Kerala

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു കെ ടി അദീബ് രാജിക്കത്ത് നല്‍കി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡിക്ക് ഇ-മെയില്‍ മുഖേനയാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്‍റെ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.

വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീബിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.

മുസ്ലിം ലീഗും യൂത്ത് ലീഗും വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ചതോടെ പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്നായിരുന്നു ജലീലിന്‍റെ വിശദീകരണം. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് മന്ത്രി കെ ടി ജലീലിനെ സംവാദത്തിന്  വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്‍റെ ബന്ധു അദീബിന്‍റെ യോഗ്യതയിൽ സംശയമുള്ളവർക്ക് ന്യൂനപക്ഷ വികസന കോർപ്പറേഷൻ എംഡിയോട് ചോദിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ  തന്‍റെ ബന്ധുവായ കെ.ടി അദീബ് ഉള്‍പ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പത്രപരസ്യം നല്‍കാത്തത്, കോര്‍പറേഷന്‍റെ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു.

സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ  തസ്തികകള്‍ വെട്ടിക്കുറയ്ക്കാറാണ് പതിവെങ്കില്‍, അദീബ് ഉള്‍പ്പടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനം കോര്‍പ്പറേഷനില്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയര്‍മാനും  പ്രതികരിച്ചത്. ഇങ്ങനെ വിവാദങ്ങള്‍ തുടരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനിടെയാണ് അദീബ് രാജിക്കത്ത് നല്‍കിയത്.

നിയമന കാര്യത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മന്ത്രി ജി. സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ ഡയരക്ടര്‍ തസ്തികയില്‍ നിന്ന് നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു. ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറാണ് ജൂബിലി. ജി. സുധാകരന്റെ സല്‍പ്പേരിനു കളങ്കമേല്‍പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായും അവര്‍ ആരോപിച്ചു.

പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തന്നെയും ജി. സുധാകരനെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നു. തന്നെ കരുവാക്കിക്കൊണ്ടു മന്ത്രിയെ അക്രമിക്കാന്‍ അനുവദിക്കില്ല. സത്യസന്ധരായവരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

കേരള സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ മേധാവിയായി ജൂബിലി നവപ്രഭയെ നിയമിക്കുന്നതിനു വഴിയൊരുങ്ങിയതു സര്‍വകലാശാലാ ബജറ്റ് മുതല്‍. ഈ നീക്കത്തിനു തുടക്കമിട്ടതു സിപിഎം പ്രതിനിധികളായ സിന്‍ഡിക്കറ്റ് അംഗങ്ങളും. മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, ടെക്‌നോളജി എന്നീ സ്വാശ്രയ വിഭാഗങ്ങള്‍ക്ക് ഓരോന്നിനും നിലവില്‍ ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്നു. സര്‍വകലാശാലയില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന പ്രഫസര്‍മാരെയാണ് ഈ തസ്തികയില്‍ നിയമിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ സര്‍വകലാശാലാ ബജറ്റില്‍ മൂന്നു വിഭാഗവും ഒരു കുടക്കീഴിലാക്കി ഏക ഡയറക്ടറാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ സിപിഎം നേതാവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ കെ.എച്ച്.ബാബുജാനാണു ബജറ്റ് അവതരിപ്പിച്ചത്. ഒരു മാറ്റം കൊണ്ടുവരുന്നുവെന്നല്ലാതെ, ആര്‍ക്കെങ്കിലുമുള്ള വഴിയൊരുക്കമാണെന്ന് അന്ന് ആരും കരുതിയില്ല.

തുടര്‍ന്നു സ്വാശ്രയ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള കമ്മിറ്റി ചേര്‍ന്നു ബജറ്റ് തീരുമാനം നടപ്പാക്കണമെന്നു സിന്‍ഡിക്കേറ്റിനു ശുപാര്‍ശ നല്‍കി. തുടര്‍ന്നാണു നിയമന നടപടി ആരംഭിച്ചത്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, വകുപ്പു മേധാവി തസ്തികകളില്‍നിന്നു വിരമിച്ചവരായിരിക്കണം ഡയറക്ടറായി അപേക്ഷിക്കേണ്ടതെന്നു നിശ്ചയിച്ചു. സര്‍വകലാശാലാ ചട്ടങ്ങളനുസരിച്ചു വൈസ് പ്രിന്‍സിപ്പല്‍, വകുപ്പു മേധാവി എന്നീ പദവികളില്ല. കോളജുകള്‍ അവിടത്തെ ഭരണസൗകര്യാര്‍ഥം സ്വന്തം നിലയ്ക്കു നല്‍കുന്ന സ്ഥാനമാണിത്. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ ഉള്‍പ്പെടെ എട്ടുപേരാണു ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ആലപ്പുഴ എസ്ഡി കോളജില്‍ വൈസ് പ്രിന്‍സിപ്പലും കൊമേഴ്‌സ് അധ്യാപികയുമായിരുന്നു ഇവര്‍.

മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, ടെക്‌നോളജി വിഭാഗങ്ങളെ നയിക്കാന്‍ കൊമേഴ്‌സ് അധ്യാപികയെ നിയമിക്കുന്നതിലെ യുക്തിയെക്കുറിച്ചു സര്‍വകലാശാലയിലെ ചില ഉന്നതോദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. നിലവിലുള്ള മൂന്നു ഡയറക്ടര്‍മാര്‍ക്കും മതിയായ യോഗ്യതയുണ്ടെന്നും അവര്‍ അനൗദ്യോഗികമായി പറഞ്ഞു. ഡയറക്ടര്‍ക്കു സര്‍വകലാശാല നിശ്ചയിച്ച യോഗ്യതകളുണ്ട് എന്നതു മാത്രം പരിഗണിച്ചാല്‍ മതിയെന്നു സിപിഎം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അഭിമുഖം നടത്തി ജൂബിലി നവപ്രഭയെ നിയമിക്കുകയായിരുന്നു.

തൊടുപുഴ: അവന്റെ മാത്രമായിരുന്ന സ്വപ്നം ഒരു നാടാകെ ഒന്നിച്ചു ചേര്‍ന്ന് നടത്തിയതു അവന്‍ കാണുന്നുണ്ടാകും. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം നാടും സുഹൃത്തുക്കളും പാര്‍ട്ടിയും ഒന്നിച്ചു നിന്നു നടത്തി. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 10.30നായിരുന്നു വിവാഹം. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്‍.

വൈദ്യുതി മന്ത്രി എംഎം മണിയുള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തിനെത്തി. സിപിഎമ്മാണ് വിവാഹ ചിലവുകള്‍ വഹിച്ചത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുന്‍പ് നിശ്ചയിച്ചതാണ് വിവാഹം. അഭിമന്യു വിടപറഞ്ഞതോടെ സഹോദരന്‍ പരിജിത്ത് വിവാഹകാര്യങ്ങളെല്ലാം നോക്കി. വട്ടവട-കൊട്ടക്കമ്പൂരിലെ ഒറ്റമുറി വീട്ടിലാണ് അഭിമന്യുവിന്റെ കുടുംബം. ഉടന്‍ തന്നെ പാര്‍ട്ടി നിര്‍മ്മിച്ചു നല്‍കുന്ന പുതിയ വീട്ടിലേയ്ക്ക് താമസം മാറും. പഠിച്ചു ജോലി വാങ്ങുക, സഹോദരിയുടെ കല്ല്യാണം എന്നിവയൊക്കെ അഭിമന്യുവിന്റെ വലിയ ആഗ്രഹങ്ങളായിരുന്നു. ഇതാണ് കത്തി മുനയില്‍ നരാധമന്മാര്‍ തീര്‍ത്തത്.

പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 യോടെയാണ് സംഭവം നടന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയും അതില്‍ മൂന്ന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കുത്തേറ്റ അഭിമനന്യു കൊല്ലപ്പെട്ടു. അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്ക് വയറില്‍ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാര്‍ത്ഥിക്കും പരുക്കേറ്റിരുന്നു.

