Crime

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കേട്ടുകേൾവിയില്ലാത്ത മോഷണശ്രമത്തിനാണ് കഴിഞ്ഞദിവസം വെസ്റ്റ് മിഡ്ലാൻഡിലെ ഒരു കുടുംബം സാക്ഷ്യം വഹിച്ചത്. ആയുധധാരികളായ 6 പേരുടെ സംഘമാണ് കവർച്ചയ്ക്കായി ഒരു കുടുംബത്തിലേയ്ക്ക് ഇരച്ചു കയറിയത്. 11 വയസ്സുള്ള ആൺകുട്ടിയുടെ തലയിൽ തോക്കും 71 വയസ്സുകാരിയായ മുത്തശ്ശിയുടെ കഴുത്തിൽ കത്തിയും വച്ചാണ് മോഷ്ടാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സെപ്റ്റംബർ 18 നാണ് സംഭവങ്ങൾ അരങ്ങേറിയത്. 11 മിനിറ്റോളം നീണ്ട കവർച്ചാ ശ്രമത്തിനുശേഷം ഒരു റോളക്സ് വാച്ചും , കാറിൻറെ താക്കോലും മറ്റ് വിലകൂടിയ ആഭരണങ്ങളുമായി പ്രതികൾ രക്ഷപ്പെടുകയാണ് ചെയ്തത്. എന്നാൽ ഈ സംഘം തന്നെ ഡ്രൈവ്വേയിൽ ഒരു മെഴ്‌സിഡസും റേഞ്ച് റോവറും മോഷണം നടത്തിയതായാണ് റിപ്പോർട്ടുകൾ . സംഭവത്തെ ഗുരുതരമായ മോഷണം എന്നാണ് വെസ്റ്റ് മിഡ്ലാൻഡ് പോലീസ് വിശേഷിപ്പിച്ചത്. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

ഇതിനിടെ തങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കവർച്ച നടത്തിയ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് വെസ്റ്റ് മിഡ്ലാൻഡിലെ കുടുംബം 20,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്തു. കവർച്ചക്കാർ കഴുത്തിന് കത്തി വച്ച് ഭീഷണിപ്പെടുത്തിയതിന് ഇരയായ 71 വയസ്സുകാരിയായ മുത്തശ്ശി ഇതുവരെ അതിൻറെ ആഘാതത്തിൽ നിന്ന് വിമുക്‌തയായിട്ടില്ല.

ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ബുധനാഴ്ചയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉജ്ജൈനി ജില്ലാ പോലീസ് മേധാവി സച്ചിന്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ധനഗ്നയായി ചോരയൊലിക്കുന്നനിലയിലാണ് 12 വയസ്സുകാരി തെരുവിലൂടെ നടന്നത്. പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ഇവരെല്ലാം കുട്ടിയെ തുറിച്ചുനോക്കുകയല്ലാതെ സഹായിക്കാന്‍ മുതിര്‍ന്നില്ല. തെരുവിലൂടെ അലഞ്ഞുനടന്ന പെണ്‍കുട്ടി ഒടുവില്‍ ഒരു ആശ്രമത്തില്‍ എത്തി. പെണ്‍കുട്ടിയെ കണ്ടപാടെ ലൈംഗികാതിക്രമം നടന്നതായി ഇവിടെയുണ്ടായിരുന്ന പുരോഹിതന് സംശയംതോന്നി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് തുണി നല്‍കിയശേഷം ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് രക്തം ആവശ്യംവന്നതോടെ പോലീസ് ഉദ്യോഗസ്ഥനാണ് രക്തം ദാനംചെയ്തതെന്നും നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.

അതിനിടെ, പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പേരും വിലാസവും ഉള്‍പ്പെടെ തിരക്കിയെങ്കിലും കുട്ടി വ്യക്തമായി ഉത്തരം നല്‍കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സംസാരശൈലി കേട്ടിട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിനിയാണെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയെ എത്രയുംവേഗത്തില്‍ പിടികൂടാനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അത് പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യു കെയിൽ സെക്സ്റ്റിംഗ് കെണിയിൽ പെടുന്ന മലയാളി യുവാക്കളുടെ എണ്ണം വർധിക്കുന്നു. ഏറ്റവും ഒടുവിലായി സോമര്‍സെറ്റിലെ ടോണ്ടനില്‍ ഉള്ള യുവാവാണ് വെട്ടിലായത്. കുട്ടിപീഡകരെ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന വളണ്ടിയര്‍ ഗ്രൂപ്പിന്റെ ഒളി ക്യാമറ ഓപ്പറേഷനിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങുന്നത്. മെസേജുകളിലൂടെ മനഃപ്പൂര്‍വം ലൈംഗിക ചുവയോടെ സംസാരിച്ചും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാന്‍ ആവശ്യപ്പെട്ട് തെളിവുകള്‍ ശേഖരിച്ചുമാണ് ഇത്തരം ഗ്രൂപ്പുകള്‍ പീഡക മനസുള്ളവരെ തേടിയെത്തുന്നത്. ഒടുവിലത്തെ നീക്കമായി പെൺകുട്ടിയെ കാണാൻ എത്തുന്ന ഇത്തരക്കാരെ കാത്തിരുന്നു കുടുക്കുകയാണ് സംഘം. തുടർന്ന് പോലീസിനടുത്തേക്കും എത്തും.

ഇക്കഴിഞ്ഞ 13 ന് ഒളിക്യാമറ സംഘത്തിന്റെ കെണിയില്‍ വീണ യുവാവ് 22 മിനിറ്റോളം സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇപ്പോൾ കസ്റ്റഡിയിലാണ്. യുകെയില്‍ എത്തി അധികമായിട്ടില്ലാത്ത യുവാവ് എന്‍എച്ച്എസില്‍ നേഴ്‌സായ യുവതിയുടെ ഭര്‍ത്താവാണ്.

ഇയാൾ നേ ഴ്സിങ് ഹോമില്‍ ജോലി ചെയ്യവേ മറ്റൊരു പരാതിയില്‍ ജോലി നഷ്ടപെട്ട ആളാണെന്നു പറയപ്പെടുന്നു. സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ യുകെ ഡാറ്റാബേസ് എന്ന സംഘത്തിലെ സ്ത്രീകള്‍ ഇയാളുടെ നീക്കങ്ങളെ പറ്റി റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതിനകം അരലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്‌റെ ബന്ധുക്കൾ വെട്ടിക്കൊന്നത് സ്വത്ത് തർക്കത്തെ തുടർന്ന്. 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അയിരൂർ കളത്തറ എം.എസ്.വില്ലയിൽ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നു രാവിലെ പത്തുമണിയോടെ ആയിരുന്നു വീട് കയറിയുള്ള ആക്രമണം. ലീനയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്സിൻ, ഷാജി എന്നിവരാണ് വീട് കയറി വെട്ടിക്കൊലപെടുത്തിയത്. പ്രതികൾ ഒളിവിലാണ്.

ലീനയുടെ ഭർത്താവ് മരിച്ചിട്ട് ഒന്നരവർഷമായി. സിയാദിന്റെ പേരിലുള്ള സ്വത്തുവകകൾ കൈക്കലാക്കാൻ സഹോദരന്മാർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കെയാണ് ആക്രമണം. ലീനയെ തുരത്തുന്നതിന്റെ ഭാഗമായി ഒന്നരമാസം മുൻപ് സിയാദിന്റെ സഹോദരൻ അഹദും കുടുംബവും ഇവരുടെ വീട്ടിൽക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടതോടെ പൊലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തുടർതർക്കമാണ് ഞായറാഴ്ച രാവിലെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് ഇടയാക്കിയത് എന്നാണ് പ്രാഥമിക വിവരം.

