോഴും പൂജ നടക്കാറുണ്ടായിരുന്നു. ഇതിന് എത്തിയിരുന്നത് കൊല്ലപ്പെട്ട കൃഷ്ണനും സഹായി അനീഷും ആയിരുന്നുവെന്ന ചില സൂചനകള്‍ പോലീസിനും ലഭിച്ചിട്ടുണ്ട്.
ജയിലിലുള്ള നോട്ടുകേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കൃഷ്ണും കുടുംബവും ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കള്ളനോട്ട് സംഘം പിടിയിലായ ശേഷമാണ് ഇതെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ സീരിയല്‍ നടിയുടെ അറസ്റ്റും കൃഷ്ണന്റെ കൊലപാതകവും കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.
കൃഷ്ണന്റെ വീടായ വണ്ണപ്പുറത്തു നിന്നും കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമാണ് നോട്ട് തട്ടിപ്പില്‍ പിടിയിലായ തോപ്രാംകുടി സ്വദേശികളായ ജോബിന്, അരുണ്‍, റിജോ എന്നിവരുടെ വീട്ടിലേക്കുള്ളത്. അണക്കരയില്‍ ആദ്യം അറസ്റ്റിലായ രവീന്ദ്രനും കൃഷ്ണന്റെ വീട്ടില്‍ നിന്ന് അകലെയല്ല. ഈ സാധ്യതകളെല്ലാം വിരല്‍ ചൂണ്ടുന്നത് ശക്തനായ ഒരാള്‍ ഇപ്പോഴും ഈ കൊലകള്‍ക്കെല്ലാം പിന്നില്‍ മറഞ്ഞിരിപ്പുണ്ടെന്നാണ്.
അനീഷും ലിബീഷും മാത്രമാണ് കൊലയ്ക്കു പിന്നിലെന്ന പോലീസ് കണ്ടുപിടുത്തത്തെ ബന്ധുക്കള്‍ തന്നെ ഖണ്ഡിക്കുന്നു. കരുത്തനായ കൃഷ്ണനെ രണ്ടുപേര്‍ക്ക്, അതും മദ്യപിച്ചെത്തിയവര്‍ക്ക് ഒരിക്കലും കീഴ്പ്പെടുത്താനാവില്ലെന്ന് ഇവര്‍ പറയുന്നു. മറ്റു ചിലര്‍ കൊലയ്ക്കു പിന്നിലുണ്ടെന്നു തന്നെയാണ് ഇവരും വിശ്വസിക്കുന്നത്.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് ജനമൈത്രി നടുറോഡില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. പെറ്റിക്കേസില്‍ പിഴയടക്കാന്‍ ചെന്ന, കൊല്ലം കരുനാഗപ്പള്ളിഐ എച്ച് ആര് ഡി കോളജിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥി അഖില്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. വള്ളിക്കീഴ് സ്വദേശിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖില്‍ കൃഷ്ണനെ കരുനാഗപ്പള്ളി എസ്.ഐ ശ്യാമാണ് പരസ്യമായി മുഖത്തടിച്ചത്.
ആളുകള്‍ നോക്കി നില്‍ക്കെയാണ് അഖിലിനെ എസ്ഐ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റിയത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേര് സ്റ്റേഷനിലെത്തിയതോടെ 100 പിഴ അടപ്പിച്ച് അഖിലിനെ വിട്ടയക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറു രൂപ പിഴ ഒടുക്കേണ്ട ഒരുപെറ്റി കേസില്‍ കോളജ് വിദ്യാര്‍ഥിയെ ജനമൈത്രി പൊലിസ് കൈകാര്യം ചെയ്യുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പുറത്തു വന്നിട്ടും വിദ്യാര്‍ഥിയുടെ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല.
ബൈക്കിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെ കരുനാഗപ്പള്ളി എസ് ഐ ശ്യാം യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് എസ് എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥി ആരോപിച്ചു.
കുറുമണി (വയനാട്): വെണ്ണിയോട് വലിയപുഴയിൽ ചാടിയ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചുണ്ടേൽ ആനപ്പാറ നാരായണൻകുട്ടിയുടെ മകൾ സൂര്യയുടെ(11) മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരൻ സായൂജിനായി തെരച്ചിൽ തുടരുന്നു.
