ചുങ്കത്തെ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്കിലും പൂർണമായും അണയ്ക്കാനായിട്ടില്ല. ജോലിക്കാരെത്തുന്ന സമയത്തിന് മുമ്പായതിനാൽ തീ പിടുത്തത്തിൽ ആളപായമൊന്നുമില്ല.
തീപിടുത്തമുണ്ടായ ചന്ദ്രാ ഓയിൽ മില്ലിൽ ധാരാളം വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നു. ഇതാണ് തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണം. ഫാക്ടറിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു.
വെളിച്ചെണ്ണ കവറിലാക്കി വിൽക്കുന്ന മില്ലിൽ വിൽപ്പനയ്ക്കായുള്ള വെളിച്ചെണ്ണയും ഒരുപാടുണ്ടായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തിൽ ബംഗലൂരു പൊലീസ് പറയുന്നു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 7 തീവ്രവാദികൾ രമേശ്വരത്ത് എത്തിയെന്നുമാണ് ഭീഷണി സന്ദശം ലഭിച്ചത്.
ബെംഗലുരു പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ എട്ട് സംസ്ഥാനങ്ങളിൽ ആക്രമണം ഉണ്ടാകുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.
എറണാകുളം ജില്ലയിൽ കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)ആണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് സേവിയർ(67) പൊലീസ് പിടിയിലായി.
ഭാര്യയോടുള്ള സംശയവും അർധരാത്രിയിലും ഫോണിൽ പലരുമായും ഫോൺ സംസാരിക്കുന്നതിലുള്ള അസ്വസ്ഥതയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ഇന്നു പുലര്‍ച്ചെയാണ് മാസങ്ങളായി നീണ്ട കുടുംബവഴക്കു കൊലപാതകത്തില്‍ കലാശിച്ചത്.
ഷേർളി ഫോണില്‍ സംസാരിക്കുന്നതിനെ സേവ്യര്‍ പലവട്ടം വിലക്കിയിരുന്നതാണ്. കഴിഞ്ഞ രാത്രിയിലും ഇതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. തുടര്‍ന്ന് തോര്‍ത്തു കൊണ്ടു ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു സേവ്യർ പൊലീസിനു മൊഴി നൽകി. കൊലപാതകവിവരം സേവ്യര്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.
ഷേര്‍ളി ഫോണില്‍ പലരുമായി സംസാരിക്കുന്നതിലുള്ള സേവ്യറിന്റെ അസ്വസ്ഥത കാരണം ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനെ സേവ്യര്‍ പലവട്ടം വിലക്കിയതുമാണ്. കഴിഞ്ഞ രാത്രിയിലും ഇതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. തുടര്‍ന്ന് തോര്‍ത്ത് കൊണ്ട് ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇതാണ് സേവ്യര്‍ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകവിവരം സേവ്യര്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.
ഷേര്‍ളി തൊഴിലുറപ്പ് തൊഴിലാളിയാണ്. കണ്ണമാലിയില്‍ ചെമ്മീന്‍ കെട്ടിലാണു സേവ്യറിനു ജോലി. ഏതാനും ദിവസങ്ങൾക്കു മുൻപ് പാലക്കാട് ജോലിയുടെ ആവശ്യത്തിനെന്നു പറഞ്ഞു പോയ ഷേർളിയെ കാണാനില്ലെന്നു കാണിച്ചു സേവ്യർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ഇടപെട്ടു ഷേർളിയെ സ്ഥലത്തെത്തിച്ചു.തുടർന്ന് പാലക്കാട് ജോലിക്കു പോകണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് സമ്മതിച്ചിരുന്നില്ല.
ജോലിക്കു വരാനാവശ്യപ്പെട്ടു കോൾ വരുന്നതായാണ് ഇവർ ഭർത്താവിനോട് പറഞ്ഞിരുന്നത്. ഇന്നലെ രാത്രി രണ്ടു മണിക്കും ഫോൺ കോൾ വന്നതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തത്.
ഇയാളുടെ പേരിൽ നേരത്തെ തമിഴ്നാട്ടിൽ കൊലക്കേസ് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മുൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സമീപ വാസികൾ പറയുന്നത്. തുടർന്നാണ് അയൽവാസിയും ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയ്ക്ക് കൂട്ടു കിടക്കാൻ വരികയും ചെയ്തിരുന്ന ഷേർളിയുമായി അടുപ്പത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും. സ്വതവേ ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്നു സേവ്യറെന്നും നാട്ടുകാർ പറയുന്നു.
കെവിൻ കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെ കോടതിക്കുള്ളിൽ സാക്ഷിക്ക് ഭീഷണി. കേസിലെ പ്രതികൾക്കെതിരെ നിർണായക മൊഴി നൽകിയ ലിജോയ്ക്കു നേരെയാണ് ഭീഷണി ഉണ്ടായത്. പ്രതിക്കൂട്ടിൽ നിന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെയാണ് ലിജോയെ ഭീഷണിപ്പെടുത്തിയത്. നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തിൽ പ്രതിക്ക് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി താക്കീത് നൽകി. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു.
കെവിനെ വധിച്ചുവെന്ന് കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് ഷാനുവിന്റെ സുഹൃത്ത് ലിജോ വിചാരണയ്ക്കിടെ കോടതിയിൽ മൊഴി നൽകിയത്. കേസിലെ 26-ാം സാക്ഷിയാണ് ലിജോ. നേരത്തെ ലിജോയുടെ രഹസ്യമൊഴി പോലീസ് കോടതിക്ക് മുൻപാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും 26-ാം സാക്ഷി നൽകിയിരിക്കുന്നത്. ഷാനു തന്നെ വിളിച്ചപ്പോൾ കോടതിയിൽ കീഴടങ്ങാൻ താൻ നിർദ്ദേശിച്ചുവെന്നും ലിജോ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കെവിൻ കൊല്ലപ്പെടുന്നതിന്റെ തലേന്ന് നീനുവിനെ അന്വേഷിച്ച് ഷാനുവും പിതാവ് ചാക്കോയും കോട്ടയത്ത് എത്തിയിരുന്നു. ഈ സമയമത്രയും ലിജോയും ഇവർക്കൊപ്പമുണ്ടായിരുന്നു.
പിന്നീട് മടങ്ങിപ്പോയ ശേഷം ഷാനു പ്രതികൾക്കൊപ്പം കോട്ടയത്തെത്തി കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. കെവിനെ വധിച്ചുവെന്നും സുഹൃത്ത് അനീഷിനെ തട്ടിക്കൊണ്ടുവന്ന് വിട്ടയച്ചുവെന്നും ഷാനു ഫോണിൽ വിളിച്ച് അറിയിച്ചുവെന്നാണ് ലിജോയുടെ മൊഴി. പ്രോസിക്യൂഷന് സഹായമാകുന്ന നിർണായക മൊഴിയാണ് ലിജോ നൽകിയിരിക്കുന്നത്.
വയനാട് ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ വീട്ടമ്മയും യുവാവും മരിച്ചു. നായ്ക്കട്ടി ഇളവന വീട്ടില്‍ നാസറിന്റെ ഭാര്യ അംല നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് ബെന്നി എന്നിവരാണ് മരിച്ചത്. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന്പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . കൊല്ലപ്പെട്ട ബെന്നിയുടെ ഫർണീച്ചർ വർക്ക്ഷോപ്പിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഡിറ്റണേറ്ററും പൊലീസ് കണ്ടെത്തി
ഇന്ന് ഉച്ചയോടെയാണ് നായ്ക്കട്ടി ഇളവന നാസറിന്റെ വീട്ടില്‍ ഉഗ്രസ്ഫോടനം നടന്നത്. വീട്ടമ്മായായ അംല (36), നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഒാടിയെത്തുമ്പോഴേക്കും ശരീരങ്ങള്‍ ചിന്നിച്ചിതറിയിരുന്നു.
അംലയും ബെന്നിയും നേരത്തെ സൗഹൃദത്തിലായിരുന്നു. ഇന്ന് രാവിലെ ബെന്നി അംലയുടെ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ വീണ്ടും എത്തിയിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി.
പ്രാഥമിക പരിശോധനയില്‍ നാടന്‍ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ മൃതദേഹങ്ങളില്‍ നിന്നും കണ്ടെത്തി. ഇതില്‍ ആറു വയസുള്ള കുട്ടി സംഭവം നടക്കുമ്പോള്‍ വീടിന് സമീപം ഉണ്ടായിരുന്നു
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(30), വിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ട്രാവലറില്‍ 14 ഓളം പേരുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
കൊല്ലപ്പെട്ട വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ നെടുകെ പിളര്‍ന്നിരുന്നു. ട്രാവലറിലുള്ളവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ടെമ്പോയ്ക്ക് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ടെമ്പോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ യാത്രക്കാരെ ബോഡി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വീനീഷ് ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്താനായില്ല. ടെമ്പോയിലുണ്ടായിരുന്നവരുടെ വ്യക്തി വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല.
ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളിൽ പല സമയങ്ങളിലായി തീ പടർന്നു പിടിച്ചത് നാട്ടിൽ പരിഭ്രാന്തി പരത്തി. റാക്കാട് നന്തോട്ട് കൈമറ്റത്തിൽ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളിൽ തീപടരുന്നത്. വീടിന്റെ ഒരു ഭാഗത്ത് തീയണക്കുമ്പോൾ മറ്റൊരു ഭാഗത്ത് തീപിടിക്കും. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം പൊലീസിനും അഗ്നിശമന സേനയ്ക്കും തിരിച്ചറിയാനായിട്ടില്ല. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാർ വീട്ടിൽ തടിച്ചു കൂടി. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടിൽ ആദ്യം തീപടരുന്നതു ശ്രദ്ധയിൽപെട്ടത്. അലമാരയുടെ മുകളിലാണ് തീ ആദ്യം കണ്ടത്.
ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. തീയണച്ച ശേഷം വീട്ടുകാർ കിടന്നുറങ്ങി. എന്നാൽ ഇന്നു രാവിലെ എട്ടു മണിയോടെ വീണ്ടും മറ്റൊരു മുറിയിൽ തീപടർന്നു. കട്ടിലിൽ കിടന്ന വസ്ത്രങ്ങളിലാണ് തീപിടിച്ചത്. കട്ടിലും കത്തിനശിച്ചു. തീയണച്ചു മണിക്കൂറുകൾക്കകം മറ്റൊരു മുറിയിൽ അലക്കാനായി എടുത്തു വച്ചിരുന്ന വസ്ത്രങ്ങളിലും പാത്രങ്ങളിലും തീപടർന്നു. ഇതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും വീട്ടിലെത്തുന്നതിന്റെ തൊട്ടു മുൻപും തീ പടർന്നു.
വീട്ടുകാരെ വീട്ടിൽ നിന്നൊഴിവാക്കി പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് അഗ്നിശമന സേനയും ഉറപ്പാക്കി. പിന്നീട് പൊലീസും അഗ്നിശമന സേനാംഗങ്ങളും വീട്ടിൽ ക്യാംപ് ചെയ്തു. പുറത്ത് എല്ലാവരും കാത്തു നിൽക്കുന്നതിനിടെ വീട്ടിലെ മുറിയിൽ തുണി നിറച്ച ബക്കറ്റിൽ വീണ്ടും തീ പടർന്നു. 9 തവണ വീട്ടിൽ പലയിടങ്ങളിലായി തീപടർന്നു. ചെറിയ തോതിലാണ് തീ പടരുന്നത്. അതിനാൽ വലിയ നാശനഷ്ടം വീട്ടിൽ ഉണ്ടായിട്ടില്ല
ജോലിയുമായി ബന്ധപ്പെട്ട് കാസർകോട് താമസിച്ചിരുന്ന മകൻ മിതേഷും കുടുംബവും അമ്മിണിയെ കാണാൻ ബുധനാഴ്ച വീട്ടിലെത്തിയിരുന്നു. ഇവർ കൂടി വീട്ടിൽ ഉള്ളപ്പോഴാണ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തീപിടിച്ചത്. പൊലീസ് മിതേഷിനോടും അമ്മിണിയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും അഗ്നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകൾ തുടരുകയാണ്. ചില സംശയങ്ങളുണ്ടെന്നും കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണു തീരുമാനമെന്നും പൊലീസ് പറഞ്ഞു.
ചങ്ങനാശേരി: ശ്രീലങ്കയിൽ കത്തോലിക്കര്ക്കെതിരേയുണ്ടായ ആക്രമണം ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് നേരേയുള്ള വെല്ലുവിളിയാണെന്നും സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകള്‍ക്കെതിരേ വിശ്വാസസാക്ഷ്യം നല്‍കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികാര വിദ്വേഷ മനോഭാവങ്ങള്‍ പ്രകടിപ്പിക്കാതെ സഭയെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് വൈദിക സമ്മേളനം അഭിപ്രായപ്പെട്ടു. മേയ് അഞ്ച് ശ്രീലങ്കയിലെ സഭയ്ക്കു വേണ്ടിയുളള പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നും എല്ലാ ഇടവകകളിലെയും സ്തോത്രക്കാഴ്ച ശ്രീലങ്കൻ സഭയ്ക്ക് നല്‍കുന്നതിനും തീരുമാനിച്ചു. മുന്നൂറിലധികം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോസ് നിലവന്തറ, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാളന്മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ഫിലിപ്സ് വടക്കേക്കളം, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് തിരുവനന്തപുരത്തെ തീരമേഖലകളിൽനിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വലിയതുറ ബഡ്സ് യുപി സ്കൂൾ, വലിയതുറ ഗവണ്മെന്റ് യുപി സ്കൂൾ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിരിക്കുന്നത്. ക്യാന്പിൽ താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. വലിയതുറ മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടെ ഒന്‍പതു വീടുകൾ പൂർണമായി തകർന്നു.
തെക്കു കിഴക്കൻ ശ്രീലങ്കയോടു ചേർന്നുള്ള സമുദ്ര ഭാഗത്ത് ശനിയാഴ്ചയോടെ ന്യൂനർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവരോടു മടങ്ങിവരാൻ നിർദേശവും കൈമാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ന്യൂനമർദ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർക്കു വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കല്ലട ബസ്സില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ ബസ്സുടമ കല്ലട സുരേഷിനെ പോലീസ് 5 മണിക്കൂര്‍ ചോദ്യം ചെയ്തു.തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.തന്റെ അറിവോടെയല്ല ജീവനക്കാരുടെ അക്രമമെന്ന് സുരേഷ് പോലീസിന് മൊഴി നല്‍കി.അതേ സമയം സുരേഷിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്ന് എ സി പി പറഞ്ഞു.
ആവശ്യമെങ്കില്‍ ബസ്സുടമയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബസ്സുടമയ്ക്ക് പങ്കുണ്ടോയെന്നതാണ് പരിശോധിച്ചത്. ഫോണ്‍ അടക്കമുളള രേഖകള്‍ വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ ബസ്സുടമയ്‌ക്കെതിരെ നിലവില്‍ തെളിവുകളില്ല. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.
അതിനിടെ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും ഒന്നും തന്റെ അറിവോടെയല്ല നടന്നതെന്നും ചോദ്യം ചെയ്യലിന് ഹാജരായ ശേഷം സുരേഷ് കല്ലട മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാരെ വച്ചുകൊണ്ട് ബസ് സര്‍വ്വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് കല്ലട പ്രതികരിച്ചു