Crime

അപകടത്തിൽ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്ന് ദിവസം മാത്രം കഴിഞ്ഞൊള്ളൂ. നാലാം ദിവസത്തെ യാത്ര അവസാനിച്ചതാകട്ടെ വൻ ദുരന്തത്തിലും. ബിരുദധാരിയായ ദേവീകൃഷ്ണ റെയിൽവെ സ്റ്റേഷനു സമീപം അമ്പലനടയിലെ ഒരു കംപ്യൂട്ടർസ്ഥാപനത്തിലാണ് ജോലിക്ക് കയറിയിരുന്നത്. ടൗണിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു പരിക്കേറ്റ പൗഷയുടെ ജോലി. ദേവീകൃഷ്ണയുടെ വിയോഗം വീടിനും നാടിനും വിശ്വസിക്കാനായിട്ടില്ല. കൺമുൻപിൽ കണ്ട ദുരന്തത്തിന്റെ പകപ്പിൽ നിന്നും ഇനിയും സുഹൃത്തുക്കൾ മുക്തരായിട്ടില്ല.

ശനിയാഴ്ച രാവിലെ 9.15-ന് ചാലക്കുടി റെയിൽവേ സ്റ്റേഷന് 300 മീറ്റർ വടക്ക് പറയൻതോടിനു കുറുകെയുള്ള പാലക്കുഴി പാലത്തിലാണ് അപകടമുണ്ടായത്. ദിവസവും പോകുന്ന റോഡിൽ വെള്ളം കയറിയതിനാൽ യാത്ര തീവണ്ടിപ്പാളത്തിലൂടെയാക്കി. വെള്ളപ്പൊക്കസമയത്ത് വി.ആർ. പുരത്തുകാരും കാരകുളത്തുനാട്ടുകാരും റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നത് റെയിൽവെ ട്രാക്ക് വഴിയാണ്. അപകടത്തിൽപ്പെട്ടവരും ആ പാത പിന്തുടർന്നു. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് മഴയും പ്രളയഭീഷണിയുമൊക്കെയുണ്ടായിട്ടും ഇവരെ തൊഴിൽശാലകളിലേക്ക് മുടങ്ങാതെ പോകാൻ പ്രേരിപ്പിച്ചത്.

പാലത്തിലേക്ക് കയറും മുമ്പ് ലാലിക്ക് ഒരു ഫോൺ വന്നതിനെ തുടർന്ന് ഒരു വശത്തേക്ക് മാറിനിന്ന് സംസാരിച്ചു. ഈ സമയം ദേവീകൃഷ്ണയും പൗഷയും മുന്നോട്ടു നടന്ന് പാലത്തിലേക്ക് കയറി. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ കുട മുന്നോട്ട് ചരിച്ചുപിടിച്ചിരുന്നു. ഇതിനിടയിൽ, തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന പ്രതിവാര എക്സ്പ്രസ് വന്നത് ശ്രദ്ധിച്ചില്ല. അടുത്തെത്താറായ തീവണ്ടി കണ്ടപ്പോൾ പാലത്തിൽ കയറി നിൽക്കാവുന്ന സ്ഥലത്തേക്ക് എത്താനുള്ള സാവകാശവും ഇവർക്ക് കിട്ടിയില്ല.

തീവണ്ടിയും ഇവരും തമ്മിൽ കഷ്ടിച്ച് അരമീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാൻ പരമാവധി അകലത്തേക്ക് നിൽക്കാനുള്ള ശ്രമത്തിനിടെ ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു. പാലത്തിനടിയിലെ തോടിന് സമാന്തരമായുള്ള റോഡിലേക്കാണ് ഇരുവരും വീണത്. എന്നാൽ, കനത്ത മഴയിൽ റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന കമ്പിയിലേക്ക് വീണ ദേവീകൃഷ്ണ ചെളിയിലേക്ക് താഴുകയും ചെയ്തു.

പൗഷ വെള്ളത്തിലൂടെ ഒഴുകിത്തുടങ്ങുകയും ചെയ്തു. ഇതുകണ്ട ലാലി ബഹളം വെച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. പൗഷയെ രക്ഷിച്ചു. ദേവീകൃഷ്ണയെ ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേവീകൃഷ്ണയുടെ ഭർത്താവ് ശ്രീജിത്ത് അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിന് വിസ ശരിയായത്.

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ന്യൂയോർക്കിൽ വെച്ചാണ് ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തത്. യുപി സ്വദേശി മന്ദീപ് കൗർ(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. എട്ടു വർഷം മുൻപായിരുന്നു യുപി സ്വദേശിനി രഞ്‌ജോധബീർ സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ തന്നെ പീഡനങ്ങൾ തുടർക്കഥയായിരുന്നു എന്നാണ് വിവരം.

രണ്ട് പെൺകുട്ടികളായിരുന്നു ദമ്പതികൾക്ക്. ആൺകുട്ടി വേണമെന്ന് പറഞ്ഞ് വർഷങ്ങളായി മരുമകൻ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താൻ സഹിച്ച യാതനകൾ അച്ഛനോട് പറഞ്ഞ് കരയുന്ന മൻദീപ് കൗറിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

 

”എട്ടു വർഷമായി ഞാൻ സഹിക്കുകയാണ്. ദിവസവും ഭർത്താവ് ക്രൂരമായി മർദ്ദിക്കും. ഇനിയും സഹിക്കാൻ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്”. ഇതായിരുന്നു വിഡിയോയിൽ മന്ദീപ് കൗർ പറഞ്ഞത്.

യുപിയിലെ ബിജ്‌നോർ ജില്ലയിലാണ് മന്ദീപിന്റെ കുടുംബം.രഞ്‌ജോധബീറിന്റെ കുടുംബവും ബിജ്‌നോറിലാണ്. യുഎസിൽ തന്നെയുള്ള ആറും നാലും വയസുള്ള പെൺമക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോൾ മന്ദീപ് കൗറിന്റെ കുടുംബം.

”മക്കളെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരമ്മയെ പോലെ അവരെ ഞാൻ വളർത്തും” -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുൽദീപ് കൗർ പറഞ്ഞു. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്‌ജോധബീറിനെതിരെ കേസ് നൽകിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാൽ സിങ്. കേന്ദ്രസർക്കാരിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

 

രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗരയിലെ കുഡൂര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്.ജൂണ്‍ ഏഴിന് മാണ്ഡ്യയിലെ അരകെരെ, കെ ബെട്ടനഹള്ളി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. ലൈംഗിക തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു.

ബെംഗളൂരുവിലെ പീനിയയിലെ നിര്‍മ്മാണ കമ്പനിയില്‍ തൊഴിലാളിയാണ് സിദ്ധലിംഗപ്പ. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുമകുരുവിലെ ദാബാസ്‌പേട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ലൈംഗിക തൊഴിലാളിയായിരുന്നു ചന്ദ്രകല. ലൈംഗികവൃത്തിയിലേക്ക് തന്നെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തണമെന്ന ആഗ്രഹം ചന്ദ്രകലക്കുണ്ടായിരുന്നു. അതിന് വേണ്ടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും ചന്ദ്രകല മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചിവരുത്തി. പിറ്റേ ദിവസം രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേര്‍ന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുക്കുകയായിരുന്നു. പിന്നീട് തലയില്ലാത്ത മൃതദേഹങ്ങള്‍ ബൈക്കില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു.

ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടകവീടെടുത്ത് സമാനരീതിയില്‍ കുമുദയെന്ന സ്ത്രീയെയും കൊലപ്പെടുത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് തുമുകുരുവിലെത്തി വീട് വാടകക്കെടുത്ത് കഴിയുകയായിരുന്നു. സമാനരീതിയില്‍ കൊലപ്പെടുത്താനുള്ള മറ്റ് അഞ്ച് സ്ത്രീകളുടെ പട്ടിക കൂടി തയ്യാറാക്കിയിരുന്നുവെന്ന് ദക്ഷിണമേഖല ഐജി പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു.

കാൽവഴുതി കൊക്കർണിയിലേയ്ക്ക് വീണ അനുജത്തിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചേച്ചി മുങ്ങിമരിച്ചു. ആഴമുള്ള കുളമാണ് കൊക്കർണി. കരിപ്പോട് അടിച്ചിറ വിക്കാപ്പ് നടുവത്തുകളത്തിൽ പരേതനായ ശിവദാസന്റെയും ശശിലേഖയുടെയും മകൾ ശിഖാദാസാണ് മരിച്ചത്. 16 വയസായിരുന്നു. കുളത്തിന്റെ ആഴവും സ്വന്തം ജീവനും പോലും വകവെയ്ക്കാതെയാണ് തന്റെ കൂടപ്പിറപ്പിനെ രക്ഷിക്കാനായി ശിഖാദാസ് എടുത്ത് ചാടിയത്.

എന്നാൽ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ ശിഖാദാസിനെ ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റാനായില്ല. സമീപത്തെ പുല്ലിൽ പിടിച്ചു കിടന്ന അനിയത്തിയെ ജീവിതത്തിന്റെ കരയിലേയ്ക്ക് കയറ്റി കൊണ്ട് വരികയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് പെരുമാട്ടി വണ്ടിത്താവളം മേലെ എഴുത്താണിയിലെ സ്വകാര്യവ്യക്തിയുടെ കൊക്കർണിയിലാണ് സംഭവം നടന്നത്.

മേലെ എഴുത്താണിയിലെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ശിഖയും അനിയത്തി ശില്പയും കൂട്ടുകാരിക്കൊപ്പം സമീപത്തെ നെൽപ്പാടത്തെ വരമ്പിലൂടെ നടക്കുമ്പോൾ ശില്പയുടെ കാലിൽ ചെളി പറ്റി. ഇത് കഴുകാൻ അടുത്തുള്ള കൊക്കർണിയിലേക്ക് ഇറങ്ങിയ ശില്പ കാൽ വഴുതി വീഴുകയായിരുന്നു. അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിഖാദാസ് ആഴങ്ങളിലേയ്ക്ക് വഴുതി വീണു. ശിഖയെ ശില്പയും കൂട്ടുകാരിയും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ ക്ലബ്ബിലുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിറ്റൂർ അഗ്‌നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വടവന്നൂർ വി.എം.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശിഖ. മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കോഴിക്കോട് നിന്ന് മറ്റൊരു പ്രവാസി യുവാവിനെ കൂടി കാണാതായെന്ന് പരാതി.കോഴിക്കോട് ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന റിജേഷ് ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളത്തിലൂടെ നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു.

റിജേഷിനെ ഒന്നരമാസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വളയം പോലീസ് കേസെടുത്തു. റിജേഷിന്റെ ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ യുവാവ് നാട്ടില്‍ പോയെന്നാണ് അറിയിച്ചത്. എന്നാല്‍ ഇതിനിടെയില്‍ റിജേഷിന്റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും ബന്ധുക്കള്‍ പറയുന്നു.

ഫോണ്‍ കോളിന് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയിരുന്നു. അവര്‍ ഭീഷണിപ്പെടുത്തിയെന്നും സഹോദരന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ പത്തിനാണ് റിജേഷ് കുടുംബവുമായി അവസാനം സംസാരിച്ചത്.

ഈ സംഭവത്തിന് പിന്നിലും സ്വര്‍ണക്കടത്ത് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. റിജേഷിന്റെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി?  മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കുന്നു.

ജൂണ്‍ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. മുമ്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്റെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകിയത്. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിനാണ്. ബന്ധുക്കള്‍ പരാതി കൊടുത്തതാകട്ടെ ജൂലൈ 22 നും. ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പോലീസിന് നല്‍കി. പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പോലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പോലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്.

തുടര്‍ന്നാണ് ദീപക്കിന്റേതെന്ന പേരില്‍ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അതുപ്രകാരം കണ്ടെത്തയത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎന്‍എയുമായി ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് അമ്മ ശ്രീലത പറയുന്നു. റൂറല്‍ എസ്പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു.

അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങാന്‍ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

അമ്മ സ്വന്തം കുട്ടിയെ നാലമത്തെ നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. ബാല്‍ക്കണിയില്‍ നിന്നും അമ്മ നാല് വയസ്സുാരിയായ കുട്ടിയെ താഴെക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

കുട്ടിയെ താഴേക്ക് എറിഞ്ഞതിന് പിന്നാലെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുവാന്‍ യുവതി ശ്രമിച്ചു. എന്നാല്‍ ബന്ധുക്കള്‍ എത്തി യുവതിയെ വലിച്ച് കയറ്റുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

കുട്ടിക്ക് സംസാര ശേഷിയും കേള്‍വി ശേഷിയും ഇല്ലാതിരുന്നതിനാല്‍ യുവതിക്ക് ദുഖമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മാനസിക നില ഉള്‍പ്പെടെ പോലീസ് പരിശോധിച്ച് വരുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും വന്‍ സാലറിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവുമാരെ വെച്ച് 50കോടിയുടെ മണിചെയ്ന്‍ തട്ടിപ്പ് നടത്തിയ കേസില്‍ അന്തർസംസ്ഥാന സംഘത്തലവന്‍ പിടിയില്‍. കോഴിക്കോട് ഫ്‌ളാറ്റില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് പട്ടാമ്പിക്കാരന്‍ രതീഷ് ചന്ദ്ര പിടിയിലായത്. മണിചെയിന്‍ മോഡലില്‍ കേരളത്തിലെ വിവിധ ജില്ലകളും തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിന്‍റെ തലവനാണ് പിടിയിലായ പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43)യെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞു വരവെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ജൂലൈ 13ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ഒക്‌ടോബര്‍ 15നാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തുടങ്ങുന്നത്. മള്‍ട്ടി ലവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി.

കേരളത്തിലെ എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവുമാരെ വന്‍ സാലറികളില്‍ നിയമിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. 11250 രൂപ കമ്പനിയില്‍ അടച്ചു ചേരുന്ന ഒരാള്‍ക്ക് 6 മാസം കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ 10 തവണ കളായി 2,70, 000 രൂപ, കൂടാതെ ആര്‍പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റെഫറല്‍ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടിലെത്തും 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും.

കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും ഉള്‍പ്പെടെ 35000 ഓളം പേരാണ്. പലര്‍ക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സൈബര്‍ ഡോമിന്‍റെ പേരില്‍ വ്യാജ ബ്രൗഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്‌പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികള്‍ തട്ടിപ്പു നടത്തി വന്നത്.

തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്ളാറ്റുള്‍പ്പെടെ സ്ഥലങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്‌റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് മുന്‍പും പിടികൂടിയതായി വിവരം ഉണ്ട്. കോഴിക്കോട് ടൗണില്‍ വന്‍ തുകക്ക് 5 ല്‍ അധികം ഫ്ളാറ്റുകള്‍ വാടകക്ക് എടുത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്നത്. ഇയാളുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്.

ഇയാളുടെ കൂട്ടാളി തൃശ്ശൂര്‍ സ്വദേശി ഊട്ടോളി ബാബുവിനെ രണ്ട് ദിവസം മുന്‍പ് പിടികൂടിയിരുന്നു. ഇയാള്‍ റിമാൻഡിലാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി ഷറഫിന്‍റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ് പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീര്‍ ,രതീഷ് ഒളരിയന്‍ ,സബീഷ്, സുബ്രഹ്മണ്യന്‍ , പ്രശാന്ത്, ശ്രീജിത്ത്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തി വരുന്നത്.

ദുബായിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വ്‌ലോഗറുടെ ഭർത്താവ് കാസർകോട് സ്വദേശി മെഹ്നാസ് പോക്‌സോ കേസിൽ അറസ്റ്റിൽ. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തുടർന്നാണ് പോക്‌സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്.

താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോടുനിന്ന് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.

വ്‌ളോഗർ, ആൽബം താരം എന്നീ നിലകളിൽ പ്രശസ്തയായിരുന്നു പെൺകുട്ടി കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. ഇവരെ കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് തൊട്ടുമുൻപ് വരെ സോഷ്യൽമീഡിയയിൽ സജീവമായിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവാവ് പെൺകുട്ടിയെ നിരന്തരം മർദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി.

ഇതോടെ സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ, പെൺകുട്ടിയുടേത് ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച കാരണവും കാരണക്കാരേയും കണ്ടെത്തണമെന്നാണ് കുടുംബം പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമ കസ്റ്റഡിയില്‍. ബംഗളൂരു സ്വദേശി ശിവപ്രസാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

വീട് വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി കീടനാശിനി ഉപയോഗിച്ചതാണ് എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

കണ്ണൂര്‍ സ്വദേശികളായ വിനോദും കുടുംബവും നാട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവിലെ വീട്ടിലെത്തിയത്. അല്‍പസമയത്തിനുശേഷം അസ്വസ്ഥത തോന്നിയെങ്കിലും യാത്രാക്ഷീണമാണെന്ന് കരുതി. പിന്നീട് രൂക്ഷമായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു.

വീട്ടിലെ ക്ഷുദ്രജീവികളെ തുരത്താന്‍ വാടകക്കാര്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടുടമസ്ഥന്‍ ഇവിടെ കീടനാശിനി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നതാണ് അപകടത്തിനു കാരണമായത്.

Copyright © . All rights reserved