Editorials

മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ

മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് മൂന്നു വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ  നന്ദി അറിയിക്കുന്നു. നാളെയുടെ പ്രതീക്ഷകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിച്ചുകൊണ്ട് പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട്  സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.

ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ എന്നും നീതിയ്ക്കായി നിലകൊണ്ടു. മലയാളം യുകെ ഉയർത്തിയ ശക്തമായ പ്രതികരണത്തിന്റെ പ്രകമ്പനങ്ങൾ അധികാര കേന്ദ്രങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുകയും അത് സമൂഹം ഏറ്റെടുക്കുകയും ചെയ്യുന്നത്ര സ്വീകാര്യത ഇന്ന് ന്യൂസിന് കൈവന്നിരിക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.

യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള മാതൃകാ ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ലെസ്റ്ററിൽ വച്ചു നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്ത സേവനം കാഴ്ചവച്ച അർഹരായ വ്യക്തികളെയും സംഘടനകളെയും ന്യൂസ് ടീം ആദരിച്ചിരുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിനു വരുന്ന മലയാളി നഴ്സുമാർക്ക് നഴ്സസ് ദിനാഘോഷത്തിലൂടെ ആദരം അർപ്പിക്കാൻ കഴിഞ്ഞതിൽ മലയാളം യുകെ ടീം കൃതാർത്ഥരാണ്. ലെസ്റ്ററിലെ മെഹർ സെന്ററിൽ ഒഴുകിയെത്തിയ ജനസമൂഹത്തെ സാക്ഷിയാക്കി  കലയുടെ വർണ വിസ്മയങ്ങൾ അരങ്ങേറിയപ്പോൾ രചിക്കപ്പെട്ടത് സംഘാടന മികവിന്റെയും ജനപങ്കാളിത്തത്തിന്റെയും പുതിയ അദ്ധ്യായമായിരുന്നു.

ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കു നേരെ കണ്ണടയ്ക്കാതെ, അതേ സമയം തന്നെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.

വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും. ക്രിയാത്മകമായ ആശയങ്ങൾക്ക് മുൻതൂക്കം നല്കിക്കൊണ്ട് ഗുണമേന്മയുള്ളതും ലോകനിലവാരം പുലർത്തുന്നതുമായ ഇവൻറുകൾ സംഘടിപ്പിക്കുക എന്നത് മലയാളം യുകെ ടീമിന്റെ നയപരിപാടിയുടെ ഭാഗമാണ്.

നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ

ബിനോയി ജോസഫ്, അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ.

ജോജി തോമസ്

ബ്രിട്ടണിലെ മലയാളികളുടെ ഇടയില്‍ പുതിയൊരു സംഘടന ഉദയം ചെയ്യുകയാണ്. സ്‌കോട്ട്‌ലാന്റിലെ വിവിധ മലയാളി സംഘടനകളെ കോര്‍ത്തിണക്കി കൂടുതല്‍ പ്രവര്‍ത്തന വ്യാപ്തിയുള്ള ഒരു ബഹുജന സംഘടനയാണ് രൂപീകൃതമാകുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. തുടക്കത്തിലുള്ള പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടുകളും വിലയിരുത്തുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മലയാളികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ എത്തിക്കുകയും അവിടുത്തെ മലയാളികളുടെ പൊതുസ്വത്താകുന്ന ഒരു സംഘടന കെട്ടിപ്പെടുക്കാനുമാണ് സംഘാടകര്‍ പരിശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. എട്ടോ അതിലധികമോ അംഗങ്ങളുള്ള സൗഹൃദ-കുടുംബ കൂട്ടായ്മകളേയും അസോസിയേഷനുകളേയും ക്ലബുകളേയും ഉള്‍കൊള്ളിക്കാനാണ് യുസ്മയുടെ നീക്കം ബ്രിട്ടണില്‍ ഇന്ന് മലയാളികളുടേതായി ഉള്ള മറ്റു പല സംഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കോട്ട്‌ലാന്റിലെ മൊത്തം മലയാളി സമൂഹത്തിന്റെ പ്രാതിനിധ്യം യുസ്മയ്ക്ക് സാധ്യമാകുമെന്ന് പ്രത്യാശിക്കാം.

പല കാരണങ്ങള്‍ കൊണ്ട് ബ്രിട്ടണില്‍ മലയാളി അസോസിയേഷനുകളുടെ ബാഹുല്യം ഉണ്ടെന്നുള്ളത് വസ്തുതയാണ്. ആശയപരമായ ഭിന്നതകള്‍ മുതല്‍ സൗന്ദര്യ പിണക്കങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ട്. മലയാളി അസോസിയേഷനുകളുടെ പ്രവര്‍ത്തനരീതികള്‍ പലപ്പോഴും ഓണം, ക്രിസ്തുമസ് ആഘോഷത്തിനപ്പുറത്തേയ്ക്ക് വളര്‍ന്നിട്ടില്ലാത്തതും എടുത്തുപറയേണ്ട ന്യൂനതയാണ്. അസോസിയേഷനുകളിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള പരിമിതികള്‍ പലപ്പോഴും മലയാളികള്‍ക്ക് പ്രയോജനപ്രജമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. ബ്രിട്ടണിലെ മലയാളി അസോസിയേഷനുകളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴെ കൊണ്ടുവരാന്‍ രൂപീകൃതമായ യുക്മ 10-ാം വാര്‍ഷികത്തിലേയ്ക്ക് കടക്കുകയാണെങ്കിലും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ക്രിയാത്മകമായ ഒരു പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലാണ്. ബ്രിട്ടണിലെ മുഴുവന്‍ മലയാളികള്‍ക്കുമായി രൂപീകൃതമായ യുക്മയ്ക്ക് സ്‌കോട്ടിഷ് മലയാളികള്‍ക്കായി ഒരു പ്രവര്‍ത്തനവും ഇല്ലാത്തതാണ് യുസ്മയുടെ രൂപീകരണത്തിന് കാരണമായത്.

പല നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലവും ഇംഗ്ലണ്ടില്‍ പോലും മുഴുവന്‍ മലയാളികളുടെയും പൊതുസ്വത്താകാന്‍ യുക്മയ്ക്ക് സാധിച്ചിട്ടില്ല. ഒരു പൊതുസംഘടനയില്‍ കാണുന്ന ജനാധിപത്യ മര്യാദകളോ പൊതു ചര്‍ച്ചകളോ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് വലിയ ദൗര്‍ബല്യമാണ്. ഒരു വര്‍ഷത്തില്‍ 30000ല്‍ അധികം പൗണ്ട് ചിലവഴിക്കുന്ന ഒരു സംഘടനയ്ക്ക് സുതാര്യമായ ഓഡിറ്റിങ്ങ് സംവിധാനങ്ങളാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് വാര്‍ഷിക പൊതുയോഗം അംഗീകരിക്കാതിരുന്നത് ഇത് വരെ പാസാക്കി എടുക്കാന്‍ ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ല.

യുകെയിലെ മലയാളികളുടെ പൊതു സംഘടന ഇന്നേവരെ യുകെയിലൊരിടത്തും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് മറ്റൊരു പരാജയം. സംഘടനയെ ചിലരുടെ ഇഷ്ടത്തിനൊത്ത് കൊണ്ടുപോകുന്നതിനുള്ള ഉപായമായാണ് ഇതിനെ കാണുന്നത്. വ്യക്തമായ നിയമാവലിയോടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയ്‌ക്കേ നിക്ഷിപ്ത താല്‍പര്യക്കാരുടെ പിടിയില്‍ നിന്ന് വഴുതി മാറി പൊതുനന്മയ്ക്കായി പ്രയത്‌നിക്കാന്‍ സാധിക്കൂ. നാട്ടിലെ സഹകരണസംഘം മോഡലിലുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പാണ് മറ്റൊരു വൈകൃതം. ഇത് അമിതമായ രാഷ്ട്രീയ അതിപ്രസരണത്തിന് കാരണമാകുകയും കഴിവും പുത്തന്‍ ചിന്താഗതിയുള്ളവര്‍ക്ക് കടന്നുവരാന്‍ അവസരം നിഷേധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ രാഷ്ട്രീയ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിച്ച് ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ സംഘടനയുടെ നേതൃത്വത്തില്‍ വരാനുള്ള പ്രവര്‍ത്തനങ്ങളുടെ സാംഗത്യം മനസിലാക്കാവുന്നതല്ല.

മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു സംഘടിത ശക്തി ആവശ്യമാണ്. പക്ഷേ ആ സംഘടിത ശക്തി ഉപയോഗിക്കുന്നത് പുരോഗമനപരമായ ആശങ്ങള്‍ക്കും മുഴുവന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുമായിരിക്കണം. പുത്തന്‍ ആശയങ്ങളും ചലനാത്മകമായ നേതൃത്വവും ഉള്ള ഒരു സംഘടനയ്ക്ക് സമൂഹത്തിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കും. കഴിഞ്ഞ കാലഘട്ടങ്ങളില്‍ പ്രവാസി മലയാാളി സംഘടനകളില്‍ വന്ന വീഴ്ചകളില്‍ നിന്നും കുറവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സ്‌കോട്ട്‌ലാന്റ് മലയാളികളുടെ ഉന്നമനത്തിനായി ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാവട്ടെ യുസ്മ എന്ന് നമുക്ക് പ്രത്യാശിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ബിജോ തോമസ് അടവിച്ചിറ

നിങ്ങളിൽ പ്രണയിക്കാത്തവർ ആരുണ്ട്……? അന്ന് കവികൾ പാടിയ പാട്ടുകൾ എല്ലാം പ്രണയത്തെ പറ്റി ആയിരുന്നു. ഒരു കാലങ്ങളിൽ സിനിമ ലോകം പോലും പ്രണയത്തിൽ ചുറ്റിപറ്റി നിന്നു, അത്രമേൽ നമ്മളെ ചെറുപ്പകാലങ്ങളിൽ സ്വാധീനിച്ച ഒരുപാടു പ്രണയ ചിത്രങ്ങളും കാണും. അതിലെല്ലാം പ്രണയം ദിവ്യം ആയിരുന്നു. പക്ഷെ ഇപ്പോളോ? കാണും, പക്ഷെ അത് വളരെ കുറച്ചു മാത്രം. കാലഘട്ടത്തിന്റെ മാറ്റത്തിൽ പ്രണയത്തിന് കാമത്തിന്റെ ഭാവം വന്നു. ഇപ്പോളും പ്രണയം പ്രണയമായി നിലനിൽക്കുന്നത് സിനിമയിൽ മാത്രം.

കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ കൗമാരകാല ആരംഭങ്ങളിൽ ഒരു പെൺകുട്ടിയുമായി വെറുതെ വർത്തമാനം പറഞ്ഞാൽ പോലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടി ആയിരുന്നു. ആ കാലങ്ങളിൽ പ്രണയം മൊട്ടിട്ടിരുന്നത് കോളേജിൽ വച്ചോ, ആരാധനാലയങ്ങളിൽ വച്ചോ, ബസിൽ വച്ചോ ആയിരുന്നു. ഒന്ന് കണ്ടു, പിന്നെ എപ്പളോ കണ്ടു, കണ്ണുകൾ തമ്മിൽ ഉടക്കി, പിന്നെ കാണാൻ മാത്രമായി ഉള്ള യാത്രകൾ . കത്തുകളിലൂടെയോ, ഹംസങ്ങളിലൂടെയോ അറിയിക്കുന്നതും ചിലരുടെ പ്രണയം വിജയിക്കുന്നതും ഒക്കെ ഓര്‍മ്മിക്കാനുള്ള അനുഭവങ്ങള്‍. മനോഹരമായി വളന്നത് ഒടുവിൽ പ്രണയിനിയെ നഷ്ടപ്പെടുമ്പോൾ താടിയും വളർത്തി നടന്ന കാലങ്ങൾ !!!

പക്ഷെ ഇന്നോ കാലം മാറി അതോടെ കോലോം മാറി. പ്രണയിക്കുന്നത് തന്നെ മൊബൈൽ ഫോണിലൂടെ ആണ്. അതിനു പെൺകുട്ടിയെ കാണണം എന്ന് പോലും ഇല്ല, എല്ലാം കാമത്തിന്റെ മായം. ഫോൺ സംഭാഷണത്തിലോ സോഷ്യല്‍ മീഡിയയിലോ തുടങ്ങി വിളിച്ചു രണ്ടാം നാൾ കിടപ്പറയിൽ എത്തുന്ന വികാരം. ഇതും പ്രണയമോ?

ഞാൻ ഇത് എഴുതാൻ കാരണമായ സംഭവം കൂടി വിവരിക്കട്ടെ

കുറച്ചു ദിവസങ്ങൾ മുൻപ് എന്റെ 6 വയസുള്ള മകൾ പനി മൂലം പാല സർക്കാർ ആശുപത്രിയിൽ കിടന്നു. സർക്കാർ ആശുപത്രി എങ്കിലും നല്ല വൃത്തിയും സംരക്ഷണവും ഉള്ള ഒന്നാന്തരം ആശുപത്രി. ഇത് ഇവിടെ പറയേണ്ട ആവിശ്യം ഇല്ല എങ്കിലും പറഞ്ഞു എന്ന് മാത്രം. അവിടെ രാത്രിയിൽ കുട്ടികളുടെയും സ്ത്രീകളുടെയും വാർഡിൽ പുരുഷൻമാർക്ക് പ്രവേശനമില്ല. ഉറങ്ങാൻ നേരം മുകളിലെ പുരുഷൻമാരുടെ വാർഡിൽ വരാന്തയിൽ പായ് വിരിച്ചു കൂട്ടമായി കിടക്കണം. വൃദ്ധൻമാർ മുതൽ ചെറുപ്പക്കാർ വരെ കാണും അവിടെ. ഈ സമയം ഒരു 30ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു വിദ്വാൻ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നടയിൽ ഇരിക്കുന്നുണ്ട്. ശബ്ദ കോലാഹലങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കുന്നില്ല. പക്ഷെ സമയം 10.30 ഓട് അടുത്തപ്പോൾ എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴും പുള്ളിയുടെ സംസാരം കഴിഞ്ഞിരുന്നില്ല.

സംസാരം മുഴുവൻ അവിടെ ഉള്ള എല്ലാവര്‍ക്കും ഇപ്പോൾ നന്നായി കേൾക്കാവുന്ന സ്ഥിതി ആയി. സംസാരം ഏതോ യുവതിയോട് ആണ്. എല്ലാവരുടെയും ശ്രദ്ധ ആ യുവാവിലേക്ക് ആയി. ആള് അങ്ങ് കത്തി കയറുകയാണ്. അയാളുടെ സംസാരത്തിൽ നിന്നും മറുതലക്കൽ ഉള്ളത് വിവാഹിതയായ സ്ത്രീ ആണ് എന്നും അവരുടെ ഭർത്താവ് ജോലി സംബന്ധമായി വിദേശത്ത് ആണ് എന്നും മനസിലായി. കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചു വർത്തമാനം പറച്ചിലിന്റെ ഭാവം മാറി കേട്ടാൽ അരോചകത്വം തോന്നുന്ന നിലയിലേക്ക് മാറി.

ഇപ്പോൾ കണ്ടു വരുന്ന എല്ലാ മൊബൈൽ, സോഷ്യൽ മീഡിയ പ്രണയങ്ങളുടെയും സ്ഥിതി ഇതാണ്. അച്ഛന്റെയും മുത്തച്ഛന്റേയും പ്രായമുള്ള ആളുകളുടെ മുൻപിൽ പോലും ഒരു കൂസലുമില്ലാതെ, പിന്നീടുള്ള യുവാവിന്റെ സെൻസർ ചെയ്യണ്ട വാക്കുകൾ കേട്ടിട്ട് എന്നെപോലെ തന്നെ പലർക്കും പ്രതികരിക്കാൻ തോന്നി. പലരും കമെന്റുകൾ പാസാക്കാൻ തുടങ്ങി മതിയെടാ പോയി കിടന്നുറങ്ങു എന്നും ചിലർ രണ്ടു വർത്തമാനവും പറഞ്ഞു….ഒടുവിൽ യുവാവ് പുറത്തേക്ക് ഇറങ്ങി പോയി…. ഇവിടെ ആരും സദാചാര പോലീസ് ആയി മാറിയതല്ല. പിന്നെയോ? ഇതിനെ പ്രണയം എന്ന് വിളിക്കാമോ ? നിങ്ങൾ തന്നെ പറയൂ.

മറ്റൊരാളുടെ ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് കടന്നു ചെന്ന് അവന്റെ ജീവിതം തകർക്കുന്നതോ നിങ്ങളുടെ കണ്ണിലെ അമൂല്യ പ്രണയം? അത് നമ്മുടെ സംസ്കാരത്തിന് ചേർന്നതാണോ? നിങ്ങളുടെ സുഖത്തിനു വേണ്ടി കുടുംബബന്ധങ്ങൾ തകർത്തെറിയുമ്പോൾ ഒന്നും അറിയാതെ അവിടെ കളിച്ചു വളരുന്ന ബാല്യങ്ങൾ കൂടി പിച്ചി ചീന്തപ്പെടുന്നു. കിട്ടിയ സുഖങ്ങളെക്കാള്‍ വലുതാണ് ഒലിച്ചു പോകുന്ന ജീവിതം എന്ന് അറിയാൻ എല്ലാവരും വൈകും. കണ്മുൻപിൽ ഇതുപോലെ പല ദുരന്ത അനുഭവങ്ങളും കണ്ടാലും എന്തെ നമ്മൾ പഠിക്കാത്തത്. വെറും ഒരു കൌൺസിലിംഗ് കൊണ്ടോ ചാനലുകൾ തോറുമുള്ള സംവാദം കൊണ്ടോ ഒരു മാറ്റവും ഉണ്ടാകില്ല. അതിനു കാരണം നമ്മുടെ സംസ്കാരം വിട്ടുള്ള കൂടുമാറ്റം തന്നെ ആണ്.

പണ്ട് വിവാഹിതനായി കുടുബബന്ധങ്ങളിലേക്കു പ്രവേശിക്കുന്നത് വരെ ഭൂരിഭാഗം യുവതി യുവാക്കൾക്കും മാതാപിതാക്കളോട് ബഹുമാനവും, അനുസരണയും ആയിരുന്നു. ഇന്നോ വളരെ ചുരുക്കം കുടുംബങ്ങൾ ഒഴിച്ച് നിർത്തിയാൽ എന്താണ് അവസ്ഥ? അതുകൊണ്ടു നമ്മുടെ സംസ്‍കാരം ഉടലെടുക്കുന്നത് കുടുബ ബന്ധങ്ങളിൽ നിന്നും തന്നെയാണ്. ഏത് ജാതി മത വിശ്വാസി ആയാലും സ്വന്തം വീട്ടിൽ നിന്നും തന്നെ ഭാവി തലമുറ നല്ലതു കണ്ടു പഠിക്കാവുന്ന രീതിയിൽ കുടുംബങ്ങൾ മാറണം. അവിടെ നിന്നെ നൻമയുടെ പാതയിൽ നയിക്കുന്ന പൊതു സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ. സംസ്കാരം നമ്മുടെ ആണ് അല്ലാതെ മറ്റുള്ളവരെ കണ്ടു പഠിക്കാനുള്ളതല്ല. ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി വെറും ക്ലിപ്പുകളായി മാറണോ നിങ്ങളുടെ വിലയേറിയ ജീവിതമെന്ന് ചിന്തിക്കൂ. സ്വന്തം ജീവിതം കാമാവേശത്തോടെ വലിച്ചെറിഞ്ഞു നശിപ്പിക്കുന്നവരെ നിങ്ങളോടു പറയാൻ ഇത്ര മാത്രം, എറിഞ്ഞ കല്ലും, കഴിഞ്ഞു പോയ ജീവിതവും ഒരിക്കലും തിരിച്ചു വരില്ല

ആരും തെറ്റിദ്ധരിക്കരുത്, ഞാനുദ്ദേശിച്ചത് എല്ലാ സ്ത്രീപുരുഷന്മാരെയുമല്ല…
മറിച്ച് വഴിതെറ്റി പോകുന്ന ഇന്നത്തെ തലമുറയിലെ ജീവിത രീതിയെ ആണ്
പ്രണയം എന്ന പവിത്രമായ വികാരത്തെ അതിന്റെ പരിശുദ്ധിയോടും കൂറോടും കൂടി കാണാത്ത, പ്രണയത്തെ കാമശമനിയിലെക്കെത്താനുള്ള ഒരു തൂക്കുപാലമായി കാണുന്ന ഇന്നത്തെ തലമുറയോടുള്ള അടങ്ങാത്ത  രോഷവും…………

ന്യൂ ജെൻ സൗഹൃദങ്ങൾ സോഷ്യൽ മീഡിയയിലൂടെ മാത്രമായി മാറുന്നുവോ, ലൈക്കിലൂടെ ഓടുന്ന കൂട്ടുകെട്ടുകൾക്ക് നന്മനഷ്ടപെടുന്നുവോ ?

ബിജോ തോമസ് അടവിച്ചിറ എഴുതുന്നു ……

കാലത്തിന്റെ മാറ്റത്തിൽ ഈ തലമുറയ്ക്ക് നഷ്ടപ്പെടുന്നത് ഓർത്തിരിക്കാൻ ഒരുപിടി നല്ല നാളുകളായി മാറുന്നു . കാലഘട്ടത്തിനു അനുസരിച്ചുള്ള  മാറ്റങ്ങൾ പ്രകൃതിയെ ചൂഷണ ചെയ്യുന്നതുപോലെ , ശാസ്ത്രത്തിന്റെ വളർച്ച പുതു തലമുറയെ ഒരു കൈ വിരലിൽ ലൈക്കുകളുടെയും മെസ്സേജുകളുടെയും ലോകത്തു ഒതുക്കി നിർത്തുന്നു. ഒരു പരിധിവരെ മാത്രം ആവശ്യമുള്ള ന്യൂ ജെൻ കൂട്ടായ്മയായ വാട്ട്സ് അപ്പ് , ഫേസ് ബുക്കും ഒതുക്കിയിടുന്നത് പുതിയ തലമുറയുടെ നല്ലൊരു നാളെയെ ആണ്.  അപ്പോൾ നിങ്ങളിൽ ചിലർ ചോദിക്കും അതുകൊണ്ട് എന്താണ് എന്ന് ? എല്ലാം ആവിശ്യം ആണ് ആവിശ്യത്തിന് മാത്രം എന്ന് ഉള്ളൂ !!! അന്യദേശങ്ങളിൽ പാർക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു കൈ വിരലിന്റെ തുമ്പിൽ കൊണ്ട് വരുന്ന സോഷ്യൽ മീഡിയ സൗഹൃദം നല്ലത് തന്നെ, പക്ഷെ അത് പരിധി വിടുമ്പോൾ നഷ്ടപ്പെടുന്നത് നിങ്ങളുടെ നല്ല നാളുകളുടെ കുട്ടുകെട്ടുകളുടെ ആ ഓർമ്മകൾ ആയിരിക്കും !

കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർമ്മകളുടെ രേഖകളാണ്. വേദനിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയുന്ന ഭൂതകാലം …… കാലം അതിന്റെ വഴികൾ  പിന്നീടുപ്പോഴും ഓർമ്മകൾ പെയ്തുകൊണ്ടിരിക്കും.

എന്റെ ചെറുപ്പകാലത്തെ കൂട്ടുകെട്ടുകൾ ജാതി മത വര്ഗിയതകൾക്കു അതീതം ആയിരുന്നു, തൊടിയിൽ കളിച്ചു നടന്ന പ്രായം തൊട്ടു ജീവിത പങ്കാളിയെ ചേർത്ത് വയ്ക്കുന്ന കാലം വരെ അത് ഞാൻ തുടർന്നു. ഇന്ന് കാലം മാറി തൊട്ടതിനും ഇല്ലാത്തതിനും സോഷ്യൽ മീഡിയ വഴി ജാതിയുടെയും മതത്തിന്റെയും പിന്നെ മറ്റുപലതിന്റെയും  പേരിൽ പരസ്പരം ചെളിവാരിയെറിഞ്ഞു കൂട്ടുകെട്ടുകൾ അളന്നു നിർത്തി ഒരു രേഖ വരക്കുന്നു.  ആ കാലങ്ങളിൽ സഹൃദം ഇങ്ങനെ അല്ലായിരുന്നു . എന്റെ ചെറുപ്പകാലം ഒരു ഗ്രാമത്തിൽ ആയിരുന്നു എന്നും  ഓർത്തിരിക്കാൻ ഒരു പിടി നല്ല നാളുകൾ തന്ന ആ കുട്ടനാടൻ ഗ്രാമത്തിലേക്ക് നിങ്ങളെ ഞാൻ കൂട്ടികൊണ്ടു പോകാം !!!

മഴക്കാല ഓർമ്മകളോടെ തുടങ്ങാം …. ഒരു മഴക്കാലത്തോടെ ആണല്ലോ സ്കൂൾ തുറക്കലും അന്നത്തെ കുട്ടികാലത്തെ പ്രധാന വിനോദം ചൂണ്ട ഇട്ടു മീൻ പിടിത്തം ആണ്. ക്ലാസ് വിട്ടു വന്നാൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് അടുത്തുള്ള തോടുകളിൽ മീൻപിടുത്തമാണ് അതും ഒരുമിച്ചു ഒരു കൂടയിൽ ഈർക്കിൽ കോർത്ത്….   ഒരു ആറുമണിയോട് കൂടി മീൻ പിടുത്തം നിർത്തി വീതം വയ്ക്കും പിന്നെ തോട്ടിലെ  കുളിയാണ്… കന്നിനെ കയം കാണിച്ചതു പോലെ തോട്ടിലെ ചെളിമുഴുവൻ അടിച്ചു തകർത്തു. വെള്ളം കോരനും അലക്കാനും വരുന്ന അമ്മമാരുടെയും , ചേച്ചിമാരുടെയും വായിലെ വഴക്കു മുഴുവൻ കേട്ട് അതെങ്ങനെ നീളും.

സ്കൂൾ അവധി ദിനങ്ങളിൽ മീൻ പിടുത്തതിനൊപ്പം ചില കളികളും കാണും അതിൽ പ്രധാന കളികൾ ചിലത് ഇങ്ങനെ .. സിഹാർട്ട് പാക്കറ്റ് കളക്ടര് ചെയ്തു വെക്കും പിന്നീട് അതിനു ഒരു വിലയിടും, വിൽസ്, സിസ്സർ പിന്നെ മൾബറോ അങ്ങനെ !!! അത് ഒരു കളത്തിൽ ഒന്നിന് മുകളിൽ ഒന്നായി അടുക്കും എന്നിട്ട് കുറച്ചു അകലെ നിന്ന് ചെരുപ്പുകൊണ്ട് അതിനെ ലക്ഷ്യമാക്കി എറിയും കളത്തിനു പുറത്തു വീഴുന്നത് എറിയുന്ന ആൾക്ക് എടുക്കാം, പിന്നെ ഉള്ള ഒരു പ്രധാന കളി വട്ടു കളി ആണ് …. തലക്ക് വട്ടു അല്ല ഓഹ് ഗോലി ഗോലി … അതുകൊണ്ടു പലതരം കളികൾ ഉണ്ട് കേട്ടോ ‘മൂപ്പച്ച’ ഏറ്റവും dangerous കളി അതാണ്. മൂന്ന് കുഴി കുഴിച്ചുള്ള കളിയിൽ തോൽക്കുന്ന ആൾ കൈ മടക്കി നിലത്തു വച്ച് കൈ മൊട്ടക്കിട്ടു ഗോലി കൊണ്ട് ജയിക്കുന്ന ആളുടെ കൈയിൽ നിന്നും അടിവാങ്ങണം, രസകരമായ ഓർമ്മകൾ പലരും ചേട്ടൻമാരുടെ അടികൊണ്ടു കരഞ്ഞിട്ടുണ്ട് ഞാനും. വർഷങ്ങളോളം കുട്ടുകാർ ഈ ഒറ്റ കളി കാരണം പിണങ്ങിയും ഇരുന്നിട്ടുണ്ട് ഇപ്പോൾ ഓർക്കുമ്പോൾ എല്ലാം ഒരു തമാശ !!! പിന്നെ ഉരുട്ടു ഒറ്റ തുടങ്ങിയ കളികളും…..  പഠിത്തത്തോടൊപ്പം അങ്ങനെ പോകും എല്ലാ ദിവസങ്ങളും

ഓർമകളിലെ ഓണം വിളിക്കുന്നു പിന്നെയും….

ഓണകാലമായ പിന്നെ ബഹു രസമാണ് കളികൾ കൂടും അവധിക്കു എന്റെ മൂന്ന് കുഞ്ഞു അനിയൻമാരുമായി പേരമ്മയുടെ വീട്ടിലേക്ക്. അവിടെ ചേച്ചിയും ചേട്ടനും ഉണ്ട്. അവിടെ പോയാൽ ടേപ്‌റെക്കോഡിൽ പാട്ടുകൾ കേൾക്കാം ….. പിന്നെ ഓണത്തിന്റെ ദിവസങ്ങൾ അടുക്കുമ്പോൾ രാത്രിയിൽ രാവെളുക്കുവോളം ഓരോ ഒരോ കളികളാണ് തുമ്പി തുള്ളൽ, കബഡി, പഴുക്കാ, കുലുക്കി കുത്തു പിന്നെയും പേര് മറന്നു പോയ പലകളികളും, ഇന്നത്തെ പോലെ അന്ന് ടി വി യും ചാനലുകളും അധികം ആർക്കും ഇല്ലാത്തതുകൊണ്ട്, സകല ആളുകളുടെയും കൂട്ടായ മത്സരങ്ങൾ ആയിരുന്നു . എന്റെ സ്കൂൾ കാലത്തെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഇതായിരുന്നു  എല്ലാം മധുരമുള്ള ഓർമ്മകൾ

Image result for kerala thumpi thullal onakaili

        തുമ്പി തുള്ളൽ 

കുറച്ചു കൂടി വളർന്നപ്പോൾ കാര്യങ്ങൾ മാറി ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് വീട്ടിൽ ടിവി മേടിക്കുന്നത് സ്കൂൾ വിട്ടു വരും വഴി വഴിയിൽ വച്ച് ഒരു ചേട്ടൻ പറഞ്ഞു നിന്റെ വീട്ടിൽ ആന്റിന ഫിറ്റ് ചെയുന്നത് കണ്ടു എന്ന് പിന്നെ ഒരു ഒന്നര കിലോമീറ്റര് ഞാൻ ഇങ്ങനെ വീട്ടിലെത്തി എന്ന് എനിക്ക് ഇന്നും അറിയില്ല. ഈ തലമുറയിൽ  ജീവിക്കുന്ന ഒരു അഞ്ചാം ക്ലാസുകാരന് ഇത് ഒരു അത്ഭുതമായി തോന്നില്ലാരിക്കാം കാരണം LKG  പഠിക്കുന്ന കുട്ടിക്ക് വരെ ടാബ് ഫോൺ ഉള്ള കാലം ആണ് ഇന്ന്.  അന്ന് പക്ഷെ  പിന്നെ ദൂരദർശൻ മാത്രമുള്ള ഒരു ലോകത്തു ടിവി കാഴ്ചകൾ വല്ലപ്പോഴും വരുന്ന ഞായറാഴ്ച മലയാളം സിനിമ കാണാൻ അന്ന് വീട്ടിൽ തിയറ്ററിലെ പോലെ ആളായിരുന്നു. ടിവിയോടൊപ്പം ഞങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു കളികൂടി കടന്നു വന്നു ക്രിക്കറ്റ് പിന്നെ അത് മാത്രമായി ഞങ്ങളുടെ കളി, റോഡിലും കൃഷി കഴിഞ്ഞ പാടത്തു, പഞ്ചായത്തു പറമ്പിലും ആയി ക്രിക്കറ്റ് മാത്രം തലയ്ക്കു പിടിച്ചു സ്കൂളിലും പഠിത്തത്തിനും ഇടയിലും ക്രിക്കറ്റ് കളിയും ക്രിക്കറ്റ് കാഴ്ചകളുമായി പറന്നു നടന്നു.

എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എത്തിപ്പെട്ടത് ആകട്ടെ  പുതിയ ഒരു ലോകത്തും അതും  പ്രസിദ്ധമായ ചങ്ങനാശേരി  എസ് ബി കോളേജ് എന്ന കലാലയ മടിത്തട്ടിൽ. ഇന്നത്തെ തലമുറയ്ക്ക് കാലഹരണപ്പെട്ടു നഷ്ടപ്പെട്ടും തിരനഷ്ടവും ആയ ഒരു കോഴ്സ് പി ഡിഗ്രി കാലഘട്ടം സ്കൂൾ ജീവിതത്തിന്റെ പേടിപ്പെടുത്തുന്ന ക്ലാസ്സിൽ നിന്നും ആരും ചോദിക്കാനും നിർബന്ധിച്ചു ക്ലാസ്സിൽ ഇരുത്താനും ഇല്ലാത്ത കാലം പിന്നെ പറയണോ കഥ…. അടിച്ചു പൊളിച്ചു സിനിമ തിയേറ്ററും, പാർക്കും, ബസ്ഡേയും, കണ്ണുകൾ കൊണ്ടുള്ള പ്രണയവും, പ്രണയ ഹംസങ്ങളായും, ജീവിതത്തിലെ എന്നെ വരെ ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിച്ച ദിവസങ്ങൾ…. ഒരു മനുഷ്യന്റെ ജീവിതത്തിൽ അവന്റെ  വിധി  ഇങ്ങനെ മാറും എന്നറിയുന്ന പ്രായം… അവിടെ തോൽക്കാതിരിക്കാൻ ശ്രമിക്കാം….

അവിടെയും ഓർത്തിരിക്കാൻ ഏറ്റവും നല്ല നിമിഷങ്ങൾ തന്നത്    സ്റുഡൻസിനു മാത്രം യാത്ര ചെയ്യാനുള്ള ആ കെഎസ്ആർടിസി ബസും കോളേജ് ഗ്രൗണ്ടും ആർട്സ് ബിൽഡിങ്ങും ആണ്. തകർക്കുകയായിരുന്നു ജീവിതം ഒരുക്കലും മറക്കാത്ത, ഇപ്പോളും ഓർക്കുമ്പോൾ  ഇന്നും കണ്ണിലൂടെ ഒരു നേർത്ത ഈറൻ അണിയിച്ചു ഓർമ്മപ്പെടുത്തുന്ന സന്തോഷകരമായ നിമിഷങ്ങൾ, അവസാനം കുട്ടുകാരെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു പോയ നിമിഷങ്ങൾ വരെ മനസിലൂടെ കടന്നു പോയിപിന്നീട്  ലൈഫിന്റ വിധി നിർണ്ണയിക്കുന്ന  കോഴ്സുകളുടെ ലോകത്തെ മാറിയെങ്കിലും കുട്ടുകാരെ കൂടെ കുട്ടി തന്നെ മുന്നോട്ടു പോയത് പിന്നീടുള്ള വിനോദം അവധി ദിവസങ്ങളിൽ മാത്രം ആയി, അവധി ദിവസം ഒത്തുകൂടും വർത്തമാനം പറയും പരസ്പരം കളിയാക്കും കൌണ്ടർ ഒരു ലോകം. ഇപ്പോളും അത് ഉണ്ട് പക്ഷെ പേര് മാറി ട്രോൾ എന്നായി എന്ന് മാത്രം. ചിലർ കുട്ടുകാർ ഞങ്ങൾക്ക് മുൻപേ പഠനം മതിയാക്കി അപ്പോൾ ജോലിയിൽ പ്രവേശിച്ചിരുന്നു. ശനി ആഴ്ചകളിൽ അവർ വരുന്നതും കാത്തു നേരം ഇരുട്ടിയും ഇരിക്കും വന്നാൽ    അവരെ  തട്ടുകടയിൽ കൊണ്ട് പോയി ദോശ വാങ്ങിപ്പിക്കും . പാവം ഇപ്പോൾ ഓർക്കുമ്പോൾ എത്രനാൾ അവന്മാരെ അങ്ങനെ പറ്റിച്ചു . പിന്നീട് ഞങ്ങളുടെ ഗ്രാമത്തെ മാറ്റി മറിച്ച ഒരു സംഭവം ആയിരുന്നു ക്യൂസറ്റിന്റെ കോളേജ് ഞങ്ങളുടെ നാട്ടിലേക്കു വന്നത്

2002 ൽ  ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്ന കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ പ്രൊഫഷണൽ കോളേജ് ഞങ്ങളുടെ ഗ്രാമത്തിന്റെ മുഖഛായയെയും അതോടൊപ്പം ഞങ്ങളുടെ സൗഹൃദങ്ങളെയും മാറ്റി മറിച്ചു.  പുതിയ കൂട്ടുകാരായി. ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളിൽ ഉള്ള കൗമാരക്കാർ, കൂടെ ഈ നാട്ടുകാർ കുറച്ചു ഹിന്ദിയും പഠിച്ചു. ജോലിക്കും പഠിത്തത്തിനും ഇടയിൽ നാട്ടിലുള്ള ഞങ്ങൾ സുഹൃത്തുക്കൾ പിന്നീട് സമയങ്ങളിൽ ഒത്തുകൂടുന്നു കേരളത്തിലെ പലദേശങ്ങളിനിന്നും ഇവിടെ വന്നു പഠിക്കുന്ന വിദ്ധാർത്ഥികളുടെ ഹോസ്റ്റൽ, ഹോം സ്റ്റേകളിലാക്കി,  അവരിൽ പലരും ഞങ്ങളുടെ വീടുകളിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. ഞങ്ങളുടെ നാട്ടിലെ എല്ലാ കലാപരിപാടികൾക്കും അവരും ഒപ്പം കൂടി. ഞങ്ങളുടെ പെങ്ങമ്മാരുടെ കല്യാണത്തലേന്നു സഹായിക്കുന്നത് മുതൽ എല്ലാ ആഘോഷങ്ങളിലും അവരും ഞങ്ങൾക്കൊപ്പം കൂടി. അവരുടെ താമസസ്ഥലങ്ങൾ ഞങ്ങൾ ഉത്സവപ്പറമ്പുകൾ ആക്കി. കോളേജ് ജീവിതം കഴിഞ്ഞു അവർ തിരിച്ചു പോകുമ്പോൾ ഞങ്ങളോടൊപ്പം അവരിൽ പലരും കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു.

പിന്നെയും ഞങ്ങൾ കൂട്ടുക്കാർ മാത്രം തനിച്ചായി എന്നും വൈകുന്നേരങ്ങളിൽ വീടിനടുത്തുള്ള ആൾ താമസമില്ലാതെ ഒരു ബംഗ്ളാവിന്റെ ഒരു മതിലിൽ ഒത്തുകൂടുമായിരുന്നു വര്ഷങ്ങളോളം ഞങ്ങളെ പിന്തുടർന്ന് പോന്ന ഒരു ആചാരം  ഒരു 20 ഓളം ചെറുപ്പക്കാർ ഒത്തുകൂടി പിന്നെ എന്തായിരിക്കും ഇരിപ്പും, വർത്തമാനം പറച്ചിലും ഷാപ്പിൽ പോകും പിന്നെ നടൻ പാട്ടും …….  പ്രായം കുടുതോറും എല്ലാം കഴിഞ്ഞു വർഷങ്ങൾ പോയതറിയാതെ… ഓർക്കുമ്പോൾ മനസിനെ വല്ലാതെ ആ ഓർമ്മകൾ വേദനിപ്പിക്കുന്നു അതെ നിങ്ങളിൽ പലര്ക്കും കിട്ടാത്ത ഇനി വരുന്ന ഒരു തലമുറക്ക് സിനിമയിൽ മാത്രം കാണുന്ന ഒരു കഥയായി മാത്രം കാണാൻ കഴിയുന്ന യഥാർത്ഥ ജീവിതം…..കാലങ്ങൾ മാറുകയാണ് കാലങ്ങൾക്കൊപ്പം സൗഹൃദങ്ങളും വരും തലമുറയുടെ സൗഹൃദ സങ്കൽപ്പങ്ങൾ നമ്മുക്കോ നമ്മുടെ അന്നത്തെ കൂട്ടുകെട്ടുകൾ ഇവർക്കോ ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ലായിരിക്കും, പക്ഷെ മൊബൈൽ ഫോണുകളും, ഇന്റെനെറ്റും ഇല്ലായിരുന്ന കാലത്തെ കുട്ടുകെട്ടുകൾക്കു ആർദ്രമായ ഹൃദയത്തിൽ എന്നും മഞ്ഞുകോരിയിടുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു അത് എന്തെന്ന് എനിക്കും അറിയില്ല പക്ഷെ ഒന്ന് മാത്രം പറയാം

ഒരിക്കൽ മാത്രം സന്തോഷിപ്പിക്കുകയും പിന്നീടുള്ള ഓർമ്മകളിൽ മനസിനെ നൊമ്പരപ്പെടുത്തുന്ന സുഖമുള്ള ഓർമ്മകളാണ് സൗഹൃദം……

നിങ്ങളുടെ ഓർമ്മകൾ മഞ്ഞുതുള്ളിപോലെ  പെയ്യുകയാണ് . ഓർമ്മകൾ മറവിയിലേക്കു വിസ്മരിക്കപ്പെടുന്നതിനു മുൻപ് ഓർക്കുക ഓർമ്മകളെ !!!

ബ്രിട്ടണിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സന്തോഷവാര്‍ത്തയാണ് മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതും, പുതുതലമുറയെ മലയാളം പഠിപ്പിക്കുന്നതിനായി ഉണ്ടായിരിക്കുന്ന ശ്രമങ്ങളും. കേരള സര്‍ക്കാര്‍ സംരംഭമായ മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടണില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ മാതൃഭാഷയായ മലയാളം തലമുറകളിലേയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെയും, മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളോട് കാര്യക്ഷമമായി സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതൊരു സംസ്‌കാരത്തെ സംബന്ധിച്ചിടത്തോളവും അതിന് ഭാഷയുമായി അഭേദ്യമായ ബന്ധമുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഭാഷയെന്ന് പറയുന്നത് തലമുറകെ കോര്‍ത്തിണക്കുന്ന കണ്ണിയാണ്. ഭാഷ മറക്കുമ്പോഴും, അറിയാതെ പോകുമ്പോഴും തലമുറകളും നാടുമായുള്ള ബന്ധമാണ് അറ്റുപോകുന്നത്. നമ്മള്‍ നമ്മുടെ സ്വന്തമെന്ന് കരുതുകയും അഭിമാനിക്കുകയും ചെയ്യുന്ന സംസ്‌കാരത്തിന്റെ നന്മകളും നല്ല വശങ്ങളുമാണ് കൈമോശം വരുന്നത്.

പ്രവാസിയായാലും നാടിനെയും നാട്ടിലെ ഓര്‍മ്മകളെയും ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നവനാണ് മലയാളി. മലയാളത്തിന്റെ മണമുള്ള ജനിച്ച മണ്ണിലേയ്ക്ക് ഒരു തിരിച്ചുപോക്ക് മനസുകൊണ്ടെങ്കിലും ആഗ്രഹിക്കാത്തവരായി ആരുമില്ല. അന്യനാട്ടില്‍ ചോര വിയര്‍പ്പാക്കി ഉണ്ടാക്കുന്ന സമ്പാദ്യം കേരളത്തില്‍ നിക്ഷേപിക്കുന്നവരുടെ പ്രചോദനം ഈയൊരു സ്വപ്‌നമാണ്. പാശ്ചാത്യ നാടുകളില്‍ കുടിയേറിയ ഭൂരിഭാഗത്തിനു ഈയൊരു ആഗ്രഹം സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ് പതിവ്. ജീവിതം ഹോമിച്ച് നേടിയ സാമ്പാദ്യങ്ങള്‍ അടുത്ത തലമുറയ്ക്ക് ഉപയോഗിക്കുന്നതിനോ വിനിയോഗിക്കുന്നതിനോ മലയാള ഭാഷ പരിമിതമായെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വലിയ ഭാഷാ പരിജ്ഞാനമൊന്നുമില്ലെങ്കിലും ബസിന്റെ ബോര്‍ഡ് എങ്കിലും വായിക്കാന്‍ അടുത്ത തലമുറ പ്രാപ്തരാകണം. സ്വന്തം വീടിനുള്ളില്‍ മലയാളം സംസാരിക്കുകയാണെങ്കില്‍ കുട്ടികള്‍ ഭാഷ പഠിക്കുവാന്‍ എളുപ്പമാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികളെല്ലാം ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം നേടുമെന്നതുകൊണ്ട് കേരളത്തിലെ പോലെ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ കഷ്ടപ്പെടേണ്ടതില്ല. പ്രവാസി സംഘടനകളുമായി സഹകരിച്ച് മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുകയാണ് മലയാളം മിഷന്റെ ശ്രമം. ”എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്നതാണ് മലയാളം മിഷന്റെ ലക്ഷ്യം. പഠനോപാദികളും മറ്റ് സഹായങ്ങളും മലയാളം മിഷന്‍ വാഗ്ദാനം ചെയ്യുന്നു. പ്രവാസി മലയാളിക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഈ സംരഭത്തോട് സഹകരിക്കാന്‍ ബ്രിട്ടണിലെ മലയാളികള്‍ തയ്യാറായാല്‍ തീര്‍ച്ചയായും നമ്മുടെ ഭവനങ്ങളിലും മലയാളത്തിന്റെ മണിനാഥം മുഴുങ്ങും.

ഇന്ന് ഏതാണ്ട് മൂന്നരക്കോടി ജനങ്ങള്‍ സംസാരിക്കുന്ന മലയാള ഭാഷയുടെ ആവിര്‍ഭാവം 6-ാം നൂറ്റാണ്ടില്‍ ആയിരുന്നു. കേരളത്തിനു പുറമെ ലക്ഷദ്വീപ്, പോണ്ടിച്ചേരി, പ്രദേശങ്ങളില്‍ മലയാളം പ്രധാന ഭാഷയായുള്ളത്. മലനിരകളിലെ ജനങ്ങളുടെ ഭാഷയെന്ന അര്‍ത്ഥത്തിലാണ് മലയാളം എന്ന പേരിന്റെ ഉത്ഭവം. ചെന്തമഴില്‍ നിന്നാണ് മലയാളം രൂപപ്പെട്ട് വന്നത് എന്ന് കരുതപ്പെടുന്നു. മലയാളം ഭാഷയ്ക്ക് സ്വന്തമായ രൂപവും ഭാവവും കൈവരിച്ചത്. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എഴുത്തച്ഛന്റെ കാലഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ എഴുത്തച്ഛന്‍ ആധുനിക മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നു. നാടോടി ഗാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ 13-ാം നൂറ്റാണ്ടുവരെ മലയാള ഭാഷയില്‍ സാഹിത്യരചനകള്‍ നടന്നതിന് തെളിവുകളില്ല. ഭാഷയ്ക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായ കാലഘട്ടമാണ് 17-ാം നൂറ്റാണ്ട്. ആട്ടകഥ ഈ കാലഘട്ടക്കിന്റെ സംഭാവനയാണ്. 18-ാം നൂറ്റാണ്ടില്‍ സ്വാതി തിരുന്നാളിന്റെ കാലഘട്ടത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളര്‍ച്ചയുടെ നാളുകള്‍ ആയിരുന്നു. ഈ കാലഘട്ടത്തിലാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ വിദ്യാഭ്യാസരംഗത്ത് സജീവമാകുന്നത്. ഡോ. ഗുണ്ടര്‍ട്ടിനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് കാരണമായെങ്കിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം ഭാഷയുടെ വളര്‍ച്ചയ്ക്ക് തടസമാകുകയും സ്വന്തം ഭാഷയോടുള്ള മനോഭാവത്തിലും സമീപനത്തിലും തെറ്റായ മാറ്റത്തിന് കാരണമാകുകയും ചെയ്തു.

മലയാള ഭാഷയെ വളര്‍ത്താന്‍ വ്യക്തികള്‍ക്കും സമൂഹത്തിനു പലതും ചെയ്യാന്‍ സാധിക്കും. ബ്രിട്ടണിലെ പ്രവാസി മലയാളി സംഘടനകളെ സംബന്ധിച്ചിടത്തോളം മലയാള ഭാഷയെ വളര്‍ത്താന്‍ ചെയ്യുന്ന ഓരോ ചെറിയ കാല്‍വയ്പുകളും അവരുടെ നിലനില്‍പ്പിന്റെയും പ്രസക്തിയുടെയും ഭാഗം കൂടിയാണ്. ബ്രിട്ടണിലെ ഓരോ പട്ടണങ്ങളെയും കേന്ദ്രീകരിച്ച് ഇന്ന് മലയാളി സംഘടനകള്‍ ഉണ്ട്. പക്ഷേ പുതുതലമുറയിലെ കുട്ടികള്‍ യുവത്വത്തിലേയ്ക്ക് പ്രവേശിക്കുന്നതോടെ മലയാളി അസോസിയേഷനുകളുമായി സഹകരിക്കുന്നതിനുള്ള താല്‍പര്യം കുറയുകയാണ്. ഇതിനൊരു പ്രധാന കാരണം ഭാഷയിലും സംസ്‌കാരത്തിലുമുള്ള അപരിചിതത്വമാണ്. മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുവാന്‍ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നതിലൂടെ മലയാളി അസോസിയേഷനുകള്‍ക്ക് പുതുതലമുറയെ നാളെകളിലും തങ്ങളുടെ വേദികളില്‍ കൊണ്ടുവരാന്‍ സാധിക്കും. മാത്രമല്ല ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ മാത്രമായി ചുരുങ്ങുന്ന മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ മുഖം നല്‍കാനും മലയാള പഠനം ഉപകരിക്കും.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ജോജി തോമസ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയ ലോക ശാക്തിക ചേരിയില്‍ ആധുനിക ഇന്ത്യയുടെ പ്രസക്തി വിളിച്ചോതിയുള്ള വിളംബരയാത്ര ആരംഭിച്ചിട്ട് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പക്ഷേ സ്വദേശത്തും വിദേശത്തും ഡിജിറ്റല്‍ ഇന്ത്യയുടെ മാറിയ മുഖത്തിനു പകരം രൂപപ്പെട്ടുവരുന്ന പ്രതിച്ഛായ മനുഷ്യ ജീവനേക്കാള്‍ കൂടുതല്‍ പ്രാധാന്യം പശുക്കള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും നല്‍കുന്ന ഇന്ത്യയേയും കോര്‍പ്പറേറ്റുകളുടെയും പണക്കാരുടെയും ശതകോടികള്‍ എഴുതിത്തള്ളുമ്പോഴും അപര്യാപ്തമായ ഫണ്ടും ചുവപ്പുനാടയും കാരണം ഒരിറ്റു പ്രായണവായു ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന ഇന്ത്യയുമാണ്.

നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ വിപ്ലവകരമായ നോട്ടുനിരോധനം എന്ന തുഗ്ലക്ക് പരിഷ്‌കരണത്തിനുശേഷം ലോകവാര്‍ത്തകളില്‍ വളരെയധികം സ്ഥാനം പിടിച്ച സംഭവങ്ങളിലെല്ലാ ഭരണകക്ഷിയും കേന്ദ്രസര്‍ക്കാരും പ്രതികൂട്ടിലാണ്. പശുവിന്റെ പേരില്‍ ജനക്കൂട്ടം നടത്തുന്ന സംഘടിത കൊലപാതകങ്ങളും, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എഴുപതിലധികം കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ കൂട്ടത്തോടെ മരിച്ചതും, മാനഭംഗക്കേസില്‍ സ്വയം പ്രഖ്യാപിത ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ കലാപം നേരിടുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടതും ഇന്ത്യയെ ലോകത്തിനുമുമ്പില്‍ നാണം കെടുത്തിയ സംഭവങ്ങളാണ്. നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് ആയിരത്തിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് വ്യക്തമായതോടെ ഗവണ്‍മെന്റിന്റെ കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. കൃത്യമായ ഇടവേളകളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

വ്യക്തമായ രാഷ്ട്രീയ അജണ്ടയോടുള്ള ഈ നീക്കങ്ങള്‍ ഭാരത്തിന്റെ ബഹുസ്വരതയിലും ഐക്യത്തിലും ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഭാരതീയ ജനതാ പാര്‍ട്ടിക്ക് ആവലാതിയില്ല. മറിച്ച് രാഷ്ട്രീയ നേട്ടങ്ങളില്‍ മാത്രമാണ് അവരുടെ താല്‍പര്യം. ബിജെപി പ്രസിഡന്റ് അമിത് ഷായെപ്പോലെ രാഷ്ട്രീയ ധാര്‍മ്മിക സദാചാര ബോധമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്ത് അവതരിച്ചിട്ടില്ല. ബിജെപിയുടെ രാഷ്ട്രീയ ആശയങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത മറ്റുപാര്‍ട്ടികളിലുള്ള അധികാര മോഹികളായ നേതാക്കളെ പണവും അധികാരവും കൊണ്ട് വലയിലാക്കാന്‍ ചാക്കുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അമിത്ഷാ. കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയാണെങ്കിലും മോദി അമിത്ഷാ കൂട്ടുകെട്ടിനെ ചോദ്യം ചെയ്യാന്‍ ശേഷിയില്ലാത്ത, പാര്‍ട്ടിക്കായി വര്‍ഷങ്ങളായി അധ്വാനിച്ച പാരമ്പര്യമുള്ള പ്രവര്‍ത്തകര്‍ ഇതിനെ നിസ്സംഗതയോടെയാണ് നോക്കിക്കാണുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവന്ന ഗോവധ നിരോധനം അണികള്‍ വൈകാരിക വിഷയമായി ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോയ മട്ടാണ്. എല്ലാവരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ജീവിത രീതികളെയും ബഹുമാനിക്കേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും ഇന്ത്യയെപ്പോലൊരു രാജ്യത്ത് ”എല്ലാവരും” എന്ന പദത്തിന് പ്രസക്തിയേറെയാണ്. ഗോവധ നിരോധനം നടപ്പാക്കുമ്പോള്‍ വലിയൊരു ജനവിഭാഗം തങ്ങളുടെ ജീവിതരീതിയുടെ ഭാഗമായി ഗോമാംസം ഭക്ഷിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഗോവധ നിരോധനം ഇന്ത്യയെ സാംസ്‌കാരികമായി നൂറ്റൂണ്ടുകള്‍ക്ക് പിന്നിലേയ്ക്കാണ് കൊണ്ടുപോയത്. നരേന്ദ്ര മോദി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനു ശേഷം ഗോമാംസ വിഷയത്തില്‍ ജനക്കൂട്ട വിചാരണയിലൂടെ നടന്ന വധശിക്ഷ 40 ഓളം ആണ്. ഇതിനെതിരെ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പരോക്ഷ പ്രതികരണം നടത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോട് ഇന്ത്യവിടാന്‍ ഭരണകക്ഷിയുടെ പ്രമുഖ നേതാവ് ആവശ്യപ്പെട്ടത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തെളിവാണ്.

ഒരു വശത്ത് ഗോവധ നിരോധനമേര്‍പ്പെടുത്തുകയും മറുവശത്ത് സംഘപരിവാര്‍ അനുഭാവികളും നേതാക്കളുമായവര്‍ ഗോമാംസം കയറ്റുമതി ചെയ്യുകയും ചെയ്യുന്നത് ജനങ്ങളുടെ വിശ്വാസങ്ങളേയും വൈകാരിക തലങ്ങളേയും ചൂഷണം ചെയ്ത് രാഷ്ട്രീയ നേട്ടം കൊയ്യുന്നതിന്റെയും കപട വിശ്വാസത്തിന്റെയും തെളിവാണ്. കുട്ടികളുടെ ആശുപത്രിയിലേയ്ക്ക് ഓക്സിജന്‍ വാങ്ങാന്‍ പണമില്ലാത്ത സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഒരു പശുമന്ത്രിയെ നിയമിക്കാനും പശുമന്ത്രാലയം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. നാളെകളില്‍ സര്‍ക്കാര്‍ പശുവിന് വോട്ടവകാശം നല്‍കിയാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ കടക്കെണിയില്‍പ്പെട്ട് 60,000 ത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഒരു രാജ്യത്താണ് ഇത്തരത്തിലുള്ള കോമാളിത്തരങ്ങള്‍ കാട്ടിക്കൂട്ടുന്നത്. വിവാദ ആള്‍ദൈവമായ ഗുര്‍മീത് റാം റഹീമിന് കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ബിജെപി മന്ത്രിമാര്‍ നല്‍കിയത് ഒന്നരക്കോടി രൂപയാണ്.

ആള്‍ ദൈവങ്ങളേയും കോര്‍പ്പറേറ്റുകളേയും വന്‍ വ്യവസായികളേയും സഹായിക്കാന്‍ ഓടിയെത്തുന്ന ഭരണ നേതൃത്വത്തിന് കുട്ടികളുടെ ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വാങ്ങാന്‍ പണമില്ലാത്തത് വിരോധാഭാസമാണ്. ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാമിന്റെ ശിക്ഷാവിധിയോടനുബന്ധിച്ച് കലാപ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം കൃത്യമായ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആള്‍ദൈവത്തിന്റെ ആരാധകരും ഭക്തരുമായ ഭരണാധികാരികള്‍ കലാപം നേരിടുന്നതില്‍ തികഞ്ഞ പരാജയമായിരുന്നു. ഗവണ്‍മെന്റിന്റെ നിരുത്തരവാദപരമായ പെരുമാറ്റംമൂലം നിരവധി ജീവനുകള്‍ പൊലിയുകയും കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിക്കുകയും ചെയ്തു.

ചരിത്രപരമായി ലോകത്തിന് വഴികാട്ടിയായ ലോകത്തിന് വെളിച്ചം നല്‍കിയ ഒരു സംസ്‌കൃതി ഉള്‍ക്കൊള്ളുന്ന രാഷ്ട്രത്തെയാണ് മോദി സര്‍ക്കാരും ബിജെപിയും വീണ്ടും നൂറ്റാണ്ടുകള്‍ക്ക് പിന്നിലേയ്ക്ക് നയിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വൈകാരിക അകല്‍ച്ചകള്‍ നാളെകളില്‍ ഒറ്റ രാഷ്ട്രം, ഒറ്റ ജനത എന്ന സങ്കല്പത്തിനെ തന്നെ മാറ്റിമറിക്കാം. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്വത്വം സംരക്ഷിക്കുവാനും മതേതര കാഴ്ചപ്പാടുകള്‍ നിലനിര്‍ത്താനും ബഹുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ വര്‍ഗ്ഗ ഭിന്നതകള്‍ മാറ്റിവെച്ച് കൈ കോര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ജോജി തോമസ്

പ്രത്യക്ഷത്തില്‍ പ്രകടമല്ലെങ്കിലും ആധുനിക കേരള ചരിത്രത്തിലെ ചരിത്ര വിഗതികളെ വളരെ ആഴത്തില്‍ സ്വാധീനിക്കാവുന്നതും നാളെയുടെ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെടാവുന്നതുമായ ചില സംഭവ വികാസങ്ങളാണ് കേരള സമൂഹത്തില്‍ യാദൃശ്ചികമായി ആണെങ്കിലും അടുത്ത കാലത്ത് നടന്നത്. ഒന്ന് സ്ത്രീത്വത്തിന്റെ അഭിമാന സംരക്ഷണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റൊന്ന് സ്ത്രീ ശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ അധികാരത്തിന്റെ കോട്ടകളെയും ഭേദിക്കാനാവാത്തതെന്ന് പരമ്പരാഗതമായി ധരിച്ചിരുന്ന സമ്പന്ന രാഷ്ട്രീയ സാമുദായിക കൂട്ടുകെട്ടുകളെയും മുട്ടുകുത്തിച്ചതുമാണ്. യുവനടിക്ക് പ്രമാണിയായ സഹപ്രവര്‍ത്തകനില്‍ നിന്ന് ഉണ്ടായ തിക്താനുഭമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പരിണിതിയും അതിനെ തുടര്‍ന്ന് രൂപീകൃതമായ സിനിമയിലെ സ്ത്രീ കൂട്ടായ്മയും സ്ത്രീ ശക്തിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു ലേബര്‍ ക്ലാസിന്റെ ശക്തമായ പ്രതിരോധത്തിലൂടെ നേടിയ വിജയവും ശരിയായി വിലയിരുത്തപ്പെടേണ്ടതാണ്. സ്ത്രീപക്ഷത്ത് നിന്നുള്ള ഈ രണ്ട് വാര്‍ത്തകളും ആധുനിക കേരളത്തില്‍ കാര്യമായ സാമൂഹിക പരിവര്‍ത്തനത്തിനും സ്ത്രീകളോടുള്ള മനോഭാവത്തിലെ മാറ്റത്തിനും കാരണമാകുമെന്ന് തീര്‍ച്ചയാണ്.

സ്ത്രീകളെയും സ്ത്രീത്വത്തെയും വെറുമൊരു ഉപഭോഗവസ്തുവായോ, സമൂഹത്തിന്റെ പൊതുഭാഷയില്‍ പറഞ്ഞാല്‍ ” ചരക്കായോ ” കാണുന്ന പുരുഷമേധാവിത്വത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ കാഴ്ചപ്പാടിനുള്ള തിരിച്ചടിയുടെ പ്രതീകമാണ് യുവനടിക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഇടയായ സെലിബ്രിറ്റിയും സമൂഹത്തില്‍ നാട്ടുരാജാവുമായി വാണിരുന്ന വ്യക്തിയുടെ ജീവിതം വരച്ചുകാട്ടുന്നത്. പ്രതിയായ വ്യക്തിയോടെ അനുഭാവപൂര്‍വ്വം (സോഷ്യല്‍ മീഡിയായുടെ സ്വാധീനത്തിലാണെങ്കിലും) ചില സ്ത്രീ സുഹൃത്തുക്കളുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ സ്ത്രീയെ വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷ മേധാവിത്വത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ എത്രമാത്രം ആഴത്തിലാണെന്ന് മനസിലാക്കാന്‍ സാധിച്ചത്. ആ ചിന്താഗതിക്ക് കിട്ടിയ തിരിച്ചടിയാണ് ഇരുമ്പഴിക്കുള്ളിലായ സെലിബ്രിറ്റിയുടെ ജീവിതം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ തെറ്റു ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടണമെന്ന നിര്‍ബന്ധമില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ അടിസ്ഥാന തത്വത്തിന്റെ മറവില്‍ പണവും സ്വാധീനവും ഉള്ളവര്‍ ശിക്ഷാവിധിയില്‍ നിന്ന് രക്ഷപ്പെടാറാണ് പതിവ്. പ്രമുഖ നടിക്കെതിരെ നടന്ന അതിക്രമത്തിന്റെ അന്തിമവിധിയും ഇത്തരത്തില്‍ പ്രവചനാതീതമാണ്. പക്ഷേ ഇവിടെ കുറ്റാരോപിതനായ വ്യക്തയെ കുറഞ്ഞത് നിയമ വ്യവസ്ഥിതിക്ക് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്. കേരളത്തില്‍ ഇതിനുമുമ്പ് വാര്‍ത്താപ്രാധാന്യം നേടിയ സ്ത്രീപീഡനക്കേസുകളില്‍ ആരോപണ വിധേയരായ പ്രമുഖരെ നിയമത്തിന്റെ മുമ്പിലെത്തിക്കാനോ, കേസന്വേഷണ ഈയ്യൊരു രൂപത്തിലെത്തിക്കാനോ സാധിച്ചിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍, സൂര്യനെല്ലി തുടങ്ങിയ സ്ത്രീ പീഡനക്കേസുകള്‍ ഇതിനുദാഹരണമാണ്. ഈയൊരു സാഹചര്യത്തില്‍ ചിന്തിക്കുമ്പോഴാണ് സമീപകാല സംഭവവികാസങ്ങളില്‍ പരോക്ഷമായിട്ടാണെങ്കിലും ഒളിഞ്ഞിരിക്കുന്ന സാമൂഹികമാറ്റം കാണുന്നത്. സ്ത്രീയൊരു ഉപഭോഗ വസ്തുവാണെന്നും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയമത്തിന്റെ മുമ്പിലെത്തിയാലും പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാമെന്ന സ്ഥിര ശൈലിക്കാണ് ഇവിടെ തിരിച്ചടിയേറ്റിരിക്കുന്നത്. യുവനടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ അനന്തരഫലമെന്ന നിലയില്‍ രൂപീകൃതമായ ”വുമണ്‍ സിനിമാ ഇന്‍ കലക്ടീവും” സമൂഹത്തില്‍ കാലകാലങ്ങളായി നിലനിന്ന പുരുഷ മേധാവിത്വത്തിനുള്ള തിരിച്ചടിയാണ്. പുരുഷ മേധാവിത്വം നിറഞ്ഞ സിനിമാ വ്യവസായ സാമ്രാജ്യത്തില്‍ സ്ത്രീകള്‍ നാട്ടുരാജാക്കന്മാരുടെ തോഴിമാരോ വെപ്പാട്ടിമാരോ മാത്രമാണെന്നുള്ള മനോഭാവമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മുല്ലപ്പൂ വിപ്ലവത്തിനുശേഷം സ്ത്രീ പക്ഷത്തുനിന്നുള്ള ശക്തമായ ചെറുത്തുനില്‍പാണ് നഴ്സിംഗ് മേഖലയിലെ സമരത്തിലൂടെയും അതിന്റെ വിജയകരമായ പരിസമാപ്തിയിലൂടെയും സംഭവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സാമൂഹിക മുന്നേറ്റത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന കേരളത്തില്‍ വിദ്യാസമ്പന്നരായ സ്ത്രീ ജനം ഏറ്റവും കൂടുതല്‍ തെരഞ്ഞെടുത്ത തൊഴില്‍ മേഖലയാണ് ആരോഗ്യ പരിപാലനം. പരമ്പരാഗതമായി തൊഴില്‍ സാധ്യതയും വിദേശാവസരങ്ങളും ഉള്ളതുകൊണ്ടാണ് മലയാളികള്‍ നഴ്സിങ്ങിലേയ്ക്ക് തിരിഞ്ഞത്. പക്ഷേ ഈ തൊഴില്‍ മേഖല ഇന്ത്യയില്‍ മൊത്തത്തിലും, കേരളത്തിലും സ്ത്രീകളെ തൊഴില്‍പരമായ ചൂഷണം ചെയ്യുന്നതിന്റെ വേദിയായി മാറിയിരിക്കുകയാണ്. ഇതിന് നഴ്സിംഗ് സമരത്തിലൂടെ ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിലും ഒരു തൊഴില്‍ വര്‍ഗമെന്ന നിലയില്‍ സ്ത്രീകളെ സാമ്പത്തികമായ ചൂഷണം ചെയ്യുന്നതിന്റെ ആഴം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനും ചര്‍ച്ചയാക്കാനും നഴ്സിംഗ് സമരത്തിന് സാധിച്ചത് അഭിനന്ദനാര്‍ഹമാണ്. മനുഷ്യത്വരഹിതമായ തൊഴില്‍ സാഹചര്യങ്ങളും ഷിഫ്റ്റ് പാറ്റേണും മാസശമ്പളവുമാണ് ഇന്ന് നഴ്സിംഗ് രംഗത്തുള്ളത്. ഇതിനൊരു പരിഹാരമുണ്ടാവണമെങ്കില്‍ തീര്‍ച്ചയായും ശക്തമായ നിയമങ്ങളും ഗവണ്‍മെന്റ് ഇടപെടലും ആവശ്യമാണ്. ഇത് സാധ്യമാകണമെങ്കില്‍ സ്ത്രീ സമൂഹം സംഘടിക്കുകയും അതിലൂടെ ഗവണ്‍മെന്റിന്റെയും ജനപ്രതിനിധികളുടെയും മനോഭാവത്തിലുള്ള മാറ്റവും ഉണ്ടാകേണ്ടിയിരിക്കുന്നു.

ജനസംഖ്യാനുപാതികമായി വിലയിരുത്തുകയാണെങ്കില്‍ കേരളത്തില്‍ സ്ത്രീകളാണ് കൂടുതല്‍. 2011ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ കേരളത്തിലുണ്ട്. ഇന്ത്യയില്‍ കേരളത്തിന് പുറമേ പോണ്ടിച്ചേരിയില്‍ മാത്രമേ സ്ത്രീ ജനസംഖ്യ പുരുഷന്‍മാരെ അപേക്ഷിച്ച് മുന്നിട്ട് നില്‍ക്കുന്നുള്ളൂ. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസപരവും, ബൗദ്ധികവുമായി ഉന്നത നിലവാരം പുലര്‍ത്തുന്നവരാണ്. എങ്കിലും വളയിട്ട കൈകള്‍ക്ക് ഭരണയന്ത്രം തിരിക്കുന്നതിലുള്ള പ്രാതിനിധ്യം വളരെ കുറവാണ്. നിയമസഭാ സാമാജികരുടെ എണ്ണത്തിലാണെങ്കിലും, മന്ത്രിസഭയിലാണെങ്കിലും പ്രാതിനിധ്യത്തിന്റെ പേരിലാണ് സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നത്. സ്ത്രീപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇതൊരു പോരായ്മയായി നമ്മുടെ സമൂഹത്തില്‍ മുഴച്ചു നില്‍ക്കുന്നു.

എന്തായാലും നഴ്സിംഗ് മേഖലയിലെ സമരവും യുവനടിയെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് പല പ്രമുഖരും നേരിടുന്ന അന്വേഷണവും സ്ത്രീ സമൂഹത്തിന് ആശ്വാസകരമായ മാറ്റങ്ങളാണ്. സ്ത്രീകള്‍ക്ക് നേരെ അതിക്രമത്തിന് മുതിരുന്നത് ഏത് ഉന്നതനായാലും കുടുങ്ങുമെന്ന സാഹചര്യം വരും നാളുകളില്‍ സ്ത്രീ സുരക്ഷയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. യുവനടിക്കെതിരെ നടന്ന അതിക്രമത്തിനുശേഷം രൂപീകൃതമായ ‘വിമന്‍ കളക്ടീവ് ഇന്‍ സിനിമയും’ നഴ്സിംഗ് സമരവും നാളെകളില്‍ ഒരു സാമൂഹിക മാറ്റത്തിന് കാരണമായേക്കുമെന്ന് പ്രത്യാശിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ജോജി തോമസ്

ബ്രിട്ടണിലെ പ്രവാസി മലയാളി സമൂഹത്തെയും അതിന്റെ താല്‍പര്യങ്ങളെയും നിക്ഷിപ്ത താല്‍പര്യക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നത് കഴിഞ്ഞ കുറേ നാളുകളായി പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ആശങ്കയാണ്. രാഷ്ട്രീയവും സംഘടനാപരവും സാമ്പത്തികവുമായ താല്‍പര്യമുള്ളവര്‍ അവരുടേതായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത് പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരം താല്‍പര്യക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടന്‍ മൊത്തത്തിലും പ്രാദേശിക തലത്തിലും വിവിധ ഭാവങ്ങളിലും രൂപങ്ങളിലും കാണാന്‍ സാധിക്കും. സമൂഹത്തിലെ തങ്ങളുടെ മേധാവിത്വമുറപ്പിച്ചുകൊണ്ട് രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രവാസി സമൂഹത്തില്‍ ഇത്തരക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.

മുമ്പ് സൂചിപ്പിച്ചതുപോലെ ഇത്തരം പ്രവണതകള്‍ക്ക് പ്രാദേശികവും ബ്രിട്ടണ്‍ മൊത്തത്തിലുമുള്ള വകഭേദങ്ങളുണ്ട്. പ്രാദേശികമായി പ്രവാസി മലയാളി സമൂഹത്തെ പിന്നോട്ടടിക്കുന്നതും ഭിന്നിപ്പിനു കാരണമാകുന്നതും വ്യക്തിപരമായ താല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഈഗോയുമാണെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ബ്രിട്ടണിലെ പ്രവാസി സമൂഹത്തെ മൊത്തത്തില്‍ വിഴുങ്ങുവാന്‍ മറ്റൊരു കൂട്ടര്‍ നില്പുണ്ട്. എല്ലായിടത്തും ഉള്ളതുപോലെ ഇവിടെയും സാമൂഹികമായ നേതൃത്വം വഹിക്കുന്നവരും മലയാളികളുടെ ഇടയില്‍ പലതരത്തിലുള്ള സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നവരുമായി ഒരു കൂട്ടുകെട്ടുണ്ട്. ഇതൊരു അവിഹിത കൂട്ടുകെട്ടാകാതിരിക്കുന്നിടത്തോളം പൊതുജനത്തെ ബാധിക്കുന്നില്ല. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. (മാന്യമായി ബിസിനസ് നടത്തി മികവ് തെളിയിച്ച മലയാളി സുഹൃത്തുക്കളെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നില്ല) മാധ്യമങ്ങളും പലപ്പോഴും ഇതിന്റെ ഭാഗവാക്കാകാറുണ്ട്.

ബ്രിട്ടണിലെ പ്രവാസി മലയാളികളുടേതായി അറിയപ്പെടുന്ന സംഘടനയുടെ പ്രവര്‍ത്തന രീതികള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ബ്രിട്ടണ്‍ മൊത്തത്തിലുള്ള മലയാളി സംഘടനകളുടെ സംഘടനയായി അറിയപ്പെടുന്ന പ്രസ്ഥാനം വ്യക്തമായ നിയമാവലിയുടെ അടിസ്ഥാനത്തില്‍ ഒരിടത്തു രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത് എക്കാലവും ഈ പ്രസ്ഥാനത്തെ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ പോക്കറ്റ് സംഘടനയായി കൊണ്ടുനടക്കുന്നതിനും തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന സംഘടനകള്‍ക്ക് മാത്രമായി അംഗത്വം നല്‍കുന്നതിനുമാണെന്ന പരാതി പൊതുജനത്തിനുണ്ട്. നാട്ടിലെ സഹകരണസംഘം പിടിച്ചെടുക്കല്‍ സംസ്‌കാരം അതേപടി ബ്രിട്ടനില്‍ പറിച്ചു നടാനാണ് ചില രാഷ്ട്രീയക്കാരുടെ ശ്രമം. അതിലൂടെ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് ഇക്കൂട്ടര്‍ കരുതുന്നു.

ഇരയോടുള്ളതില്‍ കൂടുതല്‍ സഹതാപം വേട്ടക്കാരനോടാണെന്നുള്ളത് ഇതിന്റെ ഭാഗമാണ്. സാമ്പത്തിക കുറ്റത്തിന് ബ്രിട്ടീഷ് പോലീസ് കേസെടുത്ത വ്യക്തിയെ രക്ഷപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി ചില സംഘടനാ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായ ശ്രമങ്ങള്‍ ഇവിടെ പ്രസക്തമാണ്. സാമ്പത്തികമോ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണത്തിന്റെയോ കഥകള്‍ പുറത്തുവരുമ്പോള്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്നതിനെ ന്യായീകരിക്കാന്‍ വേട്ടക്കാരനോ അവന്റെ കുടുംബമോ ഉയര്‍ത്തിയ ആത്മഹത്യാ ഭീഷണിയുടെ കഥകളുമായി ഇക്കൂട്ടര്‍ രംഗത്തെത്തും.

ചേരികള്‍ സൃഷ്ടിക്കാനും ഭിന്നതകള്‍ മുതലെടുക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇടതുചേരിയെ നിശബ്ദമാക്കാനും മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമം. ഇടതുചേരി ശക്തിപ്രാപിച്ചാല്‍ പലരുടേയും രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നാണ് ഈ നീക്കത്തിന്റെ കാരണം. എല്ലാത്തിനും അതിന്റേതായ സ്ഥാനമുണ്ടെന്നും എതിര്‍പക്ഷത്തിന് വേദി നിഷേധിക്കുന്ന പ്രതിപക്ഷ ബഹുമാനമില്ലായ്മ ശരിയായ ജനാധിപത്യബോധമില്ലാത്തതു കൊണ്ടാണെന്നുള്ള വസ്തുത ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല.

പ്രാദേശിക തലത്തില്‍ മലയാളി സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനുള്ള വിമുഖത. പ്രാദേശിക തലത്തിലുള്ള പല ഭിന്നിപ്പുകളുടെയും തുടക്കം ഇവിടെ നിന്നാണ്. കഴിവുള്ളവരെ കണ്ടെത്തി വളര്‍ത്തി കൊണ്ടുവരുന്നതില്‍ ഒരു സമൂഹമെന്ന തലത്തില്‍ നമ്മള്‍ പരാജയമാണ്. മാനേജ്മെന്റ് ക്ലാസുകളില്‍ കേട്ടുപഴകിയ ഒരു കഥയുണ്ട്. ജപ്പാനില്‍ സമുദ്രോത്പന്നങ്ങളുടെ പ്രദര്‍ശനം നടക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഞണ്ടുകളെ തുറന്ന പാത്രങ്ങളില്‍ സൂക്ഷിച്ചതിന്റെ കാരണമന്വേഷിച്ച സന്ദര്‍ശകന് ലഭിച്ച മറുപടി കഥയാണെങ്കിലും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ” ഇത് കേരളത്തില്‍ നിന്നുള്ള ഞണ്ടാണ്, ഒരെണ്ണം രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ മറ്റുള്ളവ കാലില്‍ പിടിച്ച് വലിച്ച് താഴെ ഇട്ടോളും”. വളരെയധികം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണിത്. പല സമൂഹങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിവുള്ളവരെ വളര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, നമ്മള്‍ പലപ്പോഴും തളര്‍ത്താനാണ് ശ്രമിക്കുന്നത്.

ഒരു അസോസിയേഷനില്‍ ഭിന്നിപ്പുണ്ടായ കാരണങ്ങളിലൊന്ന് അസോസിയേഷന്‍ ഭാരവാഹികളിലൊരാള്‍ പ്രാദേശിക കൗണ്‍സിലില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നുണ്ടോ എന്ന അസൂയ നിറഞ്ഞ ആശങ്ക ആയിരുന്നു. പ്രാദേശികമായ പല മലയാളി സംരംഭത്തോടുമുള്ള നമ്മുടെ സമീപനവും മേല്‍പ്പറഞ്ഞ തരത്തിലാണ്. ഞാന്‍ സഹകരിച്ചിട്ട് അവന്‍ രക്ഷപ്പെടേണ്ടതില്ല എന്നതാണ് മനോഭാവം. മലയാളികളുടെ ഇടയില്‍ ധാരാളം ഉണ്ടായ സംരംഭകത്വമാണ് സോളിസിറ്റര്‍ സ്ഥാപനങ്ങളുടേത്. പക്ഷേ നമ്മള്‍ പലപ്പോഴും ആശ്രയിക്കുന്നത് പാക്കിസ്ഥാനി വംശജര്‍ നടത്തുന്ന സ്ഥാപനത്തെയാണ്.

പ്രാദേശിക അസോസിയേഷനുകളെ നയിക്കാന്‍ ആത്മാര്‍ത്ഥതയും നിഷ്പക്ഷ ചിന്താഗതിയുമുള്ളവര്‍ മുന്നോട്ടുവന്നാല്‍ അവര്‍ക്ക് മുന്നില്‍ മാര്‍ഗ്ഗതടസം സൃഷ്ടിക്കുക എന്നത് ചിലരുടെ സ്ഥിരം ശൈലിയാണ്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. സാമൂഹിക പ്രവര്‍ത്തനത്തിനായി കഴിവും സമയവും മാറ്റിവയ്ക്കുന്നവരുടെ മനസ് മടുപ്പിക്കുന്നതാണ് ഈ അവസ്ഥ. (സാമൂഹിക പ്രവര്‍ത്തനമെന്ന പേരില്‍ സമൂഹത്തിനു നേരെ ഒളിയുദ്ധം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകരെയല്ല ഉദ്ദേശിക്കുന്നത്). സമൂഹത്തില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാതെ വിമര്‍ശനം ഒരു കലയായി കൊണ്ടുനടക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്. പല പ്രാദേശിക സംഘടനകളും ഇത്തരക്കാരെക്കൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

പ്രവാസികള്‍ സംഘടനാപരമായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ അത് തീര്‍ച്ചയായും മലയാളി സമൂഹത്തിനുവേണ്ടിയും അവരുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥവുമായിരിക്കണം. ആ സംഘടിത രൂപത്തിന് വ്യക്തമായ അജണ്ടയും രൂപരേഖയും ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. വ്യക്തിതാല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും അതില്‍ കൊണ്ടുവരാന്‍ പാടില്ല. മലയാളികളുടെ ഇടയില്‍ കഴിവുള്ളവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും നമ്മുടെ സംരംഭങ്ങളെ വിജയിപ്പിക്കുന്നതില്‍ ഒരു കൈ സഹായിക്കുന്നതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ ഉതകും. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പ്രാദേശിക തലത്തിലുള്ള മലയാളി സംഘടനകളില്‍ മലയാളികളുടെ സജീവമായ പങ്കാളിത്തം. പ്രാദേശിക മലയാളി സംഘടനകള്‍ നിര്‍ജ്ജീവമായാല്‍ കുറഞ്ഞത് ഓണത്തിനും ക്രിസ്മസിനും കണ്ടുമുട്ടാറുള്ള മലയാളികള്‍ തീര്‍ത്തും ഒറ്റപ്പെട്ട ഒരു തുരുത്തായി മാറിതീരും.

വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ജോജി തോമസ്
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തരത്തിലുള്ള ചില ദൗര്‍ഭാഗ്യകരമായ ആരോപണങ്ങളാണ് അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്നുവന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി ജനവിധി അട്ടിമറിച്ചുവെന്ന ഗുരുതരമായ ആരോപണത്തെ നിസാരവത്കരിച്ച് കാണാന്‍ സാധിക്കില്ല. ലോകത്ത് ജനാധിപത്യം വെല്ലുവിളി നേരിടുന്ന പല രാജ്യങ്ങളില്‍ നിന്നും സമാനരീതിയിലുള്ള പരാതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരത്തിലൊരു ആരോപണം വ്യാപകമായ ഉയരുന്നത് ആദ്യമായാണ്. ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാവായ കെജ്രിവാളും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവായ മായാവതിയുമാണ് പ്രധാനമായും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ആരോപണങ്ങളെ സാധൂകരിക്കത്തക്കവിധത്തിലുള്ള തെളിവുകളും നിരത്താന്‍ ഇവര്‍ക്കാവുന്നുണ്ട്. മായാവതി ഒരു പടി കൂടി കടന്ന് പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

ജനവിധി അട്ടിമറിക്കപ്പെട്ടുവെന്ന തരത്തിലുള്ള ആരോപണങ്ങളിലെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഇലക്ഷന്‍ കമ്മീഷനും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കുമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുഗമമായ നിലനില്‍പിന് ജനാധിപത്യ പ്രക്രിയയിലുള്ള ജനവിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. വളരെ ഗുരുതരമായ ഒരാരോപണമാണ് ഉന്നയിക്കപ്പെട്ടതെങ്കിലും അത് ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരാനും, നിഷ്പക്ഷമായ ഒരു അന്വേഷണത്തിലേയ്ക്ക് നയിക്കാനും പൊതുവെ ദുര്‍ബലമായ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഈ ഒരു സ്ഥിതി വിശേഷം ഒട്ടും തന്നെ ആശാവഹമല്ല. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ എത്രമാത്രം ഉത്തരവാദിത്വത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് തെളിയിക്കാനും ഫലപ്രദമായ ഒരു അന്വേഷണം ആവശ്യമാണ്. കാരണം വിജയിച്ച പാര്‍ട്ടിയെ അധിക്ഷേപിക്കാനും വിജയത്തിന്റെ തിളക്കം കുറയ്ക്കാനുമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെങ്കില്‍ തീര്‍ച്ചയായും അത് അതീവ ഗുരുതരമാണ്. കാരണം ജനങ്ങള്‍ വിശ്വസിക്കുകയും നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്ന നേതാക്കളുടെ വാക്കുകള്‍ ജനങ്ങള്‍ക്ക് ജനാധിപത്യ വ്യവസ്ഥിതിയിലുള്ള വിശ്വാസ തകര്‍ച്ചയ്ക്ക് കാരണമാകാന്‍ പാടില്ല.

ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. കേന്ദ്രഭരണം കയ്യാളുന്ന ബിജെപി ഗവര്‍ണറുടെ സഹായത്തോടെയോ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയോ ഏറ്റവും കൂടുതല്‍ അംഗബലമുള്ള കക്ഷിയെ നോക്കുകുത്തിയാക്കി ഗവണ്‍മെന്റ് രൂപീകരിച്ചത് ജനാധിപത്യ പ്രക്രിയയിലുള്ള അവരുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക്കി. ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറിനെപ്പോലും വിജയിപ്പിക്കാനാവാത്ത ബിജെപിക്ക് ജനവിധി തികച്ചും എതിരായിരുന്നു. 40 അംഗ നിയമസഭയില്‍ 13 അംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ ബിജെപി ജനതാല്‍ര്യത്തിന് ഒരു പരിഗണനയും നല്‍കാതെ രാഷ്ട്രീയത്തിലെ പിന്നാമ്പുറ കളികളിലെ പ്രാഗത്ഭ്യം മുതലാക്കി അധികാരം പിടിക്കുന്നത് മറ്റ് കക്ഷികള്‍ക്ക് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. മണിപ്പൂരിലും ഏറ്റവും വലിയ കക്ഷിയാകാന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കിലും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ സാധിച്ചു.

പുതിയതായി അധികാരത്തിലെത്തിയ ഗവണ്‍മെന്റുകളാവട്ടെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം ജനങ്ങളുടെ തീന്‍മേശയിലും അടുക്കളയിലും ഒളിഞ്ഞുനോക്കാനും, കൈകടത്താനുമുള്ള വെമ്പലിലാണ്. ജനങ്ങളുടെ ദാരിദ്ര്യമകറ്റാനും ജീവിത നിലവാരമുയര്‍ത്താനുമുള്ള എന്തെങ്കിലും നടപടികള്‍ എടുത്തതിനുശേഷമാണ് ഈ ഒളിഞ്ഞുനോട്ടം നടത്തുന്നതെങ്കില്‍ ന്യായീകരണങ്ങള്‍ കണ്ടെത്താമായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദ്യനാഥന്‍ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനമേര്‍പ്പെടുത്തി. മത്സ്യവും നിരോധിത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഗോ മാംസം ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നവര്‍ മത്സ്യമാംസാദികള്‍ എല്ലാം നിരോധിച്ചതിലൂടെ ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിലാണ് കൈ കടത്തുന്നത്. മത്സ്യമാംസാദികള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാവുന്ന തരത്തില്‍ ഗോരഖ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരാത്തതുകൊണ്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ല.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മണിപവറും മസില്‍പവറും ഉപയോഗിച്ച് ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മുന്‍പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പല പ്രമുഖ പാര്‍ട്ടികളും ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നിന്നിട്ടുമുണ്ട്. പക്ഷേ ജനഹിതം അട്ടിമറിക്കാന്‍ ഇത്തരത്തിലുള്ള സംഘടിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നതായി മുന്‍കാലങ്ങളില്‍ പരാതി ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പരാതികളിലുംആരോപണങ്ങളിലും സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

jojyവേക്ക്ഫീല്‍ഡില്‍ താമസിക്കുന്ന ജോജി തോമസ്‌ മലയാളം യുകെ ന്യൂസ് ടീം മെമ്പറും, ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിച്ച് പൊതു ജനങ്ങളുടെ മുന്‍പിലേക്ക് എത്തിക്കുന്ന സാമൂഹ്യ നിരീക്ഷകനുമാണ്. ജോജി തോമസ് എല്ലാ മാസാന്ത്യങ്ങളിലും മലയാളം യുകെയില്‍ മാസാന്ത്യാവലോകനം എന്ന പംക്തി കൈകാര്യം ചെയ്തു വരുന്നു.

               

RECENT POSTS
Copyright © . All rights reserved