Crime

തായ്‌ലൻഡിലെ ഡേ കെയർ സെന്ററിൽ കൂട്ടക്കൊല നടത്തിയ പ്രതി കൃത്യത്തിന് ശേഷം കുടുംബത്തേയും വെടിവച്ച് കൊന്നു. തുടർന്ന് സ്വയം വെടിയുതിർത്ത് മരിച്ചു. കൂട്ടക്കൊല നടത്തിയ ശേഷം വീട്ടിലെത്തിയാണ് ഇയാൾ കുടുംബത്തെ വെടിവച്ച് കൊന്നത്. ലാംഫു പ്രവിശ്യയിലെ നോങ് ബുവയിലെ ഉതായ് സവാൻ ഡേ കെയറിൽ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.

ചിരിതൂകി അമ്മയുടെ കയ്യിലിരുന്ന നോങ് ആമിന്, താൻ അതിജീവിച്ച ദുരന്തത്തെക്കുറിച്ചു മനസ്സിലായിട്ടില്ല. തായ്‍ലൻഡിലെ ഉത്തായ സവാനിലെ ഡേ കെയറിൽ ഉച്ചഭക്ഷണം കഴിഞ്ഞു മൂടിപ്പുതച്ചുറങ്ങിപ്പോയതുകൊണ്ടുമാത്രം മൂന്നു വയസ്സുകാരിയായ നോങ് ആമിനെ മരണം തൊടാതെ പോയി.

കഴിഞ്ഞ ദിവസം 24 കുട്ടികൾ ഉൾപ്പെടെ 37 പേരെയാണു ഡേ കെയറിൽ അതിക്രമിച്ചുകയറിയ അക്രമി വെടിവച്ചുകൊന്നത്. ആമിയുടെ അപ്പൂപ്പൻ ഓടിക്കിതച്ചെത്തിയപ്പോൾ, അധ്യാപികയുടെ കയ്യിൽ സുരക്ഷിതയായിരിക്കുന്ന കുഞ്ഞിനെ കണ്ടു. കൂട്ടുകാരുടെ മൃതദേഹങ്ങൾ നിറഞ്ഞ മുറിയിലെ കാഴ്ച കാണാതിരിക്കാൻ അവളുടെ മുഖം അവർ മറച്ചുപിടിച്ചു.

കുട്ടികളും മുതിർന്നവരുമടക്കം 34 പേരാണ് വെടിവയ്പിൽ ദാരുണമായി കൊല്ലപ്പെട്ടത്. മുൻ പൊലീസുകാരനായ പന്യ കാംരാബ് ആണ് കൊലയാളി. മയക്കുമരുന്ന് ഉപയോഗിച്ചതിന് സർവീസിൽ നിന്ന് കഴിഞ്ഞവർഷം പിരിച്ചുവിടപ്പെട്ടയാളാണ് പ്രതി. മയക്കുമരുന്ന് കേസിൽ വിചാരണ നേരിടുന്ന 34കാരനായ ഇയാൾ വെടിവയ്പ്പിന് മണിക്കൂറുകൾക്ക് മുമ്പ് കോടതിയിൽ ഹാജരായിരുന്നെന്ന് പൊലീസ് വക്താവ് പൈസാൽ ലൂസോംബൂൺ പറഞ്ഞു.

ഉച്ചയ്ക്ക് ഇയാൾ തോക്ക്, പിസ്റ്റൾ, കത്തി എന്നിവയുമായി നഴ്‌സറിയിലേക്ക് ഇരച്ചുകയറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വെടിവയ്പ്പിന് ഇരയായവരിൽ രണ്ട് വയസായ കുട്ടിയും എട്ട് മാസം ഗർഭിണിയായ അധ്യാപികയും ഉൾപ്പെടുന്നതായി പ്രാദേശിക പാെലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് അക്രമി എത്തുമ്പോൾ 30 ഓളം കുട്ടികൾ കേന്ദ്രത്തിലുണ്ടായിരുന്നതായി ജില്ലാ ഉദ്യോഗസ്ഥൻ ജിദാപ ബൂൺസം വ്യക്തമാക്കി.

മേഖലയിലെ മറ്റ് ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്നവരുടെ നിരക്ക് കൂടുതലാണ്. 2020ൽ സ്വത്ത് ഇടപാടിൽ ക്ഷുഭിതനായ ഒരു സൈനികൻ 29 പേരെ വെടിവച്ചു കൊല്ലുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

മറയൂര്‍ പെരിയകുടിയിൽ കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കൊലപാതകം നടന്ന രമേശിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി സുരേഷിനെ റിമാ‍ന്‍റു ചെയ്തു.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീര്‍ത്തമല കുടിയിലെ രമേശ് കൊല്ലപ്പെടുന്നത്. വാർപ്പ് ജോലിക്കുപയോഗിക്കുന്ന കമ്പി തലയില്‍ കുത്തിയിറക്കിയായിരുന്നു കൊലപാതകം. കൂടെ താമസിച്ചിരുന്ന പിതൃസഹോദരി പുത്രന്‍ സുരേഷ് പിന്നാലെ പിടിയിലായി. രമേശിനെ കൊലപ്പെടുത്തിയ വിവരം

പിതാവിനോടും വനംവാച്ചറോടും സുരേഷ് പറഞ്ഞിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഒളിവില്‍ പോയ ഇയാളെ ചനന്ദകാടിനുള്ളില്‍ വെച്ചാണ് പിടികൂടുന്നത്. കൊലപാതകം നടന്ന തീര്‍ത്തമല കുടിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സുരേഷ് മൊഴി നല്‍കി. കൊലപാതകത്തിനുപയോഗിച്ച കമ്പി കഷ്ണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റുചെയ്തു.

കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ദീപ്തിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറി.

സമീപത്തുനിന്നു ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. വടകര മോഡല്‍ പോളി വിദ്യാര്‍ഥിനിയാണ് ദീപ്തി. സഹോദരൻ ദീപക്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി

വാഹനത്തിന് കുറുകെ പശു ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിലാണ് സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണ പ്രജിത്ത് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

അപകടത്തില്‍പ്പെട്ട പശുവും ചത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ബൈക്കിടിച്ച് വീണ പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തിക്കയറിയതാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചത്. വീട്ടാമ്പാറ- പനമണ്ണ റോഡിലായിരുന്നു അപകടം.

പ്രജിത്തിന്റെ ബൈക്ക്, ഉടമകള്‍ മേച്ചു കൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിടിച്ച പശുവും വീണു. തെറിച്ചുവീണ യുവാവിന്റെ നൈഞ്ചില്‍ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറുകയായിരുന്നു.

കൃഷ്ണപ്രജിത്തിനെ ഉടന്‍ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വളളുവനാട് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.

ആലപ്പുഴയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ശ്രീരാജാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കായംകുളം താലൂക്ക് ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ആണ് ശ്രീരാജ് കായംകുളം ചിറക്കടവം സ്വദേശിയാണ് ഇദ്ദേഹം.

ശ്രീരാജിന്റെ അമ്മ ഈ അടുത്തിടെയാണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ശ്രീരാജ് ജീവനൊടുക്കിയതെന്ന് വിവരം.

മാതാപിതാക്കളുടെ പണവും സ്വര്‍ണവും മോഷ്ടിച്ചു റമ്മി കളിച്ചതു പിടിക്കപ്പെട്ടതിനു പിറകെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ഓടുന്ന ട്രെയിനില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി മണപ്പാറ റയില്‍വേ സ്റ്റേഷനു സമീപം ബുധനാഴ്ച പുലര്‍ച്ചെയാണു സംഭവം. മണപ്പാറയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി സ്വദേശി ആത്മഹത്യയെ കുറിച്ചു വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിനുശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടി മരിച്ചത്.

മണപ്പാറയിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി മലയാണ്ടിപ്പെട്ടി സ്വദേശി ആര്‍. സന്തോഷിനെ ഇന്നലെ രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളി–മധുര റയില്‍വേ ലൈനില്‍ മണപ്പാറ സ്റ്റേഷനു സമീപമാണു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്നു റയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായതിന്റെ മനോവിഷമത്തിലുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചത്. ആറുമാസങ്ങളായി സന്തോഷ് ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായിരുന്നു. വീട്ടില്‍ നിന്നു മോഷ്ടിച്ചായിരുന്നു ഇയാള്‍ കളിക്കാന്‍ പൈസ കണ്ടെത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ഇയാളുടെ അമ്മയുടെ സ്വര്‍ണമോതിരം കാണാതായി. പണം മോഷ്ടിച്ചു റമ്മി കളിക്കുന്ന സ്വഭാവമുള്ളതിനാല്‍ മാതാപിതാക്കള്‍ സന്തോഷിനെ ഫോണില്‍ വിളിച്ച് കാര്യം തിരക്കി. മോതിരം കൈവശമുണ്ടെന്നും ഉടന്‍ വീട്ടിലേക്കു വരുമെന്നും ഇയാള്‍ അറിയിച്ചു. ഇതിനുശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പൊലീസില്‍ പരാതി നല്‍കി തിരച്ചില്‍ നടത്തുന്നതിനിടെയാണു മണപ്പാറ റയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്തിയത്. മരിക്കാന്‍ പോകുകായണെന്നു ബുധനാഴ്ച രാത്രി ഇയാള്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. മരണത്തിന് ഉത്തരവാദി ഓണ്‍ലൈന്‍ റമ്മിയാണന്നും ധാരാളം പണം റമ്മി കളിച്ചു നഷ്ടമായെന്നും ആയിരുന്നു സ്റ്റാറ്റസ്. ഇതിനു ശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടിയെന്നാണു സൂചന. മണപ്പാറ റയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കോഴിക്കോട് എന്‍ഐടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ ഞെട്ടല്‍. മുക്കത്തെ എന്‍ഐടി സിവില്‍ എന്‍ജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ അജയകുമാര്‍ (55) ആണ് ഭാര്യ ലിനി (45)യെ കൊലപ്പെടുത്തി തീ കൊളുത്തി മരിച്ചത്. അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ മകന്‍ ആര്‍ജിത്ത് (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് എന്‍ഐ.ിയിലെ ജി-29 എ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു നടുക്കിയ സംഭവമുണ്ടായത്. പുലര്‍ച്ചെ അമ്മയുടെ കരച്ചിലും ഞെരക്കവും കേട്ട് ഉണര്‍ന്നപ്പോള്‍ അച്ഛന്‍ തലയണകൊണ്ട് അമ്മയുടെ മുഖം പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുന്നതാണ് കണ്ടതെന്ന് ആര്‍ജിത്ത് പോലീസിന് മൊഴി നല്‍കി.

മകന്‍ ഉണര്‍ന്നതോടെ അജയകുമാര്‍ സമാനരീതിയില്‍ മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശ്വാസം പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ മരിച്ചെന്നു കരുതി അജയകുമാര്‍ അടുക്കളയില്‍ പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ മകന്‍ നിലവിളിച്ച് വീടിന് പുറത്തേക്കോടി.ഈ ശബ്ദം കേട്ട് ഉണര്‍ന്ന സമീപത്തെ താമസക്കാരാണ് വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ടത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സിലെ സെക്യുരിറ്റി ജീവനക്കാരെയും മുക്കം അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.

മുക്കത്ത് നിന്നും അഗ്‌നിരക്ഷാ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്റെയും എം.സി. മനോജിന്റെയും നേതൃത്വത്തിലെത്തിയ സംഘം ഏറെ പരിശ്രമത്തിന് ഒടുവില്‍ വീട്ടിലെ തീയണച്ച് അജയകുമാറിനെയും ലിനിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.കോട്ടയത്ത് ബിആര്‍ക്കിന് പഠിക്കുകയാണ് ഇവരുടെ മകള്‍ അഞ്ജന. പൂജ അവധികഴിഞ്ഞ് ബുധനാഴ്ചയാണ് പെണ്‍കുട്ടി കോളേജിലേക്ക് മടങ്ങിയത്.

22 വര്‍ഷമായി ഇവര്‍ ഈ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം.അസി. കമ്മിഷണര്‍ സുദര്‍ശന്‍, കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മല്‍, എസ്.ഐമാരായ അഷ്റഫ്, വിപിന്‍ ഫ്രെഡി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹപരിശോധനയ്ക്ക് ശേഷം ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.

ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.

ഇന്നലെയാണ് ശാലിനി വീട്ടില്‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്.

പ്രസവ ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും രണ്ടു കുട്ടികള്‍ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌കറ്റ് ബോള്‍ ദേശീയ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്.

താരം തൃശൂരില്‍ നിന്നാണ് കോയമ്പത്തൂരിലേക്ക് പോകാന്‍ ബസില്‍ കയറിയതെന്നാണ് വിവരം. രോഹിതിന്റെ മൃതദേഹം ആലത്തൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

അതേസമയം, അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര ക്രമക്കേടുകള്‍ ഇല്ലെന്ന് കോട്ടയം ആര്‍ടിഒ അറിയിച്ചു. ഈ ബസിനെതിരെ ആകെയുള്ളത് നാല് കേസുകളാണ്. ലൈറ്റുകള്‍ അമിതമായി ഉപയോഗിച്ചതിന് ആണ് മൂന്ന് കേസുകള്‍. മറ്റൊരു തവണ തെറ്റായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനാണ്. ഒരു കേസില്‍ പിഴ അടക്കാത്തത് മൂലമാണ് ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.

2023 സെപ്റ്റംബര്‍ 18 വരെ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ആര്‍ടിഒ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്, ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമവിരുദ്ധമായി കളര്‍ ലൈറ്റുകള്‍ മുന്നിലും അകത്തും സ്ഥാപിച്ചു. നിയമവിരുദ്ധമായി എയര്‍ ഹോണ്‍ സ്ഥാപിച്ചു. കൂടാതെ നിയമലംഘനം നടത്തി വാഹനമോടിച്ചെന്നും ഈ വാഹനത്തിനെതിരെ കേസ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

അമിത വേഗതയിലായിരുന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാന്‍ കോട്ടയം ആര്‍ടിഒ നടപടി ആരംഭിച്ചു. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആര്‍സി ഉടമ അരുണിനെ ആര്‍ ടി ഒ വിളിച്ചു വരുത്തും.

തിരുവനന്തപുരത്ത് നിന്നും പത്തൊമ്പതുകാരിയെ കാണാതായതായി പരാതി. പോത്തൻകോട്‌ സ്വദേശിനി സുആദ(19)യെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. തിരുവനന്തപുരം എം ജി കോളേജിലെ ഒന്നാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർഥിനിയാണ് സുആദ.കഴിഞ്ഞ മാസം 30-നാണ് തിരുവനന്തപുരത്ത് നിന്നും സുആദയെ കാണാതാകുന്നത്. സുആദയുടെ ബന്ധുക്കൾ പോത്തൻകോട് പോലീസിലും റൂറൽ എസ്പിക്കും പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കാണാതായ ദിവസം സുആദ ട്യൂഷനെടുത്തിരുന്ന സ്ഥാപനത്തിലേക്കാണ് വീട്ടിൽ നിന്ന് പോയത്. തിരിച്ചുവരാതായതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കന്യാകുളങ്ങരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുളള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ സുആദ കയറി പോയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

അതിനുശേഷം മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല.കന്യാകുളങ്ങരയിലെ ഒരു കടയിൽനിന്ന് സുആദ 100 രൂപ കടം വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. സുആദയുടെ മൊബെെൽ ഫോൺ വീട്ടിൽ നിന്ന് ലഭിച്ചു. അതേസമയം വസ്ത്രങ്ങളടങ്ങിയ ബാഗ് വീട്ടിൽ നിന്നും കൊണ്ടുപോയി എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved