കോവിഡിന്റെ പ്രധാന രോഗക്ഷണങ്ങളായി പറയുന്നത് വരണ്ട ചുമയും പനിയുമൊക്കെയാണ്. എന്നാല്‍ ഇവയ്ക്ക് മുമ്പ് തന്നെ പ്രകടമാക്കുന്ന നാഡീവ്യൂഹ സംബന്ധമായ ചില ലക്ഷണങ്ങളൊക്കെ കോവിഡിനുണ്ടെന്ന് അന്നല്‍സ് ഓഫ് ന്യൂറോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നു.
തലവേദന, തലചുറ്റല്‍, സ്‌ട്രോക്ക്, ശ്രദ്ധക്കുറവ് തുടങ്ങിയ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങള്‍ പനിക്കും ചുമയക്കും മുന്‍പ് പല രോഗികളിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മണവും രുചിയും നഷ്ടമാകല്‍, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ചുഴലി രോഗം തുടങ്ങിയവയും ചില രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതിനെ കുറിച്ച് ബോധവാന്മാരായി ഇരിക്കണമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ന്യൂറോളജി പ്രഫസര്‍ ഇഗോര്‍ കോറല്‍നിക് പറയുന്നു. അണുബാധയും നീര്‍ക്കെട്ടും, ബുദ്ധിഭ്രമവും ഉന്മാദവും ഉള്‍പ്പെടെയുള്ള നാഡീവ്യൂഹ സംബന്ധമായ സങ്കീര്‍ണതകള്‍ക്ക് കോവിഡ്19 കാരണമാകാമെന്ന് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ മുന്‍പ് നടത്തിയ ഒരു പഠനവും ചൂണ്ടിക്കാട്ടിയിരുന്നു.
തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും കോവിഡിന്റെ ലക്ഷണമാവാമെന്ന് ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകര്‍. മൂന്നരലക്ഷത്തോളം കോവിഡ് രോഗികളില്‍ നടത്തിയ നീരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഗവേഷകര്‍ പറയുന്നു.
പഠനവിധേയമാക്കിയവരില്‍ ഒമ്പത് ശതമാനം കോവിഡ് രോഗികള്‍ക്കും തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോവിഡിന്റെ മറ്റ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പോ അതിനു ശേഷമോ ചര്‍മ പ്രശ്നങ്ങള്‍ കാണപ്പെടാം. കോവിഡ് പോസിറ്റീവായി ആഴ്ചകള്‍ക്ക് ശേഷമാകാം ചിലപ്പോള്‍ ചര്‍മത്തില്‍ തിണര്‍പ്പ് പ്രത്യക്ഷപ്പെടുന്നത്.
കോവിഡ് ഔദ്യോഗിക രോഗലക്ഷണങ്ങളുടെ പട്ടികയിലേക്ക് തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും ഉള്‍പ്പെടുത്താന്‍ ഔദ്യോഗിക ആരോഗ്യ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കിങ്‌സ് കോളജിലെ ജനിതക സാംക്രമിക രോഗ വിഭാഗം പ്രഫസര്‍ ടിം സ്പെക്ടര്‍ പറഞ്ഞു.
തൊലിപ്പുറത്തെ തിണര്‍പ്പിനൊപ്പം ചിലര്‍ക്ക് കൈയിലെയും കാലിലെയും വിരലുകളില്‍ ചുവപ്പും പഴുപ്പും ഉണ്ടാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് നീണ്ടകാലം ഈ രോഗലക്ഷണങ്ങള്‍ തുടര്‍ന്നേക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് ബാധ എങ്ങനെ തിരിച്ചറിയാമെന്ന കാര്യത്തില്‍ ഭൂരിഭാഗം ആളുകളിലും വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കോവിഡിന് നിരവധി ലക്ഷണങ്ങള്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ഈ ലക്ഷണങ്ങള്‍ മറ്റു സാഹചര്യങ്ങളിലും ഉണ്ടാവാമെന്നതിനാല്‍ ഇത് കോവിഡ് ആണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. ലക്ഷണങ്ങളില്ലാതെയും പലരിലും കോവിഡ് പോസിറ്റീവ് ആവുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം.
പനി, തൊണ്ടവേദന, രുചിയില്ലായ്മ, മണമില്ലായ്മ തുടങ്ങിയവയാണ് കോവിഡിന്റെ പ്രധാനലക്ഷണണങ്ങളായി ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതില്‍ പ്രധാനമായും കാണപ്പെടുന്ന ഒന്ന് തൊണ്ടവേദനയാണ്. എന്നാല്‍ തൊണ്ടവേദന സാര്‍വത്രികമായ ഒരു സാധാരണ ആരോഗ്യപ്രശ്‌നം കൂടിയാണ്. അലര്‍ജി, വായുമലിനീകരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം സാധാരണ തൊണ്ടവേദനയുണ്ടാവാറുണ്ട്. ഇതില്‍ നിന്ന് കോവിഡ് തൊണ്ടവേദനയെ എങ്ങനെ തിരിച്ചറിയാമെന്നതാണ് എല്ലാവര്‍ക്കുമുള്ള പ്രധാന സംശയം.
രോഗിക്ക് ഇതിന്റെ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൊണ്ടവേദന, കുത്തിക്കുത്തിയുള്ള ചുമ, ഭക്ഷണം കഴിക്കുമ്പോള്‍ അധികമായ വേദന, ചെറിയ വീക്കം തുടങ്ങിയവ കോവിഡ് തൊണ്ടവേദനയുടെ ലക്ഷണമായി കാണാം. എന്നാല്‍ ഇത് സാധാരണ ഉണ്ടാവാറുള്ള തൊണ്ടവേദനക്കൊപ്പവും ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ തൊണ്ടവേദനക്കൊപ്പം മറ്റു ലക്ഷണങ്ങള്‍ കൂടി നോക്കി മാത്രമേ കോവിഡ് തൊണ്ടവേദന തിരിച്ചറിയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൊണ്ടവേദനക്കൊപ്പം രുചിയില്ലായ്മ, മണമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കൂടി ഉണ്ടെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം
ഡോ. ഷർമദ് ഖാൻ
തടിച്ചും വളഞ്ഞു പുളഞ്ഞും കാണുന്ന സിരകളെയാണ് വെരിക്കോസ് വെയിൻ അഥവാ സിരാഗ്രന്ഥി എന്നുപറയുന്നത് .ശരീരത്തിൽ എവിടെ വേണമെങ്കിലും വരാവുന്നതാണെങ്കിലും സാധാരണയായി കാലുകളിലാണ് ഇവ കാണുന്നത്. കാലിലെ പാദവുമായി ചേരുന്ന സന്ധിയ്ക്കടുത്തായി ചികിത്സിച്ചു ഭേദമാക്കുവാൻ ബുദ്ധിമുട്ടുള്ള വ്രണമായും പിന്നീട് ഇവ മാറാറുണ്ട്.
സ്ഥിരമായി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്ന രീതിയും അങ്ങനെ ചെയ്യേണ്ടിവരുന്ന ജോലിയും ഉള്ളവരിലാണ് ത്വക്കിനടിയിലെ സിരകളിലെ പോക്കറ്റ് വാൽവുകൾക്ക് കേടു വന്ന് വെരിക്കോസ് വെയിൻ ആയി മാറുന്നത്.
പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ വർദ്ധിക്കുകയോ ചെയ്യാം. വളരെ അപകടം പിടിച്ച അസുഖമെന്ന നിലയിൽ വെരിക്കോസ് വെയിനിനെ കാണേണ്ടതില്ലെങ്കിലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടും ,വേദനയും, ചികിത്സിച്ചാലും മാറാത്ത വ്രണവും, അതുകാരണമുള്ള പ്രയാസങ്ങളും ചെറുതല്ല. വ്രണത്തിന് പലപ്പോഴും ദുർഗന്ധവും നല്ല വേദനയും ഉണ്ടാകും.
ഇടയ്ക്കിടെ ഹൃദയത്തിൻറെ ലെവലിൽ കാലുകൾ ഉയർത്തി കിടക്കുക, ചെറിയതോതിലുള്ള വ്യായാമങ്ങൾ ചെയ്ത് പേശികളെ ബലപ്പെടുത്തുക, ശരീരഭാരം നിയന്ത്രിക്കുക, കൂടുതൽ നേരം നിന്നും ഇരുന്നുമുള്ള ജോലി ഒഴിവാക്കുക, ഇലക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക, കാലിലെ മസിലുകൾക്കും സിരകൾക്കും സപ്പോർട്ട് നൽകും വിധം സോക്സ്, സ്റ്റോക്കിങ്സ് മുതലായവ ഉപയോഗിക്കുക, ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ച് കാലുകളിലെ രക്തസഞ്ചാരം വർദ്ധിപ്പിക്കുന്ന ചികിത്സകൾ ചെയ്യുക തുടങ്ങിയവയാണ് പരിഹാരമാർഗ്ഗങ്ങൾ.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
കോവിഡ് പരിശോധനയ്ക്ക് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ച പേപ്പര്‍ സ്ട്രിപ്പ് കോവിഡ് ടെസ്റ്റിങ് കിറ്റ് വിപ്‌ളവം സൃഷ്ടിക്കാനൊരുങ്ങുന്നു. ഏകദേശം 500 രൂപ മാത്രം ചെലവ് വരുന്ന പേപ്പര്‍ സ്ട്രിപ്പിന് ഫെലുദ എന്നാണ് പേരിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചത്. ജീന്‍ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പര്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായ സിഎസ്‌ഐആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കിറ്റിന് പിന്നില്‍.
ലോകത്തിലെ ആദ്യത്തെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിക്കുന്ന കോവിഡ് ടെസ്റ്റിങ് കിറ്റാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ഇതിന് വിപണിയിലിറക്കാനുള്ള അംഗീകാരം ലഭിച്ചുവെന്നാണ് വിവരം. സ്വകാര്യ ലാബുകളില്‍ അടക്കം 2,000 ആളുകളില്‍ ഈ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തി.
കൂട്ടത്തില്‍ നേരത്തെ തന്നെ കോവിഡ് പോസിറ്റീവായ ആളും ഉള്‍പ്പെട്ടിരുന്നു. ഈ പരീക്ഷണത്തില്‍ ഫെലുദ കിറ്റ് 98 ശതമാനത്തോളം കൃത്യത പുലര്‍ത്തുന്നുവെന്നും 96 ശതമാനത്തോളം സംവേദനക്ഷമതയും പുലര്‍ത്തുന്നുവെന്നും തെളിഞ്ഞുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
പരീക്ഷണത്തില്‍ കോവിഡ് ബാധയുള്ള മിക്കവരെയും ഇതിലൂടെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും ഇവര്‍ പറയുന്നു. തെറ്റായ റിസള്‍ട്ടുകള്‍ ഈ കിറ്റില്‍ അധികം ഉണ്ടാകില്ല. ലളിതവും കൃത്യവുമായ റിസള്‍ട്ട് ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകന്‍ പ്രൊഫ. കെ. വിജയ് രാഘവന്‍ പറഞ്ഞു.
ഡോ. ഷർമദ് ഖാൻ
വണ്ണം കുറയ്ക്കുവാൻ എളുപ്പമാർഗ്ഗം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഭക്ഷണനിയന്ത്രണമോ വ്യായാമമോ നല്ല ശീലങ്ങളോ ഒന്നും പറ്റില്ല. പകരം ഗുളിക വല്ലതും തന്നാൽ കഴിക്കാം എന്നാണ് പലരും ഡോക്ടറെ സമീപിക്കുമ്പോൾ പറയുന്നത്.വണ്ണം കുറയ്ക്കണമെന്ന് തീവ്രമായ ആഗ്രഹം ഉള്ളവർ പോലും അൽപദിവസം അതിനായുള്ള പരിശ്രമങ്ങൾ നടത്തുന്നതല്ലാതെ അവ തുടർച്ചയായി ശ്രദ്ധിക്കുന്നില്ലെന്നു കാണാം.
ചിലതരം തൈറോയ് ഡ് രോഗങ്ങൾ, ചില മരുന്നുകൾ, ജനിതക വൈകല്യങ്ങൾ, അമിതഭക്ഷണം, പാരമ്പരൃം, ജീവിതശൈലി വ്യതിയാനങ്ങൾ, അദ്ധ്വാനം വളരെ കുറവുള്ള ജീവിത രീതിയും ജോലിയും എന്നിവയെല്ലാം വണ്ണം കൂടുവാൻ കാരണമാകുന്നു.ശരീരത്തിന്റെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നു. എന്നാൽ പൊണ്ണത്തടിയുള്ള പലരും അത് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരല്ല. അവർ ഇപ്പോഴും ഡോക്ടറെ സമീപിക്കുന്നത് കുടവയർ കുറയ്ക്കുവാൻ വല്ല മരുന്നോ ഒറ്റമൂലി പ്രയോഗമോ ഉണ്ടോ എന്ന് അന്വേഷിക്കുവാനാണ്.
വണ്ണക്കൂടുതൽ എന്നതിൻറെ അടുത്ത ഘട്ടമാണ് പൊണ്ണത്തടി. നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നതിനാലും, ജീവിതനിലവാരം ഗണ്യമായ രീതിയിൽ തകിടം മറിക്കുവാൻ സാധ്യതയുള്ളതുകൊണ്ടും, പല രോഗങ്ങളുടെയും കൂട്ടത്തിൽ പൊണ്ണത്തടി കൂടി ഉണ്ടെങ്കിൽ ചികിത്സ തന്നെ ദുഷ് കരമാകും എന്നതിനാലും ചെറിയ പ്രായം മുതൽ വണ്ണം അമിതമായി വർദ്ധിക്കാതിരിക്കുവാൻ പ്രയത്നിച്ചു കൊണ്ടിരിക്കുക തന്നെ വേണം. കുട്ടികൾക്ക് വണ്ണമുണ്ടെങ്കിൽ ആരോഗ്യമുണ്ട് എന്ന രക്ഷിതാക്കളുടെ വിചാരം മാറ്റണം.
ഉപവാസം, പ്രസവം എന്നിവയ്ക്കുശേഷം ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം ശീലിക്കുകയും അദ്ധ്വാനം കുറയ്ക്കുകയും ചെയ്താൽ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ കാണും എന്ന് തന്നെ പറയേണ്ടി വരും. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത് കാരണമുണ്ടാകുന്ന നെഞ്ചിരിച്ചിൽ വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇടയ്ക്കിടയ്ക്ക് ധാരാളമായി ഭക്ഷണം കഴിക്കുന്നവർക്ക് വണ്ണം വർദ്ധിക്കുകതന്നെ ചെയ്യും.
വണ്ണം കുറയണമെന്ന് ആഗ്രഹമുള്ളവർ ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, മാംസം,തണുപ്പിച്ച ഭക്ഷണം, മധുരം,പകലുറക്കം എന്നിവ പരമാവധി ഒഴിവാക്കണം.പായസം, ഉഴുന്ന്, ഏത്തപ്പഴം, പാലുൽപ്പന്നങ്ങൾ, മുട്ട, എണ്ണയിൽ വറുത്തവ എന്നിവയും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ.
വ്യായാമമില്ലായ്മ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ശരിയല്ലാത്ത ജീവിതചര്യ, അമിത വണ്ണത്തിന് കാരണമാകുന്ന മരുന്നുകളുടെ ഉപയോഗം എന്നിവയ്ക്ക് ദീർഘനാൾ ശ്രദ്ധയോടെപരിഹാരം തേടുന്നവർക്ക് ആകർഷകമായ ആ കൃതിയോടെ ആരോഗ്യവാനായി ജീവിക്കാം.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
ഡോക്ടർ എ. സി. രാജീവ് കുമാർ
എന്താകണം ആഹാരം ,എങ്ങനെ ആകണം, എത്രത്തോളം ,എപ്പോൾ ,എവിടെ വെച്ച്, എന്നൊക്കെ നിർദേശങ്ങൾ നൽകുന്ന ഒരു ശാസ്ത്രം നമുക്ക് സ്വന്തം ആയുള്ളപ്പോൾ ഇതര നിർദേശങ്ങൾ മാത്രം ആണ് അനുയോജ്യമായത് എന്ന് കരുതിയത് പൂർണമായും ശരിയല്ല എന്ന് സമകാലിക ആരോഗ്യ പ്രശ്നങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. വ്യത്യസ്തങ്ങളായ ആഹാര വസ്തുക്കൾ ,ധാന്യങ്ങൾ ,പയർ വർഗ്ഗങ്ങൾ, വള്ളിയിലുണ്ടാകുന്നവ ,ഇലക്കറികൾ പഴവർഗങ്ങൾ, ഉണക്കി ഉപയോഗിക്കുന്നവ, കിഴങ്ങ് വർഗ്ഗങ്ങൾ, മത്സ്യ മാംസങ്ങൾ എന്നിവയെ ആയുർവ്വേദം തരം തിരിച്ചു നിർദേശിക്കുന്നു. മാത്രമല്ല ഇവ ഒക്കെ ഏതെല്ലാം തരത്തിൽ ഉപയോഗിക്കാൻ ആവും എന്ന പാചക നിർദേശങ്ങളുമുണ്ട്. ഇവ മാത്രം പോരല്ലോ .എങ്ങനെ ആണ് ആഹാരം കഴിക്കേണ്ടത്, എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ക്ര്യത്യമായി നമുക്ക് പറഞ്ഞു തരുന്നു.
1.പാചകം ചെയ്ത് ആറി തണുത്തു പഴകാത്ത ആഹാരം കഴിക്കുക
2.അല്പം എങ്കിലും മയമുള്ള അയവുള്ള സ്നിഗ്ദ്ധത ഉള്ളവ ആകണം. വരണ്ട് ഉണങ്ങി വറത്തു പൊരിച്ചവ വേണ്ട
3.അവരവർക്ക് ആവശ്യം ഉള്ളത്ര അളവ് അറിഞ്ഞ് അത്രയും മാത്രം കഴിക്കുക
4.മുമ്പ് കഴിച്ച ആഹാരം ദഹിച്ച ശേഷം മാത്രം ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
5.പരസ് പരം വിരുദ്ധമായവ ഒരു ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
6.തീരെ സാവകാശവും ഏറെ വേഗത്തിലും ആഹാരം കഴിക്കരുത്
7.അവരവരവർക്ക് തൃപ്തിയുള്ള സ്ഥലം, ഇരിപ്പിടം, പത്രങ്ങൾ ആവണം ആഹാരത്തിന് ഉപയോഗിക്കേണ്ടത്
8. സംസാരിച്ചും ചിരിച്ചും തർക്കിച്ചും ആഹാരം കഴിക്കരുത്
9.കഴിക്കുന്നതിൽ ശ്രദ്ദിക്കുക. ആഹാരം കഴിക്കുമ്പോൾ വായന ,മൊബൈൽ ,ടി വി കാണുക എന്നിവ പാടില്ല
10.ഓരോരുത്തർക്കും ഓരോ തരം ആഹാര ശീലം ഉണ്ട്. അവരവർക്ക് അനുയോജ്യമായ ആഹാരം ആണ് കഴിക്കുന്നത് എന്ന് ഉറപ്പു വരുത്തുവാൻ കരുതൽ വേണം.
ഈ നിർദേശങ്ങൾ പാലിക്കുന്നത് രോഗമില്ലാത്ത ദീർഘായുസ്സ് നല് കാൻ ഇടയാക്കും എന്നതാണ് ആയുർവേദ നിർദേശം.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. പ്രായമായവര്‍ക്ക് മാത്രമല്ല, രോഗം ബാധിച്ച എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നും പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.
രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ആഴ്ചകള്‍ നിര്‍ണായകമാണെന്നും മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്.
മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്‌കരുമാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക്. ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്ന് പേരും 18 വയസിനും 40നും ഇടയിലുള്ള 26 പേരും 41നും 59നും ഇടയിലുള്ള 138 പേരുമാണ് ഇതുവരെ മരണപ്പെട്ടത്.
നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.
അതേസമയം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണെന്നും സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യത വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ പരീക്ഷണ ചരിത്രത്തില്‍ ചിലത് പരാജയപ്പെടാനും ചിലത് വിജയിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് നിലവില്‍ ഏകദേശം 200 ലധികം കൊവിഡ് വാക്‌സിനുകളാണ് ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ ഓക്‌സ്ഫഡ് കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചിരിക്കുകയാണ്. പൂനെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 200 പേര്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്.