BREAKING NEWS സൂചി പിടിക്കാൻ മാത്രമല്ല തൂമ്പ പിടിക്കാനും അറിയാമെന്ന് തെളിയിച്ച യുകെ മലയാളി നഴ്‌സ് ബിന്ദുവിനും  ഭർത്താവായ സോബിച്ചനും സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിലിന്റെ ബെസ്റ് പ്ലോട്ട് അവാർഡ്... മലയാളികൾക്ക് ഇത് അഭിമാന നിമിഷം   |   മുലപ്പാൽ നൽകി മകൾക്ക്, മൂത്രം കുടിച്ചു സ്വയം ജീവൻ നിലനിർത്തി എന്നിട്ടും; അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യാത്രാബോട്ട് തകർന്നതിനെ തുടർന്ന് സ്വന്തം ജീവൻ നൽകി മക്കളെ രക്ഷിച്ച 'അമ്മ, ഏറെ ഹൃദയഭേദകമായ ഒരു വാർത്ത...   |   വൈകീട്ട് എല്ലാവരുമായി കുശലം പറഞ്ഞിരുന്ന ഭർത്താവ്...  നേഴ്സായ ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് ഇറങ്ങാൻ തുടങ്ങവേ യാത്ര പറയുവാൻ മുറിയിലേക്ക് കടന്നുചെന്ന റിനിയുടെ കണ്ണിൽ പെട്ടത് അബോധാവസ്ഥയിൽ കിടക്കുന്ന തന്റെ പ്രിയതമനെ... പരിശ്രമങ്ങൾ പാഴായപ്പോൾ അണഞ്ഞത്  യുകെ മലയാളി കുടുംബത്തിന്റെ വെളിച്ചം... 
Europe

കൊറോണ വൈറസ്ന്റെ ഉത്ഭവ നഗരമായ ചൈനയിലെ വുഹാനില് നിന്ന് സ്വന്തം നാട്ടിലെത്തിയപ്പോള്‍ അവരെ വരവേറ്റത് കല്ലേറ്. യുക്രയിനിലാണ് വുഹാനില്‍ നിന്ന് തിരിച്ചെത്തിയവരെ കൊണ്ടുപോകുന്ന ബസ്സിന് നേരെ കല്ലേറ് ഉണ്ടായത്. റോഡില്‍ ടയറുകള്‍ കത്തിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

നാട്ടുകാരെ തടയാന്‍ പോലീസ് ഇറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വുഹാനില്‍ നിന്ന് വന്നവരെ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.

മധ്യ യുക്രെയിനിലെ പൊള്‍ട്ടാവയിലെ നോവി സാന്‍ചറിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് വൈറസ് ബാധിത മേഖലകളില്‍ നിന്ന് വന്നവരെ കൊണ്ടുപോയത്. ഡസന്‍കണക്കിന് ഗ്രാമവാസികളാണ് റോഡ് തടസ്സപ്പെടുത്താനെത്തിയത്. വുഹാനില്‍ നിന്ന് വന്നവരെ ഗ്രാമത്തില്‍ താമസിപ്പിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.

പോലീസെത്തി തടസ്സം നീക്കിയ ശേഷമാണ് ബസ് കടന്നുപോയത്. നിരവധി നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഒത്തുകൂടിയ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ആശുപത്രിയുടെ ജനാലകള്‍ ഉള്‍പ്പെടെ കല്ലേറില്‍ തകര്‍ന്നു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും കുറ്റം ചെയ്യുന്നവരെ പോലീസ് തടയുമെന്നും പോലീസ് മേധാവി ഇവാര്‍ വ്യോഗോവ്‌സ്‌കി അറിയിച്ചു.

ഈയാഴ്ച ആദ്യം പടിഞ്ഞാറന്‍ നഗരങ്ങളായ ടെര്‍നോപിലിലും എല്‍വിവിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കനായുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇവിടെ ഒരുക്കുന്നതായുള്ള അഭ്യൂഹങ്ങളെ തുടര്‍ന്നായിരുന്നു ജനങ്ങള്‍ റോഡില്‍ തടസ്സങ്ങളുണ്ടാക്കി പ്രതിഷേധിച്ചത്.

വൈറസ് ബാധിത മേഖലകളില്‍ നിന്ന് വരുന്നവരോട് അനുതാപത്തോടെ പെരുമാണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റെ വ്‌ളാഡിമിര്‍ സെലന്‍സ്‌കി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എഴുപതോളം ആളുകളെയാണ് ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യുക്രെയ്‌നിലെത്തിയച്ചത്.

 

മുസ്ലീം ആരാധാനാലയങ്ങൾക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ട വലതുപക്ഷ തീവ്രവാദ സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സംരക്ഷണമാവശ്യപ്പെട്ട് ജർമ്മനിയിലെ മുസ്ലീംങ്ങള്‍. പള്ളികൾക്കുൾപ്പെടെ കൂടുതല്‍ പോലീസ് സംരക്ഷണം വേണമെന്നാണ് രാജ്യത്തെ വിശ്വാസികളുടെ ആവശ്യം.

10 ജർമ്മൻ സംസ്ഥാനങ്ങളിലെ പള്ളികളില്‍ പ്രാർത്ഥനയ്ക്കിടെ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു തീവ്രവാദികളെയാണ് ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് കൂടുതല്‍ സമക്ഷണം എന്ന ആവശ്യവുമായി മുസ്ലിം സമുദായം രംഗത്തെത്തിയത്.

കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള മുസ്ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് അറസ്റ്റിലായ 12 പേര്‍ എന്നായിരുന്നു അറസ്റ്റ് വിഷയം വിശദീകരിച്ച സർക്കാർ വക്താവ് പ്രതികരിച്ചത്. രാജ്യത്ത് പുതിയൊരു തീവ്രവാദ സംഘം രൂപീകരിക്കപ്പെട്ടതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ശക്തമായ അന്വേഷണത്തിലൊടുവിലായിരുന്നു നടപടികൾ.

സംഘത്തിന്റെ നീക്കങ്ങളും സംഭാഷണങ്ങളും ഓൺലൈൻ പ്രവർത്തനങ്ങളും മാസങ്ങളോളം നിരീക്ഷിച്ച് എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റുമായി മുന്നോട്ട് പോയത്. 12 പേരാണ് പോലീസിന്‍റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നത്.

അതിൽ 53 കാരനായ വെർണറുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളമുള്ള മുസ്‌ലിംകളെ ആക്രമിക്കാനുള്ള ‘കമാൻഡോകളെ’ നിയമിച്ചുകൊണ്ട് ശക്തമായ പദ്ധതികൾക്ക് രൂപം നൽകി. രണ്ടു പേരെ ആയുധങ്ങൾ വാങ്ങുന്നതിനായി നിയോഗിച്ചു. ഒപ്പം, എല്ലാ അംഗങ്ങളും 42,000 ഡോളർ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.

എന്നാൽ, തീവ്രവാദ സംഘത്തിലേക്ക് നുഴഞ്ഞുകയറിയ പോലീസിന്റെ ചാരൻ അതിവിദഗ്ദമായി വിവരങ്ങള്‍ ചോര്‍ത്തി നൽകുകയായിരുന്നു. വലിയൊരു ഗൂഡാലോചനയാണ് കൃത്യമായ നീക്കത്തിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞത്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയൊരു തീവ്രവാദ സംഘം രൂപം കൊണ്ടതില്‍ താൻ ആശങ്കാകുലനാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ജോർൺ ഗ്രീൻവാൾഡർ പറഞ്ഞു.

ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. 751 അംഗ പാർലമെന്റിൽ 621 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 49 പേർ എതിർത്തു. 13 പേർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. പരമ്പരാഗത സ്കോട്ടിഷ് ഗാനം, ‘ഓൾഡ് ലാങ് സൈനെ’ ആലപിച്ചുകൊണ്ടാണ് ചേംബർ ബ്രിട്ടനു വിടച്ചൊല്ലിയത്.

ഉടമ്പടി വ്യവസ്ഥകൾക്കു പാർലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നൽകിയതോടെ ബ്രെക്സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഈ മാസം 31ന് രാത്രി 11നാണ്‌ ബ്രെക്സിറ്റ് നടപ്പാകുന്നത്. പ്രധാനപ്പെട്ട പാർലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബിൽ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.

യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. 47 വർഷത്തെ യൂറോപ്യൻ ബന്ധം അവസാനിപ്പിച്ച് ഇവർ യൂറോപ്യൻ പാർലമെന്റിന്റെ പടികളിറങ്ങി. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക.