ഒരു വിവാഹത്തിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു ലീന അതിനിടെയാണ് ഭർത്താവിന്റെ ബന്ധുക്കൾ കമ്പിപ്പാര അടക്കം ആയുധങ്ങളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്സിൻ എന്നിവർ ചേർന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനൊപ്പം അഹദിന്റെ ഭാര്യയും ലീനയെ ആക്രമിച്ചെന്നാണ് ഇവർക്കൊപ്പം 20 വർഷമായി താമസിക്കുന്ന സരസുവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ലീനയെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോർക്ക്: അയർലണ്ടിലെ കോർക്കിന് സമീപം മലയാളി യുവതി കുത്തേറ്റുമരിച്ചു. വിൽട്ടൻ കാർഡിനൽ കോർട്ടിലെ വസതിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട്  സ്വദേശിനി ദീപ ദിനമണിയാണ് (38) കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. യുവതിയും ഭർത്താവും തമ്മിൽ തർക്കുണ്ടായെന്നും ഇതിനെ തുടർന്നാണ് കടുംകൈ എന്നുമാണ് വിവരം.

രാത്രി 10 മണിക്ക് ശേഷമാണ് എമർജൻസി സർവീസിന് വിവരം കിട്ടിയത്. അവരെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി കോർക്കിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള  ഒരുമകനുണ്ട്.

സാങ്കേതിക പരിശോധനകൾക്കായി സ്ഥലം സീൽ ചെയ്തു. പാതോളജിസ്റ്റിന്റെ ഓഫീസിൽ നിന്നുള്ള സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കോർക്ക് സർവകലാശാല ആശുപത്രിയിലേക്ക് മാറ്റി. 40 കാരനായ ഭർത്താവിനെ ടോഗാർ ഗാർഡ സ്‌റ്റേഷനിൽ ചോദ്യം ചെയ്തു വരുന്നു. വിവരം അറിഞ്ഞു എത്തിയ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ പോലീസ് തടയുകയും ചെയ്തതായി വിവരം ഉണ്ട്.  ഈ കുടുംബം മലയാളികളുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്.

യുവതിയും കുടുംബവും അയർലണ്ടിൽ ഒരുവർഷം മുമ്പാണ് എത്തിയത്.

യുകെയില്‍ അടുത്തിടെ നടന്ന സമാന സംഭവത്തില്‍ മലയാളി യുവതിയും രണ്ട് കുട്ടികളും ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. കൊല്ലം സ്വദേശിയായ സാജു ചിറമേല്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുമ്പോള്‍ ആണ് ഇപ്പോള്‍ മറ്റൊരു കൊലപാതകം അയര്‍ലണ്ടില്‍ നടന്നിരിക്കുന്നത്. മലയാളി സമൂഹത്തെക്കുറിച്ചുള്ള സ്വദേശികളുടെ വീക്ഷണത്തില്‍ കാതലായ മാറ്റം വരുത്തുവാന്‍ ഈ  സംഭവം  ഇടവരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കൈവെട്ട് കേസില്‍ വിധി.. മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി.

ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിന്, ഒളിവില്‍ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസര്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ തെളിഞ്ഞു.സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍ ഐ എ കണ്ടെത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ 130 മില്യൺ പൗണ്ട് വിലമതിക്കുന്ന കഞ്ചാവ് ചെടികൾ പോലീസ് പിടിച്ചെടുത്തു. ഇതിന് പിന്നാലെ ഏകദേശം 1,000 പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു. ജൂണിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടത്തിയ റെയ്ഡുകളിൽ 180,000-ത്തിലധികം കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഒരു മില്യൺ പൗണ്ട് വിലമതിക്കുന്ന 20 തോക്കുകളും 636,000 പൗണ്ട് പണവും 20 കിലോ കൊക്കെയ്നും റെയ്‌ഡിൽ പിടിച്ചെടുത്തു. യുകെയിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ഓപ്പറേഷനുകളിൽ ഒന്നാണ് ഇത്.

കള്ളപ്പണം വെളുപ്പിക്കൽ, ക്ലാസ് എ മയക്കുമരുന്ന് കടത്ത്, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടിത ക്രൈം സംഘങ്ങളുടെ വരുമാന സ്രോതസിനെ ലക്ഷ്യമിട്ടായിരുന്നു പൊലീസിൻെറ പ്രവർത്തനം എന്ന് അധികൃതർ വ്യക്തമാക്കി. ഹെറോയിൻ അല്ലെങ്കിൽ കൊക്കെയ്ൻ പോലുള്ള ക്ലാസ് എ ലഹരി പദാർത്ഥമല്ല കഞ്ചാവ്. എന്നാൽ ക്രിമിനൽ സംഘങ്ങളുടെ അനധികൃത വരുമാനത്തിന്റെ പ്രധാന ഉറവിടമായി ഇവ വൻ തോതിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. ക്രിമിനൽ സംഘങ്ങളുടെ പ്രധാന വരുമാന സ്രോതസ് മനസിലാക്കി ഇതിൽ ബന്ധപ്പെട്ടവരെ പിടികൂടുക എന്നതായിരുന്നു റെയ്ഡിന്റെ ലക്ഷ്യം.

രാജ്യത്തെ ക്രിമിനൽ കേസുകളുടെ എണ്ണം പൊലീസിൻെറ പുതിയ നടപടികൾ വഴി ക്രമാതീതമായി കുറഞ്ഞതായി നാഷണൽ പോലീസ് ചീഫ്‌സ് കൗൺസിൽ മേധാവി ( എൻ.പി.സി.സി) ലീഡ് സ്റ്റീവ് ജുപ്പ് പറഞ്ഞു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 43 പോലീസ് സേനകളിൽ നിന്നുള്ള 11,000 ഉദ്യോഗസ്ഥരും ദേശീയ ക്രൈം ഏജൻസിയും ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റും ജൂണിൽ മാത്രം 1,000 വാറന്റുകളാണ് പുറപ്പെടുവിച്ചത്. അറസ്റ്റിലായ 450 ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

അമ്മയെയും മുത്തശിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിൽ. മണമ്പൂർ വില്ലേജിൽ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ബേബിയെയും ഗോമതിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച വിഷ്ണു (31)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മുമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു. അമ്മയാണ് അനുജൻ്റെ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടു നിന്നതെന്ന് ആരോപിച്ചായിരുന്നു വിഷ്ണു അവരെ ആക്രമിച്ചത്. വീട്ടിൽ കടന്നുകയറി ബേബിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

ബേബിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുന്നതിനിടെ ബേബിയുടെ മാതാവ് ഗോമതി ഇടയ്ക്കു കയറി തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ വിഷ്ണു ഗോമതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് വിഷ്ണു അക്രമം മതിയാക്കിയത്.

നാട്ടുകാരെ കണ്ട് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പരിക്കേറ്റ അമ്മയും മുത്തശിയും ചികിത്സയിലാണ്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. അക്രമത്തിനിടയിൽ വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു.

പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. വളരെക്കാലമായി വിഷ്ണു തൻ്റെ വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ ഒരു പെണ്ണിനെ കൊണ്ടു വന്ന് പോറ്റാൻ നിനക്ക് കഴിയില്ലെന്ന് പറഞ്ഞ് കുടുംബക്കാർ വിഷ്ണുവിൻ്റെ ആവശ്യത്തെ നിസാരവത്കരിക്കുകയായിരുന്നു. അതിനിടയിൽ അനുജൻ വിവാഹം കഴിക്കുകയും ആ വിവാഹം വീട്ടുകാർ അംഗീകരിക്കുകയും ചെയ്തതോടെ വിഷ്ണു നിരാശയിലായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാൾ അക്രമസക്തനായി വീട്ടിൽ പെരുമാറിയത്.

വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറെ കവർച്ചക്കാർ കുത്തിക്കൊന്ന സംഭവത്തിൽ പൊലിസിന് ഗുരുതര വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ശക്തമാവുന്നു. സംഭവമറിഞ്ഞിട്ടും കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം അകലെ ലോറി ഡ്രൈവർ കണിച്ചാർ പൂളക്കുറ്റി സ്വദേശി ജിന്റോ ( 39 ) വീണു കിടക്കുന്ന സ്ഥലത്ത് പൊലിസ് എത്താൻ വൈകിയെന്നാണ് ആരോപണം. കൃത്യമായ ഇടപെടലുണ്ടായിരുന്നുവെങ്കിൽ ജിന്റോ രക്ഷപ്പെടുമായിരുന്നു.

റെയിൽവെ സ്റ്റേഷൻ കിഴക്കെ കവാടത്തിന് അഭിമുഖമായുള്ള യുദ്ധ സ്മാരകത്തിന് സമീപമാണ് തുടയിൽ മാരകമായ കുത്തേറ്റു ചോര വാർന്നൊഴുകിയ നിലയിൽ ജിന്റോ വീണു കിടന്നത്. സംഭവം നേരിൽ കണ്ട ഇതിനടുത്ത് രാത്രികാലങ്ങളിൽ ഭിക്ഷാടനത്തിനായി തമ്പടിക്കാറുള്ള ഒരു സ്ത്രി കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെത്തി ഒരാൾ റോഡരികിൽ കുത്തേറ്റു കിടക്കുന്നതായി അറിയിച്ചിരുന്നുവെങ്കിലും നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ ആട്ടിയോടിക്കുകയായിരുന്നു.

ഇതിനു ശേഷം ജിന്റോ മരണത്തോട് മല്ലിടുകയാണെന്ന് മനസിലാക്കിയ സ്ത്രീ വീണ്ടും പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും സമാനമായ അനുഭവം തന്നെ ആവർത്തിച്ചു. അപ്പോഴെക്കും ഏതാണ്ട് ഒരു മണിക്കൂറോളമായിരുന്നു. ചോര റോഡിലേക്ക് വാർന്നൊഴുകിയ ജിന്റോ ബോധരഹിതനായി മാറാൻ തുടങ്ങിയിരുന്നു. ഇതിനിടെയാണ് ട്രെയിനിറങ്ങി കിഴക്കെ കവാടത്തിലൂടെ വരികയായിരുന്ന ദമ്പതികൾ അവശ നിലയിൽ കിടക്കുന്ന ജിന്റോയെ കണ്ടത്. ഇവർ ഉടൻ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഭിക്ഷാടനം നടത്തിയ സ്ത്രീയുടെ സമാന അനുഭവം തന്നെയാണ് ഇവർക്കുമുണ്ടായത്.

എന്നാൽ ദമ്പതികൾ വിട്ടു കൊടുക്കാൻ തയ്യാറായില്ല അവർ ബഹളം വയ്ക്കുകയും ഡ്യുട്ടിയിലുണ്ടായിരുന്ന പൊലിസുകാരോട് തട്ടി കയറുകയും കമ്മിഷണർക്ക് പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് മനസില്ലാമനസോടെ പൊലിസുകാർ സംഭവസ്ഥലത്തേക്കു വരികയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. അപ്പോഴെക്കും അതീവ ഗുരുതരാവസ്ഥയിലായ ജിന്റോയുടെ ജീവൻ ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു. കണ്ണൂർ പൊലിസ് സ്റ്റേഷൻ, സായുധ പൊലിസ് ആസ്ഥാനം കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ കാര്യാലയം, സായുധ സേന ക്യാംപ് ഓഫിസ്, വനിതാ പൊലിസ് സ്റ്റേഷൻ എന്നിവയുടെ സമീപത്തു നിന്നാണ് കുത്തേറ്റു ഗുരുതരാവസ്ഥയിലായ ഒരു യുവാവ് പിടഞ്ഞുമരിച്ചതെന്ന കാര്യം ഗൗരവകരമായി ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

 

കാസർകോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യ മുൻപും ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തൽ. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചു.

മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയായിരുന്നു കാസർകോട് സ്വദേശി വിദ്യ കെ. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി.

മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അട്ടപ്പാടി പൊലീസിന് കൈമാറും. ഇതിന് പിന്നാലെയാണ് വിദ്യ മുൻപ് ജോലി ചെയ്ത കരിന്തളം ഗവൺമെന്റ് കോളേജിലും അന്വേഷണം നടന്നത്. ഇവിടെയും വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായതോടെ വിദ്യക്കെതിരെ കൂടുതൽ ശക്തമായ അന്വേഷണം വരും. അതേസമയം വിദ്യയെ അറിയാമെന്നും എന്നാൽ വ്യാജരേഖ ചമച്ചതിൽ പങ്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved