വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് എതിരെ പീഡനക്കേസിൽ ബംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ ടേപ്പ് പുറത്തുവന്നതിനെ തുടർന്നുള്ള കേസാണിത്. മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ 2010 മാർച്ച് 2ന് സ്വകാര്യ ടിവി ചാനലുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
നിത്യാനന്ദയ്‌ക്കെതിരെ ഒട്ടേറെ സമൻസുകൾ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് കാലാവധി തീർന്ന പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി ഇക്വഡോറിലേക്കു കടന്നിരുന്നു. അതേസമയം, വിവാദ സ്വാമി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല.
2018 മുതൽ വിചാരണയിൽ നിന്നു വിട്ടുനിൽക്കുന്നതിനാൽ, 2020ൽ കോടതി ജാമ്യം റദ്ദാക്കി. യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസും കർണാടക പോലീസിന്റെ സിഐഡി വിഭാഗം നിത്യാനന്ദയ്‌ക്കെതിരെ അന്വേഷിക്കുന്നുണ്ട്.
ഗുജറാത്തിൽ നിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നേരത്തെ ഇന്റർപോൾ നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘർഷം. തിക്കിലും തിരക്കിലു൦ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടം. പരിപാടി പോലീസ് ഇടപെട്ട് റദ്ദാക്കി.
പെയിൻ ആൻറ് പാലിയേറ്റീവ് ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഘർഷം. എഴുപതോളം പേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്.
സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പോലീസുകാരും വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടി.
ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീത പരിപാടിക്കിടെ തിരക്ക് വര്‍ധിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.
മൂന്നു ദിവസങ്ങളിലായി ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടി കോഴിക്കോട് ബീച്ചില്‍ നടന്നു വരുകയായിരുന്നു. ഞായറാഴ്ച അതിന്റെ സമാപന ദിനമായിരുന്നു. ഞായറാഴ്ച ദിവസം കൂടിയായതിനാല്‍ വലിയ ജനപ്രവാഹമാണ് ബീച്ചിലേക്കുണ്ടായത്. ടിക്കറ്റ് വച്ചാണ് പരിപാടി നടത്തിയിരുന്നതെങ്കിലും കൂടുതല്‍ ആളുകള്‍ പരിപാടിയുടെ വേദിയിലേക്ക് എത്തിയതോടെ ടിക്കറ്റെടുത്തവര്‍ക്ക് വേദിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
ഇതോടെ ടിക്കറ്റുമായി എത്തിയവരും സംഘാടകരും തമ്മില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടാകുകയും അത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. ഡിസിപി എ ശ്രീനിവാസ്, എസിപി കെ.സുദര്‍ശന്‍ എന്നിവര്‍ കോഴിക്കോട് ബീച്ചില്‍ എത്തി.
ഭർത്താവിനെ കൊലപ്പെടുത്താനുള്ള 26 കാരിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത കാമുകൻ കേസ് ഭയന്ന് ജീവനൊടുക്കി. അനുപല്ലവി എന്ന യുവതിയാണ് കാമുകൻ ഹിമവന്ത് കുമാറിനൊപ്പം ചേർന്ന് ഭർത്താവ് നവീൻ കുമാറിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത്.ബെംഗളൂരു ദൊഡ്ഡബിരക്കല്ലിലാണ് സംഭവം.
ക്വട്ടേഷനായി 90,000 രൂപയാണ് അഡ്വാൻസായി നൽകിയത്. കൊല നടത്തിയ ശേഷം 1.1 ലക്ഷം രൂപയും നൽകാമെന്നായിരുന്നു വാഗ്ദാനം.ഇക്കഴിഞ്ഞ ജൂലൈ 23ന് ക്വട്ടേഷൻ സംഘം ഡ്രൈവർ കൂടിയായ നവീൻ കുമാറിന്റെ കാർ തമിഴ്നാട്ടിലേക്ക് വാടകയ്ക്ക് വിളിച്ച ശേഷം തട്ടി കൊണ്ടു പോകുകയായിരുന്നു.
നവീൻ കുമാറിനെ ദിവസങ്ങളോളം തടവിൽ പാർപ്പിച്ച ക്വട്ടേഷൻ സംഘത്തിന് നവീനെ കൊല്ലാനുള്ള ധൈര്യമുണ്ടായില്ല. പകരം നവീനുമായി സൗഹൃദത്തിലാവുകയും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തു.തുടർന്ന് കൊന്നെന്ന് അനുപല്ലവിയെയും കാമുകനെയും ബോധ്യപ്പെടുത്താൻ ക്വട്ടേഷൻ സംഘം നവീന്റെ ദേഹത്ത് തക്കാളി കെച്ചപ്പ് ഒഴിച്ച് ചിത്രമെടുത്ത് അയച്ച് കൊടുത്തു.
ഈ ഫോട്ടോ കണ്ട് ഭയന്ന കാമുകൻ ഹിമവന്ത് ആഗസ്റ്റ് ഒന്നിന് ബാലഗുണ്ടയിലെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം കേസായാൽ അറസ്റ്റിലാകുമെന്ന് ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ഇതിനിടെ എല്ലാവരെയും ഞെട്ടിച്ച് നവീൻ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് ക്വട്ടേഷൻ സംഘത്തിലെ ഹരീഷ്, നാഗരാജു, മുഗിലൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതറിഞ്ഞ അപര്‍ണ ആസിഡ് കുടിച്ചാണ് ആത്മഹത്യ ചെയ്തത്.
ഒരാഴ്ചയായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് രാജേഷ് അപര്‍ണ്ണയുടെ വീട്ടില്‍ വന്നിരുന്നു. മൂന്ന് വയസുകാരിയായ മകളെ കൂട്ടി തന്റെ വീട്ടിലേക്ക് വരണമെന്ന രാജേഷിന്റെ ആവശ്യം അപര്‍ണ നിരസിച്ചു. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ രാജേഷ് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു.
മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.അമിത വേഗത്തിൽ എത്തിയ ഇന്നോവ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് ഓടിച്ച പുത്തനത്താണി സ്വദേശി അബ്ദുൽ ഖാദർ തൽക്ഷണം മരിച്ചു. ഇദ്ദേഹത്തിൻറെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയിൽ മഞ്ചാടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരെ ഇന്നോവ കാർ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരി മുകളിലേക്ക് തെറിച്ച് പോകുന്നതും സിസിടിവി ദൃശ്യത്തിൽ കാരണം.
അമിത വേഗത്തിൽ അശ്രദ്ധമായെത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതുകണ്ട് സ്‌കൂട്ടർ പരമാവധി ഇടതുവശത്തേക്ക് ചേർക്കാൻ ശ്രമിച്ചെങ്കിലും കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
കൊച്ചി കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം കടം വാങ്ങിയ പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് പ്രതി അര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ ആരംഭിച്ചത്. ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച പണം ഇതിനായി സജീവന് നല്‍കിയിരുന്നു. ലഹരി വിറ്റ ശേഷം പണം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തന്നില്ലെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് അര്‍ഷാദിന്റെ മൊഴി.
സ്വാതന്ത്ര്യ ദിനത്തില്‍ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സജീവിനെ അര്‍ഷാദ് കൊലപ്പെടുത്തുന്നത്. സംഭവ ദിവസം ഇരുവരും അമിതമായി കഞ്ചാവും എം.ഡി.എ.എ.യും ഉപയോഗിച്ചിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സജീവ് മയങ്ങി വീണു. തുടര്‍ന്ന് പ്രകോപിതനായ അര്‍ഷാദ് കത്തി ഉപയോഗിച്ച് കുത്തിക്കലപ്പെടുത്തുകയായിരുന്നു. ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം അര്‍ഷാദ് രാവിലെ സമീപത്തെ കടയിലെത്തി ചൂലും മറ്റും വാങ്ങി. മൃതദേഹം പുതപ്പില്‍കെട്ടി ഡക്റ്റില്‍ ഇട്ട ശേഷം മുറി അടിച്ചു വൃത്തിയാക്കിയ ശേഷം അവിടെ ഉണ്ടായിരുന്ന ലഹരി വസ്തുക്കള്‍ എടുത്ത് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് അര്‍ഷാദിന്റെ നാട്ടിലെ സുഹൃത്തായ അശ്വന്താണ് പ്രതിക്ക് രക്ഷപ്പെടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയത്.
പ്രതി കുറ്റം സമ്മതിച്ചെങ്കിലും സാഹചര്യത്തെളിവുകള്‍ കൂടി ലഭിച്ചാലേ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാളെ കാക്കനാട് ഫ്‌ളാറ്റില്‍ എത്തിച്ച ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നും തെളിവെടുപ്പ് തുടരുമെന്നാണ് വിവരം.
മുക്കം ബീച്ചിനടുത്ത് തീരദേശറോഡിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹത. സിറ്റി പോലീസ് കമ്മീഷണർ സംഭവസ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. മൂന്നുപേർ മരിച്ച ബൈക്കപകടത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചതോടെയാണ് പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചത്.
പോലീസിന്റെ ശാസ്ത്രീയ പരിശോധനവിഭാഗവും സ്ഥലത്തെത്തി തെളിവുകളെടുത്തിട്ടുണ്ട്. സംഭവസ്ഥലം പോലീസ് കയർകെട്ടിത്തിരിച്ച് ബന്തവസ്സിലാക്കി. കൂടുതൽ പോലീസുകാരെത്തി വിവരങ്ങൾ ശേഖരിച്ചു.
കടൽകയറ്റം തടയുന്നതിന് കടലോരത്ത് റോഡിനോടുചേർന്ന് നിരത്തിയ കൂറ്റൻ ടെട്രാപോഡിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ബൈക്കും മൃതദേഹങ്ങളും. എന്നാൽ കോൺക്രീറ്റ് നിർമിത ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയ നാശങ്ങളൊന്നും ബൈക്കിന്റെ മുൻഭാഗത്തോ വശത്തോ ഇല്ലായിരുന്നു എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
പിൻഭാഗത്തുമാത്രമാണ് ബൈക്കിന് നാശമുണ്ടായിട്ടുള്ളത്. അതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളും നാട്ടുകാരും അപകടത്തിൽ ദുരൂഹത ആരോപിക്കുന്നത്. ടെട്രാപോഡിലേക്ക് നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
മരിച്ച മൂന്നുപേരിൽ അമീന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വണ്ടി ഓടിച്ചിരുന്നയാൾ ധരിച്ചിരുന്നതെന്നു കരുതുന്ന ഹെൽമെറ്റ് അപകടസ്ഥലത്ത് കിടപ്പുണ്ടായിരുന്നു.
ഭാര്യ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ഭർത്താവ് മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തു. കർണാടകയിലെ തുമകുരുവിലാണ് സംഭവം. പിഎച്ച് കോളനിക്ക് സമീപം താമസിക്കുന്ന സമീയുള്ളയാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു തന്റെ മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം സൗദി അറേബ്യയിലേക്ക് കടന്നിരുന്നു.
സൗദി അറേബ്യയിലെത്തിയ സൈറ കാമുകനൊപ്പമുള്ള വിഡിയോ സമീയുള്ളക്ക് അയച്ചു കൊടുത്തിരുന്നു. കാമുകൻ കൂടെയുള്ള അവസരങ്ങളിൽ, സാഹിറ ഭർത്താവിനെ വിഡിയോ കോൾ വിളിച്ചിരുന്നതായും അപ്പോഴെല്ലാം കാമുകനെ കാണിച്ച് ഭർത്താവിനെ പരിഹസിച്ചിരുന്നതായും പോലീസ് പറയുന്നു.
എലത്തൂർ പോലീസ് സ്റ്റേഷൻ സീനിയർ സിപിഒയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൂന്ന് മക്കളും ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വിഷം കഴിച്ച യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാമുകനുമായി സന്തുഷ്ടയാണെന്ന് കാണിക്കാനായി സൈറ ബാനു സമീയുള്ളയെ വീഡിയോ കോളിൽ വിളിച്ച് പരിഹസിച്ചിരുന്നു. തിരിച്ചുവരണമെന്ന് മക്കൾ പല തവണ കരഞ്ഞുപറഞ്ഞിട്ടും സൈറ ബാനുവിന്റെ മനസ്സ് മാറിയില്ല. മതാപിതാക്കളോടും ഭർത്താവിനോടും പറയാതെയാണ് സൈറ ബാനു വിദേശത്തേക്ക് പോയതെന്നാണ് റിപ്പോർട്ട്.
ഗ്രേറ്റർ മാഞ്ചസ്റ്റർ: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ലിവർപൂൾ സ്വദേശിയായ ലൂയിസ് ജോൺസ് (23) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിചാരണയ്ക്കായി സെപ്റ്റംബർ ഒന്നിന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച വൈകുന്നേരം ടേംസൈഡിലായിരുന്നു കേസിനാസ്പദമായ സംഭവം. കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. വനമേഖലയിൽ വച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.
പീഡനത്തിനിരയായെങ്കിലും പെൺകുട്ടി കുടുംബവുമായി വീണ്ടും ഒന്നിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയ്ക്കും കുടുംബത്തിനും ഉദ്യോഗസ്ഥർ തുടർന്നും പിന്തുണ നൽകുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.
അന്വേഷണത്തിൽ സഹായിച്ച പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥർ നന്ദി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ 35കാരനെ കൂടുതൽ അന്വേഷണമില്ലാതെ വിട്ടയച്ചിട്ടുണ്ട്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ എടുത്ത മദ്യനയ അഴിമതിക്കേസില്‍ രണ്ട് മലയാളികളും പ്രതികള്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേരില്‍ വിജയ് നായര്‍, അരുണ്‍ രാമചന്ദ്രപിള്ള എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിജയ് നായര്‍ അഞ്ചാം പ്രതിയും അരുണ്‍ രാമചന്ദ്രപിള്ള പതിനാലാം പ്രതിയുമാണ്.
എ എ പിയില്‍ കെജ്രിവാള്‍ കഴിഞ്ഞാല്‍ രണ്ടാമനായി അറിയപ്പെടുന്ന മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാംപ്രതി. എക്സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്സിക്യുട്ടീവ്സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഡല്‍ഹിയില്‍ 2021 നവംബറില്‍ നടപ്പാക്കിയ മദ്യനയത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നു എന്ന ലെഫ്റ്റ്നെന്റ് ഗവര്‍ണര്‍ വി.കെ സക്സേന ശുപാര്‍ശ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് ഇപ്പോഴും നടക്കുകയാണ്. പുതിയ മദ്യനയം സംബന്ധിച്ച രേഖകള്‍ പിടികൂടിയതായി സിബിഐ അറിയിച്ചു. മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി അടക്കം 7 സംസ്ഥാനങ്ങളിലായി 21 ഇടങ്ങളില്‍ സിബിഐ ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.