ഉത്തരാഖണ്ഡില്‍ ക്രൂര കൊലപാതകത്തിന് ഇരയായ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്‌കാരം നടത്തി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ അങ്കിതയുടെ കുടുംബം സമ്മതിച്ചത്.
ബിജെപി മുന്‍ നേതാവിന്റെ മകന്‍ മുഖ്യപ്രതിയായ കേസില്‍ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പൂര്‍ണമായി അറിയിക്കാമെന്നും അന്വേഷണം കുറ്റമതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബം സംസ്‌കാരത്തിന് സമ്മതിച്ചത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണോ എന്നതിന് മറുപടി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സമ്പൂര്‍ണവിവരം, പ്രതികള്‍ക്ക് വധശിക്ഷ എന്നിവയായിരുന്നു കുടുംബത്തിന്റെ ആവശ്യം. പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച പൂര്‍ത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം തയാറായിരുന്നില്ല. ഒടുവില്‍ ജില്ലാ മജിസ്‌ട്രേട്ടുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബം തന്നെ പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുടുംബത്തിന്റെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു പ്രതിഷേധം കടുപ്പിച്ച നാട്ടുകാര്‍ ബദരിനാഥ് ഋഷികേശ് ദേശീയപാത മണിക്കൂറുകളോളം നാട്ടുകാര്‍ ഉപരോധിച്ചു.
റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാന്‍ അങ്കിതയെ പ്രതി പുല്‍കിത് ആര്യ നിര്‍ബന്ധിച്ചതിന് പുറമെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. ഇക്കാര്യം വെളിപ്പെടുത്തിയുള്ള സുഹൃത്തുമായുള്ള വാട്‌സാപ് സന്ദേശം പുറത്തുവന്നിരുന്നു. ദാരിദ്ര്യമുണ്ടെങ്കിലും തന്നെ 10000 രൂപയ്ക്ക് വില്‍ക്കില്ലെന്നായിരുന്നു അങ്കിതയുടെ സന്ദേശം.
തലസ്ഥാനത്ത് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ 39 വയസുള്ള രാജ്‌മോഹനാണ് മരിച്ചത്.
കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫ്രീലാന്‍സ് വീഡിയോ ഗ്രാഫറായിരുന്നു രാജ്‌മോഹന്‍.
ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഭാര്യ വീട്ടില്‍വച്ച് ബന്ധുക്കളുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീടിന്റെ വാതിലുകള്‍ കുറ്റിയിട്ട ശേഷം ആത്മഹത്യ ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം പാപ്പനംകോട്ടെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓണ്‍ ചെയ്ത് രാജ്‌മോഹന്‍ ആത്മഹത്യ ചെയ്തത്. മദ്യ ലഹരിയിലായിരുന്ന രാജ്‌മോഹന്‍ ലൈവിനിടെ മദ്യപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഓട്ടോ ഓടിച്ചും ഫ്രീലാന്‍സ് വീഡിയോഗ്രഫി ചെയ്തും കഴിയുകയായിരുന്നു രാജ്‌മോഹന്‍. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്.
ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഓട്ടോ ഡ്രൈവറായ യുവാവ്. ഓട്ടോഡ്രൈവര്‍ വിനോദ് കുമാറിന്റെ ഭാര്യയും സുഹൃത്തും കൊലപാതകത്തിന് സഹായിച്ചെന്ന് കണ്ടെത്തിയതോടെ പിടിയിലായിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രകാശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, യുവാവിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല.
കമ്പം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.
മുല്ലപ്പെരിയാറില്‍ നിന്ന് വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇതുവരെ മൂന്നുപേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
തന്റെ ഭാര്യ നിത്യയുമായി പ്രകാശിനുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ അയാളെ വധിക്കാന്‍ വിനോദ് കുമാര്‍ പദ്ധതി തയാറാക്കുകയായിരുന്നു. എന്നാല്‍, തന്റെ നഗ്നചിത്രങ്ങള്‍ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്നാണ് വിനോദിന്റെ ഭാര്യ നിത്യയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു.
ഈ മാസം 21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പേലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പ്രകാശിന്റെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നിത്യയുമായി ഏറെ നേരം സംസാരിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം പുരോഗമിക്കവെ അറസ്റ്റിലാകുമെന്ന് ഉറപ്പാക്കിയ വിനോദും നിത്യയും കുറ്റം ഏറ്റുപറയുകയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.
ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി പരാതി. ബിഹാറിൽ മുസാഫർപൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിൽ യുവതി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ നഴ്‌സിംഗ് ഹോം ഉടമയെയും ഡോക്ടറെയും ഉടനടി പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
കേസ് അന്വേഷിക്കാൻ ബിഹാർ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി സെപ്റ്റംബർ 3നാണ് നഴ്സിംഗ് ഹോമായ ശുഭ്കാന്ത് ക്ലിനിക്കിൽ എത്തിയത്. ഗർഭ പാത്രം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് യുവതി ക്ലിനികിൽ എത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറുവേദന മാറാതായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും നീക്കം ചെയ്തതായി കണ്ടെത്തിയത്. ശേഷം, യുവതിയെ ഈ മാസം 15മുതൽ പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡയാലിസിസിന് വിധേയയാക്കി.
യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടു തുടങ്ങിയാൽ മാത്രം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയൊള്ളു. അതേസമയം സിടി സ്‌കാനിന്റെ അടിസ്ഥാനത്തിൽ മാത്രം രണ്ട് വൃക്കകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ച് പറയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.
യുട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. എറണാകുളം മരട് പൊലീസാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പകൽ രണ്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയിലുള്ള ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ നിർബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.
ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം കൂടുതൽ വകുപ്പു ചുമത്തണോ എന്നു പൊലീസ് തീരുമാനിക്കും. അതിനു മുൻപു പരാതിയിൽ പരമാർശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
എറണാകുളത്ത് നടുറോഡില്‍ ചോരക്കളി. എറണാകുളം കലൂരില്‍ യുവാവിനെ ഗാനമേളയ്ക്കിടെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഗാനമേള നടക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.
കലൂരിലെ സ്വകാര്യ സ്ഥലത്ത് സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കലൂരില്‍ രാത്രി ലേസര്‍ ഷോയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. ഗാനമേള നടന്ന സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഈ സമയത്ത് രാജേഷും സുഹൃത്തുക്കളും ചേര്‍ന്ന് പ്രശ്‌നക്കാരെ പുറത്താക്കിയിരുന്നു.
പിന്നീട് അല്‍പസമയത്തിന് ശേഷം ഇവര്‍ വീണ്ടും തിരിച്ചെത്തി രാജേഷിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് ഇടിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.
കേസിലെ പ്രതികളെ നിരീക്ഷിച്ചുവരികയാണ്, ഇവരിലൊരാള്‍ കാസര്‍കോട് സ്വദേശിയാണ്. കൊച്ചിയില്‍ ഒരു മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത് എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം കണ്ടെടുത്തു. പെണ്‍കുട്ടിക്ക് റിസോര്‍ട്ട് ഉടമയില്‍ നിന്നും മാനേജരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിവാക്കുന്നതാണ് സുഹൃത്തിനോട് പങ്കുവെച്ച സന്ദേശങ്ങള്‍.
റിസോര്‍ട്ടില്‍ എത്തുന്ന അതിഥികളുമായി അതിഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാനേജരും റിസോര്‍ട്ട് ഉടമയും തന്നെ നിര്‍ബന്ധിച്ചുവെന്നും ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി സ്വന്തം ശരീരം വില്‍ക്കാന്‍ ഒരിക്കലും തയാറാകില്ല എന്നുമാണ് പെണ#്കുട്ടി സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്.
ഉത്തരാഖിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു 19കാരി അങ്കിത. സെപ്റ്റംബര്‍ 18ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിന് സമീപത്തെ കനാലില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സെപ്റ്റംബര്‍ 23ന് പുല്‍കിത് ആര്യയെയും റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.
അങ്കിതയുടെത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ നിന്ന് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഋഷികേശിലെ വനതാര റിസോര്‍ട്ട് നാട്ടുകാര്‍ തകര്‍ത്തിരുന്നു. സര്‍ക്കാര്‍ റിസോര്‍ട്ട് ഇടിച്ചു നിരത്തുകയും ചെയ്തു. എന്നാല്‍ റിസോര്‍ട്ട് തകര്‍ത്തത് തെളിവ് നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നാണ് അങ്കിതയുടെ കുടുംബം ആരോപിക്കുന്നത്.
അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. പ്രമോഷന്റെ ഭാഗമായി ഒരു ദിവസം 25 ഇന്റര്‍വ്യൂ വരെ നടത്തേണ്ടിയിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലം സംഭവിച്ചുപോയതാണ്. മനപ്പൂര്‍വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭാസി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ ക്ഷമാപണം.
‘ചട്ടമ്പി എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെ സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയ റോള്‍ ലഭിക്കുന്നത്. അതിനാല്‍ തന്നെ പ്രമോഷന്‍ പരിപാടികള്‍ ഒന്നുപോലും ഒഴിവാക്കാതെ എല്ലായിടങ്ങളിലും നേരിട്ട് പങ്കെടുക്കുകയായിരുന്നു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതിനിടെ സിനിമയുടെ ഡബ്ബിങ്ങും ചെയ്യണമായിരുന്നു.
ഇതിനിടെ ഇന്റര്‍വ്യൂവിനിരിക്കുമ്പോള്‍ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാന്‍ ഞങ്ങള്‍ രണ്ടുപേരുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ദേഷ്യമാണുണ്ടാക്കുന്നത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാന്‍ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാന്‍ മിണ്ടാതിരിക്കണമായിരുന്നു’- ഭാസി പറഞ്ഞു.
തന്നോട് ആരും മാപ്പ് പറയാന്‍ പറഞ്ഞിട്ടില്ല. അവര്‍ നേരെ കേസ് കൊടുക്കുകയാണ് ചെയ്തത്. എവിടെ വേണമെങ്കിലും പോയി മാപ്പ് പറയാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം. കൊച്ചി മരട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടന്‍ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് കേസ്.
കേസില്‍ നടനെ പോലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. പരാതിക്കാരിയായ അവതാരകയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ നടന്‍ അസഭ്യം പറയുകയും ക്യാമറമാനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
ജാതിക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് കോയമ്പത്തൂര്‍ സ്വദേശി കൗസല്യ. പ്രാണപാതിയെ സ്വന്തം വീട്ടുകാര്‍ കൊലക്കത്തിക്കിരയാക്കിയപ്പോള്‍ ജീവിതം തകര്‍ന്ന് പോയയിടത്തുനിന്നും അവള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. സ്വന്തം വീട്ടുകാര്‍ക്ക് എതിരായ നിയമപോരാട്ടം നടത്തി, മകന്‍ നഷ്ടപ്പെട്ട വീടിന് സ്വന്തം മകളായി നിന്ന് തണലേകുകയാണ് അവള്‍.
ഇന്ന് സ്വയം സംരംഭകയായി ജീവിതം തിരിച്ചുപിടിക്കുകയാണ് കൗസല്യ. വെള്ളല്ലൂരില്‍ സ്ത്രീകള്‍ക്കായുള്ള സലൂണ്‍ തുറന്നിരിക്കുകയാണ് കൗസല്യ. നടി പാര്‍വ്വതിയാണ് കോയമ്പത്തൂരിലെത്തി സലൂണ്‍ ഉദ്ഘാടനം ചെയ്തത്. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന, ഉറച്ച നിലപാടുള്ള നടി എന്നതാണ് പാര്‍വ്വതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് കൗസല്യ ആഗ്രഹിച്ചത്.
സ്വന്തമായി ഒരു സ്ഥാപനം എന്നതിനേക്കാള്‍ കുറച്ച് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നതാണ് ഏറെ സന്തോഷം നല്‍കുന്നതെന്ന് കൗസല്യ പറയുന്നു. സ്വന്തമായി വരുമാനമുള്ളവരാകണം മുഴുവന്‍ സ്ത്രീകളുമെന്ന് കൗസല്യ ചൂണ്ടികാട്ടുന്നു.
2016ലാണ് ഭര്‍ത്താവ് ശങ്കറിനെ കൗസല്യയുടെ മുന്നിലിട്ട് വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ വെട്ടിക്കൊന്നത്. തേവര്‍ സമുദായത്തിലുള്ള കൗസല്യയുടെ വീട്ടുകാര്‍ക്ക് മകള്‍ ദളിത് സമുദായത്തിലുള്ള ശങ്കറിനെ വിവാഹം ചെയ്തത് അപമാനമായി തോന്നിയിരുന്നു.
പൊള്ളാച്ചിയിലെ എന്‍ജിനീയറിങ് കോളജില്‍ സഹപാഠികളായിരുന്ന ഇരുവരും. പ്രണയിച്ച് വിവാഹം കഴിച്ചതോടെ ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം വച്ചാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച കൗസല്യക്കും കാര്യമായി പരിക്കേറ്റിരുന്നു. വിവാഹം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടപ്പോഴായിരുന്നു ശങ്കറിനെ കൗസല്യയ്ക്ക് നഷ്ടപ്പെട്ടത്. അന്ന് അവള്‍ക്ക് പ്രായം 19 വയസ്സ്.
മുടങ്ങിപ്പോയ പഠനവും ഭര്‍ത്താവിന്റെ കൊലപാതകവും മനസ്സിനെ തളര്‍ത്തിയെങ്കിലും കൗസല്യ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പാതിയില്‍ മുടങ്ങിയ ബിടെക് പഠനത്തിനു പകരം ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്തു. ശങ്കറിന്റെ ഓര്‍മ്മയ്ക്കായി ഉദുമല്‍പ്പേട്ട് കേന്ദ്രീകരിച്ച് ‘ശങ്കര്‍ തനിപ്പേച്ചിമയ്യം’ എന്ന സംഘടനയും ശങ്കര്‍ സാമൂഹിക നീതി ഫൗണ്ടേഷനും ആരംഭിച്ചു. മകനെ നഷ്ടപ്പെട്ട കുടുംബത്തിന് പകരം മകളായി നിന്ന് സംരക്ഷിക്കുകയാണ് കൗസല്യ.
ജാതിവിവേചനത്തിനും ദുരഭിമാനങ്ങള്‍ക്കും എതിരായ പോരാട്ട മുഖമായി കൗസല്യ മാറി. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും സാമൂഹിക പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന് കണ്ട് ഉപേക്ഷിച്ചു. ഇതിനൊടുവിലാണ് ഇപ്പോള്‍ കോയമ്പത്തൂരില്‍ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് െകാലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിൽ തിങ്കളാഴ്ചയാണു സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബ് (52) ആണ് കൊല്ലപ്പെട്ടത്. ജന്മഗ്രാമമായ ബൊപ്പാറത്തിൽനിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ജമാൽ. ഭാര്യ ഇമാംബി, ഇവരുടെ കാമുകന്‍ ഗോഡ മോഹന്‍ റാവു, ഡോക്ടറായ ബണ്ടി വെങ്കണ്ണ, എന്‍. വെങ്കിടേഷ്, ബണ്ടേല യശ്വന്ത്, പി. സാംബശിവ റാവു എന്നിവരെ ഖമ്മം പോലീസ് അറസ്റ്റ് ചെയ്തത്.
ജമാലിന്റെ ഭാര്യയുടെ ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായതെന്ന് പോലീസ് പറഞ്ഞു. ഇമാംബിയും മോഹന്‍ റാവുവും തമ്മില്‍ രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം ശക്തമായതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇതിന് ഭര്‍ത്താവ് തടസമാകുമെന്ന് കരുതിയതോടെയാണ് ഇമാംബിയും മോഹനറാവുവും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. നാലുമാസം മുമ്പ് മോഹനറാവുവിനെ തന്റെ വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം ജമാല്‍ കണ്ടിരുന്നു. ഇതോടെ മോഹനറാവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും കൊലപാതകത്തിന് കാരണമായി.
കഴിഞ്ഞ രണ്ടുമാസമായി ജമാലിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ പ്രതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിനായി ഉറക്കഗുളികകളും അനസ്‌തേഷ്യ മരുന്നുകളും സിറിഞ്ചുകളും സൂചികളും ഡോക്ടറായ വെങ്കണ്ണയുടെ സഹായത്തോടെ മോഹനറാവു സ്വന്തമാക്കി. 5000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് മോഹനറാവു ഡോക്ടറില്‍നിന്ന് ഇതെല്ലാം വാങ്ങിയത്. മരുന്നുകളും സിറിഞ്ചുകളും നല്‍കിയതിന് 3500 രൂപ പ്രതിഫലമായി നല്‍കുകയും ചെയ്തു.
വീട്ടില്‍വെച്ച് ഇമാംബി തന്നെ ജമാലിനെ കൊലപ്പെടുത്താമെന്നായിരുന്നു ആദ്യത്തെ പദ്ധതി. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം മരുന്ന് കുത്തിവെയ്ക്കാനായിരുന്നു ഇമാംബിക്ക് കാമുകന്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ പലകാരണങ്ങളാല്‍ ഇത് നടന്നില്ല. തുടര്‍ന്നാണ് ജമാല്‍ ബൈക്കില്‍ മകളുടെ വീട്ടിലേക്ക് പോകുന്നവിവരം ഇമാംബി കാമുകനെ അറിയിച്ചത്. ഇതോടെ ജമാലിനെ കൊലപ്പെടുത്താനായി ഡോക്ടറായ വെങ്കണ്ണയെയും മറ്റൊരു പ്രതിയായ വെങ്കിടേഷിനെയും മോഹനറാവു ചുമതലപ്പെടുത്തി.
മകളുടെ വീട്ടിൽ നിന്നും വരുന്നവഴിക്ക് വെങ്കണ്ണ ബൈക്കിനു കൈ കാണിക്കുകയും ലിഫ്റ്റ് അഭ്യർഥിക്കുകയും ചെയ്തു. ജമാൽ യുവാവിനെ ബൈക്കിൽ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം യാത്ര ചെയ്തശേഷം വെങ്കണ്ണ ജമാലിന്റെ തുടയിൽ വിഷം കുത്തിവച്ചു. വേദന െകാണ്ട് ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീണു. ഇതിനിടെ യുവാവ് സ്ഥലംവിട്ടു. സ്ഥലത്തുണ്ടായിരുന്ന കർഷകർ ജമാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.