ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നന്ദാമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ടയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്. പ്രമുഖ നടന്‍മാരായ ജൂനിയര്‍ എന്‍ടിആര്‍, നന്ദമുരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍.
പെരിന്തൽമണ്ണ: മേലാറ്റൂരിൽ പിതൃസഹോദരൻ തട്ടിക്കൊണ്ടുപോയി പുഴയിൽ തള്ളിയ ഒൻപത് വയസുകാരനുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മേലാറ്റൂർ എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദിനെ (48) നിലന്പൂർ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദിന്റെ അനിയൻ അബ്ദുൽ സലീമിന്റെ മകനും നാലാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഷഹീനെ കണ്ടെത്താനാണ് കടലുണ്ടി പുഴയിൽ തെരച്ചിൽ ഊർജിതമാക്കിയത്. ഇന്നലെ രാവിലെ മുതൽ പുഴയിൽ വിവിധയിടങ്ങളിലായി പോലീസും ഫയർഫോഴ്സും ട്രോമ കെയർ വോളണ്ടിയർമാരുടെ കൂടി സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.
ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരൻ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഈയടുത്ത് അനിയൻ നടത്തിയ സാന്പത്തിക ഇടപാടിൽ കയ്യിൽ ധാരാളം പണമുണ്ടെന്ന ധാരണയിൽ അനിയന്റെ മകനായ മുഹമ്മദ് ഷഹിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. പിന്നീട് നാടൊട്ടുക്ക് തെരച്ചിൽ തുടങ്ങിയതോടെ പ്രതിരോധത്തിലായ പ്രതി കുട്ടിയെ പുഴയിൽ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തി സാധാരണ പോലെ പെരുമാറുകയുമായിരുന്നു. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളിൽ വരെ സജീവമായി പങ്കെടുത്തിരുന്നു.
കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയാണ് മടങ്ങിയതെന്നാണ് മുഹമ്മദ് പോലീസിനോടു നൽകിയ മൊഴി. പുഴയിലെറിയും മുൻപ് കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്ക്രീമും ഷർട്ടും വാങ്ങിനൽകുകയും ചെയ്തു. ആളെ തിരിച്ചറിയാതിരിക്കാൻ തലയിൽ ഹെൽമറ്റ് വച്ചാണ് കുട്ടിയുമായി മുഹമ്മദ് കറങ്ങിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ അറിയിച്ചു.
പ്രളയത്തിൽ മുങ്ങിയ വീടിനു സമീപം താമസിക്കുന്ന ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെളിയനാട് മുല്ലശേരിൽ ബാബുവിന്‍റെ മകൻ ബിബിൻ ബാബു(18)വിന്‍റെ മൃതദേഹമാണ് കാവാലത്തു നിന്നും കണ്ടെത്തിയത്. ചങ്ങനാശേരി എസ്ബി കോളജിലെ ബിരുദ വിദ്യാർഥിയായിരുന്നു ബിബിൻ.
വെളിയനാട് മുല്ലശേരിൽ മാത്യുവിന്‍റെ മകൻ ടിബി(26)ന് വേണ്ടി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബന്ധുക്കളായ മൂവർ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മുല്ലശേരിൽ ജിറ്റോ (32) നീന്തി രക്ഷപെട്ടിരുന്നു.
ചീരഞ്ചിറ ചന്പന്നൂർ ജോളി ജോസഫിന്‍റെ വീട്ടിലാണ് അപകടത്തിൽപെട്ടവർ ഉൾപ്പടെ മൂന്ന് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ജോളിയുടെ ഭാര്യ മോളിയുടെ സഹോദര·ാരുടെ മക്കളാണ് അപകടത്തിൽ പെട്ടത്. കാണാതായ ടിബിൻ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പ്രളയത്തിനിടെ മലപ്പുറം മേലാറ്റൂരിൽ ഒൻപതുവയസ്സുകാരനെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് ആണ് അറസ്റ്റിലായത്. കൊല സ്വർണം കൈക്കലാക്കാനാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.
മലപ്പുറം എടയാറ്റൂരില്‍നിന്ന് ഈ മാസം പതിമൂന്നിനാണ് മുഹമ്മദ് ഷഹീനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് ഷഹീനെ പുഴയില്‍തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന്‍ കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടിയുടെ പിതാവില്‍നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോയതെന്നും ആനക്കയം പാലത്തിൽ കൊണ്ടുപോയി കുട്ടിയെ താഴേക്കിടുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഷഹീനു വേണ്ടി ആനക്കയം പുഴയില്‍തിരച്ചിൽ തുടരുകയാണ്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഷെഹീനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന പ്രതി കുട്ടിയെ പുഴയിൽ തള്ളിയിട്ടു കൊല്ലുകയായിരുന്നു.
കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റർ മാറി തറവാടുവീടിനടുത്തു വെച്ചാണ് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയത്.
പശുക്കളെ നോക്കുന്നതായിരുന്നു ജയിലിൽ സൗമ്യയുടെ ചുമതല. ഇന്ന് രാവിലെ ഒമ്പതരയോടായിരുന്നു പിണറായി കൂട്ടക്കൊലയിലെ പ്രധാന പ്രതിയായ സൗമ്യയെ കണ്ണൂർ വനിതാ ജയിലിൽ കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാനസിക സംഘര്‍ഷമാവാം ഇത്തരത്തില്‍ തൂങ്ങി മരിക്കാന്‍ സൗമ്യയെ പ്രേരിപ്പിച്ചതെന്നാണ് പ്രഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
ജയില്‍ വളപ്പിലുള്ള കശുമാവിലാണ് സൗമ്യ തൂങ്ങിമരിച്ചത്. താഴ്ന്ന് നില്‍ക്കുന്ന മരക്കൊമ്പുകളില്‍ ചവിട്ടി മുകളില്‍ കയറി മരക്കൊമ്പില്‍ സാരി കെട്ടിയ ശേഷം കഴുത്തില്‍ കുരുക്കിട്ടതിന് ശേഷം താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 9.30 നാണ് സൗമ്യ തൂങ്ങി നില്‍ക്കുന്നത് ജയില്‍ വാര്‍ഡന്‍ കാണുന്നത്. ഉടന്‍ സൗമ്യയെ സാരി അറുത്ത് താഴെ ഇട്ടതിന് ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച സാരി കൈക്കലാക്കിയത് ജയിലിലെ വിശ്രമ മുറിയില്‍ നിന്നാവാം എന്നാണ് വിവരം. വിശ്രമ മുറിയില്‍ കഴിഞ്ഞ ദിവസം സൗമ്യ കയറിയതായി സഹ തടവുകാര്‍ പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ജയില്‍ വളപ്പിലെ പുല്ലു വെട്ടാനായി സൗമ്യ പോകുകയായിരുന്നു. ഈ സമയം ആ ഭാഗത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കശുമാവ് പടര്‍ന്ന് പന്തലിച്ചു കിടക്കുന്നതിനാല്‍ ചുവട്ടില്‍ നില്‍ക്കുന്നവരെ ദൂരെ നിന്നും നോക്കിയാല്‍ കാണില്ല. അതിനാലാണ് വാര്‍ഡന്മാര്‍ അറിയാതെ പോയത്. 9 മണിയോടെ ഇവിടേക്ക് പോയ സൗമ്യയെ കാണാതെ വന്നതോടെ വാര്‍ഡന്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. അടുത്തിടെയായി സൗമ്യ തനിച്ചിരുന്ന് കരയാറുണ്ടായിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്ന് രാത്രി സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നല്‍കി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി. ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി.
ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാന്‍ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീന്‍ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലര്‍ത്തി നല്‍കിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങള്‍ സൗമ്യ കാമുകന്മാരെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാല്‍ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങള്‍ ബലപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.
പിതാവ് പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (എട്ട്), കീര്‍ത്തന(ഒന്നര) എന്നിവരെയാണ് സൗമ്യ എലിവിഷം കൊടുത്തുകൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യ മൊഴി നല്‍കിയിരുന്നു.കേസിലെ ഒരേയൊരു പ്രതിയെ മതിയായ സംരക്ഷണം നല്‍കാതെ സൂക്ഷിച്ചതിന്റെ പേരില്‍ ഗുരുതരമായ വീഴ്ചയാണ് ജയില്‍ അധികൃതര്‍ വരുത്തിയിരിക്കുന്നത്.
ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ സുരക്ഷയില്ലാതെ പാര്‍പ്പിച്ചതാണ് വിമര്‍ശിക്കപ്പെടുന്നത്.ജയിലില്‍ സൗമ്യ വളരെ ശാന്ത സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും തടവുകാരുമായി പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ബന്ധുക്കളായി സഹോദരി അടക്കമുള്ളവര്‍ ഉണ്ടെങ്കിലും ജയിലില്‍ ഒരു അഭിഭാഷകന്‍ അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദര്‍ശകര്‍ ആരുമില്ലായിരുന്നു.
ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ റോഡിലേക്ക് തെറിച്ച് വീണിട്ടും ബൈക്ക് നിയന്ത്രണം തെറ്റാതെ ഓടിയത് അരകിലോമീറ്റർ. ബൈക്കിലുണ്ടായിരുന്ന ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ടാണ് ബൈക്ക് ഏവരേയും അത്ഭുതപ്പെടുത്തി അരകിലോമീറ്റർ ഓടിയത്. ഞായറാഴ്ച്ച വൈകുന്നേരം 3.30നാണ് സംഭവം നടക്കുന്നത്. ബൈക്കിന് പുറകിൽവന്ന കാറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
അമിതവേഗതയിൽ വന്ന ബൈക്ക് ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽനിന്നും ദമ്പതികൾ തെറിച്ച് റോഡിലേക്ക് വീണു. എന്നാൽ മുന്നിലിരുന്ന കുഞ്ഞിനെയും കൊണ്ട് ബൈക്ക് അമിത വേഗതയിൽ പോവുകയായിരുന്നു. തുടർന്ന് റോഡിന് നടുവിലുള്ള പുൽതകിടിൽ ഇടിച്ച് ബൈക്ക് നിൽക്കുകയും കുഞ്ഞ് തെറിച്ച് പുൽതകിടിയിൽ വീഴുകയും ചെയ്തു. പിന്നീട് പുൽതകിയിടിൽ തെറിച്ച് വീണ കുഞ്ഞിനെ ചുറ്റുമുള്ളവർ രക്ഷിക്കുകയായിരുന്നു.