നാരായണൻകുട്ടി(45), ഭാര്യ ശ്രീജ(45) എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. കുടുംബം പുഴയിൽ ചാടിയെന്ന് കരുതുന്ന ഭാഗത്തുനിന്നു ഏകദേശം 25 മീറ്റർ മാറിയാണ് നാരായണൻ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. അഗ്നിശമന സേനാംഗങ്ങളും പോലീസും കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി പ്രവർകത്തരും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്.
പുഴക്കരയിൽ പ്രദേശവാസികളിൽ ചിലർ വാനിറ്റി ബാഗ്, കുട്ടികളുടേതടക്കം നാലു ജോഡി ചെരിപ്പുകൾ, രണ്ടു കുട എന്നിവ കണ്ടതാണ് കുടുംബം പുഴയിൽ ചാടിയെന്ന സംശയത്തിനിടയാക്കിയത്. നാട്ടുകാർ ബാഗ് പരിശോധിച്ചപ്പോൾ കുടുംബത്തെ സംബന്ധിച്ച വിവരവും കുറിപ്പും ലഭിച്ചു.
തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ ചുരുളഴിയുന്നു. ഇടുക്കി സ്വദേശികളായ രണ്ട് പേരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പും മന്ത്രവാദവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെട്ട കൃഷ്ണന്റെ സഹായിയായ അനീഷാണ് കേസിലെ പ്രധാനപ്രതി. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂട്ടുപ്രതിയും ഉടന്‍ അറസ്റ്റിലാവും എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇയാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കൃഷ്ണന്റെയൊപ്പം നിന്ന് അനീഷ് രണ്ടരവര്‍ഷമായി പൂജകളും താന്ത്രികവിധികളും പഠിക്കുന്നുണ്ട്. അനീഷ് ചെയ്യുന്ന പൂജ ഫലിക്കുന്നില്ല. അനീഷിന്റെ മാന്ത്രികശക്തി കൃഷ്ണന് അപഹരിച്ചു എന്ന ധാരണയിലാണ് കൊലപാതകം. കൃഷ്ണന്റെ താളിയോലകള്‍ തട്ടിയെടുക്കാനും ശ്രമം. 300 മൂര്‍ത്തികളുടെ മാന്ത്രികശക്തിയുണ്ട് കൃഷ്ണന്. കൃഷ്ണനെ ഇല്ലാതാക്കി മാന്ത്രികശക്തി സ്വന്തമാക്കാനാണ് അനീഷ് കൊലപാതകം നടത്തിയത്. ഒപ്പം സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍. ഇതിനായി ആറുമാസം മുമ്പ് ലിബീഷിനെ കൂട്ടുപിടിച്ചു. അനീഷും ലിബീഷും തമ്മില്‍ പതിനഞ്ചുവര്‍ഷമായി പരിചയമുണ്ട്. ഇരുവരും ഉറ്റസുഹൃത്തുക്കളാണെന്ന് പൊലീസ് അറിയിച്ചു.
ആദ്യം ലിബീഷ് സമ്മതിച്ചില്ല. പിന്നീട് സഹകരിക്കുകയായിരുന്നു. ലിബീഷ് വര്‍ക്ക്ഷോപ്പ് ഉടമയാണ്. ഷോക്ക് അബ്സോര്‍ബര്‍ പൈപ്പ് കൈവശം വച്ചു. മൂലമറ്റത്ത് കൃത്യം നടത്തുന്നതിന് മുമ്പ് ചൂണ്ടയിടാന്‍ പോയി. പന്ത്രണ്ട് മണിവരെ ചൂണ്ടയിട്ടു. അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നു. പരിസരവാസികള്‍ക്ക് കൃഷ്ണനുമായി സഹകരണമില്ല.
ആടിനോട് വളരെയധികം സ്നേഹമുള്ള ആളാണ് കൃഷ്ണന്. കൃഷ്ണനെ പുറത്തേക്കിറക്കാന്‍ ആടിനെ മര്‍ദിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കൃഷ്ണന് അടുക്കളവാതില്‍ തുറന്നതും ഇവര്‍ ഷോക്ക് അബ്സോര്‍ബര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃഷ്ണന്റെ നിലവിളി കേട്ട് ഭാര്യയും വന്നു. അനീഷ് കൃഷ്ണനെ അടിച്ചു, ലിബീഷ് ഭാര്യയേയും മര്‍ദിച്ചു. അവര്‍ പേടിച്ച് അകത്തേക്ക് ഓടിയപ്പോള്‍ പുറകേ ഓടി അടിച്ചുവീഴ്ത്തി. മകള്‍ കമ്പിവടിയുമായി എത്തി അനീഷിന്റെ തലയ്ക്കടിച്ചു, തലപൊട്ടി. മകള്‍ ഒച്ചയെടുത്തപ്പോള്‍ വായ്പൊത്തി, അപ്പോള്‍ കൈയില്‍ കടിച്ചു. നഖമുള്‍പ്പടെ അടര്‍ന്നുപോയി. മകന് അല്പം മാനസികപ്രശ്നമുള്ള കുട്ടിയാണ്. പേടിച്ച് മുറിയിലേക്ക് ഓടിയപ്പോള്‍ വാക്കത്തി കൊണ്ട് മകനെവെട്ടി. മറ്റുള്ളവര്‍ക്കും വെട്ട് കൊടുത്തു. കൃഷ്ണന് അടുക്കളയുടെ പുറത്ത്, ഭാര്യ അടുക്കളയോട് ചേര്‍ന്ന മുറിയില്‍, മകള്‍ അടുക്കളയില്‍, മകന് ഉള്ളിലുള്ള മുറിയില്‍, ഈ രീതിയിലായിരുന്നു മൃതദേഹം ജൂലൈ 29ന് കിടന്നത്.
അതിന് ശേഷം മോഷണം നടത്തി. ആദ്യ ദിവസം മൃതദേഹം വീട്ടില്‍ തന്നെയാണ് കിടന്നത്. ലിബീഷിന്റെ വീട്ടിലെത്തിയ ശേഷം പ്രതികള്‍ വെങ്ങലൂര്‍ കടവില്‍ കുളിയ്ക്കാന്‍ പോയി. ലിബീഷ് നാലുമാസം മുമ്പ് വിവാഹം കഴിച്ചിരുന്നു. ഭാര്യയോട് മീന്‍പിടിക്കാന്‍ പോയെന്ന് പറഞ്ഞു. പിറ്റേദിവസമാണ് കുഴിച്ചിടാം എന്ന തീരുമാനത്തില്‍ എത്തിയത്. അന്നും പന്ത്രണ്ട് മണിയ്ക്ക് ശേഷം ആടിന്റെ കൂടിന്റെ അടിയില്‍ നിന്നും തൂമ്പയെടുത്തു.
അവിടെ ചെന്നപ്പോഴാണ് മകന് മരിച്ചിട്ടില്ലെന്ന കാര്യം തിരിച്ചറിയുന്നത്. മുന്‍വശത്ത് മകന് തലയ്ക്ക് കൈകൊടുത്തിരിക്കുകയായിരുന്നു. പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. രണ്ടുപേരും ചേര്‍ന്ന് മകന്റെ തലയില്‍ ചുറ്റികയ്ക്കടിച്ചു. മരണം ഉറപ്പിക്കാന്‍ എല്ലാവരുടെയും തലയില്‍ അടിച്ചു. വീട് വൃത്തിയാക്കി. മൃതദേഹത്തിലുള്ള എല്ലാ ആഭരണവും എടുത്തു. അതിനുശേഷമാണ് കുഴിച്ചുമൂടിയത്. പൊലീസ് പിടിക്കാതിരിക്കാന്‍ അനീഷിന്റെ വീട്ടില്‍ കോഴിവെട്ടും പൂജയും നടത്തി.
ഇന്തൊനീഷ്യയെ നടുക്കി ലോംബോക് ദ്വീപില്‍ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ സൂനാമി മുന്നറിയിപ്പും നല്കി. ജനങ്ങളോട് സമുദ്രപ്രദേശങ്ങളിൽ നിന്ന് പരമാവധി അകന്നു നിൽക്കാനും അധികൃതർ നിർദേശം നൽകി.
ലോംബോക്കിലെ പ്രധാന നഗരമായ മതറാമിലെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ ശക്തമായി കുലുങ്ങി. ഭൂമിക്കടയില്‍ 10 കിലോമീറ്ററോളം ഉള്ളിലാണ് ഭൂകമ്പത്തിന്റെ ഉറവിടം. ജൂലൈ 29ന് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഇന്തോനീഷ്യയില്‍ 17പേര് മരിച്ചിരുന്നു. സുമാത്രയിൽ 2004 ൽ ഉണ്ടായ സൂനാമിയിൽ വിവിധ രാജ്യങ്ങളിലെ രണ്ടേകാല്‍ ലക്ഷം പേർക്ക് ജീവൻ നഷ്ടമായിരുന്നു.