Health

നിപ്പ രോഗബാധയ്ക്ക് ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയ ഓസ്ട്രേലിയൻ മരുന്ന് കേരളത്തിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. ഓസ്ട്രേലിയയിൽ മോണോക്ലോണൽ ആന്റിബോഡീസ് എം 102.4 എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്ന് ഉപയോഗിച്ച എല്ലാവരും ഹെൻഡ്ര വൈറസ് രോഗബാധ തരണം ചെയ്തിരുന്നു. വൈറസ് രോഗബാധയെ തുടർന്ന് ഓസ്ട്രേലിയ സ്വയം വികസിപ്പിച്ചെടുത്തതാണിത്. കേന്ദ്ര സർക്കാർ ശ്രമം നടത്തിയാൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽനിന്നു മരുന്ന് എത്തിക്കാനാകും. ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനു കത്തെഴുതിയിട്ടുണ്ട്.

ഓസ്ട്രേലിയയിലെ ചീഫ് ഹെൽത്ത് ഓഫിസറുമായി ആരോഗ്യ സെക്രട്ടറിയും വിഷയം സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ വഴി മരുന്നു സൗജന്യമായും പെട്ടെന്നും ലഭ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഹെൻഡ്ര വൈറസ് ബാധയെ തുടർന്നാണ് ക്വീൻസ്‌ലൻഡ് ആരോഗ്യവകുപ്പിലെ ഹെൻഡ്ര വൈറസ് ദൗത്യ സംഘം 2013 ൽ മരുന്ന് കണ്ടെത്തുന്നത്. മരുന്നുപയോഗിച്ച 11 പേരിൽ പത്തു പേരും രോഗം തരണം ചെയ്തു. ശരീരത്തിൽ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുവാണിത്.

മരുന്നു കേരളത്തിനു ലഭ്യമാക്കുന്നതു സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഇന്നലെ ആരോഗ്യ വകുപ്പു അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമായി ഫോണിൽ സംസാരിച്ചു. നിലവിൽ റൈബവൈറിൻ എന്ന മലേഷ്യൻ മരുന്നാണു നിപ്പ രോഗബാധിതരായവർക്കു നൽകുന്നത്. റൈബവൈറിൻ പൂർണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പു വേറെ മരുന്നിനായി അന്വേഷണം ആരംഭിച്ചത്.

വളരെ ചെറിയ കുട്ടികള്‍ക്ക് ഒരു വിധത്തിലുമുള്ള അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നാം സ്വീകരിക്കാറുണ്ട്. അങ്ങേയറ്റം വൃത്തിയുള്ള ആധുനിക വീടുകളും ആന്റിസെപ്റ്റിക് വൈപ്പുകളും കുഞ്ഞുങ്ങളെ എല്ലാത്തരത്തിലുള്ള ഭീഷണികളില്‍ നിന്നും രക്ഷിക്കാനായി നാം തയ്യാറാകുന്നു. എന്നാല്‍ ഈ മുന്‍കരുതലുകള്‍ കുഞ്ഞോമനകളെ മാരക രോഗങ്ങളിലേക്ക് നയിക്കുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 30 വര്‍ഷത്തിലേറെ നീണ്ട പഠനത്തിലാണ് പ്രൊഫ. മെല്‍ ഗ്രീവ്‌സ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കുട്ടികളില്‍ കാണപ്പെടുന്ന ക്യാന്‍സറുകളില്‍ പലതിനും കാരണമാകുന്നത് ചില അണുബാധകള്‍ ഇവരുടെ ശരീരത്തില്‍ ഏല്‍ക്കാത്തതാണെന്ന് ഗ്രീവ്‌സ് പറയുന്നു.

കുട്ടികളിലെ രക്താര്‍ബുദത്തിന് കാരണമായി പലരും കരുതുന്നത് ആണവ നിലയങ്ങളും അവയില്‍ നിന്നുള്ള വൈദ്യുതി ലൈനുകളും അല്ലെങ്കില്‍ ഹോട്ട്‌ഡോഗുകളുടെയും ഹാംബര്‍ഗറുകളുടെയും നിരന്തര ഉപയോഗവും മറ്റുമാണ്. ഇതില്‍ ചില കാര്യങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറയുണ്ടെങ്കിലും ചില ജനിതക വ്യതിയാനങ്ങളും ശൈശവത്തിലുണ്ടാകുന്ന അണുബാധകള്‍ ഏല്‍ക്കാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അണുബാധകള്‍ ഏല്‍ക്കുന്ന കുട്ടികളിലെ രോഗപ്രതിരോധ സംവിധാനം അത്തരം അണുബാധകളെ പിന്നീട് ചെറുക്കാനാകുന്ന വിധത്തില്‍ ക്രമീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശരീരത്തിന് ശേഷി നല്‍കുന്നു.

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമുള്ള 20ല്‍ ഒന്ന് കുട്ടികള്‍ക്ക് ജനിതക വ്യതിയാനമാണ് രോഗബാധയ്ക്ക് പ്രധാന കാരണമായി പറയുന്നത്. എന്നാല്‍ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നവരില്‍ ഈ രോഗബാധയുണ്ടാകുന്നില്ലെന്ന് കണ്ടെത്തി. ഈ ശേഷി കൈവരിക്കണമെങ്കില്‍ ഒരു വയസിനുള്ളില്‍ രോഗാണുക്കളുമായി സമ്പര്‍ക്കമുണ്ടാകേണ്ടതുണ്ട്. ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. 2000ല്‍ ഒരു കുട്ടിക്ക് വീതം അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. 60കള്‍ വരെ മാരകമായി കരുതിയിരുന്ന ഈ രോഗം ഇപ്പോള്‍ 90 ശതമാനവും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നുണ്ടെങ്കിലും ഈ ചികിത്സ ദൈര്‍ഘ്യമേറിയതും ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉള്ളതുമാണ്.

ക്യാന്‍സര്‍ ചികിത്സക്കിടെയുണ്ടായ സങ്കീര്‍ണ്ണതയെത്തുടര്‍ന്ന് രോഗിയുടെ സ്ഥിതി ഗുരുതരമായെന്ന പരിശോധനാഫലം അറിയിക്കുന്നതില്‍ പിഴവ്. മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചു. മെറ്റലോക ഹല്‍വാല എന്ന 58കാരനാണ് രോഗത്തേക്കുറിച്ചുള്ള വിവരമറിയാതെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്. ഹോഡ്കിന്‍സ് ലിംഫോമ എന്ന ക്യാന്‍സറിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കീമോതെറാപ്പി നടന്നു വരികയായിരുന്നു. അതിലെ സങ്കീര്‍ണ്ണതകള്‍ മൂലം രോഗിക്ക് ശ്വാസകോശത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞു കൂടുന്ന അവസ്ഥയുണ്ടായിരുന്നു. ഗുരുതരമായ ഈ അവസ്ഥ കണ്ടെത്താനായി ഡോക്ടര്‍ സ്‌കാനിംഗിന് നിര്‍ദേശിച്ചെങ്കിലും അതിന്റെ റിസല്‍ട്ട് ഹല്‍വാലക്കോ ഡോക്ടര്‍ക്കോ കാണാന്‍ സാധിച്ചില്ല. തെറ്റായ നമ്പറിലേക്ക് ആശുപത്രി ജീവനക്കാര്‍ ഈ റിസല്‍ട്ട് അയച്ചു കൊടുക്കുകയായിരുന്നു.

മെല്‍ബോണിലെ ഓസ്റ്റിന്‍ ഹോസ്പിറ്റലിലാണ് ഈ ഗുരുതരമായ പിഴവുണ്ടായത്. മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് ഹല്‍വാല സ്‌കാനിംഗിന് വിധേയനായത്. ഹല്‍വാല മരിച്ചത് മെഡിക്കല്‍ പ്രൊഫഷനിലുണ്ടായ വീഴ്ച മൂലമാണെന്ന് കൊറോണര്‍ റോസ്‌മേരി കാര്‍ലിന്‍ പറഞ്ഞു. ചികിത്സ നടത്തിയാലും അദ്ദേഹം കൂടുതല്‍ കാലം ജീവിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെങ്കിലും ഈ പിഴവ് ചികിത്സയിലൂടെ കുറച്ചു കാലമെങ്കിലും ജീവിതം നീട്ടിക്കിട്ടാനും ബന്ധുക്കളുടെയും ഉറ്റവരുടെയും സാന്നിധ്യത്തില്‍ സമാധാനത്തോടെ മരിക്കാനുമുള്ള അവസരമാണ് അദ്ദേഹത്തിന് നിഷേധിച്ചതെന്നും കൊറോണര്‍ പറഞ്ഞു.

മെഡിക്കല്‍ പ്രൊഫഷനില്‍ വിവരങ്ങള്‍ കൈമാറാന്‍ കാലഹരണപ്പെട്ട രീതികള്‍ ഉപയോഗിക്കുന്നതിനെയും കൊറോണര്‍ വിമര്‍ശിച്ചു. ഒരു കാരണവശാലു വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയാത്ത ഫാക്‌സ് പോലെയുള്ള സാങ്കേതികവിദ്യകള്‍ വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്നുണ്ടെന്നത് അവിശ്വസനീയമാണെന്നും അവര്‍ പറഞ്ഞു. മെല്‍ബോണ്‍ ഓസ്റ്റിന്‍ ഹോസ്പിറ്റലിലെ റിസല്‍ട്ടുകള്‍ ഫാക്‌സ് ചെയ്യുന്ന രീതി അവസാനിപ്പിക്കാനും കൊറോണര്‍ നിര്‍ദേശിച്ചു.

5 വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കൂടിയ വെസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യം ബ്രിട്ടനാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. യുകെയുടെയും സ്വീഡന്റെയും ആരോഗ്യ മേഖലയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ താരതമ്യം ചെയ്തു നടത്തിയ പഠനത്തില്‍ 2003 മുതല്‍ 2012 വരെയുള്ള കണക്കുകളാണ് പരിശോധിച്ചിരിക്കുന്നത്. 5 വയസിന് താഴെയുള്ളവരുടെ മരണനിരക്ക് സ്വീഡനേക്കാളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുകെയിലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. കൂടാതെ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെക്കാളും 25 ശതമാനത്തിലധികം മരണനിരക്കും ബ്രിട്ടനിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ ആരോഗ്യ മേഖലയാണ് യുകെയുടേത്. എന്നാല്‍ പുതിയ കണക്കുകള്‍ യുകെയുടെ ആരോഗ്യ മേഖലയുടെ ന്യൂനതകള്‍ പുറത്തുകൊണ്ടു വന്നിരിക്കുകയാണ്. യുകെയുടെ സാമ്പത്തിക വികസനത്തിനും ആരോഗ്യ സംവിധാനങ്ങള്‍ക്കും സമാനമാണ് സ്വീഡനിലേതും. എന്നാല്‍ സ്വീഡനില്‍ കുട്ടികളുടെ മരണനിരക്ക് വളരെ കുറവാണ്. ഗര്‍ഭിണികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന പുകവലിയും അമിതവണ്ണവും ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് കുട്ടികളുടെ മരണനിരക്ക് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. അകാല പ്രസവം, കുട്ടികള്‍ക്ക് ആവശ്യത്തിന് തൂക്കം ഇല്ലാതിരിക്കുക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പിടിപെടുക തുടങ്ങിയവയാണ് സാധാരണഗതിയില്‍ മരണ കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടി കാണിക്കുന്നത്.

പ്രസവ സമയത്തുണ്ടാകുന്ന ആരോഗ്യമില്ലായ്മ കുട്ടിയുടെ ജീവന് ഭീഷണിയാണ്. ഇംഗ്ലണ്ടില്‍ ആരോഗ്യ പ്രശ്‌നങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് മരണനിരക്ക് കൂടാന്‍ കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത്. 10,000ത്തില്‍ 29 കുട്ടികളെന്ന തോതിലാണ് യുകെയിലെ കുട്ടികളുടെ മരണനിരക്ക്. എന്നാല്‍ സ്വീഡനില്‍ 10,000ത്തില്‍ 19 കുട്ടികള്‍ മാത്രമാണ് മരണപ്പെടുന്നത്. ഇത്തരം 80 ശതമാനം മരണങ്ങളും സംഭവിക്കുന്നത് കുട്ടിക്ക് ഒരു വയസ് തികയുന്നതിന് മുന്‍പാണ്. കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോഴും വളരെ അപൂര്‍വ്വം തന്നെയാണ്.

ഐടി തകരാര്‍ മൂലം നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് എന്‍എച്ച്എസിന്റെ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗിനെക്കുറിച്ചുള്ള വിവരം നല്‍കാന്‍ സാധിച്ചില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. രോഗം തിരിച്ചറിയപ്പെടാതെ നൂറുകണക്കിനു പേര്‍ ഇതുമൂലം മരിക്കാനിടയുണ്ടെന്നും ഹണ്ട് പറഞ്ഞു. നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് ചെക്കപ്പ് സംബന്ധിച്ചുള്ള ഇന്‍വിറ്റേഷന്‍ അയക്കാന്‍ സാധിച്ചില്ലെന്നാണ് ഹണ്ട് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പിഴവു മൂലം 270 പേരെങ്കിലും അകാലത്തില്‍ മരിക്കാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിലും കൂടുതല്‍ സത്രീകളില്‍ രോഗം കണ്ടെത്തപ്പെടാതെ പോയിട്ടുണ്ടെന്നാണ് ഹെല്‍ത്ത് മിനിസ്ട്രിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തിലായിരിക്കും മിക്കപ്പോഴും രോഗനിര്‍ണ്ണയം സാധ്യമാകുന്നത്. ഇതു മൂലം കൂടുതല്‍ കാലം ജീവിച്ചിരിക്കേണ്ട പലരും അകാല മരണത്തിന് കീഴടങ്ങുകയാണ്. ഭീതിദമായ പിഴവ് എന്ന് ചാരിറ്റികള്‍ വിശേഷിപ്പിക്കുന്ന ഈ വീഴ്ചയില്‍ സ്വതന്ത്രാന്വേഷണം നടത്തുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. വിവരമറിയാതെ പോയവരില്‍ ആര്‍ക്കെങ്കിലും നഷ്ടപരിഹാരത്തിന് യോഗ്യതയുള്ളവരുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

2009ലുണ്ടായ പിഴവ് ഇപ്പോള്‍ മാത്രമാണ് തിരിച്ചറിയാനായത്. ഇക്കാലയളവില്‍ പലര്‍ക്കും രോഗം തിരിച്ചറിയാനുള്ള അവസാന സാധ്യതയാണ് ഇല്ലാതായത്. 135 മുതല്‍ 270 വരെ സ്ത്രീകള്‍ക്ക് ഈ ഐടി തകരാര്‍ മൂലം ജീവിതദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ഹണ്ട് വ്യക്തമാക്കി. ഓരോ മൂന്ന് വര്‍ഷത്തിലും 50നും 70നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ എന്‍എച്ച്എസ് ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി വരുന്നുണ്ട്. ഇപ്പോള്‍ 68നും 71നുമിടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ പിഴവ് ബാധിച്ചിരിക്കാനിടയുള്ളതെന്നും വിശദീകരിക്കപ്പെടുന്നു.

ന്യൂസ് ഡെസ്ക്

ആസ്തമ രോഗികൾ എൻഎച്ച് എസിലെ പിടിപ്പുകെട്ട ചികിത്സാ രീതികൾക്ക് കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവൻ. ആസ്തമ രോഗികൾക്ക് ഏറ്റവും മോശം ചികിത്സ നല്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ബ്രിട്ടൺ എന്നാണ് രോഗികളുടെ മരണനിരക്ക് തെളിയിക്കുന്നത്. യൂറോപ്പിലെ ശരാശരി നിരക്കിനേക്കാൾ യുകെയിൽ ആസ്തമ അറ്റാക്കുകൾ 50 ശതമാനം കൂടുതലാണ്. 2011 നുശേഷം ആസ്തമ അറ്റാക്കുമൂലം മരിച്ചവരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനയുണ്ടായി. വേണ്ട രീതിയിലുള്ള ചികിത്സയും നിർദ്ദേശങ്ങളും രോഗികൾക്ക് ലഭിക്കാത്തതിനാലാണ് അനാവശ്യ മരണങ്ങൾ ഉണ്ടാകുന്നത്. രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും അനാസ്ഥ മൂലമാണ് മിക്ക മരണങ്ങളും ഉണ്ടാകുന്നത്.

യുകെയിൽ ആസ്തമയ്ക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സാരീതി കാലഹരണപ്പെട്ടതാണെന്നും ഇതിൽ ഉടൻ മാറ്റങ്ങൾ ഉണ്ടാവണമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ആസ്തമ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന ചാരിറ്റികൾ ഈ രംഗത്ത് ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ മരണനിരക്ക് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. മെച്ചപ്പെട്ട പരിചരണവും ചികിത്സയും എൻഎച്ച്എസ് ഒരുക്കങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.  മറ്റു രാജ്യങ്ങൾ ആസ്തമ ചികിത്സയിൽ വൻ പുരോഗതി നേടിയപ്പോൾ യുകെയിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ആസ്തമ യുകെയുടെ റിസേർച്ച് ഡയറക്ടർ ഡോ. സാമന്ത വാക്കർ പറഞ്ഞു. രോഗികൾക്ക് ഇടയിലുള്ള പരിജ്ഞാനമില്ലായ്മയും മരണനിരക്ക് കൂടാൻ കാരണമായി കരുതപ്പെടുന്നു.

നേരത്തെ ആസ്തമ കണ്ടെത്തുക, ആസ്തമ മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ തന്നെ എടുക്കുക, ഹെൽത്ത് കെയർ പ്രഫഷണലുകൾ ആസ്തമായ ഗൗരവകരമായ രീതിയിൽ സമീപിക്കുക എന്നീക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാവുകയും അതുവഴി ശ്വസനനാളി ഇടുങ്ങിയതാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ആസ്തമ രോഗികളിൽ ഉണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണവും മറ്റ് രോഗങ്ങളും ആസ്തമ രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. 5.4 മില്യൺ ആസ്തമ രോഗികളാണ് ബ്രിട്ടണിൽ ഉള്ളത്. ഇതിൽ 1.1 മില്യൺ കുട്ടികളാണ്. ഇൻഹെയ്ലറുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ആസ്തമ അറ്റാക്കിൽ നിന്ന് രക്ഷനേടാൻ കഴിയും. അതുപോലെ തന്നെ വർഷാവർഷമുള്ള ആസ്തമ റിവ്യൂ ചെയ്യുന്നതു ആക്ഷൻ പ്ലാൻ ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതും ആസ്തമ രോഗികൾക്ക് ആശ്വാസം നല്കും.

മനുഷ്യന് കടുത്ത അലര്‍ജിയുണ്ടാക്കാന്‍ കഴിയുന്ന പുഴുക്കള്‍ യുകെയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഓക്ക് പ്രൊസഷനറി മോത്ത് എന്ന നിശാശലഭത്തിന്റെ ലാര്‍വയാണ് ഇത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വിധത്തില്‍ ആസ്ത്മ, ഛര്‍ദ്ദി, ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ ഈ ലാര്‍വകള്‍ സൃഷ്ടിച്ചേക്കാമെന്ന് പരിസ്ഥിതി വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. പാര്‍ക്കുകളിലും ഗാര്‍ഡനുകളിലുമായി 600ലേറെ കൂടുകള്‍ കണ്ടെത്തിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഫോറസ്ട്രി സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.

ചെറിയ രോമങ്ങള്‍ നിറഞ്ഞ ശരീരമാണ് ഈ ലാര്‍വകള്‍ക്കുള്ളത്. തോമെറ്റോപോയിന്‍ എന്ന ടോക്‌സിന്‍ ഈ രോമങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ബാധയേറ്റാല്‍ ആസ്ത്മ, ഛര്‍ദ്ദി എന്നിവ മാത്രമല്ല, പനി, തളര്‍ച്ച, കണ്ണിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങിയവയും ഉണ്ടാകും. വളര്‍ത്തു മൃഗങ്ങള്‍ക്കും ഇവ മൂലം അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടാനിടയുണ്ട്. നായകളും പൂച്ചകളും ഇവയെ മണത്തു നോക്കിയാല്‍ പോലും പ്രശ്‌നങ്ങളുണ്ടായേക്കാം. നാവ് നീരുവെക്കുക, അമിതമായി ഉമിനീര്‍ പുറത്തേക്ക് വരിക, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളാണ് മൃഗങ്ങളില്‍ കാണാറുള്ളത്.

ജാഗ്രതയോടെയിരിക്കുക, നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ജീവികളാണ് അവയെന്ന് റിച്ച്മണ്ട് കൗണ്‍സിലിലെ അര്‍ബോറികള്‍ച്ചര്‍ മാനേജര്‍ ക്രെയിഗ് റുഡിക് പറഞ്ഞു. റിച്ച്മണ്ട് പ്രദേശത്ത് നിരവധി കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്ക് മരങ്ങളില്‍ കാണപ്പെടുന്ന ഈ പുഴുക്കള്‍ അവയുടെ പുറംതൊലി തിന്നാണ് ജീവിക്കുന്നത്. 2005ല്‍ ഇവയുടെ അധിനിവേശം ഉണ്ടായിരുന്നു. ഇറക്കുമതി ചെയ്ത മരത്തടിയില്‍ നിന്നാണ് ഇവയുടെ മുട്ട യുകെയില്‍ എത്തിയതെന്നാണ് കരുതുന്നത്.

കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച മരുന്ന് ഇനി മുതല്‍ എന്‍എച്എസിലും ലഭ്യമാകും. കാര്‍-ടി തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സക്കുള്ള മരുന്ന് കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു. അമേരിക്കയില്‍ ഫലപ്രദമായി നടത്തി വരുന്ന ഈ ചികിത്സക്ക് യുകെയില്‍ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷം കാര്‍-ടി തെറാപ്പിക്ക് യുകെയില്‍ അനുമതി ലഭിക്കുമെന്ന സൂചനയാണ് സൈമണ്‍ സ്റ്റീവന്‍സ് നല്‍കിയത്. രോഗിയുടെ സ്വാഭാവിക രോഗപ്രതിരോധ വ്യവസ്ഥയിലെ കില്ലര്‍ കോശങ്ങളെ ജനിതക എന്‍ജിനീയറിംഗിലൂടെ ശക്തമാക്കിക്കൊണ്ട് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് ഈ തെറാപ്പി അവലംബിക്കുന്നത്.

2011ല്‍ അമേരിക്കയിലാണ് ഈ ചികിത്സാരീതിക്ക് തുടക്കം കുറിച്ചത്. മാസങ്ങള്‍ മാത്രം ആയുസ്സ് പ്രവചിച്ച രോഗികളില്‍ പോലും ഈ തെറാപ്പി വന്‍ വിജയമായിരുന്നു. എന്നാല്‍ 3,40,000 പൗണ്ട് ഒരു രോഗിയുടെ ചികിത്സക്ക് മാത്രം ചെലവാകുമെന്ന ന്യനതയും കാര്‍-ടി തെറാപ്പിക്കുണ്ട്. പക്ഷേ കാന്‍സര്‍ ചികിത്സക്കായി എന്‍എച്ച്എസ് ഓരോ രോഗിക്കും അനുവദിച്ചിരിക്കുന്ന പരിധി 50,000 പൗണ്ട് മാത്രമാണ്. വളരെ ഫലപ്രദമായ ഈ ചികിത്സാരീതി എന്‍എച്ച്എസ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി. അതിനായി മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ദി ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ തെറാപ്പിക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ചികിത്സ താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ളതാണോ എന്ന് ഇവിടെ പരിശോധിക്കും. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, മുതിര്‍ന്നവരെ ബാധിക്കുന്ന ലിംഫോമ എന്നിവയ്ക്ക് നല്‍കുന്ന കാര്‍-ടി ചികിത്സ ഇപ്പോള്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ പരിഗണനയിലാണ്. ഈ കടമ്പകള്‍ കൂടി കടന്നാലേ എന്‍എച്ച്എസിന് ഈ തെറാപ്പി അംഗീകരിക്കാന്‍ സാങ്കേതികമായി കഴിയൂ.

പ്രോസ്‌റ്റേറ്റ് വീക്കത്തിന് പുതിയ ചികിത്സാരീതി കൊണ്ടുവരാനൊരുങ്ങി എന്‍എച്ച്എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ചികിത്സാ സംവിധാനം വരുന്നത്. നോണ്‍-ക്യാന്‍സറസായിട്ടുള്ള പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റാണ് ഇത്തരത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുക. പ്രോസ്‌റ്റേറ്റ് ആര്‍ട്ടെറി എംബോളൈസേഷന്‍ എന്നറിയപ്പെടുന്ന ആ രോഗം മൂത്രം തടസത്തിനും ഇന്‍ഫക്ഷെനും കാരണമാകും. കൂടാതെ പ്രോസ്‌റ്റേറ്റിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുവാനും കലകള്‍ക്ക് നാശം വരുത്തുവാനും രോഗത്തിന് സാധിക്കും. നിലവില്‍ ഓപ്പറേഷന്‍, മരുന്ന് ചികിത്സ ലഭ്യമാണെങ്കിലും പുതിയ സംവിധാനം ഇവയെക്കാള്‍ മികച്ചതാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റ് ചികിത്സയ്ക്കായി നടത്തുന്ന സര്‍ജറികള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകളേറെയാണ്. സര്‍ജറികള്‍ക്ക് ശേഷം വന്ധ്യതയുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിഎഇ എന്നറിയപ്പെടുന്ന ഈ ചികിത്സാരീതി വെറും ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അതേസമയം സര്‍ജറിക്കായി ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നേക്കാം. പ്രോസ്‌റ്റേറ്റിലേക്ക് ഒരു ട്യൂബ് കടത്തിയാണ് ചികിത്സ നടപ്പിലാക്കുക. ഇതര ചികിത്സകളേക്കാള്‍ ഫലപ്രദമാണ് പിഎഇ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ്(എന്‍ഐസിഇ) അധികൃതര്‍ വ്യക്തമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ യുകെയിലെ 20 സെന്ററുകളില്‍ ഈ ചികിത്സാ രീതി ലഭ്യമാണ്. എന്‍ഐസിഇയുടെ നിര്‍ദേശം പുറത്തുവന്നതോടെ കൂടുതല്‍ സെന്ററുകളിലേക്ക് ഇവ വ്യാപിപ്പിക്കും.

നിലവില്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ നടപ്പിലാക്കാനാണ് എന്‍ഐസിഇ നിര്‍ദേശം. പക്ഷേ സ്‌കോട്‌ലണ്ടിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ചികിത്സ കൊണ്ടുവരാന്‍ കഴിയും. 50 വയസിന് ശേഷമുള്ള ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്കും പ്രോസ്‌റ്റേറ്റ് എന്‍ലാന്‍ജ്‌മെന്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. മൂത്രതടസമാണ് ഇത്തരക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രധാന പ്രശ്‌നം. പുതിയ ചികിത്സാരീതി രോഗികളായ പുരുഷന്മാരെ ഏറെ സഹായിക്കുമെന്ന് കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. നിഗല്‍ ഹാക്കിംഗ് പറഞ്ഞു. രോഗികളുടെ ലൈംഗിക ശേഷിയെ ബാധിക്കാതെ തന്നെ ചികിത്സ നടത്താന്‍ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷവാതകം പുറത്തുവരുമെന്ന ആശങ്കയില്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയ തങ്ങളുടെ പുതിയ പാചകോപകരണം തിരികെ വിളിച്ചു. എല്‍ദ്സ്ലാഗ എന്ന ഗ്യാസ് ഹോബ് ആണ് തിരികെ വിളിച്ചത്. കാര്‍ബണ്‍ മോണോക്‌സൈഡ് ഉദ്പാദിപ്പിക്കുന്നുവെന്ന ഭീതിയെത്തുടര്‍ന്നാണ് ഉല്‍പ്പന്നം തിരികെ വിളിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ജനുവരി 1ന് മുമ്പായി വാങ്ങിയ ഈ മോഡലിലുള്ള ഹോബുകളിലെ മുകളില്‍ വലതുവശത്തായുള്ള റാപ്പിഡ് ബര്‍ണറില്‍ നിന്നാണ് വിഷവാതകം പുറത്തു വരുന്നതെന്നും ഇവ ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടു.

എന്നാല്‍ ഈ പ്രശ്‌നം മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഉല്‍പ്പന്നം തിരികെ വിളിക്കുന്നതെന്നും പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. സ്‌ഫോടനത്തിനും തീപിടിത്തത്തിനും വരെ ഈ ഗ്യാസ് ഹോബിന്റെ ഉപയോഗം വഴിവെച്ചേക്കാം. ബെല്‍ജിയന്‍ മാര്‍ക്കറ്റ് നിരീക്ഷണ അതോറിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 21 യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയില്‍ നിന്ന് ഉല്‍പ്പന്നം തിരികെ വിളിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളേക്കാള്‍ അധികം കാര്‍ബണ്‍ മോണോക്‌സൈഡ് ഈ ഹോബില്‍ നിന്ന് പുറത്തു വരുന്നുണ്ടെന്നാണ് വ്യക്തമായത്.

ഹോബിന്റെ തകരാര്‍ വീടുകളിലെത്തി പരിഹരിക്കാമെന്നും ടെക്‌നീഷ്യന്‍മാര്‍ സൗജന്യമായി ഇത് ചെയ്തു തരുമെന്നും ഐക്കിയ അറിയിച്ചു. റാപ്പിഡ് ബര്‍ണറിന് മാത്രമാണ് ഈ തകരാറുള്ളത്. മറ്റു ബര്‍ണറുകള്‍ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി. റിപ്പയര്‍ സമയം ബുക്ക് ചെയ്യാന്‍ 0203 645 0010 എന്ന നമ്പറില്‍ വിളിക്കാനും കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നു.

RECENT POSTS
Copyright © . All rights reserved