31ന് അർദ്ധരാത്രി ബ്രെക്സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്) ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ഇതിനിടെ ചർച്ചചെയ്താകും തീരുമാനിക്കുക. അതിനാൽ തന്നെ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതായി ജനുവരി 31നു ശേഷവും സാധാരണ ജനങ്ങൾക്ക് അനുഭവപ്പെടില്ല.

മണമ്പൂർ സുരേഷ്

ജര്‍മ്മനിയിലേക്ക് പോസ്റ്റ്‌ ഗ്രാജുവേഷനും, ഗവേഷണവും ചെയ്യാന്‍ പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ? അതിനുള്ള ചെലവെന്താണ്? യോഗ്യത എന്താണ് ? ഭാഷാപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?

പഠിച്ചവരും പഠിക്കുന്നവരുമായ മൂന്നു പേര്‍ അവരുടെ അനുഭവം Planet Search with MS എന്ന യു ട്യൂബ് ചാനലിനോട് വിവരിക്കുന്നു. ഇതില്‍ ഒരാള്‍ അവിടെ നിന്നും PhD എടുത്തു. മറ്റുരണ്ടു പേര്‍ അവിടെ ഇപ്പോള്‍ PhD ചെയ്യുന്നു. അതില്‍ ഒരാള്‍ ജര്‍മ്മനിയിലേക്ക് പോസ്റ്റ്‌ ഗ്രാജുവേഷനും ചെയ്തയാളാണ്.

ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടിനടുത്തുള്ള ജസ്ടസ് ലീബിക് യൂനിവേഴ്സിറ്റിയില്‍ പോയി നേരിട്ട് രേക്കോര്‍ടു ചെയ്തതാണിത്. Planet Search with MS ന്റെ പുതിയ എപിസോട് ഇതിലേക്ക് വെളിച്ചം പരത്തുകയാണ്. രണ്ടാം ഭാഗം ഡിഗ്രി കോഴ്സിനു ജര്‍മ്മനിയില്‍ പോകുന്നതിനെക്കുറിച്ചാണ്.

ന്യൂസിലാന്‍ഡ് സ്വദേശി പോള്‍ മോറയും ഐറിഷുകാരനായ മാര്‍ട്ടിന്‍ ഷീല്‍ഡ്‌സുമായിരുന്നു തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. കംഎക്‌സ് ട്രേഡിങ്ങിലൂടെയായിരുന്നു ഇരുവരും വിവിധ യൂറോപ്യന്‍ സര്‍ക്കാരുകളുടെ ഖജനാവിന് കോടികളുടെ നഷ്ടംവരുത്തിവെച്ചത്. ജര്‍മനിക്ക് പുറമേ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, ഓസ്ട്രിയ, നോര്‍വെ, ഫിന്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടായി.

ഒരു സിംഗിള്‍ സെറ്റ് ഷെയറിന്റെ ഡിവിഡന്റ് ടാക്‌സില്‍ രണ്ടുതവണയാണ് ഇവര്‍ റീഫണ്ട് നേടിയത്.. 2006 മുതല്‍ 2011 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.

പോള്‍ മോറയുടെയും മാര്‍ട്ടിന്‍ ഷീല്‍ഡ്‌സിന്റെയും സഹായത്തോടെ വിവിധ കമ്പനികളും ബാങ്കുകളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവരില്‍നിന്നെല്ലാം പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.

2011 ല്‍ ജര്‍മനിയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വന്‍ വെട്ടിപ്പിന്റെ കഥ പുറത്തറിയുന്നത്. തുടര്‍ന്ന് പോള്‍ മോറയും ഷീല്‍ഡ്‌സും ജോലി ചെയ്തിരുന്ന ബാങ്കുകളിലും ഇവര്‍ പിന്നീട് ആരംഭിച്ച ട്രേഡിങ് സ്ഥാപനത്തിലും റെയ്ഡുകള്‍ നടത്തി. മാര്‍ട്ടിന്‍ ഷീല്‍ഡ്‌സ് പിന്നീട് ജര്‍മനിയുടെ പിടിയിലാവുകയും ചെയ്തു.

കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ബോണിലെ കോടതിയില്‍ ഷീല്‍ഡ്‌സിന്റെ വിചാരണ ആരംഭിച്ചത്. പോള്‍ മോറയ്‌ക്കെതിരെ ഡിസംബറില്‍ കുറ്റംചുമത്തിയെങ്കിലും ഇയാള്‍ ന്യൂസിലാന്‍ഡിലേക്ക് കടന്നുകളയുകയായിരുന്നു. അതേസമയം, തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മോറയുടെ പ്രതികരണം. വിചാരണ പൂര്‍ത്തിയായി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കോടികളാവും ഇവരില്‍നിന്ന് പിഴയായി ഈടാക്കുക.

യൂറോപ്യൻ യൂണിയന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് മുന്നിൽ ഇന്ത്യ അനുഭാവപൂര്‍വ്വം നിലപാടെടുക്കുന്നു. യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങളിൽ നിന്നുള്ള മദ്യത്തിനും കാറുകൾക്കും ഇറക്കുമതി തീരുവ കുറയ്ക്കാനാണ് നീക്കം. ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനോട് ഇന്ത്യ അടുക്കുന്നത്.

മദ്യം, കാര്‍ തുടങ്ങി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളോട് ദീര്‍ഘകാലമായി ഇന്ത്യ മുഖംതിരിച്ചിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മൻ ചാൻസലര്‍ ഏയ്ഞ്ചെല മെര്‍ക്കലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഈ കരാറിലേക്ക് വീണ്ടും ഇന്ത്യ തിരിച്ചെത്തിയത്. പിന്നീട് വാണിജ്യ-വ്യവസായ വകുപ്പുമന്ത്രി പിയൂഷ് ഗോയൽ ഇത് സംബന്ധിച്ച് ഏയ്ഞ്ചെല മെര്‍ക്കലുമായി വിശദമായ ചര്‍ച്ച നടത്തി. യൂറോപ്യൻ യൂണിയന്റെ ട്രേഡ് കമ്മിഷണര്‍ ഫിൽ ഹോഗനോടും ഇദ്ദേഹം സംസാരിച്ചിരുന്നു.

യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞാലും മദ്യത്തിന്റെ ആഭ്യന്തര വിപണിയെ ഇത് ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ കാര്യത്തിലും കേന്ദ്രത്തിന്റെ നിഗമനം സമാനമാണ്.

ഉഭയകക്ഷി വ്യാപാര കരാര്‍ യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഒപ്പുവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നേരത്തെ പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറാമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതോടെയാണ് യൂറോപ്പുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷം ഇന്ത്യ ബ്രിട്ടനുമായും വ്യാപാര കരാര്‍ ഒപ്പുവയ്ക്കും. ടെക്സ്റ്റൈൽ, ഫാം പ്രൊഡക്ട്സ് എന്നിവയ്ക്കായാവും കരാറെന്നാണ് വിലയിരുത്തൽ.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ലണ്ടൻ :- ഫോർമുല വൺ ഗ്രൂപ്പ് മുൻ ചീഫ് എക്സിക്യൂട്ടീവ് ബെർണി എക്കിൽസ്റ്റോണിൻ്റെ മകൾ തമാരയുടെ അൻപത് മില്യൺ പൗണ്ടിന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. 57 മുറികളുള്ള അദ്ദേഹത്തിന്റെ ആഡംബര വീട്ടലെ സെയ്ഫുകകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറകൾ ഉള്ള, 24 മണിക്കൂറും സെക്യൂരിറ്റി പെട്രോളിങ്ങുള്ള ഭവനത്തിലാണ് കവർച്ച നടന്നത്.

എന്നാൽ ഇത് വീട്ടിനുള്ളിൽ ഉള്ളവർ അറിഞ്ഞിട്ടുള്ള കവർച്ച ആണെന്നാണ് ബെർണി സംശയിക്കുന്നത്. തമാരയും, ഭർത്താവ് ജയ്, മകൾ സോഫിയ എന്നിവർ പിതാവിനൊപ്പം ലാപ്ലാൻഡിലേക്കു യാത്ര പോയ സമയത്താണ് കവർച്ച നടന്നത്. ഇതുവരെയും മോഷണത്തെ തുടർന്ന് അറസ്റ്റുകൾ ഒന്നും നടന്നിട്ടില്ല.

കവർച്ച നടത്താൻ വീടിനുള്ളിൽ തന്നെ ആരോ സഹായിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. വളരെ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അമ്പതിനായിരം പൗണ്ട് വിലവരുന്ന ഒത്തിരി അധികം ഡയമണ്ട് ആഭരണങ്ങൾ, റോളക്സ് വാച്ച് കളക്ഷൻ എന്നിവയെല്ലാം നഷ്ടപ്പെട്ടു. മൂന്നുപേർ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. പുറകിലുള്ള മതിൽ ചാടി കടന്നാണ് ഭവനത്തിലേക്ക് പ്രവേശിച്ചത്. അൻപതു മിനിറ്റോളം എടുത്താണ് കവർച്ച നടത്തിയത്. പോലീസിൻെറ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.

നേഴ്‌സുമാർക്ക് ലഭിക്കുന്ന അവസരങ്ങൾ അതും പുറം രാജ്യങ്ങളിൽ വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രയധികം പ്രാധാന്യം നേഴ്സിങ്ങിന് നൽകുന്നു എന്നതിന്റെ തെളിവാണ്. അങ്ങനെയാണ് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതര്‍ലന്‍ഡസ് ഇപ്പോൾ കൈ മലര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നാണ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. നഴ്‌സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാരും ഇതോടെ ഊരാക്കുടുക്കിലായി.

ജൂലൈ 31നു ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്‌സിലേക്ക് ഇത്രയധികം നഴ്‌സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്‌സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്‌സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഓഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ തദ്ദേശീയെരയും തദ്ദേശീയര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി നെതര്‍ലന്‍ഡസ് സര്‍ക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു തല്‍ക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. നെതര്‍ലന്‍ഡസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.

മാത്രമല്ല സി.പി.എമ്മിന്റെ സൈബര്‍ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നെതര്‍ലന്‍ഡസിലേക്ക് കേരളത്തില്‍നിന്നും നഴ്‌സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു കേരളത്തില്‍നിന്നുളള നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ അറിയിച്ച കാര്യം വ്യക്തമാക്കിയത്.

നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തില്‍ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു നഴ്‌സുമാരെ അയയ്ക്കാന്‍ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്തായാലും നെതർലൻഡ്‌സ് വേണ്ട എന്ന് പറഞ്ഞെങ്കിലും യുകെയിലെ തിരഞ്ഞെടുപ്പിൽ നേഴ്‌സ് വിഷയം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നാഷണൽ ഹെൽത്ത് സെർവിസിൽ നേഴ്‌സുമാർക്ക് ഉണ്ടായ കുറവ് വലിയ രീതിയിൽ യുകെയിലെ ആശുപത്രികളെ ബാധിക്കുകയുണ്ടായി. വിദേശ നേഴ്‌സുമാർക്ക് അവസരം നൽകുമെന്ന് യുകെയിലെ പ്രധാന രണ്ട് പാർട്ടികളും പറഞ്ഞിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ അതാണ് കഴിഞ്ഞ ദിവസം ജർമ്മനിയിൽ നടന്നത് എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തിലാണ് മോഷണം അരങ്ങേറിയത്. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ഈ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയത്. മോഷണം പോയ ആഭരണങ്ങള്‍ക്ക് ഒരു ബില്യണ്‍ യൂറോ (ഏകദേശം 78,85,24,47,600 രൂപ) വിലമതിക്കുമെന്നാണ് വിലയിരുത്തൽ.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുരക്ഷാസംവിധാനം തകരാറിലായതിനെ തുടര്‍ന്ന് മോഷണത്തെ കുറിച്ച് ആരും അറിഞ്ഞതുമില്ല. കവര്‍ച്ചയ്ക്ക് മുമ്പ് മ്യൂസിയത്തിലേയും സമീപപ്രദേശത്തേയും വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ അലാറം പ്രവര്‍ത്തനരഹിതമായി. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനാലയുടെ ഇരുമ്പഴികള്‍ വളച്ചാണ് മോഷ്ടാക്കൾ മ്യൂസിയത്തിൽ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി തടസം നേരിട്ടിരുന്നെങ്കിലും രണ്ട് മോഷ്ടാക്കളുടെ ദൃശ്യം ചില ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

കണക്കാക്കപ്പെടുന്നതിലും വളരെ ഉയർന്നതാണ് ആഭരണങ്ങളുടെ മൂല്യമെന്നാണ് മ്യൂസിയം അധികൃതരുടെ വാദം. എന്നാൽ മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഒന്നായി വില്‍ക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ എന്നിവ കൊണ്ട് നിര്‍മിച്ച നാലായിരത്തിലധികം വസ്തുശേഖരങ്ങളുള്ള ഗ്രീന്‍ വോള്‍ട്ടിൽ നിന്നാണ് അമൂല്യ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.

ഫ്രെഡറിക് അഗസ്റ്റസ് മൂന്നാമനായി സൃഷ്ടിച്ച സൈനിക ഉദ്യോഗസ്ഥന്റെ പദവി സൂചിപ്പിക്കുന്ന തോള്‍മുദ്രയാണ് ആഭരണം. 230 ലധികം വ്യത്യസ്ഥ വജ്രങ്ങളാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 175 സെന്റിമീറ്റർ നീളമുള്ള (8.6 ഇഞ്ച്) ആഭരണം 1780 ലാണ് പൂർത്തിയായിത്. ഒരു വലിയ റോസ് കട്ട് ഡയമണ്ടിന് ചുറ്റും ചെറിയ വജ്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്ന തരത്തിലാണ് ആഭരണം തയ്യാറാക്കിയിട്ടുള്ളത്.

തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ…ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍…ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ കൊക്കെയ്ൻ എത്തിയത്

പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ലഹരിമരുന്ന് വിതരണക്കാര്‍ ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാനോ എന്നാണു പോലീസ് സംശയിക്കുന്നത് .. ലഹരിമരുന്ന് പാക്കറ്റുകള്‍ വടക്കന്‍ മേഖലയിലെ തീരത്തേക്കും എത്തുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ കപ്പലുകളില്‍ നിന്നാണ് ലഹരിമരുന്ന് പാക്കറ്റുകള്‍ തീരത്തേക്ക് എത്തുന്നതെന്നാണ് സംശയം.

യൂറോപ്പിലേയും അമേരിക്കയിലേയും ലഹരിമരുന്ന് വിരുദ്ധ വിഭാഗങ്ങളുടെ സഹായത്തോടെ തീരത്തേക്ക് ഇത്തരത്തില്‍ പാക്കറ്റുകള്‍ എത്തുന്നതിന്‍റെ കാരണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പൊലീസുള്ളത്. വളരെ ശുദ്ധമായ കൊക്കെയ്ൻ ആണ് പൊതികളില്‍ നിന്ന് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇത് അതീവ അപകടകാരിയാണെന്നും വിദഗ്ധര്‍ പറയുന്നു.

വന്‍വിലയാണ് ഇവക്ക് ലഭിക്കുന്നതെന്നതിനാല്‍ ആളുകള്‍ ഇവ ശേഖരിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടതോടെയാണ് ബീച്ചുകള്‍ അടച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ബീച്ചുകളുടെ പരിസര പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.

കൗമാരക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇത്തരത്തില്‍ തീരത്ത് അടിയുന്ന പാക്കറ്റുകള്‍ ശേഖരിക്കുന്നതിന് ഇടയില്‍ പൊലീസ് പിടിയിലായത്. തീരപ്രദേശത്ത് നടക്കാന്‍ എത്തുന്നവര്‍ മടങ്ങിപ്പോവുമ്പോള്‍ അവരുടെ കാറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

സീല്‍ ചെയ്ത പാക്കറ്റുകളിലാണ് കൊക്കെയ്ൻ തീരത്തേക്ക് എത്തുന്നത് എന്നതിനാല്‍ ഇത് വെള്ളം കയറി നശിക്കുന്നുമില്ല. ചെറിയ രീതിയില്‍ പോലും ഇത് നേരിട്ട് ഉപയോഗിക്കുന്നത് ഓവര്‍ ഡോസായി പോവാനുള്ള സാധ്യത ഏറെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഈ പാക്കറ്റുകളില്‍ കണ്ട സീല്‍ പതിച്ച കൊക്കെയ്ൻ പാക്കറ്റുകള്‍ സെപ്തംബറില്‍ ഫ്ലോറിഡയുടെ തീരങ്ങളിലുമെത്തിയിരുന്നു. ബെല്‍ജിയവും, സ്പെയിനുമാണ് ഇത്തരം ലഹരിമരുന്നുകള്‍ ഏറെയെത്തുന്ന ഇടങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്..ഇവിടങ്ങളിലേക്ക് ഒഴുക്കുന്ന പാക്കറ്റുകള്‍ കാറ്റുകളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ മൂലം ഫ്രാന്‍സിന്‍റെ തീരങ്ങളിലേക്ക് എത്തുന്നതാണോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. യൂറോപ്പിലെ പല ഭാഗങ്ങളിലായി 140 ടണ്‍ കൊക്കെയ്ൻ ആണ്‍ 2017ല്‍ മാത്രം പിടികൂടിയത്

RECENT POSTS
Copyright © . All rights reserved