ഡോ. ഷർമദ്‌ ഖാൻ

ശരീരത്തിനുള്ളിലുള്ള ഏതെങ്കിലും ഒരു അവയവം ബലക്കുറവുള്ള പേശി, ടിഷ്യു എന്നിവയുടെ ഒരു ഭാഗത്ത് കൂടി പുറത്തേക്ക് തള്ളുന്നതിനെയാണ് ഹെർണിയ എന്നു പറയുന്നത്. ഹെർണിയ ജീവഹാനി ഉണ്ടാകുന്ന ഒന്നല്ല. എന്നാൽ ഒരിക്കൽ ഉണ്ടായ ഹെർണിയ സ്വയം ശമിക്കുവാൻ ഇടയില്ലെന്ന് മാത്രമല്ല അപകടകരമായ ചില സങ്കീർണതകൾ തടയുവാൻ ഓപ്പറേഷൻ ഉൾപ്പെടെ വേണ്ടിവന്നേക്കാം.

തുടയിടുക്കിൽ രൂപം കൊള്ളുന്ന വീക്കം, നിൽക്കുമ്പോഴും കുനിയുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തടിപ്പായി പ്രത്യക്ഷപ്പെടാം. കിടക്കുമ്പോൾ അത് അപ്രത്യക്ഷമാകുകയും ചെയ്യാം. ഈ തടിപ്പിന് ചുറ്റുമുള്ള ഭാഗത്ത് അസ്വസ്ഥതയും വേദനയും വരാം.ദീർഘ നേരം ഇരിക്കുമ്പോൾ കാലിലേക്കുള്ള അസ്വസ്ഥത വർദ്ധിക്കുകയും ചെയ്യാം. ഈ സ്വഭാവമുള്ള ഹെർണിയയെ ഇൻഗ്വയിനൽ ഹെർണിയ എന്ന് പറയും. ഇത് പുരുഷന്മാരിലാണ് കൂടുതൽ കാണുന്നത്.

ഭക്ഷണം വിഴുങ്ങുന്നതിന് തടസ്സവും നെഞ്ചുവേദനയും നെഞ്ചെരിച്ചിലും അനുഭവപ്പെടുന്ന ഹയാറ്റസ് ഹെർണിയ ഉരസ്സിനേയും ഉദരത്തേയും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രം എന്ന പേശിയിലേക്കാണ് തള്ളിക്കയറുവാൻ ശ്രമിക്കുന്നത് . 50 വയസ്സിനു മേൽ പ്രായമുള്ളവരിലും ജനന വൈകല്യമുള്ള കുട്ടികളിലും ഇത് കൂടുതലായി കാണുന്നു.

ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള ഭാഗത്ത് പിന്നീടുണ്ടാകുന്ന ഹെർണിയയെ ഇൻസിഷണൽ ഹെർണിയ എന്നാണ് വിളിക്കുന്നത്. പൊക്കിളിൽ സമ്മർദ്ദം ഉണ്ടാക്കുന്ന ഹെർണിയയെ അംബിലിക്കൽ ഹെർണിയ എന്നുവിളിക്കാം. ഹെർണിയ ഉള്ള ഒരാൾക്ക് ഓക്കാനം ,ഛർദ്ദി ,പനി, പെട്ടെന്നുള്ള വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര ചികിത്സ വേണ്ടിവന്നേക്കാം.

ഹെർണിയയുടെ ആരംഭത്തിൽ ചെയ്യുന്ന ചില മരുന്നുകളും ഭക്ഷണ ശൈലിയിലെ മാറ്റവും ശമനം നൽകുന്നതാണ്. ചിലപ്പോൾ സർജറി ആവശ്യമായി വരും. ഒരിക്കൽ സർജറി ചെയ്ത വരിലും വീണ്ടും സർജറി ആവശ്യമായി വരികയും ചെയ്യാം . ഹെർണിയയുടെ സ്വഭാവം, രോഗിക്കുള്ള ബുദ്ധിമുട്ടുകൾ, രോഗിയുടെ പൊതുവായ ആരോഗ്യം ,പ്രായം എന്നിവ പരിഗണിച്ച് മാത്രമേ സർജറി ചെയ്യാറുള്ളൂ.

വാർദ്ധക്യം, പരിക്ക്, ശസ്ത്രക്രിയകൾ , തുടർച്ചയായ ചുമ, കഠിനമായ വ്യായാമം, മലബന്ധവും മലശോധനയ്ക്ക് വേണ്ടിയുള്ള കഠിനശ്രമവും, അമിതവണ്ണം, പാരമ്പര്യം, ഗർഭകാലം, പുകവലി തുടങ്ങിയവ ഹെർണിയയ്ക്ക് കാരണമാകാം.

മലബന്ധം ഒഴിവാക്കുന്നതിനും ഗ്യാസ് കുറയ്ക്കുന്നതിനുമുള്ള മരുന്നുകൾ, ഭക്ഷണത്തിലെ മാറ്റങ്ങൾ, മിതമായ ഭക്ഷണം എന്നിവ ആവശ്യമാണ്. ഭക്ഷണം കഴിച്ചാലുടനെയുള്ള വ്യായാമം, മസാല, വറുത്തവ , പുകവലി എന്നിവ ഒഴിവാക്കണം.

രോഗത്തിന്റെ ആരംഭത്തിലും ഓപ്പറേഷൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലും ആയുർവേദ മരുന്നുകൾ ഉപയോഗിക്കണം. മറ്റുള്ളവരിൽ ശസ്ത്രക്രിയ കൂടുതൽ വേഗത്തിൽ ശമനം ഉണ്ടാക്കുന്നതാണ്.

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .