Health

ലണ്ടന്‍: സ്ത്രീകള്‍ ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ വര്‍ദ്ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ലിവര്‍ സിറോസിസ് രോഗികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. മദ്യം ഭക്ഷണത്തിനൊപ്പമല്ലാതെ കഴിക്കുന്നത് ലിവര്‍ സിറോസിസ് വരാനുള്ള കാരണമായേക്കും. ഇത്തരക്കാരില്‍ സിറോസിസ് വരാന്‍ 66 ശതമാനം സാധ്യതകളേറെയാണെന്ന് മെഡിക്കല്‍ വിദഗ്ദ്ധരടങ്ങിയ പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരള്‍ രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 16 വര്‍ഷത്തിനിടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ വളര്‍ച്ചയാണെന്നും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്ഥിര മദ്യപാനം ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും പഠനം പറയുന്നു. അതേസമയം ഭക്ഷണത്തിനൊപ്പം മദ്യം കഴിക്കുന്നത് കരള്‍ രോഗത്തില്‍ നിന്ന് സ്ത്രീകളെ അകറ്റുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് പോപുലേഷന്‍ ഹെല്‍ത്ത്, ഒാക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റേച്ചല്‍ സിംപ്‌സണ്‍ നേതൃത്വത്തിലാണ് പഠനം നടന്നിരിക്കുന്നത്.

യുവതികളില്‍ സമീപകാലത്ത് ആല്‍ക്കഹോള്‍ സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുലകളിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗത്തില്‍ തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഏതാണ്ട് 55 ശതമാനം വര്‍ദ്ധനവാണ് സ്ത്രീ രോഗികളുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നും ഇന്‍സ്റ്റിയൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിലെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സെവറി പറഞ്ഞു. സമീപകാലത്ത് സ്ത്രീകളെ ലക്ഷ്യമാക്കി വിപണിയിലെ മാറ്റങ്ങള്‍ നമുക്ക് മനസിലാക്കാവുന്നതേയുള്ളുവെന്നും രോഗശതമാനത്തിലെ വര്‍ദ്ധനവ് ഒട്ടും അദ്ഭുതം ഉളവാക്കുന്നതല്ലെമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ശരീരത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രലോകം. വയറിനുള്ളില്‍ സ്ഥാപിക്കുന്ന ഒരു റോബോട്ട് ഗുളികയാണ് ഇത്. ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണം ഫോണിലൂടെ നല്‍കുന്ന നിര്‍ദേശമനുസരിച്ച് മരുന്നുകള്‍ ശരീരത്തിന് നല്‍കും. ഗുളിക രൂപത്തില്‍ വിഴുങ്ങുന്ന ഈ ഉപകരണം വയറ്റിലെത്തിയാല്‍ ഇംഗ്ലീഷ് അക്ഷരം ‘Y’ ആകൃതി പ്രാപിക്കുന്നു. കുത്തിവെയ്പ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇത് അണുബാകളെയും അലര്‍ജിക് റിയാക്ഷനുകളെയും സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

ഒരു മാസത്തോളം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് 3ഡി പ്രിന്റ് ചെയ്ത ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വയം വിഘടിച്ച് കഷണങ്ങളായി ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ ഇത് പുറത്തു പോകുകയും ചെയ്യും. നിലവിലുള്ള ഉപകരണം ഒരു സില്‍വര്‍ ഓക്‌സൈഡ് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദഹനരസങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്നതിനോ പുറത്തുള്ള ഒരു ആന്റിന ഉപയോഗിക്കുന്നതിനോ ഉള്ള സാധ്യതകള്‍ ശാസ്ത്രജ്ഞന്‍മാര്‍ പരീക്ഷിച്ചു വരികയാണ്. പന്നികളില്‍ ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തി. മനുഷ്യരില്‍ ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷിക്കും.

ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്റെ ആവേശത്തിലാണ് തങ്ങളെന്ന് അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ. റോബര്‍ട്ട് ലാംഗര്‍ പറഞ്ഞു. നിരവധി വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവിലാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ശരീര താപനിലയുള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് നല്‍കാനും ഈ ഉപകരണത്തിന് സാധിക്കും.

അവയവ ദാതാക്കള്‍ക്കായി ഫെയ്ത്ത് ഡിക്ലറേഷന്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ തങ്ങളുടെ മതാചാരങ്ങള്‍ പരിഗണിക്കണോ എന്ന കാര്യമാണ് ദാതാക്കള്‍ അറിയിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫെയ്ത്ത് ആന്‍ഡ് ബിലീഫ് ഡിക്ല റേഷന്‍ അനുസരിച്ച് മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ കുടുംബവുമായോ അല്ലെങ്കില്‍ അനുയോജ്യനായ മറ്റൊരാളുമായോ എന്‍എച്ച്എസ് പ്രതിനിധി സംസാരിക്കേണ്ടതുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്. അവയവങ്ങള്‍ ദാനം ചെയ്യപ്പെടുന്നത് സ്വന്തം വിശ്വാസത്തിന് അനുസരിച്ചാണോ എന്ന് ഉറപ്പു വരുത്തേണ്ടവര്‍ക്കു വേണ്ടിയാണ് ഈ നിര്‍ദേശം. അത് വേണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ അവയവങ്ങള്‍ എടുക്കുന്നതിനു മുമ്പായി ഒരു സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് നഴ്‌സ് നിങ്ങളുടെ ബന്ധുക്കളുമായി സംസാരിക്കും.

മതാചാരങ്ങളെ ബഹുമാനിച്ചു കൊണ്ടാണ് അവയവദാനം നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നടപടി. ഇതിലൂടെ കൂടുതല്‍ ആളുകളെ അവയവദാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മതവിഭാഗങ്ങളുമായി ഗവണ്‍മെന്റ് നടത്തിയ കണ്‍സള്‍ട്ടേഷനു ശേഷമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം അവയവദാനത്തിന് തയ്യാറാകാത്തത് മതപരമായ വിഷയങ്ങളാണ്. മൊത്തം ജനസംഖ്യയില്‍ 42 ശതമാനം ബ്ലാക്ക്, ഏ ഷ്യന്‍ വിഭാഗക്കാര്‍ മാത്രമാണ് അവയവങ്ങള്‍ മരണാനന്തരം ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നത്. അതേസമയം വൃക്കമാറ്റിവെക്കലിനായി കാത്തിരിക്കുന്നവരില്‍ മൂന്നിലൊന്നു പേരും ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് വാസ്തവം.

കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ന്യൂപക്ഷങ്ങളില്‍ നിന്നുള്ള 27 ശതമാനത്തോളം പേരും അവയവദാനത്തിന് സമ്മതം നല്‍കാത്തതിന് മതപരവും സാംസ്‌കാരികവുമായ കാരണങ്ങളാണ് വ്യക്തമാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുകെയിലെ എല്ലാ മതങ്ങളും പിന്തുടരുന്നതെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഇന്ററിം ചീഫ് എക്‌സിക്യൂട്ടീവ് സാലി ജോണ്‍സണ്‍ പറയുന്നു.

മനുഷ്യസുബോധത്തെക്കുറിച്ചും ആത്മാക്കളെക്കുറിച്ചുമെല്ലാം കൂടുതല്‍ കണ്ടെത്തല്‍ നടത്താന്‍ കഴിയുന്ന പരീക്ഷണവുമായി ചൈനീസ് ഗവേഷകര്‍. ഇതിനായി ലോകത്ത് ഇതു വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്‌കാനറാണ് ചൈന നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ചൈനീസ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അനുമതി ലഭിച്ചതായാണ് വിവരം. ചൈനയിലെ പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സാഹോ സോങ്സിയാനാണ് പദ്ധതിയുടെ മേല്‍നോട്ടചുമതല.

നൂറു കോടി യുവാന്‍ ചിലവു വരുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഗുവാങ്ടോങ് പ്രവിശ്യയിലെ ഷെന്‍ചെനിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടക്കുന്നത്.

മനുഷ്യന്റെ തലച്ചോറിലെ ഓരോ ന്യൂറോണിന്റെയും ചലനങ്ങളും പ്രവര്‍ത്തികളും രേഖപ്പെടുത്താന്‍ മാത്രം ശേഷിയുള്ളതായിരിക്കും ഈ സ്‌കാനര്‍. ഈ അദ്ഭുത ഉപകരണം പുതിയ പല അറിവുകളും മനുഷ്യര്‍ക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മനുഷ്യന്റെ സുബോധത്തെക്കുറിച്ചും പാര്‍ക്കിന്‍സന്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയെക്കുറിച്ചും കൂടുതല്‍ വെളിച്ചം വീശാന്‍ ഈ പദ്ധതിക്കാകും. മനുഷ്യന്‍ ഇന്നേവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത തലച്ചോറിലെ പ്രവര്‍ത്തികളെക്കുറിച്ച് നിരവധി അറിവുകള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും കരുതുന്നു.

ആത്മാവും മനുഷ്യന്റെ സുബോധവുമെല്ലാം കാലങ്ങളായി തര്‍ക്കവിഷയങ്ങളാണ്. വിവിധ മതവിശ്വാസങ്ങള്‍ക്ക് ആത്മാവിനെചൊല്ലി വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ചിന്തകര്‍ തുടങ്ങി സാധാരണക്കാരുടെ വരെ ചര്‍ച്ചകളിലും ആത്മാവ് ഇടംപിടിക്കാറുണ്ട്. അപ്പോഴും ഇതു സംബന്ധിച്ച് ആത്മാവിനെക്കുറിച്ച് ശാസ്ത്ര സമൂഹത്തിന് കൃത്യമായ തെളിവുകള്‍ ഇപ്പോഴും ലഭിച്ചിട്ടില്ല.

സാധാരണ എംആര്‍ഐ സ്‌കാനറുകള്‍ക്ക് 1.5 മുതല്‍ 3 ടെസ്ല വരെയാണ് ശേഷി. വിദ്യുത് ചാലിക ബലത്തിന്റെ അളവാണ് ടെസ്ലയില്‍ രേഖപ്പെടുത്തുന്നത്. സെര്‍ബിയന്‍ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ നികോള ടെസ്ലയുടെ ബഹുമാനാര്‍ഥമാണ് ഈ പേര് ലഭിച്ചത്. യുഎസിലും യൂറോപിലുമുള്ള ചില സ്‌കാനറുകള്‍ക്ക് 11 ടെസ്ല വരെ ശേഷിയുണ്ട്. ചൈന നിര്‍മിക്കാനിരിക്കുന്ന ഉപകരണത്തിന് 14 ടെസ്ലയാണ് ശേഷി. ഇതുപയോഗിച്ച് തലച്ചോറിലെ ചെറു ചലനങ്ങള്‍ പോലും ഒപ്പിയെടുക്കാനാകും.

മായം കലര്‍ത്തിയ വെളിച്ചെണ്ണ മാര്‍ക്കറ്റില്‍ സുലഭമാകുമ്പോഴും സാധാരണക്കാര്‍ അറിയാതെ പോകുന്നു ഒന്നുണ്ട്. സര്‍ക്കാര്‍ നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് നമ്മള്‍ കൂടിയ കാശു കൊടുത്ത് വാങ്ങിക്കുന്നതെന്ന്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കാര്യം നോട്ടീസ് മൂലം അറിയിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല എന്നുവേണം കരുതാന്‍. ഇതുകൂടാതെ വ്യാജന്മാര്‍ പുതിയ പേരില്‍, ബ്രാന്‍ഡില്‍ മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് എത്തിക്കുന്നതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. താഴെ കൊടുത്തിരിക്കുന്നത് സംസ്ഥാനത്ത് നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ പേരുകളാണ്. ഇനിയെങ്കിലും ഇതൊന്ന് മനസ്സില്‍ കുറിച്ചു വച്ചോളൂ…

അത്ര പെട്ടെന്നൊന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധമാണ് ഭക്ഷ്യ എണ്ണകളിലെ മായം ചേര്‍ക്കല്‍. റിഫൈന്‍ഡ് ഓയിലിനെ വെളിച്ചെണ്ണയും നല്ലെണ്ണയുമാക്കി മാറ്റുന്ന തട്ടിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. സാധാരണക്കാര്‍ ഇപ്പോഴും ഈ ചതിയെക്കുറിച്ച് ബോധവാന്മാരല്ല. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പ് കണ്ടെത്താനാകുമെന്ന് പാചക രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വിഡിയോ കാണാം

[ot-video][/ot-video]

പാചകവൈവിധ്യത്തിന്റെ രുചിക്കൂട്ട് കൊണ്ട് യൂട്യൂബിലൂടെ ലോകമെങ്ങും തിളങ്ങിയ പാചക മുത്തശ്ശി മസ്താനി അന്തരിച്ചു.107-ാം വയസിലായിരുന്നു മസ്താനമ്മ മുത്തശ്ശിയുടെ അന്ത്യം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ടവിഡിയോ ചാനല്‍ കണ്ട്രി ഫുഡ്‌സില്‍ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്.

പാചകത്തിലും രുചിക്കൂട്ട് തയാറാക്കുന്നതിലും മസ്താനമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. തണ്ണിമത്തനുള്ളില്‍ ചിക്കന്‍ വെച്ച്‌ പാകം ചെയ്യുക, തക്കാളിക്കുള്ളില്‍ കോഴിമുട്ട വച്ച്‌ ഓംലറ്റ് ഉണ്ടാക്കുക തുടങ്ങി മുത്തശ്ശിക്ക് തന്റേതായ വെറൈറ്റി ശൈലിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നതിലുപരി എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കാന്‍ മുത്തശ്ശിക്കിഷ്ടമാണ്.

2016 ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. 75 ലക്ഷത്തോളം ആള്‍ക്കാരാണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. തുടര്‍ന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തി. എല്ലാം ഒന്നിനൊന്ന് ഹിറ്റുമായിരുന്നു.

ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു മുത്തശ്ശിയുടെ താമസം. അഞ്ച് മക്കളായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഈ അമ്മ കഷ്ടപ്പെട്ട് വളര്‍ത്തി. 107ാമത്തെ വയസില്‍ ഇനിയും നാവറിയാത്ത ഒട്ടേറെ രുചിക്കൂട്ടുകള്‍ ബാക്കി വച്ചാണ് മുത്തശ്ശിയുടെ വിടവാങ്ങല്‍.

അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാരമായി ബാധിക്കുക യൂറോപ്യന്‍ വന്‍കരയെയാകും. കൂടിയ തോതിലുള്ള നഗരവത്കരണമാണ് ഇതിന് പ്രധാനകാരണം.

കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നത് പ്രായമേറിയവരെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള യൂറോപ്പില്‍ 42 ശതമാനം വൃദ്ധരും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഏഷ്യയില്‍ ഇത് 34 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളും കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാണ്. യൂറോപ്പാണ് ഇക്കാര്യത്തിലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൊതുജനാരോഗ്യത്തെയും ഉദ്പാദന ക്ഷമതയെയും ചൂടുകൂടുന്നത് സാരമായി ബാധിക്കുന്നുണ്ട്.

തൊഴില്‍ ക്ഷമത ഗണ്യമായി കുറയുന്നു. 153 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയമാണ് കഴിഞ്ഞ വര്‍ഷം മാത്രം ലോകത്താകെ നഷ്ടമായത്. കാര്‍ഷിക ഉദ്പാദനത്തിലും സാരമായ കുറവുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഒരു പ്രധാന കാരണമാണ്. ഉദാഹരണത്തിന് 1950 കളേതിനേക്കാള്‍ ഡങ്കി വൈറസിന് എട്ട് ശതമാനത്തോളം കരുത്ത് കൂടി. സിക, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകള്‍ വ്യാപകമായി പെരുകി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പടര്‍ന്നുപിടിച്ചത് 2016 ല്‍ ആയിരുന്നു. ഇതും ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്ത് വായിക്കണം.

ജെറിൻ തോമസ്, ഗെയിന്‍സ്ബറോ 

ലോകശക്തികളില്‍ മികവുറ്റ സാമ്രാജ്യ ശക്തിയായി വളര്‍ന്നു വന്ന്, വലുപ്പത്തില്‍ ചെറുതാണെങ്കിലും ശക്തിയിലും ബുദ്ധിയിലും ഇന്നും വന്‍ ശക്തികളായി തന്നെ വിരാജിക്കുന്ന, സാംസ്‌കാരിക വിദ്യാഭ്യാസ സംരംഭങ്ങളുടെ കേന്ദ്രമായ ബ്രിട്ടന് എവിടെയാണ് തെറ്റുപറ്റിയത്? നിയമത്തെ അനുസരിക്കുന്നതിലും ബഹുമാനിക്കുന്നതിലും എല്ലായ്പ്പോഴും മുന്‍നിരയില്‍ ഒന്നാമതായുള്ള രാജ്യമെന്ന നിലയിലും തെറ്റ് പറ്റിയാല്‍ അതിനെ അംഗീകരിക്കുകയും ‘സോറി’ എന്ന പദം കാഷ്വല്‍ ഭാഷാപ്രയോഗത്തില്‍പ്പോലും ഉള്‍പ്പെടുത്തികൊണ്ട് തെറ്റുകള്‍ നഷ്ടപരിഹാരത്തോടെ എപ്പോഴും തിരുത്തുകയും ചെയ്യുന്ന ഏക ലോകശക്തി എന്ന പദവി അര്‍ഹിക്കുന്ന ഈ രാജ്യത്തില്‍ ഇനിയും നിലനില്‍ക്കുന്ന ഒരു തെറ്റ് കാണാനാവുന്നില്ലെയോ?

2006ലെ നിയമപ്രകാരം ഓവറോള്‍ 6 സ്‌കോര്‍ ഉള്ളവരും 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ എഷ്യന്‍ നഴ്സസ് അഡാപ്‌റ്റേഷന്‍ ട്രെയിനിംഗ് വഴി ഇവിടെ PIN number നേടാമായിരുന്നു. ഈ നിയമപ്രകാരം ഇവിടെ ഓവറോള്‍ 6 നേടിയ എഷ്യന്‍ നഴ്സുമാര്‍ ഇവിടെയെത്തിയെങ്കിലും സ്ഥിരതയില്ലാതെ മാറിവന്ന നിയമങ്ങള്‍ 6 എന്നത് 6.5 പിന്നീട് 7 വീണ്ടും ഓരോ വിഷയത്തിനും 7 സ്‌കോര്‍ എന്നിങ്ങനെ എത്തിപ്പെടാനാകാത്ത ലെവലായി ഉയര്‍ത്തിയതിനാല്‍, അന്ന് എത്തിച്ചേര്‍ന്നവര്‍ പിന്‍ നമ്പര്‍ ലഭിക്കാതെ കെയര്‍ അസിറ്റന്റ് പോലുള്ള ഒരു ജോലിയിലേക്ക് മാറേണ്ടി വരികയും അനുദിനം IELTS നുംOET പോലുള്ള മറ്റ് ട്രെയിനിംഗുകള്‍ക്കും വേണ്ടി താങ്ങാനാവാത്തവിധം പണം ചെലവഴിച്ച് ഇന്നും മൂകമായി ജീവിക്കുന്നു.

ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത 10 വര്‍ഷങ്ങള്‍ക്കുപരി ഈ രാജ്യത്ത് സേവനം ചെയ്തിട്ടും ബ്രിട്ടീഷ് പൗരത്വം നേടിയിട്ട് പോലും എഷ്യന്‍ രാജ്യത്ത് നിന്നും വന്നുവെന്ന കാരണത്താല്‍ ഇവര്‍ ഇന്നും IELTS നിബന്ധനകള്‍ക്ക് വിധേയരായി പിന്‍ നമ്പര്‍ ലഭിക്കാതെ മാറ്റി നിര്‍ത്തപ്പെടുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനോ എഴുതാനോ പോലും പ്രാവീണ്യമില്ലാത്തവര്‍ ഈ IELTS കടമ്പകള്‍ ബാധകമല്ലാതെ തങ്ങളുടെ പിന്‍ നമ്പര്‍ നേടിയെടുക്കുമ്പോള്‍ ഭാഷാ പ്രാവീണ്യമുള്ള ഏഷ്യന്‍ നഴ്സുമാര്‍ അവഗണിക്കപ്പെടുന്നത് ഇനിയും കാണാനാവുന്നില്ലയോ?

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ബ്രിട്ടീഷ് പൗരത്വം നേടിയ എഷ്യന്‍ നഴ്സിന് നീതിയും തുല്യതയും നിഷേധിക്കപ്പെടുന്നത് കാണാന്‍ നല്ല മനസുള്ള ഈ രാജ്യത്തിന് തെറ്റുപറ്റിയോ? മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ഈ രാജ്യത്തെ നിയമ മാനദണ്ഡങ്ങള്‍ വിശ്വസിച്ച് കുടിയേറിയപ്പോള്‍ വന്നതിന് ശേഷം മാറിയ മാനദണ്ഡങ്ങള്‍ മൂലം സ്വന്തം പ്രൊഫഷന്‍ നഷ്ടമായ ഇവര്‍ക്ക് ഈ മാറിയ മാനദണ്ഡങ്ങള്‍ ബാധകമല്ലെന്ന് അംഗീകരിക്കുന്നതെല്ലേ നീതിയെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?

Discrimination എന്നാല്‍ unjust treatment of different categories of people especially on the ground of race,age and sex. അപ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ ആയിട്ട് പോലും ഏഷ്യയില്‍ നിന്നും വന്നു എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് നിന്ന് വന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും നല്‍കാത്തത് വംശീയ വിവേചനമാണ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? ഇതില്‍ ഒരു വംശീയ വിവേചനം ഒളിഞ്ഞു കിടപ്പില്ലേ?

ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന ഒരു നഴ്‌സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന എന്‍.എച്ച്.എസ് പ്രൊഫഷണലുകള്‍ക്ക് ഈ IELTS or OET Exam നല്‍കിയാല്‍ എത്രപേര്‍ ഓരോ വിഷയത്തിനും 7 സ്‌കോര്‍ വാങ്ങി പാസാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്തിപ്പിടിക്കാനാവാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തികൊണ്ട് ഇവരെ പിന്‍ നമ്പര്‍ നേടാനാവാത്തവിധം മാറ്റി നിര്‍ത്തുന്നത് നീതി ആണോ?

നഴ്സ് എന്ന പ്രത്യേക പദവിയുടെ പ്രത്യേകതകള്‍ പരിഗണിച്ച് അവര്‍ക്ക് ജോലിയില്‍ ആവശ്യമായ പരിജ്ഞാനം അളന്നു നോക്കുന്ന പരീക്ഷകള്‍ക്ക് പകരം എത്തിപിടിക്കാനാവാത്ത ഭാഷാ പരീക്ഷകള്‍ മാത്രം മാനദണ്ഡമായി പരിഗണിക്കുന്നത് ശരിയാണോ?

മനുഷ്യാവകാശങ്ങള്‍ക്കും നീതി ന്യായ വ്യവസ്ഥകള്‍ക്കും അങ്ങേയറ്റം മൂല്യം കല്‍പ്പിക്കുന്ന, മനുഷ്യരുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന രാജ്യമെന്ന നിലയിലും Equality, non- discrimination എന്ന വലിയ പുണ്യങ്ങളെ എന്നും കൃത്യമായി പാലിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന് ഇനിയും തിരിച്ചറിയിനാകാത്ത ഒരു Blindspot mistake ആണോ ഇത്?

സ്വന്തം തെറ്റുകള്‍ തിരുത്തുവാനും അതിന്റെ കാരണത്താല്‍ ഉണ്ടായ കുറവുകള്‍ക്ക് എന്നും പരിഹാരം നിര്‍ദേശിച്ച് നീതിയും തുല്യതയ്ക്കും വേണ്ടി വര്‍ത്തിക്കുന്ന ഏക രാജ്യമെന്ന നിലയിലും ലോക പ്രശസ്തമായ ബ്രിട്ടന് ഈ തെറ്റ് എങ്ങനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനിയും ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് വളരെ നിരാശാജനകമാണ്.

മൂകമായി ഉള്ളിലൊതുക്കുന്ന വിതുമ്പലുകളുമായി ആയിരങ്ങള്‍ തങ്ങളുടെ പ്രൊഫഷനുകളില്‍ ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ട വിഭാഗം എന്ന ഒറ്റ കാരണം മുഖേന നീതി നിഷേധിക്കപ്പെടുവാന്‍ ഈ രാജ്യം ഒരിക്കലും അനുവദിക്കില്ല എന്ന ശുഭാപ്തിവിശ്വാസം മാത്രമാണ് ഇനിയവര്‍ക്കാശ്വാസം.

ഒരു ചെറിയ കാലയളവില്‍ ഓണ്‍ ദി ജോബ് ട്രെയിനിംഗ് നല്‍കി ഇവരെ ബാന്‍ഡ് 5 ടോപ്പ് ഗ്രേഡില്‍ എടുത്താലും ഈ കുറവുകള്‍ വരുത്തിയ മുറിവുകൾ മറക്കാനാവും വിധം തിരുത്താനാകുമോ?

ഒരു അലിഖിത ഭരണഘടയുള്ള ഉള്ള സൂപ്പര്‍ പവര്‍ ആയി വര്‍ത്തിക്കുന്ന ലോകശക്തികളില്‍ മുന്‍നിരയിലുള്ള ഈ രാജ്യത്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഇനിയും എത്രകാലം കാത്തിരിക്കണം ഈ കുറവുകള്‍ നികത്തപ്പെടുവാന്‍?

കൺസൾട്ടേഷൻ പ്രഖ്യാപിക്കുക… എൻഎംസിയെ സമീപിക്കാനുള്ള അടുത്ത ഘട്ട നടപടികളുമായി കേംബ്രിഡ്ജ് കൗൺസിലർ ബൈജു തിട്ടാല. ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഏകീകരിക്കണമെന്ന ആവശ്യത്തിന് രാഷ്ട്രീയ പിന്തുണ ഉറപ്പായി. നോൺ യൂറോപ്യൻ വിവേചനം മൂലം രജിസ്ട്രേഷൻ ലഭിക്കാത്തവരുടെ വിവരശേഖരണം ഊർജ്ജിതം.

 

ന്യൂസ് ഡെസ്ക്

ഓവർസീസ് നഴ്സുമാർക്ക് യുകെയിൽ എൻഎംസി രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് ഐഇഎൽടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് ക്വാളിഫൈയിംഗ് സ്കോർ 6.5 മതിയാവും. എന്നാൽ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകൾക്ക് സ്കോർ 7 നിർബന്ധമായും വേണമെന്ന നിലവിലെ രീതി തുടരും. എൻഎംസി നടത്തിയ കൺസൾഷേട്ടന്റെ ഫലമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വളരെ നല്ല രീതിയിൽ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്സുമാരും മിഡ് വൈഫുമാരും ഐഇഎൽ ടിഎസ് ടെസ്റ്റിൽ യോഗ്യത നേടാനാവാതെ വരുന്നു എന്ന യഥാർത്ഥ്യം എൻഎംസി മനസിലാക്കിയതിന്റെ തുടർച്ചയായാണ് ഓവർസീസ് നഴ്സുമാർക്ക് ഗുണകരമായ മാറ്റം നടപ്പാക്കുന്നത്.

ഇന്റർനാഷണൽ രജിസ്ട്രേഷൻ റിവ്യൂ പ്രൊപോസൽ നവംബർ 28ന് നടക്കുന്ന എൻഎംസി കൗൺസിൽ മീറ്റിംഗ് പരിഗണിക്കും. ഓവർഓൾ സ്കോർ 7 നിന്ന് കുറയ്ക്കണമെന്ന ആവശ്യം എൻഎംസി തള്ളിക്കളഞ്ഞു. മോഡേൺ വർക്ക് എൺവയേൺമെൻറിൽ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗിൽ സ്കോർ 7 എന്ന ലെവൽ ആവശ്യമില്ലെന്ന വാദം എൻഎംസി അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വർക്കും ഇനി മുതൽ ഒരേ മാനദണ്ഡമാണ് എൻഎംസി നടപ്പാക്കുന്നത്.

സ്റ്റാഫ് ഷോർട്ടേജും നിലവിലെ എൻഎച്ച് എസിലെ നഴ്സുമാരുടെ കൊഴിഞ്ഞുപോകലും എൻഎംസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ മാത്രം 42,000 നഴ്സിംഗ് വേക്കൻസികൾ നിലവിലുണ്ട്. കഴിഞ്ഞ വർഷത്തെ ഒ ഇ ടി അടക്കമുള്ള ഇംഗ്ലീഷ് ലാംഗ്വേജ് പരിഷ്കാരത്തിനുശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും യുകെ രജിസ്ട്രേഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവുണ്ടായി.

ഹൊറര്‍ സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് ഭയമാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് ഹൊറര്‍ സിനിമകള്‍ ഒരു ഹരമാണ്. ലോകമെമ്പാടും പ്രേതസിനിമകള്‍ക്ക്‌ എണ്ണിയാല്‍ ഒടുങ്ങാത്തത്ര ആരാധകരുണ്ട്. വല്ലാത്തൊരു ത്രില്‍ ആണ് ഈ സിനിമകള്‍ നല്‍കുന്നത്. ഓരോ നിമിഷവും കാണികളെ ഉദ്വേഗഭരിതരാക്കാന്‍ എന്തെങ്കിലുമൊന്നു പ്രേതസിനിമകളില്‍ ഉണ്ടാകും. ഹോളിവുഡിലായാലും ഇങ്ങു നമ്മുടെ നാട്ടിലായാലും അതുകൊണ്ട് തന്നെ പ്രേതസിനിമകള്‍ക്ക് ആരാധകരുണ്ട്. എന്നാല്‍ ഹൊറര്‍ സിനിമകള്‍ കാണുന്നത് കൊണ്ട് ചില ആരോഗ്യഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എങ്കില്‍ കേട്ടോളൂ സംഗതി സത്യമാണ്. ഹൊറര്‍ സിനിമകളുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ് എന്നൊന്ന് നോക്കാം.

കലോറി കത്തിച്ചു കളയുന്നു

എന്തിനാണ് നമ്മള്‍ എല്ലാവരും ജിമ്മിലും മറ്റും പോയും ആഹാരം നിയന്ത്രിച്ചും കഷ്ടപ്പെടുന്നത്. ശരീരത്തിലെ അമിത കലോറിയെ എരിച്ചു കളയാനല്ലേ. എങ്കില്‍ കേട്ടോളൂ. കലോറി കത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പ്രേതസിനിമകള്‍ കാണുക എന്നത്. 2012 ല്‍ യുകെയില്‍ നടത്തിയൊരു പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പത്തു പേരില്‍ നടത്തിയ ഈ പഠനത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന പ്രേതസിനിമ കണ്ട ആളുടെ ശരീരത്തില്‍ നിന്നാണ് ഏറ്റവുമധികം കലോറി നഷ്ടമായത്. ഈ സമയം ഇയാളുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം എന്നിവ പതിവിലും കൂടുതലായിരുന്നു. ടെന്‍ഷന്‍ ഉണ്ടാകുന്ന സമയത്ത് പുറപ്പെടുവിക്കുന്ന അഡ്രനെലിന്‍ ഹോര്‍മോണ്‍ ഉത്പാദനം ഈ സമയം ഇവര്‍ക്ക് അമിതമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധശേഷി കൂട്ടും

പ്രേതസിനിമകള്‍ കാണുമ്പോള്‍ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കും . ഒപ്പം വൈറ്റ് ബ്ലഡ്‌ സെല്ലുകളുടെ ഉത്പാദനം വര്‍ദ്ധിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും.

മൂഡ്‌ മാറ്റങ്ങള്‍

പ്രേതസിനിമകള്‍ കാണുമ്പോള്‍ നമ്മളില്‍ നെഗറ്റീവ് വികാരമാണ് ഉണ്ടാകുന്നതെങ്കിലും സിനിമ വിട്ടിറങ്ങുന്നതോടെ മനസ് റിലാക്സ് ആകുകയും കൂടുതല്‍ സന്തോഷം തോന്നുകയും ചെയ്യുമെന്ന് മനശാസ്ത്രവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കൊച്ചുകുട്ടികളെ ഇത്തരം ഹൊറര്‍ സിനിമകള്‍ കാണിക്കുന്നതിനോട് മനശാസ്ത്രവിദഗ്ധര്‍ അനുകൂലിക്കുന്നില്ല. ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളില്‍ ഇത് മാനസികപിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ പറയുന്നു. മാത്രമല്ല ഇത് അവരുടെ മാനസികനിലയെ ബാധിക്കാനും സാധ്യതയുണ്ട്.

Copyright © . All rights reserved