കേരളത്തിൽ മഴയുടെ ശക്തി രൗദ്രഭാവം പൂണ്ട് 24 അണക്കെട്ടുകളും തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തെ കാത്തുനിർത്തി. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 135 അടിയാണ്. സാധാരണ ഗതിയിൽ ഏറ്റവുമാദ്യം നിറഞ്ഞുതുളുന്പാറുള്ള മുല്ലപ്പെരിയാർ ഡാമിൽ ജലവിതാനം താഴ്ന്നുനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ജലനിരപ്പ് 136 അടിയിലെത്തിയ മുല്ലപ്പെരിയാർ അണക്കെട്ടിൽ കഴിഞ്ഞ മൂന്നുദിവസമായി മുകളി ലേക്കു പോയിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396 അടിയിലെത്തിയപ്പോഴും അണക്കെട്ട് തുറക്കാൻ വൈദ്യുതി ബോർഡും ഡാം സുരക്ഷാ അഥോററ്റിയും ആലോചിച്ചതിനുപിന്നിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയർച്ചയായിരുന്നു.
തേക്കടി മേഖലയിലെ മഴ കുറയുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി താഴുകയും ചെയ്തതോടെയാണ് ഇടുക്കി തുറക്കുന്നതിനു സാവകാശം നൽകാൻ അധികൃതർ തീരുമാനിച്ചത്. മൂന്നുദിവസമായി ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ ഏറെ ശക്തമായി. ഇടുക്കി അണക്കെട്ടിലേക്കു റിക്കാർഡ് അളവിൽ വെള്ളം ഒഴുകിയെത്തിയപ്പോൾ മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുനിൽക്കുകയാണ്. ഇവിടെ വൃഷ്ടി പ്രദേശത്തു മഴയും കുറവാണ്. തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്കിൽ ഒട്ടും വർധന ഉണ്ടാക്കിയിട്ടില്ല.
ഇടുക്കി: ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് താഴുന്നു. ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം ഡാമിലേക്കുള്ള നീരൊഴുക്ക് കാര്യമായി കുറഞ്ഞതും ജലനിരപ്പ് താഴാന്‍ കാരണമായി. രാവിലെ 10 മണിക്ക് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2400.92 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
നിലവില്‍ പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കില്ല. കൂടിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടി, ആലുവ തുടങ്ങിയ പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. പെരിയാറില്‍ പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ഉയര്‍ന്നത്. ഇടുക്കിയില്‍ നിന്നുള്ള വെള്ളം എത്തിയത് വേലിയിറക്ക സമയമായതിനാലാണ് ജലനിരപ്പ് കാര്യമായി ഉയരാതിരുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചില്ല. പെരിയാറില്‍ കലങ്ങിയ വെള്ളമായതിനാല്‍ കൊച്ചിയിലേക്കുള്ള കുടിവെള്ള പമ്പിംഗ് കുറച്ചിട്ടുണ്ട്. ആലുവാ മണപ്പുറവും ക്ഷേത്രവും മുങ്ങിയതിനാല്‍ ഇന്ന് കര്‍ക്കടക വാവുബലി സമീപത്തുള്ള മറ്റു ക്ഷേത്രങ്ങളിലാണ് നടത്തുന്നത്.
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കർക്കിടകവാവ് ബലിതർപ്പണത്തിന് മണപ്പുറം റോഡിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് താൽക്കിലക ബലിത്തറകൾ ഒരുക്കും. മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലുമായി ഇതിനുവേണ്ടി അന്‍പതോളം ബലിത്തറകളാണ് ഒരുക്കുന്നത്. കർമ്മം നടത്തുന്നതിന് ദേവസ്വം ബോർഡ് നേരത്തെ ലേലം ചെയ്ത് അനുമതി നൽകിയ കർമ്മിമാരുടെ ലിസ്റ്റ് പോലീസിനു കൈമാറിയിട്ടുണ്ട്. മുകളിലെ ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയോടെ മേൽശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യൻ നന്പൂതിരിയുടെ കാർമികത്വത്തിൽ വാവുബലിയുടെ ചടങ്ങുകൾ ആരംഭിക്കും. ഐത്യഹ്യപെരുമയേറിയ ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനായി ധാരാളം വിശ്വാസികളാണ് എത്താറുള്ളത്. ഇക്കൊല്ലം ജലനിരപ്പ് ഉയർന്നതിനാൽ മൂന്നു തവണയാണ് ക്ഷേത്രത്തിൽ ആറാട്ട് നടന്നത്. പെരിയാറിന്റെ മറുകരയിലുള്ള ശ്രീനാരായണ ഗുരുസ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടക്കും.
ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാൽ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയർത്തി. ഇതോടെ ഇടുക്കി ഡാമിൽ നിന്നും പരമാവധി വെള്ളം ഒഴുക്കി കളയുന്ന നിലയിലേക്ക് നടപടികൾ മാറി. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതിൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയർത്തി വയ്ക്കുമെന്ന് കെഎസ്ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കനത്ത മഴയോടൊപ്പം ചെറുതോണിയിൽ അഞ്ചാമത്തെ ഷട്ടറും ഉയർത്തിയതിനെ തുടർന്ന് ചെങ്കൽത്തോട്ടിൽ ജലനിരപ്പ് ഉയരുന്നതിനാൽ നെടുന്പാശേരി വിമാനത്താവളത്തിൽ ആശങ്ക ഒഴിയുന്നില്ല. പെരിയാറിൽ വെള്ളമുയർന്നപ്പോൾ കൈവഴിയായ ചെങ്കൽതോട്ടിൽനിന്നും ഓവുചാലുകൾ വഴി വിമാനത്താവളത്തിനു സമീപം വ്യാഴാഴ്ച വൈകിട്ട് വെള്ളം കയറിയിരുന്നു. ഇതുമൂലം രണ്ടു മണിക്കൂർ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി.
അതിനിടെ, വിമാനത്താവളത്തിലുള്ള ഹജ് ക്യാന്പിലേക്കുള്ള സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഹജ് വിമാനങ്ങൾ മുടങ്ങിയാൽ കൂടുതൽ യാത്രക്കാരെ ഇവിടെ താമസിപ്പിക്കേണ്ടിവരും. സന്ദർശകരുടെ സാന്നിധ്യം ഇതിനു തടസമാകും എന്ന വിലയിരുത്തലിലാണു നടപടി.
ചെറുതോണിയിൽ നിന്നും ഇന്ന് സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ ഉച്ചയോടുകൂടി വിമാനത്താവളത്തിൽ വീണ്ടും വെള്ളം കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിമാനത്താവളത്തിലെ ക്രൈസിസ് മാനേജ്മെന്റ് ഇതുസംബന്ധിച്ച സാഹചര്യം വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഓവുചാലുകൾ വഴി വരുന്ന വെള്ളം റണ്‍വേയിലേക്കു കയറാതെ തത്സമയം പുറത്തേയ്ക്കു കളയുന്നതിനു പന്പ് സെറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.
ചെറുതോണിയിൽ ഇന്ന് പുലർച്ചെ വരെ ഒരു ഷട്ടറിലൂടെ മാത്രമാണ് വെള്ളം ഒഴുക്കി കളഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജലനിരപ്പ് കുറയാതെ വന്നതോടെ രണ്ടു ഷട്ടറുകൾ കൂടി പുലർച്ചെ ഉയർത്തേണ്ടി വന്നു. മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം വരെ ഒഴുക്കി കളഞ്ഞിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാതെ വന്നതോടെയാണ് നാലും അഞ്ചും ഷട്ടറുകൾ ഉയർത്താൻ അധികൃതർ നിർബന്ധിതരായത്.
സെക്കൻഡിൽ ആറ് ലക്ഷം ലിറ്ററിലധികം വെള്ളമാണ് ഇപ്പോൾ ഇടുക്കിയിൽ നിന്നും ഒഴുകിപ്പോകുന്നത്. വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെ ചെറുതോണി പാലം വെള്ളത്തിൽ മുങ്ങി. പാലത്തിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ബസ് സ്റ്റാൻഡ് ചരിത്രമായി. ബസ് സ്റ്റാൻഡ് നിന്നിരുന്ന പ്രദേശം പൂർണമായും പുഴയെടുത്തു.
ഇതിനിടെ പരിസരത്ത് നിന്നിരുന്ന മരങ്ങളും കടപുഴകി വീണത് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസമുണ്ടാക്കി. പാലത്തിന് സമീപം ചില മരങ്ങൾ തങ്ങി നിന്നത് രക്ഷാപ്രവർത്തകർ വെട്ടിമാറ്റിയ ശേഷമാണ് അഞ്ചാം ഷട്ടർ തുറന്നത്.
അഞ്ച് ഷട്ടറുകളും ഉയർത്തിയതോടെ ചെറുതോണിയിലും പെരിയാറിന്റെ തീരങ്ങളിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുതോണി-കട്ടപ്പന റൂട്ടിൽ വാഹനഗതാഗതം നിലച്ച നിലയിലാണ്. ചെറുതോണിക്ക് താഴേയ്ക്ക് വെള്ളമൊഴുകുന്ന പ്രദേശത്തെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുഴയുടെ നൂറു മീറ്റർ പരിധിയിലുള്ള വീടുകളിൽ നിന്നെല്ലാം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
നാല്ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടുന്നതിനാല്‍ നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വെള്ളം തുറന്നുവിട്ടു. മുഖ്യമന്ത്രിയുെട നേതൃത്വത്തില്‍ തീരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. നിലവില്‍ 2401.34 അടിയാണ് ജലനിരപ്പ്. ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചശേഷം ചെറുതോണിയില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് പരിഗണിക്കുന്നതായി മന്ത്രി എം.എം. മണി അറിയിച്ചു.
ഇടമലയാറില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ചെറുതോണിയിലെ രണ്ടു ഷട്ടറുകള്‍ കൂടി രാവിലെ തുറന്നതോടെ നിലവില്‍ മൂന്നു ഷട്ടറുകള്‍ 40സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത. ചെറുതോണി, പെരിയാര്‍ തീരങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. ചെറുതോണി, കരിമ്പന്‍ പ്രദേശളില്‍ വീടുകളില്‍ വെള്ളംകയറി. വ്യാപക കൃഷിനാശവുമുണ്ടായി.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ഇരുപത്തിയാറായി. നിലമ്പൂര്‍ എരുമമുണ്ടയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റേയും ഇടുക്കി കമ്പിളിക്കണ്ടത്ത് മണ്ണിടിച്ചിലില്‍ കാണാതായ ജിനുവിന്റെ മൃതദേഹവും കണ്ടെത്തി. വെഞ്ഞാറമൂടില്‍ വെള്ളം കോരുന്നതിനിടെ കിണര്‍ ഇടിഞ്ഞ് സുരേഷ് മരിച്ചു. വയനാട് വൈത്തിരിയില്‍ കെട്ടിടത്തിന്റെ ഒരുനില മണ്ണിനടിയിലേക്ക് താഴ്ന്ന് കാറും വാനും മണ്ണിനടിയിലായി. ആളപായമില്ല.ആലുവ, കളമശേരി മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.
ചെമ്പകശേരി, തോട്ടുമുഖം, ചൊവ്വര, കാഞ്ഞൂര്‍, ചെങ്ങല്‍ എന്നിവിടങ്ങളിലും വെള്ളം കയറി. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും രണ്ടുദിവസം കൂടി അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭാരതപ്പുഴ, പെരിയാര്‍ ഉള്‍പ്പെടെ മിക്ക നദികളും പുഴകളും കരകവിഞ്ഞു.പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ കൊച്ചി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ കുടിവെള്ളവിതരണം മുടങ്ങി.
ഇടുക്കി അടക്കം സംസ്ഥാനത്ത് 24 ഡാമുകളാണ് ഇപ്പോള്‍ തുറന്ന് വിട്ടിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അഞ്ചും ഇടുക്കി തൃശൂര്‍ ജില്ലകളില്‍ നാലു വീതം അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, മലമ്പുഴ എന്നിവയ്ക്കുപുറമേ കക്കയം, പെരുവണ്ണാമൂഴി, വയനാട് ബാണാസുരസാഗര്‍, നെയ്യാര്‍, തെന്മല,ശിരുവാണി തുടങ്ങിയ ഡാമുകളാണ് തുറന്നിരിക്കുന്നത്. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ രണ്ടുമീറ്റര്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. പമ്പ ഡാം തുറക്കാനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രളയബാധിത മേഖലകളില്‍ ആവശ്യമായ സഹായമെത്തിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ആലുവയില്‍ ചേര്‍ന്ന് അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വെള്ളിയാഴ്ച വരെ പരിപാടികള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കുസമീപം മണ്ണൂർ ഐരാപുരത്തു തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഐരാപുരം അംബികാമഠത്തിൽ വാടകവീട്ടിൽ താമസിക്കുന്ന അരൂർ സ്വദേശി കോയിൽപ്പറന്പിൽ തോമസിന്റെ മകൻ അലൻ (17), തൃക്കളത്തൂർ കൊല്ലേരിമൂലയിൽ ജിജിയുടെ മകൻ ഗോപീകൃഷ്ണൻ (17) എന്നിവരാണു മരിച്ചത്. കുന്നക്കുരുടി തട്ടുപാലം വലിയതോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12.45 നായിരുന്നു അപകടം.
കനത്ത മഴയിൽ പാലക്കാട് നഗരം വെള്ളത്തിലായി. മലമ്പുഴ അണക്കെട്ട് തുറന്നതോടെയാണ് പാലക്കാട് നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മലമ്പുഴ ആനക്കല്ലിനടുത്ത് കവ, പറച്ചാത്തി, എലിവാൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് ഡാമിന്റെ നാലു ഷട്ടറുകളും ഒന്നര മീറ്റർ ഉയർത്തുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡാമിന്റെ ഷട്ടറുകൾ ഇത്രയധികം ഉയർത്തുന്നത്. ഇതേത്തുടർന്ന് കല്പാത്തിയുടെയും ഭാരതപ്പുഴയുടെയും സമീപപ്രദേശങ്ങൾ വെള്ളത്തിലായി.
വീടുകളും മറ്റും വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് താലൂക്കിൽ മാത്രം പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇരുന്നൂറോളം കുടുംബങ്ങളെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വടക്കഞ്ചേരി, മണ്ണാർക്കാട്, അട്ടപ്പാടി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളിലെല്ലാം ഉരുൾപൊട്ടൽ ഭീഷണിയും നിലനില്ക്കുന്നു. വാളയാർ-കഞ്ചിക്കോട് റൂട്ടിൽ റെയിൽവേ പാളത്തിൽ വെള്ളം കുത്തിയൊലിച്ച് പാളത്തിന് തകരാർ സംഭവിച്ചതിനേത്തുടർന്ന് ട്രെയിൻ ഗതാഗതം ഒരു ലൈനിലൂടെയായി ക്രമീകരിച്ചിട്ടുണ്ട്. മഴയെത്തുടർന്ന് കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
നിലന്പൂർ എരുമമുണ്ടയ്ക്കടുത്ത് ചെട്ടിയംപാറയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിൽ പെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. ഒരാളെ കാണാതായി. ബുധനാഴ്ച രാത്രി പത്തു മണിയോടെ ചാലിയാർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള ചെട്ടിയാംപാറയിലാണ് ഉരുൾപൊട്ടിയത്. പറന്പാടൻ കുഞ്ഞി(50), മരുമകൾ ഗീത(29), മക്കളായ നവനീത്(ഒന്‍പത്), നിവേദ്(മൂന്ന്), കുഞ്ഞിയുടെ സഹോദരിയുടെ മകൻ മിഥുൻ(16) എന്നിവരാണ് മരിച്ചത്. കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യ(30) നെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. അതിശക്തമായ ഉരുൾപൊട്ടലിൽ ഇവരുടെ തറവാട് വീടും പുരയിടവും പൂർണമായും മണ്ണിനടിയിൽപ്പെടുകയായിരുന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇതേസമയം, വയനാട്ടിൽ മഴക്കെടുതിയിൽ മൂന്നു പേർ മരിച്ചു.
വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് കൽപ്പറ്റ വൈത്തിരിയിൽ ഒരാളും മാനന്തവാടി മക്കിമലയിൽ ഉരുൾപൊട്ടി രണ്ടു പേരുമാണ് മരിച്ചത്. വൈത്തിരി പോലീസ് സ്റ്റേഷനു സമീപം ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു ഒരാളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ. വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് ലക്ഷം വീട് കോളനിയിലെ തൊളിയത്തറ ജോർജിന്റെ ഭാര്യ ലില്ലിയാണ്(65) മരിച്ചത്. രാവിലെയാണ് രക്ഷാപ്രവർത്തകർ ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ലില്ലിയുടെ മക്കളായ ജയേഷ്, ഗിരി എന്നിവർ രക്ഷപ്പെട്ടു.
മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഇന്നലെ പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ ആറാം നന്പർ മംഗലശേരി റസാഖ്(40), ഭാര്യ സീനത്ത്(40) എന്നിവർ മരിച്ചു. മക്കളായ റെജിമാസ്, റെജിനാസ്, സാലു എന്നിവർ രക്ഷപ്പെട്ടു. വെള്ളം ഒഴുകിയെത്തുന്ന ശബ്ദംകേട്ട് മാതാപിതാക്കൾ പുറത്തേക്ക് ഓടിച്ചതാണ് കുട്ടികൾ രക്ഷപ്പെടുന്നതിനു സഹായകമായത്. ഉരുൾ പൊട്ടലിൽ വീട് പൂർണമായും നശിച്ചു.മണ്ണിൽ പുതഞ്ഞ റസാഖിന്റെയും സീനത്തിന്റെയും മൃതദേഹങ്ങൾ ദുരന്തം നടന്നു മണിക്കൂറുകൾക്കുശേഷമാണ് പുറത്തെടുത്തത്. കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കോഴിക്കോട്ട് യുവാവ് മരിച്ചു
കോഴിക്കോട്: കണ്ണപ്പൻ കുണ്ടിൽ കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ട് യുവാവ് മരിച്ചു. പുതുപ്പാടി കണ്ണപ്പൻകുണ്ടിനടുത്ത് മട്ടിക്കുന്ന് സ്വദേശി പരപ്പൻപാറ മാധവിയുടെ മകൻ റിജിത് മോനാണ്(26) ദാരുണമായി മരിച്ചത്. ഗ്യാസ് ഏജൻസി ജീവനക്കാരനായ റിജിത് ആറു മാസം മുൻപാണ് വിവാഹിതനായത്.
വെള്ളം കയറിയതറിഞ്ഞ് മട്ടിക്കുന്ന് പാലത്തിനടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു റിജിത്ത്. പാലത്തിന് എതിര്‍വശത്തുള്ളവര്‍ മലവെള്ളം വരുന്നത് ടോര്‍ച്ച് തെളിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ റിജിത്തിനൊപ്പമുള്ളവര്‍ ഓടിരക്ഷപ്പെട്ടു. റോഡില്‍ നിര്‍ത്തിയിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കി എടുക്കാനുള്ള ശ്രമത്തില്‍ റിജിത്തും കാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെ മണല്‍വയല്‍ വള്ള്യാട് നിന്നാണു പുഴയിലെ മരത്തടിയിൽ തങ്ങിനിൽക്കുന്ന നിലയിൽ റിജിതിന്റെ മൃതദേഹം കിട്ടിയത്.
ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ 48 മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 25 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടിരിക്കുന്നത്. രാക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം വിവിധ ജില്ലകളിലെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ പതിനഞ്ചംഗ സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ കല്‍പ്പറ്റയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഇടുക്കി, പാലക്കാട് ജില്ലകളിലേക്കും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മലപ്പുറത്ത് അതിശക്തമായ മഴ തുടര്‍ന്നതോടെ നിലമ്പൂര്‍, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലായി പത്തു ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മലമ്പുഴയില്‍ നിന്ന് ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെ നഗരങ്ങളില്‍ കുടിവെള്ളമില്ലാതായിരിക്കുകയാണ്. വയനാട്ടിലെ ബാണാസുരാസാഗര്‍ അണക്കെട്ട് തുറന്നതോടെ വെണ്ണിയോട്, പടിഞ്ഞാറത്തറയിലെ ചില പ്രദേശങ്ങള്‍ എന്നിവ വെള്ളത്തിനടിയിലാണ്. കല്‍പ്പറ്റയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ബാണാസുരയില്‍ നിന്നുള്ള വെള്ളം ഒഴുക്കി വിടാനായി കബനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആലുവ ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഇതോടെ വെള്ളത്തിനടയിലാകുമെന്നാണ് കരുതുന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടു. ഡാമിലെ വെള്ളം പോകുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ലോകവിസ്മയങ്ങളുടെ പട്ടികയിൽ ഇടംനേടുന്ന ജടായുശില്പ്പമുൾക്കൊളളുന്ന കൊല്ലം ചടയമംഗലത്തെ ജടായുഎർത്ത് സെന്ററിന്റെ രണ്ടാംഘട്ട ഉദ്ഘാടനം 17ന് മുഖ്യമന്ത്രിപിണറായി വിജയൻ നിർവഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസംകേന്ദ്രം എന്ന കേരളത്തിന്റെ സ്വപ്നമാണ് യാഥാർഥ്യത്തിലേക്ക് എത്തുന്നത്. ചലച്ചിത്രകാരനും ശില്പ്പിയുമായ രാജീവ്അഞ്ചൽ ഒരുപതിറ്റാണ്ടിലേറെ നടത്തിയ സമർപ്പണത്തിലൂടെ യാഥാർഥ്യമാകുന്ന ജടായുശില്പം ലോകത്തെതന്നെ ഏറ്റവും വലിയ പക്ഷി ശില്പമാണ്. സമുദ്രനിരപ്പിൽ നിന്നും ആയിരം അടിഉയരത്തിൽ നിലകൊളളുന്ന ഈ ഭീമാകാര ശില്പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക കേബിൾകാർ സംവിധാനമാണ്. പൂർണമായും സ്വിറ്റ്സർലാന്റിൽ നിർമിച്ച കേബിൾ കാർ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏർപ്പെടുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ആയിരം അടിയോളം ഉയരത്തിലേക്ക് കേബിൾ കാറിൽ സഞ്ചരിക്കുന്നതുതന്നെ ടൂറിസ്റ്റുകൾക്ക് വിസ്മയകരമായ അനുഭവം സമ്മാനിക്കും.
ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും, പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായുഅഡ്വഞ്ചർ പാർക്ക് ലോകമെങ്ങുമുള്ള സാഹസികപ്രേമികളെ ആകർഷിക്കുന്നതാണ്. 65 ഏക്കർ വിസ്തൃതിയിലുള്ള ജടായു എർത്ത് സെന്റർ സംസ്ഥാനടൂറിസം രംഗത്തെ ആദ്യ ബിഒടി സംരംഭമാണ്. കേരള ടൂറിസംവകുപ്പിനും, കേരളത്തിനുമാകെ അഭിമാനം നൽകുന്ന പദ്ധതിയാണ് ഇത്. ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകൾക്ക് വഴിതുറക്കുന്ന സംരംഭത്തിൽ പങ്കാളികളായിരിക്കുന്ന രാജീവ് അഞ്ചലിന്റെ ഗുരു ചന്ദ്രിക ബിൽഡേഴ്സ് ആന്റ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡും നൂറിലേറെ വിദേശ മലയാളികളുമാണ്. ജടായുഎർത്ത് സെന്ററിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹിക സാഹിത്യ–സാംസ്കാരികരംഗത്തെ പ്രമുഖരും പങ്കെടുക്കും. ചടയമംഗലം എന്നഗ്രാമവും പൗരാണിക പ്രാധാന്യമുള്ള ജടായുപ്പാറയും ഇനി ലോകടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ തിലകക്കുറിയായി ഇടംനേടും. സ്ത്രീ സംരക്ഷണത്തിന്റെ പ്രതീകമായ ജടായുവെന്ന ഭീമൻ പക്ഷിയുടെ ശില്പമുൾക്കൊള്ളുന്ന ഈ ടൂറിസം പദ്ധതി ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ വിനോദ സഞ്ചാരികൾക്ക് സന്പൂർണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പദ്ധതിയാണെന്ന പ്രത്യേകതയുമുണ്ട്.
രാമായണത്തിലെ സീതാദേവിയെ ലങ്കാധിപനായ രാവണൻ പുഷ്പകവിമാനത്തിൽ തട്ടിക്കൊണ്ടുപോകവെ ശ്രീരാമ ഭക്തനായ ജടായു ഇവിടെ വച്ചാണ് തടയാൻ ശ്രമിച്ചതെന്നാണ് ഐതീഹ്യം. ഇവർ തമ്മിൽ നടന്ന പോരാട്ടത്തിനിടെ രാവണൻ പക്ഷിശ്രേഷ്ഠനായ ജടായുവിന്റെ ചിറക് അരിഞ്ഞു വീഴ്ത്തി സീതയുമായി ലങ്കയിലേക്കു കടക്കുകയായിരുന്നുവെത്രെ. രാവണന്റെ വെട്ടേറ്റു ജടായു ഈ പ്രകൃതി സുന്ദരമായ പാറയുടെ മുകളിൽ വീണതുകൊണ്ടാണ് ഇതിന് ജടായുപാറ എന്ന പേര് ഉണ്ടായതെന്നും പറയപ്പെടുന്നു. ശ്രീരാമന്റെ കാൽപാദം പതിഞ്ഞെന്ന് വിശ്വസിക്കപ്പെടുന്ന അടയാളവും പാറയുടെ മുകളിലുണ്ട്. ഇതിനടുത്ത് നിന്നായി ഏതുസമയത്തും കാണപ്പെടുന്ന നീരുറവയും കാണാം. തൊട്ടടുത്ത് ചെറിയ ക്ഷേത്രവും ഉണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന 16 കേബിൾ കാറുകളാണ് സ്വിറ്റ്സർലാന്റിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. കേബിൾ കാറിന്റെ ഘടകങ്ങൾ കപ്പൽ മാർഗമാണ് സ്വിറ്റ്സർലാൻറിൽ നിന്നും കൊച്ചിയിൽ എത്തിച്ചത്. ഒന്നരമാസമാണ് ഇതിന് വേണ്ടിവന്നത്. കേബിൾ കാറുകളും അനുബന്ധ സാമഗ്രികളും കൂറ്റൻ ട്രെയിലറുകളിലാണ് കൊച്ചിയിൽനിന്നും ചടയമംഗലത്തേക്ക് റോഡ്മാർഗം കൊണ്ടുവന്നത്. 220 പേരാണ് കേബിൾകാർ സംവിധാനം സ്ഥാപിക്കുന്നതിന്റെ വിവിധഘട്ടങ്ങളിൽ നേരിട്ട് പങ്കാളികളായത്. പൂർണമായും സ്വിറ്റ്സർലാന്റിൽ നിർമ്മിച്ച കേബിൾകാർ സംവിധാനം രാജ്യത്തെ ഒരു ടൂറിസംകേന്ദ്രത്തിൽ സ്ഥാപിക്കുന്നത് ഇതാദ്യമായാണ്. കേബിൾകാറുകൾക്ക് വേണ്ടി 40 കോടിയോളം രൂപയാണ് മുതൽ മുടക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ യാത്ര ചെയ്യാൻ വൻതുക ചാർജ് നൽകണമെന്ന ആശങ്ക വേണ്ട. വെറും 250 രൂപ മാത്രമാണ് ജടായുപാറയുടെ മുകളിലേക്കുംതാഴേക്കും സഞ്ചരിക്കുന്നതിന് ഈടാക്കുകയുള്ളൂവെന്ന് ജടായുഎർത്ത് സെന്റർ സിഎംഡി രാജീവ് അഞ്ചൽ വ്യക്തമാക്കി.
പാറക്കെട്ടുകൾ നിറഞ്ഞ ജടായുപ്പാറയിലെ കുത്തനെയുള്ള ഭൂപ്രകൃതിയിൽ സാധാരണ റോപ്പ് വേ അപകടകരമാകുമെന്ന രാജീവ്അഞ്ചലിന്റെ ചിന്തയാണ് അത്യാധുനിക കേബിൾകാർ സംവിധാനം തന്നെ ഇറക്കുമതി ചെയ്യുന്നതിൽ എത്തിചേർന്നത്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിൽ കേബിൾകാറിന്റെ റോപ്പുകൾ ഘടിപ്പിക്കാനുള്ള ടവറുകൾ സ്ഥാപിച്ചത് ദീർഘകാലത്തെ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ്. യൂറോപ്യൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന കേബിൾകാർ തികച്ചും സുരക്ഷിതമായ യാത്രയാണ് ഉറപ്പ്നൽകുന്നത്. പരിസ്ഥിതിമലിനീകരണമില്ലെന്ന പ്രത്യേകതയും ഈ കേബിൾ കാറുകൾക്കുണ്ട്. ഉത്തരേന്ത്യൻ കന്പനിയായ ഉഷാ ബ്രേക്കോയ്ക്കാണ് കേബിൾകാർ സംവിധാനത്തിന്റെ നിർവഹണ ചുമതല.
ജടായുപ്പാറയുടെ താഴ് വാരത്ത് നിർമ്മിച്ച ബേസ് സ്റ്റേഷനിൽനിന്നും പാറമുകളിലെ ശിൽപ്പത്തിന് അരികിലെത്താൻ കേബിൾകാറിൽ പത്ത്മിനുട്ടിൽ താഴെ സമയം മതി. ഒരുകേബിൾ കാറിൽ ഒരേസമയം എട്ടുപേർക്ക് യാത്രചെയ്യാനാകും. ജടായുപ്പാറയുടെ ദൃശ്യഭംഗിയും, ഭീമാകാരമായ ജടായുശിൽപ്പത്തിന്റെ സാമീപ്യവും കേബിൾകാർയാത്ര അവിസ്മരണീയമാക്കും. ജടായു ശിൽപ്പത്തിന് അരികിൽ എത്തുന്പോൾ പശ്ചിമഘട്ടമലനിരകളുടെ ഹരിതാഭ ആസ്വദിക്കാനുമാകും. പറന്നിറങ്ങുന്ന പക്ഷിയുടെ കണ്ണുകളിലൂടെ കാണുന്ന കാഴ്ച്ചയ്ക്ക് സമാനമാണ് ഉയർന്നുപൊങ്ങുന്ന കേബിൾകാറിൽ നിന്നുള്ള ദൃശ്യങ്ങൾ. വിസ്മയങ്ങളുടെ കലവറയായ ജടായുഎർത്ത് സെന്റർ അന്താരാഷ്ട്രനിലവാരമുള്ള വിനോദസഞ്ചാര സൗകര്യങ്ങളും, സുരക്ഷയുമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. രാമായണത്തിലെ ഭീമാകാരനായ ജടായുപക്ഷിയുടെ ശിൽപ്പത്തിനൊപ്പം വിദേശനിർമ്മിത കേബിൾകാറും ജടായു എർത്ത് സെന്ററിന്റെ ആകർഷണഘടകമാകുകയാണ്.
കൊച്ചി: ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിയന്ത്രണം. വിമാനങ്ങള്‍ ഇറങ്ങുന്നത് ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നിരോധനം. എന്നാല്‍ വിമാനങ്ങള്‍ പറന്നുയരുന്നതിന് നിയന്ത്രണമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രണ്ടു മണിക്ക് സിയാല്‍ അടിയന്തര അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമായിരിക്കും നിയന്ത്രണം തുടരുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
നെടുമ്പാശേരിയില്‍ ഇറങ്ങാതെ വഴിതിരിച്ചുവിടുന്ന വിമാനങ്ങള്‍ എവിടെ ഇറക്കണമെന്ന് അതാത് വിമാന കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും സിയാല്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013ലും ഇടമലയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. അന്ന് ചുറ്റുമതില്‍ തകര്‍ന്നതാണ് വെള്ളം കയറാന്‍ കാരണമെന്നാണ് സിയാല്‍ അറിയിച്ചത്. എന്നാല്‍ ഇത്തവണ ഇടുക്കി ഡാം കൂടി ട്രയല്‍ റണ്‍ നടത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുകയും കൂടുതല്‍ വെള്ളം നെടുമ്പാശേരി ഭാഗത്ത് എത്തുമെന്ന സൂചനയുമാണ് മുന്‍കരുതല്‍ എടുക്കാന്‍ സിയാലിനെ പ്രേരിപ്പിച്ചത്.
26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി നാലു മണിക്കൂര്‍ സമയം ട്രയല്‍ റണ്‍ ആണ് നടത്തുക. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ട് പണിതതിനു ശേഷം ഇത് മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. 1981ലും 1992ലുമാണ് മുന്‍പ് രണ്ടു തവണ ഡാം തുറന്നത്.