 

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കുന്നത് 15,000 പോലീസുകാര്‍. അടിയന്തര സാഹചര്യങ്ങളെ നേരിടാനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഇത്രയും വലിയ സന്നാഹമൊരുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്. പലഘട്ടങ്ങളിലായിട്ടായിരിക്കും 15000 പോലീസുകാരെ നിയമിക്കുക. 55 എസ്.പി.മാര്‍/എ.എസ്.പി.മാര്‍, 113 ഡിവൈ.എസ്.പി.മാര്‍, 1450 എസ്.ഐ./എ.എസ്.ഐ എന്നിവരും 60 വനിത എസ്.ഐമാരും പോലീസ് സംഘത്തിലുണ്ടാകും.

തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായ അക്രമസംഭവങ്ങളെ കണക്കിലെടുത്ത് സായുധ സേനാവിഭാഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ തക്കതായി സുരക്ഷാ സംവിധാനങ്ങളായിരിക്കും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കുക. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സുരക്ഷയൊരുക്കാന്‍ പ്രേരണയായിട്ടുണ്ട്.

ജലപീരങ്കി ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാന്‍ മുഖംതിരിച്ചറിയല്‍ സോഫ്റ്റ്വേറുകളും ഉപയോഗിക്കും. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളും സന്നിധാനത്തുണ്ടാകും. ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള രഹസ്യ സേന വിഭാഗങ്ങളും ഭക്തര്‍ക്കിടയിലുണ്ടാകുമെന്നാണ് സൂചന. വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തില്‍ ആകാശനിരീക്ഷണം ഉണ്ടാകും.

സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കൊല്ലത്തു കീഴടങ്ങുമെന്നു വ്യക്തമായ സൂചന. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് . നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ആണത്രേ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നത് .എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.

സനൽ മരിച്ചെന്നറിഞ്ഞാണ് ഹരികുമാർ ഒളിവിൽ പോയത് . രക്ഷപ്പെട്ടത് സ്വകാര്യ വെള്ള സ്വിഫ്ട് കാറിൽ ആണെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. പൊലീസ് നീക്കങ്ങള്‍ ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്ഥലത്തെ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. സനലിന്‍റെ മരണം മെഡിക്കൽ കോളേജ് പൊലീസിൽ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാർ അറിഞ്ഞത്.

റൂറൽ എസ് പി അശോക് കുമാറിനെ ഫോൺ വിളിച്ച് മാറിനിൽക്കുകയാണെന്ന് ഹരികുമാര്‍ അറിയിച്ചിരുന്നു. മരണവിവരം അറിഞ്ഞ ഉടനെ ഹരികുമാറിന്റെ ഔദ്യോഗിക ഫോൺ സ്വിച്ഡ് ഓഫ് ആക്കിയിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടത് സ്വകാര്യ ഫോണിൽ നിന്നുമായിരുന്നു. ഹരികുമാറിന്റെ രണ്ടു ഫോണുകളുടെയും കാൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്ന് പല ഉന്നതരുമായും ഹരികുമാർ കൊലയ്ക്കു ശേഷം ബന്ധപ്പെട്ടിരുന്നു എന്ന തെളിവ് ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സ്വാധീനവും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്‍റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്‍റണിയുടെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം.

തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപ്പിടിത്തം അട്ടിമറിയെത്തുടര്‍ന്നെന്ന് സൂചന. സംശയത്തെത്തുടര്‍ന്ന് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്. ഇരുവരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതായിരിക്കാം പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ഭാഗത്തുനിന്ന് തൊഴിലാളി വിരുദ്ധ നടപടികളുണ്ടായെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.

പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ചാണ് ഇവര്‍ തീ കൊളുത്തിയിതെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്ര വലിയ തീപ്പിടിത്തമാകുമെന്ന് കരുതിയിരുന്നില്ല. ഫാക്ടറിയുടെ മുകള്‍നിലയിലെ സ്റ്റോര്‍ മുറിയില്‍നിന്നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു കരുതിയിരുന്നത്. തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നവംബര്‍ പത്ത് ശനിയാഴ്ച ലഭിക്കും. ഇതിനു ശേഷമേ പിടിയിലായവരെ അറസ്റ്റ് ചെയ്യൂ.

മിനിലോറിയുമായി കൂട്ടിയിടിച്ച്‌ ബൈക്കിന്‌ തീപിടിച്ച്‌ കോയമ്പത്തൂരിൽ ല്‍ നിന്ന്‌ നാട്ടിലേക്ക്‌ വന്ന എന്‍ജിനിയറിങ്‌ കോളജ്‌ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. കല്ലുമല ഉമ്ബര്‍നാട്‌ നടാപ്പള്ളില്‍ ശിവകുമാര്‍-സുധാകുമാരി ദമ്ബതികളുടെ മകന്‍ ശങ്കര്‍കുമാര്‍(ശംഭു-21), ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ നിവാസില്‍ ഉണ്ണിക്കൃഷ്‌ണന്‍-ഗീതാകുമാരി ദമ്ബതികളുടെ മകന്‍ കിരണ്‍കൃഷ്‌ണ(21) എന്നിവരാണ്‌ മരിച്ചത്‌.

ഇന്നലെ രാവിലെ 6.30 ന്‌ ദേശീയപാതയില്‍ ഹരിപ്പാടിന്‌ സമീപം നങ്ങ്യാര്‍കുളങ്ങരയിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ്‌ തീയണച്ചത്‌.

മൂന്ന് ദിവസം മുമ്പ് പുതിയ ബുള്ളറ്റിൽ ആദ്യ ദൂരയാത്രയ്ക്ക് അച്ഛന്റെയും, അമ്മയുടെയും അനുഗ്രഹം വാങ്ങി സന്തോഷത്തോടെ കിരൺ ഇറങ്ങിയപ്പോൾ അവർ ഒരിക്കലും അറിഞ്ഞിരുന്നില്ല അത് തിരികെവരാത്ത യാത്രയാകുമെന്ന്. ഖത്തറിൽ ജോലി ചെയ്യുന്ന അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പ് കഴിഞ്ഞ മാസം അവധിക്ക് നാട്ടിലെത്തിയപ്പോൾ വാങ്ങിക്കൊടുത്തതായിരുന്നു അപകടത്തിൽ കത്തിയമർന്ന ബുള്ളറ്റ് . ഏറെ കൊതിച്ച ബൈക്ക് കോയമ്പത്തൂരിലെ സഹപാഠികളെ കാണിക്കാൻ കഴിഞ്ഞ അഞ്ചാം തീയതിയാണ് പോയത്.

Image result for haripad bike accident students death

5ന് സുഹൃത്ത് ശങ്കർകുമാറിനൊപ്പം കൊച്ചിയിൽ ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി ഫുട്ബോൾ മത്സരം കണ്ട ശേഷം കൊടൈക്കനാലിലേക്കു പോയി. പിന്നീടു കോയമ്പത്തൂർ കർപ്പകം എൻജിനീയറിങ് കോളജിലെത്തി. അവിടെ നിന്നു തിരികെ വരും വഴിയായിരുന്നു അമിത വേഗം ദുരന്തമായി തീർന്നത്.

കിരൺ കൃഷ്ണന്റെയും ശങ്കർകുമാറിന്റെയും സുഹൃത്ത് അടൂർ സ്വദേശി ജോജി അപകടം കണ്ടു തളർന്നു വീണു. തീ അണയ്ക്കാൻ ജോജി നാട്ടുകാർക്കൊപ്പം ഏറെ ശ്രമിച്ചിരുന്നു. ശങ്കർകുമാർ തീയിൽപ്പെട്ടു പിടയുന്നതു കണ്ടു ജോജി റോഡിൽ തളർന്നുവീഴുകയായിരുന്നു. പൊലീസ് എത്തി ജോജിയെ സ്റ്റേഷനിലേക്കു മാറ്റി. മണിക്കൂറുകളോളം അപകടദൃശ്യത്തിന്റെ ആഘാതത്തിലായിരുന്നു ജോജി. പിന്നീടു ജോജിയിൽ നിന്നാണ് അപകടത്തിൽ പെട്ടവരെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്.

ദീപാവലി അവധിക്ക് നാട്ടിലുണ്ടായിരുന്ന ശങ്കറും കിരണും ജോജിയും കഴിഞ്ഞ ദിവസം കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം കണ്ടശേഷമാണു കൊടൈക്കനാലിൽ എത്തിയത്. പിന്നെ മൂന്നുപേരും രണ്ടു ബൈക്കിലായി നാട്ടിലേക്കു തിരിച്ചു. രണ്ടു ദിവസം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ മരണം ജോജിയെ ആകെ തളർത്തി. നാട്ടിൽനിന്നെത്തിയവർക്കൊപ്പമാണ് ജോജി വീട്ടിലേക്കു പോയത്.

ലോറിയുടെ ഡീസൽ ടാങ്കിൽ ബൈക്ക് ഇടിച്ചതാണു തീ പടരാൻ കാരണമെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. 500 സിസി ബൈക്കിന്റെ ക്രാഷ് ഗാർഡ് ഡീസൽ ടാങ്കിൽ ഇടിച്ചപ്പോൾ ടാങ്ക് പൊട്ടിയെന്നും ഡീസലിനു തീപിടിച്ചു ബൈക്കിലേക്കു പടർന്നെന്നുമാണു കരുതുന്നത്. വളരെ ദൂരം ഓടിയതിനാൽ ബൈക്കിന്റെ എൻജിൻ ചൂടായ നിലയിലായിരുന്നു. രാത്രി മുഴുവൻ ബൈക്ക് ഓടിച്ചതിന്റെ ക്ഷീണവും അപകടത്തിനുകാരണമായേക്കാമെന്നാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

അപകട സമയം ഇതുവഴി വന്ന നാഷണല്‍ പെര്‍മിറ്റ്‌ ലോറി പെട്ടെന്ന്‌ നിര്‍ത്തിയതിനാല്‍ മറ്റൊരു അപകടം ഒഴിവായി. കിരണ്‍കൃഷ്‌ണയുടെ സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌. സഹോദരന്‍: സരുണ്‍. ശങ്കറിന്റെ മൃതദേഹം ഇടപ്പോണ്‍ ജോസ്‌കോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ദുബായില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളും ബഹ്‌റിനിലുള്ള സഹോദരന്‍ ഗണേശും എത്തിയതിന്‌ ശേഷം സംസ്‌കാരം നടത്തും. കഴിഞ്ഞ 21 ന്‌ ഗണേശിന്റെ വിവാഹ നിശ്‌ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ്‌ കോളജിലേക്ക്‌ മടങ്ങിയത്‌. ചടങ്ങിന്‌ ശേഷം മാതാപിതാക്കളും ദുബായിലേക്ക്‌ മടങ്ങി.

ഹൈദരാബാദ്: മനുഷ്യാവകാശ സംബന്ധമായ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും വരുന്ന തലമുറയ്ക്ക് അവ ഗുണകരമാകുമെന്നും ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. ചന്ദ്രകുമാര്‍ പ്രസ്താവിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശിയ നേതൃസമ്മേളനം ഹൈദരാബാദ് പ്ലാസ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെലുങ്കാന സംസ്ഥാനത്തിന്റെ ആതിഥേയത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ദേശിയ ചെയര്‍മാന്‍ പ്രസന്നകുമാര്‍ ടണ്ണൂരി അധ്യക്ഷത വഹിച്ചു. ഗിന്നസ് ആന്റ് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള (കേരളം) മുഖ്യ സന്ദേശം നല്കി. നാഷണല്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ജി. രജനി കുമാരി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം രാമചന്ദ്ര റാവ്, ഉസ്മാനിയ യൂണിവേഴ്‌സിറ്റി നിയമ വിഭാഗം പ്രൊഫസര്‍ വിഷ്ണു പ്രിയ ,വേള്‍ഡ് എന്‍വയര്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വീര ഭദ്രം എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചക്ക് ശേഷം നടന്ന സെമിനാര്‍ ഗ്ലോബല്‍ പീസ് വിഷന്‍ ചെയര്‍പേഴ്‌സണ്‍ വനജ അനന്ത (അമേരിക്ക) ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്തവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു. തെലുങ്കാന സംസ്ഥാന പ്രസിഡന്റ് കെ.അനന്ത നാഗ് സ്വാഗതവും സംസ്ഥാന വനിതാ സെല്‍ ചെയര്‍പേഴ്‌സന്‍ മാലത്തി ലത ക്യതജ്ഞതയും അറിയിച്ചു. അടുത്ത ദേശീയ സമ്മേളനം കേരളത്തില്‍ ആലപ്പുഴയില്‍ നടത്തുവാനും തീരുമാനിച്ചു. കേരള സംസ്ഥാന ചെയര്‍മാന്‍ ആയി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയെയും സെക്രട്ടറി ജനറല്‍ ആയി അഡ്വ.അമ്പലപ്പുഴ കെ. ശ്രീകുമാറിനെയും തെരെഞ്ഞെടുത്തു.

കഴിഞ്ഞ 23 വര്‍ഷമായി നടത്തി വരുന്ന ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അര്‍ഹനായിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്ക്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം,വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ്,സെക്കന്ദ്രബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിന്റ ഇന്ത്യന്‍ എക്സലന്‍സി അവാര്‍ഡ് ,നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ പ്രത്യേക പുരസ്‌ക്കാരം എന്നിവ നേടിയിട്ടുണ്ട്.

സെക്രട്ടറി ജനറല്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. അമ്പലപ്പുഴ കെ. ശ്രീകുമാര്‍ സംസ്ഥാന വിവരകാശ സമിതി മുന്‍ കോര്‍ഡിനേറ്ററും സംസ്ഥാന സര്‍ക്കാരിന്റെ ഐ.എം.ജി സ്‌പെഷ്യല്‍ ഓഫീസറും ആയിരുന്നു. ഗ്ലോര്‍ക്ക ചെയര്‍മാന്‍ ആയ ഇദ്ദേഹം വിവിധ സന്നദ്ധ സംഘടനകളിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കുട്ടനാടന്‍ ജനത നാളെ നെഹ്റുട്രോഫി വള്ളംകളിക്കായി പുന്നമടയിലെത്തും. മഹാപ്രളയത്തില്‍ നാടൊന്നാകെ മുങ്ങിയതിനാല്‍ മൂന്നുമാസം വൈകിയാണ് ജലമാമാങ്കം നടക്കുന്നത്. ഗവര്‍ണര്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുനും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുമാണ് മുഖ്യാതിഥികള്‍

തുഴയെറിയാന്‍ വൈകിയെങ്കിലും ചരിത്രത്തിലേക്ക് തുഴഞ്ഞാണ് ഇത്തവണത്തെ നെഹ്റുട്രോഫി വള്ളംകളി നാളെ നടക്കാനിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മല്‍സരിക്കുന്ന വര്‍ഷമാണിത്. 81 വള്ളങ്ങള്‍ പുന്നമടയില്‍ ചീറിപായും. പരിശീലന തുഴച്ചിലുകള്‍ മിക്ക ബോട്ട് ക്ലബുകളും പൂര്‍ത്തിയാക്കി. ഇത്തവണ ആദ്യമായി കേരളപൊലീസ് പ്രത്യേക ടീമായി ഇറങ്ങുന്നുണ്ട്

സര്‍വസങ്കടങ്ങളും മറന്ന് കുട്ടനാട്ടുകാര്‍ പുന്നമടക്കായലിന്റെ തീരങ്ങളിലുണ്ട്. 25 ചുണ്ടനുകളും 56 ചെറുവള്ളങ്ങളുമാണ് ഇത്തവണ പങ്കെടുക്കുന്നത്. അഞ്ച് ചുണ്ടനുകളുടേത് പ്രദര്‍ശന മല്‍സരം മാത്രമാണ്. മല്‍സരം മാറ്റിവച്ചതിനാല്‍ ടിക്കറ്റ് വില്‍പനയില്‍ ഗണ്യമായ കുറവ് ഇക്കുറിയുണ്ട്

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് തയ്യാറാക്കിയ പോര്‍ട്ടലിലാണ് 10നും 50നുമിടയില്‍ പ്രായമുള്ള ഇത്രയും യുവതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങില്‍ നിന്നുള്ളവരും ഉള്‍പ്പെടും. കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്നാണ് പോലീസ് കരുതുന്നത്. മൂന്നരലക്ഷം ആളുകള്‍ ഇതുവരെ പോര്‍ട്ടലില്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കെ.എസ്. ആര്‍.ടിസുമായി ഈ പോര്‍ട്ടല്‍ ബന്ധപ്പെടുത്തിയിട്ടുമുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ നടക്കുന്ന സമരങ്ങളൊന്നും സ്ത്രീകളെ പിന്നിലേക്ക് വലിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.
കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്‍.ടിസി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയവും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved