Crime

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി ശിക്ഷ ശരിവെച്ചു.

അതേസമയം, ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാന്‍ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മള്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിന്റെ ഉടമ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയില്‍ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുവരെ വിവാദമായി. വിയ്യൂരും, കണ്ണൂര്‍ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് കഴിയുന്നത്.

കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെ ഐശ്വര്യ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.

യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭര്‍ത്താവ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞതിന് ശേഷം ഒരു വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗണ്‍സിലിംഗ് നടത്തി ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. എന്നാല്‍ തന്റെ സഹോദരിക്ക് ഭര്‍ത്താവില്‍ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസില്‍ മരിച്ച ഐശര്യയുടെ സഹോദരന്‍ പരാതി നല്‍കി. തുടര്‍ന്ന് ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് കണ്ണന്‍ നായര്‍ അഭിഭാഷകനാണ്.

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ദലിത് സഹോദരിമാരെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. ഇരുവരെയും ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് അറിയിച്ചു. സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ ഇവർക്കു പരിചയപ്പെടുത്തിയ അയൽവാസി ഛോട്ടുവും അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച ജൂനൈദിനെ എൻകൗണ്ടറിലൂടെയാണ് പിടിച്ചത്. ഇയാളെ കാലിൽ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

സുഹൈലും ജൂനൈദുമായി പെൺകുട്ടികൾ സൗഹൃദത്തിലായിരുന്നു. ഇരുവരും ചേർന്ന് പെൺകുട്ടികളെ കരിമ്പുപാടത്തു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴുത്തുഞെരിച്ചു കൊന്ന് അവർ ധരിച്ചിരുന്ന ഷാളിൽ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന തോന്നിക്കാനായിരുന്നു ഇത്. സൊഹൈലും ജുനൈദും ഹഫീസുള്ളും പേർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ കെട്ടിത്തൂക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമായി കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിനു വിളിച്ചു.

പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികളുടെ കൂടെ ബൈക്കിൽ കയറി പോയതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 302, 376, പോക്സോ നിയമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനേഴും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

ഹത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ലഖിംപുർ ഖേരിയിൽ ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എസ്പി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകൾക്കും പട്ടിക ജാതിക്കാർക്കും ഒരു സുരക്ഷയുമില്ലെന്നും ഇരുവരും ആരോപിച്ചു.

വളകോട്ടില്‍ ഭര്‍തൃവീട്ടില്‍ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷിനെ പീരുമേട് പൊലീസ് അറസ്റ്റു ചെയ്തു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജോബിഷിന്റെ ഭാര്യ ഷീജയുടെ ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഏലപ്പാറ ഹെലിബറിയ സ്വദേശി എംകെ ഷീജ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധന ബാക്കിയെച്ചൊല്ലി ഭര്‍ത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ഷീജയുടെ വീട്ടുകാര്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പീരുമേട് ഡിവൈ എസ്പി ജെ കുര്യാക്കേസ് അന്വേഷണം ഏറ്റെടുത്തു. ഷീജയുടെ വീട്ടുകാരുടെ മൊഴികള്‍ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്തു. തുടന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീധന ബാക്കിയായ രണ്ടു പവന്‍ സ്വര്‍ണത്തെച്ചൊല്ലി പലതവണ ജോബീഷ് ഷീജയെ മര്‍ദ്ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷീജക്ക് നല്‍കിയ സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോബീഷ് പണയം വെച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോബീഷിന്റെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്ത ജോബീഷിനെ പീരുമേട് ഹാജരാക്കി റിമാന്റ് ചെയ്തു.

പൂണെയിലെ പിംപ്രിയില്‍ സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിഡോക്ടര്‍ മരിച്ചു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മോര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും മാളിയേക്കല്‍ റിമിന്‍ ആര്‍ കുര്യാക്കോസിന്റെ ഭാര്യയുമായ ഡോ. ജെയ്ഷ (27) ആണ് മരണപ്പെട്ടത്.

ജെയ്ഷ ഉച്ചഭക്ഷണത്തിനുശേഷം ക്ലിനിക്കിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി.

മംഗളൂരു ചിറയില്‍ ജോണ്‍ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ്. സഹോദരന്‍: ജെയ്. ജെയ്ഷയുടെ മൃതദേഹം പൂണെയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം റോഡ് മാര്‍ഗം മംഗളൂരുവിലേക്ക് കൊണ്ടുപോയി.

സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്കുശേഷം മംഗളൂരു ജേപ്പു സെയ്ന്റ് ആന്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥിനി പഠിച്ചിരുന്ന ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.

കെജി 1 വിദ്യാര്‍ത്ഥിയായ മിന്‍സ മറിയത്തിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.

ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാര്‍ത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥിനി മിന്‍സ മറിയം ജേക്കബ് മരിച്ച സംഭവത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമി എത്തി.

ദോഹയിലെ അല്‍ വക്‌റയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ് ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിക്കുകയും ചെയ്തു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു.

രാജ്യവും സര്‍ക്കാറും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും അവര്‍ ഉറപ്പുനല്‍കി. മാതാപിതാക്കള്‍ക്ക് ആശ്വാസവുമായി മുഴുവന്‍ സമയവും ഒപ്പമുള്ള പ്രവാസി സമൂഹങ്ങള്‍ക്കും മന്ത്രി നന്ദി പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്.

ഇതിനിടെ, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വിദ്യഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ടിന്റെയും ഫോറന്‍സിക് പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ക്യാന്‍സർ രോഗിയായ വയോധികയെ ചെറുമകൻ കൊലപ്പെടുത്തി. വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്. ക്യാൻസർ കാരണം രക്തം ശർദിച്ച് മരണപ്പെട്ടു എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാൽ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെവെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. അങ്ങനെ നടത്തിയ അന്വേഷണത്തിൽ വയോധികയുടേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചെറുമകനെ അറസ്റ്റ് ചെയ്തു.

വിരലടയാള പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഇത് കൊലപാതകമാണെന്ന് തെളിയിക്കുകയായിരുന്നു. തലയ്ക്കേറ്റ മുറിവായിരുന്നു മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും മനസിലായി.

ചെറുമകൻ സുരേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. അപ്പോഴാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്.

കൊലപാതകത്തിലേക്ക് നയിച്ച സംഭവമിങ്ങനെ; വെള്ളിയാഴ്ച്ച വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടായി. ദേഷ്യത്തിൽ വയോധികയെ കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിൽ തലയിടിച്ച് കൊലപ്പെടുത്തി.വയോധികയുടെ കഴുത്തിലും പാടുകളുണ്ടായിരുന്നു.

ദീര്‍ഘകാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാൻ കഴിയാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുറിയിൽ നാറ്റമുണ്ടായിരുന്നതും പ്രതിയെ അസ്വസ്ഥനാക്കി. മാത്രമല്ല അമ്മ അമ്മൂമ്മയെ നോക്കി കഷ്ടപ്പെടുന്നതും പ്രതിയെ പ്രകോപിതനാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതിക്രൂരമായ കൊലപാതകമാണ് നടത്തിയിരിക്കുന്നത്.

കോളിവുഡിലെ വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ ദൂരിഗയി കബിലന്റെ മരണത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെയാണു ദൂരിഗയിയെ ചെന്നൈ അറുമ്പാക്കത്തെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണു ദൂരി.

കോളിവുഡിലെ ഏറ്റവും ബോള്‍ഡായ പെണ്‍കുട്ടികളില്‍ ഒരാള്‍. സ്വന്തമായി നിലപാടും അഭിപ്രായങ്ങളുമുണ്ടായിരുന്ന, വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന്‍ നടത്തിയിരുന്ന ദൂരിഗയിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം. 29 വയസുള്ള എംബിഎ ബിരുദധാരിയായ ദൂരി നിരവധി സിനിമകള്‍ക്കു വസ്ത്രാലങ്കാരം നടത്തിയിട്ടുണ്ട്. യുവ നടന്‍മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്.

ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണു അറുമ്പാക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. മരിക്കുന്നതിനു മുന്‍പു മാതാപിതാക്കളുമായി ദൂരി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി സൂചനയുണ്ട്.

വിവാഹം കഴിക്കാന്‍ കുടുംബം നിര്‍ബന്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു കടുംകൈ എെന്നാണു പുറത്തുവരുന്ന വിവരം. മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ.

രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സൗമ്യയാണ് മാതാവ്.

സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്‍തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലുണ്ട്.

 

RECENT POSTS
Copyright © . All rights reserved