Health

ലണ്ടന്‍: ഗര്‍ഭിണികള്‍ ഐബുപ്രൂഫെന്‍ ഉപയോഗിക്കുന്നത് അവരുടെ പെണ്‍കുഞ്ഞുങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭത്തിന്റെ ആദ്യത്തെ ആറു മാസങ്ങളില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ അണ്ഡാശയത്തിലുള്ള അണ്ഡങ്ങളുടെ എണ്ണം നേരെ പകുതിയായി കുറയാന്‍ ഈ മരുന്നുകള്‍ കാരണമാകുമത്രേ! അതായത് മുതിര്‍ന്നു കഴിയുമ്പോള്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത നേര്‍ പകുതിയായി കുറയും. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ അണ്ഡാശയങ്ങളില്‍ വളര്‍ച്ചയെത്താത്ത വിധത്തില്‍ അണ്ഡങ്ങള്‍ രൂപപ്പെട്ടിരിക്കും.

പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഇവ പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുന്നതും ഓരോ ആര്‍ത്തവ ചക്രത്തിലും ഗര്‍ഭപാത്രത്തിലേക്ക് എത്തപ്പെടുന്നതും. ഗര്‍ഭകാലത്ത് ഐബ്രുപ്രൂഫന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ അടുത്ത തലമുറയെയാണ് ഇല്ലാതാക്കുന്നത്. അണ്ഡങ്ങളുടെ എണ്ണം നേര്‍പകുതിയാകുന്നതോടെ ഈ പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടമെത്തുമ്പോള്‍ ആര്‍ത്തവ വിരാമം സംഭവിക്കാനും പിന്നീട് ഒരിക്കലും അമ്മമാരാകാതിരിക്കാനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് വേദനാ സംഹാരികള്‍ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കുകയാണെന്ന ഞെട്ടിക്കുന്ന ഫലം ലഭിച്ചത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെ മാത്രം ഇവ ഗര്‍ഭകാലത്ത് ഉപയോഗിച്ചാല്‍ പോലും അവ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷകരമാകുമെന്നാണ് കണ്ടെത്തല്‍. അണ്ഡകോശങ്ങളുടെ വളര്‍ച്ച മുരടിക്കുകയോ നശിച്ചുപോകുകയോ ചെയ്യാം.ഐബുപ്രൂഫന്‍ ഗര്‍ഭസ്ഥ ശിശുക്കളിലെ അണ്ഡാശയ ഫോളിക്കിളുകള്‍ വികസിക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്ത പുറത്തു വരാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി എങ്കിലും അതിന്റെ യഥാർത്ഥ കാരണങ്ങൾ പൊതുജനം ഇതുവരെ അറിഞ്ഞിട്ടില്ല. രണ്ടു പൗണ്ടിൽ താഴെ വിലയുള്ള  500 മില്ലിയുടെ മോയിസ്ചർ ക്രീമിന് ബൂട്ട്സ് ഫാർമസിയിൽ നിന്നു വാങ്ങിക്കുമ്പോൾ എൻഎച്ച്എസ് നല്കിയത് 1579 പൗണ്ടാണ് എന്നാണ് ദി ടൈംസ് വെളിപ്പെടുത്തുന്നത്. ത്വക് രോഗമുള്ളവർക്കായി നല്കപ്പെടുന്ന ഈ ക്രീമിന്റെ സാധാരണ വില 1.73 പൗണ്ടാണ്. ബൂട്ട്സിന്റെ പേരൻറ് കമ്പനിയായ വാൾ ഗ്രീൻ ബൂട്ട്സ് അലയൻസിൽ നിന്നാണ് സാധാരണ വിലയുടെ 900 മടങ്ങ് വില നല്കി എൻഎച്ച്എസ് ക്രീം വാങ്ങിച്ചത്.

മരുന്നു കമ്പനികൾ എൻ എച്ച് എസിന് ആവശ്യമായ മരുന്നുകൾക്ക് അമിത വില ഈടാക്കുകയാണെന്ന് അധികൃതർ പരാതിപ്പെട്ടു. നികുതി ദായകന്റെ പണം ദുർവിനിയോഗം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ എൻഎച്ച്എസിൽ ഉള്ളത്. ഷോർട്ട് നോട്ടീസിൽ ഉള്ള സ്പെഷ്യൽ ഓർഡറുകൾക്ക് ഇങ്ങനെ വില ഈടാക്കേണ്ടി വരുമെന്ന് ബൂട്ട്സ് പറയുന്നു. എന്നാൽ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡെർമ്മറ്റോളജിസ്റ്റുകളുടെ അസോസിയേഷൻ പറയുന്നത്.

ന്യൂസ് ഡെസ്ക്

“അവൾ എൻറെ ഉറ്റ സുഹൃത്താണ്. ലേബർ റൂമിൽ അവൾ അനുഭവിച്ച ദു:ഖം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനി ഒരു അമ്മയ്ക്കും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ”. ലേബർ റൂമിൽ അമ്മമാർക്ക് സ്വാന്തനമാകാൻ  ഒരുങ്ങുകയാണ് മിഡ് വൈഫ്  നിക്ക് കെറി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ, മറക്കാനാവാത്ത വേദനയുടെ ഓർമ്മയായി മനസിൽ സൂക്ഷിക്കേണ്ടി വരുന്ന അമ്മമാർക്ക് ആശ്വാസം നല്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയാണ് നോർത്ത് ലിങ്കൺ ഷയർ ആൻഡ് ഗൂൾ ഹോസ്പിറ്റലിലെ നഴ്സായ നിക്ക് കെറി. നിക്ക് കെറിയുടെ ഏറ്റവും പ്രിയ കൂട്ടുകാരിയ്ക്ക് ഉണ്ടായ കയ്പേറിയ അനുഭവത്തിൻറെ വെളിച്ചത്തിലാണ് നിക്ക് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

നിക്കിൻറെ കൂട്ടുകാരിയ്ക്ക് പ്രസവത്തിൽ കുഞ്ഞ് നഷ്ടപ്പെട്ടു. 36 ആഴ്ച ഗർഭിണിയായിരുന്നു അവർ. കുഞ്ഞ് ഉദരത്തിൽ ചലിക്കുന്നില്ല എന്നു മനസിലായതിനാൽ ഹോസ്പിറ്റലിൽ എത്തിയ അവരെ തേടിയെത്തിയത് കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്തയായിരുന്നു. മരിച്ച കുഞ്ഞിനെ നോർമ്മൽ ഡെലിവറി നടത്തുന്നതിനായി കുറെ ടാബ് ലറ്റുകൾ നല്കി വിട്ടു. 48 മണിക്കൂറിനു ശേഷം ഹോസ്പിറ്റലിൽ എത്താനും നിർദ്ദേശിച്ചു. അതിനു ശേഷം അവരുടെ കാര്യം ഹോസ്പിറ്റലിൽ നിന്ന് ആരും തിരക്കിയില്ല. എന്നാൽ കൂട്ടുകാരി പ്രസവത്തിനായി എത്തിയപ്പോൾ നിക്ക് ബെഡ് സൈഡിൽ കൂട്ടിനായി എത്തി. ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്കുന്ന അതീവ ദു:ഖകരമായ നിമിഷങ്ങൾക്ക് നിക്ക് സാക്ഷിയായി. ഡെലിവറിക്കു ശേഷം നിക്കിൻറെ കൂട്ടുകാരിയെ തനിയെ ഒരു മുറിയിലേയ്ക്ക് ജീവൻ നഷ്ടപ്പെട്ട പെൺകുഞ്ഞിനൊപ്പം മാറ്റിക്കിടത്തി. പ്രസവ സമയത്ത് നല്ല രീതിയിലുള്ള പരിചരണം അവർക്ക് ലഭിച്ചെങ്കിലും അതിനു ശേഷമുള്ള മണിക്കൂറുകൾ തികഞ്ഞ അവഗണനയുടേതായിരുന്നു. ഒരു സ്റ്റാഫും അവരെ തിരിഞ്ഞു നോക്കിയില്ല. 36 ആഴ്ച ഉദരത്തിൽ വഹിച്ച കുഞ്ഞിനോട് എങ്ങനെ വിട പറയണമെന്ന് പറയാനോ, ആ കുഞ്ഞിൻറെ ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യാനോ ആരുമെത്തിയില്ല.

“സ്വന്തം കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മയ്ക്ക് ആശ്വാസം നല്കുന്ന ഒരു അന്തരീക്ഷം ഒരുക്കുകയാണ് തൻറെ ഭാവി പ്രവർത്തനങ്ങളുടെ ലക്ഷ്യം”; നിക്ക് കെറി പറയുന്നു. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ ആദ്യ മറ്റേണിറ്റി ബിറ്റീവ് മെന്റ് മിഡ് വൈഫായി നിക്ക് കെറി ജോലിയാരംഭിക്കുകയാണ്. ഡോക്ടർമാർക്കും മിഡ് വൈഫുമാർക്കും സ്റ്റുഡൻസിനും ട്രെയിനിംഗ് നല്കാൻ ഇനി നാലുകുട്ടികളുടെ അമ്മയായ ഈ 37 കാരി മറ്റേണിറ്റി വാർഡിൽ ഉണ്ടാവും. 150,000 പൗണ്ട് ചിലവിൽ മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ട് ഒരുക്കുന്ന പ്രവർത്തനങ്ങൾ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ നടന്നു വരികയാണ്. ചാരിറ്റി ഫണ്ട് റെയിസിംഗ് വഴിയാണ് ഇത്രയും തുക കണ്ടെത്തിയത്. നോർത്ത് ലിങ്കൺ ഷയറിലെ മലയാളികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം  കഴിഞ്ഞ നവംബറിൽ നടത്തിയ ദീപാവലി ഫണ്ട് റെയിസിംഗിലൂടെ 4820 പൗണ്ട് ബിറീവ് മെൻറ് സ്യൂട്ടിനായി സമാഹരിച്ചു നല്കിയിരുന്നു. സ്കൻതോർപ്പിൽ നടന്ന ഫണ്ട് റെയിസിംഗ് ഇവൻറിൽ നിക്ക് കെറിയും പങ്കെടുത്തിരുന്നു.

ന്യൂസ് ഡെസ്ക്

കുഞ്ഞനുജൻറെ ജീവൻ നിലനിർത്താനുള്ള ഓപ്പറേഷനായി ജ്യേഷ്ഠൻ തയ്യാറെടുക്കുന്നു. ഓപ്പറേഷൻ നടത്തുന്നത് ബോൺരോ സ്വന്തം അനുജന് നല്കുന്നതിനായിട്ടാണ്. അനുജൻറെ പ്രായം മൂന്നു വയസ്. ഈ മഹത്തായ ദാന കർമ്മത്തിൽ പങ്കാളിയാകുന്ന ജ്യേഷ്ഠന് പ്രായം വെറും അഞ്ച് വയസ്. ഈ ധീരനായ മിടുക്കൻറെ പേര് ഫിൻലി. അനുജൻ ഒലി ക്രിപ്പ്സിന് ബാധിച്ചിരിക്കുന്നത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്. ബോൺമാരോ ട്രാൻസ്പ്ലാന്റിന് വിധേയമാകുന്നതിനു മുമ്പ് രണ്ട് റൗണ്ട് കീമോതെറാപ്പിയ്ക്കു കൂടി ഒലി വിധേയമാകും.

കഴിഞ്ഞ വർഷം ജൂൺ 19 നാണ് ഒലിക്ക് ക്യാൻസറാണ് എന്ന് കണ്ടെത്തിയത്. അതിനു ശേഷം ആറുമാസത്തിനുള്ളിൽ ഒലി നാല് റൗണ്ട് കീമോയ്ക്ക് വിധേയനായി. ബ്ലഡ് ടെസ്റ്റിൽ ക്യാൻസറാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് സട്ടണിലെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേയ്ക്ക് ഒലിയെ മാറ്റുകയും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഫിൻലിയുടെ ബോൺമാരോ ഒലിയ്ക്ക്  ചേരുമെന്നറിഞ്ഞതു മുതൽ കുടുംബത്തിന് ആശ്വാസം ലഭിച്ചതായി അമ്മ ഫിയോണ പറഞ്ഞു. കെന്റിലെ സിറ്റിംഗ് ബോണിലാണ് ഇവർ താമസിക്കുന്നത്. തന്റെ സഹോദരനെ ബോൺമാരോ നല്കി പുതുജീവൻ നല്കുന്നതിന് ഫിൻലി കാത്തിരിക്കുകയാണെന്ന് അമ്മ ഫിയോണ പറഞ്ഞു.

കീമോ തെറാപ്പിയും മരുന്നുകളുടെ ആധിക്യവും മൂലം ഒലിയ്ക്ക് മുടി മുഴുവൻ നഷ്ടപ്പെട്ടു. അതിൽ തീർത്തും ദുഃഖിതനായിരുന്നു ഫിൻലി. തന്റെ സഹോദരനെപ്പോലെയിരിക്കാൻ ഫിൻലി തൻറെ മുടി ഷേവ് ചെയ്ത് റോയൽ മാഴ്സഡൻ ചാരിറ്റിക്കായി 800 പൗണ്ട് സമാഹരിച്ചു. ഫെബ്രുവരി മാസത്തിലാണ് ഒലിക്ക് ബോൺമാരോ ട്രാൻസ് പ്ലാന്റ് നടത്തുന്നത്.

ന്യൂസ് ഡെസ്ക്

വെയിൽസിലെ ഹെൽത്ത് കെയർ രംഗം ശക്തിപ്പെടുത്താൻ ഇന്ത്യൻ ഡോക്ടർമാർ ശക്തമായി രംഗത്തിറങ്ങുന്നു. വെയിൽസിലെ ഇന്ത്യൻ ഡോക്ടർമാരുടെ കോൺഫറൻസ് കാർഡിഫിൽ ജനുവരി 20 ന് നടന്നു. വെയിൽസ് – ഇന്ത്യാ സ്കിൽ എക്സ്ചേഞ്ച് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഫറൻസിൽ നടന്നു. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന സംഘടനയാണ് വെയിൽസിലെ ആരോഗ്യരംഗത്തെ മാറ്റങ്ങൾക്ക് നവോന്മേഷം നല്കാൻ ഊർജിതമായ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 500 ലധികം ഡോക്ടർമാർ ഈ സംഘടനയിൽ ഉണ്ട്.

ബ്രെക്സിറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടക്കുന്ന കോൺഫറൻസ് ബ്രെക്സിറ്റ് മൂലം വരുന്ന ആരോഗ്യരംഗത്തെ പ്രശ്നങ്ങളും ഗൗരവമായി  പരിഗണിക്കുന്നുണ്ട്. 200 ഡെലഗേറ്റുകൾ ആണ് കോൺഫറൻസിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്ന് രണ്ടു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിൽ 2016 -17 വർഷങ്ങളിൽ വെയിൽസിലെ വിവിധ ഹോസ്പിറ്റലുകളിലേയ്ക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ BAPIO മുൻകൈ എടുത്തിരുന്നു. ഇതു മൂലം ലോക്കം ഡോക്ടർമാരെ ഒഴിവാക്കി NHS ന് അര മില്യണിലേറെ പൗണ്ട് ലാഭിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയും വെയിൽസും തമ്മിലുള്ള സ്കിൽ എക്സ്ചേഞ്ചിന് സംഘടന മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നു. 2016-17 ൽ രാജി വച്ചത് 33,000 നഴ്സുമാരാണ്. വിന്റർ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകൾ ആവശ്യത്തിനു സ്റ്റാഫ് നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുകയാണ്. പത്തിൽ ഓരോ നഴ്സുവീതം ഓരോ വർഷവും 1 എൻഎച്ച്എസ് വിടുകയാണ്. ബ്രിട്ടണിലെ ഹോസ്പിറ്റലുകളിലെ സ്റ്റാഫ് ഷോർട്ടേജ് ദിനം പ്രതി മൂർച്ഛിക്കുകയാണ്. 2016-17ൽ പുതിയതായി എൻഎച്ച്എസിൽ ചേർന്ന നഴ്സുമാരെക്കാൾ 3000 ൽ ഏറെ നഴ്സുമാരാണ് വിട്ടു പോയത്. 2012-13 ലെ കൊഴിഞ്ഞുപോകലുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

എൻഎച്ച്എസ് ഇംഗ്ലണ്ടിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം പുതിയ സ്റ്റാഫുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്ന് ഹെഡ് ഓഫ് റോയൽ കോളജ് ഓഫ് നഴ്സിംങ്ങ് ജാനറ്റ് ഡേവിസ് . പറഞ്ഞു. പുതിയ തലമുറ നഴ്സുമാർ മുന്നോട്ടുവരുന്നില്ല എന്നതും നിലവിലുള്ള അനുഭവ സമ്പത്തുള്ള നഴ്സുമാർ മനം മടുത്ത് മറ്റു ജോലി തേടി പോകുന്നതും ഗവൺമെന്റ് ഗൗരവത്തോടെ കാണണമെന്ന് അവർ പറഞ്ഞു. സെപ്റ്റംബർ 2017 ലെ കണക്കനുസരിച്ച് ജോലി രാജി വച്ച നഴ്സുമാരിൽ 6976 പേർ (21%) എൻഎച്ച്എസിലെ റിട്ടയർമെന്റ് പരിധിയായ 55 വയസിനു മുകളിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ 17,207 പേർ 40 വയസിനു താഴെയുള്ളവരാണ്.

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് നഴ്സുമാരുടെ കൊഴിഞ്ഞു പോകലിന് ഒരു പ്രധാന കാരണമാണ്. വർഷങ്ങളായി എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പള വർദ്ധനയ്ക്ക് ക്യാപ് ഏർപ്പെടുത്തിയിരിക്കുന്നതും പ്രതിസന്ധി വഷളാക്കി. വിന്റർ ക്രൈസിസിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകളിൽ സ്റ്റാഫ് ഷോർട്ടേജ് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

മാഞ്ചസ്റ്റര്‍: ബ്രിട്ടനില്‍ മീസില്‍സ് പടരുന്നു. പ്രധാന നഗരങ്ങളായ വെസ്റ്റ് യോര്‍ക്ക്ഷയര്‍, ചെഷയര്‍ ആന്റ് ലിവര്‍പൂള്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, സറേ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പകര്‍ച്ചവ്യാധി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാന്‍ സാധ്യത കുറവാണെങ്കിലും സമീപ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. മീസില്‍സ് ബാധയാണെന്ന് സംശയം തോന്നിയാല്‍ ജി.പിമാരെ കാണുകയോ എന്‍.എച്ച്.എസ് 111ല്‍ വിളിക്കുകയോ ചെയ്യണമെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം.

ജനുവരി 9വരെ വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 34ഉം ചെഷയര്‍ ആന്റ് ലിവര്‍പൂളില്‍ 29ഉം വെസ്റ്റ് മിഡ്ലാന്‍ഡില്‍ 32ഉം സറെയില്‍ 20ഉം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ 7ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷന്‍ എടുക്കാത്തവര്‍ മീസില്‍സ് പടര്‍ന്നു പിടിച്ചിരിക്കുന്ന രാജ്യങ്ങളായ റുമേനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനുകള്‍ നിങ്ങള്‍ എടുത്തിട്ടില്ലെങ്കില്‍ ജിപിമാരെ സമീപിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവരിലും മുമ്പ് ഈ രോഗം ബാധിക്കാത്തവരിലും മീസില്‍സ് വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് ഇത് അപകടകരമായേക്കാം. ഏഴ് മുതല്‍ 10 ദിവസം വരെ രോഗം നീണ്ടുനിന്നേക്കാം.

കുട്ടികള്‍ക്ക് നല്‍കുന്ന രണ്ട് ഡോസ് എംഎംആര്‍ വാക്‌സിനുകള്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്‌സിനുകളെടുത്ത് കുട്ടികളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കണമെന്ന് ഇമ്യുണൈസേഷന്‍ മേധാവി ഡോ. മേരി റാംസേ അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ജി.പിയുമായി ബന്ധപ്പെടണമെന്നും റാംസേ കൂട്ടിച്ചേര്‍ത്തു.

സാധാരണ പനിയുടെ ലക്ഷണങ്ങളായ മൂക്കടപ്പ്, തുമ്മല്‍, കണ്ണുകള്‍ നിറയുക തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. കണ്‍പോളകളിലെ വീക്കം, കണ്ണുകള്‍ ചുവന്ന് തുടുക്കുകയും പ്രകാശത്തിലേക്ക് നോക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുക, 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന പനി, വായില്‍ വെള്ളയും ചാര നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുക, ശരീര വേദന, ചുമ, ഭക്ഷണത്തോട് വിരക്തി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ജിപിമാരുടെ സഹായം തേടണമെന്നാണ് നിര്‍ദേശം.

വവ്വാലില്‍ നിന്നുള്ള വിഷബാധ ഒരു കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി. ഫ്‌ളോറിഡ സ്വദേശിയായ റൈക്കര്‍ റോക്ക് എന്ന ആറുവയസ്സുകാരന്‍ ഇപ്പോള്‍ ജീവിക്കുന്നത് അനസ്‌തേഷ്യയുടെ ബലത്തിലാണ്. റൈക്കറിന്റെ അച്ഛന്‍ ഹെന്റി റോക്ക് രോഗം ബാധിച്ച വ്വാലിനെ കണ്ടു. അദ്ദേഹം അതിനെ എടുത്ത് ആദ്യം ഒരു ബക്കറ്റിലെ വെള്ളത്തിലിട്ടു. പിന്നീട് അതിനെ പോര്‍ച്ചിലാക്കിയിട്ട് അതിനെ തൊടരുതെന്ന കര്‍ശനനിര്‍ദ്ദേശം റൈക്കിനു നല്‍കി. എന്നാല്‍ റൈക്ക് വവ്വാലിനെ സ്പര്‍ശിച്ചു. കുട്ടിയുടെ കൈയ്യില്‍ വവ്വാലിന്റെ നഖം കൊണ്ട് പോറല്‍ ഉണ്ടായി. ഹെന്റി ഉടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴികുകയും ചൂടുവെള്ളത്തില്‍ അഞ്ചുമിനിറ്റ് മുക്കിവയ്ക്കുകയും ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നു തീരുമാനിച്ചെങ്കിലും റൈക്കയറിന് ആശുപത്രിയില്‍ പോകാനുള്ള പേടിയും കരച്ചിലും കാരണം അവര്‍ വേണ്ടാന്നു വച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിരലുകള്‍ക്ക് മരവിപ്പും തലവേദനയും അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞു. കളിക്കുന്നതിനിടയില്‍ തല മുട്ടിയതാകുമെന്നു കരുതി ഹെന്റി അവനെ ആശുപത്രിയിലെത്തിച്ചു. അന്നു വവ്വാലില്‍ നിന്നുണ്ടായ പോറലിനെക്കുറിച്ചും ഹെന്റി ഡോക്ടറോടു പറഞ്ഞു. ഡോക്ടര്‍ ഉടന്‍ മറ്റു ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. ഇത് പേവിഷമാണെന്നും മരണകാരണം വരെ ആകാമെന്നും അവര്‍ പറഞ്ഞു. റൈക്കറുടെ അവസ്ഥയെക്കുറിച്ച് ഒന്നും പറയാന്‍ കഴിയുന്നില്ല എല്ലാ ദിവസവും മെഡിക്കല്‍ ടീമിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മയങ്ങാനുള്ള മരുന്ന് നല്‍കുന്നതിനാല്‍ വേദന അറിയുന്നില്ലെന്നു മാത്രം. തലച്ചോറില്‍ അണുബാധ ഏല്‍ക്കുന്നതിനാല്‍ മിക്കവാറും ആളുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മരണം സംഭവിക്കാം.

ലക്ഷണങ്ങള്‍ കാണുന്നതിനു മുന്‍പ് വാക്‌സിന്‍ എടുക്കുകയാണെങ്കില്‍ ഇതു പൂര്‍ണമായും ഭേദപ്പെടുത്താവുന്ന ഒന്നാണ്. എന്നാല്‍ ഒരിക്കല്‍ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയാല്‍ രോഗം തലച്ചോറിലേക്ക് വ്യാപിക്കുകയും പിന്നെ സുഖപ്പെടുത്താന്‍ സാധിക്കാതാവുകയും ചെയ്യാം. ചികിത്സ തേടിയില്ലെങ്കില്‍ മൂന്നു ദിവസത്തിനകം മരണപ്പെടാനുള്ള സാഹചര്യമാണുള്ളതെന്ന് വിസ്‌കോന്‍സിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോ. റോഡ്‌നി പറയുന്നു. പേവിഷബാധയെക്കുറിച്ച് വര്‍ഷങ്ങളായി പഠനം നടത്തുകയാണ് ഡോ.റോഡ്‌നി.

ലണ്ടന്‍: കുറഞ്ഞ അളവിലാണെങ്കില്‍ പോലും ദിവസവും മദ്യപിക്കുന്നവര്‍ക്ക് അത്ര സന്തോഷം പകരുന്ന വാര്‍ത്തയല്ല പുതിയ പഠനം നല്‍കുന്നത്. ആല്‍ക്കഹോളിന്റെ നിരന്തര ഉപയോഗം മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രതികരണ ശേഷിയെ ബാധിക്കുമെന്ന് പഠനം പറയുന്നു. ഒരു പൈന്റ് ബിയറിന്റെ മൂന്നിലൊന്ന് ഭാഗത്തിനു പോലും ഈ ദോഷഫലത്തിന് കാരണക്കാരനാകാം. 10 ഗ്രാം അല്ലെങ്കില്‍ ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ദിവസവും ഉള്ളില്‍ ചെല്ലുന്നവരുടെ കോഗ്നിറ്റീവ് ഫങ്ഷന്‍ കുറയുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായത്.

പ്രായത്തിന് അനുസരിച്ച് ആല്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു. ആരോഗ്യത്തിന് ദോഷകരമാകാതിരിക്കാന്‍ 16 ഗ്രാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കഴിക്കരുതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നിര്‍ദേശിക്കുന്നത്. ഇത് രണ്ട് യൂണിറ്റോളം വരും. ഒരു പൈന്റ് ബിയര്‍ മാത്രം ഒരു യൂണിറ്റ് വരും. അതുപോലെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗ്ലാസിന്റെ പകുതിയോളം വൈനിലും ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ഉണ്ടാകും. 10 ഗ്രാം, അല്ലെങ്കില്‍ ഒരു യൂണിറ്റില്‍ കൂടുതല്‍ മദ്യപിക്കുന്നത് ശരീരത്തിന് ദോഷകരമാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.

2006നും 2010നുമിടയില്‍ നടത്തിയ പഠനത്തില്‍ 40നും 72നുമിടയില്‍ പ്രായമുള്ള 13,342 ആളുകളെയാണ് നിരീക്ഷിച്ചത്. ചോദ്യാവലികളുടെ സഹായത്തോടെ ഇവരുടെ മദ്യപാന സ്വഭാവത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രണ്ട് കാര്‍ഡുകള്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാട്ടിയാണ് ഇവരുടെ മസ്തിഷ്‌കത്തിന്റെ പ്രതികരണശേഷി അളന്നത്. പഠനത്തിന്റെ വിശദ വിവരങ്ങള്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്തിലെ വന്‍കിട പാലുല്‍പ്പന്ന കമ്പനിയായ ലാക്റ്റലിസിന്റെ പാല്‍പ്പൊടി 83 രാജ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു. പാല്‍പ്പൊടിയില്‍ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാല്‍മൊണെല്ല ബാക്ടീരിയയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിക്കല്‍ നടപടി. കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നായി ഏതാണ്ട് 120 ലക്ഷം പാക്കറ്റ് പാല്‍പ്പൊടിയാണ് ഫ്രഞ്ച് കമ്പനി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാല്‍പ്പൊടിയില്‍ സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം കമ്പനി സിഇഒ ഇമ്മാനുവല്‍ ബെസ്‌നീര്‍ നേരിട്ട് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ വന്‍കിട പാലുല്‍പ്പന്ന കമ്പനിയായ ലാക്റ്റലിസിന്റെ മാര്‍ക്കറ്റിനെ പിന്‍വലിക്കല്‍ നടപടി സാരമായി ബാധിക്കാനാണ് സാധ്യത. വര്‍ഷത്തില്‍ 21 ബില്യണ്‍ വിറ്റുവരവുള്ള കമ്പനിയാണ് ലാക്റ്റലിസ്.

ഫ്രാന്‍സില്‍ ബാക്ടീരിയ ഉള്‍പ്പെട്ട പാല്‍പ്പൊടി ഉപയോഗിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് നിരവധി പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് പാല്‍പ്പൊടിക്ക് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തിയതായി ഫ്രാന്‍സ് കാര്‍ഷിക മന്ത്രി അറിയിച്ചു. പാല്‍പ്പൊടിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 36 പരാതികളാണ് പാല്‍പ്പൊടിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ കമ്പനിയുടെ നിലവിലെ മാര്‍ക്കറ്റുകളില്‍ നിന്ന് ഉല്‍പ്പന്നം 3 ഘട്ടങ്ങളിലായി തിരിച്ചുവിളിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഫ്രാന്‍സിലെ പ്ലാന്റിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വൈറസ് ബാധക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.

RECENT POSTS
Copyright © . All rights reserved