വുഹാനിൽനിന്നും വന്ന മഹാമാരി മനുഷ്യരാശിയെ ദുരിതപ്പെടുത്താൻ തുടങ്ങിയിട്ട് രണ്ട് വർഷം പൂർത്തിയാകുന്നു. ഇതിനിടെ പുതിയ ഒരു ദുരന്തവാർത്ത കൂടി വുഹാനിൽനിന്നും ലോകം കേൾക്കുകയാണ്.
കോവിഡ് മഹാമാരിയുടെ ദുരിതം തീരുംമുന്‍പ് പുതിയ മുന്നറിയിപ്പുമായാണ് ചൈനയിലെ വുഹാനിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്. അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്.
നിയോകോവ് പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഭാവിയില്‍ നിയോകോവും അടുത്ത ബന്ധമുള്ള പി.ഡി.എഫ്-2180-കോവും മനുഷ്യരെ ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ മൃഗങ്ങളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരണം കൂടി മാത്രം മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.
നിയോകോവില്‍ നിന്നും വാക്സിന്‍ സംരക്ഷണം നല്‍കുമോ എന്നും ആശങ്കയുണ്ട്. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്‍റ് ബയോടെക്നോളജി റിസര്‍ച്ച് സെന്‍റര്‍ പറയുന്നു.
നിയോകോവ് എന്ന പുതിയ വകഭേദത്തിന് ഉയർന്ന മരണ നിരക്കും, രോഗബാധ നിരക്കും ഉണ്ടാകുമെന്നാണ് പ്രവചനം. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് നിയോകോവിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയതെന്നും മൃഗങ്ങൾക്കിടയിൽ മാത്രമാണ് നിലവിൽ വൈറസ് വ്യാപിച്ചിരിക്കുന്നതെന്നും ബയോആർക്സിവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മനുഷ്യകോശങ്ങളിലേക്ക് കയറാൻ വൈറസിന് ഒരു മ്യൂട്ടേഷൻ മാത്രമേ ആവശ്യമുള്ളുവെന്ന് വുഹാൻ യൂനിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ പറയുന്നു. വൈറസിനെ കുറിച്ച് കൂടുതൽ പഠനം അനിവാര്യമാണെന്നും ഗവേഷകർ പറഞ്ഞു. പുതിയ വകഭേദത്തിന് അപകടസാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. പ്രതിരോധ കുത്തിവെപ്പോ, നേരത്തെ കോവിഡ് ബാധിച്ചവരിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആൻ്റിബോഡികളോ നിയോകോവിനെതിരെ പ്രവർത്തിക്കില്ലെന്നും ഗവേഷകർ അറിയിച്ചു.
സംസ്ഥാനത്ത് ഒമൈക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 94 ശതമാനവും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനം പേര്‍ക്കും ഒമൈക്രോണ്‍ വകഭേദമാണ് സ്ഥിരീകരിക്കുന്നത്.
വെന്റിലേറ്ററിന്റെ ഉപയോഗത്തില്‍ സംസ്ഥാനത്ത് നേരിയ കുറവ് വന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യത അടുത്ത മൂന്നാഴ്ച്ച നിര്‍ണ്ണായകമാണ്. ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തനമാരംഭിച്ചു. മോണിറ്ററിംഗ് സെല്‍ നമ്പര്‍ 0471-2518584
സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ, നടത്തിയ ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് പോസ്റ്റീവ് ആയെന്ന് മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ അറിയിച്ചു. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകൾ നിലവിലില്ലെന്നും വീട്ടിൽ ക്വാറന്റൈനിൽ ആണെന്നും താരം പറഞ്ഞു.
താരത്തിന് കോവിഡ് പോസിറ്റീവായതോടെ കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസങ്ങളോളം ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ജഗതി ശ്രീകുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ മാനദണ്ഡങ്ങൾ അതി കഠിനമാക്കി ചൈനീസ് സർക്കാർ. നിരീക്ഷണത്തിലിരിക്കുന്നവരെ വീടുകൾക്ക് പകരം മെറ്റൽ ബോക്‌സുകളിൽ താമസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത്തരത്തിൽ താമസിപ്പിക്കുന്നതിനായി രോഗികളെയും രോഗ ലക്ഷണങ്ങളുള്ളവരെയും നൂറ് കണക്കിന് ബസുകളിൽ കൊണ്ട് പോകുന്ന വീഡിയോകളും വൈറലാവുകയാണ്.
2019ൽ ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊവിഡ് ഇന്ന് ലോകമൊട്ടാകെ നാശം വിതച്ച് മുന്നേറുകയാണ്. ചൈനയിലും രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിക്കുന്നു. അടുത്ത മാസം രാജ്യത്ത് നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സും സർക്കാരിന് വെല്ലുവിളി ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. സർക്കാർ പിന്തുടരുന്ന ഡൈനാമിക് സീറോ എന്ന ഫോർമുല പ്രകാരം കർശന ലോക്‌ഡൗൺ, അടിയന്തര കൂട്ട പരിശോധന എന്നീ മാർഗങ്ങളും രാജ്യത്ത് തുടരുന്നുണ്ട്.
ഗർഭിണികളും കുട്ടികളും, പ്രായമായവരുമടക്കം നിർബന്ധമായും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കണം. രണ്ടാഴ്ചയാണ് ക്വാറന്റൈൻ കാലയളവ്. ഓരോ ബോക്സിനകത്തും തടിക്കട്ടിലുകളും ടോയ്‌ലറ്റുമുണ്ടാകും. പ്രദേശത്തെ ആരെങ്കിലും ഒരാൾ രോഗബാധിതനായാൽ അവിടത്തെ എല്ലാ നിവാസികളും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറണം. രോഗികളെയും രോഗലക്ഷണമുള്ളവരെയും അധികൃതർ ആപ്പുകളുടെ സഹായത്തോടെ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
20 ദശലക്ഷത്തോളം ആളുകൾ ചൈനയിൽ വീടുകളിൽ തന്നെ ബന്ധനാവസ്ഥയിലെന്ന പോലെ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങാൻ പോലും അനുവാദമില്ല. എന്നാൽ അടുത്തിടെ കർശന ലോക്‌ഡൗണിനെത്തുടർന്ന് ഒരു യുവതിയുടെ ഗർഭം അലസിയത് ചൈനയിൽ വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ ക്വാറന്റൈൻ മാർഗങ്ങൾ അവലംബിച്ചിരിക്കുന്നത്.
Millions of chinese people are living in covid quarantine camps now!
2022/1/9 pic.twitter.com/wO1cekQhps— Songpinganq (@songpinganq) January 9, 2022
ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് കൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച് അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പ്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചിരിക്കുന്നത്.
ഡേവിഡ് ബെന്നറ്റ് കുറേ ദിവസങ്ങളായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഒരു മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലഭിക്കാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
‘ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. എന്നാണ് ശസ്ത്രക്രിയക്ക് മുമ്പ് ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. നിര്‍ണായകമായ ശസ്ത്രക്രിയ ആയതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണ് ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാരും മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞു. ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നത്. അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം ഏറെ ഗുണകരമാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത് പറഞ്ഞു.
ഈ ശസ്ത്രക്രിയയുടെ വിജയം ഭാവിയില്‍ ഇത്തരത്തില്‍ നിരവധി ആളുകളുടെ ജീവന്‍രക്ഷിക്കുന്നതില്‍ നിര്‍ണായകമായി മാറും എന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി കാര്‍ഡിയാക് ക്‌സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ നടന്ന ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം നേരത്തെ ബബൂണ്‍ കുരങ്ങുകളില്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് രു പരീക്ഷണം നടത്തിയിരുന്നു. അത് വിജയകരമായിരുന്നു എന്നും ഒമ്പത് മാസത്തില്‍ അധികം പന്നിയുടെ ഹൃദയം ബബൂണില്‍ പ്രവര്‍ത്തിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
യുകെയില്‍ പ്രതിദിന കോവിഡ് 183,037 പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസത്തേക്കാള്‍ 45,000 കേസുകള്‍ അധികമാണിത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്രിസ്മസ് അവധി മൂലം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന അഞ്ച് ദിവസത്തെ കേസുകളും ഇതോടൊപ്പമുണ്ട്.
ഇംഗ്ലണ്ടിലെ രോഗികളുടെ കണക്കുകളും റെക്കോര്‍ഡ് ഉയരത്തിലാണ്. ഒരാഴ്ചയ്ക്കിടെ 45 ശതമാനമാണ് കുതിച്ചുചാട്ടം. പക്ഷെ കേസുകളുടെ മഹാവിസ്‌ഫോടനമൊന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കാര്യമാക്കുന്നില്ല. എല്ലാ ജനങ്ങളോടും ന്യൂ ഇയര്‍ ആഘോഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.
ഒമിക്രോണ്‍ വേരിയന്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നതായി പ്രധാനമന്ത്രി സമ്മതിച്ചു. ആശുപത്രി പ്രവേശനങ്ങളെ ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഡെല്‍റ്റയേക്കാള്‍ കാഠിന്യം കുറവാണ് പുതിയ വേരിയന്റെന്ന് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലെ ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ലോക്ക്ഡൗണിലേക്ക് വഴിയൊരുക്കുന്ന തരത്തില്‍ പരിധികള്‍ ലംഘിച്ച് മുന്നേറുകയാണ്. ലണ്ടനിലെ ആശുപത്രി പ്രവേശനങ്ങള്‍ പ്രതിദിനം 400 എന്ന പരിധി മറികടന്നു. ഇംഗ്ലണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 65 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായി. 10,000 ബെഡുകളെങ്കിലും വൈറസ് ബാധിച്ച രോഗികള്‍ കൈയടക്കി, മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്.
എന്നാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് വാര്‍ഡുകളില്‍ കഴിയേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ വന്‍തോതില്‍ കോവിഡ് വ്യാപിച്ചതിന്റെ ഫലമാണ് അഡ്മിഷനുകളിലും പ്രതിഫലിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
ഇംഗ്ലണ്ടിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പുതിയ കോവിഡ് വിലക്കുകള്‍ പ്രഖ്യാപിക്കാതെയാണ് നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ റാപ്പിഡ് സ്വാബ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഫാര്‍മസികളിലും കിറ്റ് കാലിയായി. ബുധനാഴ്ച ഡ്രൈവ്-ത്രൂ, വാക്ക്-ഇന്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യമായിരുന്നു. നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, കെയറര്‍മാര്‍ക്കും പോലും ഇതിന് സാധിക്കാത്ത അവസ്ഥ വന്നു. നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാത്ത പക്ഷം ജാഗ്രത പാലിക്കാന്‍ മാത്രമാണ് ഉപദേശം.
വൈകാതെ ബ്രിട്ടനില്‍ പിസിആര്‍ ടെസ്റ്റ് നടത്താനും ബുദ്ധിമുട്ട് നേരിടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റിനായി 48 മണിക്കൂറിനകം ഒരിടത്ത് പോലും ബുക്കിംഗ് കിട്ടാത്ത അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത് റിപ്പോർട്ട് ചെയ്തത് പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകൾ. തിങ്കളാഴ്ച 1.44 ദശലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസവും ലോകത്ത് കോവിഡ് കേസുകൾ ദശലക്ഷം കടന്നത്. അമേരിക്കയിലും ഫ്രാൻസിലുമാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഏറ്റവും കൂടുതൽ. ഒമിക്രോൺ വകഭേദവും പല രാജ്യങ്ങളിലും ഭീതി പടർത്തുന്നുണ്ട്.
തിങ്കളാഴ്ച മാത്രം 4,40,000 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് കാരണം റിപ്പോർട്ടുകൾ ലഭിക്കാൻ വൈകിയത് കൊണ്ടായിരിക്കാം രോഗബാധയിൽ വൻ തോതിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
യൂറോപ്പിലെ പ്രതിദിന കോവിഡ് ബാധയിൽ ഏറ്റവും കൂടുതലാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 1,79,807 പുതിയ കേസുകളാണ് ഫ്രാൻസിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ജനുവരിയോട് കൂടി ഫ്രാൻസിലെ പ്രതിദിന കോവിഡ് കേസുകൾ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവർ വെറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം തുടരുകയാണ്. നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.
ഒമിക്രോൺ വ്യാപന സാഹചര്യത്തില്‍ ലോകം നേരിടാനിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒന്നിച്ച് ഉയർത്തുന്ന ഭീഷണി വലുതാണെന്നും ഇതിനകം തളർന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി കാലമാണ് മുന്നോട്ടുള്ളതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നൽകി.ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നതോടെ അത് കൊവിഡ് സുനാമിക്ക് കാരണമാകും പുതിയ കൊവിഡ് കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് വർദ്ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകർക്കിടയില്‍ അതിവേഗം രോഗവ്യാപനമുണ്ടാകുന്ന നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളുടെ താളം തെറ്റും, ടെഡ്രോസ് അഡാനം പറഞ്ഞു.
