ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെയാണ് ശാലിനി വീട്ടില്‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്.
പ്രസവ ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും രണ്ടു കുട്ടികള്‍ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.
വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌കറ്റ് ബോള്‍ ദേശീയ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്.
താരം തൃശൂരില്‍ നിന്നാണ് കോയമ്പത്തൂരിലേക്ക് പോകാന്‍ ബസില്‍ കയറിയതെന്നാണ് വിവരം. രോഹിതിന്റെ മൃതദേഹം ആലത്തൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
അതേസമയം, അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര ക്രമക്കേടുകള്‍ ഇല്ലെന്ന് കോട്ടയം ആര്‍ടിഒ അറിയിച്ചു. ഈ ബസിനെതിരെ ആകെയുള്ളത് നാല് കേസുകളാണ്. ലൈറ്റുകള്‍ അമിതമായി ഉപയോഗിച്ചതിന് ആണ് മൂന്ന് കേസുകള്‍. മറ്റൊരു തവണ തെറ്റായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനാണ്. ഒരു കേസില്‍ പിഴ അടക്കാത്തത് മൂലമാണ് ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.
2023 സെപ്റ്റംബര്‍ 18 വരെ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ആര്‍ടിഒ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്, ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമവിരുദ്ധമായി കളര്‍ ലൈറ്റുകള്‍ മുന്നിലും അകത്തും സ്ഥാപിച്ചു. നിയമവിരുദ്ധമായി എയര്‍ ഹോണ്‍ സ്ഥാപിച്ചു. കൂടാതെ നിയമലംഘനം നടത്തി വാഹനമോടിച്ചെന്നും ഈ വാഹനത്തിനെതിരെ കേസ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
അമിത വേഗതയിലായിരുന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാന്‍ കോട്ടയം ആര്‍ടിഒ നടപടി ആരംഭിച്ചു. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആര്‍സി ഉടമ അരുണിനെ ആര്‍ ടി ഒ വിളിച്ചു വരുത്തും.
തിരുവനന്തപുരത്ത് നിന്നും പത്തൊമ്പതുകാരിയെ കാണാതായതായി പരാതി. പോത്തൻകോട് സ്വദേശിനി സുആദ(19)യെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. തിരുവനന്തപുരം എം ജി കോളേജിലെ ഒന്നാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർഥിനിയാണ് സുആദ.കഴിഞ്ഞ മാസം 30-നാണ് തിരുവനന്തപുരത്ത് നിന്നും സുആദയെ കാണാതാകുന്നത്. സുആദയുടെ ബന്ധുക്കൾ പോത്തൻകോട് പോലീസിലും റൂറൽ എസ്പിക്കും പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കാണാതായ ദിവസം സുആദ ട്യൂഷനെടുത്തിരുന്ന സ്ഥാപനത്തിലേക്കാണ് വീട്ടിൽ നിന്ന് പോയത്. തിരിച്ചുവരാതായതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കന്യാകുളങ്ങരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുളള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ സുആദ കയറി പോയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.
അതിനുശേഷം മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല.കന്യാകുളങ്ങരയിലെ ഒരു കടയിൽനിന്ന് സുആദ 100 രൂപ കടം വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. സുആദയുടെ മൊബെെൽ ഫോൺ വീട്ടിൽ നിന്ന് ലഭിച്ചു. അതേസമയം വസ്ത്രങ്ങളടങ്ങിയ ബാഗ് വീട്ടിൽ നിന്നും കൊണ്ടുപോയി എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുട്ടിയുൾപ്പെടെ നാലംഗ കുടുംബത്തെ ബുധനാഴ്ച കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാർങ്കെ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇവരെ കാണാതായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ 48കാരനായ ജീസസ് സൽഗാഡോയെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.
പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശികളായ കുടുംബത്തെ തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിലെ സ്വന്തം ഗ്യാസ് സ്റ്റേഷനിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗ്യാസ് സ്റ്റേഷൻ. 8 മാസം പ്രായമുള്ള അരൂഹി ധേരി, 27 കാരിയായ അമ്മ ജസ്‌ലീൻ കൗർ, 36 കാരനായ അച്ഛൻ ജസ്ദീപ് സിംഗ്, 39 കാരനായ അമ്മാവൻ അമൻദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.
കുടുംബാംഗങ്ങളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം തിങ്കളാഴ്ച വൈകിയാണ് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാർഡുകളിലൊന്ന് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടന്നത്.
തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സ്ഥലമാണ്. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചങ്ങനാശേരി കൊലപാതകത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ അറസ്റ്റില്‍. മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും പിടികൂടിയ പ്രതികളെ ഉടനെ തന്നെ ചങ്ങനാശേരിയിലെത്തിക്കും.യുവാവിനെ കൊന്ന് വീടിന്റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ മുഖ്യ പ്രതിയായ മുത്തുകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബിനോയ്, ബിപിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയനു ശേഷമാണ് മുത്തുകുമാര്‍ കൊല നടത്തിയിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതക ശേഷം ബിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ബെംഗുളുരിവിലേക്ക് കടന്നെന്ന സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. പിന്നാലെ കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിത്.
കൊല്ലപ്പെട്ട ബിന്ദുമോന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തുകുമാറിന് സംശയമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ബിന്ദുമോനെ വീട്ടിലേക്ക് വിളുച്ചുവരുത്തി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് കൊല നടത്തിയെന്നാണ് വിവരം. തറ തുരന്ന് മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടില്‍ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികള്‍ സഹായിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
വടക്കഞ്ചേരി അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജോജോ പത്രോസ് എന്ന പേരിലായിരുന്നു ഇയാള്‍ ചികിത്സ തേടിയത്. പുലര്‍ച്ചെ ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
ലൂമിനസ് ബസിലെ ഡ്രൈവര്‍ ജോമോന്‍ എന്ന ജോജോ പത്രോസിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അപകടത്തിന് ശേഷം വടക്കഞ്ചേരി ഇ കെ നായനാര്‍ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സ തേടിയത്. പുലര്‍ച്ചെ മൂന്നരയോടെ പൊലീസുകാരനാണ് ഇയാളെ കൊണ്ടുവന്നത്. കയ്യിലും കാലിലും ചെറിയ രീതിയിലുള്ള പരുക്കാണ് ഇയാള്‍ക്കുണ്ടായിരുത്.
ആദ്യം അധ്യാപകന്‍ എന്നായിരുന്നു ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഇയാള്‍ പോയത്. ബസിന്റെ ഡ്രൈവര്‍ എന്നാണ് ഇവര്‍ പറഞ്ഞതെന്നും ആശുപത്രിയിലെ നഴ്‌സ് പറയുന്നു.
ബസ് ഊട്ടിയിലേക്കുള്ള യാത്രയ്‌ക്കെത്തിയത് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞയുടനെന്ന് ആരോപണം. ഡ്രൈവര്‍ ക്ഷീണിതനായിരുന്നെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പ്രതികരിച്ചു.’വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്ര പുറപ്പെട്ടത്. ഡ്രൈവര്‍ നന്നായി വിയര്‍ത്തുകുളിച്ച് ക്ഷീണിതനായിരുന്നു. രാത്രിയാണ് സൂക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ കുഴപ്പമൊന്നുമില്ല ഞാന്‍ വളരെ പരിചയ സമ്പന്നനായ ഡ്രൈവര്‍ ആണെന്നായിരുന്നു അയാളുടെ മറുപടി’, അപകടത്തില്‍പ്പെട്ട കുട്ടിയുടെ മാതാവ് പറഞ്ഞു.
5.30ന് സ്‌കൂള്‍ പരിസരത്ത് എത്തുമെന്ന് അറിയിച്ച ബസ് സ്ഥലത്തെത്തിയത് തന്നെ ഏറെ വൈകിയാണ്. തുടര്‍ന്ന് 6.45 ഓടെ ഊട്ടിയാത്ര ആരംഭിക്കുകയായിരുന്നു.യാത്ര പുറപ്പെട്ടത് മുതല്‍ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികളും പ്രതികരിച്ചു. ബസിന് വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പരിചയ സമ്പന്നയായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടി. എണ്‍പത് കിലോമീറ്റര്‍ വേഗതയിലാണ് ബസ് ഓടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.
അപകടത്തില്‍ അന്വഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. റോഡിലെ നിയമലംഘനങ്ങല്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.
അപകടത്തില്‍ മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിവില്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷ്യന്‍ കൊല്ലം സ്വദേശി അജയകുമാര്‍ (55) ഭാര്യ ലിനി (50) എന്നിവരാണ് മരിച്ചത്.ഇവരുടെ 13 വയസുള്ള മകനെ പരുക്കകളോടെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
മകനെയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അജയകുമാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകന്‍ പിന്നിലെ വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നേരത്തെ നടന്ന അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സും മറ്റ് മൂന്ന് കാറുകളും റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ ഇടയിലേക്കാണ് അമിതവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചുകയറിയത്. അഞ്ച് പേരും തല്‍ക്ഷണം മരിച്ചു.
ബാന്ദ്ര- വോര്‍ലി പാതയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ കയറ്റി ആംബുലന്‍സ് പുറപ്പെടാനിരിക്കെയാണ് അമിതവേഗതയില്‍ വന്ന മറ്റൊരു കാര്‍ ഇവിടേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
#WATCH | Five people were killed and 10 others injured after a speeding car rammed into three other cars, and an ambulance on #Mumbai’s Bandra Worli Sea Link. The accident took place around 4 AM on Wednesday. pic.twitter.com/vKEEoDki4y
— Subodh Kumar (@kumarsubodh_) October 5, 2022
ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് കഫ് സിറപ്പുകൾ ഗാംബിയയിലെ കുട്ടികളിൽ ഗുരുതരമായ വൃക്ക തകരാറുകൾക്ക് ഇടയാക്കിയതായും ഇത് മൂലം 66 കുട്ടികൾ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു.
‘ഗാംബിയയിൽ കണ്ടെത്തിയ നാല് മലിനമായ മരുന്നുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവ ഗുരുതരമായ വൃക്ക തകരാറുകൾക്കും കുട്ടികൾക്കിടയിൽ 66 മരണങ്ങൾക്കും കാരണമായി. ഈ യുവജനങ്ങളുടെ നഷ്ടം അവരുടെ കുടുംബങ്ങൾക്ക് ഹൃദയഭേദകമാണ്,’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ഉദ്ധരിച്ച് ആഗോള ആരോഗ്യ സംഘടന വ്യക്തമാക്കി.
‘ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന ചുമ, ജലദോഷ സിറപ്പുകളാണ് നാല് മരുന്നുകളും. ലോകാരോഗ്യ സംഘടന ഇന്ത്യയിലെ കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും കൂടുതൽ അന്വേഷണം നടത്തിവരികയാണ്,’ ആഗോള ആരോഗ്യ സംഘടന അറിയിച്ചു. അതേസമയം സംഭവത്തോട് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പ്രതികരിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്കൂളിൽ നിന്നുള്ള അവധിക്കാല വിനോദയാത്രയ്ക്കിടെ ഫ്രഞ്ച് തടാകത്തിൽ 2015 ജൂലൈയിൽ മുങ്ങി മരിച്ച ജെസ്സിക്ക ലോസണിന്റെ മരണത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് വിചാരണ നേരിടുന്ന മൂന്ന് അധ്യാപകരുടെ വാദം ഫ്രഞ്ച് കോടതി കേട്ടു. അന്നത്തെ യാത്രയുടെ നേതൃത്വം വഹിച്ചിരുന്ന സ്റ്റീവൻ ലെയ്ൻ, ചാന്റൽ ലൂയിസ്, ഡെയ്‌സി സ്റ്റാതേഴ്‌സ് എന്നിവരാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് വിചാരണ നേരിടുന്നത്. ഹള്ളിനടുത്തുള്ള വില്ലർബിയിലെ വോൾഫ്രെട്ടൺ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്ന ജെസ്സിക്ക ലിമോജസ് നഗരത്തിനടുത്തുള്ള തടാകത്തിൽ ഒരു പൊണ്ടൂൺ മറിഞ്ഞതിനെ തുടർന്ന് മരണപ്പെട്ടത്. പോണ്ടൂൺ വളരെ സുരക്ഷിതമാണെന്നാണ് താൻ കരുതിയതെന്ന് ലേയ്ൻ കോടതിയിൽ പറഞ്ഞു. ഫ്രഞ്ച് പട്ടണമായ ടുലെയിലെ പാലൈസ് ഡി ജസ്റ്റിസിലാണ് ഇവരുടെ വിചാരണ നടന്നത്. സ്‌കൂളിൽ നിന്നോ അധ്യാപകരിൽ നിന്നോ യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്നും, വിചാരണ വേളയിൽ അധ്യാപകർക്ക് ബഹുമാനവും സത്യസന്ധതയും ഉണ്ടായിരിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ ബ്രെൻഡ ലോസൺ കോടതിയിൽ വ്യക്തമാക്കി. മകളുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ യഥാർത്ഥ അവസ്ഥ വിചാരണയ്ക്കിടെ മാത്രമാണ് തനിക്ക് മനസ്സിലായതെന്നും ഏഴ് വർഷമായി സ്‌കൂളോ അധ്യാപകരോ തനിക്ക് ഒരു വിശദീകരണം പോലും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
മൂന്ന് അധ്യാപകർക്കും ലൈഫ് ഗാർഡ് ലിയോ ലെമയറിനും മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് താൻ ശുപാർശ ചെയ്യുന്നതെന്ന് തന്റെ പ്രസ്താവനയിൽ പ്രോസിക്യൂട്ടർ മിറിയം സോറിയ ടുള്ളിലെ അധികാരപരിധി തലവനായ മേരി-സോഫി വാഗെറ്റിനോട് അറിയിച്ചു. ജെസീക്കയുടെ മരണത്തിൽ പങ്കുവഹിച്ചതിന് ലിജിനിയാക് പട്ടണത്തിലെ പ്രാദേശിക അധികാരികൾക്ക് 45,000 യൂറോ പിഴ ചുമത്തണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
കുട്ടികളെ നിരീക്ഷിക്കുന്നതിനുള്ള അശ്രദ്ധമൂലം നീന്തലിനിടെ ജെസീക്ക എവിടെയാണെന്ന് അധ്യാപികമാർക്കൊന്നും തന്നെ കാണാനായില്ലെന്നും സോറിയ പറഞ്ഞു. 2015 ജൂലൈ 21 ന് ഫ്രാൻസിലേക്കുള്ള അഞ്ച് ദിവസത്തെ സ്കൂൾ യാത്രയ്ക്കിടെ തടാകത്തിൽ മുങ്ങിമരിക്കുമ്പോൾ ഹളിലെ വോൾഫ്രെട്ടൺ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അന്ന് 12 വയസ്സുള്ള ജെസീക്ക ലോസൺ. അധ്യാപകർക്ക് ആവശ്യമായ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ അവസാനമായി ആവശ്യപ്പെട്ടത്.