മലയാളം യുകെ ന്യൂസ് ബ്യൂറോ

രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കേരളം തുടർച്ചയായ രണ്ടാം വർഷവും പ്രകൃതിഷോഭങ്ങളുടെ പിടിയിലാണ് . കേരളം ദൈവത്തിൻെറ സ്വന്തം നാട് , ഭീതികരമായ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് മുക്തം എന്നൊക്കെ അഭിമാനിക്കാവുന്ന ദിനങ്ങൾ പോയി മറഞ്ഞോ ? ദുരന്തമുഖങ്ങളിൽ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയട്ടെ.

വിദേശഭരണത്തിൽ നിന്ന് സ്വതന്ത്രമായ ഒരു ജനത 72 വർഷം കൊണ്ട് പുരോഗമനപാതയിൽ എത്ര മാത്രം മുന്നേറിയെന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു . ഇന്നും രാജ്യത്തിൻെറ ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നുള്ളത് സാമ്പത്തിക അടിമത്വം തുടരുന്നു എന്നതിൻെറ അളവുകോലായി കണക്കാക്കേണ്ടിയിരിക്കുന്നു .

കടുത്ത വിഭാഗീയതയുടെ അതിപ്രസരം രാഷ്ട്രീയത്തിൻെറയും , മതത്തിൻെറയും , പ്രദേശത്തിൻെറയും അടിസ്ഥാനത്തിൽ വേരോടുന്നു . സോഷ്യൽ മീഡിയ പോലുള്ള നവമാധ്യമങ്ങളുടെ സാന്നിധ്യം ഇത്തരക്കാർക്ക് വേരോടാൻ എല്ലാ സാഹചര്യവും ഒരുക്കുന്നു . സോഷ്യൽ മീഡിയയിൽ പല മെസേജുകളും വായിക്കുമ്പോൾ എത്രമാത്രം സ്വാർത്ഥതാപരമായി ആണ് പലരും കാര്യങ്ങളെ കാണുന്നത് എന്നത് നിഷ്പക്ഷമതികളെ ആശങ്കയിലാക്കും . ദുരന്തങ്ങളെ ഒരു വിഭാഗത്തിൻെറയോ , പ്രദേശത്തിൻെറയോ അല്ലാതെ മനുഷ്യ സങ്കടങ്ങളായി കാണാൻ നമ്മൾക്ക് കഴിയട്ടെ .നിസ്വാർത്ഥരായി രാജ്യ പുരോഗതിക്കു വേണ്ടി , മനുഷ്യനന്മയ്ക്കു വേണ്ടി പ്രവർത്തിക്കാൻ ഓരോ ഭാരതീയനും കഴിയട്ടെ .

നമ്മുടെ വിമർശനങ്ങൾ ക്രിയാത്മകമാകട്ടെ , മറിച്ച്‌ വിമർശനങ്ങൾ വിഷം പുരട്ടിയ അമ്പുകളായി സമൂഹ മനഃസാക്ഷിയെ മുറിപ്പെടുത്താതിരിക്കട്ടെ. കേരള പുരോഗതിയ്ക്ക് പ്രവാസി മലയാളിയുടെ പങ്ക് എല്ലാവരും അംഗീകരിക്കുമ്പോഴും ജന്മനാട്ടിലേയ്ക്ക് തിരിച്ചു വരുന്ന പ്രവാസികൾ നേരിടുന്ന കയ്പുനീരണിഞ്ഞ അനുഭവങ്ങൾക്ക് അറുതി വരുത്തേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണ നേതൃത്വത്തിനുണ്ട്.

എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിൻെറ 73 -)o സ്വതന്ത്ര്യദിനാശംസകൾ .