ഇത് ആഗോള തലത്തില്‍ മരണനിരക്കിലും കുത്തനെയുള്ള വർദ്ധനവിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നത്. ഒമിക്രോണിന് ഡെല്‍റ്റയുടേതിന് സമാനമായ തീവ്ര വ്യാപനമുണ്ടാകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നതെങ്കിലും പഠനങ്ങള്‍ തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം സാധ്യമല്ലെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആശങ്ക പങ്കുവെച്ചത്.
കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലേക്കും പടർന്ന വകഭേദത്തിന്റെ അതിവേഗ വ്യാപനത്തിനാണ് യുഎസും ഫ്രാന്‍സ് ഉള്‍പ്പടെയുള്ല യൂറോപ്യന്‍ രാജ്യങ്ങളും സാക്ഷ്യം വഹിക്കുന്നത്. ആഗോള കൊവിഡ് നിരക്കില്‍ 11 ശതമാനത്തിന്റെ ഉയർച്ചയാണ് കഴിഞ്ഞയാഴ്ച ഉണ്ടായിരിക്കുന്നത്. വാക്സിൻ എടുത്തവരിലും രോഗം വന്നുപോയവരിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുകയെന്നും ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ ലോകാരോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളിൽ 92 രാജ്യങ്ങളിലെ 40 ശതമാനം പേർക്കും വാക്സിനേഷന്‍ പൂർത്തീകരിച്ചിട്ടില്ല എന്നത് അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ജൂലൈയോടെ ലോകത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യയിലും ഒമിക്രോൺ ആശങ്ക വിതക്കുകയാണ്. രാജ്യത്ത് 900 പേർക്ക് ഇതുവരെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡോക്ടർ എ. സി. രാജീവ് കുമാർ
മനുഷ്യനെ ലോകം ഒട്ടാകെ പരിഭ്രാന്തിയുടെ നിഴലിൽ നിർത്തിയ പുതിയ വകഭേദ പനി, സ്ഥാനപരിത്യാഗം പരിഹാരമായ സാംക്രമിക ജ്വരം ആണല്ലോ കോവിഡ്. ഈ രോഗം വന്നു പോയ ശേഷവും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ പലരെയും അലട്ടുന്നു. പ്രത്യേകിച്ച് ശ്വസന തകരാറുകൾ. ന്യൂമോണിയ പോലെ ഗുരുതര അവസ്ഥ കടന്നു പോയവരിൽ പ്രത്യേകിച്ചും. ചുമ, കഫക്കെട്ട്, ശ്വസന വൈഷമ്യം, പ്രണവായു അളവിൽ കുറയുക, ഹൃദയമിടിപ്പ് കൂടുക ശ്വാസം കിട്ടാതെ ഉള്ള പ്രയാസങ്ങൾ ഒക്കെ കോവിഡാനന്തര വിഷമതകളിൽ പെടുന്നു. ആയുർവേദ യോഗ പ്രതിരോധ മാർഗങ്ങൾ ആശ്വാസപ്രദമാകും.
ശ്വസന അവയവമായ ശ്വാസകോശം ഹൃദയം എന്നിവ ഉരോ ഗുഹയിലും, ദഹന പചന വ്യവസ്ഥയിൽ ഉള്ള ആമാശയം കരൾ പാൻക്രിയാസ് സ്പ്ളീൻ വലുതും ചെറുതുമായ കുടൽ എന്നിങ്ങനെ ഉള്ളവ ഉദര ഗുഹയിലും ആണല്ലോ. ഇവയെ വേർതിരിക്കുന്ന അർത്ഥ ഗോളാകൃതിയിലുള്ള ഡയഫ്രം എന്നറിയുന്ന നേർത്ത പാളി പോലെ ഉള്ള പേശി ശ്വസന പ്രക്രിയയിൽ ഏറെ പങ്ക് വഹിക്കുന്നു. ഈ പേശിയുടെ ദൗർബല്യം ശ്വാസം എടുക്കുന്നതിനു പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്.
ശ്വസന വ്യായാമങ്ങൾ പ്രാണായാമം ശ്വാസകോശത്തെയും ഈ ഡയഫ്രത്തെയും ആരോഗ്യകരമായ നിലയിൽ ആക്കാൻ സഹായിക്കും. നട്ടെല്ല് നിവർത്തി ഇരുന്നുകൊണ്ട് വലത് കൈ നെഞ്ചിലും ഇടതു കൈ വയറിന്റെ ഭാഗത്തും വെച്ച് എട്ട് സെക്കന്റ് കൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കുക, നാലു സെക്കന്റ് ശ്വാസം ഉള്ളിൽ നിർത്തിയ ശേഷം പത്തു സെക്കൻഡ് കൊണ്ട് ശ്വാസം പുറത്തേക്ക് വിടുക. അഞ്ചു മുതൽ പത്ത് തവണ വരെ ആവർത്തിക്കുക. ഡയഫ്രം കരുതുള്ളതാക്കാൻ ഇടയാകും.
സാവകാശം ശ്വാസം ഉള്ളിലേക്ക് എടുത്ത് വായിൽകൂടി ശ്വാസം പുറത്തേക്ക് വിസിൽ അടിക്കും പോലെ വിടുക. ശ്വാസം ഉള്ളിലേക്ക് എടുത്തു ശക്തിയായി പുറത്തേക്ക് വിടുക. ശ്വാസകോശത്തിന്റെ പുറകു വശത്തെയും ഇരു വശങ്ങളിലെയും അറകളിൽ വായു നിറയാനിടയാക്കും വിധം വ്യത്യസ്ത നിലകിളിൽ കൂടെ ശ്വസന വ്യായാമം ചെയ്യുന്നത് നന്ന്. കമിഴ്ന്നു കിടന്ന് ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് നെഞ്ചും തലയും ഉയർത്തുകയും ശ്വാസം വിട്ടു കൊണ്ട് താഴ്ത്തുകയും ചെയ്യുക. ഇടത് വശം ചരിഞ്ഞു കിടന്ന് ശ്വാസം എടുത്ത് കൊണ്ട് വലത് കാൽ മുകളിലേക്ക് ഉയർത്തുക. ശ്വാസം വിട്ടു കൊണ്ട് താഴ്ത്തുക. വലത് വശം ചരിഞ്ഞും ഇത് ആവർത്തിക്കുക. യോഗയിലെ പ്രാണായാമം ഇത്തരം അവസ്ഥകളിൽ കരുത്തു പകരും എന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.
ആയുർവേദ ഔഷധങ്ങളും ചികിത്സകളും കൂടെ ആയാൽ ഏറെ ഫലപ്രാപ്തിക്ക് ഇടയാക്കും.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
ബ്രിട്ടണിൽ ആശങ്കയുയർത്തി കോവിഡ് കേസുകൾ വർധിക്കുന്നു. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് റിക്കാർഡ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. വ്യാഴാഴ്ച 88,376 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്.
ഒമിക്രോൺ വകഭേദം യൂറോപ്പിൽ മിന്നൽ വേഗത്തിലാണ് പടരുന്നതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ്. അടുത്ത വർഷം ആരംഭത്തോടെ ഫ്രാൻസിലും അതിതീവ്ര രോഗ വ്യാപനമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗ പകർച്ചയുടെ പശ്ചാത്തലത്തിൽ യുകെയിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഫ്രാൻസ്.
യൂറോപ്പിൽ യുകെയിലാണ് ഏറ്റവുമധികം ഒമിക്രോൺ രോഗ ബാധിതരുള്ളത്. വെള്ളിയാഴ്ച വരെ 15,000 ത്തോളം ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാൻ ജർമനി, അയർലൻഡ്, നെതർലാൻഡ്സ് സർക്കാരുകൾ അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജർമനിയിൽ വെള്ളിയാഴ്ച മാത്രം 50,000ലേറെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു വെല്ലുവിളിക്ക് നേരിടാൻ രാജ്യം തയാറെടുക്കുകയാണെന്ന് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, അയർലൻഡ് പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ മൂന്നിൽ രണ്ടും പുതിയ വകഭേദം മൂലമാണ്.
യുകെയിൽ തുടർച്ചയായ മൂന്നാം ദിവസവും റിക്കാർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്. വെള്ളിയാഴ്ച 111 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്.
നെതർലാൻഡ്സിൽ വെള്ളിയാഴ്ച 15,400-ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം പടരാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് യൂറോപ്യൻ രാജ്യങ്ങൾ നീങ്ങുന്നത്. പൊതുയിടങ്ങളിലേക്കുള്ള പ്രവേശനത്തിനും ആഘോഷങ്ങൾക്കും എല്ലാം വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്.
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിച്ച ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഇന്ത്യ. ജീവന്‍ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെന്റിലേറ്ററുകളുമടക്കമുള്ള സഹായങ്ങള്‍ നല്‍കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ജീന്‍ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തു.
കൊവാക്സ് പോര്‍ട്ടല്‍ വഴി ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവി, എത്യോപ്യ, സാംബിയ, മൗസാംബിക്, ഗിനിയ, ലെസോത്തോ എന്നിവിടങ്ങളിലേക്ക് കൊവിഷീല്‍ഡ് വാക്സിന്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
‘കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയത് ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം കൊണ്ട് പൊറുതിമുട്ടിയ എല്ലാ രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു,’ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച വിവരം ആദ്യം തന്നെ ലോകത്തെ അറിയിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഒറ്റപ്പെടുത്തരുതെന്ന് വകഭേദം സ്ഥിരീകരിച്ച ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി ഇന്ത്യ രംഗത്തുവന്നിരിക്കുന്നത്.
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്തുണ നൽകിയതിന് ഇന്ത്യയെ പ്രശംസിച്ചു. ട്വിറ്ററിലൂടെ, പീറ്റേഴ്‌സൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ കരുതലും ഊഷ്‌മളമായ ഹൃദയവും അഭിനന്ദിക്കുകയും ചെയ്‌തു. പുതിയ ഒമിക്‌റോൺ വേരിയന്റുമായി ഇടപെടുന്ന ആഫ്രിക്കയ്ക്ക് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന്റെ അഭിപ്രായം.
കെവിൻ പീറ്റേഴ്സൺ തന്റെ ട്വീറ്റിൽ കുറിച്ചു, “ആ കരുതലുള്ള മനോഭാവം ഇന്ത്യ ഒരിക്കൽ കൂടി കാണിച്ചു! ഹൃദയസ്പർശിയായ നിരവധി ആളുകളുള്ള ഏറ്റവും മികച്ച രാജ്യം! നന്ദി! അദ്ദേഹം കുറിച്ചു.
That caring spirit once again shown by India!
The most fabulous country with so many warm hearted people!
Thank you!
cc @narendramodi 🙏🏽 https://t.co/r05631jNBD— Kevin Pietersen🦏 (@KP24) November 29, 2021
ദക്ഷിണാഫ്രിക്കന്‍ സ്വദേശിയിലുള്ളത് ഒമിക്രോണ്‍ വൈറസാണോ എന്നതില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ എല്ലാവരേയും ക്വാറന്റീലാക്കി. ഇവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഐസി എംആറിന് പരിശോധനയ്ക്ക് അയക്കും. സാഹചര്യം വിലയിരുത്താന്‍ കര്‍ണാടകയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 63കാരന്‍ ബംഗ്ലൂരുവിലെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും അത് ഡെല്‍റ്റ വൈറസ് എന്ന് വ്യക്തമായിരുന്നു.
ഒമിക്രോണ്‍ വകഭേദം നവംബര്‍ 24നാണു സ്ഥിരീകരിച്ചതെങ്കിലും ഇതിനു മുന്‍പേ തന്നെ വകഭേദം വഴി കോവിഡ് വന്നവര്‍ മറ്റു രാജ്യങ്ങളിലേക്കു പോയിരിക്കാമെന്നു വിലയിരുത്തിയാണ് മുന്‍പു വിദേശത്തു നിന്നെത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.
2019 ല്‍ കോവിഡ് ലോകമെമ്പാടും വ്യാപിക്കുന്നതിലേക്കു നയിച്ച കാരണങ്ങളും പരിഗണിച്ചാണിത്. 2019 നവംബറില്‍ തന്നെ രോഗലക്ഷണങ്ങളുള്ളവരെ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയെങ്കിലും റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകി. ഇതോടെ, ചൈനയ്ക്കു പുറത്തേക്കും കോവിഡ് വ്യാപിച്ചുവെന്നാണു വിലയിരുത്തലുകള്‍. ഇതൊഴിവാക്കാനാണ് ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തയുടന്‍ പലരാജ്യങ്ങളും യാത്രാനിയന്ത്രണം കൊണ്ടുവന്നത്.