അപകടത്തിൽപെട്ട കുട്ടിയെയടക്കം മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നീലമംഗല സ്വദേശികളായ ദമ്പതികളും അവരുടെ കുഞ്ഞുമായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. നീലമംഗലത്തുനിന്നും ബംഗലൂരുവിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കോട്ടയത്തെ കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 14 പ്രതികളുള്ളതില്‍ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയുമാണ് മുഖ്യആസൂത്രകരെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സഹോദരനെതിരെ ഗൂഢാലോചനയ്ക്കു പുറമെ കൊലപാതകക്കുറ്റവും ചുമത്തി. കെവിനും നീനുവും തമ്മിലുള്ള പ്രണയമാണ് ശത്രുതയ്ക്ക് കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലനടന്ന് 85–ാം ദിവസമാണ് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ 108 ജീവനുകള്‍ പൊലിഞ്ഞു. ഇന്ന് മലപ്പുറം മറ്റത്തൂര്‍ ക്യാംപില്‍ ചികില്‍സ കിട്ടാതെ സ്ത്രീ മരിച്ചു. പത്തനംതിട്ട പാണ്ടനാട് വയോധിക രക്ഷപ്പെടുന്നതിനിടെ വെള്ളത്തില്‍ വീണുമരിച്ചു. തൃശൂര്‍ ജില്ലയില്‍ 21പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലുപേരും മരിച്ചു
വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടി നാലു വീടുകളിലെ 12 പേരടക്കം തൃശൂർ ജില്ലയിൽമാത്രം 21 മരണം. മലപ്പുറം ചെറുകാവ് ഐക്കരപ്പടിക്കു സമീപം രണ്ടു വീടുകളിലേക്കു മണ്ണിടിഞ്ഞുവീണു 12 പേരും അരീക്കോട് ഓടക്കയം ആദിവാസി കോളനിയിൽ ഉരുൾപൊട്ടലിൽ ഏഴുപേരും മരിച്ചു. ഇടുക്കിയിൽ രണ്ടു ദിവസങ്ങളിലായി 24 മരണം. മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ഏഴുപേരും നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ വീടു തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട വെള്ളികുളത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാളെ കാണാതായി.സംസ്ഥാനമാകെ രണ്ടര ലക്ഷത്തിലേറെപ്പേർ ദുരിതാശ്വാസ ക്യാംപുകളിൽ. എറണാകുളം ജില്ലയിൽ മാത്രം 1.12 ലക്ഷം പേർ. പത്തനംതിട്ട ജില്ലയിൽ മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിൽ. കുട്ടനാട് കഴിഞ്ഞ മാസത്തേതിനെക്കാൾ ഗുരുതര സ്ഥിതിയിൽ. നാളേക്കുശേഷം മഴ കുറയുമെന്നു കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിലായി 87 സ്ഥലങ്ങളിൽ ഉരുൾപൊട്ടി. ആയിരങ്ങൾ വീടുകളിൽ ഒറ്റപ്പെട്ടു
പൊലീസിന്റെ അനാസ്ഥ കാരണം ഏറെ വിവാദമായി മാറിയ എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ വീണ്ടും അന്വേഷണ സംഘത്തിന് വീഴ്ച്ച. കുറ്റപത്രം സമര്‍പ്പിക്കാത്ത പൊലീസ് നടപടിയെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഒന്നാം പ്രതിയായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60), രണ്ടാം പ്രതി കുട്ടിയുടെ മാതാവ് എന്നിവര്‍ക്കാണ് പൊലീസിന്റെ വീഴച്ച കാരണം മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യില്‍ നിന്നും ജാമ്യം ലഭിച്ചത്. ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഏപ്രില്‍ 18നാണ് തിയേറ്ററിനകത്ത് പത്തുവയസ്സുകാരി പീഡനത്തിനിരയായത്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം, ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈനു നല്‍കിയിരുന്നു. 26നു തന്നെ കേസെടുക്കാനുള്ള ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ് ലൈന്‍ പൊലീസിനു കൈമാറിയെങ്കിലും പോലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. സംഭവം വിവാദമായതിനു ശേഷമാണ് പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ കുറ്റപത്രം പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം സമര്‍പ്പിക്കുന്നതിനാണ് പൊലീസ് വീഴച്ച വരുത്തിയിരിക്കുന്നത്. ഇതു പാലിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. ഈ മാസം പത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ട് 90 ദിവസം തികഞ്ഞത്. പക്ഷേ കുറ്റപത്രം അന്നു സമര്‍പ്പിക്കാതെ കൂടുതല്‍ സമയം ചോദിച്ച് പ്രോസിക്യൂഷന്‍ കോടതിയെ 10 ാം തീയതി സമീപിച്ചു. ഇതേതുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജഡ്ജി അറിയിച്ചു. 13 ാം തീയതി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പക്ഷേ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു